Showing posts with label ചെന്നൈ ഡയറി. Show all posts
Showing posts with label ചെന്നൈ ഡയറി. Show all posts

Sunday, 15 August 2010

അപ്പുവിന്റെ കഥ

ഗിരീഷ്‌കൃഷ്‌ണ

കാര്യമായൊന്നും ചെയ്യാനില്ലാത്ത ഒരൊഴിവുദിവസത്തില്‍, ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ അങ്ങനെ കിടക്കുമ്പോഴാണ്, മഴയുടെ ഇരമ്പല്‍ കേട്ടത്. നമ്മുടെ നാട്ടില്‍ ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ ഭംഗിയൊന്നും ഇവിടെ ചെന്നൈ നഗരത്തിലെ മഴക്കില്ല.എന്നാലും മഴയല്ലേ, വെറുതെ ഒരു കൌതുകം, ജനലഴികളില്‍ മുഖം ചേര്‍ത്ത് പുറത്തേക്കു നോക്കിനിന്നു.കുറച്ചുനേരമായെന്നു തോന്നുന്നു മഴപെയ്തു തുടങ്ങിയിട്ട്. റോഡിലാകെ വെള്ളം നിറഞ്ഞു തുടങ്ങി. ഇനിയത് അവിടെ കെട്ടിക്കിടന്നു അടുത്ത കുറെ ദിവസത്തേക്ക് സാധാരണക്കാരന്‌ വഴി നടക്കാന്‍ പറ്റാത്തപോലെയാകും, അഴുക്കും ചെളിയും എല്ലാ കൂടി ചേര്‍ന്ന് നാറാന്‍ തുടങ്ങും. നാട്ടിലിപ്പോള്‍ മഴതിമിര്‍ത്തു പെയ്യുകയായിരിക്കും, ഈ മഴക്കാലവും എന്നെക്കൂടാതെ കടന്നുപോകുമെന്നോര്തപ്പോള്‍, നേര്‍ത്ത ഒരു നഷ്ടബോധം തോന്നി.




ജീവിതതിരക്കുകളില്‍ നഷ്ടങ്ങളുടെ ഗ്രാഫ് മാത്രം ആണോ ഉയരുന്നത്? താഴെ തെരുവില്‍ നിന്നുമുള്ള ഉച്ചത്തിലുള്ള ശകരവക്കുകളാണ് എന്നെ ഇഹലോകത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്നത്. എന്താണ് സംഭവം, ഇവിടെ രണ്ടാം നിലയിലുള്ള എന്റെ മുറിയുടെ റോഡിലേക്ക് തുറക്കുന്ന ഈ ജനാലയിലൂടെ നോക്കിയാല്‍ തെരുവിന്റെ നല്ലൊരുഭാഗം വ്യക്തമായി തന്നെ കാണാം.
ഒന്നോടിച്ചു നോക്കിയപ്പോള്‍തന്നെ കാര്യം മനസിലായി.മൂന്ന് നാലു വയസു പ്രായം വരുന്ന ഒരു ചെക്കന്‍ ആ ചെളിവെള്ളതിലൂടെ രസംപിടിചോടി നടക്കുന്നു. അവന്റെ മേലുമുഴുവാന്‍ ചെളി വാരി പൊത്തിയപോലെയുണ്ട്, ഒരു ട്രൌസര്‍ പോലും ഇട്ടിട്ടുമില്ല, അവന്റെ അമ്മ അവനെപിടിക്കാന്‍ ഓടുന്നതിനിടയില്‍ നടത്തിയ പദപ്രയോഗങ്ങളാണ് ഞാന്‍ നേരത്തെ കേട്ടത്. ഒന്നുകൂടി നോക്കി !!! അപ്പുവാണോ അത്? ചീത്ത വിളിച്ചുകൊണ്ടു പിന്നാലെ ഓടുന്നത് ലളിത ചേച്ചിയാണോ ? ഒരുനിമിഷം, എന്റെ മനസ് പിന്നോട്ട് പായുന്നത് ഞാന്‍ തിരിച്ചറിഞ്ഞു




, സ്നേഹം എന്നാ പദത്തിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ ഞാന്‍ കണ്ടു പഠിച്ചത് അവരില്‍നിന്നായിരുന്നു, ലളിതചെചിയില്‍ നിന്ന്.
അമ്മയെ അടുക്കളജോലിക് സഹായിക്കാനും അത്യാവശ്യം പുറംപണിക്കുമോക്കെയായി വീട്ടില്‍ സ്ഥിരമായി വന്നിരുന്ന ജോലിക്കാരിയയിരുന്നു ലളിതചേച്ചി.ഭര്‍ത്താവു നേരത്തെ തന്നെ മരിച്ചുപോയിരുന്നു.(ക്ഷയമായിരുന്നത്രേ. അസുഖക്കരനാണെന്ന് അറിയാതെയായിരുന്നു കല്യാണം. അതുകഴിഞ്ഞ് രണ്ടുവര്‍ഷം തികയുമുന്പേ അയാള്‍ മരിച്ചു, അമ്മ പറഞ്ഞുള്ള അറിവാണ്.അതിനുമുന്‍പെ അപ്പു ജനിച്ചിരുന്നു.) ലളിത ചേച്ചിയുടെ കൂടെ ഒരു വാല് പോലെ അപ്പുവും കാണും എന്നും. ആകെപ്പാടെ ചേറില്‍ കുളിച്ചേ അന്നൊക്കെ ഞാന്‍ അപ്പൂനെ കണ്ടിട്ടുള്ളു.അവനൊരു നാലു വയസൊക്കെ ഉണ്ടാകും. ഏതു നേരവും ലളിതചേച്ചി അപ്പൂനെ തല്ലുന്നതും ചീത്ത പറയുന്നതും കാണാം. അവരുടെ മുഖഭാവത്തില്‍ നിന്നാണ് അത് ചീത്തപറയലാണെന്ന് മനസിലാവുക. സംസാരത്തിലെ വൈകല്യം കൊണ്ട് പറയുന്നത് നന്നായി മനസിലാവില്ല.ഓരോ സന്ദര്‍ഭത്തിനനുസരിച്ചു അവര്‍ ഇന്നതാണ് പറയുന്നതെന്ന് ഊഹിച്ചുകൊള്ളണം. പരിചയം കൊണ്ട് അതത്ര ബുദ്ധിമുട്ടായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടില്ല. കൈയില്‍ കിട്ടുന്നത് വച്ച് ലളിത ചേച്ചി അപ്പൂനെ പൊതിരെ തല്ലുന്നതു പലതവണ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ ഒച്ച പൊങ്ങുമ്പോള്‍ ധരിച്ചുകൊള്ളനം അപ്പു എന്തോ കുരതക്കെടോപ്പിചിട്ടുന്ടെന്നു. ലളിത ചേച്ചിക്ക് ഈ ലോകത്തില്‍ ഏറ്റവും വെറുപ്പ്‌അപ്പൂനോടാനെന്നയിരുന്നു !! ഇത്രയേറെ അപ്പൂനെ ശകാരിക്കുന്ന അവര്‍ക്ക് എന്നെ വല്യ സ്നേഹമായിരുന്നു. അത്ര വ്യക്തമാകാത്ത അവരുടെ ഭാഷയില്‍ എന്റെ സ്കൂള്‍ വിശേഷങ്ങളും ഒക്കെ അവര്‍ തിരക്കുമായിരുന്നു.




ഇതുപോലൊരു മഴക്കാലതാണാ സംഭവം, തൊടിയിലെ കുളം നിറഞ്ഞു കവിഞ്ഞു കിടക്കുകയാണ്. മഴതോര്‍ന്ന ഒരു ഉച്ചനേരം അപ്പു കാലുതെറ്റി ആ കുളത്തില്‍ വീണ്. അതാദ്യമായി കണ്ടത് ലളിതചേച്ചി തന്നെയാണ്. അവരുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ആരോഒക്കെഓടിവന്നു. കുളത്തില്‍ ചാടലും അപ്പൂനെ പൊക്കിയെടുക്കലുമെല്ലാം, കണ്ണടച്ച്തുറക്കുന്ന വേഗത്തില്‍ കഴിഞ്ഞു. കുറച്ചു വെള്ളം കുടിച്ചു എന്നല്ലാതെ അപ്പൂനു വേറെ തരക്കേടൊന്നും പറ്റിയിരുന്നില്ല. ആ കുളത്തിന് ആഴം തീരെ കുറവായിരുന്നു. പക്ഷെ അപ്പോഴേക്കും ലളിതചേച്ചി നിലവിളിച്ചു കുഴഞ്ഞു ബോധം കെട്ടുപൊയിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നത് അവരെയാണ്. ലളിതചേച്ചി അന്ന് അത്രമേല്‍ ബഹളം വെച്ചതും വിഷമിച്ചതും ഒക്കെ എന്തിനാണെന്ന് എനിക്ക് തീരെ മനസിലായില്ല. (ഞാനന്ന് മൂനാം ക്ലാസ്സിലോ മറ്റോ ആണ് പഠിക്കുന്നത്). അപ്പു മരിച്ചുപോയാല്‍ ലളിതചേച്ചിക്ക് സന്തോഷമാവില്ലേ, എന്ന എന്റെ സംശയം അച്ഛനോട് മറച്ചു വെച്ചതുമില്ല ഞാന്‍. ലളിത ചേച്ചി അപ്പൂനെ കണക്കറ്റു തല്ലുന്നതും ചീത്തപറയുന്നതുമൊക്കെ കാരണങ്ങളായി നിരത്തുകയും ചെയ്തു ഞാന്‍. അച്ചനെന്തൊക്കെയോ കാര്യമായി അന്നെനിക്ക് പറഞ്ഞു തന്നു. മുഴുവനും പിടികിട്ടിയില്ല, എന്നാലും അന്നാണ് മനസിലായത് സ്നേഹത്തിനു ഇങ്ങനെയും ഒരു മുഖമുണ്ടെന്ന്.




അപ്പു വളര്‍ന്നു വലുതായി, ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത്, അവധിക്കാലത്ത്‌ വീട്ടില്‍ വരുമ്പോള്‍ വല്ലപ്പോഴുമൊക്കെ അപ്പൂനെ കാണാറുണ്ട്. ചക്കയിടാനും, മാവില്‍ കേറി മാങ്ങാ പറിക്കാനുമൊക്കെ വരുമായിരുന്നു. പിന്നൊരിക്കല്‍ അമ്മയാണ് പറഞ്ഞത് അപ്പു അവിടടുത്തുള്ള ഒരു വര്‍ക്ക്‌ ഷോപ്പില്‍ പണി പഠിക്കാന്‍ പോകുന്നുണ്ടെന്ന്. നന്നായെന്നു മനസ്സില്‍ തോന്നി,ഒരു തൊഴിലാകുമല്ലോ. ഒരിക്കല്‍ ഞാന്‍ വീട്ടില്‍ വന്നു മടങ്ങുമ്പോള്‍ സ്റ്റാര്‍ട്ട്‌ ആകാന്‍ കൂട്ടാക്കാതിരുന്ന എന്റെ വണ്ടി ശരിയക്കിതന്നത് അപ്പുവാണ്.അപ്പോഴേക്കും അപ്പു ഒരൊത്ത ആളായികഴിഞ്ഞിരുന്നു.അന്ന് വണ്ടിയുടെ ചാവി തിരികെ വങ്ങുമ്പോള്‍, ഞാന്‍ നീട്ടിയ നൂറുരൂപ നോട്ടു വാങ്ങാതെ ഒരു ചിരിയും ചിരിച്ചു സൈക്കിള്‍ ചവിട്ടി കടന്നുപോയ അപ്പൂനെ നല്ല ഓര്‍മയുന്ടെനിക്ക്. പിന്നൊരിക്കലും ഞാന്‍ അവനെ കണ്ടിട്ടില്ല. അമ്മയില്‍നിന്നും പിന്നെ നാട്ടുകാരില്‍ നിന്നുമൊക്കെ കേട്ട കുറെ കഥകള്‍ ആണ് ബാക്കി.
ജോലി ചെയ്തിരുന്ന വര്‍ക്ക്‌ ഷോപിനടുത്തു താമസിക്കുന്ന ഏതോ ഒരു പെണ്‍കുട്ടിയുമായി അപ്പു അടുപ്പതിലയിരുന്നുവെന്നും ആ ബന്ധം ലളിതചേച്ചിക്ക് തീരെ ഇഷ്ടമയിരുന്നില്ലെന്നും കേള്‍ക്കുന്നു. അതെ ചൊല്ലി അമ്മയും മകനും തമ്മില്‍ പലപ്പോഴും വാക്കേറ്റ മുണ്ടാകുമായിരുന്നത്രേ. അന്നൊരുദിവസം പണികഴിഞ്ഞു പതിവിലും നേരത്തെ വീട്ടില്‍ വന്ന അപ്പു ഒന്നും രണ്ടും പറഞ്ഞമ്മയുമായി വഴക്കായി. അവര്‍ താമസിച്ചിരുന്നത് രണ്ടു മുറി മാത്രമുള്ള ഒരു കൊച്ചു വീട്ടിലായിരുന്നു. അന്നമ്മയുമായി പിണങ്ങി അപ്പു ഒരു മുറിയില്‍ കേറി കതകടച്ചു.ദേഷ്യം മൂത്ത ലളിതചേച്ചി ആ വാതില്‍പുറത്തുനിന്നും കുറ്റിയിട്ടു. രാത്രി അപ്പു വിളിച്ചിട്ടും ലളിതചേച്ചി വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ലന്നൊക്കെ പറയുന്നു. എന്തായാലും രാവിലെ പതിവുപോലെ ലളിതചേച്ചി പണിക്കു പോയി. അപ്പൂന്റെ മുറി പൂട്ടി തന്നെ കിടന്നു. ഉച്ചയാകാരായാപ്പോഴാണ് അയല്പക്കക്കരാരോ വന്നതും, ജനലിലൂടെ അപ്പൂനെ കണ്ടതുമെല്ലാം. അപ്പോഴെക്കുമെല്ലാം കഴിഞ്ഞിരുന്നു. വിറകുകള്‍ വെച്ചിരുന്ന ആ മുറിയില്‍ മറ്റൊരു വിറകുകൊള്ളി പോലെ അപ്പു....




അവനു മഞ്ഞപിത്തം(jondis )ആയിരുന്നത്രെ, വല്ലാതെ കടുതിരുന്നുവെന്നു പറയപ്പെടുന്നു. സംശയങ്ങളിപ്പോഴും ബാകിയാണ്. അസുഖം അത്ര മൂര്ചിക്കും വരെ തിരിച്ചരിയതതാണോ? അതോ വേറെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ? ആവോ ആര്‍ക്കറിയാം???
ലളിത ചേച്ചി ഇപ്പോഴുമുണ്ട്. തീരെ സംസാരിക്കാറില്ല. ഒരിടത്തും പണിക്കും പോകാറില്ലെന്നു കേള്‍ക്കുന്നു. ഒരു നിര്‍ജീവ ഭാവമാണ് കണ്ണുകളില്‍. പണ്ട് ജോലി ചെയ്തിരുന്ന വീടുകളില്‍ കയറിചെല്ലും ചിലപ്പോള്‍. ഒരുനേരത്തെ അന്നമെങ്കിലും കൊടുക്കതിരിക്കില്ല ആരും.
താഴെ റോഡിലൂടെ അലറിപ്പാഞ്ഞു പോയ ഏതോ വണ്ടിയുടെ ശബ്ദമാനെന്നെ സ്വപ്നലോകത്ത് നിന്നും തള്ളി താഴെയിട്ടത്. മഴ തീരെ തോര്‍ന്നിരിക്കുന്നു. ആ തെരുവില്‍ എന്റെ കണ്ണെത്തുന്ന ഭാഗതെവിടെയും ആ ചെക്കനേയും അമ്മയെയും കാണാനുണ്ടായിരുന്നില്ല.

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP