Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Friday, 2 September 2011

മാറാട്‌: ലീഗിലേയും ബിജെപിയിലേയും ചതിയന്മാരെ തൂക്കിലേറ്റണം

ടൈറ്റസ്‌ കെ.വിളയില്‍


മതനിരപേക്ഷതയ്ക്കും സൗഹാര്‍ദ്ദത്തിനും ഭാരതത്തിന്‌ തന്നെ മാതൃകയായ കേരളത്തിന്റെ മതസഹിഷ്ണുതയ്ക്കും സൗഭ്രാത്രത്തിനും ആഴത്തില്‍ മുറിവേല്‍പിച്ച സംഭവങ്ങളായിരുന്നു, മാറാട്‌ കലാപങ്ങള്‍. മതവര്‍ഗ്ഗീയതയുടെ കരാള രൂപങ്ങള്‍ കേരള മണ്ണില്‍ മുടിയഴിച്ചാടിയ നൃസംശതയുടെ ബീഭത്സ ദിനങ്ങള്‍. അന്നേറ്റ ആഘാതത്തില്‍ നിന്ന്‌ തിരിച്ചെത്താന്‍ മതനിരപേക്ഷ കേരളത്തിന്‌ ഏറെ ത്യാഗം സഹിക്കേണ്ടി വന്നു. ഇനി ഒരിക്കലും ഇത്തരമൊരു കരാളതയ്ക്ക്‌ ഈ മണ്ണില്‍ തല പൊക്കുകാന്‍ അവസരം നല്‍കികയില്ല എന്ന്‌ കേരളീയര്‍ ദൃഢപ്രതിജ്ഞ എടുത്തിരിക്കുമ്പോഴാണ്‌ മാറാട്‌ കലാപത്തിന്‌ പിന്നിലെ കള്ളക്കളികളുടെയും കൗശല മനസ്സുകളുടെയും വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌.




മാറാട്‌ കലാപത്തെക്കുറിച്ച്‌ സി.ബി.ഐ അന്വേഷിച്ചെങ്കില്‍ മാത്രമേ കൊലപാതകികളേയും അവര്‍ക്ക്‌ ആയുധവും അര്‍ത്ഥവും നല്‍കിയ മതതീവ്രവാദ സ്രോതസ്സുകളേയും തിരിച്ചറിയാന്‍ കഴിയൂ എന്നു മനസ്സിലാക്കിയാണ്‌ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട്‌ പലരും കേരള ഹൈക്കോടതിയെ സമീപിച്ചത്‌.




എന്നാല്‍, മാറാട്‌ കലാപങ്ങളിലെ പ്രധാന വില്ലന്മാരായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ബി.ജെ.പി അടങ്ങിയ സംഘപരിവാര്‍ സംഘടനയും മതവൈരികളെ ആയുധമണിയിച്ചത്‌ കൂടാതെ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനും ഗൂഢാലോചന നടത്തി എന്നാണ്‌ ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്‌. മാറാട്‌ കലാപത്തിനുശേഷം പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ പ്രതിനിധിയായി മകന്‍ സാദിഖ്‌ അലി തങ്ങളും ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ ശ്രീധരന്‍പിള്ളയും രഹസ്യ ചര്‍ച്ച നടത്തി എന്ന വിവാദ വാര്‍ത്തയ്ക്ക്‌ പിന്നാലെയാണ്‌ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ലീഗിലെ ഉന്നതരും സംഘപരിവാര്‍ നേതാക്കളും നടത്തിയ ജനവഞ്ചനയുടെ കറുത്ത കഥകള്‍ പുറത്തു വന്നിട്ടുള്ളത്‌.




2002 ജനുവരി മൂന്നിനായിരുന്നു ഒന്നാം മാറാട്‌ കലാപം . കടപ്പുറത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഈ ഏറ്റുമുട്ടലില്‍ മൂന്നു ഹിന്ദുക്കളും രണ്ട്‌ മുസ്ലീങ്ങളും കൊല്ലപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ 2003 മെയ്‌ രണ്ടിന്‌ ആയുധധാരികളായ അക്രമികള്‍ മാറാട്‌ കടപ്പുറത്തെ ഹിന്ദുക്കളായ മീന്‍പിടുത്തക്കാരെ ആക്രമിച്ചത്‌. എട്ട്‌ ഹിന്ദുക്കളും ഒരു മുസ്ലീമും രണ്ടാം മാറാട്‌ കലാപത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. ഇതുകൂടാതെ പോലീസ്‌ അന്വേഷണത്തില്‍ നിരവധി ആയുധങ്ങളും ബോംബുകളും കണ്ടെത്തുകയുണ്ടായി.




കലാപത്തെ തുടര്‍ന്ന്‌ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും തോമസ്‌ പി.ജോസഫിന്‌ അന്വേഷണ കമ്മീഷനായി നിയമിക്കുകയും ചെയ്തു. ഞെട്ടിക്കുന്നതായിരുന്നു കമ്മിഷന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍. 2001-ല്‍ മാറാട്‌ കടപ്പുറത്തെ മീന്‍പിടുത്തക്കാര്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം സി.പി.എം, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്‌, ബി.ജെ.പി, ആര്‍.എസ്‌.എസ്‌ എന്നീ സംഘടനകള്‍ രാഷ്ട്രീയ മുതലെടുപ്പിന്‌ കരുവാക്കിയതാണ്‌ 14 പേരുടെ കൊലപാതകത്തില്‍ കലാശിച്ച രണ്ട്‌ മാറാട്‌ കൂട്ടക്കൊലകള്‍ക്ക്‌ കാരണമായത്‌ എന്നായിരുന്നു കമ്മിഷന്റെ മുന്‍പാകെ ഹാജരാക്കപ്പെട്ട തെളിവുകള്‍ വ്യക്തമാക്കിയത്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെയും നാഷണല്‍ ഡവലപ്മെന്റ്‌ ഫ്രണ്ടിന്റെയും പ്രാദേശിക നേതൃത്വങ്ങളുടെ സമ്മതത്തോടുകൂടിയായിരുന്നു രണ്ടാം മാറാട്‌ കലാപം സംഘടിപ്പിച്ചതെന്നും ബോധ്യമായി.




ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം അനിവാര്യവും അനുപേക്ഷണീയമായിരുന്നു. എന്നാല്‍, സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണ്‌ ലീഗിന്റെയും സംഘപരിവാര്‍ സംഘത്തിന്റെയും നേതൃത്വം ശ്രമിച്ചതെന്നാണ്‌ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സ്ഫോടകാത്മകമായ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ്‌ ലീഗ്‌ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന്‌ അദ്ദേഹത്തിന്റെ ബന്ധുവും സന്തത സഹചാരിയുമായിരുന്ന കെ.എ.റൗഫ്‌ വെളിപ്പെടുത്തിയിട്ട്‌ അധികദിവസങ്ങളായില്ല. ഇക്കാര്യം സംസാരിക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നെ പി.എസ്‌.ശ്രീധരന്‍പിള്ളയുടെ അടുത്തേക്ക്‌ തന്നെ അയച്ചിരുന്നുവെന്നും അവിടെവച്ച്‌ തന്റെ ഫോണിലൂടെ കുഞ്ഞാലിക്കുട്ടി ശ്രീധരന്‍പിള്ളയുമായി സംസാരിച്ചു എന്നുമാണ്‌ റൗഫ്‌ വെളിപ്പെടുത്തിയത്‌. സ്വന്തം അണികളില്‍പ്പെട്ടവര്‍ കിരാതമായി കൊല ചെയ്യപ്പെട്ട ഒരു സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ ലീഗിന്റെ സമുന്നതരായ നേതാക്കള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു എന്ന്‌ പറയുമ്പോള്‍ ഈ കൂട്ടക്കൊലകളില്‍ അവര്‍ക്കുള്ള പൈശാചിക പങ്കാണ്‌ വ്യക്തമാകുന്നത്‌.




നിരപരാധികളും മതപരമായ വിശ്വാസത്തിന്റെ തീഷ്ണതയില്‍ നില്‍ക്കുന്നവരുമായ അണികളെ ഇളക്കിവിട്ട്‌ നാട്ടില്‍ സമാധാന ദ്രംശം ഉണ്ടാക്കി മതവൈര്യത്തിന്റെ രക്തരൂക്ഷിത വിത്തുകള്‍ വിതയ്ക്കാനാണ്‌ ലീഗ്‌ നേതൃത്വം ശ്രമിച്ചത്‌. ഇതില്‍ നിന്ന്‌ വിഭിന്നമായിരുന്നില്ല സംഘപരിവാര്‍ സംഘത്തിന്റെ നയവും നിലപാടുകളും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികള്‍ ദുരൂഹ സാഹചര്യത്തില്‍ പിന്‍വലിച്ചും കേസില്‍ നിന്ന്‌ ബി.ജെ.പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരിനെ ഒഴിവാക്കിയുമാണ്‌ 'കാവിച്ചതിയന്മാര്‍ ' കരുക്കള്‍ നീക്കിയത്‌.

മാറാട്‌ തെക്കേ തൊടിയില്‍ ശ്യാമളയ്ക്ക്‌ കലാപത്തില്‍ രണ്ട്‌ മക്കളെ നഷ്ടപ്പെട്ടിരുന്നു. ഈ ദുഃഖത്തിലാണ്‌ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ അവര്‍ കേരള ഹൈക്കോടതിയില്‍ രണ്ടുവട്ടം ഹര്‍ജി നല്‍കിയത്‌. ഈ കേസില്‍ രണ്ടാം വട്ടം അഡ്വ. പി.എസ്‌.ശ്രീധരന്‍ പിള്ളയാണ്‌ വക്കാലത്ത്‌ ഒപ്പിട്ടത്‌. ഈ കേസില്‍ അന്ന്‌ കേന്ദ്രം ഭരിച്ചിരുന്ന എന്‍ഡിഎ സര്‍ക്കാരിനെ കേസില്‍ നിന്ന്‌ ഒഴിവാക്കുന്ന നിലപാടാണ്‌ ബി.ജെ.പി സ്വീകരിച്ചത്‌. എന്നാല്‍, യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ അഡ്വക്കേറ്റ്‌ തന്നെ , കേന്ദ്ര സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു. ശ്യാമളയ്ക്കു മുന്‍പ്‌ പാലക്കാട്‌ സ്വദേശി ഗോകുല്‍ പ്രസാദും എറണാകുളം ഹൈക്കോടതിയിലെ അഡ്വക്കേറ്റ്‌ ശിവന്‍ മഠത്തിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സ്വകാര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസുമാരായ ജവഹര്‍ലാല്‍ ഗുപ്ത എം.കെ.ബഷീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‌ മുമ്പാകെ വന്ന കേസില്‍ ഒന്നാം എതിര്‍കക്ഷിയായി കേന്ദ്ര സര്‍ക്കാരിന്‌ കോടതി കത്തയച്ചു. അന്ന്‌ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്റിംഗ്‌ കോണ്‍സലായിരുന്നു ശ്രീധരന്‍ പിള്ള. കേസ്‌ കോടതിയില്‍ എത്തിയപ്പോള്‍ ഹാജരാകാതെ ശ്രീധരന്‍ പിള്ള തന്റെ ജൂനിയറായ മറ്റൊരു സ്റ്റാന്റിംഗ്‌ കോണ്‍സിലിനെയാണ്‌ അയച്ചത്‌.




നിര്‍ബന്ധമായും മാറാട്‌ കേസ്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌, 2006-ല്‍ തോമസ്‌ പി.ജോസഫ്‌ അദ്ധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന്‌ ഗോകുല്‍ പ്രസാദും ശ്യാമളയും വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഈ സമയത്താണ്‌ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കേന്ദ്ര സര്‍ക്കാരിനെ കേസിലെ ഒന്നാംപ്രതിയാക്കി ഹര്‍ജി സമര്‍പ്പിച്ചത്‌. ഇതിനിടയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ കെ.വാസുദേവന്‍ എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലും ശ്രീധരന്‍പിള്ളയ്ക്കായിരുന്നു വക്കാലത്ത്‌.
വിവിധ പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതികള്‍ പരിഗണിക്കുന്നതിനിടയിലാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികളടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത്‌, മാറാട്‌ കലാപത്തില്‍ പരിക്കേറ്റ ചോയിച്ചന്റകത്ത്‌ സി.എസ്‌.ബാബു കേസില്‍ കക്ഷിചേര്‍ന്നത്‌.കേസന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ 'ശകുനി-തന്ത്ര'മായിരുന്നു ഇത്‌.
ലീഗ്‌ കോടതിക്ക്‌ വെളിയില്‍ നടത്തിയ നീക്കങ്ങളിലൂടെയാണ്‌ മാറാട്‌ കേസ്‌ അന്വേഷണം സി.ബി.ഐക്ക്‌ വിടാതിരിക്കാന്‍ പ്രതിരോധം തീര്‍ത്തതെങ്കില്‍ കോടതി നടപടികളില്‍ കൗശലപൂര്‍വ്വം നിലപാടുകള്‍ എടുത്തുകൊണ്ടാണ്‌ സംഘപരിവാര്‍ സംഘം അന്വേഷണത്തെ അട്ടിമറിച്ചത്‌.
ശ്രദ്ധിക്കണം മാറാട്‌ തീരത്ത്‌ രണ്ട്‌ മത്സ്യത്തൊഴിലാളി വിഭാഗം തമ്മിലുണ്ടായ നിസ്സാര വഴക്ക്‌ മൂര്‍ച്ഛിപ്പിച്ചെടുത്തത്‌ ലീഗും ബി.ജെ.പിയും അടങ്ങുന്ന രാഷ്ട്രീയ
ശാപങ്ങളായിരുന്നു. അവരാണ്‌ പിന്നീട്‌ അണിയറ പ്രവര്‍ത്തനങ്ങളിലൂടെ സി.ബി.ഐ അന്വേഷണം അട്ടിമറിച്ചത്‌.
റൗഫിന്റെ വെളിപ്പെടുത്തലും ശ്രീധരന്‍പിള്ളയുമായി സാദിഖ്‌ അലി നടത്തിയ രഹസ്യ സംഭാഷണത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുമെല്ലാം വ്യക്തമാക്കുന്നത്‌. മാറാട്‌ കലാപത്തിലെ കുറ്റവാളികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുതെന്ന്‌ ഇക്കൂട്ടര്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു എന്നുതന്നെയാണ്‌.. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ മനസ്സില്‍ മതവൈരത്തിന്റെയും മതഭീകരവാദത്തിന്റെയും വിഷം കുത്തിവെച്ച്‌ 14 പേരെ കാലപുരിക്കയച്ചിട്ടാണ്‌ ലീഗിലെയും സംഘപരിവാര്‍ സംഘത്തിലെയും ഉന്നതന്മാര്‍ ഈ കൊടിയവഞ്ചന നടത്തിയത്‌. അതുകൊണ്ടു തന്നെ അതീവ സങ്കീര്‍ണ്ണവും ഗൗരവവുമാര്‍ന്നതും ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്നതുമായ മാറാട്‌ കലാപത്തിനുശേഷം അണിയറയില്‍ കള്ളക്കരുക്കള്‍ നീക്കിയ ലീഗ്‌ സംഘപരിവാര്‍ നേതാക്കളെ തൂക്കിലേറ്റിയെങ്കില്‍ മാത്രമേ, കൊല്ലപ്പെട്ട 14 സാധുക്കളുടെ ആത്മാക്കള്‍ക്ക്‌ മോക്ഷമുണ്ടാകുകയുളൂ;അവരുടെ ആശ്രിതര്‍ക്ക്‌ നീതി ലഭിച്ചു എന്ന ആശ്വാസം ലഭിക്കുകയുള്ളൂ.
ജസ്റ്റിസ്‌ തോമസ്‌.പി.ജോസഫ്‌ മാറാട് സന്ദർശിച്ചപ്പോൾ
മാറാട്‌ നിന്ന്‌ കണ്ടെടുത്ത ആയുധശേഖരങ്ങള്‍ക്ക്‌ മുന്നില്‍ അന്നത്തെ മുഖ്യമന്ത്രി .കെ.ആന്റണി

Tuesday, 5 October 2010

കരാറുകാര്‍ക്കുള്ളതാണോ നമ്മുടെ സമ്മതിദാനം]



ടൈറ്റസ്‌ കെ. വിളയില്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ തുടങ്ങിയതോടെ, അധികാരവികേന്ദ്രീകരണം കേന്ദ്രമാക്കി നമ്മെ ഭരിക്കാന്‍ തയ്യാറാകുന്നവരുടെ തനിനിറം വ്യക്തമായിക്കഴിഞ്ഞു. രാഷ്ട്രിയമൂല്യങ്ങളും മുന്നണി മാന്യതകളും കീറിയെറിഞ്ഞ്‌ സ്വാര്‍ത്ഥലാഭത്തിന്‌ വേണ്ടി ന്തുവേഷവും കെട്ടാന്‍ മടിയില്ലാത്തവരാണ്‌ ഇടതുവലതുമുന്നണികളിലെയും മറ്റ്‌ പാര്‍ട്ടികളിലെയും പ്രവര്‍ത്തകരും നേതാക്കന്മാരുമെന്നും തെളിഞ്ഞുകഴിഞ്ഞു.




അധികാരവികേന്ദ്രീകരണം ജനങ്ങളുടെ ഉന്നമനവും അധസ്ഥിത വിഭാഗത്തിന്‌ പുരോഗതിയില്‍ പങ്കാളിത്തവുമാണ്‌ ലക്ഷ്യമിട്ടതെങ്കില്‍ അത്‌ അഞ്ചുശതമാനം പോലും നടപ്പായിട്ടില്ല എന്നതാണ്‌ നിഷേധിക്കാനാവാത്ത വാസ്തവം. അതേസമയം അധികാരവികേന്ദ്രീകരണം മൂലം രാഷ്ട്രീയ
പ്രവര്‍ത്തകര്‍ക്ക്‌ സ്വകാര്യ മൂലധന സമാഹരണത്തിനുള്ള വേദികള്‍ തുറക്കപ്പെടുകയും ചെയ്തു.
ഗ്രാമപഞ്ചായത്തുകള്‍ കൂടി ഗുണഭോക്താക്കളുടെ അഭിപ്രായമറിഞ്ഞ്‌ പദ്ധതികള്‍ക്ക്‌ രൂപം നല്‍കി തദ്ദേശീയമായ നേതൃത്വത്തില്‍ നടപ്പിലാക്കാനാണ്‌ അധികാരവികേന്ദ്രീകരണം കൊണ്ട്‌ ഉദ്ദേശിച്ചത്‌. നടപ്പിലാക്കിയ പദ്ധതികളും പരിപാടികളും ബാഹ്യതലത്തില്‍ ഈ ലക്ഷ്യ
ത്തെ സാധൂകരിക്കുന്നുണ്ടെങ്കിലും അതിന്റെ ആന്തരിക തലത്തില്‍ സ്വകാര്യ താല്‍പ്പര്യസംരക്ഷണവും പക്ഷപാതിത്വവും നിറഞ്ഞ രാഷ്ട്രീയ ആഭാസങ്ങളായിട്ടാണ്‌ ഭൂരിപക്ഷം സ്ഥലത്തും അനുഭവപ്പെട്ടത്‌. അധികാരം ജനങ്ങളിലേക്ക്‌ കൈമാറുക എന്നത്‌ വലിയൊരു ത്യാഗമാണ്‌. അതിന്‌ ഭരണകര്‍ത്താക്കള്‍ തയ്യാറായപ്പോള്‍ പ്രാദേശിക ഭരണകൂടങ്ങളും അവയുടെ പിണിയാളുകളും പുതിയ അധികാരശക്തികളായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ്‌ കേരളം കണ്ടത്‌. ഭരണകക്ഷിയുമായി ബന്ധപ്പെട്ടവര്‍ക്കും ഭരണത്തിലിരിക്കുന്നവര്‍ക്കും വികസനത്തിന്റെയും പുരോഗതിയുടെയും ഭൂരിപക്ഷം സംവരണം ചെയ്യുന്ന സ്വജനപക്ഷപാത ഭരണമാണ്‌ ഈ പ്രത്യേക സംവിധാനത്തിലൂടെ നടപ്പിലായത്‌.






അധികാരവികേന്ദ്രീകരണത്തിലൂടെയുള്ള ജനകീയാസൂത്രണം ജനങ്ങള്‍ക്കല്ല. മറിച്ച്‌ അത്‌ നടപ്പിലാക്കുന്നവര്‍ക്കാണ്‌ ഗുണകരമായി തീരു
ന്നതെന്ന്‌ അന്തരിച്ച എം.എന്‍ വിജയന്‍ നേരത്തെ തന്നെ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. ഈ സംവിധാനം വിജയിക്കുമ്പോള്‍ "പാര്‍ട്ടിസഖാക്കള്‍ വന്‍തോതില്‍ ഫണ്ട്‌ കൈകാര്യം ചെയ്യുന്ന മാനേജര്‍മാരായി തീരും" എന്നായിരുന്നു വിജയന്‍ മാഷിന്റെ പ്രവചനം. വാസ്തവം പറഞ്ഞതിന്റെ പേരില്‍ വിജയന്‍ മാഷിനെ പ്രതിലോമകാരിയായി ചിത്രീകരിച്ച്‌ പുകാസയില്‍ നിന്നും ദേശാഭിമാനിയില്‍ നിന്നും പുകച്ച്‌ പുറത്ത്‌ ചാടിച്ചവര്‍, അവരുടെ സഹായികള്‍ ഇന്ന്‌ ജനകീയാസൂത്രണത്തിലൂടെ നടപ്പിലാക്കുന്ന പദ്ധതികളുടെ കരാറുകാരായി പരിണമിച്ച കാഴ്ചയാണ്‌ കേരളത്തിലുള്ളത്‌. കരാറുകാര്‍ക്ക്‌ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കരുതെന്ന പെരുമാറ്റചട്ടം നിലവിലുണ്ട്‌.എന്നാല്‍ പല കരാറുകാരും ഈ ചട്ടം മറികടന്നത്‌ പാര്‍ട്ടി അംഗത്വം വേണ്ടെന്നു വെച്ചിട്ടാണ്‌. അതായത്‌ അധികാരവികേന്ദ്രീകരണം താഴെ തട്ടില്‍ തന്നെ അത്‌ നടപ്പിലാക്കുന്നവര്‍ക്ക്‌ എത്രമാത്രം ലാഭകരമാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.





ഈ കരാറും അതിന്റെ ലാഭവും അല്ലെങ്കില്‍ കമ്മീഷനും ലഭിക്കാനുള്ള അടങ്ങാ
ത്ത ത്വര മൂലമാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ സ്ഥാനാര്‍ത്ഥികളാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ തള്ളിക്കയറുന്നതും സീറ്റ്‌ ലഭിക്കാതെ വരുമ്പോള്‍ വിമതരാവുന്നതും അല്ലെങ്കില്‍ മുന്നണിവിട്ട്‌ എതിര്‍മുന്നണിയിലേക്ക്‌ ചേക്കേറുന്നതും. കേരളത്തിലെ വര്‍ത്തമാന കാലാവസ്ഥയില്‍ ഇടതുഭരണത്തില്‍ അസംതൃപ്തിയും അസഹിഷ്ണുതയുമാണ്‌ ജനങ്ങള്‍ക്കുള്ളത്‌. ഈ വികാരം മുതലെടുത്ത്‌ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍ വിജയം കൊയ്യാന്‍ യുഡിഎഫിന്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‌ മുമ്പ്‌ വരെയുണ്ടായിരുന്നത്‌. എന്നാല്‍, പത്രിക സമര്‍പ്പണം തുടങ്ങിയതോടെ യുഡിഎഫിലെ അന്തഛിദ്രവും ജീര്‍ണതയും പാര്‍ട്ടികള്‍ തമ്മിലുള്ള പടലപിണക്കവും മറ നീക്കി പുറത്തുവന്നു. എല്ലിന്‍കഷണത്തിനുവേണ്ടി കടികൂട്ടുന്ന തെരുവുനായ്ക്കളെ ലജ്ജിപ്പിക്കുന്ന രീതിയിലാണ്‌ പഞ്ചായത്ത്‌ വാര്‍ഡ്‌ സീറ്റിനുവേണ്ടി മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ അവകാശവാദമുന്നയിച്ചതും തര്‍ക്കങ്ങള്‍ രൂക്ഷമാക്കിയതും.






ലഭിച്ച രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കി ജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിച്ച്‌ സംസ്ഥാന ഭരണം പിടിച്ചെടുക്കേണ്ടതിന്‌ പകരം കേവലം ഒരു പഞ്ചായത്ത്‌ വാര്‍ഡിലെ സീറ്റിന്റെ പേരില്‍ തമ്മില്‍ തല്ലി തലകീറുന്ന ജനാധിപത്യ ധ്വംസനമാണ്‌ ഇവരില്‍ നിന്ന്‌ കണ്ടത്‌.
ഇടതുമുന്നണിയിലെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കമാണ്‌ പലയിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടംകോലായത്‌. ഓരേ രാഷ്ട്രീയ മൂല്യങ്ങളും മുന്നണിമര്യാദകളും പിന്‍പറ്റുന്നവരെന്ന്‌ അഭിമാനിച്ചവരാണ്‌ ഇപ്പോള്‍ ഇങ്ങനെ എടുത്തടിച്ച മട്ടില്‍ തിരിഞ്ഞുനില്‍ക്കുന്നത്‌.
അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ജനതയായി കേരളീയര്‍ പരിണമിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ പാലക്കാടുണ്ടായത്‌.ജില്ലയിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ വനിതയാണ്‌ തനിക്ക്‌ സംവരണസീറ്റ്‌ നിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ ചേക്കേറിയിരിക്കുന്നത്‌. ഇന്നലെ വരെ എതിര്‍ത്ത മൂല്യ
ങ്ങളെ അധികാരത്തിന്‌ വേണ്ടി ആശ്ലേഷിക്കാന്‍ വനിതകള്‍ക്കും മടിയില്ല എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.






ഇത്തവണ വനിതകള്‍ക്ക്‌ കൂടുതല്‍ സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്‌. അധികാരസ്ഥാന
ത്ത്‌ സ്ത്രീയെ അംഗീകരിക്കാത്ത കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറ്റിയ വനിതാ സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടമോടുന്ന കാഴ്ചയും നാം കണ്ടു. മിക്കയിടത്തും സംവരണം മൂലം സീറ്റ്‌ നഷ്ടപ്പെട്ട നേതാക്കന്മാരുടെ ഭാര്യമാരോ സഹോദരിമാരോ തൊട്ടടുത്ത ബന്ധുക്കളോ ഒക്കെയാണ്‌ സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥിയാകാന്‍ നിര്‍ബന്ധിച്ചതിന്റെ പേരില്‍ മുതുകുളത്ത്‌ റീമ എന്ന യുവതി ആത്മഹത്യ ചെയ്യുന്ന ഇടത്തോളം കാര്യങ്ങള്‍ വഷളായി. മുനപ്‌ പഞ്ചായത്തില്‍ ഒരു സിറ്റിംഗിന്‌ രണ്ടുരൂപയാണ്‌ അംഗങ്ങള്‍ക്ക്‌ ലഭിച്ചിരുന്നത്‌. അന്ന്‌ ജനസേവനമായിരുന്നു എല്ലാവരുടെയും ലക്ഷ്യവും. എന്നാല്‍, സിറ്റിംഗ്‌ ഫീ വര്‍ധിപ്പിക്കുകയും ജനകീയാസൂത്രണത്തിലൂടെയുള്ള ജോലികളുടെ കരാര്‍ ലഭിക്കാനോ അല്ലെങ്കില്‍ അതിന്റെ കമ്മീഷന്‍ ലഭിക്കാനോ ഉള്ള സാഹചര്യം വര്‍ധിക്കുകയും ചെയ്തതാണ്‌ ജനസേവനത്തിന്റെ പേരിലുള്ള ഈ തള്ളിക്കയറ്റവും മൂല്യങ്ങളെല്ലാം മറന്നുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിത്വവും.
ഇവിടെയാണ്‌ സമ്മതിദായകന്റെ വിവേചനശക്തി തീവ്രമാകേണ്ടത്‌. വോട്ടവകാശം പൗരന്‌ ഭരണഘടന നല്‍കുന്ന വിശുദ്ധമായ അവകാശമാണ്‌. തന്നെ ഭരിക്കേണ്ടതാരാണെന്ന്‌ നിര്‍ണയിക്കാനുള്ള പ്രത്യേക അധികാരവുമാണത്‌. അതുകൊണ്ടാണ്‌ സമ്മതിദാന നിര്‍വ്വഹണം ബുദ്ധിപൂര്‍വ്വകവും യുക്തിപൂര്‍ണവുമായിരിക്കണമെന്ന്‌ നിര്‍ദേശിക്കപ്പെടുന്നത്‌. അതുകൊണ്ട്‌ ജനകീയാസൂത്രണത്തിലെ കരാര്‍ പണികളുടെ ലാഭം മുന്നില്‍ കണ്ട്‌ സ്ഥാനാര്‍ത്ഥികളാകുന്ന വഞ്ചക പരിഷകള്‍ക്ക്‌ നല്‍കാനുള്ളതാണോ നമ്മുടെ സമ്മതിദാനാവകാശം.
നാം ചിന്തിച്ച്‌ തീരുമാനമെടുത്തേ തീരൂ

Sunday, 15 August 2010

മൂന്നാര്‍ പ്രഹസനവും ദുരന്തവുമാകുമ്പോള്‍

ടൈറ്റസ്‌ കെ. വിളയില്‍

വി.എസ്‌ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്‌ മുമ്പായിട്ടായിരുന്നു, രാഷ്ട്രീയ ഇച്ഛാശക്തിയുടെയും നട്ടെല്ലുറപ്പിന്റെയും ഉദാഹരണമായി മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളാരംഭിച്ചത്‌. ദശാബ്ദങ്ങളായി, മൂന്നാറില്‍ നടന്നുവന്നിരുന്ന റിയല്‍ എസ്റ്റേറ്റ്‌/ റിസോര്‍ട്ട്‌ മാഫിയയുടെയും കുടിയേറ്റ തെമ്മാടിത്തത്തിന്റെയും ആസുരവാഴ്ചകള്‍ക്ക്‌ വിരാമമിടാനുതകുന്ന നടപടിയാണ്‌ അതെന്ന്‌ തിരിച്ചറിഞ്ഞ്‌ കേരളത്തിലെ പൊതുസമൂഹം, രാഷ്ട്രീയഭേദമന്യേ ആ നടപടിയെ മുക്തകണ്ഠം പ്രശംസിക്കുകയും ഇടതുപക്ഷ സര്‍ക്കാരിന്‌ സര്‍വ്വ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.



എന്നാല്‍, മുന്നണിക്കുള്ളിലെയും പാര്‍ട്ടിയിലെയും വഞ്ചകപരിഷകളുടെ ഗൂഢപദ്ധതിമൂലം മൂന്നാര്‍ ഒഴിപ്പിക്കല്‍ പ്രഹസനമായി പരിണമിക്കുന്നതാണ്‌ പിന്നീട്‌ കേരളം കണ്ടത്‌. പാര്‍ട്ടിക്കുള്ളിലെ മൂപ്പിളപ്പ്‌ തര്‍ക്കവും റിയല്‍ എസ്റ്റേറ്റ്‌ മാഫിയ അടക്കമുള്ള അധോലോക സാമ്പത്തിക ശക്തികളുമായി കൈകോര്‍ത്ത പാര്‍ട്ടിയിലെ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ജനവിരുദ്ധ നിലപാടുമൊക്കെയാണ്‌ മൂന്നാര്‍ ഒഴുപ്പിക്കലിനെ അട്ടിമറിച്ചത്‌.




ടാറ്റ അടക്കം മൂന്നാറില്‍ അനധികൃതമായി ഭൂമി കൈയേറിയവരെ ഒഴിപ്പിച്ച്‌ അവിടെ മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ നിര്‍മ്മിച്ച്‌ നവീന മൂന്നാര്‍ സൃഷ്ടിക്കുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വി.എസ്‌ അച്യുതാനന്ദന്‍ തന്റെ 'പൂച്ചകളെ' മൂന്നാര്‍ ഒഴിപ്പിക്കലിനായി അയച്ചത്‌. എന്നാല്‍, നേരത്തെ സൂചിപ്പിച്ചതുപോലുള്ള അട്ടിമറികള്‍ മൂലം പൊതുസമൂഹമധ്യേ അവഹേളിതരായി നില്‍ക്കാനാണ്‌ വി.എസിനും അദ്ദേഹത്തിന്റെ പൂച്ചകള്‍ക്കും നിയോഗമുണ്ടായത്‌. റിയല്‍ എസ്റ്റേറ്റ്‌ / റിസോര്‍ട്ട്‌ മാഫിയയുടെ നിയമപരമായ ഇടപെടലുകളെ കോടതി പോലും തള്ളിക്കളഞ്ഞുകൊണ്ടാണ്‌ നവീന മൂന്നാര്‍ നിര്‍മ്മാണത്തിലുള്ള ആ യജ്ഞത്തിന്‌ അനുമതി നല്‍കിയത്‌. പക്ഷെ....





ആ ദൗത്യം പരാജയപ്പെട്ടെങ്കിലും മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ നിര്‍മ്മാണവും നവീന മൂന്നാര്‍ സങ്കല്‍പ്പവും രണ്ടാം ഭൂപരിഷ്കരണമെന്ന വിപ്ലവാശയവും ഈ മന്ത്രിസഭയുടെ ഭരണകാലത്തുതന്നെ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചിരുന്നത്‌. മൂന്നാര്‍ ദൗത്യം പരാജയപ്പെടുകയായിരുന്നില്ല മറിച്ച്‌ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെയും മുന്നണിയിലെ റിസോര്‍ട്ട്‌ മാഫിയകളുടെ അഞ്ചാം പത്തികളുടെയും ഗൂഢാലോചന മൂലമാണ്‌ ദൗത്യം പരാജയപ്പെടുത്തിയതെന്ന്‌ വിശ്വസിച്ച പൊതുസമൂഹം അച്യുതാനന്ദന്റെ ആ പ്രഖ്യാപനവും വിശ്വാസത്തിലെടുക്കുകയും നവീന മൂന്നാറിന്റെ സൃഷ്ടിക്കായി കാത്തിരിക്കുകയുമായിരുന്നു.




എന്നാല്‍, നവീന മൂന്നാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ മുഖ്യമന്ത്രി തന്നെ ആ ശ്രമത്തിന്‌ പാര പണിതിരിക്കുന്നു എന്നതാണ്‌ ഏറ്റവും പുതിയ രാഷ്ട്രീയ ദുരന്തം. നിര്‍ദ്ദിഷ്ട മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ എന്ന സങ്കല്‍പ്പം മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിയുടെ ഓഫീസ്‌ തന്നെ അട്ടിമറിച്ചിരിക്കുകയാണ്‌. എല്‍ഡിഎഫും മന്ത്രിസഭയും ചര്‍ച്ച ചെയ്ത്‌ അംഗീകരിച്ച, ഇതിനായുള്ള ഓര്‍ഡിനന്‍സ്‌ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ മൂലം റദ്ദാക്കിയിരിക്കുകയാണ്‌ ഇപ്പോള്‍. വരുംദിവസങ്ങളില്‍ ഈ നടപടി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലും ഇടതുമുന്നണിയിലും വന്‍ കൊടുങ്കാറ്റുയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ അയച്ച, പുതുക്കേണ്ട ഓര്‍ഡിനന്‍സുകളുടെ പട്ടികയില്‍ നിന്ന്‌ മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ ഒഴിവാക്കിയതിന്‌ പിന്നില്‍, മൂന്നാര്‍ ദൗത്യത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന കെ. സുരേഷ്‌ കുമാര്‍ ആണെന്ന്‌ പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷം ആരോപിക്കുന്നു. ഇതിന്റെ ന്യായാന്യായങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.





മൂന്നാറില്‍ ടാറ്റയിയില്‍ നിന്ന്‌ ഏറ്റെടുക്കുന്ന 1060 ഏക്കറില്‍ ടൗണ്‍ഷിപ്പ്‌ സ്ഥാപിക്കാനുള്ള പദ്ധതി എല്‍ഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വിശദമായ നിയമോപദേശവും നേടിയതിന്‌ ശേഷമാണ്‌ മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭായോഗം ഓര്‍ഡിനന്‍സ്‌ തയ്യാറാക്കിയത്‌. തുടര്‍ന്ന്‌ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ്‌ പാസാക്കി നിയമമാക്കേണ്ടതായിരുന്നു. എന്നാല്‍, കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ്‌ പാസായില്ല. നിയമസഭ ചര്‍ച്ച ചെയ്ത്‌ സബ്ജക്റ്റ്‌ കമ്മിറ്റിക്ക്‌ വിട്ടുകൊണ്ട്‌ നിയമസഭ പിരിയുകയും ചെയ്തു.




സഭ സമ്മേളിച്ച്‌ ആറാഴ്ചക്കകം പാസാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ്‌ റദ്ദാകും. ഇതൊഴിവാക്കാന്‍ ഓര്‍ഡിനന്‍സ്‌ ഗവര്‍ണറെക്കൊണ്ട്‌ പുതുക്കാന്‍ റവന്യൂവകുപ്പ്‌ തീരുമാനിച്ചു. അങ്ങനെ പുതുക്കേണ്ട ഓര്‍ഡിനന്‍സുകളുടെ പട്ടികയില്‍ പെടുത്തി മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ ഓര്‍ഡിനന്‍സും റവന്യൂവകുപ്പ്‌ മുഖ്യമന്ത്രിക്കയച്ചു. എന്നാല്‍, മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ ഒഴിച്ചുള്ള എല്ലാ ഓര്‍ഡിനന്‍സുകളും പുതുക്കാനായി ഗവര്‍ണര്‍ക്ക്‌ അയയ്ക്കുകയാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ചെയ്തത്‌. മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ തീരുമാനപ്രകാരമാണ്‌ മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ ഓര്‍ഡിനന്‍സ്‌ പുതുക്കാന്‍ അയയ്ക്കാതിരുന്നതെന്ന്‌ അദ്ദേഹത്തിന്റെ ഓഫീസ്‌ അറിയിക്കുകയും ചെയ്തു.





മൂന്നാറില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ ടാറ്റയുമായി നടത്തുന്ന കേസിനെ ടൗണ്‍ഷിപ്പ്‌ പദ്ധതി ദുര്‍ബലപ്പെടുത്തും എന്ന്‌ മുഖ്യമന്ത്രിക്ക്‌ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തില്‍ നിന്ന്‌ ലഭിച്ച നിയമോപദേശമാണ്‌ ഈ നിലപാടിന്‌ കാരണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ വ്യക്തമാക്കി. റവന്യൂവകുപ്പ്‌ കൈകാര്യം ചെയ്യുന്ന സിപിഐ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ്‌ ഘടകക്ഷികളുമായോ മന്ത്രിസഭയുമായോ ആലോചിക്കാതെ ഏകപക്ഷീയമായാണ്‌ മുഖ്യമന്ത്രി ഈ നിലപാട്‌ സ്വീകരിച്ചത്‌.




ഇവിടെയാണ്‌ സന്ദേഹങ്ങളുടെ കുടിയേറ്റമാരംഭിക്കുന്നത്‌. മുഖ്യമന്ത്രിക്ക്‌ ഇത്തരത്തിലൊരു നിയമോപദേശം ഇപ്പോള്‍ എങ്ങനെ ലഭിച്ചു എന്ന കാര്യം ഏറെ ദുരൂഹമായി തുടരുന്നു. ഇവിടെയാണ്‌ ഔദ്യോഗിക പക്ഷം കെ. സുരേഷ്‌ കുമാറിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത്‌. സുരേഷ്‌ കുമാര്‍ ഡല്‍ഹി യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയതിന്‌ ശേഷമാണ്‌ മുഖ്യമന്ത്രി ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ഈ മലക്കം മറിച്ചില്‍ നടത്തിയിരിക്കുന്നത്‌ എന്ന്‌ അവര്‍ ആരോപിക്കുന്നു. ടാറ്റയുടെ കൈയില്‍ നിന്ന്‌ ഭൂമി ഏറ്റെടുത്ത്‌ ടൗണ്‍ഷിപ്പ്‌ സ്ഥാപിക്കുന്നത്‌ അവര്‍ക്ക്‌ സബിളെസ്‌ കൊടുക്കുന്നത്‌ പോലെയാകുമെന്ന്‌ സുരേഷ്‌ കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു എന്നാണ്‌ പുറത്തുവന്നിട്ടുള്ള സൂചനകള്‍. അതുകൊണ്ടുതന്നെ ഓര്‍ഡിനന്‍സ്‌ പുതുക്കാതിരിക്കുന്നതിന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ചൂണ്ടിക്കാണിച്ചിരിക്കുന്ന വാസ്തവങ്ങള്‍ അത്രയ്ക്ക്‌ പെട്ടെന്നൊന്നും പൊതുസമൂഹത്തിന്‌ ദഹിക്കുന്നതല്ല.




ടാറ്റയില്‍ നിന്ന്‌ ഭൂമി ഏറ്റെടുക്കുന്നത്‌ അവിടെ ടൗണ്‍ഷിപ്പ്‌ സ്ഥാപിക്കാന്‍ വേണ്ടിയാണ്‌ എന്നാണ്‌ പാര്‍ട്ടിയും ഇടതുമുന്നണിയും സര്‍ക്കാരും എടുത്ത രാഷ്ട്രീയ തീരുമാനം. രണ്ടാം ഭൂപരിഷ്കരണം, നവീന മൂന്നാര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ വി.എസ്‌ അച്യുതാനന്ദന്‍ തന്നെ ഈ രാഷ്ട്രീയ തീരുമാനത്തെ അട്ടിമറിച്ചിരിക്കുകയാണിപ്പോള്‍. മുമ്പ്‌ അന്വേഷിച്ചപ്പോഴൊന്നും ലഭിക്കാതിരുന്ന നിയമോപദേശം ഇപ്പോള്‍ എവിടെനിന്ന്‌ ലഭിച്ചു എന്നാണ്‌ കേരളത്തിലെ പൊതുസമൂഹത്തിന്‌ അറിയേണ്ടത്‌. ടാറ്റയുമായി നിലനില്‍ക്കുന്ന കേസുകളെല്ലാം പരിഗണിച്ച്‌ തന്നെയായിരുന്നു വി.എസും ഇടതുമുന്നണിയും മന്ത്രിസഭയും ടൗണ്‍ഷിപ്പ്‌ സ്ഥാപിക്കാന്‍ തീരുമാനിച്ചത്‌. ടൗണ്‍ ഷിപ്പ്‌ നിലവിലുള്ള കേസുകളെ ദോഷകരമായി ബാധിക്കുകയില്ല എന്നായിരുന്നു അന്ന്‌ ലഭിച്ച സൂചന. എന്നിട്ടും മുഖ്യമന്ത്രി ഇപ്പോള്‍ മലക്കം മറിഞ്ഞത്‌ എന്തിന്‌..? ആര്‍ക്കു വേണ്ടി..?.





ഈ നിലപാട്‌ ടാറ്റയെ സഹായിക്കാനാണെന്ന്‌ മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ വി.എസിനൊപ്പം നിന്നവരും ഇപ്പോള്‍ ആരോപിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഓര്‍ഡിനന്‍സിനെതിരെ ടാറ്റ ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചതും സ്റ്റേ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപച്ചതുമാണ്‌. ഈ രണ്ട്‌ നീക്കങ്ങളുമായി ബന്ധപ്പെടുത്തിമാത്രമേ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ ഇപ്പോഴത്തെ നിലപാടിനെ വിലയിരുത്താന്‍ കഴിയുകയുള്ളു എന്ന്‌ അവര്‍ ചൂണ്ടിക്കാണിച്ചു. ഓര്‍ഡിനന്‍സ്‌ നിയമസഭയുടെ പരിഗണനയിലായിരുന്നതുകൊണ്ട്‌ തല്‍സ്ഥിതി തുടരാനായിരുന്നു ഹൈക്കോടതി വിധി.




ഇപ്പോള്‍ ഓര്‍ഡിനന്‍സ്‌ നിയമസഭയുടെ പരിഗണനയില്‍ നിന്ന്‌ മുഖ്യമന്ത്രിയുടെ നിലപാട്‌ മൂലം 'അപ്രത്യക്ഷമായ' അവസ്ഥയിലാണ്‌. ഈ സാഹചര്യത്തില്‍ ടാറ്റ വീണ്ടും നിയമപ്രശ്നവുമായി കോടതിയെ സമീപിച്ചാല്‍ അവര്‍ക്ക്‌ അനുകൂലമായ വിധിയുണ്ടാകാനുള്ള സാഹചര്യമാണ്‌ ഇതുമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. മൂന്നാര്‍ വിമോചനത്തിന്‌ കൊട്ടുംകുരവയുമായി ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്‍ തന്നെ ആ നടപടിക്ക്‌ പാര പണിഞ്ഞിരിക്കുന്നു എന്നതാണ്‌ ഏറ്റവും ഒടുവില്‍ കേരളത്തിലെ പൊതുസമൂഹത്തിന്‌ എത്തിചേരാവുന്ന നിഗമനം. അതെ മൂന്നാര്‍ പ്രഹസനവും ദുരന്തവുമായി കേരളത്തിലെ പ്രബുദ്ധരായ പൊതുസമൂഹത്തെ ഒരിക്കല്‍ കൂടി അവഹേളിക്കുകയാണ്‌.

Wednesday, 21 April 2010

തരൂരിനെ ബലികൊടുക്കാന്‍ ആന്റണി കൂട്ടുനില്‍ക്കരുതായിരുന്നു

ടൈറ്റസ്‌ കെ. വിളയില്‍

ഒരിക്കലും താഴാതിരുന്ന ഒരു തല ഉരുളുന്നതും കുത്സിതമാര്‍ഗ്ഗങ്ങളിലൂടെ സ്വാധീനമുറപ്പിച്ചവര്‍ മാന്യന്മാരായി ചമയുന്നതുമാണ്‌ ഐപിഎല്‍ വിവാദത്തിന്റെയും ശശി തരൂരിന്റെ രാജിയുടെയും ബാക്കിപത്രം. ശശിതരൂരിനെ സംഘടിതമായി വളഞ്ഞ്‌ ബലിയാക്കുകയായിരുന്നു. ഇത്തരമൊരു നടപടിക്ക്‌ എ.കെ. ആന്റണി പോലും കൂട്ടു നിന്നപ്പോഴാണ്‌ രാഷ്ട്രീയത്തിലെ ചതിക്കുഴികളുടെ ആഴം എത്ര ബൃഹത്താണെന്ന്‌ ബോധ്യമായത്‌.



യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലായി ശശി തരൂര്‍ നടത്തിയ സേവനത്തിന്റെ ഏഴ്‌ അയല്‍വക്കത്തുപോലും എത്തുന്ന മികവുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ഇന്ന്‌ ഇന്ത്യയില്‍ ജീവിച്ചിരിപ്പില്ല. നയതന്ത്രജ്ഞനെന്ന നിലക്കും എഴുത്തുകാരനെന്ന നിലയ്ക്കും സംശുദ്ധമായ ഔദ്യോഗിക ജീവിതത്തിന്‌ ഉടമയെന്ന നിലയ്ക്കും രാഷ്ട്രാന്തര തലത്തില്‍ ശശിതരൂര്‍ നേടിയ ഖ്യാതിയുടെ ബലത്തിലാണ്‌ കഴിഞ്ഞവട്ടം യുഎന്‍ സെക്രട്ടറി ജനറല്‍ പദത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയായി, അഭിമാനപൂര്‍വം ഇന്ത്യ തരൂരിനെ നിര്‍ദേശിച്ചത്‌. എന്നാല്‍, രാഷ്ട്രാന്തര രാഷ്ട്രീയത്തിലെ ചില അടിവലികള്‍ മൂലം മത്സരത്തില്‍ നിന്ന്‌ അദ്ദേഹത്തി
ന്‌ പിന്‍വാങ്ങേണ്ടിവന്നു. നയതന്ത്രജ്ഞനെന്ന നിലയ്ക്കും കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമയെന്ന നിലയ്ക്കുമുള്ള ശശി തരൂരിനുള്ള അംഗീകാരമാണ്‌ അദ്ദേഹത്തെ തിരുവനന്തപുരത്തുനിന്ന്‌ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റിനെ നിര്‍ബന്ധിച്ചതും പ്രേരിപ്പിച്ചതും. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ നിക്ഷിപ്ത താത്പര്യങ്ങളുള്ള, അധികാര ദുര്‍മോഹികളായായ, വികസന കാര്യത്തില്‍ വക്ര ബുദ്ധികളുമായ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്‌ സ്വീകാര്യമാകാതെ പോയത്‌ സ്വാഭാവികം. എന്നാല്‍,ജയിച്ചാല്‍ തരൂരിനെ വിദേശകാര്യമന്ത്രിയാക്കുമെന്ന വാഗ്ദാനം നല്‍കിയണ്‌ ഹൈക്കമാന്‍ഡ്‌ ഈ അവസരവാദികളുടെ വായടച്ചത്‌.



ഇന്ത്യയിലെയും കേരളത്തിലെയും പരമ്പരാഗത രാഷ്ട്രീയക്കാരില്‍ നിന്ന്‌ ഏറെ വ്യത്യസ്ഥനാണ്‌ ശശിതരൂര്‍. നയതന്ത്ര രംഗത്ത്‌ പ്രവര്‍ത്തിച്ച്‌ മികവ്‌ തെളിയിച്ച വ്യക്തിത്വവും എഴുത്തിന്റെയും പ്രസംഗത്തിന്റെയും മേഖലകളിലെ പ്രാവീണ്യവും ഒഴുക്കോടെ ഇംഗ്ലീഷ്‌ സംസാരിക്കാനുള്ള കഴിവും എന്തിനധികം സൗന്ദര്യവും ചേര്‍ന്ന്‌ വേറിട്ട ഒരു സാന്നിധ്യമായിട്ടാണ്‌ ശശിതരൂര്‍ രാഷ്ട്രീയത്തിലെത്തിയത്‌. മേല്‍സൂചിപ്പിച്ച അദ്ദേഹത്തിന്റെ മികവുകളെല്ലാം ഖദര്‍ ദാരികളായ പരമ്പരാഗത കോണ്‍ഗ്രസുകാര്‍ക്കും അഴിമതിയും കെടുകാര്യസ്ഥതയും മാത്രം മുഖമുദ്രയുള്ള മറ്റ്‌ രാഷ്ട്രീയക്കാര്‍ക്കും അസൂയയുടെ ഭൂമികയായതില്‍ അതിശയിക്കാനില്ല. അതുകൊണ്ടാണ്‌ തുടക്കം മുതല്‍
അദ്ദേഹത്തെ വിവാദകേന്ദ്രമാക്കി മാറ്റാന്‍ ഈ വിവരം കെട്ട രാഷ്ട്രീയക്കാരും അവരുടെ പിണിയാളുകളായ ചില മുഖ്യധാരാ മാധ്യമങ്ങളും ശ്രമിച്ചത്‌. തന്റെ നയതന്ത്രജ്ഞതകൊണ്ട്‌ ആ വിവാദങ്ങളില്‍ നിന്നെല്ലാം പരിക്കേല്‍ക്കാതെ വിജയിച്ച തരൂരിന്റെ വിക്കറ്റ്‌ തെറിപ്പിച്ചിരിക്കുകയാണ്‌ ഈ ശക്തികളെല്ലാം ചേര്‍ന്ന്‌ ഐപിഎല്‍ വിവാദത്തിലൂടെ.



കേരളത്തിന്‌ ഒരു ഐപിഎല്‍ ടീം നേടിയെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള ഒരു എംപി എന്ന നിലയ്ക്ക്‌ ശശിതരൂര്‍ പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്തപ്പോള്‍ അസഹിഷ്ണുക്കളായ രാഷ്ട്രീയക്കാരുടെ അസഹനീയത വര്‍ധിച്ചു. കേരളം സ്വന്തമാക്കിയ ഐപിഎല്‍ ടീമിനെ തന്റെ ഇഷ്ടക്കാരായ ചില വ്യവസായ പ്രമുഖര്‍ക്കും ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും സ്വന്തമായി നല്‍കാനാണ്‌ ഐപിഎല്‍ കമ്മീഷണറായ ലളിത്‌ മോഡി ഗൂഢശ്രമങ്ങള്‍ നടത്തിയത്‌. മോഹന്‍ലാലും പ്രിയദര്‍ശനും മുത്തൂറ്റ്‌ ഗ്രൂപ്പുമൊക്കെ കേരളത്തിന്‌ വേണ്ടി ഒരു ഐപിഎല്‍ ടീം രൂപീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവയെല്ലാം പാരവെച്ച്‌ തകര്‍ത്തത്‌ ലളിത്‌ മോഡിയായിരുന്നു. മോഡിയുടെ ഈ കൗശലത്തെ തന്റെ നയതന്ത്രജ്ഞത കൊണ്ട്‌ ശശിതരൂര്‍ തോല്‍പ്പിച്ച്‌ ടീമിനെ കേരളത്തിന്‌ നല്‍കിയപ്പോഴാണ്‌ ലളിത്‌ മോഡി മറ്റൊരു ആരോപണവുമായി രംഗത്തെത്തിയത്‌.



ശശിതരൂര്‍ വിവാഹം കഴിക്കാന്‍ പോകുന്ന സുനന്ദ പുഷ്കര്‍ണ എന്ന കാശ്മീരി യുവതിയിലൂടെ കേരളത്തിന്റെ ഐപിഎല്‍ ടീം സ്വന്തമാക്കിയ റോംഡീവു കണ്‍സോര്‍ഷ്യത്തില്‍ ശശിതരൂരിന്‌ ഉടമസ്ഥാവകാശമുണ്ടെന്നും കേരളാ ഐപിഎല്‍ ടീം സാര്‍ത്ഥകമാക്കുന്ന കാര്യത്തില്‍ തരൂര്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നുമൊക്കെയായിരുന്നു മോഡിയുടെ ദുരാരോപണങ്ങള്‍. ഈ ആരോപണങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വിവാദമാക്കിയപ്പോള്‍ ഐപിഎല്‍ ഗ്രൗണ്ടില്‍ രാഷ്ട്രീയക്കാരുടെ ട്വന്റി 20 ആരംഭിക്കുകയായിരുന്നു.ഒപ്പം തരൂരിന്റെ സ്വകാര്യ ജീവിതം പൊതു വായനയ്ക്കായി തുറക്കുകയുമായിരുന്നു, മോഡിയും മാധ്യമങ്ങളും.മുന്‍പ്‌ രണ്ടു വിവാഹം കഴിച്ച ( ഇക്കാര്യം കേറളീയര്‍ക്ക്‌ അറിയില്ലായിരുന്നു.അതു കൊണ്ടു തന്നെ ചുളിച്ച മുഖത്തോടെയാണ്‌ ഈ യാഥാര്‍ത്ഥ്യം കേട്റ്റതും വായിച്ചതും) തരൂര്‍ സുനന്ദയെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും പ്രചാരണമുണ്ടായി.വിവാഹമോചനത്തെ കടുത്ത അരുതായ്കയായോ പാപമായോ കരുതുന്ന യാഥാസ്ഥിതിക മനസ്സില്‍ തരൂരിനെതിരായ വികാരം മുളപ്പിക്കുക എന്നതായിരുന്നു മോഡിയുടെ ലക്ഷ്യം.ദാമ്പത്യത്തിന്റെ പവിത്രതയെ കുറിച്ച്‌ വാചാലരാകുകയും തരം കിട്ടുമ്പോള്‍ കുഞ്ഞാലിക്കുട്ടിമാരും എന്‍.ഡി തിവാരിമാരുമാകുന്ന ഖദര്‍ധാരികള്‍ക്ക്‌ തരൂരിന്റെ ഇണസങ്കല്‍പ്പം ദഹിക്കാതെ പോയില്ലെങ്കില്‍ അത്ഭുതപ്പേട്ടാല്‍ മതിയല്ലോ.എന്നാല്‍ തരൂര്‍ സ്ത്രീജിതനാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ നടത്തിയ ഈ കുത്സിത ശ്രമങ്ങളും പാളിപ്പോകുന്നതാണ്‌ പിന്നീട്‌ കണ്ടത്‌.
കഴിഞ്ഞയാഴ്ച ഐപിഎല്‍ പ്രശ്നം ഉന്നയിച്ച്‌ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ്‌ സ്തംഭിപ്പിച്ചതോടെ പ്രധാനമന്ത്രിയടക്കമുള്ളവര്‍ വെട്ടിലാവുകയായിരുന്നു. പ്രതിപക്ഷത്തിന്റെ കൂടി സഹായമില്ലെങ്കില്‍ ധനവിനിയോഗ ബില്‍ പാസാക്കിയെടുക്കാന്‍ കഴിയുകയില്ലെന്നിരിക്കെ പ്രതിപക്ഷത്തെ പിണക്കി നിര്‍ത്തുന്നത്‌ യുക്തിയല്ല എന്ന അതിജീവന രാഷ്ട്രീയ തന്ത്രം മാന്യതയ്ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും ഉപരിയായി മേല്‍ക്കൈ നേടിയപ്പോള്‍ ശശിതരൂരിന്റെ മന്ത്രിസ്ഥാനം തെറിച്ചു ; അല്ല തെറിപ്പിച്ചു.



ടീം രൂപീകരണത്തിലോ അതിന്റെ ഉടമസ്ഥതയിലോ തനിക്കൊരു പങ്കുമില്ലെന്നും ഈ ഇടപാടില്‍ എന്നല്ല മറ്റൊരു ഇടപാടിലും താന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയിട്ടില്ലെന്നും ശശിതരൂര്‍ വിശദീകരിച്ചിട്ടും അതംഗീകരിക്കാന്‍ സോണിയയോ മന്‍മോഹനോ പ്രണാബ്‌ കുമാറോ എ.കെ. ആന്റണിയോ മനസ്സുകാട്ടിയില്ല. മറിച്ച്‌ ശശിതരൂരിനെ ബലിയാടാക്കാനായിരുന്നു ഇവരുടെ കൂട്ടായ തീരുമാനം. ആദര്‍ശ ശാലിയെന്ന്‌ അഭിമാനിക്കുന്ന എ.കെ ആന്റണിയുടെ അതിജീവന തന്ത്രങ്ങള്‍ എല്ലായ്പ്പോഴും അതിനീചമായവയായിരുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്‌ അടിവരയിടുന്നതു കൂടിയായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാട്‌.



സമാന്തരമായി മറ്റൊരു ഗൂഢ നീക്കവും നടന്നു.ഐപിഎലിന്റെ കാര്യത്തില്‍ ബിജെപിക്ക്‌ ഒരു ഹിഡന്‍ അജണ്ടയുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്‌ നിസാരമായ ഈ പ്രശ്നം അവര്‍ ഇത്ര വഷളാക്കിയത്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡി ഈ ടീമിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിനായുള്ള കരുക്കളെല്ലാം അദ്ദേഹം നീക്കുകയും ചെയ്തിരുന്നു. ലളിത്‌ മോഡിയുടെ പിന്തുണയുണ്ടായിരുന്നിട്ടുകൂടി ആ നീക്കങ്ങളെ പരാജയപ്പെടുത്തിയാണ്‌ തരൂരിന്റെ കൂടി സഹായത്തോടെ കേരളം ഐപിഎല്‍ ടീം സ്വന്തമാക്കിയത്‌. രണ്ടാമത്തെ കാര്യം നരേന്ദ്രമോഡിയും വസുന്ധര രാജെ സിന്ധ്യയുമായും അടുത്ത ബന്ധം പുലര്‍ത്തുകയും ബിജെപിക്കുവേണ്ടി കോടികള്‍ സംഭാവന നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ്‌ ലളിത്‌ മോഡി. അതുകൊണ്ട്‌ മോഡിയെ വെറുപ്പിക്കുന്നത്‌ ബുദ്ധിപൂര്‍വ്വകമല്ല എന്ന്‌ ബിജെപിക്കറിയാം. മോഡിയെ പിന്തുണയ്ക്കാനും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനും ബിജെപി നടത്തിയ അശ്ലീല രാഷ്ട്രീയ നാടകങ്ങളാണ്‌ പാര്‍ലമെന്റില്‍ കണ്ടത്‌.
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഈ സമയത്താണ്‌ വിവാദങ്ങളില്‍ അണിചേര്‍ന്നത്‌. കേരളത്തിനാവശ്യം ഐപിഎല്‍ അല്ലെന്നും കേരളത്തിന്റെ പ്രശ്നം ബിപിഎല്‍ ആണെന്നും സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു. കേരളത്തിന്‌ വേണ്ടത്‌ ക്രിക്കറ്റ്‌ ടീമല്ലെന്നും വെട്ടിക്കുറച്ച റേഷനരി പുനഃസ്ഥാപിക്കുകയാണ്‌ വേണ്ടതെന്നും ധനമന്ത്രി തോമസ്‌ ഐസക്കും ഏറ്റുപിടിച്ചു. ഇവരും നേരത്തെ സൂചിപ്പിച്ച ശശിതരൂരിന്റെ വ്യക്തിപരമായ മികവുകളില്‍ അസഹിഷ്ണുത പുലര്‍ത്തുന്ന വിപ്ലവ വായാടികളാണ്‌. ഇവരുടെ പിന്തുണയോടെ കോണ്‍ഗ്രസ്‌ കേന്ദ്രം ഭരിച്ചപ്പോള്‍ ഈ പ്രശ്നങ്ങളൊന്നും എന്തുകൊണ്ടാണ്‌ പരിഹരിക്കാന്‍ കഴിയാതെ പോയത്‌? കേന്ദ്രം നല്‍കിയ റേഷന്‍ ഗോതമ്പും പയറും കടലയുമുള്‍പ്പെടെയുള്ളവ വിലകൂട്ടി പൊതുവിപണിയില്‍ വിറ്റ്‌ പോക്കറ്റ്‌ വീര്‍പ്പിച്ചവര്‍ക്കും അനുവദിച്ച റേഷന്‍ എടുക്കാതെ മടക്കിയവര്‍ക്കും ഇപ്പോള്‍ ഇക്കാര്യം പറയാന്‍ എന്തര്‍ഹതയാണുള്ളത്‌? വിസ്മയാ പാര്‍ക്ക്‌ നിര്‍മ്മിച്ചപ്പോഴും പാര്‍ട്ടി ഓഫീസുകളില്‍ സെന്‍ട്രലൈസ്ഡ്‌ എസി സിസ്റ്റം ഏര്‍പ്പെടുത്തിയപ്പോഴും കണ്ടല്‍ കാട്‌ വെട്ടിത്തെളിച്ച്‌ തീംപാര്‍ക്ക്‌ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോഴും ജയരാജന്‍ അടക്കമുള്ളവരോട്‌ കേരളത്തിന്റെ പ്രശ്നങ്ങള്‍ ഇതൊന്നുമല്ലെന്ന്‌ പറയാനുള്ള ചങ്കുറപ്പ്‌ യെച്ചൂരിക്കുണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ യെച്ചൂരിയുടെയും തോമസ്‌ ഐസക്കിന്റെയും സിപിഎമ്മിന്റെയും ലക്ഷ്യവും വ്യക്തമായി.



ഒരു എംപി എന്ന നിലയ്ക്ക്‌ തന്റെ സംസ്ഥാനത്തിന്റെ ഒരാവശ്യത്തിന്‌ വേണ്ടി നിന്നതാണ്‌ ഇപ്പോള്‍ ശശിതരൂരിന്റെ പേരില്‍ അപരാധമായി ഇവരെല്ലാം വെച്ചുകെട്ടുന്നത്‌. ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എത്രയെത്ര കേന്ദ്രമന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കന്മാര്‍ക്കുമാണ്‌ പങ്കുള്ളത്‌. അക്കാര്യങ്ങളെല്ലാം തമസ്കരിച്ചുകൊണ്ടാണ്‌ ഈ നേതാക്കന്മാരെല്ലാം ശശിതരൂരിനെ ബലിയാടാക്കിയത്‌. സംസ്ഥാനത്തിന്‌ വേണ്ടി, തന്റെ മണ്ഡലത്തിന്‌ വേണ്ടി ഒരു ചെറിയ വികസനപ്രവര്‍ത്തനം നടപ്പിലാക്കിയാല്‍ അതില്‍ നിന്ന്‌ കമ്മീഷന്‍ പറ്റുന്ന നേതാക്കന്മാര്‍ക്കല്ലാതെ ഐപിഎല്‍ രൂപീകരണ കാര്യത്തില്‍ ശശിതരൂരിന്റെ നിലപാടിനെ അവിശ്വസിക്കാന്‍ കഴിയുകയില്ല. തങ്ങള്‍ ഇതുവരെ ചെയ്ത്‌ പോന്നതുപോലെ ജനങ്ങളെ വഞ്ചിക്കാതെ അവരുടെ ആവശ്യം നിറവേറ്റാന്‍ ശശിതരൂര്‍ മുന്നില്‍ നിന്നതും ഇവര്‍ക്കാര്‍ക്കും രുചിച്ചിട്ടില്ല. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തിരുവനന്തപുരം നഗരത്തെ സ്റ്റോക്ക്‌ ഹോം പട്ടണം പോലെയാക്കിതീര്‍ക്കുമെന്ന ശശിതരൂരിന്റെ വാഗ്ദാനം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്‌. സ്റ്റോക്ക്‌ ഹോമില്‍ നിന്ന്‌ ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെത്തി അധികൃതരുമായി ചര്‍ച്ച നടത്തിയതുമാണ്‌. ഇത്തരത്തില്‍ ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക്‌ ജനങ്ങളോട്‌ പ്രതിബദ്ധത പുലര്‍ത്തിയും ഒരു നയതന്ത്ര വിദഗ്ധനെന്ന നിലയ്ക്ക്‌ ഐപിഎല്‍ രൂപീകരണത്തില്‍ തന്റെ സഹായം വാഗ്ദാനം ചെയ്തുമാണ്‌ ഇവരെയെല്ലാം ചൊടിപ്പിച്ചത്‌. ഈ സത്യം തിരിച്ചറിഞ്ഞിട്ടും ശശിതരൂരിനെ പ്രതിരോധീക്കാന്‍, പ്രതിരോധ മന്ത്രി എ.കെ ആന്റണി മനസ്സുകാണിക്കാതിരുന്നത്‌ കേരളത്തോടുള്ള അപമാനമായിട്ടാണ്‌ ഞങ്ങള്‍ വിലയിരുത്തുന്നത്‌. നീചമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ഈ ജനവഞ്ചകര്‍ക്കിടയില്‍ ശശിതരൂരിനെ പോലെ ക്രാന്തദര്‍ശിത്വമുള്ള ആര്‍ക്കും അതിജീവിക്കാന്‍ കഴിയുകയില്ല. അതിന്റെ തെളിവ്‌ കൂടിയാണ്‌ ഈ ബലി നല്‍കല്‍.
കാര്‍ട്ടൂണ്‍-ജയരാജ്‌ ടി.ജി

Saturday, 10 April 2010

ചെന്നിത്തലയും വയലാര്‍ രവിയും ഭയക്കുന്നതാരെ..?


ടൈറ്റസ്‌ കെ. വിളയില്‍

കെഎസ്‌യുവിലൂടെയും യൂത്ത്‌ കോണ്‍ഗ്രസിലൂടെയും പാര്‍ട്ടിയുടെ തലപ്പത്തെത്തിയ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്ക്കും കേന്ദ്ര പ്രവാസ കാര്യമന്ത്രി വയലാര്‍ രവിക്കും ഭീതിയുടെ സാന്നിധ്യമാവുകയാണ്‌ എം. ലിജു നേതൃത്വം നല്‍കുന്ന സംസ്ഥാന യൂത്ത്‌ കോണ്‍ഗ്രസ്‌.


ഇതുവരെ നേതാക്കളുടെ കാറിന്റെ ഡോര്‍ തുറന്നുകൊടുത്തും പെ
ട്ടിയെടുത്തും കാലുനക്കിയും അവരുടെ ഗ്രൂപ്പുകളി എന്ന ചൂടു ചോറ്‌ വാരുന്ന കുട്ടിക്കുരങ്ങുകളായും അധഃപതിച്ചിരുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ നിന്ന്‌ വ്യത്യസ്തനായി സംസ്ഥാന നേതാവുകയും ആ നേതൃത്വ പാടവത്തോടെ യൂത്ത്‌ കോണ്‍ഗ്രസിനെ കര്‍മ്മശക്തിയാക്കി മാറ്റുകയും ലിജു ചെയ്തപ്പോള്‍, 27 വര്‍ഷത്തിനുശേഷം യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത്‌ നടത്താന്‍ കഴിഞ്ഞു. വാടാ പോടാ വിളികളില്ലാതെയും ഗ്രൂപ്പ്‌ തിരിഞ്ഞ പോര്‍വിളികളില്ലാതെയും ഇപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ചേരാന്‍ കഴിയുന്നതും സാമൂഹികവും പൊതു താല്‍പ്പര്യമുള്ളതുമായ വിഷയങ്ങള്‍ ഈ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നതും തീര്‍ച്ചയായും യൂത്ത്‌ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാന്ദിയായി തന്നെ കാണേണ്ടതാണ്‌. ഇത്‌ കേരളത്തിലെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്ക്‌ മാത്രമല്ല, രാഷ്ട്രീയ നിരീക്ഷകര്‍ക്കും താല്‍പ്പര്യമുള്ള വിഷയമാകുമ്പോഴാണ്‌, ചെന്നിത്തലയ്ക്കും വയലാര്‍ രവിക്കും അജയ്‌ തറയിലിനും പോലെയുള്ളവര്‍ക്ക്‌ അസഹിഷ്ണുത പെരുക്കുന്നത്‌.


ഒരേ സ്വരത്തില്‍ തങ്ങള്‍ക്കും പാര്‍ലമെന്ററി സ്ഥാനവും പാര്‍ട്ടി നേതൃത്വവും വേണമെന്ന്‌ അവകാശപ്പെ
ട്ടതും യയാതിമാരായവര്‍ പുതിയ പുരുരുവസുകളില്‍ നിന്ന്‌ യൗവ്വനം കടംകൊണ്ട്‌ നേതൃസ്ഥാനത്ത്‌ അള്ളിപ്പിടിച്ചിരിക്കുന്നതിനെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി വിട്ടുവരുന്നവരെ സ്ഥാനമാനങ്ങള്‍ നല്‍കി സ്വീകരിക്കുന്നതിനെയും എതിര്‍ത്തതാണ്‌ ചെന്നിത്തലയ്ക്കും രവിക്കുമൊക്കെ രസിക്കാതെ പോകുന്നത്‌.


കൊല്ലം സമ്മേളനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പാസാക്കിയ പ്രമേയങ്ങളെ പൂര്‍ണമായി തള്ളിപ്പറയുന്നതായിരുന്നു
ചെന്നിത്തലയുടെ പ്രതികരണമെങ്കില്‍ സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി വാശിപിടിക്കാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മ്മമേഖലയായി യൂത്ത്‌ കോണ്‍ഗ്രസ്‌ മാറണമെന്നതായിരുന്നു വയലാര്‍ രവിയുടെ ഉദ്ബോധനം. ഇതിലും തരംതാണ രീതിയിലാണ്‌ അജയ്‌ തറയില്‍ പ്രതികരിച്ചത്‌. ചോക്ലേറ്റ്‌ കുട്ടപ്പന്മാര്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുന്ന പ്രശ്നമേയില്ല എന്നാണ്‌ തറയില്‍ തറപ്പിച്ച്‌ പറഞ്ഞത്‌.
കഴിഞ്ഞ 27 വര്‍ഷമായി നിര്‍ജീവിമായി നിന്നിരുന്ന ഒരു സംവിധാനത്തെ ശക്തിപ്പെടുത്തുമ്പോള്‍ അതി
നെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ബാധ്യസ്ഥരായവരാണ്‌ മേല്‍പ്പറഞ്ഞ രീതിയില്‍ അടച്ചാക്ഷേപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ ശാക്തീകരണത്തെ ഗര്‍ഭഛിദ്രത്തിന്‌ വിധേയമാക്കുന്നത്‌. ഇത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയാന്‍ കഴിയുകയില്ല, കാരണം ഭൂതകാലത്തിലെ അനുഭവങ്ങളും ഓര്‍മ്മകളും അത്തരത്തിലുള്ളതാണ്‌.


ഇന്ന്‌ കേന്ദ്രമന്ത്രിമാരായിരിക്കുന്ന എ.കെ. ആന്റണിയും വയലാര്‍ രവിയും അടക്കമുള്ള കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ കെഎസ്‌യുവിലൂടെയും യൂത്ത്‌ കോണ്‍ഗ്രസിലൂടെയും നേതൃസ്ഥാനത്തെത്തിയവരാണ്
‌. ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍, പി.സി ചാക്കോ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇ. കാര്‍ത്തികേയന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം ഹസന്‍, കെ.സി വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, കൊടിക്കുന്നേല്‍ സുരേഷ്‌, എം.ഐ ഷാനവാസ്‌, ഇ.എം. അഗസ്റ്റി, പുനലൂര്‍ മധു, സതീശന്‍ പാച്ചേരി.... ചൂണ്ടിക്കാണിക്കാന്‍ നേതാക്കന്മാരുടെ നിരതന്നെയുണ്ട്‌.


എന്നാല്‍, ഇവരെല്ലാം പാര്‍ട്ടിയിലും പാര്‍ലമെന്ററി സ്ഥാനങ്ങളിലും തങ്ങളുടെ ഇടം സുരക്ഷിതമാക്കിയ ശേഷം കേരളത്തില്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്തു എന്നതാണ്‌ വാസ്തവം
. ഇടക്കാലത്ത്‌ മൂത്ത കോണ്‍ഗ്രസുകാരുടെ ഗ്രൂപ്പുകളിയുടെ യൂത്ത്‌ രൂപമായും യൂത്ത്‌ കോണ്‍ഗ്രസ്‌ സമൂഹമധ്യേ പരിഹാസപാത്രമായ ചരിത്രവും കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരുടെ മനസ്സിലുണ്ട്‌. ഈ ദുരവസ്ഥ പരിഹരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുലിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം നടത്തിയ ടാലന്റ്‌ ഹണ്ടിലൂടെയാണ്‌ ലിജുവിനെ കണ്ടെത്തിയതും യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാക്കിയതും. ഈ മാറ്റം ഫലം ചെയ്തു എന്നതാണ്‌ 27 വര്‍ഷത്തിനുശേഷം നടന്ന അടിപിടി ഇല്ലാത്ത സംസ്ഥാന സമ്മേളനവും അവിടെ പാസാക്കിയ പ്രമേയങ്ങളുടെ ഭാഷയും വികാരവും വ്യക്തമാക്കുന്നത്‌. അധികാരം കൈവിടാന്‍ തയ്യാറാകാതെ മുതിര്‍ന്ന നേതാക്കന്മാര്‍ പാര്‍ട്ടിയിലെ യുവജനങ്ങളെ വഞ്ചിക്കുകയാണെന്നും വാലാട്ടികളാക്കി മാറ്റുകയാണെന്നും ഇനിയത്‌ അനുവദിക്കുന്ന പ്രശ്നമില്ലെന്നും ഒരേ സ്വരത്തില്‍ പറഞ്ഞപ്പോഴാണ്‌ ചെന്നിത്തലക്കും രവിക്കും തറയിലിനുമൊക്കെ ഇരിപ്പുറക്കാതായത്‌. എ.കെ. ആന്റണിയുടെയും വയലാര്‍ രവിയുടെയും കാലം മുതല്‍ കേരളത്തിലെ കെഎസ്‌യുവും യൂത്ത്‌ കോണ്‍ഗ്രസും ചുണയാര്‍ന്ന നിലപാടുകൊണ്ട്‌ ശ്രദ്ധേയമായിരുന്നു. പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക്‌ വിരുദ്ധമായി നട്ടെല്ലുറപ്പോടെ നിന്ന്‌ കാര്യങ്ങള്‍ പറയാന്‍ കെല്‍പ്പുള്ള സാന്നിധ്യവുമായിരുന്നു രമേശ്‌ ചെന്നിത്തല വരെയുള്ള കെഎസ്‌യു യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വങ്ങള്‍. ഒരണ സമരവും ഫീസ്‌ ഏകീകരണ സമരവുമെല്ലാം വിജയിച്ചത്‌ ഈ ദൃഢനിശ്ചയമാര്‍ന്ന നിലപാടുകള്‍ കൊണ്ടായിരുന്നു. അടിയന്തിരാവസ്ഥയെ, ഗുവാഹട്ടി സമ്മേളനത്തില്‍ എതിര്‍ക്കാന്‍ എ.കെ ആന്റണി കാണിച്ച ധൈര്യം ഇതിന്റെ തുടര്‍ച്ചയായിരുന്നു. ഇന്ദിരാഗാന്ധി ചിക്മഗ്നൂരില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അതില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി സ്ഥാനം എ.കെ. ആന്റണി ഒഴിഞ്ഞതും ആര്‍ജ്ജവം നിറഞ്ഞതും ആദര്‍ശ സുരഭിലമായതുമായ ആ നിലപാടുകൊണ്ടായിരുന്നു.


എന്നും പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായി നില്‍ക്കാന്‍ അന്ന്‌ കെഎസ്‌യുവിനും യൂത്ത്‌ കോണ്‍ഗ്രസിനും കഴിഞ്ഞിരുന്നു. യുവതുര്‍ക്കികളായി അത്തരം കുറേ ചെറുപ്പക്കാര്‍ ഉണ്ടായിരുന്നതാണ്‌ കേരളത്തിലെ കോണ്‍ഗ്രസിനെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസില്‍ നിന്ന്‌ വിഭിന്നമായ ഒരു കര്‍മഘടകമായി നിലനിര്‍ത്തിയത്‌.

എന്നാല്‍, രമേശ്‌ ചെന്നിത്തല യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റാവുകയും തുടര്‍ന്ന്‌ കരുണാകരന്റെ ആശ്രിതവത്സലനായി മന്ത്രിയാവുകയും ചെയ്തതോടെ യൂത്ത്‌ കോണ്‍ഗ്രസിന്റെ നട്ടെല്ല്‌ നഷ്ടപ്പെടുകയും പിന്നീട്‌ മൂത്ത കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളിയിലെ കരുക്കളായും മാറുകയും ചെയ്തു. പന്തളം സുധാകരന്റെയും കെ.സി വേണുഗോപാലിന്റെയും കെ.പി. അനില്‍കുമാറിന്റെയും ടി. സിദ്ദിഖിന്റെയും നേതൃത്വത്തിലുണ്ടായിരുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ ഇത്തരത്തില്‍ ഗ്രൂപ്പ്‌ കളിയുടെ അശ്ലീതയായി അധഃപതിക്കുകയായിരുന്നു. രാഷ്ട്രീയത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ പൊതുവിഷയങ്ങളെ കുറിച്ചോ ചിന്തിക്കാതെ, വായനാശീലം പോലുമില്ലാത്ത ഉപജാപകരുടെയും ആശ്രിതന്മാരുടെയും കൂട്ടമായി യൂത്ത്‌ കോണ്‍ഗ്രസ്‌ അങ്ങനെ അധഃപതിക്കുകയും ചെയ്തു.
1967 മുതലുള്ള കണക്ക്‌ പരിശോധിച്ചാല്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടി അവസരം നല്‍കിയത്‌ 97 പേര്‍ക്ക്‌ മാത്രമാണ്‌.


ഈ കാലയളവില്‍ 250ന്‌ അടുത്ത്‌ പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അവസരം നല്‍കിയിരുന്നു. എന്നുമാത്രമല്ല, ഡിവൈഎഫ്‌ഐ എന്ന യുവജന സംഘടനയെ കെട്ടിപ്പടുത്ത്‌ ശക്തിപ്പെടുത്തി രാഷ്ട്രീയവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ ഏറ്റെടുത്ത്‌ പ്രക്ഷോഭങ്ങള്‍ നയിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തു. ഈ സമയമത്രയും ഗ്രൂപ്പ്‌ കളിയിലും പാദസേവയിലും മുഴുകിയിരിക്കുകയായിരുന്നു യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളും നേതാക്കള്‍ ആകാന്‍ ആഗ്രഹിച്ച മറ്റുള്ളവരും.
യുവാക്കളാണ്‌ സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ ഇന്ധനം. മാറ്റത്തിന്റെ ശക്തികള്‍. അത്‌ മനസ്സിലാക്കിയവരായിരുന്നു എ.കെ. ആന്റണി മുതലുള്ള നേതാക്കന്മാര്‍. അതിന്റെ അടിസ്ഥാനത്തിലുള്ള അവരുടെ പ്രവര്‍ത്തനമായിരുന്നു ഇന്ന്‌ അവര്‍ക്ക്‌ അഭിമാനിക്കാനുള്ളതും. എന്നാല്‍, ആ തലത്തിലേക്ക്‌ പിന്നീട്‌ യൂത്ത്‌ കോണ്‍ഗ്രസിനെ എത്തിക്കാന്‍ ഇവരാരും തയ്യാറായില്ല. തങ്ങളുടെ സ്ഥാനം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ക്ഷീണിതവും ശുഷ്കവുമായി തുടരണമെന്ന നിര്‍ബന്ധമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്‌. ഈ ധാരണയെ പൊളിച്ചെഴുതാന്‍ ലിജുവിന്റെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ തയ്യാറായതുകൊണ്ടാണ്‌ ചെന്നിത്തലയടക്കമുള്ളവര്‍ക്ക്‌ അസഹിഷ്ണുത അനുഭവപ്പെട്ടത്‌.
ഇവിടെ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌. നേരത്തെ സൂചിപ്പിച്ചു രാഷ്ട്രീയത്തിനൊപ്പം സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളില്‍ ഇടപെട്ട്‌ പ്രതിരോധത്തിന്റെയും തിരുത്തലിന്റെയും ശക്തിയായി ഡിവൈഎഫ്‌ഐ നിന്നിരുന്നു എന്ന്‌. എന്നാല്‍, പാര്‍ലമെന്ററി വ്യാമോഹം ബാധിച്ച,


സോഷ്യല്‍ ഡെമോക്രാറ്റുകളായി അധഃപതിച്ച മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃത്വം ഡിവൈഎഫ്‌ഐയെ പാദസേവകരാക്കി മാറ്റിയിരിക്കുകയാണ്‌. ഒരു ഘട്ടത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ എങ്ങനെ നിഷ്ക്രിയമായിരുന്നോ അതിലും ദയനീയമായ അവസ്ഥയിലാണ്‌ ഡിവൈഎഫ്‌ഐ ഇന്ന്‌. സാമ്പത്തിക കുറ്റവാളികള്‍ക്കും മണല്‍ മാഫിയയുടെ ഏജന്റുമാര്‍ക്കും സ്പിരിറ്റു കള്ളക്കടത്തുകാരുടെ സംരക്ഷകര്‍ക്കും ഭൂമാഫിയയുടെ സഹായികള്‍ക്കുമൊക്കെ ചേക്കേറാനുള്ള ഇടമായിരിക്കുകയാണ്‌ ഡിവൈഎഫ്‌ഐ ഇന്ന്‌.


യുവജനശക്തിയെ ക്രിയത്മകമായി ദിശ തിരിച്ചുവിടേണ്ട ഡിവൈഎഫ്‌ഐയും യൂത്ത്‌ കോണ്‍ഗ്രസുമൊക്കെ ഇത്തരത്തില്‍ അധഃപതിക്കുമ്പോള്‍ മുതലെടുക്കാന്‍ എത്തുന്നത്‌ ന്യൂനപക്ഷ തീവ്രവാദത്തിന്റേ തടിയന്റവിടെ നസീര്‍മാരും ഭൂരിപക്ഷ തീവ്രവാദത്തിന്റെ കര്‍സേവകരുമാണ്‌. ജനാധിപത്യവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ ബാധ്യസ്ഥരായ യുവജനങ്ങള്‍ ഇങ്ങനെ ഭീകരവാദത്തിന്റെ ഇരകളായി മാറുന്നതിന്റെ ഉത്തരവാദിത്തം ഡിവൈഎഫ്‌ഐക്കും യൂത്ത്‌ കോണ്‍ഗ്രസിനും അവരെ നിയന്ത്രിക്കുന്ന ഇരുപാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കന്മാര്‍ക്കുമാണ്‌. ഈ സത്യം തിരിച്ചറിഞ്ഞ്‌ ലിജുവിന്റെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പുതിയ തിരുത്തല്‍ ശക്തിയാകുമ്പോള്‍, ഇപ്പോള്‍ തങ്ങള്‍ തുടരുന്ന സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതി ഉള്ളവരാണ്‌ അവരെ എതിര്‍ക്കുന്നതും അടിച്ചിരുത്താന്‍ നോക്കുന്നതും. ഈ ദുഷ്ടതയുടെ ദൃഷ്ടാന്തങ്ങളാകാന്‍ ചെന്നിത്തലയും രവിയും തയ്യാറായത്‌ തീര്‍ച്ചയായും ദാരുണമായ അവസ്ഥയാണ്‌, ഭീതിപ്പെടുത്തുന്ന പരിണാമവുമാണ്‌ .
കാര്‍ട്ടൂണ്‍ ജയരാജ്‌ ടി.ജി
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP