Tuesday, 22 June 2010

ഹരികുമാറും അലോക്‌ ഗുപ്തയും റിയാന്‍ ഒബ്രോയിയും തെളിയിച്ചത്‌

ടൈറ്റസ്‌ കെ.വിളയില്‍

ഉന്നത സാങ്കേതിക വിദ്യാഭ്യാസം.അതിലൂടെ വിദേശത്ത്‌ ഉയര്‍ന്ന ജോലി.
( ലക്ഷ്യം അമേരിക്ക തന്നെ )അതില്‍ നിന്ന്‌ ലഭിക്കുന്ന മുന്തിയ ശമ്പളം.അങ്ങനെയുണ്ടാകുന്ന സാമ്പത്തീക സുരക്ഷയും സാമൂഹികാംഗീകാരവും.അതിന്റെ അടിസ്ഥാനത്തില്‍ സമ്പന്ന കുടുംബത്തില്‍ നിന്നുള്ള വിവാഹം.സുഖകരവും ആഡംബരപൂര്‍ണ്ണവുമായ ഭാവി ജീവിതം-ഈ ലക്ഷ്യങ്ങള്‍ നേടാനുള്ള കഴുത്തറപ്പന്‍ മത്സരം. അതിനുവേണ്ടി ജീവിതത്തെ പുഷ്കലമാക്കുന്ന സ്നേഹം, സൗഹാര്‍ദ്ദം,സൗമനസ്യം, സഹാനുഭൂതി, സഹകരണം, പ്രണയം തുടങ്ങിയ കേവല വികാരങ്ങളെ കാഴ്ചപ്പുറങ്ങള്‍ക്കപ്പുറം നിര്‍ത്തുന്ന ന്യൂ ജനറേഷന്‌ നേരേ പിടിച്ച കണ്ണാടിയാണ്‌ ചേതന്‍ ഭഗത്തിന്റെ " ഫൈവ്‌ പോയിന്റ്‌ സംതിംഗ്‌-വാട്ട്‌ നോട്ട്‌ റ്റു ഡു അറ്റ്‌ ഐഐറ്റി " എന്ന നോവല്‍.xc sc




രാജ്യത്തെ പരമോന്നത സാങ്കേതിക വിദ്യാലയമായ ഡല്‍ഹി ഐഐറ്റിയുടെ പശ്ചാത്തലത്തിലാണ്‌ " ഫൈവ്‌ പോയിന്റ്‌ സംതിംഗ്‌-വാട്ട്‌ നോട്ട്‌ റ്റു ഡു അറ്റ്‌ ഐഐറ്റി "സംഭവിക്കുന്നത്‌.പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ അവിടെ പഠിക്കാനെത്തിയ ഹരികുമാര്‍, അലോക്‌ ഗുപ്ത, റിയാന്‍ ഒബ്രോയ്‌ എന്നിവരിലൂടെ സ്നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും സഹകരണത്തിന്റേയും പ്രണയത്തിന്റേയും അനിവാര്യത ബോദ്ധ്യപ്പെടുത്തുകയാണ്‌ ചേതന്‍ ഭഗത്ത്‌.




മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്‌ മൂന്നു പേരും.കൂട്ടത്തില്‍ സമ്പന്നന്‍ റിയാന്‍ ആണ്‌.റിയാന്റെ മാതാപിതാക്കള്‍: വിദേശത്ത്‌.കര
കൗശല വസ്തുക്കളുടെ വിപണനം.എല്ലാ ആഴ്ചയിലും അവര്‍ റിയാന്‌ കത്തയയ്ക്കും.മാസത്തിന്റെ തുടക്കത്തില്‍ ചെക്കും.കത്തുകള്‍ ഒന്നു പോലും റിയാന്‍ പൊട്റ്റിച്ചു വായിക്കില്ല.എന്നാല്‍ എല്ലാം ഭദ്രമായി സൂക്ഷിച്ചു വച്ചിട്ടുണ്ട്‌.ബാല്യം മുതല്‍ ബോര്‍ഡിങ്ങിലാണ്‌ റിയാന്റെ വളര്‍ച്ച.അതു കൊണ്ട്‌ വേറിട്ട ചിന്തകളാണ്‌ എല്ലാകര്യ്ത്തിലും റിയാനുള്ളത്‌.റിയാന്‌ മാതാപിതാക്കളെ ഇഷ്ടമല്ല.അല്ല അവരെ സ്നേഹിക്കാന്‍ കഴിയുന്നില്ല.കുട്ടുകരാണ്‌ റിയാന്റെ എല്ലാം.അവര്‍ക്കായി ജീവിക്കുന്നതിലാണ്‌ റിയാന്റെ ആനന്ദം.തനിക്കുള്‍ലതെല്ലാം കൂട്ടുകാരുമായി പങ്കിട്ട്‌, അവരൊത്ത്‌ അടിച്ചു പൊളിച്ച്‌....91-)ം റാങ്കോടെയാണ്‌ ഐഐറ്റി പ്രവേശന പരീക്ഷ പസ്സായത്‌.




ആര്‍ട്ടിസ്റ്റായ പിതാവ്‌.ബയോളജി അ
ദ്ധ്യാപികയായ മതാവ്‌.ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സഹോദരി- അലോകിന്റെ കുടുംബമിതാണ്‌.പക്ഷെ മച്ചില്‍ ചിത്രരചന നടത്തുന്നതിനിടയില്‍ തട്ട്‌ ( സപ്പോര്‍ട്ട്‌ ) ഒടിഞ്ഞ്‌ താഴെവീണതിനെ തുടര്‍ന്ന്‌ നട്ടെല്ലിന്‌ ക്ഷതമേറ്റ്‌ അരയ്ക്ക്‌ താഴ തളര്‍ന്ന്‌ കിടപ്പാണ്‌ ഗുപ്ത.അമ്മയുടെ തുച്ഛമായ വരുമാനത്തില്‍ വളരെ കഷ്ടപ്പെട്ടാണ്‌ ജീവിതം മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌.പാസ്സായി നല്ലൊരു ജോലി നേടി പിതാവിന്‌ മികച്ച ചികിത്സ നല്‍കണം.അമ്മയുടെ അദ്ധ്വാനഭാരം ഇല്ലാതാക്കി അവര്‍ക്ക്‌ സുഖകരമായ വിശ്ര്മ ജീവിതമൊരുക്കണം.നാട്ടുനടപ്പനുസരിച്ച്‌ സഹോദരിയെ നല്ലൊരു കുടുംബത്തിലേയ്ക്ക്‌ വിവാഹം ചെയ്ത്‌ അയയ്ക്കണം.അലോകിന്റെ സ്വപ്നങ്ങള്‍ ഈ ഇത്തിരി വട്റ്റത്തിലാണ്‌ ചുറ്റിത്തിരിയുന്നത്‌.
കഥ പറയുന്നത്‌ ഹരികുമാറാണ്‌.അതു കൊണ്ട്‌ ഹരിയുടെ കുടുംബ പശ്ചാത്തലം മറ്റു രണ്ടുപേരുടേതു പോലെ വ്യക്തമല്ല.കര്‍ക്കശക്കരനായ റിട്ടയേര്‍ഡ്‌ ആര്‍മി ഓഫീസറുടെ പുത്രനാണെന്നു മാത്രം അറിയാം.കഠി ശിക്ഷകളുള്ള ശൈശവ, ബാല്യ, കൗമാരകാലം.പറയുന്നത്‌ അനുസരിക്കുക.തിരിച്ചൊന്നും ചോദിക്കരുത്‌.ചോദിച്ചാല്‍ ബല്‍റ്റുകൊണ്ടുള്ള അടി തീര്‍ച്ച.ഈ വളര്‍ച്ച മൂലം ക്ലാസ്സില്‍ അദ്ധ്യാപകര്‍ ചോദിക്കുന്ന നിസാര ചോദ്യങ്ങള്‍ക്കു പോലും ഹരിക്ക്‌ ഉത്തരം പറയാന്‍ കഴിയുന്നില്ല.വിയര്‍ത്ത്‌, വിക്കി, വിമ്മിട്ടപ്പെട്ട്‌ അപഹാസ്യനാകാനാണ്‌ യോഗം
ഹോസ്റ്റലിലെ ആദ്യ രാത്രിയി
ല്‍ സീനിയേഴ്സിന്റെ റാഗിംഗാണ്‌ ഇവരെ മൂവരേയും ഒന്നിപ്പിച്ചത്‌.അടുത്തടുത്ത മുറികളിലാണ്‌ മൂവരും.




ബക്കു എന്ന സീനിയറിന്റെ നേതൃത്വത്തില്‍ സിന്നിയേഴ്സ്‌ മൂവരേയും നഗ്നരാക്കി റാഗിംഗ്‌ തുടങ്ങി.ഹരികുമാറും അലോകും പൊക്കം കുറഞ്ഞ തടിയന്മാരായ ഫാരക്സ്‌ ബേബികളാണ്‌.നിറവും അധികമില്ല.എന്നാല്‍ നല്ല പവന്‍ നിറത്തില്‍ സുന്ദരനും സുഭഗനുമാണ്‌ റിയാന്‍.പുരുഷ
ന്മാര്‍ക്കു പോലും അസൂയജനിപ്പിക്കുന്ന സൗന്ദര്യവും ബോഡി ഷെയ്പ്പും എന്നാണ്‌ ഹരികുമാറിന്റെ വര്‍ണ്ണന.നഗ്നനാക്കപ്പെട്ടതില്‍ അലോക്‌ കരഞ്ഞു പോയി.അവന്റെ തടിച്ച കണ്ണടച്ചില്ലുമുഴുവനും കണ്ണീരില്‍ കുതിര്‍ന്നു.ഹരി കരച്ചിലിന്റെ വക്കത്താണ്‌.റിയാനാകട്ടെ ഭാവഭേദമൊന്നുമില്ല.നഗ്നരായി നില്‍ക്കുന്ന മൂവരിലും ചില കുസൃതി കാട്ടാന്‍ മൂന്നു കോളകുപ്പികളുമായി ബക്കു എത്തിയതോടെ റിയാന്റെ ഭാവം മാറി.അവന്‍ ചാടി എണിറ്റ്‌ ബക്കുവിന്റെ കൈയ്യില്‍ നിന്നു കുപ്പികള്‍ തട്ടിയെടുത്ത്‌ അവയുടെ മൂട്‌ ഭിത്തിയില്‍ തല്ലിയുടച്ച്‌ എതിരിടാന്‍ തന്നെ തയ്യറായി."കമോണ്‍ ബാസ്റ്റാര്‍ഡ്സ്‌" എന്നു പറഞ്ഞു നിന്ന റിയാനെ നേരിടാനാവാതെ സീനിയേഴ്സ്‌ റാഗിംഗ്‌ അവസാനിപ്പിച്ച്‌ പിന്‍വാങ്ങി.




അലോകിനും ഹരിക്കും റിയാന്‍ അപ്പോള്‍ ദൈവം അയച്ച രക്ഷകനായി.അവര്‍ നന്ദി പറഞ്ഞെങ്കിലും റിയാന്‍ അതു കേട്റ്റതായി പോലും ഭാവിച്ചില്ല."സീനിയേ
ഴ്സിനോട്‌ ഒടക്കിയാല്‍.." അലോകിന്റെ സന്ദേഹം പൂര്‍ത്തിയാക്കും മുന്‍പ്‌ റിയാന്‍ പറഞ്ഞു: " ഒരു കോപ്പും ഉണ്ടാകാന്‍ പോകുന്നില്ല.ഞാന്‍ കുറേ ബോര്‍ഡിങ്ങില്‍ വളര്‍ന്നിട്ടുള്ളതാണ്‌.ധൈര്യം കാണിക്കുന്നവനെ നേരിടാന്‍ ഇത്തിരി പുളിക്കേണ്ടി വരും"




അന്നു മുതല്‍ അവര്‍ സുഹൃത്തുക്കളായി.എന്നു മാത്രമല്ല റിയാന്‍ അവരുടെ നേതാവുമായി.സ്ക്വാഷ്‌ കളിക്കുന്ന, ജോഗ്ഗിംഗ്‌ നടത്തുന്ന, ചെസ്‌ കളിക്കാനറിയുന്ന സയന്‍സ്‌ ഫിക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന,ഏതു വിഷയത്തിലും സ്വന്തമായ കാഴ്ചപ്പാടും അഭിപ്രായവുമുള്ള,തന്റേടമുള്ള റിയാന്‍.
മെഷീനുകളെക്കുറിച്ചുള്ളതായിരുന്നു ആദ്യത്തെ ക്ലാസ്‌.മനുഷ്യ പ്രയത്നം കുറയ്ക്കുന്ന ഏത്‌ ഉപകരണവും ഒരു മെഷീന്‍ ആകുന്നു എന്ന്‌ പ്രഫ.ദുബേയ്‌ പറഞ്ഞപ്പോള്‍:" അതു ശരിയാണെന്നു തോന്നുന്നില്ല.ജിംനേഷ്യത്തിലെ ഉപകരണങ്ങള്‍ മനുഷ്യപ്രയത്നം ക
ഠിനമാക്കുന്നതാണല്ലോ" എന്ന്‌ റിയാന്‌ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.അതിന്‌ പ്രഫസര്‍ക്ക്‌ യുക്തി ഭദ്രമായ വിശദീകരണവും ഇല്ലായിരുന്നു.




ക്രിസ്മസ്സിന്‌ മാതാപിതാക്കള്‍ അയച്ചു കൊടുത്ത പോക്കറ്റ്‌ മണികൊണ്ട്‌ റിയാന്‍ ഒരു സ്കൂട്ടര്‍ വാങ്ങി.അതിലാണ്‌ മൂവരും ക്ലാസ്സില്‍ പോയിരുന്നത്‌.സിനിമയ്ക്ക്‌ പോകുന്നത്‌.കറങ്ങാനിറങ്ങുന്നത്‌.അസൈന്മെന്റുകളും ഇന്റേര്‍ണല്‍ എക്സാമുകളും ഗ്രേഡിംഗുമൊക്കെയായി അദ്ധ്യാപകര്‍ ഐഐറ്റി വിദ്യാര്‍ത്ഥികളുടെ ഇത്തിരി വിനോദവേളകളെ പോലും ഞെക്കിക്കൊല്ലുമ്പോഴും റിയാന്‍ അതിലൊന്നും വലിയ പ്രാധാന്യം കണ്ടെത്തിയില്ല.ജീവിതത്തിലെ ഏറ്റവും നല്ല കാലത്തെ ഇങ്ങനെ പഠിത്തത്തിന്റെ പേരില്‍ കൊല്ലാക്കൊല ചെയ്തിട്ട്‌ എന്തു നേട്ടമാണുള്ളതെന്നാണ്‌ റിയാന്റെ ചോദ്യം.ഒരു ശാസ്ത്രഞ്ജനേയെങ്കിലും ഇത്രയും കാലമായിട്ട്‌ ഐഐറ്റിക്ക്‌ സൃഷ്ടിക്കനായോ?ഒരു പുതിയ കണ്ടുപിടുത്തം നടത്താന്‍ കഴിഞ്ഞോ? എന്നിങ്ങനെ പോകുന്നു റിയാന്റെ വിമര്‍ശനങ്ങള്‍.അലോകിന്‌ ഇതൊന്നും ദഹിക്കുന്നതല്ലെങ്കിലും ഹരി എപ്പോഴും റിയാന്റെ ഭാഗത്താണ്‌.അതു കൊണ്ടാണ്‌ ആദ്യത്തെ ഇന്റേര്‍ണല്‍ എക്സാമിന്റെ തലേന്ന്‌ സെക്കന്റ്‌ ഷോയ്ക്ക്‌ ഒരു സയ
ന്‍സ്‌ ഫിക്ഷന്‍ സിനിമകാണാന്‍ മൂവരും പോയത്‌.അതു കൊണ്ട്‌ ആ പരീക്ഷയില്‍ മൂവരും ക്ലാസില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്ക്‌ നേടിയവരായി.അക്കൂട്ടത്തില്‍ ഏറ്റവും കുറവ്‌ റിയാനും.




എങ്ങനെയൊക്കെ തലകുത്തി മറിഞ്ഞ്‌ പഠിച്ചിട്ടും ആദ്യ വര്‍ഷം പത്തില്‍ അഞ്ചു മാര്‍ക്കും പിന്നെ ഇത്തിരിയും നേടാനെ മൂവര്‍ക്കും കഴിഞ്ഞിരുന്നുള്ളു." ഫൈവ്‌ പോയിന്റ്‌ സംതിംഗ്‌" ഈ വിഷയത്തില്‍ ഏറ്റവും ഖിന്നന്‍ അലോക്‌ ആയിരുന്നു.അവന്റെ ജീവിത സമ്മര്‍ദ്ദങ്ങളും അത്തരത്തിലുള്ളതാണല്ലൊ.അതു കൊണ്ട്‌ ഒന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ അലോക്‌ ഈ കമ്പനി വിട്ട്‌ ഏറ്റവും നന്നായി പഠിക്കുന്ന വെങ്കട്ടിനൊപ്പം കൂടി
" വര തരം പോലെ വരയ്ക്കണം
ഇന്ത്യയൊന്നൊരു പേരു മുകളില്‍ കുറിക്കണം
ചുറ്റിലും കടല്‍ നീലവും കുന്നിനെലുകയും ചാര്‍ത്തണം
വടിവിതൊത്താല്‍ നിന്റെ പടവുകള്‍ ശോഭനം.
കൂടിയ മാര്‍ക്കിനീ ഭൂപ
ടം വില്‍ക്കുകില്‍
നീ കൂട്ടത്തിലേറ്റം മിടുക്കന്‍
അഭ്യസ്ഥനാം ഇന്ത്യനെന്നല്ലോ നിനക്കു പേര്‍" എന്ന്‌ കവി മധുസൂദനന്‍ നായര്‍ വരച്ചു കാട്ടിയ ടിപ്പിക്കല്‍ മിടുക്കനാണ്‌ വെങ്കിട്ട്‌.അലോക്‌ വിട്ടു പോയെങ്കിലും പഠിത്തവും വോഡ്ക്കയും ഇടയ്ക്കിടയ്ക്ക്‌ കഞ്ചാവും സിഗരറ്റും ഒക്കെയായി ഹരിയും റിയാനും കാമ്പസ്സില്‍ കഴിഞ്ഞു.




ഇതിനു മുന്‍പ്‌ തന്നെ ഹരി കാമുകനായി കഴിഞ്ഞിരുന്നു.ഏറ്റവും സ്ട്രിക്ട്‌ ആയ മെക്കാനിക്കല്‍ വിഭാഗം മേധാവി പ്രഫ.ചെറിയാന്റെ പുത്രി നേഹയുമായുള്ള കണ്ടുമുട്ടല്‍ വളരെ യാദൃച്ഛികമായിരുന്നു.ഫാഷന്‍ ഡിസൈനിംഗ്‌ വിദ്യാര്‍ത്ഥിനി.കര്‍ക്കശക്കാരനായ പിതാവിന്റെ കണ്ണുവെട്ടിച്ച്‌ ഹരിയും നേഹയും ഇടയ്ക്കിടെ കണ്ടുമുട്ടിയിരുന്നു.ഇതിനിടയില്‍ ഒരു ദിവസം അലോകിന്റെ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതുണ്ടായിരുന്നു.എന്നാല്‍ പിറ്റേന്ന്‌ പ്രസന്റ്‌ ചെയ്യാനുള്ള അസൈന്മെന്റിന്റെ പേരില്‍ വീട്ടില്‍ പോകുന്നതില്‍
നിന്ന്‌ വെങ്കട്ട്‌ അലോകിനെ വിലക്കി.അലോക്‌ കരഞ്ഞു പറഞ്ഞിട്ടും വെങ്കട്ടിന്റെ മനസ്സലിഞ്ഞില്ല.പഠിത്തത്തിനപ്പുറം വെങ്കട്ടിന്‌ മറ്റൊരു കമ്മിറ്റ്മെന്റുമില്ല.ഇവര്‍ തമ്മിലുള്ള സംഭാഷണം റിയാനും ഹരിയും കേള്‍ക്കുന്നു.മറ്റൊന്നും ചിന്തിക്കാതെ വാതില്‍ തള്ളിത്തുറന്ന്‌ റിയാനും ഹരിയും വെങ്കട്ടിന്റെ മുറിയില്‍ കയറി.വെങ്കട്ടിന്‌ അതിഷ്ടപ്പെട്ടില്ല.അലോക്‌ അതു പ്രതീക്ഷിച്ചതുമല്ല.റിയാന്റെ സ്വഭാവം നന്നായറിയാവുന്ന അലോക്‌ അല്‍പം ഭയക്കുകയും ചെയ്തു.




" നീ പഠിച്ചോ.ഞാന്‍ നിന്റെ അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപൊയ്ക്കൊള്ളാം" എന്നു പറഞ്ഞ്‌ റിയാന്‍ ഹരിയുമായി മുറി വിട്ടിറങ്ങിയപ്പോള്‍ പഠനത്തിന്റെ പേരില്‍ എത്ര നല്ല ഒരു സുഹൃത്തിനെയാണ്‌ താന്‍ തള്‍ലിപ്പറഞ്ഞതെന്നോര്‍ത്ത്‌ അലോക്‌ വേദനിച്ചു.റിയാന്‍ ഒറ്റയ്ക്കാണ്‌ അലോകിന്റെ പിതാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനായി പോയത്‌ " മകനേ നീയൊരു മാന്യനാകാതെ മനുഷ്യന്റെ പച്ചയായിത്തീ
രൂ "( മകനോട്‌- കടമ്മനിട്ട )എന്ന കവി വാക്യത്തിന്റെ വിവര്‍ത്തനമാകുകയായിരുന്നു റിയാന്‍




അതോടെ അലോക്‌ വീണ്ടും പഴയ സുഹൃത്തുക്കള്‍ക്കൊപ്പമായി.പഠനത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ അപ്പോഴാണ്‌ റിയാന്‍ ഒരു പുതിയ ഫോര്‍മുല കണ്ടെത്തിയത്‌. C2D (Co-operate to Dominate)-മേല്‍ക്കൈ നേടാന്‍ സഹകരണം.അതായത്‌ എല്ലാ അസൈന്മെന്റും എല്ലാവരും ചെയ്യണ്ട.ഒരു തവണ ഒരാള്‍ അതു ചെയ്യുക.മറ്റു രണ്ടു പേര്‍ അതു പകര്‍ത്തുക.അപ്പോള്‍ എപ്പോഴും രണ്ടു പേര്‍ക്ക്‌ വിശ്രമിക്കാനും വിനോദിക്കാനും അവസരമുണ്ടാകും.




ഇങ്ങനെ പുഷ്കലമാകുന്ന സൗഹൃദവും അതിനിടയിലുണ്ടാകുന്ന കുസൃതികളും സാഹസങ്ങളും അതിന്റെ തിരിച്ചടികളും ഒക്കയാണ്‌ ചേതന്‍ വിവരിക്കുന്നത്‌.എല്ലാ ഓപറേഷന്റേയും ബുദ്ധി കേന്ദ്രം റിയാന്‍ ആയിരുന്നു.നേഹയ്ക്ക്‌ ലിപ്സ്റ്റിക്കുകളിടാന്‍ അവളുടെ പേരു കൊത്തിയ മെറ്റല്‍ ബോക്സ്‌ തനിയെ ഉണ്ടാക്കി ഹരി നല്‍കിയത്‌, നേഹയുടെ ജന്മദിനത്തില്‍, പാതിരാത്രിക്ക്‌ അവളുടെ മുറിയില്‍ ചെന്ന്‌ ഹരി ആശംസ നേര്‍ന്നത്‌, എ ഗ്രേഡ്‌ കിട്ടാത്തവരെ പ്രഫ.ചെറിയാന്‌
ഇഷ്ടമില്ലത്തതു കൊണ്ട്‌ ഹരിക്ക്‌ എ ഗ്രേഡ്‌ നേടാന്‍ പ്രഫസറുടെ മുറിയില്‍ നിന്ന്‌ ചോദ്യപേപ്പര്‍ മോഷ്ടിച്ചത്‌, അതിനിടയില്‍ പിടിക്കപ്പെട്ടത്‌, അതിന്റെ പേരില്‍ ഒരു സെമസ്റ്റര്‍ സസ്പെന്റ്‌ ചെയ്യപ്പെട്ടത്‌, അതില്‍ ഖിന്നനായി അലോക്‌ ആത്മഹത്യക്കൊരുങ്ങിയത്‌, വാഹനങ്ങളുടെ ഇന്ധനക്ഷമത കൂട്ടാനുള്ള റിയാന്റെ ഐഡിയയില്‍ മൂവരുടേയും പരീക്ഷണങ്ങള്‍, ഹരി-നേഹ പ്രണയം, രതി, ചെറിയാന്‍ അതറിയുന്നത്‌, അതില്‍ നിന്നെല്ലാം തലയൂരാന്‍ ഹരിയുള്‍പ്പെടെയുള്ളവരെ സഹായിക്കുന്ന പ്രഫ.വീരുവിന്റെ ഇടപെടല്‍, റിയാന്റെ കണ്ടുപിടുത്തമായ പദ്ധതി നടപ്പിലക്കാന്‍ റിയാന്‍ മാതാപിതാക്കള്‍ തന്നെ മൂലധനമിറക്കുന്നത്‌, അലോകിന്‌ ആദ്യം ഡല്‍ഹിയിലും പിന്നെ അമേരിക്കയിലും ജോലികിട്ടുന്നത്‌,ഹരിക്ക്‌ മുംബയില്‍ നിയമനം ലഭിക്കുന്നത്‌ തുടങ്ങി പിന്നെ സംഭവങ്ങള്‍ വേഗത്തിലാണ്‌ വികസിക്കുന്നത്‌.




പഠനകാലത്ത്‌ ഫൈവ്‌ പോയിന്റ്‌ സംതിംഗ്‌ ആയിരുന്നവര്‍ ഇന്ന്‌ ജീവിതത്തില്‍ നേട്ടങ്ങളുടെ ഹിമശൃംഗത്തില്‍.പഠനം മാത്രമായി ഒതുങ്ങാതെ സൗഹൃദത്തിന്റെ സഹകരണത്തിന്റെ, സ്നേഹത്തിന്റെ കുസൃതിയുടെ, സഹാനുഭൂതിയുടെ പുതിയ പാഠങ്ങളും ഇവര്‍ ഐഐറ്റി കാമ്പസ്സില്‍ നിന്ന്‌ പഠിച്ചെടുക്കുന്നു.അതിനെല്ലാം കാരണക്കാരന്‍ എന്നും പുതിയ ആശയങ്ങളുമായി കൂട്ടുകാര്‍ക്കിടയില്‍ നിറഞ്ഞു നിന്ന റിയാനും.




ഹരിയിലൂടെ നര്‍മ്മരസം കലര്‍ത്തിയാണ്‌
ചേതന്‍ ഭഗത്‌ "ഫൈവ്‌ പോയിന്റ്‌ സംതിംഗ്‌-വാട്ട്‌ നോട്ട്‌ ടു ഡു അറ്റ്‌ ഐഐറ്റി "അവതരിപ്പിക്കുന്നത്‌.എന്നാല്‍ ബന്ധങ്ങളുടെ വിവരണത്തില്‍ ഹൃദയത്തില്‍ തൊടുന്ന ഭാഷയാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌.ഋജുവായ, സരളമായ ശൈലി.ചേതന്റെ മാത്രമായ നിരീക്ഷണങ്ങള്‍.അതു വ്യക്തമാക്കാന്‍ വ്യതിരിക്തമായ ഭാഷാപ്രയോഗങ്ങള്‍.സംഭവങ്ങളുടെ വികാസത്തിലെ അപ്രതീക്ഷിതമായ നാടകീയത.....,അതെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാന്‍ അനുവാചകനെ നിര്‍ബന്ധിക്കുന്നതാണ്‌ ചേതന്‍ ഭഗത്തിന്റെ ക്രാഫ്റ്റ്‌.
അടുത്ത മാസം ഡെല്‍ഹിയില്‍ വച്ചു നടക്കുന്ന അലോകിന്റെ സഹോദരിയുടെ വിവാഹത്തില്‍ ഒത്തുചേരാനുള്ള ആകാംക്ഷയിലാണ്‌ ഹരിയും അലോകും റിയാനും നേഹയും.ആ പ്രതീക്ഷയില്‍ നോവല്‍ അവസാനിക്കുമ്പോള്‍
" ഏതു ധൂസര സങ്കല്‍പത്തില്‍ പിറന്നാലും
ഏത്‌ യന്ത്രവത്കൃത നാട്ടില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും " എന്ന വൈലോപ്പിള്ളിയുടെ വരികള്‍ ഒരു ചാറ്റുമഴയുടെ ചേലോടെ അനുവാചകന്റെ മനസ്സിലേയ്ക്ക്‌ പാറിവീഴും.
ഡല്‍ഹിയില്‍ 'രൂപ പബ്ലിക്കേഷന്‍സ്‌' ആണ്‌ "ഫൈവ്‌ പോയിന്റ്‌ സംതിംഗ്‌-വാട്ട്‌ നോട്ട്‌ ടു ഡു അറ്റ്‌ ഐഐറ്റി "യുടെ പ്രസാധകര്‍
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP