Showing posts with label പുസ്‌തകാസ്വാദനം. Show all posts
Showing posts with label പുസ്‌തകാസ്വാദനം. Show all posts

Tuesday, 30 November 2010

ഏലിയാസിന്റെ മോക്ഷയാത്രകള്‍

ടൈറ്റസ്‌ കെ. വിളയില്‍

ഏലിയാസ്‌ എന്ന വാക്കിന്‌ മറുപേരുള്ളവന്‍ എന്നാണ്‌ ബൈബിള്‍ കല്‍പ്പിക്കുന്ന അര്‍ത്ഥം. എന്നാല്‍, രണ്ട്‌ സ്വത്വങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞ്‌ തകര്‍ന്ന്‌ ആത്മനിന്ദയും അപകര്‍ഷതാബോധവും അപമാനവും സഹിച്ച്‌ വളരാനായിരുന്നു നാം അനുധാവനം ചെയ്യാന്‍ പോകുന്ന ഏലിയാസിന്റെ നിയോഗം.




അമ്മയുടെ കാമുകന്റെ പുത്രനായി ജനനം. അമ്മയുടെ ഭര്‍ത്താവിന്റെ മകനായി വളര്‍ച്ച. പിഴച്ചുപെറ്റ സന്തതിയെന്ന അഭിശപ്തത ലോകത്തിനുമുഴുവന്‍ ബോധ്യമാക്കാന്‍ പോരുന്ന പൊക്കമില്ലായ്മ. അതുകൊണ്ടുതന്നെ മരം വെട്ടുകാരന്‍ പാപ്പിക്കും തന്റെ അമ്മയ്ക്കും എന്നും അവജ്ഞയോടെ തിരസ്കരിക്കാന്‍ കഴിയുന്ന ജീവിതം. ശൈശവത്തിന്റെ അവകാശമായ മുലപ്പാല്‍ പോലും നിഷേധിക്കപ്പെട്ട വളര്‍ച്ച. അമ്മയുടെ ഭര്‍ത്താവിന്റെ വീട്ടിലെ എല്ലാ ജോലികളും ചെയ്താലും വയറുനിറയെ ഭക്ഷണം കിട്ടാതെയുള്ള വിശപ്പിന്റെ രാപ്പകലുകള്‍. ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തവും പാപഭാരവും പുളിവടികൊണ്ട്‌ തന്റെ ശരീരത്തില്‍ തീര്‍ക്കുന്ന അമ്മ. ഉറക്കെ കരയാന്‍ പോലും അവകാശമില്ലാതെ ശിക്ഷയേറ്റുവാങ്ങേണ്ട അവസ്ഥകള്‍.




അപ്പോഴും ഏലിയാസ്‌ വളരുകയായിരുന്നു. സ്വന്തം ഗൃഹത്തില്‍ നിന്ന്‌ ഒരു വേള സ്വന്തം അസ്ഥിത്വത്തില്‍ നിന്നുപോലും പുറത്താക്കപ്പെട്ട നിസ്സഹായതയോടെ. സഹോദരിയും സഹോദരനും പോലും പൂര്‍വ്വജ്ഞാനം ലഭിച്ചിട്ടെന്നപോലെ അകറ്റിനിര്‍ത്തുന്ന ഗൃഹാന്തരീക്ഷം. അമ്മയുടെ കഠിന ക്രൈസ്തവ ജീവിത ബോധങ്ങള്‍ മനസ്സിലുണ്ടാക്കിയ ചാവുദോഷങ്ങളെ കുറിച്ചുള്ള ഭയാശങ്കകള്‍. അപ്പോഴും ,ബാല്യത്തില്‍ അന്യമതസ്ഥയായ ഒരു പെണ്‍കുട്ടിയുടെ സ്നേഹവായ്പിനു കൊതിച്ച മനസ്സ്‌. വിധി നിര്‍മലയേയും തട്ടിയെടുത്ത്‌ പറന്നപ്പോള്‍ ഏകനാക്കപ്പെട്ടവന്റെ സംത്രാസങ്ങള്‍....
കൗമാരത്തില്‍ ശരീരത്തിന്റെ സഹജവാസനകള്‍ ഉണര്‍ന്നപ്പോള്‍ അവയെ അമ്മയുടെ കഠിനശിക്ഷകളേയും ചാവുദോഷാങ്ങളെയും ഭയന്ന്‌ ഒതുക്കി അള്‍ത്താര ബാലനായി. അവധിക്കാലത്ത്‌ അടുത്തവര്‍ഷത്തെ പുസ്തകത്തിന്‌ പണം കണ്ടെത്താനായി കപ്പലണ്ടി വില്‍പ്പനക്കാരനായി. ഈ യാത്രക്കിടയില്‍ സ്നേഹത്തിന്റെ അടക്കാമണിയ പൂമണവുമായി ലീനയെത്തി.
ദിവസേന കുര്‍ബാനയ്ക്കെത്തുന്ന ലീനയുമായി പള്ളിക്കുപിറകിലെ സെമിത്തേരിയില്‍ വിമോചനസമരത്തില്‍ കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ വെടിയേറ്റ്‌ മരിച്ച ധീരന്മാരുടെ കല്ലറ സിംഹാസനമാക്കി ഹൃദയം കൊണ്ട്‌ ഹൃദയത്തെ കണ്ടെത്തിയ സുഖദ മുഹൂര്‍ത്തങ്ങള്‍.ചിറകു കുഴഞ്ഞ്‌ പറക്കുന്ന പ്രാവായത്‌ കൊണ്ട്‌ ചേക്കേറാന്‍ ലഭിക്കുന്ന ഇത്തരം ഒലിവ്‌ ശാഖികള്‍ക്ക്‌ പറഞ്ഞറിയിക്കാനാവാത്ത ഉഷ്മളത. ലീനയുമായുള്ള സ്നേഹത്തിന്റെ പേരില്‍ ്‌ അമ്മയില്‍ നിന്നേറ്റ കഠിനമായ ശിക്ഷകള്‍. കുടുംബത്തിന്റെ സമാധാനം തകര്‍ക്കാനുണ്ടായ ശാപസന്തതിയെന്ന പ്രാക്ക്‌.
ഒരു കാലവര്‍ഷ സായാഹ്നത്തില്‍ അമ്മയെയും അമ്മയുടെ കാമുകനെയും അമ്മയുടെ ഭര്‍ത്താവിന്‌ കാണിച്ചുകൊടുത്തതിന്റെ പേരില്‍ ഉണ്ടായ ക്ഷോഭങ്ങള്‍ സംഘര്‍ഷങ്ങള്‍. സ്വന്തം പിതാവിനെ ഒറ്റിക്കൊടുത്ത പിശാചെന്ന അമ്മയുടെ തലയറഞ്ഞുള്ള ശാപം....




ഏലിയാസിന്റെ ബാല്യകൗമാരങ്ങള്‍ ഇങ്ങനെ നിത്യസംഘര്‍ഷങ്ങളുടെയും ചെയ്യാത്ത കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളുടെയും കഠിനതകളായിരുന്നു. ആഗ്രഹിച്ചത്‌ ഇറ്റു സ്നേഹം. കാംക്ഷിച്ചത്‌ സ്വസ്ഥതയുള്ള വെള്ളവും പച്ചയായ പുല്‍പ്പുറങ്ങളും. ലഭിച്ചത്‌ എല്ലാവരില്‍ നിന്നുള്ള അവജ്ഞയും തിരസ്കാരവും. എത്തിപ്പെട്ടത്‌ അഗ്നിപര്‍വ്വതങ്ങള്‍ നിറഞ്ഞ മരുഭൂമിയിലും. ഉരുകിപൊട്ടി ഛിന്നഭിന്നമായി തീര്‍ന്ന മനസ്സും വികാരങ്ങളും.
അന്ന്‌ സ്വാന്തനത്തിന്റെ ദൂതികയായത്‌, ശരീരസൗന്ദര്യം മുഴുവന്‍ വെള്ളവസ്ത്രങ്ങളാല്‍ മൂടി ശോഭനമായൊരു പരലോക ജീവിതത്തിനു വേണ്ടി ലൗകീക സൗഭാങ്ങളെല്ലാം പുറംകാലിന്‌ തട്ടിയെറിഞ്ഞ സിസ്റ്റര്‍ സെലസ്റ്റീനയായിരുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി വഹിക്കുന്ന കൊച്ചുകൊച്ച്‌ കുരിശുകള്‍ നമ്മുടെ ഉയിര്‍പ്പിന്‌ നിതാനമാകുമെന്ന സിസ്റ്ററിന്റെ നന്മനിറഞ്ഞ ഉപദേശങ്ങള്‍. ചുറ്റിലും പരിഹാസത്തിന്റെയും വെറുപ്പിന്റെയും ആര്‍ത്തലയ്ക്കുന്ന തിരമാലകളില്‍ ഒറ്റപ്പെടുമ്പോഴും സിസ്റ്റര്‍ സെലസ്റ്റീനയുടെ വാക്കുകള്‍ ദിശാസൂചിയായി മനസ്സില്‍.




പിന്നീട്‌ ജീവിതത്തിന്‌ പുതിയൊരു അര്‍ത്ഥവും ലക്ഷ്യവും വേണമെന്നുപദേശിച്ച സൗദാമിനി ടീച്ചറുടെ സൗമ്യസ്നേഹം. ഫാ. തോമസിന്റെ സാന്നിധ്യം പ്രോത്സാഹനം, വേറിട്ട ക്രൈസ്തവ ദര്‍ശനം.
പറുദീസയിലെ ആദിമനുഷ്യന്റെ പാപം നേട്ടമാണെന്ന്‌ ബോധ്യപ്പെടുത്തി സുവിശേഷത്തിന്റെ പുതിയ തലം ആ വൈദികന്‍ തുറന്നുകൊടുത്തു. തന്റെ ശപ്തജന്മത്തെ കുറിച്ച്‌ കണ്ണീരോടെ മടിയോടെ വിവരിച്ചപ്പോഴായിരുന്നു അച്ചന്‍ അങ്ങനെ പറഞ്ഞത്‌. ഏദനില്‍ ആദിപിതാവും മാതാവും പാപം ചെയ്തതുകൊണ്ട്‌ മാനവരാശിയുണ്ടായെന്നും മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ദൈവത്തിന്റെ ഏകജാതന്‍ മനുഷ്യനായി പിറവികൊണ്ട്‌ കുരിശില്‍ മരിച്ച്‌ മാനവജാതിക്ക്‌ രക്ഷയുടെ വാതില്‍ തുറന്നെന്നും അച്ചന്‍ പഠിപ്പിച്ചപ്പോള്‍ സുവിശേഷത്തിന്റെ, സമാധാനത്തിന്റെ പുതിയ പാന്ഥാവുകള്‍ ഏലിയാസിന്‌ മുന്നില്‍ തുറക്കപ്പെടുകയായിരുന്നു. അമ്മയുടെ ഭര്‍ത്താവ്‌ തുടര്‍ വിദ്യാഭ്യാസത്തിന്‌ അനുവാദം നല്‍കാതിരുന്നപ്പോള്‍ ഫാ. തോമസിന്റെ ശ്രമഫലമായാണ്‌ പ്രീഡിഗ്രിക്ക്‌ അഡ്മിഷന്‍ ലഭിച്ചത്‌. കൗമാരത്തിന്റെ വളര്‍ച്ചയില്‍ സഹജമായി ഉയരുന്ന തൃഷ്ണകളെ ചാവുദോഷ ഭീതിയില്‍ അടക്കി കിടത്തിയെങ്കിലും ധനാഢ്യനായ സുരേഷുമായുള്ള സൗഹൃദം തൃഷ്ണയുടെ പുതിയ ശാദ്വല ഭൂമികളിലേക്കാണ്‌ ഏലിയാസിനെ നയിച്ചത്‌.




സുരേഷിന്റെ ചെലവില്‍ ലോഡ്ജ്‌ മുറികളില്‍ രതിസുഖം നുകര്‍ന്നും സുരേഷിന്റെ അമ്മയുമായി കിടപ്പറ പങ്കിട്ടും പിന്നീട്‌ ഭോഗലാലസതയുടെ കുത്തൊഴുക്കിലാവുകയാണ്‌ ഏലിയാസിന്റെ ജീവിതം. സുരേഷിന്റെ അമ്മയുടെ സഹായത്തോടെ അവരുടെ കമ്പനിയില്‍ ഉയര്‍ന്ന വേതനത്തില്‍ ജീവനക്കാരനായപ്പോള്‍ തന്നെ ശൈശവം മുതല്‍ വെറുത്തിരുന്ന അമ്മയുടെ ഭര്‍ത്താവിനും അമ്മയ്ക്കും സഹോദരീസഹോദന്മാര്‍ക്കും ആഹ്ലാദം.പണം വ്യക്തിബന്ധങ്ങളില്‍ എന്തെന്ത്‌ അതിശയങ്ങളാണ്‌ സൃഷ്ടിക്കുന്നതെന്ന്‌ കണ്ട്‌ ഊറി ചിരിക്കുന്നുണ്ട്‌ അപ്പോള്‍ ഏലിയാസ്‌.
ബിരുദാനന്തര ബിരുദ പഠനകാലത്താണ്‌ ശാലിനിയെ കാണുന്നതും കാമിക്കുന്നതും. ശാലിനിയുമായുള്ള പ്രഥമ വേഴ്ചക്കിടയിലായിരുന്നു ഗുണ്ടകളുടെ ആക്രമണം. ശരീരമാകെ നുറുങ്ങി ആഴ്ചകളോളം ആശുപത്രിയില്‍ കിടന്നപ്പോള്‍ ഏലിയാസിന്‌ മാനസാന്തരം. പിന്നെ വൈദീക വിദ്യാര്‍ത്ഥി. ലൗകീക സുഖങ്ങളുടെ പതഞ്ഞുയരുന്ന ലഹരികളില്‍ നിന്ന്‌ ആത്മീയതയുടെ സ്വച്ഛതയിലേക്ക്‌.





ഉത്തരേന്ത്യയിലെ വൈദീക പഠനം തിരിച്ചറിവിന്റെ പുത്തന്‍ സുവിശേഷങ്ങളാണ്‌ ഏലിയാസിന്‌ ഏകിയത്‌. പഠനംപൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി സ്പെയിനിലെത്തുന്നതോടെ കേവലമനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിലും നേടിയെടുക്കുന്നതിലും അപ്പുറം മറ്റൊരു വിമോചന തത്വശാസ്ത്രവും പ്രേഷിത ദൗത്യവുമില്ലെന്ന്‌ ഏലിയാസ്‌ മനസ്സിലാക്കുന്നു.ഏതൊരു കത്തോലിക്കനും കമ്മ്യൂണിസ്റ്റാകണമെന്ന വെളിപാടാണ്‌ ഏലിയാസിലുണ്ടാകുന്നത്‌.
ഭരണകൂടത്തിനെതിരായി സ്പെയിനിലെ സ്വാതന്ത്ര്യകാംക്ഷികള്‍ നടത്തിയ സമരത്തിലെ സജീവ പോരാളിയാവുകയും പിന്നീട്‌ ഭരണമാറ്റത്തിന്‌ ചുക്കാന്‍ പിടിച്ച ബുദ്ധികേന്ദ്രങ്ങളിലൊന്നായും ഏലിയാസ്‌ പരിണമിക്കുന്നു. എന്നാല്‍, ലോകത്തെല്ലായിടത്തുമുള്ള വിപ്ലവങ്ങള്‍ക്കുണ്ടാകുന്ന വിപര്യം സ്പെയിനിനും സംഭവിക്കുന്നു. തങ്ങളോടൊപ്പം സ്വാതന്ത്ര്യത്തിന്‌ പോരാടിയവര്‍ അധികാരം പിടിച്ചെടുത്ത്‌ സ്വാതന്ത്ര്യസമരപോരാളികളെ പോലും വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ഏലിയാസിന്‌ അവരുമായി പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. അതോടെ വിപ്ലവാനന്തര ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറുകയാണ്‌ ഏലിയാസ്‌. ഇതിനിടയില്‍ കലാപ ഭൂമിയില്‍ വെച്ച്‌ തന്റെ ജീവിതത്തെ എന്നും ഗ്രസിച്ചിട്ടുള്ള ശാപത്തിന്‌ ഏലിയാസ്‌ വീണ്ടും ഇരയാകുന്നുണ്ട്‌. കലാപകാരികള്‍ കൊന്ന ഏക മകന്റെ മാതാവ്‌ സ്പെയിനിലെ തന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളാണ്‌ എന്ന്‌ തിരിച്ചറിയുമ്പോള്‍ ആകെ തകര്‍ന്നു നില്‍ക്കാന്‍ മാത്രമേ ഏലിയാസിനാവുന്നുള്ളു. ഏറ്റെടുക്കുന്ന ദൗത്യങ്ങളെല്ലാം തിരിച്ചടികളാവുകയും മനസ്സിന്റെ സ്വസ്ഥത തകര്‍ക്കുന്ന ജന്മാന്തര ശാപമായി പരിണമിക്കുകയും ചെയ്യുന്ന ദുരവസ്ഥ.
പുത്തന്‍ ഭരണകൂടത്തിന്റെ വേട്ടനായ്കളെ ഭയന്ന്‌ സ്പെയിനില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഒളിവില്‍ കഴിയുന്ന ഏലിയാസിന്‌ സഹായഹസ്തം നീട്ടുന്നത്‌ കലാപകാലത്ത്‌ കലാപകാരികള്‍ക്ക്‌ ക്രൂരമായി കൊല്ലാന്‍ വലിച്ചെറിഞ്ഞുകൊടുത്ത പട്ടാളമേധാവിയുടെ ഭാര്യയാണ്‌. ജീവിതം തന്നെപരീക്ഷണങ്ങളിലൂടെ വീണ്ടും തോല്‍പ്പിക്കുകയാണെന്ന ബോധത്തിലൂടെ പഴയ നിസ്സഹായവസ്ഥയിലേക്കെത്തുകയാണ്‌ ഏലിയാസ്‌. എങ്കിലും അവരുടെ സഹായത്തോടെ സ്വന്തം നാട്ടില്‍ ഏലിയാസ്‌ രക്ഷപ്പെട്ടെത്തുന്നു.
പക്ഷെ, വിധിയുടെ കരാളത ഏലിയാസിനെ വെറുതെ വിടുന്നില്ല. അന്താരാഷ്ട്ര കുറ്റവാളിയായി സ്പെയിന്‍ ഭരണകൂടം പ്രഖ്യാപിച്ചതുകൊണ്ട്‌ ഇന്റര്‍പോള്‍ ഏലിയാസിന്റെ പുറകെയുണ്ട്‌. ഒപ്പം സ്പെയിനിലെ സുവിശേഷ വിരുദ്ധ നടപടികളുടെ പേരില്‍ ഏലിയാസിനെ വൈദികസ്ഥാനത്തുനിന്ന്‌ മഹറോന്‍ ചൊല്ലി സഭ പുറത്തുക്കുകയും ചെയ്യുന്നു.





എല്ലാ പിടിവള്ളികളും അറ്റ്‌ വീട്ടിലെത്തുമ്പോള്‍ അടയ്ക്കാമണിയപ്പൂമണമായി കൗമാരമനസ്സില്‍ വിരിഞ്ഞ ലീനയെ സഹോദരന്‍ പൗലോസ്‌ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്‌. സഭയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഏലിയാസിനെ പെണ്‍വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രദ്ധയില്‍ നിന്ന്‌ മാറ്റിനിര്‍ത്താന്‍ ഭ്രാന്തനെന്ന്‌ മുദ്രകുത്തി വീട്ടില്‍ തടവിലാക്കുകയാണ്‌ സഹോദരനും അമ്മയുടെ ഭര്‍ത്താവും. എന്നാല്‍, കല്ല്യാണ തലേന്ന്‌ അമ്മ ആ തടവറയില്‍ നിന്ന്‌ ഏലിയാസിനെ മോചിപ്പിക്കുന്നു. പിന്നെ നീണ്ട പാച്ചിലും അലച്ചിലുമാണ്‌. ഈ അലച്ചിലിനടയില്‍ ശാലിനിയെയും മകനെയും കണ്ടെത്തുന്നു. ജീവിതത്തിന്‌ പുതിയൊരു മേച്ചില്‍ പുറം ലഭിച്ച ആശ്വാസം. എന്നാല്‍, ഇന്റര്‍പോളിനെ ഭയന്ന്‌ ശാലിനിയെയും മകനെയും ഉപേക്ഷിച്ച്‌ ദൂരെ മലമടക്കുകളില്‍ക്ക്‌ പലായനം ചെയ്യുകയാണ്‌ ഏലിയാസ്‌. അവിടെ ഒരു കടവത്ത്‌ തോണിക്കാരനായി തന്റെ സ്വന്തം പിതാവിനെ കണ്ടെത്തുന്നതോടെ ഏലിയാസിന്റെ യാത്രകള്‍ക്ക്‌ വിരാമമാവുകയാണ്‌. ശാലിനിയുടെ പിതാവിന്റെ സാമ്പത്തിക രാഷ്ട്രീയ ബന്ധം ഉപയോഗിച്ച്‌ കേസില്‍ നിന്ന്‌ മോചിതനായി ശാലിനിയോടും മകനോടും മാതാപിതാക്കളോടുമൊപ്പം ആ മലയോര ഗ്രാമത്തിന്റെ സ്വച്ഛതയില്‍ ഏലിയാസില്‍ ഒതുങ്ങുമ്പോള്‍ ,ജീവിതത്തില്‍ ചെയ്ത നന്മകളും നീതിക്കു വേണ്ടിക്കഴിച്ച പാടുകളും ജീവിതത്തിലനുഭവിച്ച ദുരിതങ്ങളും അവയുടെ സൂക്ഷ്മഭാവത്തില്‍ ചേതനയുടെ അധികാംശമായി പ്രസരിച്ചു നിന്ന തേജോപുഞ്ജത്തോട്‌ ആഭിമുഖ്യും പുലര്‍ത്തും എന്ന കാഴ്ച്ചപ്പാടോടെ ഡോ. വര്‍ഗീസ്‌ മൂലന്‍ രചിച്ച ' ഈ പ്രവാസികളില്‍ ഒരുവന്‍ ' എന്ന നോവല്‍ സമാപ്തമാവുന്നു.






കൗന്തേയനായി പിറന്നിട്ട്‌ രാധേയനായി വളരേണ്ടിവരുന്ന ശപ്തജന്മങ്ങളുടെ അലച്ചിലും ഒറ്റപ്പെടലും വിങ്ങലും വേവും നോവുമെല്ലാം മുമ്പും സാഹിത്യ കൃതികള്‍ക്ക്‌ ഇതിവൃത്തമായിട്ടുണ്ട്‌. എന്നാല്‍, ഏലിയാസിന്റെ കഥ പറയാന്‍ രചയിതാവ്‌ തത്വശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും ബൈബിളിന്റെയും പശ്ചാത്തലം ഉപയോഗിക്കുന്നിടത്താണ്‌ കഥയും കഥാപാത്രങ്ങളും നായകനും അനുവാചകമനസ്സിലെ വിക്ഷോഭമായി പരിണമിക്കുന്നത്‌. രചനാ സമ്പ്രദായത്തില്‍ വര്‍ഗീസ്‌ മൂലന്‍ സ്വീകരിച്ച ഈ വ്യതിരിക്തമായ ശൈലികൊണ്ടാണ്‌, ജനമേജയന്റെ സര്‍പ്പസത്രസമയത്ത്‌ വൈശമ്പായനന്‍ പറഞ്ഞ ഇതിഹാസ കഥയിലെ കര്‍ണന്റെ തോളിനൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ ഏലിയാസിന്‌ കഴിയുന്നത്‌.
ലോകമലയാളി കൗണ്‍സിലിന്റെ ചെയര്‍മാനും സുഗന്ധവ്യഞ്ജനങ്ങളുടെ വിദേശ വ്യാപാരസമുച്ചയങ്ങളുടെ ഉടമയുമായ വര്‍ഗീസ്‌ മൂലന്‍ കോളജ്‌ പഠനകാലത്ത്‌ എഴുതിയ ' തേക്ക്‌ ' എന്ന നോവലിന്‌ മാമ്മന്‍മാപ്പിള അവാര്‍ഡില്‍ മൂന്നാം സ്ഥാനവും ' എരിമലയിലൊരഭയം ' എന്ന നോവലിന്‌ കുങ്കുമം അവാര്‍ഡില്‍ അഞ്ചാംസ്ഥാനവും ലഭിച്ചിട്ടുണ്ട്‌
വായനയുടെ ഇതുവരെ അനുഭവപ്പെടാത്ത അനുഭവങ്ങളിലേയ്ക്ക്‌ ആനയിക്കുന്ന ഈ പുസ്തകം പെന്‍ ബുക്സാണ്‌ പ്രസാധനം ചെയ്തിരിക്കുന്നത്‌.





ഇവിടെ മലയാളത്തിലെ മുഖ്യധാരാ സാഹിത്യകാരന്മാരുടെ വലിയൊരു നന്ദികേട്‌ ചൂണ്ടിക്കാണിച്ചേ തീരു. വര്‍ത്തമാന കേരളം പ്രവാസികളുടെ അധ്വാനബലത്തിലാണ്‌ തകരാതെ നില്‍ക്കുന്നത്‌. വര്‍ത്തമാനകാല മലയാള സാഹിത്യത്തിന്റെ അവസ്ഥയും അതുതന്നെയാണ്‌. ഇന്ന്‌ മൗലീകമായ രചനകള്‍ ഉണ്ടാകുന്നത്‌ പ്രവാസിമലയാളികളില്‍ നിന്നാണ്‌. ഈ പ്രവാസി എഴുത്തുകാരുടെ കൂട്ടായ്മയില്‍ നൂറോളം അവാര്‍ഡുകളാണ്‌ കേരളത്തിലെ സാഹിത്യകാരന്മാര്‍ക്ക്‌ നല്‍കുന്നത്‌. ആ അവാര്‍ഡ്‌ വാങ്ങി അഹങ്കരിക്കുന്ന ഇവരില്‍ ഒരാള്‍ പോലും പ്രവാസി മലയാളിയായ എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കാന്‍ മനസ്സുകാണിക്കാറില്ല. വിമര്‍ശനകുലപതിമാരെന്ന്‌ അവകാശപ്പെടുന്നവര്‍ പ്രവാസി രചനകള്‍ വായിച്ച്‌ അഭിപ്രായപ്പെടാനും തയ്യാറാകുന്നില്ല. ഈ അവഗണന ഡോ. വര്‍ഗീസ്‌ മൂലന്റെ കൃതിയും അനുഭവിക്കുന്നുണ്ടെങ്കിലും രചനയുടെ മൗലീകതകൊണ്ട്‌ മലയാളത്തിലെ ഇരുത്തം വന്ന സാഹിത്യകാരന്മാരുടെ സൃഷ്ടികളെ നിഷ്പ്രഭമാക്കുന്നതാണ്‌ ഈ പ്രവാസികളില്‍ ഒരുവന്‍ എന്ന നോവല്‍.

Sunday, 11 July 2010

ലോകം,പിശാച്‌,ശരീരം, ദൈവം; പിന്നെ പച്ച മനുഷ്യരും

ടൈറ്റസ്‌ കെ.വിളയില്‍

വാമൊഴി തന്നെ മാധ്യമവും ആ മാധ്യമം സൃഷ്ടിയുമായി പരിണമിക്കുന്ന അപൂര്‍വ്വസുകൃതമാണ്‌ ജോണി മിറാന്‍ഡയുടെ 'വിശുദ്ധ ലിഖിതങ്ങള്‍'
എന്ന ചെറു നോവല്‍ സമാഹാരത്തിന്റെ അനന്യത.
എറണാകുളത്തിന്റെ നിയോണ്‍ തിളക്കങ്ങളും തിരക്കുകളുമായി ഒട്ടും ബന്ധമില്ലാത്ത തീരദേശ ലോകവും അവിടത്തെ മനുഷ്യരും അവരുടെ പച്ചയായ വികാരങ്ങളുമാണ്‌ ജോണി മിറാന്‍ഡ
വായനക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്‌..
മലയാളികള്‍ക്ക്‌ പരിചിതമായ മുഖ്യധാര ക്രൈസ്തവ ജീവിതശൈലികളുടെ അനുഭൂതികളില്‍നിന്ന്‌ വളരെ അകലത്താണ്‌ ജോണിയുടെ കഥാപാത്രങ്ങളുടെ ഭൂമിക. ലോകം, പിശാച്‌, ശരീരം എന്ന ത്രിത്വത്തിന്റെയും ദൈവത്തിന്റേയും നിസ്സഹായരായ ഇരകളെയാണ്‌ ജോണി പ
രിചയപ്പെടുത്തുന്നത്‌.
വെര്‍ജീനിയ വൂള്‍ഫും ജെയിംസ്‌ ജോയ്സും മലയാളത്തില്‍ വിലാസിനിയും മറ്റും കൈയ്യടക്കത്തോടെ അവതരിപ്പിച്ച ബോധധാരാ സമ്പ്രദായത്തിലാണ്‌ 'മണല്‍ത്തിട്ടിലെ കാക്കകള്‍'. കീഴ്മേല്‍ മറിഞ്ഞുപോയ മനസ്സുകളില്‍ നിന്നുകൊണ്ട്‌ മനുഷ്യജീവിതത്തിന്റെ നിസ്സഹായതയും നിസ്സാരതയും ഉന്മാദവും അതിലൂടെയുള്ള ബോധോദയങ്ങളുമാണ്‌ അതീവഹൃദ്യമായി ജോണി മിറാന്‍ഡ
വരച്ചുകാട്ടുന്നത്‌.




കാസ്പറും ബുദ്ധിഭ്രമം ബാധിച്ച ഭാര്യ മരിയയും പെണ്‍മക്കളായും ബീനയും സീനയും
, മകന്‍ ജൂഡ്സണും അടങ്ങുന്ന അണുകുടുംബത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളിലൂടെ മനുഷ്യാവസ്ഥകളിലേയ്ക്ക്‌ തുറക്കുന്ന ജാലകമാകുകയാണ്‌ ഈ നോവലെറ്റ്‌. ഇവിടെ വാമൊഴി തന്നെയാണ്‌ മാധ്യമമായി മാറുന്നത്‌. അതുതന്നെ സൃഷ്ടിയുമാകുന്നു. മലയാളത്തിലെ വായനക്കാര്‍ക്ക്‌ തീര്‍ത്തും അപരിചിതമായ കൊച്ചിയുടെ പടിഞ്ഞാറന്‍ ദ്വീപ്‌ നിവാസികളായ ആംഗ്ലോ ഇന്ത്യന്‍ സമുദായാംഗങ്ങളുടെ ജീവിതമാണ്‌ ഈ മൂന്നു നോവലെറ്റുകളിലും പരന്നുകിടക്കുന്നത്‌. അവരുടേതായ വാമൊഴിയിലാണ്‌ രചന. 'മണല്‍ത്തിട്ടിലെ കാക്ക'കളില്‍ ഈ രചനാ സമ്പ്രദായം അതിന്റെ ഏറ്റവും മികവുറ്റ രീതിയില്‍ ദൃശ്യമാണ്‌.
സമനില തെറ്റിയ മനസ്സുകളും സമനില തെറ്റാത്ത മനസ്സുകളും ഒരുപോലെയാകുന്ന ജീവിതാവസ്ഥയുടെ നൊമ്പരം വായനക്കാരന്റെയും അനുഭവമാക്കുന്നത്‌, കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും വിചാരങ്ങളിലൂടെയും എത്ര വിദഗ്ദ്ധമായിട്ടാണ്‌ ജോണി
അവതരിപ്പിക്കുന്നത്‌!
'പാപ്പാഞ്ഞി'യെന്ന നോവലെറ്റിലൂടെ അള്‍സോച്ചയുടെ പാരമ്പര്യാന്വേഷണത്തിന്റെ വിഫലതയും വിങ്ങലും വേദനയും അതിന്റെ അനിവാര്യമായ ദുരന്തവുമാണ്‌ ചിത്രീകരിക്കുന്നത്‌.




ചിത്രകാരനാണ്‌ അള്‍സോച്ച. നിരവധി പോര്‍ട്രേറ്റുകള്‍ വരച്ചിട്ടുള്ള അ
ള്‍സോച്ചയ്ക്ക്‌ പെട്ടെന്നാണ്‌ ഒരു ബോധോദയമുണ്ടാകുന്നത്‌, തന്റെ പപ്പാഞ്ഞിയുടെ ( മുത്തച്ഛന്റെ ) ചിത്രം ഇതുവരെ വരയ്ക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്ന്‌. പിന്നീട്‌ ആ ചിത്രം വയ്ക്കാനുള്ള ദൗത്യത്തിലാണ്‌ അള്‍സോച്ച. ഇതിനായി പ്രായംചെന്ന ബന്ധുക്കളെ നേരില്‍ക്കണ്ട്‌ വിവരം ശേഖരിക്കുന്നുണ്ടെങ്കിലും ആര്‍ക്കും കൃത്യമായി ഒരു രൂപം നല്‍കാന്‍ കഴിയുന്നില്ല. റോഡ്രിക്സ്‌ കുടുംബങ്ങളുടെ പതിവ്‌ മദ്യപാനംമൂലമുള്ള തൂങ്ങിയ കണ്ണുകളും കഷണ്ടിയും തുടങ്ങിയുള്ള സൂചനകളേ ബന്ധുക്കളില്‍നിന്ന്‌ ലഭിക്കുന്നുള്ളൂ.
അള്‍സോച്ച സംഗീതം അഭ്യസിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ചലനങ്ങള്‍ക്ക്‌ ഒരു താളവട്ടമുണ്ട്‌. രതിയിലും ഈ താളക്രമം അള്‍സോച്ച പുലര്‍ത്തുന്നുണ്ട്‌. അതുകൊണ്ടുതന്നെ സ്വഭാവത്തി
ലുടനീളം താളനിബദ്ധതയുമുണ്ട്‌.




എന്നാല്‍, പപ്പാഞ്ഞിയുടെ ചിത്രം വരയ്ക്കാന്‍
തുടങ്ങുമ്പോള്‍ മുതല്‍ ഈ താളക്രമത്തിന്‌ ഭംഗം നേരിടുന്നു. എങ്കിലും, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പപ്പാഞ്ഞിയെ വരച്ചു പൂര്‍ത്തിയാക്കിയെങ്കിലും പറഞ്ഞുകേട്ട കഥകളിലെ പപ്പാഞ്ഞിയുടെയും കുടുംബാംഗങ്ങളുടെയും ക്രൂരതകള്‍ ആ ചിത്രത്തില്‍നിന്ന്‌ അള്‍സോച്ചയിലേയ്ക്ക്‌ പരിണമിക്കുമ്പോള്‍, ഭൂതകാലത്തിന്റെ ഈ അസ്വീകാര്യതകള്‍ താങ്ങാനാവാതെ പപ്പാഞ്ഞിയുടെ ചിത്രം തീയിട്ട്‌ നശിപ്പിക്കുന്ന അവസ്ഥയിലേയ്ക്ക്‌ അള്‍സോച്ച എത്തുന്നു.
പാരമ്പര്യങ്ങളുടെ വേരുതിരഞ്ഞുപോകുന്ന ഒരു അന്വേഷണമാണ്‌ അള്‍സോച്ചയെങ്കിലും വിശ്വാസങ്ങള്‍ക്കും ധാരണകള്‍ക്കും അപ്പുറത്തുള്ളതാണ്‌ പാരമ്പര്യങ്ങളുടെ ക്രൂരതയെന്നും, അത്‌ താങ്ങാനാവാത്ത മാനസ്സികാവസ്ഥയാണ്‌ നമ്മില്‍ പലര്‍ക്കും സൃഷ്ടിക്കുന്നതെന്നുമുള്ള യാഥാര്‍ത്ഥ്യത്തിനുനേരെ പിടിച്ച കണ്ണാടിയാവുകയാണ്‌ 'പപ്പാഞ്ഞി' എന്ന
ഈ ചെറു നോവല്‍.
കാമവും പിശാചിന്റെ പ്രലോഭനങ്ങളും ലഹരിയും എന്നും മനുഷ്യന്റെ ബലഹീനതകളാണെന്നും അതില്‍നിന്ന്‌ മോചനം അസാദ്ധ്യമാണെന്നും വ്യക്തമാക്കുന്നതാണ്‌ 'വിശുദ്ധ ലിഖിതങ്ങള്‍'.

സണ്ണിയെന്ന കഥാനായകനിലൂടെയാണ്‌ ജീവിതത്തിന്റെ ഈ അനിവാര്യാവസ്ഥക
ള്‍ മിറാന്‍ഡ വരച്ചുകാട്ടുന്നത്‌.



ശില്‍പിയാണ്‌ സണ്ണി. ശിഥിലമായ കുടുംബജീവിതത്തിന്റെ ഇര
.
സ്നേഹസമ്പന്നയായിരുന്നു മമ്മ സിസിലി. നല്ല തയ്യല്‍ക്കാരനായിരുന്നു പ
പ്പ ലിയോണ്‍സ്‌ അച്ച. എന്നാല്‍ വിവാഹശേഷം തയ്യല്‍ ഉപേക്ഷിച്ച്‌ ചൂണ്ടയിടലിലേയ്ക്ക്‌ ലിയോണ്‍സ്‌ അച്ച തിരിയുമ്പോള്‍ അത്‌ അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതയിലേയ്ക്കുള്ള പ്രയാണമായി മാറുന്നു.
കൊട്ടോടിയടിച്ച്‌ ( നാടന്‍ വാറ്റ്‌ ചാരായം ) ഭാര്യയെ മര്‍ദ്ദിക്കുന്നതാണ്‌ ലിയോണ്‍ അച്ചയുടെ ഏറ്റവും വലിയ വിനോദം. ഇതുകണ്ട്‌ കരഞ്ഞാണ്‌
സണ്ണിയുടെ വളര്‍ച്ച. ഒരുഘട്ടത്തില്‍ കൗമാരക്കാരനായ സണ്ണി കൂട്ടുകാരനായ നാരായണനോട്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: " നോക്കൂ നാരായണാ, ആ പോണ ബോട്ടില്‍ എന്റെ പപ്പേമുണ്ടാകും. അത്‌ മുങ്ങ്യാ പപ്പേം ചാകും. ബോട്ട്‌ മുങ്ങ്യേങ്കില്‍... ദുഷ്ടനാണയാള്‍. കുടിച്ചേച്ച്‌ മമ്മേ തല്ലും. ആ ദുഷ്ടന്‍ ചത്താ എനിക്ക്‌ പഷ്ണിക്കണ്ണി കുടിക്കാ. വല്യപപ്പടം കൂട്ടി ഏഴിനും മുപ്പതിനും സദ്യയുണ്ണാം."




ദെസ്ദതോവിസ്കിയുടെ കാരമസോവ്‌ സഹോദരങ്ങളിലെ ഐവാന്റെ പിതൃനിഷേധമല്ല സണ്ണിയുടെ പിതൃദ്വേഷം. മമ്മേ തല്ലുന്നതും മമ്മേടെ കണ്ണീരും കരച്ചിലുമാണ്‌ പപ്പ ചത്തുപോകണമെന്ന ആഗ്രഹത്തിന്‌ പിന്നില്‍. ഒരു ദുരന്ത ദിനത്തില്‍ ലിയോണ്‍സ്‌ അച്ചയുടെ
കഞ്ചാവ്‌ പൊതിയും കൊട്ടോടി കന്നാസും സിസിലി നശിപ്പിക്കുന്നു. അതില്‍ കുപിതനായ ലിയോണ്‍സച്ച ഒറ്റച്ചിവിട്ട്‌. വെന്തചെമ്മീന്‍പോലെ സിസിലി വളഞ്ഞുവീണ്‌ മരിച്ചു. പക്ഷേ സണ്ണി ഈ സത്യം ആരോടും പറയുന്നില്ല. ഇവിടം മുതല്‍ ലിയോണ്‍സ്‌ അച്ചയുടെ ജീവിതം ലഹരിയുടെയും ലൈംഗികതയുടെയും കൂത്തരങ്ങാകുകയാണ്‌. വീട്‌ കൊട്ടോടിക്കച്ചോടസ്ഥലമാകുന്നു. അവിടെ കറിക്ക്‌ അരയ്ക്കാനെത്തുന്ന വിറോണിച്ചേടത്തിയുമായി പപ്പ ബന്ധപ്പെടുന്നതിന്‌ സണ്ണി സാക്ഷിയാകുന്നു. പിന്നീട്‌ തന്റെ കാമുകിയും പതിനാലുകാരിയുമായ ടെസിയെപ്പോലും പപ്പ കടന്നുപിടിക്കുമ്പോഴാണ്‌ വീടുപേക്ഷിച്ച്‌ സണ്ണി യാത്രയാകുന്നത്‌.




ചെന്നെത്തിയത്‌ ശില്‍പിയായ ചവരോ ആശാന്റെ പക്കല്‍. ആ ശിക്ഷ
ണം സണ്ണിയെ കൈക്കുറ്റപ്പാടില്ലാത്ത ശില്‍പിയാക്കി മാറ്റി. അങ്ങനെയാണ്‌ മരിച്ചവരുടെ ദിവസത്തില്‍ ( നവംബര്‍ 2 ) കുഴിക്കര ഗ്രാമത്തിലെ സെമിത്തേരിക്ക്‌ സമീപം ക്രൂശിതനായ ക്രിസ്തുവിന്റെ ശില്‍പമുണ്ടാക്കാന്‍ സണ്ണി എത്തുന്നത്‌. സെമിത്തേരിക്കപ്പുറം, പഴയ ഒരു കപ്പേളയിലാണ്‌ സണ്ണി അച്ചന്‍ താമസം. അവിടത്തെ താമസവും ശില്‍പനിര്‍മ്മാണവുമായി കഴിയുന്നതിനിടയിലാണ്‌ സെമിത്തേരിക്ക്‌ സമീപമുള്ള ആന്റോച്ചയുടെ മകള്‍ മാര്‍ത്തയുടെ അവിഹിതബന്ധത്തില്‍ ജനിച്ച മേഴ്സിയെ പരിചയപ്പെടുന്നത്‌. 14 വയസ്സേ ഉള്ളെങ്കിലും അവളുടെ ചിന്തകളും വിചാരങ്ങളും മുതിര്‍ന്ന ഒരാളെ തോല്‍പിക്കുന്നതായിരുന്നു. പെണ്ണിന്‌ പിശാച്‌ ബാധിച്ചതാണെന്നും, നല്ലബുദ്ധിയില്ലെന്നുമാണ്‌ വീട്ടുകാരുടെയും നാട്ടുകാരുടെയും അഭിപ്രായം.




സണ്ണി ശില്‍പം നിര്‍മ്മിക്കുമ്പോള്‍ എന്നും അടുത്തുവന്നിരിക്കുന്ന മേഴ്സിയെ തന്റെ കാമപൂര്‍ത്തിക്ക്‌ ഇരയാക്കുന്നിടത്താണ്‌ സണ്ണിയിലെ ദുരന്ത നിയോഗം ഉണരുന്നത്‌. അതിനുമുമ്പുതന്നെ ദുര്‍നടത്തക്കാരിയായ മാര്‍ത്തയുമായി സണ്ണി ബന്ധപ്പെടുന്നുണ്ട്‌. അവിഹിതബന്ധങ്ങ
ള്‍ മാത്രം കണ്ടുവളര്‍ന്ന സണ്ണിയും ആ ജീവിതത്തിന്‌ ഇരയാകുകയാണ്‌. ആശാന്റെ മകളും മാര്‍ത്തയുമടക്കം പതിമൂന്നു സ്ത്രീകളിലാണ്‌ സണ്ണി തന്റെ തൃഷ്ണക്ക്‌ ശാന്തി കണ്ടെത്തിയിട്ടുള്ളത്‌. പതിനാലാമത്തെ ഇരയാണ്‌ മേഴ്സി. മേഴ്സിയെ പ്രാപിച്ചതോടെ കുറ്റബോധം കനക്കുന്ന സണ്ണി പ്രതിമാ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടുവിടുകയാണ്‌.




ഇവിടംമുതല്‍ കുറ്റബോധത്തിലുരുകുന്ന സണ്ണി ദേശാടനക്കാരനായി അലഞ്ഞലഞ്ഞ്‌ 20 വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു മരിച്ചവരുടെ ദിന
ത്തില്‍ കുഴിക്കര ഗ്രാമത്തിലെത്തുകയാണ്‌. അപ്പോഴാണ്‌ അറിയുന്നത്‌, ഗര്‍ഭിണിയായ മേഴ്സി ആത്മഹത്യ ചെയ്ത വിവരം.
ലോകവും പിശാചും കാമവും ദൈവും ഒരു മനുഷ്യന്റെ ജീവിതത്തില്‍ എന്തെല്ലാം വ്യത്യാസങ്ങളും വ്യതിയാനങ്ങളും സ്വാധീനങ്ങളും ചെലുത്തുന്നു എന്ന്‌ ജൈവ ചോദനകളാല്‍ നിസ്സഹായരാകുന്ന സണ്ണി ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ അനന്യമായ ഉള്‍ക്കാഴ്ചയോടെയാണ്‌ ജോണി അവതരിപ്പിക്കുന്നത്‌. ഈ കഥകളിലെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്‌ മനുഷ്യന്റെ ലഹരിയാസക്തിയും അവിഹിതബന്ധാസക്തിയുമാണ്‌. ധാര്‍മ്മികചിന്തകളുള്ള മനുഷ്യന്‍ പാപമാ
യി മാറ്റിനിര്‍ത്തുന്ന ഈ ജീവിതാവസ്ഥകളില്‍ അഭിരമിക്കുന്ന കഥാപാത്രങ്ങള്‍. ശരീരത്തിന്റെ പ്രലോഭനങ്ങളില്‍നിന്ന്‌ പച്ചയായ മനുഷ്യന്‌ മോചനമില്ല എന്ന നിത്യസത്യത്തെ അവതരിപ്പിക്കുകയാണ്‌ 'വിശുദ്ധ ലിഖിതങ്ങളി'ല്‍ ജോണി മിറാന്‍ഡ.




പോഞ്ഞിക്കര ദ്വീപില്‍നിന്ന്‌ മലയാള സാഹിത്യത്തിന്‌ ലഭിച്ച വരദാനമായ റാഫിയുടെ പിന്മുറക്കാരനാകാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യനാണ്‌ താനെന്ന്‌ ഈ കൃതിയിലൂടെ
ജോണി മിറാന്‍ഡ വ്യക്തമാക്കുന്നു. എന്നാല്‍, പാദസേവയുടേയും പുറംചൊറിച്ചിലിന്റേയും അശ്ലിലത നിറയെയുള്ള മലയാളത്തിലെ സാഹിത്യ നിരൂപകകേസരികളും പടിഞ്ഞാറ്‌ നോക്കികളായ അവരുടെ പുത്തന്‍ തലമുറയും ജോണിയെ ത്മസ്കരിക്കുകയാണ്‌.
. 'ഭാഷാപോഷിണി', 'കലകൗമുദി' എന്നിവയില്‍ പ്രസിദ്ധീകരിച്ചവയാണ്‌ ഈ സൃഷ്ടികള്‍. 'മണല്‍ത്തിട്ടിലെ കാക്കകള്‍' 1996ലും 'പാപ്പാഞ്ഞിയുടെ ചിത്രം' '97ലും 'വിശുദ്ധ ലിഖിതങ്ങള്‍' '98ലും പ്രസിദ്ധീകൃതമായി.
കറന്റ്‌ ബുക്സ്‌ ആണ്‌ 'വിശുദ്ധലിഖിത'ങ്ങളുടെ പ്രസാധകര്‍

Tuesday, 22 June 2010

ഹരികുമാറും അലോക്‌ ഗുപ്തയും റിയാന്‍ ഒബ്രോയിയും തെളിയിച്ചത്‌

ടൈറ്റസ്‌ കെ.വിളയില്‍

ഉന്നത സാങ്കേതിക വിദ്യാഭ്യാസം.അതിലൂടെ വിദേശത്ത്‌ ഉയര്‍ന്ന ജോലി.
( ലക്ഷ്യം അമേരിക്ക തന്നെ )അതില്‍ നിന്ന്‌ ലഭിക്കുന്ന മുന്തിയ ശമ്പളം.അങ്ങനെയുണ്ടാകുന്ന സാമ്പത്തീക സുരക്ഷയും സാമൂഹികാംഗീകാരവും.അതിന്റെ അടിസ്ഥാനത്തില്‍ സമ്പന്ന കുടുംബത്തില്‍ നിന്നുള്ള വിവാഹം.സുഖകരവും ആഡംബരപൂര്‍ണ്ണവുമായ ഭാവി ജീവിതം-ഈ ലക്ഷ്യങ്ങള്‍ നേടാനുള്ള കഴുത്തറപ്പന്‍ മത്സരം. അതിനുവേണ്ടി ജീവിതത്തെ പുഷ്കലമാക്കുന്ന സ്നേഹം, സൗഹാര്‍ദ്ദം,സൗമനസ്യം, സഹാനുഭൂതി, സഹകരണം, പ്രണയം തുടങ്ങിയ കേവല വികാരങ്ങളെ കാഴ്ചപ്പുറങ്ങള്‍ക്കപ്പുറം നിര്‍ത്തുന്ന ന്യൂ ജനറേഷന്‌ നേരേ പിടിച്ച കണ്ണാടിയാണ്‌ ചേതന്‍ ഭഗത്തിന്റെ " ഫൈവ്‌ പോയിന്റ്‌ സംതിംഗ്‌-വാട്ട്‌ നോട്ട്‌ റ്റു ഡു അറ്റ്‌ ഐഐറ്റി " എന്ന നോവല്‍.xc sc




രാജ്യത്തെ പരമോന്നത സാങ്കേതിക വിദ്യാലയമായ ഡല്‍ഹി ഐഐറ്റിയുടെ പശ്ചാത്തലത്തിലാണ്‌ " ഫൈവ്‌ പോയിന്റ്‌ സംതിംഗ്‌-വാട്ട്‌ നോട്ട്‌ റ്റു ഡു അറ്റ്‌ ഐഐറ്റി "സംഭവിക്കുന്നത്‌.പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ അവിടെ പഠിക്കാനെത്തിയ ഹരികുമാര്‍, അലോക്‌ ഗുപ്ത, റിയാന്‍ ഒബ്രോയ്‌ എന്നിവരിലൂടെ സ്നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും സഹകരണത്തിന്റേയും പ്രണയത്തിന്റേയും അനിവാര്യത ബോദ്ധ്യപ്പെടുത്തുകയാണ്‌ ചേതന്‍ ഭഗത്ത്‌.




മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌ മൂന്നു പേരും.കൂട്ടത്തില്‍ സമ്പന്നന്‍ റിയാന്‍ ആണ്‌.റിയാന്റെ മാതാപിതാക്കള്‍: വിദേശത്ത്‌.കര
കൗശല വസ്തുക്കളുടെ വിപണനം.എല്ലാ ആഴ്ചയിലും അവര്‍ റിയാന്‌ കത്തയയ്ക്കും.മാസത്തിന്റെ തുടക്കത്തില്‍ ചെക്കും.കത്തുകള്‍ ഒന്നു പോലും റിയാന്‍ പൊട്റ്റിച്ചു വായിക്കില്ല.എന്നാല്‍ എല്ലാം ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്‌.ബാല്യം മുതല്‍ ബോര്‍ഡിങ്ങിലാണ്‌ റിയാന്റെ വളര്‍ച്ച.അതു കൊണ്ട്‌ വേറിട്ട ചിന്തകളാണ്‌ എല്ലാകര്യ്ത്തിലും റിയാനുള്ളത്‌.റിയാന്‌ മാതാപിതാക്കളെ ഇഷ്ടമല്ല.അല്ല അവരെ സ്നേഹിക്കാന്‍ കഴിയുന്നില്ല.കുട്ടുകരാണ്‌ റിയാന്റെ എല്ലാം.അവര്‍ക്കായി ജീവിക്കുന്നതിലാണ്‌ റിയാന്റെ ആനന്ദം.തനിക്കുള്‍ലതെല്ലാം കൂട്ടുകാരുമായി പങ്കിട്ട്‌, അവരൊത്ത്‌ അടിച്ചു പൊളിച്ച്‌....91-)ം റാങ്കോടെയാണ്‌ ഐഐറ്റി പ്രവേശന പരീക്ഷ പസ്സായത്‌.




ആര്‍ട്ടിസ്റ്റായ പിതാവ്‌.ബയോളജി അ
ദ്ധ്യാപികയായ മതാവ്‌.ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സഹോദരി- അലോകിന്റെ കുടുംബമിതാണ്‌.പക്ഷെ മച്ചില്‍ ചിത്രരചന നടത്തുന്നതിനിടയില്‍ തട്ട്‌ ( സപ്പോര്‍ട്ട്‌ ) ഒടിഞ്ഞ്‌ താഴെവീണതിനെ തുടര്‍ന്ന്‌ നട്ടെല്ലിന്‌ ക്ഷതമേറ്റ്‌ അരയ്ക്ക്‌ താഴ തളര്‍ന്ന്‌ കിടപ്പാണ്‌ ഗുപ്ത.അമ്മയുടെ തുച്ഛമായ വരുമാനത്തില്‍ വളരെ കഷ്ടപ്പെട്ടാണ്‌ ജീവിതം മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌.പാസ്സായി നല്ലൊരു ജോലി നേടി പിതാവിന്‌ മികച്ച ചികിത്സ നല്‍കണം.അമ്മയുടെ അദ്ധ്വാനഭാരം ഇല്ലാതാക്കി അവര്‍ക്ക്‌ സുഖകരമായ വിശ്ര്മ ജീവിതമൊരുക്കണം.നാട്ടുനടപ്പനുസരിച്ച്‌ സഹോദരിയെ നല്ലൊരു കുടുംബത്തിലേയ്ക്ക്‌ വിവാഹം ചെയ്ത്‌ അയയ്ക്കണം.അലോകിന്റെ സ്വപ്നങ്ങള്‍ ഈ ഇത്തിരി വട്റ്റത്തിലാണ്‌ ചുറ്റിത്തിരിയുന്നത്‌.
കഥ പറയുന്നത്‌ ഹരികുമാറാണ്‌.അതു കൊണ്ട്‌ ഹരിയുടെ കുടുംബ പശ്ചാത്തലം മറ്റു രണ്ടുപേരുടേതു പോലെ വ്യക്തമല്ല.കര്‍ക്കശക്കരനായ റിട്ടയേര്‍ഡ്‌ ആര്‍മി ഓഫീസറുടെ പുത്രനാണെന്നു മാത്രം അറിയാം.കഠി ശിക്ഷകളുള്ള ശൈശവ, ബാല്യ, കൗമാരകാലം.പറയുന്നത്‌ അനുസരിക്കുക.തിരിച്ചൊന്നും ചോദിക്കരുത്‌.ചോദിച്ചാല്‍ ബല്‍റ്റുകൊണ്ടുള്ള അടി തീര്‍ച്ച.ഈ വളര്‍ച്ച മൂലം ക്ലാസ്സില്‍ അദ്ധ്യാപകര്‍ ചോദിക്കുന്ന നിസാര ചോദ്യങ്ങള്‍ക്കു പോലും ഹരിക്ക്‌ ഉത്തരം പറയാന്‍ കഴിയുന്നില്ല.വിയര്‍ത്ത്‌, വിക്കി, വിമ്മിട്ടപ്പെട്ട്‌ അപഹാസ്യനാകാനാണ്‌ യോഗം
ഹോസ്റ്റലിലെ ആദ്യ രാത്രിയി
ല്‍ സീനിയേഴ്സിന്റെ റാഗിംഗാണ്‌ ഇവരെ മൂവരേയും ഒന്നിപ്പിച്ചത്‌.അടുത്തടുത്ത മുറികളിലാണ്‌ മൂവരും.




ബക്കു എന്ന സീനിയറിന്റെ നേതൃത്വത്തില്‍ സിന്നിയേഴ്സ്‌ മൂവരേയും നഗ്നരാക്കി റാഗിംഗ്‌ തുടങ്ങി.ഹരികുമാറും അലോകും പൊക്കം കുറഞ്ഞ തടിയന്മാരായ ഫാരക്സ്‌ ബേബികളാണ്‌.നിറവും അധികമില്ല.എന്നാല്‍ നല്ല പവന്‍ നിറത്തില്‍ സുന്ദരനും സുഭഗനുമാണ്‌ റിയാന്‍.പുരുഷ
ന്മാര്‍ക്കു പോലും അസൂയജനിപ്പിക്കുന്ന സൗന്ദര്യവും ബോഡി ഷെയ്പ്പും എന്നാണ്‌ ഹരികുമാറിന്റെ വര്‍ണ്ണന.നഗ്നനാക്കപ്പെട്ടതില്‍ അലോക്‌ കരഞ്ഞു പോയി.അവന്റെ തടിച്ച കണ്ണടച്ചില്ലുമുഴുവനും കണ്ണീരില്‍ കുതിര്‍ന്നു.ഹരി കരച്ചിലിന്റെ വക്കത്താണ്‌.റിയാനാകട്ടെ ഭാവഭേദമൊന്നുമില്ല.നഗ്നരായി നില്‍ക്കുന്ന മൂവരിലും ചില കുസൃതി കാട്ടാന്‍ മൂന്നു കോളകുപ്പികളുമായി ബക്കു എത്തിയതോടെ റിയാന്റെ ഭാവം മാറി.അവന്‍ ചാടി എണിറ്റ്‌ ബക്കുവിന്റെ കൈയ്യില്‍ നിന്നു കുപ്പികള്‍ തട്ടിയെടുത്ത്‌ അവയുടെ മൂട്‌ ഭിത്തിയില്‍ തല്ലിയുടച്ച്‌ എതിരിടാന്‍ തന്നെ തയ്യറായി."കമോണ്‍ ബാസ്റ്റാര്‍ഡ്സ്‌" എന്നു പറഞ്ഞു നിന്ന റിയാനെ നേരിടാനാവാതെ സീനിയേഴ്സ്‌ റാഗിംഗ്‌ അവസാനിപ്പിച്ച്‌ പിന്‍വാങ്ങി.




അലോകിനും ഹരിക്കും റിയാന്‍ അപ്പോള്‍ ദൈവം അയച്ച രക്ഷകനായി.അവര്‍ നന്ദി പറഞ്ഞെങ്കിലും റിയാന്‍ അതു കേട്റ്റതായി പോലും ഭാവിച്ചില്ല."സീനിയേ
ഴ്സിനോട്‌ ഒടക്കിയാല്‍.." അലോകിന്റെ സന്ദേഹം പൂര്‍ത്തിയാക്കും മുന്‍പ്‌ റിയാന്‍ പറഞ്ഞു: " ഒരു കോപ്പും ഉണ്ടാകാന്‍ പോകുന്നില്ല.ഞാന്‍ കുറേ ബോര്‍ഡിങ്ങില്‍ വളര്‍ന്നിട്ടുള്ളതാണ്‌.ധൈര്യം കാണിക്കുന്നവനെ നേരിടാന്‍ ഇത്തിരി പുളിക്കേണ്ടി വരും"




അന്നു മുതല്‍ അവര്‍ സുഹൃത്തുക്കളായി.എന്നു മാത്രമല്ല റിയാന്‍ അവരുടെ നേതാവുമായി.സ്ക്വാഷ്‌ കളിക്കുന്ന, ജോഗ്ഗിംഗ്‌ നടത്തുന്ന, ചെസ്‌ കളിക്കാനറിയുന്ന സയന്‍സ്‌ ഫിക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന,ഏതു വിഷയത്തിലും സ്വന്തമായ കാഴ്ചപ്പാടും അഭിപ്രായവുമുള്ള,തന്റേടമുള്ള റിയാന്‍.
മെഷീനുകളെക്കുറിച്ചുള്ളതായിരുന്നു ആദ്യത്തെ ക്ലാസ്‌.മനുഷ്യ പ്രയത്നം കുറയ്ക്കുന്ന ഏത്‌ ഉപകരണവും ഒരു മെഷീന്‍ ആകുന്നു എന്ന്‌ പ്രഫ.ദുബേയ്‌ പറഞ്ഞപ്പോള്‍:" അതു ശരിയാണെന്നു തോന്നുന്നില്ല.ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ മനുഷ്യപ്രയത്നം ക
ഠിനമാക്കുന്നതാണല്ലോ" എന്ന്‌ റിയാന്‌ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.അതിന്‌ പ്രഫസര്‍ക്ക്‌ യുക്തി ഭദ്രമായ വിശദീകരണവും ഇല്ലായിരുന്നു.




ക്രിസ്മസ്സിന്‌ മാതാപിതാക്കള്‍ അയച്ചു കൊടുത്ത പോക്കറ്റ്‌ മണികൊണ്ട്‌ റിയാന്‍ ഒരു സ്കൂട്ടര്‍ വാങ്ങി.അതിലാണ്‌ മൂവരും ക്ലാസ്സില്‍ പോയിരുന്നത്‌.സിനിമയ്ക്ക്‌ പോകുന്നത്‌.കറങ്ങാനിറങ്ങുന്നത്‌.അസൈന്മെന്റുകളും ഇന്റേര്‍ണല്‍ എക്സാമുകളും ഗ്രേഡിംഗുമൊക്കെയായി അദ്ധ്യാപകര്‍ ഐഐറ്റി വിദ്യാര്‍ത്ഥികളുടെ ഇത്തിരി വിനോദവേളകളെ പോലും ഞെക്കിക്കൊല്ലുമ്പോഴും റിയാന്‍ അതിലൊന്നും വലിയ പ്രാധാന്യം കണ്ടെത്തിയില്ല.ജീവിതത്തിലെ ഏറ്റവും നല്ല കാലത്തെ ഇങ്ങനെ പഠിത്തത്തിന്റെ പേരില്‍ കൊല്ലാക്കൊല ചെയ്തിട്ട്‌ എന്തു നേട്ടമാണുള്ളതെന്നാണ്‌ റിയാന്റെ ചോദ്യം.ഒരു ശാസ്ത്രഞ്ജനേയെങ്കിലും ഇത്രയും കാലമായിട്ട്‌ ഐഐറ്റിക്ക്‌ സൃഷ്ടിക്കനായോ?ഒരു പുതിയ കണ്ടുപിടുത്തം നടത്താന്‍ കഴിഞ്ഞോ? എന്നിങ്ങനെ പോകുന്നു റിയാന്റെ വിമര്‍ശനങ്ങള്‍.അലോകിന്‌ ഇതൊന്നും ദഹിക്കുന്നതല്ലെങ്കിലും ഹരി എപ്പോഴും റിയാന്റെ ഭാഗത്താണ്‌.അതു കൊണ്ടാണ്‌ ആദ്യത്തെ ഇന്റേര്‍ണല്‍ എക്സാമിന്റെ തലേന്ന്‌ സെക്കന്റ്‌ ഷോയ്ക്ക്‌ ഒരു സയ
ന്‍സ്‌ ഫിക്ഷന്‍ സിനിമകാണാന്‍ മൂവരും പോയത്‌.അതു കൊണ്ട്‌ ആ പരീക്ഷയില്‍ മൂവരും ക്ലാസില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്ക്‌ നേടിയവരായി.അക്കൂട്ടത്തില്‍ ഏറ്റവും കുറവ്‌ റിയാനും.




എങ്ങനെയൊക്കെ തലകുത്തി മറിഞ്ഞ്‌ പഠിച്ചിട്ടും ആദ്യ വര്‍ഷം പത്തില്‍ അഞ്ചു മാര്‍ക്കും പിന്നെ ഇത്തിരിയും നേടാനെ മൂവര്‍ക്കും കഴിഞ്ഞിരുന്നുള്ളു." ഫൈവ്‌ പോയിന്റ്‌ സംതിംഗ്‌" ഈ വിഷയത്തില്‍ ഏറ്റവും ഖിന്നന്‍ അലോക്‌ ആയിരുന്നു.അവന്റെ ജീവിത സമ്മര്‍ദ്ദങ്ങളും അത്തരത്തിലുള്ളതാണല്ലൊ.അതു കൊണ്ട്‌ ഒന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ അലോക്‌ ഈ കമ്പനി വിട്ട്‌ ഏറ്റവും നന്നായി പഠിക്കുന്ന വെങ്കട്ടിനൊപ്പം കൂടി
" വര തരം പോലെ വരയ്ക്കണം
ഇന്ത്യയൊന്നൊരു പേരു മുകളില്‍ കുറിക്കണം
ചുറ്റിലും കടല്‍ നീലവും കുന്നിനെലുകയും ചാര്‍ത്തണം
വടിവിതൊത്താല്‍ നിന്റെ പടവുകള്‍ ശോഭനം.
കൂടിയ മാര്‍ക്കിനീ ഭൂപ
ടം വില്‍ക്കുകില്‍
നീ കൂട്ടത്തിലേറ്റം മിടുക്കന്‍
അഭ്യസ്ഥനാം ഇന്ത്യനെന്നല്ലോ നിനക്കു പേര്‍" എന്ന്‌ കവി മധുസൂദനന്‍ നായര്‍ വരച്ചു കാട്ടിയ ടിപ്പിക്കല്‍ മിടുക്കനാണ്‌ വെങ്കിട്ട്‌.അലോക്‌ വിട്ടു പോയെങ്കിലും പഠിത്തവും വോഡ്ക്കയും ഇടയ്ക്കിടയ്ക്ക്‌ കഞ്ചാവും സിഗരറ്റും ഒക്കെയായി ഹരിയും റിയാനും കാമ്പസ്സില്‍ കഴിഞ്ഞു.




ഇതിനു മുന്‍പ്‌ തന്നെ ഹരി കാമുകനായി കഴിഞ്ഞിരുന്നു.ഏറ്റവും സ്ട്രിക്ട്‌ ആയ മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രഫ.ചെറിയാന്റെ പുത്രി നേഹയുമായുള്ള കണ്ടുമുട്ടല്‍ വളരെ യാദൃച്ഛികമായിരുന്നു.ഫാഷന്‍ ഡിസൈനിംഗ്‌ വിദ്യാര്‍ത്ഥിനി.കര്‍ക്കശക്കാരനായ പിതാവിന്റെ കണ്ണുവെട്ടിച്ച്‌ ഹരിയും നേഹയും ഇടയ്ക്കിടെ കണ്ടുമുട്ടിയിരുന്നു.ഇതിനിടയില്‍ ഒരു ദിവസം അലോകിന്റെ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതുണ്ടായിരുന്നു.എന്നാല്‍ പിറ്റേന്ന്‌ പ്രസന്റ്‌ ചെയ്യാനുള്ള അസൈന്മെന്റിന്റെ പേരില്‍ വീട്ടില്‍ പോകുന്നതില്‍
നിന്ന്‌ വെങ്കട്ട്‌ അലോകിനെ വിലക്കി.അലോക്‌ കരഞ്ഞു പറഞ്ഞിട്ടും വെങ്കട്ടിന്റെ മനസ്സലിഞ്ഞില്ല.പഠിത്തത്തിനപ്പുറം വെങ്കട്ടിന്‌ മറ്റൊരു കമ്മിറ്റ്മെന്റുമില്ല.ഇവര്‍ തമ്മിലുള്ള സംഭാഷണം റിയാനും ഹരിയും കേള്‍ക്കുന്നു.മറ്റൊന്നും ചിന്തിക്കാതെ വാതില്‍ തള്ളിത്തുറന്ന്‌ റിയാനും ഹരിയും വെങ്കട്ടിന്റെ മുറിയില്‍ കയറി.വെങ്കട്ടിന്‌ അതിഷ്ടപ്പെട്ടില്ല.അലോക്‌ അതു പ്രതീക്ഷിച്ചതുമല്ല.റിയാന്റെ സ്വഭാവം നന്നായറിയാവുന്ന അലോക്‌ അല്‍പം ഭയക്കുകയും ചെയ്തു.




" നീ പഠിച്ചോ.ഞാന്‍ നിന്റെ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപൊയ്ക്കൊള്ളാം" എന്നു പറഞ്ഞ്‌ റിയാന്‍ ഹരിയുമായി മുറി വിട്ടിറങ്ങിയപ്പോള്‍ പഠനത്തിന്റെ പേരില്‍ എത്ര നല്ല ഒരു സുഹൃത്തിനെയാണ്‌ താന്‍ തള്‍ലിപ്പറഞ്ഞതെന്നോര്‍ത്ത്‌ അലോക്‌ വേദനിച്ചു.റിയാന്‍ ഒറ്റയ്ക്കാണ്‌ അലോകിന്റെ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി പോയത്‌ " മകനേ നീയൊരു മാന്യനാകാതെ മനുഷ്യന്റെ പച്ചയായിത്തീ
രൂ "( മകനോട്‌- കടമ്മനിട്ട )എന്ന കവി വാക്യത്തിന്റെ വിവര്‍ത്തനമാകുകയായിരുന്നു റിയാന്‍




അതോടെ അലോക്‌ വീണ്ടും പഴയ സുഹൃത്തുക്കള്‍ക്കൊപ്പമായി.പഠനത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ അപ്പോഴാണ്‌ റിയാന്‍ ഒരു പുതിയ ഫോര്‍മുല കണ്ടെത്തിയത്‌. C2D (Co-operate to Dominate)-മേല്‍ക്കൈ നേടാന്‍ സഹകരണം.അതായത്‌ എല്ലാ അസൈന്മെന്റും എല്ലാവരും ചെയ്യണ്ട.ഒരു തവണ ഒരാള്‍ അതു ചെയ്യുക.മറ്റു രണ്ടു പേര്‍ അതു പകര്‍ത്തുക.അപ്പോള്‍ എപ്പോഴും രണ്ടു പേര്‍ക്ക്‌ വിശ്രമിക്കാനും വിനോദിക്കാനും അവസരമുണ്ടാകും.




ഇങ്ങനെ പുഷ്കലമാകുന്ന സൗഹൃദവും അതിനിടയിലുണ്ടാകുന്ന കുസൃതികളും സാഹസങ്ങളും അതിന്റെ തിരിച്ചടികളും ഒക്കയാണ്‌ ചേതന്‍ വിവരിക്കുന്നത്‌.എല്ലാ ഓപറേഷന്റേയും ബുദ്ധി കേന്ദ്രം റിയാന്‍ ആയിരുന്നു.നേഹയ്ക്ക്‌ ലിപ്സ്റ്റിക്കുകളിടാന്‍ അവളുടെ പേരു കൊത്തിയ മെറ്റല്‍ ബോക്സ്‌ തനിയെ ഉണ്ടാക്കി ഹരി നല്‍കിയത്‌, നേഹയുടെ ജന്മദിനത്തില്‍, പാതിരാത്രിക്ക്‌ അവളുടെ മുറിയില്‍ ചെന്ന്‌ ഹരി ആശംസ നേര്‍ന്നത്‌, എ ഗ്രേഡ്‌ കിട്ടാത്തവരെ പ്രഫ.ചെറിയാന്‌
ഇഷ്ടമില്ലത്തതു കൊണ്ട്‌ ഹരിക്ക്‌ എ ഗ്രേഡ്‌ നേടാന്‍ പ്രഫസറുടെ മുറിയില്‍ നിന്ന്‌ ചോദ്യപേപ്പര്‍ മോഷ്ടിച്ചത്‌, അതിനിടയില്‍ പിടിക്കപ്പെട്ടത്‌, അതിന്റെ പേരില്‍ ഒരു സെമസ്റ്റര്‍ സസ്പെന്റ്‌ ചെയ്യപ്പെട്ടത്‌, അതില്‍ ഖിന്നനായി അലോക്‌ ആത്മഹത്യക്കൊരുങ്ങിയത്‌, വാഹനങ്ങളുടെ ഇന്ധനക്ഷമത കൂട്ടാനുള്ള റിയാന്റെ ഐഡിയയില്‍ മൂവരുടേയും പരീക്ഷണങ്ങള്‍, ഹരി-നേഹ പ്രണയം, രതി, ചെറിയാന്‍ അതറിയുന്നത്‌, അതില്‍ നിന്നെല്ലാം തലയൂരാന്‍ ഹരിയുള്‍പ്പെടെയുള്ളവരെ സഹായിക്കുന്ന പ്രഫ.വീരുവിന്റെ ഇടപെടല്‍, റിയാന്റെ കണ്ടുപിടുത്തമായ പദ്ധതി നടപ്പിലക്കാന്‍ റിയാന്‍ മാതാപിതാക്കള്‍ തന്നെ മൂലധനമിറക്കുന്നത്‌, അലോകിന്‌ ആദ്യം ഡല്‍ഹിയിലും പിന്നെ അമേരിക്കയിലും ജോലികിട്ടുന്നത്‌,ഹരിക്ക്‌ മുംബയില്‍ നിയമനം ലഭിക്കുന്നത്‌ തുടങ്ങി പിന്നെ സംഭവങ്ങള്‍ വേഗത്തിലാണ്‌ വികസിക്കുന്നത്‌.




പഠനകാലത്ത്‌ ഫൈവ്‌ പോയിന്റ്‌ സംതിംഗ്‌ ആയിരുന്നവര്‍ ഇന്ന്‌ ജീവിതത്തില്‍ നേട്ടങ്ങളുടെ ഹിമശൃംഗത്തില്‍.പഠനം മാത്രമായി ഒതുങ്ങാതെ സൗഹൃദത്തിന്റെ സഹകരണത്തിന്റെ, സ്നേഹത്തിന്റെ കുസൃതിയുടെ, സഹാനുഭൂതിയുടെ പുതിയ പാഠങ്ങളും ഇവര്‍ ഐഐറ്റി കാമ്പസ്സില്‍ നിന്ന്‌ പഠിച്ചെടുക്കുന്നു.അതിനെല്ലാം കാരണക്കാരന്‍ എന്നും പുതിയ ആശയങ്ങളുമായി കൂട്ടുകാര്‍ക്കിടയില്‍ നിറഞ്ഞു നിന്ന റിയാനും.




ഹരിയിലൂടെ നര്‍മ്മരസം കലര്‍ത്തിയാണ്‌
ചേതന്‍ ഭഗത്‌ "ഫൈവ്‌ പോയിന്റ്‌ സംതിംഗ്‌-വാട്ട്‌ നോട്ട്‌ ടു ഡു അറ്റ്‌ ഐഐറ്റി "അവതരിപ്പിക്കുന്നത്‌.എന്നാല്‍ ബന്ധങ്ങളുടെ വിവരണത്തില്‍ ഹൃദയത്തില്‍ തൊടുന്ന ഭാഷയാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌.ഋജുവായ, സരളമായ ശൈലി.ചേതന്റെ മാത്രമായ നിരീക്ഷണങ്ങള്‍.അതു വ്യക്തമാക്കാന്‍ വ്യതിരിക്തമായ ഭാഷാപ്രയോഗങ്ങള്‍.സംഭവങ്ങളുടെ വികാസത്തിലെ അപ്രതീക്ഷിതമായ നാടകീയത.....,അതെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ അനുവാചകനെ നിര്‍ബന്ധിക്കുന്നതാണ്‌ ചേതന്‍ ഭഗത്തിന്റെ ക്രാഫ്റ്റ്‌.
അടുത്ത മാസം ഡെല്‍ഹിയില്‍ വച്ചു നടക്കുന്ന അലോകിന്റെ സഹോദരിയുടെ വിവാഹത്തില്‍ ഒത്തുചേരാനുള്ള ആകാംക്ഷയിലാണ്‌ ഹരിയും അലോകും റിയാനും നേഹയും.ആ പ്രതീക്ഷയില്‍ നോവല്‍ അവസാനിക്കുമ്പോള്‍
" ഏതു ധൂസര സങ്കല്‍പത്തില്‍ പിറന്നാലും
ഏത്‌ യന്ത്രവത്കൃത നാട്ടില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും " എന്ന വൈലോപ്പിള്ളിയുടെ വരികള്‍ ഒരു ചാറ്റുമഴയുടെ ചേലോടെ അനുവാചകന്റെ മനസ്സിലേയ്ക്ക്‌ പാറിവീഴും.
ഡല്‍ഹിയില്‍ 'രൂപ പബ്ലിക്കേഷന്‍സ്‌' ആണ്‌ "ഫൈവ്‌ പോയിന്റ്‌ സംതിംഗ്‌-വാട്ട്‌ നോട്ട്‌ ടു ഡു അറ്റ്‌ ഐഐറ്റി "യുടെ പ്രസാധകര്‍

Monday, 12 April 2010

അനന്യ സ്വാമിനാഥനും കൃഷ് മല്‍ഹോത്രയും നമ്മോട് പറയുന്നത്

ടൈറ്റസ് കെ വിളയില്‍

പ്രണയവിവാഹം ലോകത്തെല്ലായിടത്തും ലളിതമായ ഒരു പരിണതിയാണ്‌.ഒരു യുവാവ്‌ ഒരു യുവതിയെ സ്നേഹിക്കുന്നു.യുവതി അയാളേയും സ്നേഹിക്കുന്നു; അവര്‍ വിവാഹിതരാകുന്നു.
എന്നാല്‍, ഇന്ത്യയിലെ പ്രണയ വിവാഹങ്ങള്‍ക്ക്‌ വേറേയും ചില അനിവാര്യതകളുണ്ട്‌.യുവാവും യുവതിയും തമ്മില്‍ സ്നേഹിച്ചാല്‍ മാത്രം പോര.യുവാവിനെ യുവതിയിടു വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇഷ്ടപ്പെടണം.യുവതിയെ യുവാവിന്റെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇഷ്ടപ്പെടണം.യുവാവിന്റെ വീട്ടുകാരെ യുവതിയുടെ വീട്ടുകാര്‍ക്ക്‌ ഇഷ്ടമാകണം.യുവതിയുടെ വീട്ടുകാരെ യുവാവിന്റെ വീട്ടുകാര്‍ക്ക്‌ ഇഷ്ടമാകണം.ഇത്രയും കടമ്പകള്‍ കടന്നു കഴിയുമ്പോള്‍ യുവതീയുവാക്കളില്‍ പ്രണയം അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ വിവാഹിതരായേക്കും.



ഇതാണ്‌ ചേതന്‍ ഭഗത്ത്‌ തന്റെ ' റ്റു സ്റ്റേറ്റ്സ്‌'എന്ന പുതിയ നോവലില്‍ അവതരിപ്പിക്കുന്ന പ്രണയപ്രമേയം.
കൃഷ്‌ മല്‍ഹോത്രയും അനന്യ സ്വാമിനാഥനും കണ്ടു മുട്ടിയത്‌ ഡെല്‍ഹിയിലെ ഐഐഎം-ല്‍ വച്ചാണ്‌."പ്രൊജസ്റ്റ്രോണ്‍ ചാര്‍ജ്ഡ്‌-ഈസ്ട്രജന്‍ സ്റ്റാര്‍വ്ഡ്‌'
ഐഐഎം കാമ്പസിലെ ഏറ്റവും സുന്ദരിയായിരുന്നു അനന്യ.സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തില്‍ സ്റ്റേറ്റില്‍ 3-ാ‍ം റാങ്ക്‌ കാരിയായിരുന്നു അനന്യ.കൃഷ്‌ ആകട്ടെ ഐഐടി കഴിഞ്ഞ ബിടെക്‌ കാരനും.
ഒരു ഉച്ചയ്ക്ക്‌ മെസ്സില്‍ സാംബാറിന്റെ പേരില്‍ അനന്യ വഴക്കുണ്ടാക്കിയപ്പോഴാണ്‌ അവര്‍ ആദ്യമായി സംസാരിക്കുന്നത്‌.തന്റെ രസഗുള നല്‍കി അനന്യയെ ശാന്തയക്കി അവര്‍ സംസാരം ആരംഭിക്കുന്നു.ക്ലാസ്‌ തുടങ്ങിയിട്ട്‌ ദിവസങ്ങളേ ആയുള്ളു.ഇതിനിടെ 10 ഐഐറ്റിയന്മാര്‍ അനന്യയോട്‌ പ്രൊപ്പോസ്‌ ചെയ്തിരുന്നു.അതെല്ലാം ചിരിച്ചു തള്ളിയതെയുള്ളു എന്ന്‌ അനന്യ വെളിപ്പെടുത്തി.കൃഷില്‍ വ്യത്യസ്തനായ സുഹൃത്തിനെ അനന്യ കണ്ടെത്തുന്നു.



ഒരു ദിവസം സാമ്പത്തീകശാസ്ത്രത്തിലെ ഒരു ചോദ്യത്തിന്‌ പ്രഫസ്സര്‍ ആഗ്രഹിച്ച ഉത്തരം നല്‍കാന്‍ അനന്യക്കായില്ല.പ്രഫസ്സര്‍ വല്ലാതെ ഹര്‍ട്ട്‌ ചെയ്ത്‌ സംസാരിച്ചു.അനന്യ തേങ്ങിപ്പോയി.ക്ലാസ്‌ കഴിഞ്ഞപ്പാള്‍ " യു ഓക്കേ..?" എന്നു ചോദിച്ച്‌ കൃഷ്‌ അടുത്തു ചെന്നു.പിന്നീട്‌ അവര്‍ , അനന്യയുടെ ഡോര്‍മട്രിയില്‍ രാത്രി കംബൈന്‍ഡ്‌ സ്റ്റഡി ആരംഭിക്കുന്നു.പുറത്ത്‌ പോയി ഭക്ഷണം കഴിക്കുന്നു.ഇത്‌ മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കുന്നു." അവന്‍ അവളെ അടിച്ചെടുത്തു" എന്ന്‌ മറ്റുള്ളവര്‍ കമന്റുന്നുണ്ടെങ്കിലും ആ വിഷയത്തില്‍ അവര്‍ വലിയ ബലം നല്‍കുന്നില്ല.
ഒരു രാത്രി അനന്യ നല്‍കിയ ഫ്രൂട്ടി കുടിച്ച പഠിക്കാനിരുന്നിട്ടും കൃഷിന്‌ പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന്‌ അനന്യ മന്‍സ്സിലാക്കുന്നു. അവളത്‌ ചോദിച്ചു."നിന്റെ ചുണ്ടുകളില്‍ നോക്കിയിരിക്കുമ്പോള്‍ പഠിക്കാനല്ല അതിലൊരു ചുംബനം നല്‍കാനാണ്‌ തോന്നുക" എന്ന്‌ കൃഷ്‌ മറുപടി നല്‍കി.കുറെ നേരം തല കുമ്പിട്ടിരിക്കുന്ന കൃഷിനെ അനന്യ നോക്കിയിരുന്നു.പിന്നെ ഫ്രൂട്ടിയുടെ മധുരമുള്ള ഒരു ചുംബനം, 2 സെക്കന്റ്‌ നീണ്ടുനിന്നത്‌, അനന്യ കൃഷിന്‌ നല്‍കി.



പഞ്ചാബില്‍ നിന്നാണ്‌ കൃഷ്‌.ഒരു റിട്ടയേര്‍ഡ്‌ ആര്‍മി ഓഫിസറുടെ ഏകമകന്‍.അമ്മ വീട്ടമ്മ.ആര്‍മി ഓഫിസറുടെ കടുമ്പിടുത്തം മൂലം നരകമായിരുന്നു കൃഷിന്‌ വീട്‌.ഒരു എഴുത്തുകാരനായി തീരുക എന്നതാണ്‌ കൃഷിന്റെ ആത്യന്തീക ലക്ഷ്യം മെയിലാപ്പൂരില്‍ നിന്നുള്ള ടിപ്പിക്കല്‍ ബ്രാഹ്മണ കുടുംബത്തില്‍ നിന്നാണ്‌ അനന്യ.ബാങ്കിലെ അസിസ്റ്റന്റ്‌ മാനേജരാണ്‌ പിതാവ്‌.അമ്മ സംഗീതത്തിന്റെ അസ്ക്യതയുള്ള വീട്ടമ്മ.ഒരു സഹോദരം.ഐഐടിയില്‍ പ്രവേശനം നേടാന്‍ ഫിസിക്സിനേയും കെമിസ്ട്രിയേയും മാത്സിനേയും പ്രണയിക്കുന്ന കൗമാരക്കാരന്‍.ഭരതനാട്യം പഠിച്ചിട്ടുള്ള, കര്‍ണാടിക്‌ സംഗീതത്തെ ഇഷ്ടപ്പെടുന്ന ടിപ്പിക്കല്‍ തമിഴ്‌ നാട്ടുകാരി


പരിചയത്തിന്റെ മൂന്നാമത്തെ ആഴ്ചയില്‍ കൃഷും അനന്യയും വേഴ്ചയില്‍ ഏര്‍പ്പെടുന്നു.അദ്യ വേഴ്ചയ്ക്ക്‌ ശേഷമാണ്‌ കൃഷ്‌ " ഐ ലവ്‌ യൂ" എന്നു പറയുന്നത്‌."പക്ഷെ എനിക്ക്‌ അതേക്കുറിച്ച്‌ ആലോചിക്കണം " എന്നായിരുന്നു അനന്യയുടെ മറുപടി.
എന്നാല്‍ ഇരുവരുടേയും ക്രേസുകള്‍ ഒന്നായിരുന്നു- ബിയര്‍, ചിക്കന്‍, സെക്സ്‌- അതു കൊണ്ട്‌ അവര്‍ പ്രണയിനികളായി.പഠനത്തോടൊപ്പം ഈ ക്രേസില്‍ അവര്‍ പൂര്‍ണ്ണമായി ആമഗ്നരായി.
പക്ഷെ മാംസനിബദ്ധമായ ഈ പ്രണയത്തിന്റെ പൈങ്കിളി വിവരണമല്ല ഈ നോവല്‍.മറിച്ച്‌ രണ്ട് വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നു വരുന്ന പ്രണയിനികള്‍ നേരിടേണ്ടി വരുന്ന പ്രാദേശികവും, ജാതീയവും, ആചാരപരവും,കുടുംബപരവും മറ്റുമുള്ള പ്രശ്നങ്ങളും അവ നേരിട്ട്‌ ഇരു കുടുംബങ്ങളേയും ഒന്നിപ്പിക്കാന്‍ കൃഷും അനന്യയും അനുഭവിക്കുന്ന സമസ്യകളുടെയും അവയുണ്ടാക്കുന്ന പ്രശ്നങ്ങളുടേയും വിവരണമാണിത്‌.ഫസ്റ്റ്‌ പേഴ്സണ്‍ നരേറ്റീവ്‌ ആണ്‌ ചേതന്‍ ഭഗത്തിന്റെ ശൈലി എങ്കിലും അതു വളരെ ആസ്വാദ്യകരവും ആഴത്തിലുള്ള വിശകലനപരവുമാണ്‌.


" ഏക്‌ ദുജെ കേലിയേ " സിനിമ പോലുള്ള പ്രണയം.പക്ഷെ സിനിമയിലെ നായികനായകന്മാരെ പോലെ ഒളിച്ചോടാനോ ആത്മഹത്യ ചെയ്യാനോ അവര്‍ തയ്യാറായിരുന്നില്ല.തങ്ങളുടെ വിവാഹദിനത്തില്‍ ഇരു രക്ഷിതാക്കളും സന്തുഷ്ടരും സന്തോഷമുള്ളവരും ആയിരിക്കണം എന്നായിരുന്നു അനന്യയുടെ ഡിമാന്റ്‌.അതു തന്നെയാണ്‌ കൃഷും ആഗ്രഹിച്ചിരുന്നത്‌.സിറ്റി ബാങ്കില്‍ 33000 രൂപ ശമ്പളത്തില്‍ കൃഷും 250000 രൂപ ശമ്പളത്തില്‍ എച്‌എല്‍എല്‍-ല്‍ അനന്യയും ജോലിക്കു കയറുന്നു.
ഇരു വീട്ടുകാരേയും തങ്ങളുടെ വഴിയില്‍ കൊണ്ടുവാരാനുള്ള ഇവരുടെ പ്രയത്നത്തിന്റെ അതി സുന്ദരമായ വിവരണംഎല്ലാ സൂക്ഷ്മതകളോടും ചേതന്‍ വിവരിക്കുന്നു.തെക്കെ ഇന്ത്യാക്കാരുടേയും വടക്കെ ഇന്ത്യാക്കാരുടേയും മനോഭാവത്തിലെ-ജീവിതത്തിന്റെ എല്ലാവിഷ്യങ്ങളിലും-വ്യത്യസ്തതകളിലൂടെയുല്ല ഒരു പര്യടനംകൂടിയാകുന്നു ഈ നോവല്‍.വര്‍ത്ത്‌ റീഡിംഗ്‌.അപ്പോള്‍ മനസ്സിലാകും ചേതന്‍ ഭഗത്തിന്റെ ക്രാഫ്റ്റ്‌.
ചേതന്റേയും ഐഐഎംഎ യില്‍ സഹപാഠിയായിരുന്ന അനൂഷയുടെയും പ്രണയവും അതു സാക്ഷാത്ക്കരിക്കാന്‍ അവരനുഭവിച്ച പ്രശങ്ങളുമാണ്‌ നോവലിന്റെ ഇതിവൃത്തം
ഇന്ന്‌ വായനക്കാരുടെ ഏറ്റവും വലിയ ഹരമായ ഇന്ത്യന്‍ എഴിത്തുകാരനാണ്‌ ചേതന്‍ ഭഗത്ത്‌.ബ്ലോക്ക്ബസ്റ്ററുകളായ 'ഫൈവ്‌ പോയിന്റ്‌ സംവണ്‍'(2004), ' വണ്‍ നൈറ്റ്‌ @ദ്‌ കോള്‍ സെന്റര്‍'( 2005)' ദ്‌ ത്രീ മിസ്റ്റേക്സ്‌ ഇന്‍ മൈ ലൈഫ്‌' ( 2008 )എന്നിവയാണ്‌ ചേതന്‍ ഭഗത്തിന്റെ മറ്റു കൃതികള്‍

Friday, 8 January 2010

ഹൈപ്പേഷ്യയും കുന്നംകുളം കോരപ്പാപ്പനും

ഡോ. സി.ടി. ബാബുരാജ്‌

ആദ്യമായി ഹൈപ്പേഷ്യയെപ്പറ്റി കേള്‍ക്കുന്നത്‌ 85-86 കാലത്ത്‌ പരിഷത്ത്‌ തലയ്ക്ക്‌ പിടിച്ചു നടക്കുമ്പോഴാണ്‌. പിന്നെ ആ പേര്‌ മറന്നു. അതിനു ശേഷം പിന്നെ കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി ഹൈപ്പേഷ്യയുടെ മുന്‍പില്‍ ചെന്നുപെടുകയായിരുന്നു, നെറ്റില്‍ അലഞ്ഞു തിരിയുന്നതിനിടെ. അഞ്ചെട്ടു ലിങ്കില്‍ കയറി വായിച്ചു. അനിതരസധാരണമായ ബുദ്ധിയും സൗന്ദര്യവും ഉണ്ടായിരുന്ന അവര്‍ അലക്സാന്‍ഡ്രിയായിലെ ഗണിത ശാസ്ത്രജ്ഞയും അദ്ധ്യാപികയുമായിരുന്നു.(AD നാലം നൂറ്റാണ്ട്‌) അവരുടെ ചിന്തകള്‍ കൃസ്തീയസഭയ്ക്ക്‌ വെല്ലുവിളിയായി തോന്നിയതും, അവര്‍ക്ക്‌ റോമന്‍ പ്രിഫക്റ്റ്‌ ഒറസ്റ്റേസില്‍ ഉണ്ടായിരുന്ന സ്വാധീനവും ബിഷപ്പ്‌ സിറിളിന്റെ നേതൃത്വത്തിലുള്ള സഭയെ വിളറിപിടിപ്പിച്ചു. ഒരു ദിവസം ഒരു സംഘം മതഭ്രാന്തന്മാര്‍ അവരെ തെരുവില്‍ വെച്ച്‌ ആക്രമിക്കുകയും ജീവനോടെ കക്കത്തോട്‌ കൊണ്ട്‌ അവരുടെ മാംസം വാര്‍ന്നെടുത്ത്‌ അഗ്നിക്കിരയാക്കുകയും ചെയ്തു. (ബിഷപ്പ്‌ സിറിള്‍ പിന്നീട്‌ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.) പക്ഷെ അന്നു വായിച്ച ഒരു ലിങ്കിലും, അവിവാഹിതാവസ്ഥയുടെ സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനൊപ്പം ആഗ്രഹം തോന്നിയ പുരുഷന്മാര്‍ക്കെല്ലാമൊപ്പം ശയിച്ച ഒരു കാമഭ്രാന്തിയാണെന്നു പറഞ്ഞു കണ്ടില്ല. ഒരു പക്ഷെ അത്‌ അങ്ങിനെയായിരുന്നിരിക്കാം അല്ലെങ്കില്‍ ശക്തരായ എതിരാളികള്‍ അങ്ങിനെ ഒരു പ്രചാരണം നടത്തിയിരുന്നിരിക്കാം.


അതെന്തെങ്കിലുമാവട്ടെ, ഞാന്‍ ചിന്തിക്കുന്നത്‌ അംഗീകരിക്കപെട്ട ചരിത്ര നാള്‍വഴികളില്‍ നമുക്ക്‌ എന്തുമാത്രം തന്നിഷ്ടപരമായ ഇടപെടലുകള്‍ അനുവദനീയമായിട്ടുണ്ട്‌ എന്നതാണ്‌. പ്രത്യേകിച്ച്‌ ഹൈപ്പേഷ്യ മുതല്‍ മൈക്കലാന്‍ജലോയും സാമൂതിരിയും എഴുത്തച്ഛനുമുള്‍പ്പടെ (രാജന്‍?)ഗുരുക്കള്‍ വരെയുള്ള ഒരു നാള്‍വഴിയില്‍? ഫിഷന്റെ സ്വാതന്ത്ര്യത്തോടു കൂടിയാണെങ്കില്‍ പോലും?



കഴിഞ്ഞ ദിവസം വായിച്ച, ശ്രീ ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന നോവലാണ്‌ (ഡി.സി ബുക്സ്‌, ആദ്യ പ്രസാധനം ആഗസ്റ്റ്‌ 2009. രൂപ 150) ഈ ചിന്തകളൊക്കെ ഉയര്‍ത്തിയത്‌. കഥാനായകനായ ഇട്ടിക്കോര പതിനഞ്ചാം നൂറ്റാണ്ടിലെ പ്രബലനായ ഒരു കുന്നംകുളം കുരുമുളക്‌ കച്ചവടക്കാരനായിരുന്നു. അദ്ദേഹം കുന്നംകുളത്തും ഫ്ലോറന്‍സിലും മാറി മാറി താമസിച്ചു തന്റെ അനവധി വരുന്ന കപ്പലുകളില്‍ കുരുമുളക്‌ തൊട്ട്‌ അടിമപ്പെണ്ണുങ്ങളെ വരെ കച്ചവടം നടത്തി, ഫ്ലോറന്‍സിലെ പ്രബലരായ മെഡിചികളുടേയും, കോഴിക്കോട്ടെ സാമൂതിരിമാരുടേയും അടുത്തയാളായി. മൈക്കലാന്‍ജലോയുടേയും റാഫേലിന്റെയും ഉപദേഷ്ടാവായി. ഫ്ലോറന്‍സിലെ വരേണ്യ സമൂഹത്തില്‍ ഒരു ലൈംഗിക വിപ്ലവത്തിന്‌ തുടക്കമിട്ടു. ഇതിനെല്ലാമുപരിയായി ഗൂഢമായ ഹൈപ്പേഷ്യന്‍ ഗണിതശാഖയുടെ ഒരു പ്രമുഖ വക്താവുമായിരുന്നു. യൂറോപ്പിലെ ഹൈപ്പേഷ്യന്‍ സ്കൂളുകളില്‍ നിന്നു പഠിച്ച കാര്യങ്ങള്‍ ഇട്ടിക്കോര കേരളത്തിലെത്തിക്കുകയും ഇവിടെ അദ്ദേഹത്തിന്റെ ആശ്രിതര്‍ അവയെ പുനരവതരിപ്പിക്കുകയും ചെയ്തു. ഇവയൊക്കെയാണ്‌ നാമിന്ന് അഭിമാനപൂര്‍വ്വം കേരളത്തിന്റെ ഗണിതശാസ്ത്ര സംഭവനകളായി അവതരിപ്പിക്കുന്നത്‌. ഇപ്രകാരം ഒരു അമാനുഷിക പരിവേഷമുള്ള ഇട്ടിക്കോര ഒരു പക്ഷെ ഏറ്റവുമധികം ക്രിയാത്മകമായത്‌ സ്ത്രീ വിഷയത്തിലായിരുന്നു. ഉപയോഗിച്ചു തള്ളിയ അനവധി സ്ത്രീകളെക്കൂടാതെയുള്ള അദ്ദേഹത്തിന്റെ അംഗീകൃതരായ 18 ഭാര്യമാരിലായി 79 മക്കളും ഇദ്ദേഹത്തിനുണ്ടായിരുന്നു.



ചരിത്രത്തിന്റെ ഫ്രേമില്‍ നിന്ന് അമിത സ്വാതന്ത്രമെടുക്കുന്ന ഈ നോവലില്‍ പതിനെട്ടാം കൂറ്റുകാര്‍ എന്നൊരു ക്ലാനെയും നോവലിസ്റ്റ്‌ അവതരിപ്പിക്കുന്നു. പ്രയറി ഒഫ്‌ സയണേയും ഫ്രീ മേസന്‍സിനേയും അനുസ്മരിപ്പിക്കുന്ന ഒന്ന്. പക്ഷെ ഈ ഗ്രൂപ്പുകളുടെ, നിഗൂഢത എന്ന പൊതു സ്വഭാവം കഴിഞ്ഞാല്‍ സാമ്യം അവസാനിക്കുകയാണ്‌. പ്രയറിയില്‍ നഗ്ന പൂജ പ്രകൃതിയുടെ ഉര്‍വ്വരതയെ പ്രഘോഷിക്കുന്നുവെങ്കില്‍ പതിനെട്ടാം കുറ്റുകാര്‍ക്കിടയില്‍ അത്‌ പൈശാചികതയിലും ചൂഷണത്തിലുമാണ്‌ ഉറപ്പിച്ചിരിക്കുന്നത്‌. ( പക്ഷെ എതിരാളികളെ സംബന്ധിച്ച്‌ രണ്ടും തമ്മില്‍ വ്യത്യാസമേതുമില്ല. നോവലിസ്റ്റും അങ്ങിനെ തന്നെയാണോ ചിന്തിക്കുന്നത്‌?)


ചരിത്രവും മിത്തും സങ്കല്‍പവും ഇണപിരിയുന്ന വേറെ അധികം നോവലുകള്‍ മലയാളത്തിലുണ്ടെന്നു തോന്നുന്നില്ല. എക്കോയും മാര്‍ക്കേസും ഒക്കെ വായിക്കുമ്പോള്‍ എന്തേ ഇങ്ങിനൊരെണ്ണം മലയാളത്തിലില്ലാത്തത്‌ എന്നു നമ്മള്‍ സങ്കടപ്പെടുന്ന പോലൊന്നിനുള്ള ശ്രമം. പക്ഷെ ലോകനിലവാരത്തില്‍ നിന്ന് മലയാളത്തിന്റെ ചെറു വൃത്തത്തിലേക്കൊതുക്കിയാലും ആനുപാതികമായിപ്പോലും മാര്‍ക്കേസിന്റെ കാവ്യഭംഗിയോ, എക്കോയുടെ ധിഷണാ വൈഭവമോ ഡാന്‍ ബ്രൗണിന്റെ കഥനചാതുരിയോ നോവലിനോ നോവലിസ്റ്റിനോ അവകാശപ്പെടാനാവില്ല.



വളരെ കൃത്രിമമായി തോന്നുന്ന ഒരു ക്രാഫ്റ്റാണ്‌ രചനയ്ക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഒരു ഫ്ലോചാര്‍ട്ട്‌ രൂപപ്പെടുത്തിയിട്ട്‌ അതിന്റെ ഓരോ പോയിന്റും സ്ഥൂലീകരിച്ച്‌ കട്ടന്‍പേസ്റ്റ്‌ ചെയ്തപോലെ. പോസ്റ്റ്ഗ്രാജ്വേറ്റ്‌ തിസീസിനുപയോഗിക്കുന്ന അതേ തന്ത്രം. ഒരു നല്ല രചന ഒരു പെയിന്റിംഗ്‌ ആണെങ്കില്‍, ഇട്ടിക്കോര ഒരു ഫോട്ടോഷോപ്‌ കൊളാഷ്‌ ആണ്‌. അത്ര കൃത്രിമം. തന്റെ പരന്ന വായനയുടെ മുഴുവന്‍ വിശേഷങ്ങളും ഒരുമിച്ച്‌ വായനക്കാര്‍ക്കെത്തിക്കണം എന്നു നോവലിസ്റ്റിന്‌ നിര്‍ബന്ധമുള്ളപോലെ. എന്നാലാവട്ടെ, ഇവയൊക്കെ തമ്മില്‍ യുക്തിഭദ്രമായ ഒരു ബന്ധപ്പെടുത്തലിനോ കാരണവിശദീകരനത്തിനോ നോവലിസ്റ്റ്‌ മിനക്കെടുന്നുമില്ല. ഇതുമൊരു സങ്കേതമാവാം!



ഹൈപ്പേഷ്യന്‍ സ്കൂളിനും ഗണിതശാസ്ത്രത്തിനും ലൈംഗികതയുമായി എന്തു ബന്ധം എന്നു നമ്മള്‍ സംശയിച്ചു നില്‍ക്കുമ്പോഴും കഥയില്‍ ലൈംഗികതയുടെ ഘോഷയാത്രയാണ്‌. കഥാ തന്തുവും ലൈംഗിക ആഘോഷങ്ങളും തമ്മില്‍ ഒരു ലോജിക്കും രൂപപ്പെടുന്നുമില്ല. മാത്രമല്ല, കഥാകൃത്തിന്റെ ലൈംഗികസങ്കല്‍പ്പങ്ങള്‍ ഒരു പോണൊഗ്രഫി നിലവാരത്തിലുള്ളതുമാണ്‌. അതു കൊണ്ടു തന്നെയാണ്‌ അതിഭാവുക അവതരണത്തിനു ശേഷവും ഫ്രാന്‍സിസ്‌ ഇട്ടിക്കോര സഹസ്രലിംഗനെപ്പോലെ ഒരശ്ലീല ബിംബമായി അപഹാസ്യമാകുന്നത്‌


* * * * * * * * * *ഒരു കഷണം കൂടി...... * * * * * * * * * ** * * * * * * * *


ആഷാമേനോന്റെ അവതാരികയുമുണ്ട്‌. അവതാരികകളുടെ ആവശ്യമെന്താണെന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല. മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ അഴീക്കോടിന്റെ അവതാരിക കണ്ടു. മനോഹരമായ ഒരു ശില്‍പ്പത്തില്‍ കാക്ക കാഷ്ഠിച്ചു വെച്ചതു പോലെ തോന്നി.

Thursday, 17 December 2009

'പാക്കിസ്‌താനിലെ' ഒരു വായനാനുഭവം

ഡോ. സി.ടി ബാബുരാജ്‌
കോളറക്കാലത്തെ പ്രണയം ആദ്യം വായിക്കുന്നത്‌ ഒരു ഇരുപത്‌ വര്‍ഷത്തോളം മുന്‍പാണ്‌. അന്നൊരിക്കല്‍ സാഹിത്യ വാരഫലത്തില്‍ ശ്രീ എം. കൃഷ്ണന്‍ നായര്‍ എഴുതിയിരുന്നു, കഴിഞ്ഞ 30 വര്‍ഷത്തില്‍ ലോകത്തിലിറങ്ങിയ ഏറ്റവും നല്ല രണ്ടോ മൂന്നോ നോവലുകളിലൊന്നാണത്‌ എന്ന്. അതുകൊണ്ടു തന്നെ കോളറക്കാലത്തെ പ്രണയം വായിക്കണം എന്ന് ആഗ്രഹിച്ച്‌ നടക്കുമ്പോഴാണ്‌ യാദൃശ്ചികമായി ആ പുസ്തകം മുന്‍പില്‍ വന്നു പെടുന്നത്‌.

അന്ന് ഞാന്‍ കോളേജില്‍ നാലാം വര്‍ഷം പഠിക്കുകയാണ്‌. താമസം പാകിസ്താന്‍ എന്നു വിളിച്ചിരുന്ന ഒരു ലോഡ്ജില്‍. (കുറച്ചു നാള്‍ മുന്‍പ്‌ വരെ അവിടുത്തെ അന്തേവാസികളെല്ലാം മുസ്ലീംങ്ങള്‍ ആയിരുന്നത്രെ!) അവിടുത്തെ സഹവാസികളില്‍ ഒരാളായിരുന്നു ജയകുമാര്‍ (എന്നാണെന്റെ ഓര്‍മ്മ).അദ്ദേഹം അന്ന് മനോരാജ്യം വാരികയിലെ സഹപത്രാധിപരായിരുന്നു. മറ്റൊരാള്‍ ഇന്ന് അറിയപ്പെടുന്ന കവിയായ അന്‍വറും. അന്‍വറന്ന് മഹാത്മാ ഗാന്ധി യൂണിവാഴ്സിറ്റിയിലെ സ്കൂള്‍ ഒാഫ്‌ ലെറ്റേഴ്സില്‍ പഠിക്കുകയാണ്‌. അന്‍വറിന്റെ സഹപാഠിയായ ഒരു ജോര്‍ജ്ജ്‌ തോമസ്‌ പാകിസ്താനിലെ നിത്യസന്ദര്‍ശകനായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ അണ്ണന്‍ എന്നാണ്‌ വിളിച്ചിരുന്നത്‌. അണ്ണന്‌ അന്ന് തേക്കടി ആരണ്യാനിവാസില്‍ മാനേജരൊ മറ്റോ ആയി നല്ലൊരു ജോലിയുണ്ടായിരുന്നു. സാഹിത്യത്തിലെ അസ്കിത ഒന്നു കൊണ്ടാണ്‌ അതിട്ടിട്ട്‌ പഠിക്കാന്‍ വന്നിരിക്കുന്നത്‌.

ഒരു ദിവസം ജയകുമാറിന്റെ കൈയ്യില്‍ ഈ പുസ്തകം കണ്ടു. അദ്ദേഹം ആരോടോ വാങ്ങി വായിച്ചിട്ട്‌ തിരിച്ചു കൊടുക്കാന്‍ തുടങ്ങുകയായിരുന്നു. നാലഞ്ച്‌ ദിവസത്തിനുള്ളില്‍ വായിച്ച്‌ തിരിച്ചു നല്‍കാം എന്ന് ഉറപ്പില്‍ എനിക്കു തന്നു.

അതു വരെ കിട്ടിയിട്ടില്ലാത്ത ഒരു വായനാനുഭവം ആയിരുന്നത്‌. ക്ലാസ്സില്‍ പോകാതിരുന്നു പോലും പറഞ്ഞ സമയത്ത്‌ വായിച്ചു തീര്‍ത്തു. തിരിച്ചു കൊടുക്കണം എന്നതിനെക്കാള്‍ ആ പുസ്തകം താഴെ വെയ്ക്കാനായില്ല എന്നതായിരുന്നു സത്യം.

അന്നൊരിക്കല്‍ രാത്രിയിലെ ചര്‍ച്ചക്കിടയില്‍ ഞാന്‍ അണ്ണനോട്‌ ചോദിച്ചു, എന്തു കൊണ്ടാണ്‌ ഇത്ര മനോഹരമായ ഭാഷ മലയാള കൃതികളില്‍ വരാത്തതെന്ന്.
അണ്ണന്‍ പറഞ്ഞു, "ബാബുരാജ്‌ ധര്‍മ്മരാജ ഒന്നു വായിച്ചു നോക്കൂ, അല്ലെങ്കില്‍ മാര്‍ത്താണ്ഡവര്‍മ്മ." ധര്‍മ്മരാജ തപ്പിയ്യെടുത്തു വായിച്ചു, ബോദ്ധ്യപ്പെട്ടു. സി.വി, അങ്ങേയ്ക്കു പ്രണാമം. അതിനും ശേഷമാണ്‌ രണ്ടാമൂഴം വായിക്കുന്നത്‌.

കോളറക്കാലത്തെ പ്രണയം പിന്നീട്‌ മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇറങ്ങിയിരിക്കുന്നതു കണ്ടു. വായിച്ചു നോക്കാനായില്ല.


*** *** *** ***


ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്‌. ഒരു സുഹൃത്തിനുവേണ്ടി, കഴിഞ്ഞ ദിവസം കോളറക്കാലത്തെ പ്രണയം കറണ്ട്‌ ബുക്ക്സില്‍ നിന്നും വാങ്ങിച്ചു. പെന്‍ഗ്വിന്‍ ബുക്ക്സ്‌ പ്രസിദ്ധീകരിച്ചത്‌. രാമായണവും ബൈബിളും തുറക്കുന്നതു പോലെ, വെറുതേ ഒരു പേജ്‌ തുറന്നു വായിച്ചു.


ഡോ:ജുവനാല്‍ ആബിനോ മനോഹരമായ മാര്‍ബിള്‍ പടികള്‍ ചവിട്ടി രണ്ടാം നിലയിലേക്ക്‌ കയറുമ്പോള്‍ ചിന്തിച്ചു ഇത്തരം സ്ഥലങ്ങളിലും കോളറ എത്തുമോ? പ്രകാശം കുറവായിരുന്ന മുറിയില്‍ കട്ടിലില്‍ ഫേമിന ദാസ ഇരുന്നിരുന്നു. ഡോക്റ്റര്‍ പരിശോധന തുടങ്ങി. അവളുടെ ആകാശനീലിമയാര്‍ന്ന നിശാവസ്ത്രത്തിന്റെ കുടുക്കുകള്‍ അഴിച്ച്‌, തന്റെ ചെവി അവളുടെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഡോ: ആബിനോ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സംഗീതം ശ്രവിച്ചു.

മകള്‍ക്ക്‌ കോളറയല്ല എന്ന വിവരം ലോറന്‍സോ ദാസയ്ക്ക്‌ വളരെ ആശ്വാസം നല്‍കി. അദ്ദേഹം വണ്ടിയുടെ അടുത്തുവരെ ഡോക്ടറെ അനുധാവനം ചെയ്തു. ഒരു സ്വര്‍ണ്ണനാണയം ഫീസും നല്‍കി. ധനികരുടെ കണക്കില്‍ പോലും അത്‌ വലിയ ഒരു ഫീസായിരുന്നു.

ഒരാഴ്ച കഴിഞ്ഞ്‌ തികച്ചും അപ്രതീക്ഷിതമായി ഡോക്ടര്‍ ദാസഭവനത്തില്‍ എത്തി. അപ്പോള്‍ ഫേമിന രണ്ട്‌ കൂട്ടുകാരികളുമൊത്ത്‌ ചിത്രരചനയിലായിരുന്നു. ഡോക്റ്റര്‍ പുറത്തു നിന്ന് ജനലിലൂടെ അവളോട്‌ അടുത്തേക്ക്‌ വരാന്‍ ആംഗ്യം കാണിച്ചു. ചിത്രരചനയ്ക്കായ്‌ ഒരു വിരുന്നിനു പോകാനെന്ന പോലെ ഒരുങ്ങിനിന്ന അവള്‍ പാവാട തട്ടാതിരിക്കാന്‍ അതല്‍പ്പം ഉയര്‍ത്തിപ്പിടിച്ച്‌ പെരുവിരല്‍ കുത്തി അവന്റെ അടുത്തേക്ക്‌ ചെന്നു. അയാള്‍ ജനലിലൂടെ അവളുടെ ഹൃദയസ്പന്ദനവും, വിളര്‍ച്ചയും, നാവും ഒക്കെ പരിശോധിച്ചു. എന്നിട്ട്‌ പറഞ്ഞു,"നീയൊരു വിടര്‍ന്നു വരുന്ന റോസമൊട്ടാണ്‌"

എന്നിട്ട്‌ വിശുദ്ധ തോമസിന്റെ വാക്യം തെറ്റിച്ച്‌ വിളമ്പുകയും ചെയ്തു. " മനോഹരമായ കാര്യങ്ങള്‍ എന്തുമാകട്ടെ, അതെല്ലാം പരിശുദ്ധാരൂപിയില്‍ നിന്നാണ്‌ ഉറവെടുക്കുന്നത്‌. ആട്ടേ, നിനക്ക്‌ സംഗീതം ഇഷ്ടമാണോ?"

ഫേമിന അന്തിച്ചു പോയി. അവള്‍ തന്റെ സഖികളെ നോക്കി, അവരാകട്ടെ കാര്യങ്ങള്‍ മനസ്സിലാകുന്ന രീതിയില്‍ അവളെ കളിയാക്കി ചിരിക്കുകയും, ചായത്തളികകൊണ്ട്‌ മുഖം മറയ്ക്കുകയും ചെയ്തു. അവള്‍ ജനല്‍ വലിച്ചടച്ചു.


ഡോക്ടര്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ മുകളില്‍ നിന്നും ഒരു ആഞ്ജ കേട്ടു. 'ഡോക്ടര്‍ നില്‍ക്കൂ!' പാതി മുടങ്ങിയ ഉച്ചയുറക്കത്തില്‍ നിന്നും ഉണര്‍ന്ന് ലോറന്‍സോ ദാസ മുകളില്‍ നിന്നും ഇറങ്ങി വരുന്നു. 'ഞാന്‍.. ഞാന്‍ .. മോളോട്‌ നീയൊരു റോസപ്പൂപോലാണെന്ന് പറഞ്ഞതേയുള്ളൂ." ആബിനോ വിഷണ്ണനായി. "ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു. വരൂ" ലോറന്‍സോ ഫേമിന നിന്നിരുന്ന തയ്യല്‍ മുറിയിലേക്ക്‌ തിരക്കിട്ടു. "ഫേമിന ഇവിടെ വരൂ, നീ ഡോക്ടറോട്‌ ക്ഷമ പറയൂ" അയാള്‍ അഞ്ജാപിച്ചു. " ഹേയ്‌ അതിന്റെ ആവശ്യമൊന്നുമില്ല.." ആബിനോ ഫേമിനയെ രക്ഷിക്കാന്‍ ശ്രമിച്ചു. " അതിന്‌ ഞാനൊന്നും ചെയ്തില്ലല്ലോ"ഫേമിനയും പ്രതിഷേധിച്ചു. " ഒന്നും പറയണ്ട, ക്ഷമ പറയൂ!" ലൊറന്‍സോ ഉറച്ചു തന്നെ.

അവള്‍ തന്റെ വലതുകാല്‍ നീട്ടി വെച്ച്‌, പാവാടത്തുന്‍പ്‌ വിരല്‍ കൊണ്ട്‌ അല്‍പ്പമുയര്‍ത്തി ഉപചാരപൂര്‍വ്വം പറഞ്ഞു, " സംഭവിച്ചു പോയതിന്‌ ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു." " അതു സാരമില്ല, പോട്ടെ." അവളുടെ കണ്ണില്‍ സ്നേഹത്തിന്റെ ഒരു തുടിപ്പുണ്ടാകുമെന്ന് ആബിനോ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല.


"ഡോക്ടര്‍, ഒരു കാപ്പി കുടിച്ചിട്ട്‌ പോകാം." ലൊറന്‍സോ നടന്നു. രാവിലത്തെ ഒരു കപ്പൊഴികെ, കാപ്പി കുടിക്കുന്ന സ്വഭാവം ഡോ: ജുവനാല്‍ ആബിനോയ്ക്കുണ്ടായിരുന്നില്ല. വളരെ അപൂര്‍വ്വമായി മാത്രം ഭക്ഷണത്തിനൊപ്പം അല്‍പ്പം വീഞ്ഞ്‌. എന്നാലന്ന് ലൊറന്‍സൊ ഒന്നിനു പിന്നാലെയായ്‌ ഒഴിച്ചു കൊടുത്ത അനവധി കപ്പ്‌ കാപ്പിയും അനവധി ഗ്ലാസ്സ്‌ വീഞ്ഞും ആബിനോ അകത്താക്കി.

Sunday, 29 November 2009

പുതുവായനയുടെ കടലാഴവും മലകയറ്റവും

വിനോഷ്‌ പൊന്നുരുന്നി

വായനയുടെ അള്‍ത്താരയില്‍ ജ്വലിയ്‌ക്കുന്ന മെഴുകുതിരി പോലെ ഒരു നോവല്‍. മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണാര്‍ഹമായ സേവ്യര്‍ ജെ.യുടെ `കടല്‍ മലയോട്‌ പറഞ്ഞത്‌' പ്രമേയത്തിലും അവതരണത്തിലും നിലവിലുള്ള നോവല്‍ സങ്കല്‍പങ്ങളെ പുതുമയിലൂടെ അട്ടിമറിക്കുകയാണ്‌. വായനാനുഭവത്തില്‍ വ്യത്യസ്‌ത സംവേദനം ഉറപ്പാക്കിയ ഈ രചന മലയാളിയുടെ നോവല്‍ വിചാരങ്ങള്‍ക്ക്‌ വേറിട്ട്‌ ഭാവുകത്വം നല്‍കുന്നുണ്ട്‌.

നാട്ടുജീവിതമുള്ള സാധാരണക്കാരില്‍ ബൈബിള്‍ കഥാപാത്രങ്ങളെ ആരോപിക്കുമ്പോള്‍ യഥാര്‍ത്ഥ ജീവിതവും കഥാപാത്രമായിത്തീരാനുള്ള ജീവിതവും തമ്മില്‍ നടക്കുന്ന അന്തസംര്‍ഷങ്ങളുടെ പ്രവചനാതീത പരിണാമം പ്രകടമാക്കുന്ന `കടല്‍ മലയോട്‌ പറഞ്ഞത്‌` സമകാലീന നോവല്‍ മാതൃകയ്‌ക്ക്‌ അന്യമാണ്‌.

ഇടവക പെരുന്നാളിനോടനുബന്ധിച്ച്‌ ഫാ. ആന്റണി തദേവൂസ്‌ വെള്ളാനിക്കല്‍ നാല്‌ ബൈബിള്‍ കഥാപാത്രങ്ങളുള്ള ഒരു നാടകം എഴുതാന്‍ തീരുമാനിക്കുന്നു. കഥാപാത്രങ്ങളെ ഇടവകക്കാരില്‍നിന്നുതന്നെ തെരഞ്ഞെടുക്കുന്നു. കള്ളുകുടിച്ച്‌ പേയും തല്ലി നടക്കുന്ന നാട്ടില്‍ മോശക്കാരനായ, ഭാര്യയുണ്ടായിട്ടും വ്യഭിചാരിണി തിലോത്തമയുമായി കഴിയുന്ന വര്‍ഗീസാണ്‌ കര്‍ത്താവ്‌. സ്വന്തം ഭര്‍ത്താവിനെ വെട്ടിയും മകളെ തള്ളിപ്പറഞ്ഞും അന്യപുരുഷനോടൊപ്പം ജീവിക്കുന്ന ത്രേസ്യമേരി. മഗ്‌ദലന മറിയമാകട്ടെ സണ്‍ഡേ സ്‌കൂളില്‍ വേദോപദേശം പഠിപ്പിക്കുന്ന മാഗി. ജോസഫായി തെരഞ്ഞെടുക്കപ്പെടുന്നത്‌ ഇറച്ചിവെട്ടുകാരന്‍ സന്ധ്യാവും. മൃഗങ്ങളെ മാത്രമല്ല, ഒരിക്കല്‍ മനുഷ്യനേയും അറുത്തുകൊന്നവനാണയാള്‍.
സ്വന്തം അസ്‌തിത്വവും തങ്ങളില്‍വെച്ചു കെട്ടിയ കഥാപാത്രത്തിന്റെ സ്വത്വവും തമ്മില്‍ ആദ്യം സംഘര്‍ഷം ഉണ്ടാകുന്നുണ്ടെങ്കിലും ക്രമേണ നാലുപേരിലും ആശ്‌ചര്യകരമായ മാറ്റമുണ്ടായി. കഥാപാത്രങ്ങളായിത്തന്നെ പരിണമിക്കാന്‍ തുടങ്ങുന്നു നാലുപേരും. അവരുടെ കുടുംബത്തിലും ഇടവകക്കാരിലും ഫാ. ആന്റണിയിലും ദൈവത്തിന്റെ അനുഗ്രഹമുള്ള ആ മാറ്റത്തില്‍ ആഹ്ലാദം ഉണ്ടാവുന്നു.

പക്ഷേ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ യഥാര്‍ത്ഥ ജീവിതം കഥാപാത്രങ്ങളെയും അതിജീവിച്ച്‌ അവിചാരിത തലങ്ങളിലേക്കു മാറിപ്പോകുന്നു. ധ്യാനകേന്ദ്രങ്ങളുടെ ആത്മീയതയില്‍ മുഴുകിപ്പോകുന്ന വര്‍ഗീസ്‌ ഒരു പ്രാര്‍ത്ഥനാ സംഘത്തോടൊപ്പം കുടുംബം മറന്ന്‌ ദേശാന്തരഗമനം നടത്തുന്നു. മാഗി ക്രൂരമായ ബലാല്‍സംഗത്തിനിരയായി വധിക്കപ്പെടുന്നു. മാഗിയെ നശിപ്പിച്ചവനെ സന്ധ്യാവ്‌ കൊല്ലുന്നു. സ്വന്തം മകളുടെ വിവാഹ വാര്‍ത്തകേട്ട്‌ മനസ്സില്‍ കുറ്റബോധം പെരുത്ത ത്രേസ്യ ആത്മഹത്യചെയ്യുന്നു. മദ്യപാനിയും വ്യഭിചാരിയും തന്നിഷ്‌ടക്കാരനുമായ തന്റെ ഭര്‍ത്താവിനെ തിരിച്ചുതരണമെന്നും താന്‍ സഹിച്ചുകൊള്ളാമെന്നും മോളിക്കുട്ടി കണ്ണീരോടെ ഫാദറിനോടു കുമ്പസാരിക്കുമ്പോള്‍ അദ്ദേഹം യഥാര്‍ത്ഥ ബോധ്യങ്ങളില്‍ ആയിത്തീരുന്നു. താന്‍ ബൈബിള്‍ നാടത്തിനുവേണ്ടി തെരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ തന്റേയും ദൈവത്തിന്റേയും നിയന്ത്രണങ്ങള്‍ വിട്ടുപേക്ഷിച്ച്‌ സാത്താന്റെ പരീക്ഷണങ്ങള്‍ക്ക്‌ വിധേയരായിക്കഴിഞ്ഞുവെന്ന്‌ ഫാദര്‍ മനസ്സിലാക്കുന്നു.
പ്രമേയഘടനയില്‍ പൊളിച്ചെഴുത്തുണ്ടാക്കി രചനയുടെ നവീനഭാവുകത്വത്തിലൂടെ സര്‍ഗാത്മകതയുടെ കലാപമുണ്ടാക്കുകയാണ്‌ ഈ നോവല്‍. വ്യത്യസ്‌ത വ്യാഖ്യാനങ്ങള്‍ക്ക്‌ നാളെ തിരിതെളിക്കാവുന്ന 82 പേജുള്ള ഈ കൃതി അലംഘനീയമായ ജീവിതവിധിയില്‍പെട്ടുപോകുന്ന പച്ചയായ മനുഷ്യരുടെ കഥയാണ്‌. നാട്ടുഭാഷയും ബിബ്ലിക്കല്‍ പശ്‌ചാത്തല വാക്യങ്ങളും കെട്ടുപിണഞ്ഞ്‌ കുന്തിരിക്കവും മീറയും പുകയുന്ന ഒരന്തരീക്ഷം സൃഷ്‌ടിക്കുന്ന `കടല്‍ മലയോട്‌ പറഞ്ഞത്‌' എന്ന നോവലിലൂടെ സേവ്യര്‍ ജെ. പുതുവായനയുടെ കടലാഴവും മലകയറ്റവും പകര്‍ന്നുതരുന്നു.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP