Sunday, 11 July 2010

ലോകം,പിശാച്‌,ശരീരം, ദൈവം; പിന്നെ പച്ച മനുഷ്യരും

ടൈറ്റസ്‌ കെ.വിളയില്‍

വാമൊഴി തന്നെ മാധ്യമവും ആ മാധ്യമം സൃഷ്ടിയുമായി പരിണമിക്കുന്ന അപൂര്‍വ്വസുകൃതമാണ്‌ ജോണി മിറാന്‍ഡയുടെ 'വിശുദ്ധ ലിഖിതങ്ങള്‍'
എന്ന ചെറു നോവല്‍ സമാഹാരത്തിന്റെ അനന്യത.
എറണാകുളത്തിന്റെ നിയോണ്‍ തിളക്കങ്ങളും തിരക്കുകളുമായി ഒട്ടും ബന്ധമില്ലാത്ത തീരദേശ ലോകവും അവിടത്തെ മനുഷ്യരും അവരുടെ പച്ചയായ വികാരങ്ങളുമാണ്‌ ജോണി മിറാന്‍ഡ
വായനക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്‌..
മലയാളികള്‍ക്ക്‌ പരിചിതമായ മുഖ്യധാര ക്രൈസ്തവ ജീവിതശൈലികളുടെ അനുഭൂതികളില്‍നിന്ന്‌ വളരെ അകലത്താണ്‌ ജോണിയുടെ കഥാപാത്രങ്ങളുടെ ഭൂമിക. ലോകം, പിശാച്‌, ശരീരം എന്ന ത്രിത്വത്തിന്റെയും ദൈവത്തിന്റേയും നിസ്സഹായരായ ഇരകളെയാണ്‌ ജോണി പ
രിചയപ്പെടുത്തുന്നത്‌.
വെര്‍ജീനിയ വൂള്‍ഫും ജെയിംസ്‌ ജോയ്സും മലയാളത്തില്‍ വിലാസിനിയും മറ്റും കൈയ്യടക്കത്തോടെ അവതരിപ്പിച്ച ബോധധാരാ സമ്പ്രദായത്തിലാണ്‌ 'മണല്‍ത്തിട്ടിലെ കാക്കകള്‍'. കീഴ്മേല്‍ മറിഞ്ഞുപോയ മനസ്സുകളില്‍ നിന്നുകൊണ്ട്‌ മനുഷ്യജീവിതത്തിന്റെ നിസ്സഹായതയും നിസ്സാരതയും ഉന്മാദവും അതിലൂടെയുള്ള ബോധോദയങ്ങളുമാണ്‌ അതീവഹൃദ്യമായി ജോണി മിറാന്‍ഡ
വരച്ചുകാട്ടുന്നത്‌.




കാസ്പറും ബുദ്ധിഭ്രമം ബാധിച്ച ഭാര്യ മരിയയും പെണ്‍മക്കളായും ബീനയും സീനയും
, മകന്‍ ജൂഡ്സണും അടങ്ങുന്ന അണുകുടുംബത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളിലൂടെ മനുഷ്യാവസ്ഥകളിലേയ്ക്ക്‌ തുറക്കുന്ന ജാലകമാകുകയാണ്‌ ഈ നോവലെറ്റ്‌. ഇവിടെ വാമൊഴി തന്നെയാണ്‌ മാധ്യമമായി മാറുന്നത്‌. അതുതന്നെ സൃഷ്ടിയുമാകുന്നു. മലയാളത്തിലെ വായനക്കാര്‍ക്ക്‌ തീര്‍ത്തും അപരിചിതമായ കൊച്ചിയുടെ പടിഞ്ഞാറന്‍ ദ്വീപ്‌ നിവാസികളായ ആംഗ്ലോ ഇന്ത്യന്‍ സമുദായാംഗങ്ങളുടെ ജീവിതമാണ്‌ ഈ മൂന്നു നോവലെറ്റുകളിലും പരന്നുകിടക്കുന്നത്‌. അവരുടേതായ വാമൊഴിയിലാണ്‌ രചന. 'മണല്‍ത്തിട്ടിലെ കാക്ക'കളില്‍ ഈ രചനാ സമ്പ്രദായം അതിന്റെ ഏറ്റവും മികവുറ്റ രീതിയില്‍ ദൃശ്യമാണ്‌.
സമനില തെറ്റിയ മനസ്സുകളും സമനില തെറ്റാത്ത മനസ്സുകളും ഒരുപോലെയാകുന്ന ജീവിതാവസ്ഥയുടെ നൊമ്പരം വായനക്കാരന്റെയും അനുഭവമാക്കുന്നത്‌, കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും വിചാരങ്ങളിലൂടെയും എത്ര വിദഗ്ദ്ധമായിട്ടാണ്‌ ജോണി
അവതരിപ്പിക്കുന്നത്‌!
'പാപ്പാഞ്ഞി'യെന്ന നോവലെറ്റിലൂടെ അള്‍സോച്ചയുടെ പാരമ്പര്യാന്വേഷണത്തിന്റെ വിഫലതയും വിങ്ങലും വേദനയും അതിന്റെ അനിവാര്യമായ ദുരന്തവുമാണ്‌ ചിത്രീകരിക്കുന്നത്‌.




ചിത്രകാരനാണ്‌ അള്‍സോച്ച. നിരവധി പോര്‍ട്രേറ്റുകള്‍ വരച്ചിട്ടുള്ള അ
ള്‍സോച്ചയ്ക്ക്‌ പെട്ടെന്നാണ്‌ ഒരു ബോധോദയമുണ്ടാകുന്നത്‌, തന്റെ പപ്പാഞ്ഞിയുടെ ( മുത്തച്ഛന്റെ ) ചിത്രം ഇതുവരെ വരയ്ക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്ന്‌. പിന്നീട്‌ ആ ചിത്രം വയ്ക്കാനുള്ള ദൗത്യത്തിലാണ്‌ അള്‍സോച്ച. ഇതിനായി പ്രായംചെന്ന ബന്ധുക്കളെ നേരില്‍ക്കണ്ട്‌ വിവരം ശേഖരിക്കുന്നുണ്ടെങ്കിലും ആര്‍ക്കും കൃത്യമായി ഒരു രൂപം നല്‍കാന്‍ കഴിയുന്നില്ല. റോഡ്രിക്സ്‌ കുടുംബങ്ങളുടെ പതിവ്‌ മദ്യപാനംമൂലമുള്ള തൂങ്ങിയ കണ്ണുകളും കഷണ്ടിയും തുടങ്ങിയുള്ള സൂചനകളേ ബന്ധുക്കളില്‍നിന്ന്‌ ലഭിക്കുന്നുള്ളൂ.
അള്‍സോച്ച സംഗീതം അഭ്യസിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ ചലനങ്ങള്‍ക്ക്‌ ഒരു താളവട്ടമുണ്ട്‌. രതിയിലും ഈ താളക്രമം അള്‍സോച്ച പുലര്‍ത്തുന്നുണ്ട്‌. അതുകൊണ്ടുതന്നെ സ്വഭാവത്തി
ലുടനീളം താളനിബദ്ധതയുമുണ്ട്‌.




എന്നാല്‍, പപ്പാഞ്ഞിയുടെ ചിത്രം വരയ്ക്കാന്‍
തുടങ്ങുമ്പോള്‍ മുതല്‍ ഈ താളക്രമത്തിന്‌ ഭംഗം നേരിടുന്നു. എങ്കിലും, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പപ്പാഞ്ഞിയെ വരച്ചു പൂര്‍ത്തിയാക്കിയെങ്കിലും പറഞ്ഞുകേട്ട കഥകളിലെ പപ്പാഞ്ഞിയുടെയും കുടുംബാംഗങ്ങളുടെയും ക്രൂരതകള്‍ ആ ചിത്രത്തില്‍നിന്ന്‌ അള്‍സോച്ചയിലേയ്ക്ക്‌ പരിണമിക്കുമ്പോള്‍, ഭൂതകാലത്തിന്റെ ഈ അസ്വീകാര്യതകള്‍ താങ്ങാനാവാതെ പപ്പാഞ്ഞിയുടെ ചിത്രം തീയിട്ട്‌ നശിപ്പിക്കുന്ന അവസ്ഥയിലേയ്ക്ക്‌ അള്‍സോച്ച എത്തുന്നു.
പാരമ്പര്യങ്ങളുടെ വേരുതിരഞ്ഞുപോകുന്ന ഒരു അന്വേഷണമാണ്‌ അള്‍സോച്ചയെങ്കിലും വിശ്വാസങ്ങള്‍ക്കും ധാരണകള്‍ക്കും അപ്പുറത്തുള്ളതാണ്‌ പാരമ്പര്യങ്ങളുടെ ക്രൂരതയെന്നും, അത്‌ താങ്ങാനാവാത്ത മാനസ്സികാവസ്ഥയാണ്‌ നമ്മില്‍ പലര്‍ക്കും സൃഷ്ടിക്കുന്നതെന്നുമുള്ള യാഥാര്‍ത്ഥ്യത്തിനുനേരെ പിടിച്ച കണ്ണാടിയാവുകയാണ്‌ 'പപ്പാഞ്ഞി' എന്ന
ഈ ചെറു നോവല്‍.
കാമവും പിശാചിന്റെ പ്രലോഭനങ്ങളും ലഹരിയും എന്നും മനുഷ്യന്റെ ബലഹീനതകളാണെന്നും അതില്‍നിന്ന്‌ മോചനം അസാദ്ധ്യമാണെന്നും വ്യക്തമാക്കുന്നതാണ്‌ 'വിശുദ്ധ ലിഖിതങ്ങള്‍'.

സണ്ണിയെന്ന കഥാനായകനിലൂടെയാണ്‌ ജീവിതത്തിന്റെ ഈ അനിവാര്യാവസ്ഥക
ള്‍ മിറാന്‍ഡ വരച്ചുകാട്ടുന്നത്‌.



ശില്‍പിയാണ്‌ സണ്ണി. ശിഥിലമായ കുടുംബജീവിതത്തിന്റെ ഇര
.
സ്നേഹസമ്പന്നയായിരുന്നു മമ്മ സിസിലി. നല്ല തയ്യല്‍ക്കാരനായിരുന്നു പ
പ്പ ലിയോണ്‍സ്‌ അച്ച. എന്നാല്‍ വിവാഹശേഷം തയ്യല്‍ ഉപേക്ഷിച്ച്‌ ചൂണ്ടയിടലിലേയ്ക്ക്‌ ലിയോണ്‍സ്‌ അച്ച തിരിയുമ്പോള്‍ അത്‌ അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതയിലേയ്ക്കുള്ള പ്രയാണമായി മാറുന്നു.
കൊട്ടോടിയടിച്ച്‌ ( നാടന്‍ വാറ്റ്‌ ചാരായം ) ഭാര്യയെ മര്‍ദ്ദിക്കുന്നതാണ്‌ ലിയോണ്‍ അച്ചയുടെ ഏറ്റവും വലിയ വിനോദം. ഇതുകണ്ട്‌ കരഞ്ഞാണ്‌
സണ്ണിയുടെ വളര്‍ച്ച. ഒരുഘട്ടത്തില്‍ കൗമാരക്കാരനായ സണ്ണി കൂട്ടുകാരനായ നാരായണനോട്‌ പറയുന്നത്‌ ഇങ്ങനെയാണ്‌: " നോക്കൂ നാരായണാ, ആ പോണ ബോട്ടില്‍ എന്റെ പപ്പേമുണ്ടാകും. അത്‌ മുങ്ങ്യാ പപ്പേം ചാകും. ബോട്ട്‌ മുങ്ങ്യേങ്കില്‍... ദുഷ്ടനാണയാള്‍. കുടിച്ചേച്ച്‌ മമ്മേ തല്ലും. ആ ദുഷ്ടന്‍ ചത്താ എനിക്ക്‌ പഷ്ണിക്കണ്ണി കുടിക്കാ. വല്യപപ്പടം കൂട്ടി ഏഴിനും മുപ്പതിനും സദ്യയുണ്ണാം."




ദെസ്ദതോവിസ്കിയുടെ കാരമസോവ്‌ സഹോദരങ്ങളിലെ ഐവാന്റെ പിതൃനിഷേധമല്ല സണ്ണിയുടെ പിതൃദ്വേഷം. മമ്മേ തല്ലുന്നതും മമ്മേടെ കണ്ണീരും കരച്ചിലുമാണ്‌ പപ്പ ചത്തുപോകണമെന്ന ആഗ്രഹത്തിന്‌ പിന്നില്‍. ഒരു ദുരന്ത ദിനത്തില്‍ ലിയോണ്‍സ്‌ അച്ചയുടെ
കഞ്ചാവ്‌ പൊതിയും കൊട്ടോടി കന്നാസും സിസിലി നശിപ്പിക്കുന്നു. അതില്‍ കുപിതനായ ലിയോണ്‍സച്ച ഒറ്റച്ചിവിട്ട്‌. വെന്തചെമ്മീന്‍പോലെ സിസിലി വളഞ്ഞുവീണ്‌ മരിച്ചു. പക്ഷേ സണ്ണി ഈ സത്യം ആരോടും പറയുന്നില്ല. ഇവിടം മുതല്‍ ലിയോണ്‍സ്‌ അച്ചയുടെ ജീവിതം ലഹരിയുടെയും ലൈംഗികതയുടെയും കൂത്തരങ്ങാകുകയാണ്‌. വീട്‌ കൊട്ടോടിക്കച്ചോടസ്ഥലമാകുന്നു. അവിടെ കറിക്ക്‌ അരയ്ക്കാനെത്തുന്ന വിറോണിച്ചേടത്തിയുമായി പപ്പ ബന്ധപ്പെടുന്നതിന്‌ സണ്ണി സാക്ഷിയാകുന്നു. പിന്നീട്‌ തന്റെ കാമുകിയും പതിനാലുകാരിയുമായ ടെസിയെപ്പോലും പപ്പ കടന്നുപിടിക്കുമ്പോഴാണ്‌ വീടുപേക്ഷിച്ച്‌ സണ്ണി യാത്രയാകുന്നത്‌.




ചെന്നെത്തിയത്‌ ശില്‍പിയായ ചവരോ ആശാന്റെ പക്കല്‍. ആ ശിക്ഷ
ണം സണ്ണിയെ കൈക്കുറ്റപ്പാടില്ലാത്ത ശില്‍പിയാക്കി മാറ്റി. അങ്ങനെയാണ്‌ മരിച്ചവരുടെ ദിവസത്തില്‍ ( നവംബര്‍ 2 ) കുഴിക്കര ഗ്രാമത്തിലെ സെമിത്തേരിക്ക്‌ സമീപം ക്രൂശിതനായ ക്രിസ്തുവിന്റെ ശില്‍പമുണ്ടാക്കാന്‍ സണ്ണി എത്തുന്നത്‌. സെമിത്തേരിക്കപ്പുറം, പഴയ ഒരു കപ്പേളയിലാണ്‌ സണ്ണി അച്ചന്‍ താമസം. അവിടത്തെ താമസവും ശില്‍പനിര്‍മ്മാണവുമായി കഴിയുന്നതിനിടയിലാണ്‌ സെമിത്തേരിക്ക്‌ സമീപമുള്ള ആന്റോച്ചയുടെ മകള്‍ മാര്‍ത്തയുടെ അവിഹിതബന്ധത്തില്‍ ജനിച്ച മേഴ്സിയെ പരിചയപ്പെടുന്നത്‌. 14 വയസ്സേ ഉള്ളെങ്കിലും അവളുടെ ചിന്തകളും വിചാരങ്ങളും മുതിര്‍ന്ന ഒരാളെ തോല്‍പിക്കുന്നതായിരുന്നു. പെണ്ണിന്‌ പിശാച്‌ ബാധിച്ചതാണെന്നും, നല്ലബുദ്ധിയില്ലെന്നുമാണ്‌ വീട്ടുകാരുടെയും നാട്ടുകാരുടെയും അഭിപ്രായം.




സണ്ണി ശില്‍പം നിര്‍മ്മിക്കുമ്പോള്‍ എന്നും അടുത്തുവന്നിരിക്കുന്ന മേഴ്സിയെ തന്റെ കാമപൂര്‍ത്തിക്ക്‌ ഇരയാക്കുന്നിടത്താണ്‌ സണ്ണിയിലെ ദുരന്ത നിയോഗം ഉണരുന്നത്‌. അതിനുമുമ്പുതന്നെ ദുര്‍നടത്തക്കാരിയായ മാര്‍ത്തയുമായി സണ്ണി ബന്ധപ്പെടുന്നുണ്ട്‌. അവിഹിതബന്ധങ്ങ
ള്‍ മാത്രം കണ്ടുവളര്‍ന്ന സണ്ണിയും ആ ജീവിതത്തിന്‌ ഇരയാകുകയാണ്‌. ആശാന്റെ മകളും മാര്‍ത്തയുമടക്കം പതിമൂന്നു സ്ത്രീകളിലാണ്‌ സണ്ണി തന്റെ തൃഷ്ണക്ക്‌ ശാന്തി കണ്ടെത്തിയിട്ടുള്ളത്‌. പതിനാലാമത്തെ ഇരയാണ്‌ മേഴ്സി. മേഴ്സിയെ പ്രാപിച്ചതോടെ കുറ്റബോധം കനക്കുന്ന സണ്ണി പ്രതിമാ നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടുവിടുകയാണ്‌.




ഇവിടംമുതല്‍ കുറ്റബോധത്തിലുരുകുന്ന സണ്ണി ദേശാടനക്കാരനായി അലഞ്ഞലഞ്ഞ്‌ 20 വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു മരിച്ചവരുടെ ദിന
ത്തില്‍ കുഴിക്കര ഗ്രാമത്തിലെത്തുകയാണ്‌. അപ്പോഴാണ്‌ അറിയുന്നത്‌, ഗര്‍ഭിണിയായ മേഴ്സി ആത്മഹത്യ ചെയ്ത വിവരം.
ലോകവും പിശാചും കാമവും ദൈവും ഒരു മനുഷ്യന്റെ ജീവിതത്തില്‍ എന്തെല്ലാം വ്യത്യാസങ്ങളും വ്യതിയാനങ്ങളും സ്വാധീനങ്ങളും ചെലുത്തുന്നു എന്ന്‌ ജൈവ ചോദനകളാല്‍ നിസ്സഹായരാകുന്ന സണ്ണി ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ അനന്യമായ ഉള്‍ക്കാഴ്ചയോടെയാണ്‌ ജോണി അവതരിപ്പിക്കുന്നത്‌. ഈ കഥകളിലെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്‌ മനുഷ്യന്റെ ലഹരിയാസക്തിയും അവിഹിതബന്ധാസക്തിയുമാണ്‌. ധാര്‍മ്മികചിന്തകളുള്ള മനുഷ്യന്‍ പാപമാ
യി മാറ്റിനിര്‍ത്തുന്ന ഈ ജീവിതാവസ്ഥകളില്‍ അഭിരമിക്കുന്ന കഥാപാത്രങ്ങള്‍. ശരീരത്തിന്റെ പ്രലോഭനങ്ങളില്‍നിന്ന്‌ പച്ചയായ മനുഷ്യന്‌ മോചനമില്ല എന്ന നിത്യസത്യത്തെ അവതരിപ്പിക്കുകയാണ്‌ 'വിശുദ്ധ ലിഖിതങ്ങളി'ല്‍ ജോണി മിറാന്‍ഡ.




പോഞ്ഞിക്കര ദ്വീപില്‍നിന്ന്‌ മലയാള സാഹിത്യത്തിന്‌ ലഭിച്ച വരദാനമായ റാഫിയുടെ പിന്മുറക്കാരനാകാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യനാണ്‌ താനെന്ന്‌ ഈ കൃതിയിലൂടെ
ജോണി മിറാന്‍ഡ വ്യക്തമാക്കുന്നു. എന്നാല്‍, പാദസേവയുടേയും പുറംചൊറിച്ചിലിന്റേയും അശ്ലിലത നിറയെയുള്ള മലയാളത്തിലെ സാഹിത്യ നിരൂപകകേസരികളും പടിഞ്ഞാറ്‌ നോക്കികളായ അവരുടെ പുത്തന്‍ തലമുറയും ജോണിയെ ത്മസ്കരിക്കുകയാണ്‌.
. 'ഭാഷാപോഷിണി', 'കലകൗമുദി' എന്നിവയില്‍ പ്രസിദ്ധീകരിച്ചവയാണ്‌ ഈ സൃഷ്ടികള്‍. 'മണല്‍ത്തിട്ടിലെ കാക്കകള്‍' 1996ലും 'പാപ്പാഞ്ഞിയുടെ ചിത്രം' '97ലും 'വിശുദ്ധ ലിഖിതങ്ങള്‍' '98ലും പ്രസിദ്ധീകൃതമായി.
കറന്റ്‌ ബുക്സ്‌ ആണ്‌ 'വിശുദ്ധലിഖിത'ങ്ങളുടെ പ്രസാധകര്‍
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP