Tuesday, 30 November 2010

ഏലിയാസിന്റെ മോക്ഷയാത്രകള്‍

ടൈറ്റസ്‌ കെ. വിളയില്‍

ഏലിയാസ്‌ എന്ന വാക്കിന്‌ മറുപേരുള്ളവന്‍ എന്നാണ്‌ ബൈബിള്‍ കല്‍പ്പിക്കുന്ന അര്‍ത്ഥം. എന്നാല്‍, രണ്ട്‌ സ്വത്വങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞ്‌ തകര്‍ന്ന്‌ ആത്മനിന്ദയും അപകര്‍ഷതാബോധവും അപമാനവും സഹിച്ച്‌ വളരാനായിരുന്നു നാം അനുധാവനം ചെയ്യാന്‍ പോകുന്ന ഏലിയാസിന്റെ നിയോഗം.




അമ്മയുടെ കാമുകന്റെ പുത്രനായി ജനനം. അമ്മയുടെ ഭര്‍ത്താവിന്റെ മകനായി വളര്‍ച്ച. പിഴച്ചുപെറ്റ സന്തതിയെന്ന അഭിശപ്തത ലോകത്തിനുമുഴുവന്‍ ബോധ്യമാക്കാന്‍ പോരുന്ന പൊക്കമില്ലായ്മ. അതുകൊണ്ടുതന്നെ മരം വെട്ടുകാരന്‍ പാപ്പിക്കും തന്റെ അമ്മയ്ക്കും എന്നും അവജ്ഞയോടെ തിരസ്കരിക്കാന്‍ കഴിയുന്ന ജീവിതം. ശൈശവത്തിന്റെ അവകാശമായ മുലപ്പാല്‍ പോലും നിഷേധിക്കപ്പെട്ട വളര്‍ച്ച. അമ്മയുടെ ഭര്‍ത്താവിന്റെ വീട്ടിലെ എല്ലാ ജോലികളും ചെയ്താലും വയറുനിറയെ ഭക്ഷണം കിട്ടാതെയുള്ള വിശപ്പിന്റെ രാപ്പകലുകള്‍. ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തവും പാപഭാരവും പുളിവടികൊണ്ട്‌ തന്റെ ശരീരത്തില്‍ തീര്‍ക്കുന്ന അമ്മ. ഉറക്കെ കരയാന്‍ പോലും അവകാശമില്ലാതെ ശിക്ഷയേറ്റുവാങ്ങേണ്ട അവസ്ഥകള്‍.




അപ്പോഴും ഏലിയാസ്‌ വളരുകയായിരുന്നു. സ്വന്തം ഗൃഹത്തില്‍ നിന്ന്‌ ഒരു വേള സ്വന്തം അസ്ഥിത്വത്തില്‍ നിന്നുപോലും പുറത്താക്കപ്പെട്ട നിസ്സഹായതയോടെ. സഹോദരിയും സഹോദരനും പോലും പൂര്‍വ്വജ്ഞാനം ലഭിച്ചിട്ടെന്നപോലെ അകറ്റിനിര്‍ത്തുന്ന ഗൃഹാന്തരീക്ഷം. അമ്മയുടെ കഠിന ക്രൈസ്തവ ജീവിത ബോധങ്ങള്‍ മനസ്സിലുണ്ടാക്കിയ ചാവുദോഷങ്ങളെ കുറിച്ചുള്ള ഭയാശങ്കകള്‍. അപ്പോഴും ,ബാല്യത്തില്‍ അന്യമതസ്ഥയായ ഒരു പെണ്‍കുട്ടിയുടെ സ്നേഹവായ്പിനു കൊതിച്ച മനസ്സ്‌. വിധി നിര്‍മലയേയും തട്ടിയെടുത്ത്‌ പറന്നപ്പോള്‍ ഏകനാക്കപ്പെട്ടവന്റെ സംത്രാസങ്ങള്‍....
കൗമാരത്തില്‍ ശരീരത്തിന്റെ സഹജവാസനകള്‍ ഉണര്‍ന്നപ്പോള്‍ അവയെ അമ്മയുടെ കഠിനശിക്ഷകളേയും ചാവുദോഷാങ്ങളെയും ഭയന്ന്‌ ഒതുക്കി അള്‍ത്താര ബാലനായി. അവധിക്കാലത്ത്‌ അടുത്തവര്‍ഷത്തെ പുസ്തകത്തിന്‌ പണം കണ്ടെത്താനായി കപ്പലണ്ടി വില്‍പ്പനക്കാരനായി. ഈ യാത്രക്കിടയില്‍ സ്നേഹത്തിന്റെ അടക്കാമണിയ പൂമണവുമായി ലീനയെത്തി.
ദിവസേന കുര്‍ബാനയ്ക്കെത്തുന്ന ലീനയുമായി പള്ളിക്കുപിറകിലെ സെമിത്തേരിയില്‍ വിമോചനസമരത്തില്‍ കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ വെടിയേറ്റ്‌ മരിച്ച ധീരന്മാരുടെ കല്ലറ സിംഹാസനമാക്കി ഹൃദയം കൊണ്ട്‌ ഹൃദയത്തെ കണ്ടെത്തിയ സുഖദ മുഹൂര്‍ത്തങ്ങള്‍.ചിറകു കുഴഞ്ഞ്‌ പറക്കുന്ന പ്രാവായത്‌ കൊണ്ട്‌ ചേക്കേറാന്‍ ലഭിക്കുന്ന ഇത്തരം ഒലിവ്‌ ശാഖികള്‍ക്ക്‌ പറഞ്ഞറിയിക്കാനാവാത്ത ഉഷ്മളത. ലീനയുമായുള്ള സ്നേഹത്തിന്റെ പേരില്‍ ്‌ അമ്മയില്‍ നിന്നേറ്റ കഠിനമായ ശിക്ഷകള്‍. കുടുംബത്തിന്റെ സമാധാനം തകര്‍ക്കാനുണ്ടായ ശാപസന്തതിയെന്ന പ്രാക്ക്‌.
ഒരു കാലവര്‍ഷ സായാഹ്നത്തില്‍ അമ്മയെയും അമ്മയുടെ കാമുകനെയും അമ്മയുടെ ഭര്‍ത്താവിന്‌ കാണിച്ചുകൊടുത്തതിന്റെ പേരില്‍ ഉണ്ടായ ക്ഷോഭങ്ങള്‍ സംഘര്‍ഷങ്ങള്‍. സ്വന്തം പിതാവിനെ ഒറ്റിക്കൊടുത്ത പിശാചെന്ന അമ്മയുടെ തലയറഞ്ഞുള്ള ശാപം....




ഏലിയാസിന്റെ ബാല്യകൗമാരങ്ങള്‍ ഇങ്ങനെ നിത്യസംഘര്‍ഷങ്ങളുടെയും ചെയ്യാത്ത കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളുടെയും കഠിനതകളായിരുന്നു. ആഗ്രഹിച്ചത്‌ ഇറ്റു സ്നേഹം. കാംക്ഷിച്ചത്‌ സ്വസ്ഥതയുള്ള വെള്ളവും പച്ചയായ പുല്‍പ്പുറങ്ങളും. ലഭിച്ചത്‌ എല്ലാവരില്‍ നിന്നുള്ള അവജ്ഞയും തിരസ്കാരവും. എത്തിപ്പെട്ടത്‌ അഗ്നിപര്‍വ്വതങ്ങള്‍ നിറഞ്ഞ മരുഭൂമിയിലും. ഉരുകിപൊട്ടി ഛിന്നഭിന്നമായി തീര്‍ന്ന മനസ്സും വികാരങ്ങളും.
അന്ന്‌ സ്വാന്തനത്തിന്റെ ദൂതികയായത്‌, ശരീരസൗന്ദര്യം മുഴുവന്‍ വെള്ളവസ്ത്രങ്ങളാല്‍ മൂടി ശോഭനമായൊരു പരലോക ജീവിതത്തിനു വേണ്ടി ലൗകീക സൗഭാങ്ങളെല്ലാം പുറംകാലിന്‌ തട്ടിയെറിഞ്ഞ സിസ്റ്റര്‍ സെലസ്റ്റീനയായിരുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി വഹിക്കുന്ന കൊച്ചുകൊച്ച്‌ കുരിശുകള്‍ നമ്മുടെ ഉയിര്‍പ്പിന്‌ നിതാനമാകുമെന്ന സിസ്റ്ററിന്റെ നന്മനിറഞ്ഞ ഉപദേശങ്ങള്‍. ചുറ്റിലും പരിഹാസത്തിന്റെയും വെറുപ്പിന്റെയും ആര്‍ത്തലയ്ക്കുന്ന തിരമാലകളില്‍ ഒറ്റപ്പെടുമ്പോഴും സിസ്റ്റര്‍ സെലസ്റ്റീനയുടെ വാക്കുകള്‍ ദിശാസൂചിയായി മനസ്സില്‍.




പിന്നീട്‌ ജീവിതത്തിന്‌ പുതിയൊരു അര്‍ത്ഥവും ലക്ഷ്യവും വേണമെന്നുപദേശിച്ച സൗദാമിനി ടീച്ചറുടെ സൗമ്യസ്നേഹം. ഫാ. തോമസിന്റെ സാന്നിധ്യം പ്രോത്സാഹനം, വേറിട്ട ക്രൈസ്തവ ദര്‍ശനം.
പറുദീസയിലെ ആദിമനുഷ്യന്റെ പാപം നേട്ടമാണെന്ന്‌ ബോധ്യപ്പെടുത്തി സുവിശേഷത്തിന്റെ പുതിയ തലം ആ വൈദികന്‍ തുറന്നുകൊടുത്തു. തന്റെ ശപ്തജന്മത്തെ കുറിച്ച്‌ കണ്ണീരോടെ മടിയോടെ വിവരിച്ചപ്പോഴായിരുന്നു അച്ചന്‍ അങ്ങനെ പറഞ്ഞത്‌. ഏദനില്‍ ആദിപിതാവും മാതാവും പാപം ചെയ്തതുകൊണ്ട്‌ മാനവരാശിയുണ്ടായെന്നും മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി ദൈവത്തിന്റെ ഏകജാതന്‍ മനുഷ്യനായി പിറവികൊണ്ട്‌ കുരിശില്‍ മരിച്ച്‌ മാനവജാതിക്ക്‌ രക്ഷയുടെ വാതില്‍ തുറന്നെന്നും അച്ചന്‍ പഠിപ്പിച്ചപ്പോള്‍ സുവിശേഷത്തിന്റെ, സമാധാനത്തിന്റെ പുതിയ പാന്ഥാവുകള്‍ ഏലിയാസിന്‌ മുന്നില്‍ തുറക്കപ്പെടുകയായിരുന്നു. അമ്മയുടെ ഭര്‍ത്താവ്‌ തുടര്‍ വിദ്യാഭ്യാസത്തിന്‌ അനുവാദം നല്‍കാതിരുന്നപ്പോള്‍ ഫാ. തോമസിന്റെ ശ്രമഫലമായാണ്‌ പ്രീഡിഗ്രിക്ക്‌ അഡ്മിഷന്‍ ലഭിച്ചത്‌. കൗമാരത്തിന്റെ വളര്‍ച്ചയില്‍ സഹജമായി ഉയരുന്ന തൃഷ്ണകളെ ചാവുദോഷ ഭീതിയില്‍ അടക്കി കിടത്തിയെങ്കിലും ധനാഢ്യനായ സുരേഷുമായുള്ള സൗഹൃദം തൃഷ്ണയുടെ പുതിയ ശാദ്വല ഭൂമികളിലേക്കാണ്‌ ഏലിയാസിനെ നയിച്ചത്‌.




സുരേഷിന്റെ ചെലവില്‍ ലോഡ്ജ്‌ മുറികളില്‍ രതിസുഖം നുകര്‍ന്നും സുരേഷിന്റെ അമ്മയുമായി കിടപ്പറ പങ്കിട്ടും പിന്നീട്‌ ഭോഗലാലസതയുടെ കുത്തൊഴുക്കിലാവുകയാണ്‌ ഏലിയാസിന്റെ ജീവിതം. സുരേഷിന്റെ അമ്മയുടെ സഹായത്തോടെ അവരുടെ കമ്പനിയില്‍ ഉയര്‍ന്ന വേതനത്തില്‍ ജീവനക്കാരനായപ്പോള്‍ തന്നെ ശൈശവം മുതല്‍ വെറുത്തിരുന്ന അമ്മയുടെ ഭര്‍ത്താവിനും അമ്മയ്ക്കും സഹോദരീസഹോദന്മാര്‍ക്കും ആഹ്ലാദം.പണം വ്യക്തിബന്ധങ്ങളില്‍ എന്തെന്ത്‌ അതിശയങ്ങളാണ്‌ സൃഷ്ടിക്കുന്നതെന്ന്‌ കണ്ട്‌ ഊറി ചിരിക്കുന്നുണ്ട്‌ അപ്പോള്‍ ഏലിയാസ്‌.
ബിരുദാനന്തര ബിരുദ പഠനകാലത്താണ്‌ ശാലിനിയെ കാണുന്നതും കാമിക്കുന്നതും. ശാലിനിയുമായുള്ള പ്രഥമ വേഴ്ചക്കിടയിലായിരുന്നു ഗുണ്ടകളുടെ ആക്രമണം. ശരീരമാകെ നുറുങ്ങി ആഴ്ചകളോളം ആശുപത്രിയില്‍ കിടന്നപ്പോള്‍ ഏലിയാസിന്‌ മാനസാന്തരം. പിന്നെ വൈദീക വിദ്യാര്‍ത്ഥി. ലൗകീക സുഖങ്ങളുടെ പതഞ്ഞുയരുന്ന ലഹരികളില്‍ നിന്ന്‌ ആത്മീയതയുടെ സ്വച്ഛതയിലേക്ക്‌.





ഉത്തരേന്ത്യയിലെ വൈദീക പഠനം തിരിച്ചറിവിന്റെ പുത്തന്‍ സുവിശേഷങ്ങളാണ്‌ ഏലിയാസിന്‌ ഏകിയത്‌. പഠനംപൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി സ്പെയിനിലെത്തുന്നതോടെ കേവലമനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിലും നേടിയെടുക്കുന്നതിലും അപ്പുറം മറ്റൊരു വിമോചന തത്വശാസ്ത്രവും പ്രേഷിത ദൗത്യവുമില്ലെന്ന്‌ ഏലിയാസ്‌ മനസ്സിലാക്കുന്നു.ഏതൊരു കത്തോലിക്കനും കമ്മ്യൂണിസ്റ്റാകണമെന്ന വെളിപാടാണ്‌ ഏലിയാസിലുണ്ടാകുന്നത്‌.
ഭരണകൂടത്തിനെതിരായി സ്പെയിനിലെ സ്വാതന്ത്ര്യകാംക്ഷികള്‍ നടത്തിയ സമരത്തിലെ സജീവ പോരാളിയാവുകയും പിന്നീട്‌ ഭരണമാറ്റത്തിന്‌ ചുക്കാന്‍ പിടിച്ച ബുദ്ധികേന്ദ്രങ്ങളിലൊന്നായും ഏലിയാസ്‌ പരിണമിക്കുന്നു. എന്നാല്‍, ലോകത്തെല്ലായിടത്തുമുള്ള വിപ്ലവങ്ങള്‍ക്കുണ്ടാകുന്ന വിപര്യം സ്പെയിനിനും സംഭവിക്കുന്നു. തങ്ങളോടൊപ്പം സ്വാതന്ത്ര്യത്തിന്‌ പോരാടിയവര്‍ അധികാരം പിടിച്ചെടുത്ത്‌ സ്വാതന്ത്ര്യസമരപോരാളികളെ പോലും വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ഏലിയാസിന്‌ അവരുമായി പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. അതോടെ വിപ്ലവാനന്തര ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറുകയാണ്‌ ഏലിയാസ്‌. ഇതിനിടയില്‍ കലാപ ഭൂമിയില്‍ വെച്ച്‌ തന്റെ ജീവിതത്തെ എന്നും ഗ്രസിച്ചിട്ടുള്ള ശാപത്തിന്‌ ഏലിയാസ്‌ വീണ്ടും ഇരയാകുന്നുണ്ട്‌. കലാപകാരികള്‍ കൊന്ന ഏക മകന്റെ മാതാവ്‌ സ്പെയിനിലെ തന്റെ സ്പോണ്‍സര്‍മാരില്‍ ഒരാളാണ്‌ എന്ന്‌ തിരിച്ചറിയുമ്പോള്‍ ആകെ തകര്‍ന്നു നില്‍ക്കാന്‍ മാത്രമേ ഏലിയാസിനാവുന്നുള്ളു. ഏറ്റെടുക്കുന്ന ദൗത്യങ്ങളെല്ലാം തിരിച്ചടികളാവുകയും മനസ്സിന്റെ സ്വസ്ഥത തകര്‍ക്കുന്ന ജന്മാന്തര ശാപമായി പരിണമിക്കുകയും ചെയ്യുന്ന ദുരവസ്ഥ.
പുത്തന്‍ ഭരണകൂടത്തിന്റെ വേട്ടനായ്കളെ ഭയന്ന്‌ സ്പെയിനില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഒളിവില്‍ കഴിയുന്ന ഏലിയാസിന്‌ സഹായഹസ്തം നീട്ടുന്നത്‌ കലാപകാലത്ത്‌ കലാപകാരികള്‍ക്ക്‌ ക്രൂരമായി കൊല്ലാന്‍ വലിച്ചെറിഞ്ഞുകൊടുത്ത പട്ടാളമേധാവിയുടെ ഭാര്യയാണ്‌. ജീവിതം തന്നെപരീക്ഷണങ്ങളിലൂടെ വീണ്ടും തോല്‍പ്പിക്കുകയാണെന്ന ബോധത്തിലൂടെ പഴയ നിസ്സഹായവസ്ഥയിലേക്കെത്തുകയാണ്‌ ഏലിയാസ്‌. എങ്കിലും അവരുടെ സഹായത്തോടെ സ്വന്തം നാട്ടില്‍ ഏലിയാസ്‌ രക്ഷപ്പെട്ടെത്തുന്നു.
പക്ഷെ, വിധിയുടെ കരാളത ഏലിയാസിനെ വെറുതെ വിടുന്നില്ല. അന്താരാഷ്ട്ര കുറ്റവാളിയായി സ്പെയിന്‍ ഭരണകൂടം പ്രഖ്യാപിച്ചതുകൊണ്ട്‌ ഇന്റര്‍പോള്‍ ഏലിയാസിന്റെ പുറകെയുണ്ട്‌. ഒപ്പം സ്പെയിനിലെ സുവിശേഷ വിരുദ്ധ നടപടികളുടെ പേരില്‍ ഏലിയാസിനെ വൈദികസ്ഥാനത്തുനിന്ന്‌ മഹറോന്‍ ചൊല്ലി സഭ പുറത്തുക്കുകയും ചെയ്യുന്നു.





എല്ലാ പിടിവള്ളികളും അറ്റ്‌ വീട്ടിലെത്തുമ്പോള്‍ അടയ്ക്കാമണിയപ്പൂമണമായി കൗമാരമനസ്സില്‍ വിരിഞ്ഞ ലീനയെ സഹോദരന്‍ പൗലോസ്‌ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്‌. സഭയില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഏലിയാസിനെ പെണ്‍വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രദ്ധയില്‍ നിന്ന്‌ മാറ്റിനിര്‍ത്താന്‍ ഭ്രാന്തനെന്ന്‌ മുദ്രകുത്തി വീട്ടില്‍ തടവിലാക്കുകയാണ്‌ സഹോദരനും അമ്മയുടെ ഭര്‍ത്താവും. എന്നാല്‍, കല്ല്യാണ തലേന്ന്‌ അമ്മ ആ തടവറയില്‍ നിന്ന്‌ ഏലിയാസിനെ മോചിപ്പിക്കുന്നു. പിന്നെ നീണ്ട പാച്ചിലും അലച്ചിലുമാണ്‌. ഈ അലച്ചിലിനടയില്‍ ശാലിനിയെയും മകനെയും കണ്ടെത്തുന്നു. ജീവിതത്തിന്‌ പുതിയൊരു മേച്ചില്‍ പുറം ലഭിച്ച ആശ്വാസം. എന്നാല്‍, ഇന്റര്‍പോളിനെ ഭയന്ന്‌ ശാലിനിയെയും മകനെയും ഉപേക്ഷിച്ച്‌ ദൂരെ മലമടക്കുകളില്‍ക്ക്‌ പലായനം ചെയ്യുകയാണ്‌ ഏലിയാസ്‌. അവിടെ ഒരു കടവത്ത്‌ തോണിക്കാരനായി തന്റെ സ്വന്തം പിതാവിനെ കണ്ടെത്തുന്നതോടെ ഏലിയാസിന്റെ യാത്രകള്‍ക്ക്‌ വിരാമമാവുകയാണ്‌. ശാലിനിയുടെ പിതാവിന്റെ സാമ്പത്തിക രാഷ്ട്രീയ ബന്ധം ഉപയോഗിച്ച്‌ കേസില്‍ നിന്ന്‌ മോചിതനായി ശാലിനിയോടും മകനോടും മാതാപിതാക്കളോടുമൊപ്പം ആ മലയോര ഗ്രാമത്തിന്റെ സ്വച്ഛതയില്‍ ഏലിയാസില്‍ ഒതുങ്ങുമ്പോള്‍ ,ജീവിതത്തില്‍ ചെയ്ത നന്മകളും നീതിക്കു വേണ്ടിക്കഴിച്ച പാടുകളും ജീവിതത്തിലനുഭവിച്ച ദുരിതങ്ങളും അവയുടെ സൂക്ഷ്മഭാവത്തില്‍ ചേതനയുടെ അധികാംശമായി പ്രസരിച്ചു നിന്ന തേജോപുഞ്ജത്തോട്‌ ആഭിമുഖ്യും പുലര്‍ത്തും എന്ന കാഴ്ച്ചപ്പാടോടെ ഡോ. വര്‍ഗീസ്‌ മൂലന്‍ രചിച്ച ' ഈ പ്രവാസികളില്‍ ഒരുവന്‍ ' എന്ന നോവല്‍ സമാപ്തമാവുന്നു.






കൗന്തേയനായി പിറന്നിട്ട്‌ രാധേയനായി വളരേണ്ടിവരുന്ന ശപ്തജന്മങ്ങളുടെ അലച്ചിലും ഒറ്റപ്പെടലും വിങ്ങലും വേവും നോവുമെല്ലാം മുമ്പും സാഹിത്യ കൃതികള്‍ക്ക്‌ ഇതിവൃത്തമായിട്ടുണ്ട്‌. എന്നാല്‍, ഏലിയാസിന്റെ കഥ പറയാന്‍ രചയിതാവ്‌ തത്വശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും ബൈബിളിന്റെയും പശ്ചാത്തലം ഉപയോഗിക്കുന്നിടത്താണ്‌ കഥയും കഥാപാത്രങ്ങളും നായകനും അനുവാചകമനസ്സിലെ വിക്ഷോഭമായി പരിണമിക്കുന്നത്‌. രചനാ സമ്പ്രദായത്തില്‍ വര്‍ഗീസ്‌ മൂലന്‍ സ്വീകരിച്ച ഈ വ്യതിരിക്തമായ ശൈലികൊണ്ടാണ്‌, ജനമേജയന്റെ സര്‍പ്പസത്രസമയത്ത്‌ വൈശമ്പായനന്‍ പറഞ്ഞ ഇതിഹാസ കഥയിലെ കര്‍ണന്റെ തോളിനൊപ്പം തലയുയര്‍ത്തി നില്‍ക്കാന്‍ ഏലിയാസിന്‌ കഴിയുന്നത്‌.
ലോകമലയാളി കൗണ്‍സിലിന്റെ ചെയര്‍മാനും സുഗന്ധവ്യഞ്ജനങ്ങളുടെ വിദേശ വ്യാപാരസമുച്ചയങ്ങളുടെ ഉടമയുമായ വര്‍ഗീസ്‌ മൂലന്‍ കോളജ്‌ പഠനകാലത്ത്‌ എഴുതിയ ' തേക്ക്‌ ' എന്ന നോവലിന്‌ മാമ്മന്‍മാപ്പിള അവാര്‍ഡില്‍ മൂന്നാം സ്ഥാനവും ' എരിമലയിലൊരഭയം ' എന്ന നോവലിന്‌ കുങ്കുമം അവാര്‍ഡില്‍ അഞ്ചാംസ്ഥാനവും ലഭിച്ചിട്ടുണ്ട്‌
വായനയുടെ ഇതുവരെ അനുഭവപ്പെടാത്ത അനുഭവങ്ങളിലേയ്ക്ക്‌ ആനയിക്കുന്ന ഈ പുസ്തകം പെന്‍ ബുക്സാണ്‌ പ്രസാധനം ചെയ്തിരിക്കുന്നത്‌.





ഇവിടെ മലയാളത്തിലെ മുഖ്യധാരാ സാഹിത്യകാരന്മാരുടെ വലിയൊരു നന്ദികേട്‌ ചൂണ്ടിക്കാണിച്ചേ തീരു. വര്‍ത്തമാന കേരളം പ്രവാസികളുടെ അധ്വാനബലത്തിലാണ്‌ തകരാതെ നില്‍ക്കുന്നത്‌. വര്‍ത്തമാനകാല മലയാള സാഹിത്യത്തിന്റെ അവസ്ഥയും അതുതന്നെയാണ്‌. ഇന്ന്‌ മൗലീകമായ രചനകള്‍ ഉണ്ടാകുന്നത്‌ പ്രവാസിമലയാളികളില്‍ നിന്നാണ്‌. ഈ പ്രവാസി എഴുത്തുകാരുടെ കൂട്ടായ്മയില്‍ നൂറോളം അവാര്‍ഡുകളാണ്‌ കേരളത്തിലെ സാഹിത്യകാരന്മാര്‍ക്ക്‌ നല്‍കുന്നത്‌. ആ അവാര്‍ഡ്‌ വാങ്ങി അഹങ്കരിക്കുന്ന ഇവരില്‍ ഒരാള്‍ പോലും പ്രവാസി മലയാളിയായ എഴുത്തുകാരനെ പ്രോത്സാഹിപ്പിക്കാന്‍ മനസ്സുകാണിക്കാറില്ല. വിമര്‍ശനകുലപതിമാരെന്ന്‌ അവകാശപ്പെടുന്നവര്‍ പ്രവാസി രചനകള്‍ വായിച്ച്‌ അഭിപ്രായപ്പെടാനും തയ്യാറാകുന്നില്ല. ഈ അവഗണന ഡോ. വര്‍ഗീസ്‌ മൂലന്റെ കൃതിയും അനുഭവിക്കുന്നുണ്ടെങ്കിലും രചനയുടെ മൗലീകതകൊണ്ട്‌ മലയാളത്തിലെ ഇരുത്തം വന്ന സാഹിത്യകാരന്മാരുടെ സൃഷ്ടികളെ നിഷ്പ്രഭമാക്കുന്നതാണ്‌ ഈ പ്രവാസികളില്‍ ഒരുവന്‍ എന്ന നോവല്‍.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP