Showing posts with label കാലികം. Show all posts
Showing posts with label കാലികം. Show all posts

Friday, 19 August 2011

കൊടുത്താല്‍ കൊല്ലത്തും.......

സന്തോഷ്‌ അറയ്‌ക്കല്‍
ഭൂമികുഴിച്ച്‌ കുഴിച്ച്‌ നടന്നൊരു ഭൂതത്താനെ........
താന്‍ കുഴിച്ച കുഴിയില്‍ വീണതു താന്‍ തന്നെ ......
എന്നു തുടങ്ങുന്ന പഴയ മലയാള സിനിമാഗാനം ഇപ്പോള്‍ ചില കോണ്‍ഗ്രസ്സുകള്‍ പാടി നടക്കുന്നുണ്ടത്രേ.





പാമോയില്‍ കേസ്സ്‌ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി കസേരയ്‌ക്കു മുകളില്‍ ഡമാക്കസിന്റെ വാളുപോലെ തൂങ്ങിയാടുമ്പോള്‍ ചിരിക്കുന്നവര്‍ നിരവധിയാണ്‌. ജീവിച്ചിരിക്കുന്നവരും മരിച്ചവരും വരെ ഊറി ഊറി ചിരിക്കുന്ന കാഴ്‌ച ഉമ്മന്‍ ചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാകുമെന്നാണ്‌ കേള്‍വി. പാമോയില്‍ കേസ്സ്‌ എന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ നാളുകുറേയായി. പാമോയില്‍ കേസ്സിന്റെ ഉത്ഭവത്തെ കുറിച്ച്‌ തന്നെ ഒരു കഥയുണ്ട്‌. ആ കഥയുടെ നേരും നുണയും എത്രയുണ്ടന്ന്‌ എനിക്കറിയില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ്‌ രാഷ്‌ട്രീയത്തിലും, ഭരണതലത്തിലും എതിരാളികളെപ്പോലും നിഷ്‌പ്രഭരാക്കി കെ. കരുണാകരന്‍ അടക്കിവാഴുന്നകാലം. ഒരു വേള ഇന്ത്യയുടെ പ്രധാനമന്ത്രി ആരെന്ന്‌ നിശ്ചയിക്കുന്നതുവരെ എത്തിയിരുന്നു ആ വളര്‍ച്ച.




കരുണാകരന്‍
എന്ന സൂര്യന്റെ കീഴില്‍ എ ഗ്രൂപ്പ്‌ നിയോണ്‍ ബള്‍ബുപോലെ മിന്നുന്നകാലമായിരുന്നു അത്‌. അന്ന്‌ കരുണാകരനെയും അതു വഴി ഐ ഗ്രൂപ്പിനേയും തകര്‍ക്കാന്‍ എ ഗ്രൂപ്പ്‌ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ പാമോയില്‍ കേസ്സ്‌ കുത്തിപൊക്കിയെടുത്തത്‌ എന്നതായിരുന്നു കഥ. പാമോയില്‍ ഇറക്കുമതി നടക്കുമ്പോള്‍ കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ്‌ പാമോയില്‍ ഇറക്കുമതി സംബന്ധിച്ച മുഴുവന്‍ രേഖകളും പ്രതിപക്ഷത്തിന്‌ ചോര്‍ത്തികൊടുത്തത്‌ എന്നാണ്‌ ഐ ഗ്രൂപ്പുകാര്‍ അടക്കം പറയുന്നത്‌.




സംഗതി
നേരോ നുണയോ എനിക്കറിയില്ല. നേരായാലും നുണയായാലും പാമോയില്‍ കേസ്സ്‌ ഫ്രയിം ചെയ്‌തത്‌ കാണുന്നവര്‍ നേരെന്ന്‌ വിശ്വസിച്ചാല്‍ കുറ്റം പറയാനാവില്ല. അന്നത്തെ മുഖ്യമന്ത്രിയും സിവില്‍ സപ്ലെയ്‌സ്‌ വകുപ്പുമന്ത്രിയും കേസ്സില്‍ പ്രതികളായപ്പോള്‍ ധനകാര്യമന്ത്രി സാക്ഷിയുമായി.
അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായപ്പോള്‍ ഉണ്ട ചോറിന്‌ (കിട്ടിയ രേഖകള്‍ക്ക്‌) നന്ദി കാണിച്ചു അത്രമാത്രം. പ്രതികളായ മുഖ്യമന്ത്രിയും സിവില്‍ സപ്ലെയ്‌സ്‌ മന്ത്രിയും ഐ ഗ്രൂപ്പ്‌ കാരാണന്നത്‌ യാത്യശ്ചികം മാത്രം. ഇത്രയും പറഞ്ഞതില്‍ നിന്നും പാമോയില്‍ കേസ്സ്‌ വ്യാജമാണന്നോ, കെട്ടിച്ചമച്ചതാണന്നൊ അതില്‍ പ്രതികളായവര്‍ നല്ല തങ്കക്കുടങ്ങളാണന്നോ ഞാന്‍ വിചാരിക്കുന്നതായി ആരും തെറ്റിധരിക്കരുത്‌. കുടത്തില്‍ ഒളിപ്പിച്ചിരുന്ന ദുര്‍ഭൂതത്തെ മറുപക്ഷത്തെ തകര്‍ക്കാന്‍ വീണ്ടും വിചാരമില്ലാതെ തുറന്നുവിട്ടവര്‍ കരുതിയിരുന്നില്ല ഭാവിയില്‍ ഈ ഭൂതം തന്നെയും വേട്ടയാടുമെന്ന്‌. കൂട്ടത്തില്‍ നിന്ന്‌ കുതികാല്‍ പെട്ടുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാകുമെന്നാണ്‌ ഉപ്പോള്‍ മറുപക്ഷം പ്രചരിപ്പിക്കുന്നത്‌.ഒരു ഭാഗത്ത്‌ അന്നത്തെ മുഖ്യമന്ത്രിയുടെ ആത്മാവും ജീവിച്ചിരിക്കുന്ന മക്കളും, ഒന്നും അറിയാത്തവനെ പോലെ നടിച്ച്‌ എല്ലാം അറിഞ്ഞ്‌ കൊണ്ട്‌ മുകളില്‍ (ഡല്‍ഹിയില്‍) ഇരുന്ന്‌ ഈ ശിഷ്യന്റെ പതനം സ്വപ്‌നം കാണുന്ന മൗനിയായ ഗുരുവും, ഇങ്ങ്‌ കേരളത്തില്‍ ഇരുന്ന്‌ മുഖ്യമന്ത്രികസേര സ്വപ്‌നം കാണുന്ന സുന്ദര പുരുഷനും ഇതെല്ലാം കണ്ടുകൊണ്ട്‌ ആരുമറിയാതെ പൊട്ടിച്ചിരിക്കുന്നത്‌ എല്ലാവരും അറിയുന്നു.





മൗനിയായ ഗുരുവിനോട്‌ അടുത്തയാള്‍ പറഞ്ഞത്‌ കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന്‌ ഇപ്പോള്‍ ബോദ്ധ്യമായില്ലേ എന്നാണ്‌. ഈ കോടതി പരാമര്‍ശം മൂലം ഇപ്പോള്‍ മുഖ്യമന്ത്രി കസേര ഒഴിയേണ്ട്‌ സാഹചര്യം ഇല്ലങ്കിലും വരും നാളുകളില്‍ കുപ്പിയില്‍ നിന്നും പുറത്തുചാടിയ ദുര്‍ഭൂതം പുറത്തു വിട്ടവനെ തന്നെ തിരിഞ്ഞ്‌ പിടിക്കുമോ എന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. ഭൂതത്തിന്റെ നിയന്ത്രണം തട്ടിയെടുക്കുവാന്‍ ചില ഛിദ്രശക്തികള്‍ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്‌. ഇതേ വ്യക്തി തന്നെ ഇത്തരം ഭൂതങ്ങളുടെ സഹായത്താല്‍ നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ കാലാവധി തികയ്‌ക്കാതെ പുറത്തു പോകേണ്ടി വന്ന രണ്ട്‌ മുന്‍ മുഖ്യന്‍ മാരുടെ കിങ്കരന്‍മാര്‍ ഭൂതത്തിന്റെ നിയന്ത്രണം കൈക്കലാക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുന്നുണ്ട്‌. പാര്‍ട്ടി സമ്മേളനങ്ങളിലൂടെ ഇതിലും വലിയ ഭൂതത്തെ തളക്കാനുള്ളതുകൊണ്ട്‌ പ്രതിപക്ഷത്തിന്റെ ശല്യം കുറച്ചുകാലത്തെങ്കിലും ഉണ്ടാകില്ല എന്ന ആശ്വാസം മാത്രമാണ്‌ ഇപ്പോഴുള്ളത്‌.



Wednesday, 27 July 2011

മൂന്നാര്‍ കയ്യേറ്റവും രാഷ്‌ട്രീയ നാടകങ്ങളും

സന്തോഷ്‌ അറയ്‌ക്കല്‍


വീണ്ടും മൂന്നാര്‍ വാര്‍ത്തകളില്‍ നിറയുന്നു. ലോകത്തെ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാര്‍ ഇന്ന്‌ കയ്യേറ്റങ്ങളുടേയും അതിന്റെ പിന്നിലെ രാഷ്‌ട്രീയ അന്തര്‍ നാടകങ്ങളുടേയും പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുകയാണ്‌. കണ്ണന്‍ദേവന്‍ഹില്‍ റിസര്‍വ്വ്‌ (കെ.ഡി. എച്ച്‌), പള്ളിവാസല്‍, ചിന്നക്കനാല്‍, മാങ്കുളം തുടങ്ങിയ വില്ലേജുകളിലായി തഴച്ചുവളര്‍ന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ്‌ കേന്ദ്രങ്ങളും എന്തും കയ്യേറുവാനുള്ള മനുഷ്യന്റെ അടങ്ങാത്ത അത്യാഗ്രഹത്തിന്റെ പ്രതിഫലനങ്ങളാണ്‌. രണ്ടും മൂന്നും സെന്റ്‌ മുതല്‍ ആയിരം ഏക്കര്‍ വരെ വെട്ടിപിടിച്ച്‌ കാല്‍ചുവട്ടില്‍ വച്ചിരിക്കുന്ന വ്യക്തികളും പതിനായിര കണക്കിന്‌ ഏക്കര്‍ വരെ പിടിച്ചടക്കിയ കോര്‍പ്പറേറ്റുകളും ഈ കയ്യേറ്റങ്ങള്‍ക്ക്‌ പിന്നിലുണ്ട്‌.




കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ആരംഭിച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ എങ്ങും എത്താതെ അവസാനിക്കുകയായിരുന്നു. കയ്യേറ്റ ഭൂമിയില്‍ ബോര്‍ഡ്‌ വച്ച്‌ വിപ്ലവം നടപ്പിലാക്കുവാനും ഏതാനും കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുവാനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ സാധിച്ചുവെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്ത്‌ അതു പോലും നടക്കുമെന്ന്‌ വിശ്വസിക്കാനാവുന്നില്ല. കയ്യേറ്റത്തെ ആരാധനയായും മത മായും കാണുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, നേതാക്കന്‍മാരുടേയും കൈകളിലാണ്‌ ഭരണകൂടത്തിന്റെ കടിഞ്ഞാണ്‍ എന്നതും ഭൂമിയെ സേനേഹിക്കുന്നവരെ നിരാശയിലാക്കുന്ന കാര്യമാണ്‌.
മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രി കയ്യേറ്റം തിരിച്ച്‌ പിടിച്ച്‌ സ്ഥാപിച്ച സര്‍ക്കാര്‍ ബോര്‍ഡുകള്‍ മേല്‍ക്കൂരയാക്കി, ആ സര്‍ക്കാര്‍ പടിയിറങ്ങുന്നതിന്‌ മുമ്പേ തന്നെ പുതിയ കയ്യേറ്റങ്ങള്‍ നടത്തുവാനും, ഇടിച്ചു നിരത്തിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുവാനും കയ്യേറ്റ മാഫിയക്ക്‌ സാധിച്ചിരുന്നു എന്ന കാര്യവും വിസ്‌മരിച്ചുകൂടാ.




ഈ കയ്യേറ്റങ്ങള്‍ക്കെല്ലാം പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയ, മത, ഉദ്യോഗസ്ഥകൂട്ടു കെട്ടുകളുണ്ട്‌. അതിനെ വളര്‍ത്തുന്നതിലും പടര്‍ത്തുന്നതിലും മാറി മാറി ഭരിച്ച മുഴുവന്‍ രാഷ്‌ട്രീയ കക്ഷികള്‍ക്കും പങ്കുണ്ട്‌. മുഖ്യമന്ത്രി മൂന്നാര്‍ ദൗത്യവുമായി രംഗത്തു വന്നപ്പേഴും ശക്തമായി അതിനെ പ്രതിരോധിച്ചത്‌ മുഖ്യ മന്ത്രിയുടെ പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ നേതൃത്വമാണ്‌. ഒഴിപ്പിക്കാന്‍ വരുന്നവരുടെ കാലു വെട്ടുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച്‌ രംഗത്ത്‌ എത്തിയാണ്‌ അന്ന്‌ പാര്‍ട്ടി ജില്ലാ നേതൃത്വം മൂന്നാര്‍ ദൗത്യത്തെ പരാജയപ്പെടുത്തിയത്‌.




അച്ചുതാനന്ദന്റെ നയത്തിന്‌ എതിരായി നിന്നതുകൊണ്ട്‌ പാര്‍ട്ടിക്ക്‌ ജില്ലയില്‍ നേട്ടം ഉണ്ടാക്കാനായി എന്ന നിലപാടാണ്‌ ജില്ലാ ഘടകത്തിനുള്ളത്‌. ഭരണമുന്നണിക്ക്‌ കയ്യേറ്റ ഭൂമികള്‍ ഉള്‍പ്പെടുന്ന മൂന്ന്‌ മണ്‌ഡലങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞത്‌ കുടിയേറ്റത്തിന്റെ പേരില്‍ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്‌തതുകൊണ്ടാണന്നാണ്‌ ജില്ലാ ഘടകത്തിന്റെ വാദം. സംസ്ഥാനമൊട്ടാകെ ലേഖനങ്ങളിറക്കി ഇടതുമുന്നണിയെ പരാജയപ്പെടുത്തുവാന്‍ കച്ചകെട്ടിയിറങ്ങിയ കുഞ്ഞാടുകള്‍ ഈ മൂന്ന്‌ മണ്‌ഡലങ്ങളിലും ഇടതുമുന്നണിയെ പിന്തുണച്ചതും കയ്യേറ്റ കാര്യത്തിലെ രാഷ്‌ട്രീയ, മത, ഉദ്യോഗസ്ഥകൂട്ടു കെട്ടിന്റെ പ്രതിഫലനമാണ്‌.




കഴിഞ്ഞ ദിവസം ദേവികുളം സബ്‌ കളക്‌ടര്‍ നടത്തിയ വെളിപ്പെടുത്താല്‍ ഈ കൂട്ട്‌ കെട്ടിന്റെ ശക്തി വിളിച്ചോതുന്നതാണ്‌. മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ച്‌ 150 ല്‍ പരം പരാതികള്‍ പോലീസിനു നല്‍കിയിട്ടും അതിലൊന്നിലും പോലീസ്‌ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലത്രെ.
വീണ്ടും കുടിയൊഴിപ്പിക്കല്‍ ദൗത്യവമായി ചെവ്വാഴ്‌ച പുതിയ റവന്യു മന്ത്രി മൂന്നാര്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നു. മുമ്പ്‌ മൂന്നാര്‍ ദൗത്യത്തെ വഴിതിരിച്ച്‌ വിട്ട്‌ മുഖ്യമന്ത്രിയെ കുഴിയില്‍ ചാടിച്ചവര്‍ ഇന്ന്‌ പുതിയ റവന്യു മന്ത്രിയെ വഴി തെളിച്ച്‌ കൊണ്ടു പോകുന്നത്‌ എവിടേക്കായിരിക്കും എന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. മൂന്നാര്‍ വീണ്ടും സംഘര്‍ഷഭൂമിയായി മാറിയേക്കാം അതിനു മറവിലും നടക്കും പുതിയ മൂന്നു നാല്‌ കയ്യേറ്റങ്ങള്‍. എന്നാല്‍ നിയമപരമായി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്നാണ്‌ മന്ത്രി മൂന്നാറില്‍ പറഞ്ഞത്‌. അതില്‍ നിന്നും ഈ നൂറ്റാണ്ടില്‍ ഒന്നും നടക്കില്ലന്ന്‌ ഉറപ്പിക്കാം.
ഭരണത്തില്‍ ഇരുന്നപ്പോള്‍ ദൗത്യത്തെ എതിര്‍ത്ത്‌ തോല്‌പിച്ച്‌ ഇന്നത്തെ പ്രതിപക്ഷം ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്ത്‌ ചെയ്യുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.




കുടിയേറ്റങ്ങളേയും കയ്യേറ്റങ്ങളേയും തിരിച്ചറിഞ്ഞ്‌ നിയമങ്ങള്‍ സൃഷ്‌ടിക്കാനും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുവാനും ഇശ്ചാശക്തിയുള്ള ഭരണകൂടങ്ങള്‍ ഉണ്ടാവുകയും അത്തരം നീക്കങ്ങളെ പിന്തുണക്കാനും സഹായിക്കാനും ജനങ്ങളും ജുഡീഷ്യറിയും തയ്യാറാവുകയും ചെയ്യാത്തിടത്തോളം കാലം സ്വാധീനവും, പണവും, അധികാരവും ഉള്ളവര്‍ കയ്യേറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.




കയറിക്കിടക്കാന്‍ ഒരടി മണ്ണ്‌ പേലും സ്വന്തമായി ഇല്ലാതെ ആയിരങ്ങള്‍ കട തിണ്ണകളിലും പ്ലാസ്റ്റിക്‌ ഷീറ്റുകള്‍ക്കുള്ളിലും അന്തിയുറങ്ങുമ്പോള്‍, നൂറും ആയിരവും ഏക്കര്‍ ഭൂമി വെട്ടിപ്പിടിക്കുന്നവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ, മത. ഉദ്യോഗസ്ഥ കയ്യേറ്റ മാഫിയകളെ ജനം നടു റോഡില്‍ നേരിടുന്ന കാലം കേരളത്തിലും വരാതിരിക്കട്ടെ.

Wednesday, 3 November 2010

ലിയു സിയാബോ ചൈനയിലെ വേറിട്ട ശബ്ദം

ഹിമജ ഹരി
ചൈനയിലെ വേറിട്ട സ്വരമെന്നാണ്‌ ജനാധിപത്യവാദിയായ ലിയു സിയാബോ അന്താരാഷ്ട്രവൃത്തങ്ങളില്‍ അറിയപ്പെടുന്നത്‌ ഒടുവില്‍ നൊബേല്‍ പുരസ്കാര സമിതിയും ആ സ്വരം തിരിച്ചറിഞ്ഞിരിക്കുന്നു. 2010ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം തേടിയെത്തുമ്പോള്‍ അത്‌ സന്തോഷത്തോടെ സ്വീകരിക്കാന്‍ സിയാബോവിനാവില്ല. കാരണം ചൈനയിലെ സോഷ്യലിസ്റ്റ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ സര്‍ക്കാര്‍ വിധിച്ച 11വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്‌ അദ്ദേഹമിപ്പോള്‍.



ചൈനയിലെ ഏകകക്ഷി ഭരണ സംവിധാനത്തിനെതിരെയും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുമാണ്‌ സിയാബൊ എന്നും ശബ്ദമുയര്‍ത്തിയിട്ടുള്ളത്‌। 1988ല്‍ ഹോംഗ്കോംഗിലെ ലിബറേഷന്‍ മാഗസിന്‌ (ഇപ്പോള്‍ ഓപ്പന്‍ മാഗസിന്‍) നല്‍കിയ ഒരു അഭിമുഖത്തില്‍ സിയാബോ പറഞ്ഞു.



ചൈനയില്‍ മാറ്റം വരണമെങ്കില്‍ 300 വര്‍ഷത്തെയെങ്കിലും കോളനി ഭരണം വേണ്ടി വരും। കാരണം 100 വര്‍ഷത്തെ കോളനി ഭരണം കൊണ്ടാണ്‌ ഇന്ന്‌ കാണുന്ന ഹോംഗ്കോംഗ്‌ ഉണ്ടായത്‌. ചൈന കുറച്ചു കൂടി വലിയ രാജ്യമായതിനാല്‍ കുറഞ്ഞത്‌ 300 വര്‍ഷത്തെ കോളനി ഭരണം കൊണ്ട്‌ മാത്രമെ ചൈനയെ മാറ്റിയെടുക്കാനാവു. 300 വര്‍ഷം മതിയാവുമോ എന്ന്‌ എനിക്ക്‌ സംശയമുണ്ട്‌.




ഈ പ്രസ്താവനകളുടെ പേരിലാണ്‌ സിയാബോയ്ക്കെതിരായ നടപടികള്‍ക്ക്‌ സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്‌। പിന്നീട്‌ അറസ്റ്റുകളുടെ ഒരു പരമ്പര തന്നെയായിരുന്നു 1989 ലെ ടിയാനന്‍മെന്‍ സ്ക്വയര്‍ പ്രക്ഷോഭത്തിണ്റ്റെ മുന്നണി പ്രവര്‍ത്തകന്‍ കൂടിയായിരുന്ന സിയാബൊയെ കാത്തിരുന്നത്‌. 1989ലും 1996ലും സര്‍ക്കാര്‍ സിയാബോവിനെ അറസ്റ്റ്‌ ചെയ്തു.




ഏകകക്ഷി ഭരണത്തിനെതിരെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെയും 2008ല്‍ മുന്നൂറ്‌ അംഗങ്ങളെ ചേര്‍ത്ത്‌ സിയാബൊ തുടക്കം കുറിച്ച 'ചാര്‍ട്ടര്‍08' പ്രസ്ഥാനത്തോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു ജീവിതത്തിണ്റ്റെ വിവിധതുറകളില്‍പെട്ടവരില്‍ നിന്ന്‌ ശേഖരിച്ച 8600 ഒപ്പുകളുയി ചാര്‍ട്ടര്‍08ന്‌ ഔദ്യോഗിക തുടക്കം കുറിക്കാനിരുന്നതിണ്റ്റെ തലേദിവസമാണ്‌ സിയാബോയെ അവസാനമായി ചൈനീസ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.




ചൈനയിലെ സ്വതന്ത്ര എഴുത്തുകാരുടെ കൂട്ടായ്മ രൂപവത്കരിച്ച സിയാബൊ ചൈനീസ്‌ സര്‍ക്കാറിനെതിരെ വെബ്സൈറ്റുകളിലും മറ്റും തുടര്‍ച്ചയായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച്‌ നിരന്തരം തലവേദന സൃഷ്ടിക്കുകയും ചെയ്തിരുന്നു. സിയാബോയെ വിട്ടയക്കണമെന്ന ലോകരാജ്യങ്ങളുടെ ആവശ്യം ചെവിക്കൊള്ളാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ല. ഒടുവില്‍ ചൈനയുടെ തലവേദന കൂട്ടിക്കൊണ്ട്‌ സിയാബോയെ തേടി സമാധാനത്തിനുള്ള പുരസ്‌കാരവും എത്തിയിരിക്കുന്നു.

Tuesday, 5 October 2010

അയോദ്ധ്യ എന്തിന്‌ മൂന്നാക്കണം

ടൈറ്റസ്‌ കെ. വിളയില്‍

അഞ്ചുനൂറ്റാണ്ട്‌ നീണ്ട തര്‍ക്കത്തിന്‌ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു വിധിയാണ്‌ അയോദ്ധ്യ കേസില്‍ അലഹബാദ്‌ ഹൈക്കോടതിയുടെ ലക്നൗ ബഞ്ചില്‍നിന്ന്‌ സെപ്റ്റംബര്‍ 30ന്‌ ഉണ്ടായത്‌. ജസ്റ്റീസ്‌ എസ്‌.യു.ഖാന്‍, സുധീര്‍ അഗര്‍വാള്‍, ധരംവീര്‍ ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ്‌ ചരിത്ര പ്രസിദ്ധം എന്നു വിശേഷിപ്പിക്കാവുന്ന വിധി പ്രഖ്യാപിച്ചത്‌.
അയോദ്ധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച്‌ സുന്നി വഖഫ്‌ ബോര്‍ഡ്‌, നിര്‍മോഹി അഖാരാ, രാംലല്ല വിഭാഗങ്ങള്‍ക്ക്‌ നല്‍കണമെന്നും മൂന്നുമാസത്തേക്ക്‌ തല്‍സ്ഥിതി തുടരണമെന്നുമാണ്‌ വിധി. ബാബറി മസ്ജിദ്‌ - രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട്‌ 1950-89 വരെ ഫയല്‍ ചെയ്ത നാലു കേസുകളിലാണ്‌ ഹൈക്കോടതി തീര്‍പ്പുകല്‍പിച്ചത്‌. എല്ലാ കേസുകളും അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലെ കോടതിയിലായിരുന്നു ഫയല്‍ ചെയ്തിരുന്നത്‌.





നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുവേണ്ടി കേസുകള്‍ എല്ലാം 1989-ലാണ്‌ ഹൈക്കോടതിയിലേക്ക്‌ മാറ്റിയത്‌. അയോദ്ധ്യ കേസിനായി രൂപീകരിച്ച ഈ പ്രത്യേക ബഞ്ച്‌ ആയിരത്തിലധികം സാക്ഷികളെ വിസ്തരിച്ചശേഷമാണ്‌ ബാബറി മസ്ജിദ്‌ നിലനിന്നിരുന്ന 2.7 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്ക്‌ എന്ന കാര്യത്തില്‍ തീരുമാനം എടുത്തത്‌. ഉത്തര്‍പ്രദേശ്‌ സുന്നി സെന്‍ട്രല്‍ വഖഫ്‌ ബോര്‍ഡും അഖിലേന്ത്യാ ഹിന്ദുമഹാസഭയുമായിരുന്നു പ്രധാന കക്ഷികള്‍. ്‌.
വിധി വരുംമുമ്പ്‌ കരുതിയിരുന്നതുപോലുള്ള സംഘര്‍ഷങ്ങള്‍ക്കൊന്നും ഇനി സാധ്യതയില്ല എന്നാണ്‌ വിധിയോട്‌ ബന്ധപ്പെട്ടവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്‌. തീര്‍ച്ചയായിട്ടും പുതിയ ഒരു സഹകരണത്തിന്റെയും സൗഭ്രാത്രത്തിന്റെയും പുലരി വിരിയാനുള്ള സാധ്യതയാണ്‌ ഈ പ്രതികരണങ്ങളില്‍നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയുന്നത്‌. മതത്തിന്റെയും ജാതിയുടെയും പേരില്‍ തമ്മില്‍ത്തല്ലി തലകീറി സംഘര്‍ഷങ്ങളും സംഭീതികളും സൃഷ്ടിച്ച ഭൂതകാലത്തോട്‌ വിടപറയാനുള്ള പക്വത ബന്ധപ്പെട്ടവരെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഭാരതത്തിന്റെ പൗരാണികവും ലോകത്തിനു മാതൃകയുമായിട്ടുള്ള സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും പുതിയ അദ്ധ്യായം രചിക്കപ്പെടുമെന്ന്‌ നമുക്ക്‌ വിശ്വസിക്കാം.
കേസില്‍ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയവും എല്ലാവരും അംഗീകരിക്കേണ്ടതുമാണ്‌. അതില്‍ പ്രധാനം ഇനി പറയുന്നവയാണ്‌:






" തര്‍ക്കത്തിലുള്ള കെട്ടിടം ബാബറോ ബാബറുടെ ഉത്തരവു പ്രകാരമോ നിര്‍മ്മിച്ചതാണ്‌. പള്ളി നിര്‍മ്മിച്ച സ്ഥലമോ പള്ളിയോ ബാബറിന്റെ ഉടമസ്ഥതയിലായിരുന്നുവെന്നതിന്‌ തെളിവ്‌ ഒന്നുമില്ല. പള്ളി നിര്‍മ്മിക്കുന്നതിന്‌ ക്ഷേത്രം തകര്‍ത്തിട്ടില്ല. ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ്‌ പള്ളിയുടെ നിര്‍മ്മാണം നടന്നത്‌. പള്ളി ഉണ്ടാക്കുന്നതിന്‌ എത്രയോ കാലം മുമ്പ്‌ തകര്‍ന്നുപോയ ക്ഷേത്രമാണത്‌. പള്ളി നിര്‍മ്മിക്കുന്നതിനു മുമ്പു തന്നെ ആ ഭൂമിയിലാണ്‌ ശ്രീരാമന്‍ ജനിച്ചതെന്ന്‌ ഹിന്ദുക്കള്‍ വിശ്വസിച്ചുപോന്നിരുന്നു. എന്നാല്‍ കൃത്യമായി ഏതു സ്ഥലത്താണ്‌ ശ്രീരാമന്‍ ജനിച്ചതെന്ന്‌ അറിയുകയുമില്ല.1855നും വളരെ മുമ്പു തന്നെ രാംചതുര്‍ഭയും സീതാരസോയിയും നിലവില്‍ വന്നിരുന്നു. അവിടെ ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്നു. വളരെ അപൂര്‍വ്വവും അസാധാരണവുമായ അവസ്ഥയായിരുന്നു അത്‌. ഒരു ഭാഗത്ത്‌ മുസ്ലിംങ്ങള്‍ നമസ്‌ നടത്തിപ്പോന്നു. മറുഭാഗത്ത്‌ ഹിന്ദുക്കള്‍ പ്രാര്‍ത്ഥനയും നടത്തിപ്പോന്നു. മുകളില്‍ പറഞ്ഞ വസ്തുതയുടെ അടിസ്ഥാനത്തില്‍ ഒരു കാര്യം ഉറപ്പിക്കാം. തര്‍ക്കഭൂമി രണ്ടുകൂട്ടരും കൈവശംവച്ചുപോന്നതാണ്‌. സൗകര്യത്തിനുവേണ്ടി ഇരുകൂട്ടരും ഭൂമി ഉപയോഗിച്ചിരുന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള വിഭജനം അവിടെ ഉണ്ടായിട്ടില്ല. ഇരുകൂട്ടര്‍ക്കും ഭൂമിയിലുള്ള അവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട്‌ എവിഡന്‍സ്‌ ആക്ട്‌ 110-ാ‍ം വകുപ്പ്‌ പ്രകാരം സംയുക്തമായി കൈവശമായതിനാല്‍ സംയുക്തമായ ഉടമസ്ഥതയായേ ഇതിനെ കാണാന്‍ കഴിയു. ഈ പശ്ചാത്തലത്തില്‍ രണ്ടുകൂട്ടര്‍ക്കും തര്‍ക്കഭൂമിയില്‍ ഉടമസ്ഥതയുണ്ടെന്ന്‌ വ്യക്തമാകുന്നു ".
ശ്രദ്ധിക്കുക, വളരെ അപൂര്‍വ്വവും അസാധാരണവുമായ സഹകരണമാണ്‌ 1855നുമുമ്പ്‌ തന്നെ അയോദ്ധ്യയില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും ഇടയില്‍ ഉണ്ടായിരുന്നത്‌. ഒരേ സ്ഥലത്ത്‌ നമസും പൂജയും നടത്തി തങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനൊപ്പം സഹകരണത്തിനും സഹിഷ്ണുതയ്ക്കും സമാനതകളില്ലാത്ത ദൃഷ്ടാന്തമായിരുന്നു അന്നാട്ടിലെ ജനങ്ങള്‍ പ്രദര്‍ശിപ്പിച്ചത്‌.






ആ സഹകരണവും സഹിഷ്ണതയുമാണ്‌ അധികാര രാഷ്ട്രീയത്തിന്റെയും അതിജീവന രാഷ്ട്രീയത്തിന്റെയും പേരില്‍ ഗൂഢശക്തികള്‍ തകര്‍ത്തതും ഇന്ത്യയില്‍ ഒരു ആരാധനാ സ്ഥലത്തിന്റെ പേരില്‍ വര്‍ഗ്ഗീയ വിഭജനം സൃഷ്ടിച്ചതും ചോരപ്പുഴ ഒഴുക്കിയതും ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കുമിടയില്‍ വൈരാഗ്യത്തിന്റെ ഭൂമിക സൃഷ്ടിച്ച്‌ തീവ്രവാദത്തിന്‌ തീകൊളുത്തിയതും. അതിന്റെ ദാരുണവും സ്ഫോടനാത്മകവുമായ അനുഭവങ്ങള്‍ നാം കണ്ടുകഴിഞ്ഞതാണ്‌. ഒരേ മനസ്സോടെ ഏകോദര സഹോദരങ്ങളായി രാജ്യത്തിന്റെ പുരോഗതിക്കും അഭ്യുന്നതിക്കും ചെലവഴിക്കേണ്ട ഊര്‍ജ്ജമത്രയും വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ക്ക്‌ ചെലവഴിച്ച നിണനാളുകളാണ്‌ ഇന്ത്യ പിന്നിട്ടത്‌. ഇനി അത്‌ ഉണ്ടാകാന്‍ പാടില്ല.
കറുത്ത അനുഭവങ്ങള്‍ ജീവിതത്തില്‍ സ്വഭാവികം. എന്നാല്‍ ആ അനുഭവങ്ങളില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ പ്രകാശപൂര്‍ണ്ണിമയുടെ പുത്തന്‍പ്രഭാതത്തിലേക്ക്‌ ചുവടുവയ്ക്കുമ്പോഴാണ്‌ ഒരു രാഷ്ട്രവും അതിലെ ജനങ്ങളും അവരുടെ സംസ്ക്കാരവും ലോകത്തിനു മാതൃകയാവുക. വസുധൈവ കുടുംബകം എന്നും അതിഥിദേവോഭവ എന്നുമുള്ള അത്യപൂര്‍വ്വ സഹകരണത്തിന്റെ മസൃണ ചരിത്രം കുറിച്ച ഭാരതത്തിന്റെ ഓര്‍മ്മകളില്‍ ഭീകരതയുടെ ഇടിവെട്ടായി നില്‍ക്കുന്നതാണ്‌ ബാബറി മസ്ജിദിന്റെ തകര്‍ച്ചയും തുടര്‍ന്നുള്ള സംഭവങ്ങളും.




അവയ്ക്ക്‌ ചുക്കാന്‍ പിടിച്ചവരാരുമാകട്ടെ, അവരുടെ കണ്ണുതുറപ്പിക്കുന്നതാണ്‌ ലക്നൗ ബഞ്ചിന്റെ നിരീക്ഷണം. അതായത്‌ ഒരേ സ്ഥലത്ത്‌ ആരാധന നടത്തി സഹകരിച്ചുപോന്ന ഒരു സംസ്ക്കാരം അയോദ്ധ്യയില്‍ നിലനിന്നിരുന്നു. ആ സംസ്ക്കാരത്തിന്റെ പുന:സ്ഥാപനത്തിനായിട്ടാവണം ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട്‌ തര്‍ക്കസ്ഥലം മൂന്നായി വിഭജിക്കാതെ 1855നു മുമ്പുള്ള സഹകരണത്തിന്റെയും സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെയും വിശുദ്ധനാളുകള്‍ സൃഷ്ടിക്കാന്‍ നമുക്ക്‌ കഴിയുകയില്ലേ? അങ്ങനെലോകത്തിന്‌ ഒരു പുതിയ മാതൃകയാവാന്‍ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും മനസ്സുണ്ടാവുകയില്ലേ...? അതാണ്‌ കാലം എല്ലാവരില്‍ നിന്നും ആവശ്യപ്പെടുന്നത്‌.

Friday, 3 September 2010

ഈ വിധി പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ബാധകമാക്കേണ്ടേ?

ടൈറ്റസ്‌ കെ. വിളയില്‍
പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന പൊതുനിരത്തിലെ യോഗങ്ങളും റാലികളും നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ സിങ്കിള്‍ ബഞ്ചിന്റെയും ഡിവിഷന്‍ ബഞ്ചിന്റെയും വിധി തീര്‍ച്ചയായും ജനപക്ഷത്തുനിന്നുകൊണ്ടുള്ള നീതി നടത്തിപ്പായിരുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെയും മതസംഘടനകളുടെയും സാമുദായിക സംഘങ്ങളുടെയും ശക്തിപ്രകടനത്തിനുവേണ്ടി പൊതുനിരത്തുകള്‍ ഉപയോഗിക്ക്പ്പെടുമ്പോള്‍ സാധാരണക്കാരായ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമാണ്‌ ലംഘിക്കപ്പെടുന്നതെന്ന കാര്യത്തില്‍ ആര്‍ക്കണ്‌ സന്ദേഹമുള്ളത്‌..?
എന്നാല്‍ ഇവരെല്ലാം തന്നെ പൊതുജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണ്‌ തങ്ങളെന്ന്‌ അവകാശപ്പെടുകയും പൊതുസമൂഹത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്‌ ഇത്തരം ശക്തിപ്രകടനങ്ങളെന്ന്‌ അഭിമാനിക്കുകയും ചെയ്യുമ്പോഴാണ്‌ കൃത്യസമയത്ത്‌ ജോലിക്ക്‌ എത്താനാകാതെ അല്ലെങ്കില്‍ ജോലി കഴിഞ്ഞ്‌ വീടുകളില്‍ എത്താന്‍ കഴിയാതെ, രോഗികളെ ആശുപത്രിയില്‍ എത്തിക്കാനാകാതെ, പെരുവഴിയില്‍ ആശങ്കാകുലരായി നില്‍ക്കാന്‍ സാധാരണക്കാരന്‍ വിധിക്കപ്പെടുന്നത്‌.



സംഘടിതമായ ഈ കൈയ്യേറ്റത്തിനെതിരെ ഉണ്ടായ നീതിയുടെ ശക്തമായ ഇടപെടലായിരുന്നു കേരള ഹൈക്കോടതിയുടെ വിധികള്‍. വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത്‌ ക്രിമിനല്‍ കുറ്റമാണ്‌. പൊതുയോഗം നടത്തി. പൊതുനിരത്ത്‌ തടസ്സപ്പെടുത്തുന്നത്‌ കുറ്റകരമാണ്‌. ഗതാഗത ആവശ്യത്തിനല്ലാതെ റോഡുകള്‍ തടസ്സപ്പെടുത്തുകയോ കേടുവരുത്തുകയോ ചെയ്യുന്നത്‌ കൈയ്യേറ്റമാണ്‌ - ഇങ്ങനെ പോകുന്നു ഈ വിധിയുടെ ഗൗരവമായ വശങ്ങള്‍.





വഴിയോരത്ത്‌ യോഗം നടത്തി പൊതുനിരത്ത്‌ തടസ്സപ്പെടുത്തുന്നത്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 431, 339 വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്‌. 1999ലെ ഹൈവേ സംരക്ഷണ നിയമം അനുസരിച്ച്‌ ഗതാഗത ആവശ്യത്തിനല്ലാതെ ഹൈവേ പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുത്തുകയോ കേടു വരുത്തുകയോ ചെയ്യുന്നത്‌ കൈയ്യേറ്റമാണ്‌. പന്തല്‍,സ്റ്റേജ്‌, ബോര്‍ഡ്‌ ഇവ സ്ഥാപിക്കുന്നതും കൈയ്യേറ്റമാണ്‌. ഹൈവേയുടെ ഏതെങ്കിലും ഭാഗം ഗതാഗതത്തിന്‌ അല്ലാതെ ഉപയോഗിക്കുന്നത്‌ നിരോധിച്ചിട്ടുണ്ട്‌. അത്‌ ലംഘിക്കുന്നവര്‍ക്ക്‌ ശിക്ഷയുമുണ്ട്‌. മുനിസിപ്പല്‍, പഞ്ചായത്ത്‌ റോഡുകളുടെ കാര്യത്തിലും സമാനമായ നിയമങ്ങളുണ്ട്‌. ഈ നിയമത്തിലൊന്നിലും റോഡിന്റെ ഭാഗമല്ലാതെ മാറ്റിനിര്‍ത്താവുന്ന ഭാഗങ്ങളെക്കുറിച്ച്‌ പറയുകയോ ഏതെങ്കിലും ഭാഗത്ത്‌ യോഗം നടത്താന്‍ അനുവദിക്കുകയോ ചെയ്യുന്നില്ല.




താല്‍ക്കാലികമായി പോലും റോഡ്‌ തടസ്സപ്പെടുത്തുന്നത്‌ ക്രിമിനല്‍ കുറ്റമാണ്‌. അതിനാല്‍ ഗതാഗതം തട്സപ്പെടുത്തിക്കൊണ്ടുള്ള യോഗങ്ങള്‍ കുറ്റകരമാണ്‌ എന്നും ഹൈക്കോടതിയുടെ വിധി വ്യക്തമാക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ ഒരു വ്യക്തിക്കുള്ള അവകാശം , മറ്റൊരു വ്യക്തിയുടെ സമാധാനപരമായ ജീവിതത്തിലും സഞ്ചാര സ്വാതന്ത്ര്യത്തിലും ഉള്ള ഇടപെടലാകരുത്‌. ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 133-ാ‍ം വകുപ്പ്‌ പ്രകാരം ആര്‍ഡിഒയ്ക്ക്‌ ബാദ്ധ്യതയുണ്ട്‌. ഗതാഗത തടസ്സങ്ങളില്‍ ജീവന്‍ പോലും അപകടത്തിലാക്കുന്ന രോഗികള്‍, പരിക്കേറ്റവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണം. കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത്‌ ദിവസേന ശരാശരി പത്തിലേറെപേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. 3700-3900 വരെ ആളുകളാണ്‌ വര്‍ഷത്തില്‍ മരിക്കുന്നത്‌. 25000 പേര്‍ക്ക്‌ ഗുരുതരമായ പരിക്കും 10,000 പേര്‍ക്ക്‌ സാധാരണ പരിക്കും ഏല്‍ക്കുന്നു. ഈ കണക്കിന്റെയും കൂടി അടിസ്ഥാനത്തിലാണ്‌ കോടതി വധി പ്രഖ്യാപിച്ചത്‌.





എന്നാല്‍ സിങ്കിള്‍ ബഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന ഇടതുപക്ഷ മുന്നണിയിലെ മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ നേതാക്കളും അസഹിഷ്ണുതയോടെയാണ്‌ പ്രതികരിച്ചത്‌. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായുള്ള കോടതിയുടെ കടന്നുകയറ്റമാണ്‌ സിങ്കിള്‍ ബഞ്ചിന്റെ വിധി എന്നു വ്യാഖ്യാനിച്ചാണ്‌ എതിര്‍പ്പിന്റെ സ്വരങ്ങള്‍ ഇവര്‍ ഉയര്‍ത്തിയത്‌. എന്നാല്‍ നീതിപീഠത്തേയും പൊതുസമൂഹത്തിന്റെ മൗലിക അവകാശമായ സഞ്ചാര സ്വാതന്ത്ര്യത്തേയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു എം.വി.ജയരാജന്‍ അടക്കമുള്ളവര്‍ ധാര്‍ഷ്ട്യതയോടെ അഭിപ്രായം പ്രകടിപ്പിച്ചത്‌. എസ്‌എന്‍സി ലാവ്ലിന്‍ കേസിന്റെ അന്വേഷണം സിബിഐയ്ക്ക്‌ വിട്ടുകൊണ്ടുള്ള കോടതി വിധി വന്നതിനുശേഷം കോടിതികളെ കടിച്ചുകീറിയും ന്യായാധിപന്മാരെ വ്യക്തിപരമായി അധിക്ഷേപിച്ചും അവഹേളിച്ചുമാണ്‌ ഇവര്‍ കോടതിവിധികളോട്‌ പ്രതികരിച്ചുപോരുന്നത്‌.




എന്നുമാത്രമല്ല, സിങ്കിള്‍ ബഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ നീതിനിര്‍വ്വഹണത്തിന്റെയും നീതിപാലനത്തിന്റെയും എല്ലാ അടിസ്ഥാന മര്യാദകളും ലംഘിച്ചുകൊണ്ടാണ്‌ സര്‍ക്കാര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചത്‌. വിധി പ്രഖ്യാപിച്ച സിങ്കിള്‍ ബഞ്ച്‌ ജഡ്ജിയെ ഒഴിവാക്കണമെന്ന്‌ നികൃഷ്ടമായ ഒരു ആവശ്യവും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നേതാക്കന്മാരും സര്‍ക്കാരും ഉന്നയിച്ചു. ഈ ആവശ്യമാണ്‌ സര്‍ക്കാരിനുവേണ്ടി പാദസേവകനായ ഒരു ഡെപ്യൂട്ടി സെക്രട്ടറി ഹര്‍ജിയില്‍ ഉന്നയിച്ചത്‌. എന്നാല്‍ ഇങ്ങനെ ഒരു ആവശ്യം അതായത്‌ വിധി പ്രഖ്യാപിച്ച സിങ്കിള്‍ ബഞ്ച്‌ ജഡ്ജിയെ മാറ്റിനിര്‍ത്തണമെന്ന്‌ നിയമവകുപ്പോ മുഖ്യമന്ത്രിയോ ആവശ്യപ്പെട്ടിട്ടില്ല, എന്നിട്ടും ഏതൊക്കൊയോ രാഷ്ട്രീയ മേലാളന്മാര്‍ക്കുവേണ്ടിയാണ്‌ ഈ ഡെപ്യൂട്ടി സെക്രട്ടറി കുഴലൂത്തുകാരനായത്‌.കോടതികളേയും ന്യാധിപന്മരേയും പരസ്യമായി വെല്ലുവിളിക്കുന്ന, പൊതുസമൂഹ മദ്ധ്യേ അവഹേളിക്കുന്ന ഈ നിലപാട്‌ സര്‍ക്കാരിന്റെ പേരില്‍ എടുക്കാന്‍ ഒരു ഡെപ്പ്യ്യൂട്ടി സെക്രട്ടറി തയ്യാറായെങ്കില്‍ ഭരണത്തില്‍, ബാഹ്യശക്തികള്‍ക്കുള്ള സ്വാധീനത്തിന്റീ അശ്ലീലത എത്രയെന്ന്‌ ഊഹിക്കുക.ഈ താന്തോന്നിത്തത്തിനെതിരായ ശക്തമായ, നിയമപരമായ ഇടപെടലാണ്‌ ഡിവിഷന്‍ ബഞ്ചില്‍ നിന്നുണ്ടായത്‌.




ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരാണ്‌ ജനാധിപത്യ ഭരണ ക്രമത്തില്‍ നിശ്ചിത കാലയളവ്‌ വരെ ഭരണം നടത്തുന്നത്‌. നിയമങ്ങള്‍ സംരക്ഷിച്ച്‌ പൊതുസമൂഹത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നടത്തിയെടുക്കാന്‍ ബാദ്ധ്യസ്ഥമായ ഒരു സര്‍ക്കാരാണ്‌ തികച്ചും രാഷ്ട്രീയ മായ മുന്‍വിധിയോടും അഹന്തയോടും കൂടിയാണ്‌ ഈ പ്രശ്നത്തില്‍ ഇടപെട്ടത്‌. ഇത്‌ ജനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ്‌ ഞങ്ങള്‍ വിലയിരുത്തുന്നത്‌. ആ ധാര്‍ഷ്ട്യതയ്ക്ക്‌ ഏറ്റ കനത്ത പ്രഹരമാണ്‌ കോടതി വിധി.




ശ്രദ്ധിക്കുക, സര്‍ക്കാരുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന കേസുകളിലെല്ലാം കോടതികളില്‍ നാണം കെട്ട പരാജയമാണ്‌ ഇതുവരെ ഉണ്ടായിട്ടുള്ളത്‌. തിരുവനന്തപുരത്തെ ഗോള്‍ഫ്‌ ക്ലബ്ബ്‌ ഏറ്റെടുത്ത നടപടി മാത്രമാണ്‌ കോടതിയില്‍ പ്രഹരമേല്‍ക്കാതെ രക്ഷപെട്ട ഒരു സംഭവം. ഇവിടെ ഒരു ചോദ്യം ഉന്നയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി നല്‍കി നിയമിച്ചിട്ടുള്ള ഈ അഭിഭാഷകര്‍ എന്തുകൊണ്ടാണ്‌ ജനവിരുദ്ധമായ വിധികള്‍ ഉണ്ടാകാന്‍ കൂട്ടുനില്‍ക്കുന്നത്‌.? കോടതിയില്‍ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ വിധിന്യായം ഉണ്ടാക്കുക. അപ്പോള്‍ സര്‍ക്കാരിനെതിരായ വിധികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ആവശ്യത്തിന്‌ തെളിവുകള്‍ ന്യായപീഠങ്ങള്‍ക്കുമുമ്പില്‍ കൊണ്ടുവരാതിരുന്നതാണ്‌ എന്ന്‌ വരുന്നു. ഇങ്ങനെ നാണം കെട്ട തിരിച്ചടികള്‍ മാത്രംവാങ്ങിയവരാണ്‌ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം വന്നപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ചില നേതാക്കളുടെ അഹന്ത സംരക്ഷിക്കാന്‍ തെളിവുകളുമായി കോടതിയിലെത്തിയത്‌. അവര്‍ക്ക്‌ ഇത്തരം പ്രഹരം ഏറ്റേ മതിയാകു.




ഇത്‌ പ്രശ്നത്തിന്റെ ഒരുവശം
ഇനിയുള്ളത്‌ പ്രശ്നത്തിന്റെ ഗൗരവമേറിയ മറുവശം.
കോടതിവിധി അനുസരിച്ചാണെങ്കില്‍ വ്യക്തിയുടെ സമാധാനപരമായ ജീവിതത്തിലും സഞ്ചാരസ്വാതന്ത്ര്യത്തിലും ഉള്ള ഇടപെടല്‍ മനുഷ്യാവകാശ ലംഘനവും പൊതുശല്യവുമാണ്‌. ഗതാഗതത്തിന്‌ അല്ലാതെ റോഡിന്റെ ഏതെങ്കിലും ഭാഗം ഉപയോഗിക്കുന്നതും , പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്‌. ഈ യുക്തിയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ പ്രധാമന്ത്രി , പ്രസിഡന്റ്‌ തുടങ്ങിയവരുടെ സന്ദര്‍ശനത്തിനുവേണ്ടി റോഡുകള്‍ കൊട്ടിയടക്കുന്നതും ഗതാഗതം വഴിതിരിച്ചുവിടുന്നതും സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്‌. അതീവ സുരക്ഷാ വിഭാഗത്തില്‍ പെടുന്ന ഇവരുടെ സഞ്ചാരത്തിനായി ഗാതഗതം തിരിച്ചുവിടുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത തടസ്സം എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതാണ്‌. കോടതി ചൂണ്ടിക്കാട്ടിയതുപോലെ അത്യാസന്ന രോഗികള്‍, പരിക്കേറ്റവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി വരുന്ന ആമ്പുലന്‍സുകള്‍ പോലും തടഞ്ഞിട്ടുകൊണ്ടാണ്‌ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സുരക്ഷാ പാത ഒരുക്കുന്നത്‌.





ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച്‌ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഉള്ള അതേ പൗരാവകാശങ്ങളാണ്‌ സാധാരണക്കാരായ വ്യക്തികള്‍ക്കും ഉള്ളത്‌. ഒരാളുടെ അവകാശങ്ങള്‍ക്കുവേണ്ടി മറ്റൊരാളുടെ അവകാശങ്ങള്‍ തടയുന്നതും ഇല്ലാതാക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്‌. അതായത്‌ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയുമൊക്കെ സന്ദര്‍ശനത്തിനോടുബന്ധിച്ച്‌ നടത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ പൊതുസമൂഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുളള കടന്നുകയറ്റമാണ്‌, മൗലികാവകാശ ലംഘനമാണ്‌.
അതുകൊണ്ട്‌ കേരള ഹൈക്കോടതിയുടെ ഈ വിധി പ്രസിഡന്റിനും പ്രധാനമന്ത്രിക്കും കൂടി ബാധകമാക്കേണ്ടതല്ലേ...?


Sunday, 15 August 2010

മദനിയെ ആര്‍ക്കാണ്‌ പേടി ?

ടൈറ്റസ്‌ കെ. വിളയില്‍
ബാംഗ്ലൂര്‍ സ്ഫോടന പരമ്പരകേസില്‍ പിഡിപി നേതാവ്‌ അബ്ദുള്‍ നാസര്‍ മദനി പ്രതിയാണെന്നും അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യണമെന്നും ഹൈക്കോടതി വിധിയുണ്ടായിട്ടും ഇതെഴുതുന്നത്‌ വരെ അറസ്റ്റ്‌ ചെയ്തിട്ടില്ല. ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ചാണെങ്കില്‍ രാഷ്ട്രപതിയുടെ കേരളസന്ദര്‍ശനം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ഒരുക്കങ്ങള്‍ എന്നിവ പരിഗണിച്ച്‌ ആഗസ്റ്റ്‌ 15ന്‌ ശേഷം മാത്രമേ ംദനിയുടെ അറസ്റ്റുണ്ടാവുകയുള്ളു. അറസ്റ്റ്‌ ഉടന്‍ വേണമെന്ന നിലപാടിലാണ്‌ കര്‍ണാടക പോലീസ്‌. എന്നാല്‍, കഴിഞ്ഞദിവസം കോടതിവിധിയനുസരിച്ചുള്ള അറസ്റ്റ്‌ നടപ്പാക്കാന്‍ കര്‍ണാടക പോലീസ്‌ കേരളത്തിലേയ്ക്കയച്ചത്‌ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്‌ ഇന്‍സ്പെക്ടര്‍ എന്‍എച്‌ സിദ്ധപ്പ, കോണ്‍സ്റ്റബിള്‍മാരായ ശ്രീനിവാസ ബാബു, മൂര്‍ത്തി നായിക്‌ എന്നിവരടങ്ങുന്ന ചെറിയ ഉദ്യോഗസ്ഥരേയും ചെറിയ സംഘത്തേയുമായിരുന്നു. ഈ സംഘത്തെ ഉപയോഗിച്ച്‌ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ മദനിയെ അറസ്റ്റ്‌ ചെയ്യാന്‍ കഴിയുകയില്ല എന്ന്‌ അറിഞ്ഞിട്ടും ഇത്തരമൊരു നിലപാടും നടപടിയും എടുത്തത്‌ എന്തിന്‌ , ആര്‍ക്ക്‌ വേണ്ടി എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.



ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ കോടതി വിധിച്ചത്‌ പോലെ താന്‍ കുറ്റവാളിയാണെങ്കില്‍ അറസ്റ്റ്‌ വരിക്കാന്‍ തയ്യാറാണെന്ന്‌ മദനി തന്നെ പലവട്ടം സമ്മതിച്ചിട്ടുള്ളതാണ്‌. ഒപ്പം ഈ അറസ്റ്റ്‌ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്‌. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പ്രതിയല്ലാത്ത തന്നെ പ്രതിയാക്കി ഒരു ദശാബ്ദത്തോളം ജയിലിട്ട്‌ കൊല്ലാക്കൊല ചെയ്തതിലും രൂക്ഷമായ പീഡനമായിരിക്കും വരാനിരിക്കുന്നതെന്നും അത്‌ നേരിടാനും സഹിക്കാനും താന്‍ തയ്യാറാണെന്നും മദനി പറയുമ്പോഴും അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യുന്ന കാര്യത്തില്‍ കര്‍ണാടക പോലീസും കേരള പോലീസും കള്ളനും പോലീസും കളിക്കുന്ന കാഴ്ചയാണ്‌ പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുന്നത്‌.



ഇന്ന്‌ ലോകമൊട്ടാകെ ഒരു പ്രത്യേക മുന്‍വിധിയുണ്ട്‌. എവിടെയെല്ലാം തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നുണ്ടോ അതിന്റെ പിന്നിലെല്ലാം ഒരു മുസ്ലീം സംഘടനയും അതുമായി ബന്ധപ്പെട്ട മുസ്ലീങ്ങളും ഉണ്ട്‌ എന്നതാണ്‌ വികലമായ ആ വിലയിരുത്തല്‍. ശരിയാണ്‌ മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ലോകത്തെ വിറപ്പിക്കുന്ന തീവ്രവാദ പാതയിലേക്ക്‌ ഇറങ്ങിയിട്ടുണ്ട്‌. അതിന്‌ അവര്‍ക്ക്‌ പറയാന്‍ ഒട്ടേറെ ന്യായങ്ങളുമുണ്ട്‌. ഈ ന്യായങ്ങളില്‍ പലതിനും വര്‍ത്തമാനകാല പരിസരത്ത്‌ പ്രസക്തിയുമുണ്ട്‌. ഭരണകൂടങ്ങളും പാശ്ചാത്യ മൂലധന ശക്തികളും ചേര്‍ന്ന്‌ നടത്തുന്ന ഭീകര പ്രവര്‍ത്തനത്തെ നട്ടെല്ല്‌ നിവര്‍ത്തി ചോദ്യം ചെയ്യുന്നിടത്താണ്‌ ഇത്തരം ചില ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കപ്പെടുകയോ അല്ലെങ്കില്‍ യാഥാര്‍ത്ഥ്യമായി ഭവിക്കുകയോ ചെയ്യുന്നത്‌. അപ്പോള്‍ അത്തരമൊരു സാഹചര്യത്തിലേക്ക്‌ കുറ്റാരോപിതരായ മുസ്ലീം ഭീകരവാദികള്‍ എത്താനുണ്ടായ സാഹചര്യം മറന്നുകൊണ്ടാണ്‌ പലപ്പോഴും ഈ വിഭാഗത്തില്‍ പെട്ടവരെ പ്രാന്തവത്കരിക്കുന്നതും ഒറ്റപ്പെടുത്തി കുറ്റവാളികളാണെന്ന്‌ ബ്രാന്‍ഡ്‌ ചെയ്യുന്നതും..




ഇത്‌ പക്ഷെ, കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാനുള്ള പശ്ചാത്തലമാകുന്നില്ല.ഒരു രാഷ്ട്രത്തില്‍ നിലവിലിരിക്കുന്ന നിയമത്തിന്‌ വിരുദ്ധമായി വിഘടനവാദത്തിന്റെ വിസ്ഫോടന തന്ത്രങ്ങളുമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ ആ നിയമം അനുശാസിക്കുന്ന വിചാരണയ്ക്ക്‌ വിധേയരാകേണ്ടതാണ്‌. പലപ്പോഴും പൊതുവായ ഈ തത്വത്തെ ഭരണകൂട ഭീകരത അതിന്റെ എതിരാളികളെ തകര്‍ക്കാനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുന്നുണ്ട്‌ . തെളിവുകള്‍ ഇന്ത്യയില്‍ തന്നെ നിരവധി. വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടാക്കി കൊല്ലപ്പെട്ടവര്‍ മുസ്ലീം ഭീകരവാദികളാണെന്ന്‌ വരുത്തി തീര്‍ത്തതിന്റെ നാണംകെട്ട വാര്‍ത്തകള്‍ പുറത്ത്‌ വന്നുകൊണ്ടിരിക്കുകയാണ്‌.എന്നാല്‍ ഇതും കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാനുള്ള പരിസരമാകുന്നില്ല.




ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ അബ്ദുള്‍ നാസര്‍ മദനി പ്രതിയാണെന്ന്‌ കേസ്‌ അന്വേഷിച്ചവര്‍ കണ്ടെത്തിയതും ആ അന്വേഷണം ശരിയാണെന്ന്‌ കര്‍ണാടകയിലെ ഹൈക്കോടതി വരെ വിധിക്കുകയും ചെയ്തത്‌. അതിന്റെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായും മദനി അറസ്റ്റ്‌ ചെയ്യപ്പെടേണ്ടതാണ്‌.ഒരു കേസിലെ കുറ്റവാളി മറ്റൊരു സംസ്ഥാനത്തിലാണ്‌ കഴിയുന്നതെങ്കില്‍ ആ കുറ്റവാളിയെ അറസ്റ്റ്‌ ചെയ്യാന്‍, കുറ്റവാളി പാര്‍ക്കുന്ന സംസ്ഥാനം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ വേണ്ട സഹായം ചെയ്യാന്‍ നിയമപരമായി ബാധ്യസ്ഥവുമാണ്‌. ഈ പൊതുനിയമത്തിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതി എന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്ന അബ്ദുള്‍ നാസര്‍ മദനിയെ കസ്റ്റഡിയിലെടുക്കാന്‍ അല്ലെങ്കില്‍ അറസ്റ്റ്‌ ചെയ്യാന്‍ അവര്‍ക്ക്‌ അവകാശമുണ്ട്‌. മദനി ഇതിനെതിരെ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയ സാഹചര്യത്തില്‍ നിയമപരമായ ഈ അവകാശം നടപ്പിലാക്കാന്‍ കര്‍ണാടക സര്‍ക്കാരിനെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ ബാധ്യസ്ഥവുമാണ്‌.




എന്നാല്‍, അബ്ദുള്‍ നാസര്‍ മദനിയുടെ കാര്യത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ചിന്തിക്കുന്ന ജനസമൂഹത്തിന്റെ മുന്നില്‍ അവശേഷിപ്പിച്ചുകൊണ്ടാണ്‌ കര്‍ണാടക സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുന്നതും കേരള സര്‍ക്കാര്‍ ഈ അറസ്റ്റ്‌ താമസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. ഇവിടെ ബിജെപിയുടെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ്‌ രാജ്യരക്ഷയേക്കാള്‍ മുന്നിട്ട്‌ നില്‍ക്കുന്നതെന്ന ബോധമാണ്‌ പൊതുസമൂഹത്തിനുള്ളത്‌. കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ വൈര്യനിര്യാതന ബുദ്ധിയാണ്‌ അബ്ദുള്‍ നാസര്‍ മദനിയെ ഇപ്പോള്‍ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിയാക്കിയതെന്ന്‌ ചിന്തിക്കാന്‍ മദനിയുമായി ബന്ധപ്പെട്ടവര്‍ക്കും പിഡിപിക്കാര്‍ക്കും അവകാശം ഉള്ളിടത്തേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌. അതുകൊണ്ടാണ്‌ മദനിയുടെ അറസ്റ്റിന്‍ ശാരീരികമായി പോലും പ്രതിരോധിക്കാന്‍ അവര്‍ തയ്യാറാകുന്നത്‌. എന്നാല്‍, സൊഹറാബുദ്ദീന്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ ഗുജറാത്തില്‍ നടക്കുന്ന അറസ്റ്റുകള്‍ക്ക്‌ സാധുതയുണ്ടെങ്കില്‍ എന്തുകൊണ്ട്‌ മദനിയുടെ അറസ്റ്റിന്‌ അത്തരം ഒരു സാധുതയില്ല എന്ന്‌ പറയാന്‍ കഴിയുക ? വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഗുജറാത്തില്‍ അമിത്‌ ഷാ അടക്കമുള്ളവരെ അറസ്റ്റ്‌ ചെയ്തിട്ടുള്ളതെന്ന്‌ ഓര്‍ക്കണം. ഇന്ത്യയിലെ ക്രിമിനല്‍ കേസന്വേഷണ രീതികളുടെ ആശാസ്യമല്ലാത്ത കാലതാമസമാണ്‌ ഇത്തരത്തില്‍ വളരെ വൈകിയ വേളയിലെ അറസ്റ്റുകള്‍ക്ക്‌ കാരണമാകുന്നത്‌.
ആ വാസ്തവത്തിന്റെ വെളിച്ചത്തില്‍ വേണം മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കോലാഹലത്തെ വിലയിരുത്തേണ്ടത്‌. ഒരു കുറ്റവാളിയും താന്‍ ആ കുറ്റം ചെയ്തെന്ന്‌ സമ്മതിക്കാറില്ല. ഏത്‌ കുറ്റവാളിക്കും അതേസമയം തന്റെ ഭാഗം ന്യായീകരിക്കാനാണ്‌ കോടതിയിലെ വിചാരണയും തുടര്‍ നടപടികളും. ഇത്‌ ഇന്ത്യന്‍ നിമയവ്യവസ്ഥയില്‍ എല്ലാവര്‍ക്കും ബാധകമാണ്‌. അതില്‍ നിന്ന്‌ മദനിയെങ്ങനെയാണ്‌ ഒറ്റപ്പെട്ടവനാകുന്നതെന്ന്‌ പറയാന്‍ പലര്‍ക്കും ബാധ്യതയുണ്ട്‌. അവര്‍ ആ സത്യം പറയാതെ അധികാരത്തിന്റെയും അതിജീവനത്തിന്റെയും തന്ത്രങ്ങള്‍ പയറ്റുമ്പോഴാണ്‌ ഇപ്പോള്‍ സംജാതമായിട്ടുള്ള സന്ദിഗ്ദാവസ്ഥകള്‍ സൃഷ്ടിക്കപ്പെടുന്നത്‌.




മദനി കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ പ്രതിയായി ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വോട്ടാക്കി മാറ്റാന്‍ ശ്രമിച്ചവരാണ്‌ കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും. അദ്ദേഹം ജയില്‍ മോചിതനായി തിരിച്ചെത്തിയപ്പോള്‍ സ്വീകരണം നല്‍കാന്‍ മുന്നിട്ടിറങ്ങിയത്‌ കേരളത്തിലെ ഇടതുപക്ഷ നേതാക്കളായിരുന്നു. പിന്നീട്‌ അദ്ദേഹത്തെ ഒരു തെരഞ്ഞെടുപ്പില്‍ ഒപ്പം കൂട്ടുകയും ചെയ്തു. എന്നാല്‍, അപ്പോഴും മദനിയും ഭാര്യ സൂഫി മദനിയും ബന്ധപ്പെട്ട തീവ്രവാദ കേസുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നു. ഈ കേസുകള്‍ ഇനിയും അന്വേഷിച്ച്‌ അതിന്റെ അവസാന തീര്‍പ്പ്‌ കല്‍പ്പിക്കപ്പെട്ടിട്ടില്ല. കോടതി കുറ്റവാളിയാണെന്ന്‌ വിധിക്കും വരെ ഏത്‌ പൗരനും നിരപരാധിയാണെന്ന്‌ അവകാശപ്പെടാം. എന്നാല്‍, നീതി നിര്‍വ്വഹണ സംവിധാനം തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിലരെല്ലാം കു റ്റവാളികളാണെന്ന്‌ ആരോപിക്കുമ്പോള്‍ ആ ആരോപണം അടിസ്ഥാന രഹിതമാണെന്ന്‌ തെളിയിക്കാന്‍ ആരോപണവിധേയരായവര്‍ ബാധ്യസ്ഥരാണ്‌. അതിന്‌ തയ്യാറാകാതെ നിരപരാധിത്വം പത്രസമ്മേളനങ്ങളിലൂടെ വെളിപ്പെടുത്തുകയും ആ നിരപരാധിത്വത്തിന്‌ മതത്തിന്റെയും സമുദായത്തിന്റെയും സ്ഫോടനാത്മകമായ മതില്‍ സൃഷ്ടിക്കുകയും ചെയ്യുന്നത്‌ ആശാസ്യമാണോ എന്നതാണ്‌ ചോദ്യം. നാളെ ഇതേ അവസ്ഥ ഏതൊരു കുറ്റവാളിക്കും സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ നീതി നിര്‍വ്വഹണവും കേസന്വേഷണവും എത്രമാത്രം പ്രഹസനമായിതീരും എന്ന ആശങ്കയില്‍ നിന്നുകൊണ്ടാണ്‌ പൊതുസമൂഹം ഈ ചോദ്യം ഉന്നയിക്കുന്നത്‌. ഇതിന്‌ ഉത്തരം നല്‍കാന്‍ മദനി കുറ്റവാളിയാണെന്ന്‌ ആരോപിക്കുന്നവര്‍ക്കും കുറ്റവാളി അല്ല എന്ന്‌ അവകാശപ്പെടുന്ന മദനിക്കും ഉത്തരവാദിത്തമുണ്ട്‌. അതിനുള്ള നിയമപ്രക്രിയ പക്ഷപാത രഹിതമായി നടക്കണമെന്നതാണ്‌ പൊതുസമൂഹം ആവശ്യപ്പെടുന്നത്‌. അതിന്‌ സഹായകമായ അവസരം സൃഷ്ടിക്കുക എന്നതാണ്‌ നിയമപാലനത്തിന്റെയും നിയമങ്ങളോടുള്ള വിധേയ ഭാവത്തിന്റെയും വര്‍ത്തമാനകാല ആവശ്യം. അതെന്തുകൊണ്ട്‌ സാധ്യമാകുന്നില്ല ?
ഹൂ ഈസ്‌ അഫ്രൈഡ്‌ ഓഫ്‌ അബ്ദുള്‍ നാസര്‍ മദനി..?

Saturday, 20 March 2010

അമിതാബ്‌ ബച്ചന്‍ ബ്രാന്റ്‌ അംബാസഡര്‍ ആകരുതെന്ന്‌ പറയാന്‍ ഇവര്‍ക്കെന്ത്‌ അര്‍ഹത

ടൈറ്റസ്‌ കെ. വിളയില്‍

ഒടുവില്‍ വല്ല്യേട്ടന്റെ തീട്ടൂരം വന്നു : "അമിതാബ്‌ ബച്ചന്‍ കേരളത്തിന്റെ ടൂറിസം ബ്രാന്റ്‌ അംബാസഡര്‍ ആകണ്ട." സീതാറാം യെച്ചൂരി ന്യൂഡല്‍ഹിയില്‍ ഇത്‌ പ്രഖ്യാപിച്ചപ്പോള്‍ ഇവിടെ വൈക്കം വിശ്വന്‍ തത്തമ്മേ പൂച്ച പൂച്ചയായി.
അമിതാബ്‌ ബച്ചന്‍ ആവശ്യപ്പെട്ടതായിരുന്നില്ല ഈ സ്ഥാനം. ഒരു സ്വകാര്യ വാര്‍ത്താചാനലിനു നല്‍കിയ മുഖാമുഖത്തിനിടയില്‍ വന്ന ചോദ്യത്തിന്‌ മറുപടിയായാണ്‌ "കേരളത്തിന്റെ ടൂറിസം ബ്രാന്റ്‌ അംബാസഡര്‍ ആകാന്‍ തനിക്ക്‌ താല്‍പ്പര്യമുണ്ട്‌" എന്ന്‌ വെളിപ്പെടുത്തിയത്‌. കാള പെറ്റെന്ന്‌ കേട്ടപ്പോള്‍ കോടിയേരി കയറെടുത്തു. കേരളത്തിലെ ടൂറിസം മന്ത്രിയായ കോടിയേരി ബച്ചനെ ഈ സ്ഥാനത്തേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ ഔദ്യോഗികമായി കത്തെഴുതി. വിവരം മാധ്യമങ്ങള്‍ക്ക്‌ നേരിട്ട്‌ ചോര്‍ത്തി നല്‍കി വാര്‍ത്താ പ്രാധാന്യവും കൈയടിയും നേടി. അങ്ങനെ കേരള ടൂറിസത്തിന്‌ ബിഗ്ബിയിലൂടെ പുതിയ ബൂസ്റ്റ്‌ ലഭിക്കുമെന്ന്‌ എല്ലാവരും പ്രതീക്ഷിച്ചിരിക്കേയാണ്‌ വെള്ളിടിപോലെ, ഡല്‍ഹിയില്‍ നിന്ന്‌ യെച്ചൂരിയുടെ പ്രഖ്യാപനം വന്നത്‌.

ഇതിന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ചൂണ്ടിക്കാട്ടാന്‍ ന്യായമുണ്ട്‌.
ഗുജറാത്തിന്റെ ബ്രാന്റ്‌ അംബാസഡര്‍ കൂടിയാണ്‌ അമിതാബ്‌ ബച്ചന്‍. കറതീര്‍ന്ന വര്‍ഗീയ വാദിയായ നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ ബ്രാന്റ്‌ അംബാസഡറെ വര്‍ഗീയ വാദത്തിനും തീവ്രവാദത്തിനും ഏകാധിപത്യ ഭരണത്തിനുമെതിരെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിയും പികെ. ശ്രീമതിയും എളമരം കരീമും പിന്നെ ജയരാജന്മാരും വിപ്ലവ ശലാഖകളായി എരിയുന്ന സംസ്ഥാനത്തിന്റെ ബ്രാന്റ്‌ അംബാസഡറാക്കാന്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ധാര്‍മ്മിക ബോധം അനുവദിക്കുന്നില്ല.



മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ധാര്‍മ്മിക ബോധം എന്നുപറയുമ്പോള്‍ പൊട്ടിച്ചിരിക്കാത്ത ഒരു കല്ലുപോലും കേരളത്തിലില്ല. അത്രയ്ക്ക്‌ സുതാര്യവും അങ്ങാടിപ്പാട്ടുമാണ്‌ ഈ വിപ്ലവ നേതാക്കന്മാരുടെ ധാര്‍മ്മികതയും സദാചാരബോധവും അഴിമതി വിരുദ്ധ നിലപാടും ......അങ്ങനെ
പലതും.
അതിജീവനത്തിന്‌ വേണ്ടി എന്ത്
‌ തോന്ന്യാസവും കാണിക്കാമെന്ന അഹങ്കാരമാണ്‌ മേല്‍ സൂചിപ്പിച്ച നേതാക്കന്മാര്‍ നയിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കഴിഞ്ഞ കുറേ നാളായി കേരളത്തില്‍ അനുവര്‍ത്തിച്ച്‌ പോരുന്ന നയം. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും അധഃസ്ഥിത വര്‍ഗത്തിന്റെയും ദുര്‍ബല ജനതയുടെയും ഐക്യദാര്‍ഢ്യത്തിനും അവരുടെ മോചനത്തിനും അതിലൂടെ ചൂഷണമില്ലാത്ത ഒരു സമുദായം കെട്ടിപ്പടുത്ത്‌ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാനാണ്‌ പിണറായി വിജയന്‍ സ്കോഡ കാറില്‍ അഴിമതികേസ്‌ വിചാരണയ്ക്ക്‌ കോടതിയിലെത്തുന്നത്‌. കോടിയേരി ബാലകൃഷ്ണന്‍, ദിവസം തോറും ചെറുപ്പക്കാരനായി ഔദ്യോഗിക വാഹനത്തില്‍ കേരളത്തില്‍ ചുറ്റിയടിക്കുന്നു. അതിനാണ്‌ ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ കള്ള്‌ ഭക്ഷ്യപദാര്‍ത്ഥമാക്കാന്‍ ശ്രമം നടക്കുന്നത്‌. ഡിവൈഎഫ്‌ഐയിലേക്ക്‌ യുവതികളെ ആകര്‍ഷിക്കാന്‍ യോഗ പരിശീലനം അനിവാര്യമാണെന്ന്‌ സ്ഥാപിച്ചെടുക്കുന്നത്‌ വിസ്മയ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നത്‌. നായനാരുടെ സ്മരണാര്‍ത്ഥം ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്‌. വയനാട്ടില്‍ ഹൈക്കോടതി വിധി ധിക്കരിച്ച്‌ കൈയേറ്റസമരം നടത്തുന്നത്‌. ഇത്തരത്തില്‍ ജനങ്ങളുമായി അടുത്തിടപഴകുകയും അവരുടെ പ്രശ്നങ്ങളില്‍ പ്രത്യയശാസ്ത്ര സത്യസന്ധതയോടെ ഇടപെടുകയും ചെയ്ത്‌ പരിഹാരം കണ്ടെത്തുന്ന കേരളത്തിലെ മാര്‍ക്സ്സിറ്റ്‌ പാര്‍ട്ടിക്ക്‌ ജീവന്‍ പോയാലും മോഡിയെ ന്യായീകരിക്കുന്ന അമിതാബ്‌ ബച്ചനെ ബ്രാന്റ്‌ അംബാസഡറാക്കാന്‍ കഴിയുകയില്ല.


ഈ നിലപാടിന്റെ കാര്‍ക്കശ്യം നാം
അബ്ദുള്ളക്കുട്ടി വിഷയത്തില്‍ കണ്ടതാണ്‌. ഗുജറാത്ത്‌ സംസ്ഥാനത്തിന്റെ വ്യാവസായി പുരോഗതിക്ക്‌ നരേന്ദ്രേമോഡി സ്വകീകരിച്ച നയങ്ങളാണ്‌ പ്രത്യുത്പാദനപരവും പ്രതീക്ഷാ ഭരിതവും ക്രിയാത്മകവും എന്ന്‌ ഗള്‍ഫില്‍ ഒരു സ്വകാര്യ കൂട്ടായ്മയില്‍ പ്രസംഗിച്ചതാണ്‌ അബ്ദുള്ളുക്കുട്ടിക്ക്‌ പാര്‍ട്ടിയുടെ പുറത്തേക്ക്‌ ചുവന്ന പരവതാനി വിരിക്കാന്‍ കാരണമായത്‌. ഇങ്ങനെ പ്രത്യയശാസ്ത്രപരവും വിശ്വാസപരവുമായ കാര്യത്തില്‍ അണുവിട വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറാകാത്ത അദര്‍ശ ശുദ്ധരാണ്‌ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍. അതുകൊണ്ട്‌ അവര്‍ക്ക്‌ മോഡിയെ അംഗീകരിക്കുന്ന അമിതാബ്‌ ബച്ചനെ സ്വീകരിക്കാന്‍ കഴിയുകയില്ല. ചിരിവരുന്നില്ലേ സഖാവെ ഇതെല്ലാം കേട്ടിട്ട്‌.....



പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്ന വ്യക്തി ആരായാലും ദാക്ഷണ്യമില്ലാത്ത ശിക്ഷണനടപടിയാണ്‌ അവര്‍ക്കെതിരെ സ്വകരിച്ചിട്ടുള്ളത്‌. ഇഎംഎസും നൃപനുമൊക്കെ ഇത്തരം ശിക്ഷകള്‍ അനുഭവിച്ചിട്ടുള്ളതാണ്‌. അവരെ ഇങ്ങനെ ശിക്ഷിച്ചതിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന പിണറായിയെയും വി.എസിനെയും ഒരു തട്ടത്തില്‍ പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ തരം താഴ്ത്തുക പോലും ചെയ്ത പാരമ്പര്യമാണ്‌ പാര്‍ട്ടിക്കുള്ളത്‌. അതായത്‌ പ്രത്യയശാസ്ത്രപരമായ കാര്യങ്ങളില്‍ ഒരു അനുരഞ്ജനത്തിനും പാര്‍ട്ടി തയ്യാറല്ല. അത്‌ നേതാക്കന്മാരുടെ വ്യക്തിജീവിത കാര്യത്തിലായാലും മാറ്റമില്ല. തമിഴ്‌നാട്ടിലെ ഡബ്ല്യു ആര്‍ വരദരാജന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായതും പാര്‍ട്ടിയുടെ വെള്ളം ചേര്‍ക്കാത്ത ഇത്തരം ധാര്‍മ്മിക നിലപാടുകളാണ്‌.
പൊട്ടിച്ചിരിക്കാന്‍
തോന്നുന്നില്ലേ സഖാവെ ഇതെല്ലാം കേട്ടിട്ട്‌.......


നരേന്ദ്ര മോഡി അദ്ദേഹം വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നയങ്ങളില്‍ അണുവിട ചലിക്കാതെ ഒട്ടിച്ചേര്‍ന്ന്‌ നില്‍ക്കുന്ന മുഖ്യമന്ത്രിയാണ്‌. അതുകൊണ്ട്‌ അദ്ദേഹം കോണ്‍ഗ്രസിന്റെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും മറ്റ്‌ രാഷ്ട്രീയ പാര്‍ട്ടികളുടെയും കണ്ണില്‍ ഹൈന്ദവ തീവ്രവാദിയാണ്‌. തീര്‍ച്ചയായും അത്തരം നിലപാട്‌ സ്വീകരിക്കുന്ന ഒരു വ്യക്തിയുമായും ജനാധിപത്യ-മതനിരപേക്ഷ നിലപാട്‌ സ്വീകരിക്കുന്ന ആര്‍ക്കും കൈകോര്‍ക്കാന്‍ കഴിയുകയില്ല.


മോഡി ഭൂരിപക്ഷ തീവ്രവാദത്തിന്റെ വക്താവാണെങ്കില്‍ ന്യൂനപക്ഷ തീവ്രവാദ
ത്തിന്റെ വക്താവായിട്ടായിരുന്നു അബ്ദുള്‍ നാസര്‍ ംദനിയെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അടക്കമുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്‌. ഇപ്പോള്‍ പിടിയിലായ തടിയന്റവിട നസീര്‍ അടക്കമുള്ളവരില്‍ നിന്ന്‌ പോലീസിനും ദേശീയ അന്വേഷണ ഏജന്‍സിക്കും ലഭിച്ചിട്ടുള്ള മൊഴികള്‍ അനുസരിച്ച്‌ കേരളത്തില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതിനും തീവ്രവാദികളെ സംരക്ഷുക്കുന്നതിലും ംദനിക്കും ഭാര്യ സൂഫി ംദനിക്കുമുള്ള പങ്ക്‌ സംശയങ്ങള്‍ക്കെല്ലാം അതീതമായിട്ടുളള്‍താണ്‌. ആ ംദനിയുമായി പൊന്നാനി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയും ംദനിയുമായി വേദി പങ്കിടുകയും ചെയ്ത വിപ്ലവ പൂര്‍ണതയാണ്‌ സഖാവ്‌ പിണറായി വിജയന്‍ കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായും അബ്ദുള്‍നാസര്‍ ംദനിയുമായും ഇടതുമുന്നണി സ്വീകരിച്ച രാഷ്ട്രീയ ബാന്ധവം തെറ്റായിരുന്നു എന്നും അത്‌ പാര്‍ട്ടിയുടെ പ്ര്യാപിത നയങ്ങളെ അട്ടിമറിക്കുന്നതായിരുന്നു എന്നും പോളിറ്റ്‌ ബ്യൂറോ അടക്കമുള്ള എല്ലാ സംവിധാനങ്ങളും കണ്ടെത്തിയതാണ്‌. എന്നിട്ടും പിണറായിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സഖാവ്‌ കാരാട്ടിനോ സഖാവ്‌ യെച്ചൂരിക്കോ നട്ടെല്ലുറപ്പുണ്ടായില്ല. പിണറായിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടാന്‍ വി.എസ്‌ ഒഴിച്ച്‌ ഒരു നേതാവും ഉണ്ടായില്ല. പിണറായിയുമായി തട്ടിച്ചുനോക്കുമ്പോള്‍ അമിതാബ്‌ ബച്ചന്റെ തെറ്റ്‌ എത്രയോ നിസാരമാണ്‌.


നമുക്ക്‌
വരദരാജനിലേക്ക്‌ വരാം. ഭാര്യ നല്‍കിയ ഒരു പരാതിയുടെ അടിസ്ഥാന്തിതലാണ്‌ അദ്ദേഹത്തിനെതിരെ കടുത്ത ശിക്ഷണ നടപടി പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടത്‌. ഏതോ ഒരുയുവതിയുമായി വരദരാജന്‍ നടത്തിയ എസ്‌എംഎസ്‌ ഇടപാടാണ്‌ ഭാര്യ ചൂണ്ടിക്കാട്ടിയത്‌. എന്നാല്‍, ഭാര്യ ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന്‌ തെളിഞ്ഞിട്ടും വരദരാജനെ ബലിയാടുക്കുകയായിരുന്നു. ദാമ്പത്യ ബാഹ്യ ബന്ധവും വ്യഭിചാരവും തെറ്റാണെങ്കില്‍ കേരളത്തിലെ മുതിര്‍ന്ന മാര്‍ക്സിസ്റ്റ്‌ നേതാക്കന്മാരാടക്കം എത്രപേരുടെ തലകള്‍ ഉരുളേണ്ടതാണ്‌. കപ്പലില്‍ റഷ്യന്‍ സുന്ദരിമാരോടൊപ്പം കൂത്താടിയ നേതാവും സിന്‍ഡിക്കേറ്റ്‌ അംഗമായ വീട്ടമ്മയെ ഇന്നും കൊണ്ടുനടക്കുന്ന മന്ത്രിയും മാന്യന്മാരായിട്ടാണ്‌ വിലസുന്നത്‌. ചൂണ്ടിക്കാണിക്കാന്‍ കെട്ടുനാറുന്ന വൃത്തികെട്ട വ്യഭിചാര കഥകള്‍ നിരവധിയാണ്‌. അതിനെതിരെ സഖാവ്‌ കാരാട്ടിന്റെയോ സഖാവ്‌ യെച്ചൂരിയുടേയോ ധാര്‍മ്മിക രോഷം ഇതുവരെ ഉയര്‍ന്ന്‌ കേട്ടിട്ടില്ല. സാന്തിയാഗോ മാര്‍ട്ടിനുമായും ഫാരിസ്‌ അബൂബക്കറുമായും ലിസ്‌ കുര്യാക്കോസുമായും സാമ്പത്തിക ബന്ധം സ്ഥാപിച്ച സഖാവിനെതിരെയും നടപടിയുണ്ടായില്ല. കിങ്ങ്ഫിഷര്‍ കമ്പനി വിമാനസര്‍വീസും നടത്തുന്നതുകൊണ്ട്‌ അവരുമായി സഹകരിച്ച്‌ നായനാരുടെ പേരില്‍ ഫുട്‌ ബോള്‍ നടത്തുന്നതില്‍ തെറ്റില്ലെന്ന്‌ വാദിച്ച സഖാവും ആദരണീയനാണ്‌. ഇത്തരത്തില്‍ ആദരണീയരായ സഖാക്കള്‍ മാത്രമാണ്‌ കേരളത്തിലുള്ളത്‌. ഇവരുടെ ജനവിരുദ്ധവും വര്‍ഗവിരുദ്ധവും ജനാധിപത്യ വിരുദ്ധവും വര്‍ഗീയവാദപരവുമായ നിലപാടുകളുമായുള്ള പാരസ്പര്യത്തില്‍ അമിതാബ്‌ ബച്ചന്‍ തീര്‍ത്തും നിഷ്കളങ്കനും മാന്യനും എന്നിട്ടും അമിതാബ്‌ ബച്ചനെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആക്കണ്ട എന്നാണ്‌ സഖാക്കളുടെ തീരുമാനം.


ആവര്‍ത്തിക്കട്ടെ സഖാവെ, അമിതാബ്‌ ബച്ചന്‍ ഇത്തരമൊരു സ്ഥാനം ആവശ്യപ്പെട്ടതല്ല. പോളിറ്റ്‌ ബ്യൂറോ അംഗവും ടൂറിസം മന്ത്രിയുമായ
കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ അമിതാബ്‌ ബച്ചന്‍ തന്റെ സമ്മതം അറിയിച്ചത്‌. ഇങ്ങനെ ഒരു കത്തെഴുതും മുമ്പ്‌ അമിതാബ്‌ ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്റ്‌ അംബാസഡറായിരുന്നു എന്ന വാസ്തവം കോടിയേരിക്ക്‌ അറിയില്ലായിരുന്നോ...? ഇത്തരം വിവരക്കേടുകളെയാണോ പോളിറ്റ്‌ ബ്യൂറോ മെംബറാക്കേണ്ടതും മന്ത്രിയാക്കേണ്ടതും....? കഴിഞ്ഞ യുഡിഎഫ്‌ ഭരണത്തില്‍ രോഷാകുലരായി ജനം മറിച്ചു വോട്ട്‌ ചെയ്തത്‌ ഇത്തരം തോന്ന്യാസങ്ങള്‍ നടത്താനായിരുന്നോ....?


ഒരു വാസ്തവം ആര്‍ക്കും നിഷേധിക്കാനാവില്ല. അമിതാബ്‌ ബച്ചന്റെ മാന്യതയ്ക്കും
രാഷ്ട്രീയ സത്യസന്ധതയ്ക്കും മുന്നില്‍ വെറും കൃമികളാണ്‌ ഇന്ന്‌ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടുളള്‌ കേരളത്തിലെ വിപ്ലവാചാര്യന്മാരായ നേതാക്കന്മാര്‍. അതുകൊണ്ടുതന്നെ ജനങ്ങളുടെ മുമ്പില്‍ വിഡ്ഢിവേഷം കെട്ടേണ്ടി വന്നത്‌ അമിതാബ്‌ ബച്ചനല്ല മറിച്ച്‌ ഈ ജനവഞ്ചകര്‍ക്കാണ്‌.

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP