Showing posts with label കിടപ്പിലായ ആരോഗ്യം. Show all posts
Showing posts with label കിടപ്പിലായ ആരോഗ്യം. Show all posts

Tuesday, 22 June 2010

ഈ അശ്രീകരത്തെ മാറ്റാതെ കേരളത്തിന്റെ പനി മാറില്ല


ടൈറ്റസ്‌ കെ. വിളയില്‍

റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോയും കാശ്മീര്‍ സ്ഫോടനാത്മകമായ പ്രക്ഷുബ്ദതയിലാണ്ടപ്പോള്‍ ഗോള്‍ഫ്‌ കളിക്കാന്‍ പോയ ഫറൂക്ക്‌ അബ്ദുള്ളയും ചരിത്രത്തിലെ ജനവഞ്ചകരായ കിരാത കഥാപാത്രങ്ങളാണ്‌. അവര്‍ക്കൊപ്പം കയറി നില്‍ക്കുകയാണ്‌ പി.കെ. ശ്രീമതിയെന്ന ആരോഗ്യമന്ത്രി.
കാലവര്‍ഷം ആരംഭിക്കും മുമ്പ്‌ തന്നെ കേരളത്തില്‍ പനിപ്പെയ്ത്തും തുടര്‍ന്നുള്ള മരണക്കാറ്റും വീശാന്‍ തുടങ്ങിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, പന്നിപ്പനി തുടങ്ങി മരണകാരണങ്ങളായ പകര്‍ച്ചപ്പനിയുടെ പിടിയില്‍ ഉഴലു
കയാണ്‌ കേരളം. ഈ പനി മൂലം ആയിരക്കണക്കിന്‌ പേരാണ്‌ ദിവസേന ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും എത്തുന്നത്‌. പനി ബാധിച്ച്‌ മരിക്കുന്ന നിസ്സഹായരുടെ എണ്ണവും അനുദിനം വര്‍ധിച്ചുവരികയാണ്‌.



എന്നാല്‍, ഇതൊന്നും പി.കെ ശ്രീമതിയെയോ ഇടതുപക്ഷ സര്‍ക്കാരിനെയോ സ്പര്‍ശിച്ചതായി പോലും തോന്നുന്നില്ല. പനി ബാധ മാധ്യമ സൃഷ്ടിയാണെന്ന്‌ പറഞ്ഞ്‌ തലയൂരാനാണ്‌ പി.
കെ ശ്രീമതി ശ്രമിച്ചത്‌.
കഴിവുകേടും അഹന്തയും പാദസേവനയും അഴിമതിയും ഒന്നിച്ചൊന്നാകുമ്പോള്‍ അതിന്റെ പേരാണ്‌ പി.കെ. ശ്രീമതി. കേരളം കണ്ട ഏറ്റവും ദുഷ്ടത നിറഞ്ഞ അശ്രീകരമാണ്‌ ഈ മന്ത്രി. ഇവര്‍ അധികാരം ഏറ്റ അന്നുമുതല്‍ വിവിധ രോഗങ്ങള്‍ക്കൊണ്ട്‌ വ്യാപകമായി കൊല്ലപ്പെടാ
നായിരുന്നു കേരളീയന്റെ വിധി. കാലാവസ്ഥാ വ്യതിയാനം മൂലം പകര്‍ച്ചപ്പനി പടരുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍, ഒരിക്കല്‍ ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട്‌ അത്‌ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി എടുക്കുമ്പോഴാണ്‌ ഒരു മന്ത്രിയുടെ ജനപക്ഷ നിലപാടും മന്ത്രിയെന്ന നിലക്കുള്ള ആ വ്യക്തിയുടെ മികവും വ്യക്തമാവുക. എന്നാല്‍, എല്ലാ മഴക്കാലത്തും പകര്‍ച്ചപ്പനി ബാധിച്ച്‌ നൊന്ത്‌ നൊന്ത്‌ കൊല്ലപ്പെടാന്‍ കേരളീയന്‍ വിധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അതിന്റെ ഏക ഉത്തരവാദി പി.കെ ശ്രീമതിയും അവര്‍ നേതൃത്വം നല്‍കുന്ന ആരോഗ്യ വകുപ്പുമാണെന്ന കാര്യത്തില്‍ സംശയമില്ല.




എസ്‌എടി ആശുപത്രിയില്‍ അണുബാധയേറ്റ്‌ നവജാത ശിശുക്കള്‍ ദാരുണമായി കൊല്ലപ്പെട്ടതുമുതല്‍ ഇപ്പോള്‍ വ്യാപകമായിട്ടുള്ള പനിമരണം വരെ പി.കെ ശ്രീമതിയുടെ ഭരണനേട്ടങ്ങളില്‍ പെടുന്നു. മാറി വരുന്ന കാലാവസ്ഥയും പരിസര മലിനീകരണവും സൃഷ്ടിക്കുന്ന പകര്‍ച്ച വ്യാ
ധികള്‍ മുന്‍കൂട്ടി കണ്ട്‌ നടപടിയെടുക്കേണ്ട മന്ത്രി പക്ഷെ, മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും സാമ്പത്തീക ലാഭങ്ങള്‍ക്കും വേണ്ടി മന്ത്രിസ്ഥാനം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെയും ചെയ്തതിന്റെയും കഥകളാണ്‌ കേരളീയര്‍ക്ക്‌ ഓര്‍ക്കാനുള്ളത്‌.



സര്‍ക്കാര്‍ ആശുപത്രികളാണ്‌ സാധാരണക്കാരുടെ ചികിത്സാ കേന്ദ്രം. എന്നാല്‍,
സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ മരുന്ന്‌ കരുതാനോ അത്യാവശ്യഘട്ടങ്ങളെ നേരിടാന്‍ സഹായകമാകുന്ന രീതിയില്‍ മികച്ച ചികിത്സകരെ നിയമിക്കാനോ ഇതുവരെ പി.കെ ശ്രീമതി തയ്യാറായിട്ടില്ല. മുമ്പ്‌ പലവട്ടം ഇവരുടെ ജനവഞ്ചന തുറന്നുകാട്ടിയിട്ടുള്ളതാണ്‌. മറ്റ്‌ മാധ്യമങ്ങളും ആരോഗ്യമന്ത്രിയുടെയും വകുപ്പിന്റെയും ഉത്തരവാദിത്തമില്ലായ്മ പലഘട്ടങ്ങളില്‍ വാര്‍ത്തകളായും ഫീച്ചറുകളായും പുറത്തുകൊണ്ടുവന്നിട്ടുള്ളതുമാണ്‌. എന്നാല്‍, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല എന്ന അഹന്തയോടെ വിവേകത്തിന്റെ ഈ സ്വരങ്ങള്‍ ധിക്കരിച്ച്‌ മുന്നോട്ടുപോകാനാണ്‌ ഇതുവരെ പി.കെ ശ്രീമതി ശ്രമിച്ചിട്ടുള്ളത്‌. അതുകൊണ്ടാണ്‌, ഓരോ വര്‍ഷകാലത്തും പകര്‍ച്ചപ്പനി ബാധിച്ച്‌ ഇഞ്ചിഞ്ചായി വേദന അനുഭവിച്ച്‌ കൊല്ലപ്പെടാന്‍ കേരളത്തിലെ നിസ്സഹായരും നിസ്വരുമായ സാധാരണക്കാര്‍ വിധിക്കപ്പെട്ടിട്ടുള്ളത്‌.




കാലവര്‍ഷത്തിന്‌ മുമ്പ്‌ തന്നെ കേരളത്തില്‍
എച്ച്‌1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്‌, മലമ്പനി തുടങ്ങിയവ വ്യാപകമായിട്ടും അത്‌ കണ്ടില്ല എന്ന്‌ നടിക്കുന്നത്‌ കൂടാതെ പനിബാധ മാധ്യമ സൃഷ്ടിയാണെന്ന്‌ വരുത്തി തീര്‍ത്ത്‌ വിദേശ പര്യടനത്തിന്‌ തയ്യാറെടുക്കുകയാണ്‌ പി.കെ ശ്രീമതി. കേരളം പനിച്ച്‌ വിറക്കുമ്പോള്‍ അമേരിക്കയില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിലാണ്‌ പി.കെ ശ്രീമതിക്ക്‌ താല്‍പ്പര്യം. തിരികെ വരുന്ന വഴി ഇംഗ്ലണ്ടും സന്ദര്‍ശിക്കും. അമേരിക്കയില്‍ പോകുന്ന സ്ഥിതിക്ക്‌ അവിടത്തെ ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഗവേഷണങ്ങളെ കുറിച്ചും പഠിച്ച്‌ വിവാദമായ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ അത്‌ നടപ്പാക്കാനും പി.കെ ശ്രീമതിക്ക്‌ ഉദ്ദേശമുണ്ടത്രെ. ഇംഗ്ലണ്ടിലും മന്ത്രി വൈദ്യസംഘത്തെ കാണുന്നുണ്ട്‌.



ഈ മാസം 28 മുതല്‍ അടുത്ത മാസം 6-ാ‍ം തീയതി വരെ പി.കെ ശ്രീമതി ഇന്ത്യയില്‍ തന്നെ ഉണ്ടാവുകയില്ല. മന്ത്രിയു
ടെ വിദേശ പര്യടനം സംബന്ധിച്ച ഫയല്‍ ചീഫ്‌ സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അനുമതിയോടെ ഉത്തരവ്‌ പുറപ്പെടുവിക്കാനായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍, ഈ വകുപ്പിലുള്ളവര്‍ക്കും മുഖ്യമന്ത്രിയോട്‌ അടുത്ത വൃത്തങ്ങള്‍ക്കും പി.കെ. ശ്രീമതിയുടെ ഇപ്പോഴത്തെ വിദേശ യാത്രയോട്‌ എതിര്‍പ്പുണ്ട്‌. പനി പടര്‍ന്ന്‌ പിടിക്കുകയും ജൂണ്‍ അവസാനത്തോടെ മഴക്കാലം ശക്തിപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ മന്ത്രി സംസ്ഥാനത്ത്‌ തന്നെ ഉണ്ടാകേണ്ടതല്ലെ എന്ന ചോദ്യം ഉന്നത ഉദ്യോഗസ്ഥരും ഉന്നയിച്ചിട്ടുണ്ട്‌. എന്നാല്‍, അതൊന്നും പി.കെ ശ്രീമതിക്ക്‌ പ്രശ്നമല്ല. ശ്രീമതി മാത്രമല്ല, മെഡിക്കല്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഉഷാ ടൈറ്റസ്‌, ഡയബറ്റിക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ മീനു ഹരിഹരന്‍ എന്നിവരും വിദേശയാത്രക്ക്‌ പോകുന്നു. മന്ത്രി ഒരാഴ്ചത്തേക്ക്‌ വിട്ടുനില്‍ക്കുമ്പോള്‍ ആരോഗ്യവകുപ്പിന്റെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കേണ്ടിവരും. ഇത്‌ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കാനേ ഇടയാക്കുകയുള്ളു. കാരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഊര്‍ജിത നടപടി എടുക്കേണ്ട സമയത്ത്‌ ആരോഗ്യ വകുപ്പിന്റെ തലപ്പത്ത്‌ താല്‍ക്കാലികമായി നിയമിക്കപ്പെടുന്ന വ്യക്തിക്ക്‌ ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഒരു ധാരണയുമില്ലാത്ത സ്ഥിതി സൃഷ്ടിക്കപ്പെടും. ഈ ആശങ്കയും ബന്ധപ്പെട്ടവര്‍ ശ്രീമതിയോട്‌ പങ്കുവെച്ചിട്ടും ഒരു കുലുക്കവുമില്ലാതെ വിദേശയാത്രയുമായി മുന്നോട്ടുപോകാനാണ്‌ ശ്രീമതിയുടെ തീരുമാനം.




ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌, ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി ആരോഗ്യ രംഗത്ത്‌ മന്ത്രി സൃഷ്ടിച്ച അസന്ദിഗ്ദധാവസ്ഥ. ജൂണ്‍മാസത്തോടെ പകര്‍ച്ചപ്പനി വ്യാപകമാവും എന്ന്‌ അറിഞ്ഞിട്ടും മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ്‌ ഡോക്ടര്‍മാരെ കൂട്ട
ത്തോടെ സ്ഥലം മാറ്റിയത്‌. ഇത്‌ ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിന്‌ കാരണമാവുകയും അവര്‍ കൂട്ട അവധിയെടുത്ത്‌ തങ്ങളുടെ എതിര്‍പ്പ്‌ പ്രകടപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ഇതുമൂലം പനിബാധിതരെ നോക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്‌ കേരളത്തില്‍ അങ്ങോളമിങ്ങോളം ഇന്നുള്ളത്‌. ഈ നടപടി മൂലം ഡോക്ടര്‍മാരുടെ മനോവീര്യം നഷ്ടപ്പെട്ടതുകൂടാതെ പ്രത്യേക രോഗനിര്‍മ്മാര്‍ജ്ജന നടപടികള്‍ നിലയ്ക്കുകയും ചെയ്തു. തന്മൂലം പ്രാദേശിക മേഖലകളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ഇത്തരം ഒരു അവസ്ഥയാണ്‌ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന നിസ്സഹായന്‍ കുഴഞ്ഞുവീണു മരിക്കാന്‍ ഇടയാക്കിയത്‌. എന്നിട്ടും മന്ത്രിക്ക്‌ കുലുക്കമില്ല.




അതേസമയം പനിബാധിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരെ കഴിവതും അഡ്മിറ്റ്‌ ചെയ്യരുതെന്നാണ്‌ മന്ത്രി അടക്കമുള്ള ആരോഗ്യവകുപ്പ്‌ അധികൃതരുടെ രഹസ്യ നിര്‍ദേശം. പനിബാധിതരുടെ എണ്ണം കുറച്ചുകാണിക്കാനുള്ള ഗൂഢാലോചനയാണ്‌ ഇതിന്‌ പി
ന്നിലുള്ളത്‌. പനിബാധിതരുടെ എണ്ണം മാധ്യമങ്ങള്‍ക്ക്‌ നല്‍കരുതെന്ന്‌ ഡിഎംഒമാര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയതിന്‌ പിന്നാലെയാണ്‌ പനിയുള്ളവരെ അഡ്മിറ്റ്‌ ചെയ്യാതെ എണ്ണം കുറച്ച്‌ കാണിക്കാനുള്ള ഈ ദുഷ്ടബുദ്ധി മന്ത്രിയില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളത്‌. തീര്‍ത്തും അവശരായി എത്തുന്നവരെ മാത്രമാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്മിറ്റു ചെയ്യുന്നുള്ളു. പനിബാധിതര്‍ വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നാണ്‌ ശ്രീമതിയുടെയും ഡിഎംഒ മാരുടെയും വിദഗ്ദോപദേശം. എന്നാല്‍, അഡ്മിറ്റ്‌ ചെയ്ത്‌ രക്തപരിശോധനയും മറ്റും നടത്തിയെങ്കില്‍ മാത്രമേ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ കണ്ടെത്താന്‍ കഴിയുകയുള്ളു. മുന്‍ വര്‍ഷങ്ങളില്‍ പനി പടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക പനി വാര്‍ഡുകള്‍ തുറന്നെങ്കില്‍ ഇത്തവണ പനി ബാധിതരെ അഡ്മിറ്റ്‌ ചെയ്യരുത്‌ എന്നാണ്‌ ശ്രീമതിയുടെ സുചിന്തിതമായ അഭിപ്രായവും നിര്‍ദേശവും.





ശ്രീമതിയെ പോലെ ഇത്രയ്ക്ക്‌ ജനദ്രോഹം ചെയ്യുന്ന ഒരു ആരോഗ്യ മന്ത്രി
തിന്‌ മുമ്പ്‌ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇടത്‌ മന്ത്രിസഭയിലെ അശ്രീകരമാണ്‌ ഇപ്പോള്‍ പി.കെ ശ്രീമതി. ഈ അശ്രീകരത്തെ പുറത്താക്കിയലല്ലാതെ കേരളത്തിലെ പനിബാധിതര്‍ക്ക്‌ രക്ഷയുണ്ടാകുമെന്ന്‌ തോന്നുന്നില്ല. ഒരുമന്ത്രി തന്റെ അഹന്തകൊണ്ട്‌ ജനങ്ങളെ മുഴുവന്‍ ഇങ്ങനെ രോഗികളാക്കുമ്പോള്‍ മന്ത്രിയെ വരച്ച വരയില്‍ നിര്‍ത്തി ജനഹിതമായ രീതിയില്‍ നടപടി എടുപ്പിക്കാന്‍ ബാധ്യസ്ഥരാണ്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രതിപക്ഷ നേതൃത്വം. എന്നാല്‍, പതിവ്‌ പ്രഖ്യാപനങ്ങളില്‍ പ്രതിപക്ഷം ഒതുങ്ങുമ്പോള്‍ പിടഞ്ഞ്‌ ചാകാന്‍ വിധിക്കപ്പെടുന്നത്‌ കേരളത്തിലെ സാധാരണക്കാരാണ്‌. ഈ മന്ത്രിയോടും ഭരണത്തോടും പ്രതിപക്ഷ നിരയോടും ഉന്മൂലനത്തിന്റെ ഭാഷയില്‍ പ്രതികരിച്ചെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക്‌ മോചനമുണ്ടാകു എന്നാണ്‌ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്‌. അതെ, ചാവേറുകളെ സൃഷ്ടിക്കുകയാണ്‌ ശ്രീമതിയും കൂട്ടരും.

Saturday, 10 April 2010

ആരോഗ്യ രംഗത്തെ അഴിമതി മന്തിന്റെ രൂപം കൊള്ളുമ്പോള്‍

ടൈറ്റസ്‌ കെ. വിളയില്‍

പി.കെ. ശ്രീമതി എന്നുകേള്‍ക്കുമ്പോള്‍ എസ്‌എടി ആശുപത്രിയില്‍ അണുബാധയേറ്റ്‌ മരിച്ച നവജാത ശിശുക്കളെയും, ചിക്കുന്‍ഗുനിയ ബാധിച്ച്‌ മരിച്ചവരെയും ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും ആരോഗ്യ മേഖലയിലെ അനധികൃത നിയമനങ്ങളും മെഡിക്കല്‍ സര്‍വിസ്‌ കോര്‍പ്പറേഷന്‍ രൂപീകരണത്തിലെ കള്ളക്കളികളുമൊക്കെയാണ്‌ കേരളത്തിലെ സാധാരണക്കാരുടെ ഓര്‍മ്മയിലെത്തുന്നതെങ്കിലും, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ വിദഗ്ധാഭിപ്രായത്തില്‍ പാര്‍ട്ടി നയങ്ങള്‍ നടപ്പാക്കി ഭരിക്കുന്ന നല്ല കാര്യശേഷിയുള്ള മന്ത്രിമാരില്‍ മുമ്പത്തിയാണ്‌ അവര്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജയരാജന്മാരും അടങ്ങുന്ന കണ്ണൂര്‍ ലോബിയുടെ ലോപമില്ലാത്ത പിന്തുണയുള്ളതുകൊണ്ട്‌ എല്‍ഡിഎഫ്‌ ഭരണകാലാവധി മുഴുവന്‍ എന്ത്‌ തോന്ന്യാസവും ധൈര്യപൂര്‍വം പി.കെ. ശ്രീമതിക്കും എം.എ ബേബിക്കും എളമരം കരീമിനുമൊക്കെ കൊണ്ടാടാന്‍ കഴിയും.


മുമ്പ്‌ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌, പൊതുസമൂഹവുമായി നിത്യവും ബന്ധപ്പെടുന്നതും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്‌ നിര്‍ബന്ധിതവുമായിട്ടുള്ള ആരോഗ്യവകുപ്പിന്റെ ഭരണകാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ വകുപ്പ്‌ മേധാവികള്‍ക്കും വകുപ്പിലെ ജീവനക്കാര്‍ക്കും ഒപ്പം, ഒരുവേള അതിലധികം, ഉത്തരവാദിത്തമുള്ള വ്യക്തിയാണ്‌ മന്ത്രിയായ പി.കെ.ശ്രീമതി എന്ന്‌. എന്നാല്‍, കഴിഞ്ഞ നാല്‌ വര്‍ഷത്തെ അവരുടെ ഭരണം സാധാരണക്കാരുടെ ആരോഗ്യം കൊണ്ട്‌ അമ്മാനമാടുന്ന രാഷ്ട്രീയ വൈകൃതമായിരുന്നു. ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങളുണ്ട്‌. അതില്‍ ഏറ്റവും ഒടുവിലത്തേതും ഏറെ ഗൗരവം അര്‍ഹിക്കുന്നതുമാണ്‌ മന്ത്‌ രോഗ നിവാരണത്തിന്‌ വിതരണം ചെയ്ത ഡൈ ഈഥൈല്‍ കാര്‍ബാമൈസന്‍ സിട്രേറ്റ്‌ (ഡിഇസി) ഗുളികകളിലെ അട്ടിമറി.


ഒരുകോടി ആളുകള്‍ക്ക്‌, മന്ത്‌ രോഗ നിവാരണത്തിന്റെ രണ്ടാം ഘട്ടമായി, 2008ല്‍ വിതരണം ചെയ്ത ഗുളികകള്‍ ഗുണനിലവാരമില്ലാത്തവയായിരുന്നു എന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. ഈ ഗുളിക ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ അവശേഷിക്കുന്നുണ്ടെങ്കില്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക്‌ സംസ്ഥാന ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ കത്ത്നല്‍കിയിട്ട്‌ അധിക ദിവസങ്ങളായിട്ടില്ല.
മന്ത്‌ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയനുസരിച്ച്‌ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഡിഇസി ഗുളിക കഴിച്ചാല്‍ രോഗം വരില്ലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, രണ്ടാം വര്‍ഷത്തില്‍ വിതരണം ചെയ്ത മരുന്നിനാണ്‌ ഗുണനിലവാരിമല്ല എന്ന്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. ഇത്‌ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തികളെ ഗുരുതരമായി ബാധിക്കുമെന്നത്‌ കൂടാതെ മന്ത്‌ ഗുളികയെ കുറിച്ച്‌ നിലവിലുള്ള ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കേന്ദ്ര ഫണ്ടുപയോഗിച്ച്‌ ആരോഗ്യവകുപ്പ്‌ നേരിട്ട്‌ വാങ്ങിയാണ്‌ ഡിഇസിയുടെ നൂറ്‌ മില്ലി ഗ്രാം ഗുളികകള്‍ വിതരണം ചെയ്തത്‌. തമിഴ്‌നാട്ടിലെ കേളംമ്പാക്കത്തെ ഫോര്‍ട്ട്സ്‌ (ഇന്ത്യ) ലബോറട്ടറീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, മധ്യപ്രദേശിലെ ഡീപ്‌ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നീ കമ്പനികളില്‍ നിന്ന്‌ വാങ്ങിയ ഗുളികകളാണ്‌ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്‌. ഇതില്‍ ഡീപ്‌ഇന്നിന്റെ രണ്ട്‌ ബാച്ചും (8008, 8009) ഫോര്‍ട്സിന്റെ ഒരു ബാച്ചും (എസ്‌ 0042) ഗുണനിലവാരമില്ലാത്തവയാണെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്‌.


സംസ്ഥാന ആരോഗ്യ വകുപ്പിന്‌ കീഴിലെ പകര്‍ച്ചവ്യാധി പ്രതിരോധ സെല്ലാണ്‌ പദ്ധതിക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ബ്ലോക്ക്‌ പൊതുജനാരോഗ്യ കേന്ദ്രങ്ങളും കോര്‍പ്പറേഷനുകളിലെ ആരോഗ്യ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകര്‍ വഴി വീടുവിടാന്തരം മരുന്നെത്തിക്കുകയായിരുന്നു. പതിനഞ്ച്‌ വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ മൂന്നും കുട്ടികള്‍ രണ്ടും ഗുളികകള്‍ കഴിക്കാനായിരുന്നു നിര്‍ദേശം. ഒപ്പം. ആല്‍ബന്റസോള്‍ ഗുളികയും കഴിക്കണമെന്നായിരുന്നു നിര്‍ദേശം.
മരുന്ന്‌ വിതരണം ഏതാണ്ട്‌ പൂര്‍ത്തിയായ ശേഷമാണ്‌ ഗുണനിലവാര പരിശോധന നടത്തിയത്‌. ഈ വര്‍ഷം പകുതിവരെ ഉപയോഗിക്കാന്‍ കാലാവധി ഉള്ളതാണ്‌ മരുന്ന്‌. എന്നാല്‍, ജില്ലാ അടിസ്ഥാനത്തിലെ കണക്കെടുപ്പിനും ആവശ്യക്കാരിലെത്തിക്കാനുള്ള നടപടികള്‍ക്കും ശേഷമാണ്‌ ആരോഗ്യവകുപ്പ്‌ മരുന്ന്‌ വാങ്ങിയത്‌. അതിനാല്‍ തന്നെ ഗുളികകളില്‍ ഒട്ടുമുക്കാലും 2008ല്‍ തന്നെ വിതരണം ചെയ്തുകഴിഞ്ഞിരുന്നു. നോക്കുക പൊതുസമൂഹത്തിന്റെ ആരോഗ്യ പ്രശ്നത്തില്‍ ശ്രീമതിയടക്കമുള്ളവര്‍ക്കുള്ള ശുഷ്കാന്തി...! പ്രതിരോധ മരുന്നുകള്‍ ഗുണനിലവാര പരിശോധനയ്ക്ക്‌ ശേഷം മാത്രമേ വിതരണം ചെയ്യാവൂ എന്ന അംഗീകൃത നടപടികളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ്‌ കേരളത്തില്‍ മന്തുരോഗ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തിരിക്കുന്നത്‌. എന്തിനായിരിക്കണം ഇത്തരത്തില്‍ ധൃതിപിടിച്ച്‌ ഈ ഗുളികകള്‍ പൊതുജനങ്ങളെ തീറ്റിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നിന്ന്‌ ലഭിച്ചു.


ത്വക്‌ രോഗത്തിനുള്ള 31 ലക്ഷം രൂപയുടെ സൈക്ലോവിര്‍ ഇഞ്ചക്ഷനാണ്‌ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ 2007ല്‍ വാങ്ങിക്കൂട്ടിയത്‌. ഇതില്‍ കുറേ മരുന്ന്‌ കാലാവധി കഴിഞ്ഞ്‌ നശിച്ചു. പകരം പുതിയ മരുന്ന്‌ സൗജന്യമായി എത്തിക്കാമെന്ന്‌ കമ്പനി അറിയിച്ചപ്പോഴാണ്‌ ഈ മരുന്നിന്റെ പേരില്‍ നടന്ന വന്‍ അട്ടിമറി പുറത്തായത്‌.
സംസ്ഥാനത്തൊട്ടാകെ പ്രതിവര്‍ഷം 50,000 വയല്‍ ഇഞ്ചക്ഷന്‍ മാത്രം ആവശ്യമുള്ളപ്പോഴാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാത്രമായി 2007ല്‍ 1,31,250 വയല്‍ സൈക്ലോവിര്‍ ഇഞ്ചക്ഷന്‍ വാങ്ങിക്കൂട്ടിയത്‌. സിറോം ഡ്രഗ്സ്‌, ഭാരത്‌ പാരന്റല്‍ കമ്പനി എന്നിവയായിരുന്നു വിതരണക്കാര്‍. കമ്പനികളെ സഹായിക്കാന്‍ മെഡിക്കല്‍ കോളജിലെ സ്റ്റോര്‍ സൂപ്രണ്ട്‌ ഇന്‍ഡന്റ്‌ കൂട്ടിയെഴുതുകയായിരുന്നു. ഇതില്‍ 14 ലക്ഷത്തോളം രൂപയുടെ 56760 വയല്‍ മരുന്നാണ്‌ നശിച്ചത്‌. ഇത്‌ മാറ്റിത്തരണം എന്ന്‌ മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ കമ്പനി തയ്യറായപ്പോഴാണ്‌ പുതിയ പ്രശ്നം ഉടലെടുത്തത്‌.


മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഇത്രയും മരുന്നിന്റെ ആവശ്യമില്ല.അതുകൊണ്ട്‌ കമ്പനിക്കാര്‍ മാറ്റി തരുന്ന അത്രയും മരുന്ന്‌ മെഡിക്കല്‍ കോളജ്‌ ഓപ്പറേഷന്‍ ഏത്ത്താല്‍ അവരുടെ ഔട്ട്‌ ലെറ്റുകള്‍ വഴി സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യാമെന്ന്‌ സൂപ്രണ്ട്‌ കോര്‍പ്പറേഷനെ അറിയിച്ചു. എന്നാല്‍, ഈ മരുന്ന്‌ ഏറ്റെടുക്കന്‍ തങ്ങള്‍ തയ്യാറല്ല എന്നാണ്‌ കോര്‍പ്പറേഷന്‍ മറുപടി നല്‍കിയത്‌. 2006 മുതല്‍ 2007 വരെ ഉള്ള ആറുമാസത്തിനിടയിലാണ്‌ ഇത്രയും സൈക്ലോവീര്‍ ഇഞ്ചക്ഷന്‍ വയലുകള്‍ മെഡിക്കല്‍ കോളജുകളില്‍ വാങ്ങിക്കൂട്ടിയത്‌. വര്‍ഷത്തില്‍ നാല്‌ പാദമായിട്ടാണ്‌ മരുന്ന്‌ സംഭരിക്കാറെങ്കിലും ആറ്‌ മാസം കൊണ്ട്‌ ഈ മരുന്നത്രയും മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. വന്‍ അഴിമതിയാണ്‌ ഇതിന്‌ പിന്നില്‍ നടന്നതെന്ന്‌ വ്യക്തം. ഇത്‌ മറച്ചുവെക്കാനാണ്‌ കമ്പനി മാറ്റി നല്‍കിയ മരുന്ന്‌ മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യാന്‍ സൂപ്രണ്ട്‌ ശ്രമിച്ചത്‌. മരുന്ന്‌ വാങ്ങിയതിലെ ക്രമക്കേട്‌ തിരിച്ചറിഞ്ഞാണ്‌ സൂപ്രണ്ടിന്റെ നിര്‍ദേശം മെഡിക്കല്‍ കോര്‍പ്പറേഷന്‍ തള്ളിയത്‌. കേള്‍ക്കുമ്പോള്‍ കുളിര്‌ തോന്നുന്ന ഒരു നടപടി. എന്നാല്‍, പതിനാല്‌ ലക്ഷം രൂപയ്ക്കുള്ള സൈക്ലോവീര്‍ ഇഞ്ചക്ഷന്‍ മറ്റൊരു കമ്പനിയില്‍ നിന്ന്‌ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസ്‌ കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുമുണ്ട്‌. മരുന്നിന്റേയും പൊതുജനാരോഗ്യത്തിന്റേയും മറവില്‍ ശ്രീമതിയുടെ വകുപ്പില്‍ നടക്കുന്ന കൊടിയ വഞ്ചനകളുടെ, അഴിമതിയുടെ കഥകളിങ്ങനെ നീളുന്നു


ഇതിന്‌ സമാന്തരമായ തട്ടിപ്പാണ്‌ മന്ത്‌ പ്രതിരോധ ഗുളികയുടെ സംഭരണത്തിലും സംഭവിച്ചിട്ടുള്ളത്‌. ഇതൊന്നും മന്ത്രിയും ആരോഗ്യവകുപ്പിലെ ഉന്നതന്മാരും അറിയാതെ സംഭവിച്ചതല്ലെന്ന്‌ ആദ്യം അറിയണം.. കേന്ദ്രത്തിന്റെ ഫണ്ട്‌ അടിച്ചുമാറ്റാനുള്ള വലിയൊരു ഗൂഢാലോചന ഈ മരുന്നുവാങ്ങലിന്‌ പിന്നിലുണ്ട്‌. കേന്ദ്രം നല്‍കിയ ഗോതമ്പ്‌ മില്ലുകാര്‍ക്ക്‌ മറിച്ചുവിറ്റും സബ്സിഡി നിരക്കില്‍ നല്‍കിയ വലിയ കടല വിലകൂട്ടി വിറ്റും ഉച്ചക്കഞ്ഞിട്ടുള്ള പയര്‍ വില വര്‍ധിപ്പിച്ച്‌ വിറ്റും പോക്കറ്റ്‌ വീര്‍പ്പിച്ചവരുടെ അതേ ശൈലിയിലുള്ള ജനവഞ്ചനയാണ്‌ ശ്രീമതിയുടെ നേതൃത്വത്തിലും നടന്നത്‌. ഇവിടെ ശ്രദ്ധിക്കേണ്ട വലിയൊരു വാസ്തവമുണ്ട്‌. മന്ത്‌ രോഗനിവാരണത്തിനായി സംസ്ഥാനത്ത്‌ വിതരണം ചെയ്ത മരുന്നിന്‌ ഗുണനിലവാരമില്ലെന്ന്‌ മരുന്ന്‌ ഉത്പാദിപ്പിച്ച കമ്പനി തന്നെ സമ്മതിച്ചു എന്നതാണത്‌.. സംസ്ഥാന ഡ്രഗ്‌ ടെസ്റ്റിംഗ്‌ ലാബില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ഡൈ ഈഥൈല്‍ കാര്‍ബാമൈസിന്‍ സിട്രേറ്റ്‌ ഗുളിക ഗുണനിലവാരമില്ലാത്തവയാണെന്ന്‌ മധ്യപ്രദേശിലെ ഡീപ്‌ ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ കമ്പനി കേരളാ മെഡിക്കല്‍ സയന്‍സ്‌ കോര്‍പ്പറേഷന്റെ വെയര്‍ ഹൗസുകള്‍ക്കയച്ച കത്തിലാണ്‌ സമ്മതിച്ചിട്ടുള്ളത്‌.


അതായത്‌ മന്ത്‌ രോഗ നിവാരണത്തിന്‌ വിതരണം ചെയ്യാന്‍ കേരളത്തിന്‌ നല്‍കിയ മരുന്ന്‌ ഗുണനിലവാരമില്ലാത്തവയാണെന്ന്‌ കമ്പനിക്ക്‌ നേരത്തെ അറിയാമായിരുന്നു എന്നര്‍ത്ഥം. എന്നിട്ടും അതേ മരുന്ന്‌ വാങ്ങിയെങ്കില്‍ ലഭിച്ചിട്ടുള്ള കോഴ കോടികളായിരിക്കും. ഇത്‌ ശ്രീമതി ഉള്‍പ്പടെ ഉള്ളവര്‍ക്ക്‌ പോക്കറ്റിലാണ്‌ പോയിട്ടുള്ളതെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. തീര്‍ച്ചയായും ഇതില്‍ നല്ലൊരു വിഹിതം പാര്‍ട്ടി ഫണ്ടില്‍ത്തെയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ശ്രീമതിക്ക്‌ ഗുഡ്‌ സര്‍വീസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌. ഈ കള്ളക്കളിയെല്ലാം മൂടിവെയ്ക്കാനാണ്‌ ഗുളിക വിതരണം ചെയ്ത്‌ ഒരുവര്‍ഷത്തിന്‌ ശേഷം മരുന്ന്‌ ഗുണനിലവാരമില്ലാത്തവയാണെന്ന്‌ രഹസ്യമായി ആരോഗ്യവകുപ്പ്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ അറിയിച്ചത്‌.
എത്ര ലാഘവത്തോടെയാണ്‌ പി.കെ ശ്രീമതി ആരോഗ്യവകുപ്പ്‌ ഭരിക്കുന്നത്‌. ജനങ്ങളുടെ ആരോഗ്യത്തെയും ജീവനെയും ഇങ്ങനെ പന്താടുന്ന ഈ രാഷ്ട്രീയ രക്ഷതീയതയ്ക്കെതിരെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ളവര്‍ പുലര്‍ത്തുന്ന മൗനമാണ്‌ ഇതിലേറെ ക്രൂരമായ ജനവഞ്ചന.ഇവിടെയാണ്‌ പ്രക്ഷോഭത്തിന്റേയും തിരിച്ചടിയുടേയും അഗ്നിശലാകകളായി നാമോരോരുത്തരും പരിണമിക്കേണ്ടത്‌...അതിന്‌ മനസ്സില്ലെങ്കില്‍.....

Tuesday, 8 December 2009

സ്വയംപ്രഖ്യാപിത പ്രഗത്ഭരും സ്വകാര്യ പ്രാക്ടീസും

ഡോ. സി.ടി. ബാബുരാജ്‌
സ്വകാര്യ പ്രാക്റ്റീസ്‌ നിരോധിച്ചതിനെത്തുടര്‍ന്ന് രാജി വെച്ചിറങ്ങിയ രണ്ടു ജന്മങ്ങള്‍ പാവപ്പെട്ട രോഗികളെമുതല്‍ ആരോഗ്യമന്ത്രിയെ വരെ പഴി പറഞ്ഞും അലമുറയിട്ടും മാദ്ധ്യമങ്ങളില്‍ ഒഴിയാബാധ പോലെ കൂടിയിട്ട്‌ കുറച്ചായിരിക്കുന്നു. "വര്‍ഷങ്ങള്‍ കൊണ്ട്‌ പടുത്തുയര്‍ത്തിയ സ്വകാര്യ പ്രാക്ടീസ്‌ ഒരു ദിവസം കൊണ്ട്‌ പ്രൈവറ്റ്‌ ഡോക്ടര്‍മാര്‍ക്ക്‌ അടിയറ വെയ്ക്കേണ്ടി വരുന്നതിന്റെ" വിഷമം ഒരാള്‍ മറച്ചു വെയ്ക്കുന്നില്ല. ഞാന്‍ രാജിവെച്ചിറങ്ങിയതു കൊണ്ട്‌ ഇനി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു മിടുക്കരാക്കാന്‍ ആളില്ലാതെ പോകുമല്ലോ എന്ന വിഷമമാണ്‌ മറ്റേയാള്‍ക്ക്‌. അതു കൊണ്ട്‌ ഇനി ശമ്പളമില്ലാതെ പിള്ളാരെ പഠിപ്പിച്ചു കൊള്ളാമെന്ന് മഹതി. പക്ഷെ കിരീടവും ചെങ്കോലും തിരിച്ചു കൊടുക്കണം. അതേതായാലും നല്ല ഒരു കീഴ്‌ വഴക്കമാണ്‌. കൂടുതല്‍ പേര്‍ ശമ്പളമില്ലാതെ ( പ്രത്യേകിച്ച്‌ ഉത്തരവാദിത്വവും ഇല്ലാതെ) കളക്ടറും, പോലീസ്‌ സൂപ്രണ്ടും, ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസറും ഒക്കെയായി വോളണ്ടിയര്‍ ചെയ്താല്‍ ഖജനാവിനെത്രയാ ലാഭം! അതെന്തായാലും രണ്ടു പേരുടേയും വിഷമം, ഞങ്ങളേപ്പോലെ കൂടുതല്‍ പേര്‍ രാജി വെച്ച്‌ അവസാനം മെഡിക്കല്‍ കോളേജില്‍ പ്രഗത്ഭരാരും ഇല്ലാതായിത്തീരും എന്നതു തന്നെ. ഇതിനാണു പറയുന്നത്‌ ആത്മാര്‍ത്ഥത എന്ന്!



സത്യത്തില്‍ സ്വകാര്യ പ്രാക്ടീസ്‌ നിരോധം കൊണ്ട്‌ ആര്‍ക്കാണ്‌ ദോഷം സംഭവിച്ചിരിക്കുന്നത്‌? ആര്‍ക്കൊക്കെയാണ്‌ സ്വകാര്യ പ്രാക്ടീസ്‌ ഉള്ളത്‌? മെഡിക്കല്‍ കോളേജ്‌ അദ്ധ്യാപകരില്‍ പകുതിയിലധികം വരുന്ന പ്രി-ക്ലിനിക്കല്‍ പാരാക്ലിനിക്കല്‍ അദ്ധ്യാപകര്‍ക്ക്‌ മുന്‍പ്‌ തന്നെ സ്വകാര്യ പ്രാക്റ്റീസ്‌ നിരോധനമുണ്ട്‌. ക്ലിനിക്കല്‍ വിഭാഗത്തില്‍ തന്നെ സര്‍ജിക്കല്‍ സൈഡില്‍ സ്വകാര്യപ്രാക്ടീസ്‌, യൂണിറ്റിലെ ഒന്നാമനോ രണ്ടാമനോ മാത്രമാണ്‌. കാരണം മറ്റൊന്നുമല്ല, അതിലും ജൂനിയറായിട്ടുള്ള ഡോക്ടര്‍മാര്‍ക്ക്‌ തങ്ങളുടെ രോഗികളെ ശസ്ത്രക്രിയ ചെയ്യാന്‍ ഈ സീനിയര്‍ മഹാനുഭാവന്മാര്‍ സമ്മതിക്കാറില്ല. (തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയായ എന്റെ സുഹൃത്ത്‌ തന്റെ ഭാര്യയെ കാണിച്ചിരുന്നത്‌ അവിടെ തന്നെ, പക്ഷെ താരതമ്യേന ജൂനിയറായ ഒരു ഡോക്ടറെയായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നു. വളര്‍ച്ചക്കുറവിന്റെ പ്രശ്നം ഒക്കെയുണ്ടായിരുന്നതു കൊണ്ട്‌ അവസാനം സിസേറിയന്‍ നിശ്ചയിച്ചു.എന്നാല്‍ യൂണിറ്റ്‌ ചീഫ്‌ സമ്മതിക്കാഞ്ഞതു കൊണ്ട്‌ അവസാന നിമിഷം കെട്ടിപ്പറുക്കി സ്വകാര്യ ആശുപത്രിയില്‍ പോകേണ്ടി വന്നു. അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഒരു ഡോക്ടറുടെ അനുഭവമിതാണ്‌!)

പിന്നെ മെഡിസിന്‍ പീഡിയാട്രിക്സ്‌ അനുബന്ധ വിഭാഗങ്ങളിലുള്ള കുറച്ചു ഡോക്ടര്‍മാര്‍ക്കാണ്‌ സത്യത്തില്‍ സ്വകാര്യ പ്രാക്ടീസിന്റെ ഗുണം കിട്ടുന്നത്‌. ഈ വിഭാഗമാവട്ടെ മൊത്തം അദ്ധ്യാപകരുടെ 20 ശതമാനത്തിലധികം വരില്ല. ദേശീയ സ്ഥാപനങ്ങള്‍ക്ക്‌ തുല്യമല്ലെങ്കിലും സാമാന്യം നല്ലൊരു വര്‍ദ്ധന മെഡിക്കല്‍ കോളേജ്‌ അദ്ധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌. അതായത്‌, 80 ശതമാനത്തിലധികം വരുന്ന അദ്ധ്യാപകര്‍ക്ക്‌ സ്വകാര്യ പ്രാക്ടീസ്‌ നിരോധനം കൊണ്ട്‌ ഗുണമാണുണ്ടായിട്ടുള്ളത്‌. എന്നാല്‍ അതി സാമര്‍ത്ഥ്യമുള്ള ഒരു ന്യൂനപക്ഷം തെറ്റിദ്ധാരണ പടര്‍ത്തുന്നതാണ്‌ ഇപ്പോഴത്തെ പ്രശ്നം.



സര്‍ക്കാര്‍ കൊടുക്കുന്ന ശമ്പളം കൊണ്ട്‌ റേഷനരിയും മണ്ണെണ്ണയും വാങ്ങാന്‍ പറ്റാത്തതു കൊണ്ടാണല്ലോ ഈ വിഭാഗം അലമുറയിടുന്നതും രാജി വെയ്ക്കുന്നതും.സ്വകാര്യ പ്രാക്ടീസിന്റെ വരുമാനത്തില്‍ അവര്‍ തൃപ്തരായിരുന്നതിനാല്‍ എനിക്കൊരു പരിഹാരം തോന്നുന്നു. അവര്‍ക്ക്‌ വര്‍ദ്ധിപ്പിച്ച ശമ്പളം കൊടുക്കേണ്ടതില്ല, പകരം സ്വകാര്യ പ്രാക്ടീസ്‌ വഴി സമ്പാദിച്ചിരുന്ന സംഖ്യ സര്‍ക്കാര്‍ കൊടുക്കട്ടെ. പ്രശ്നം തീരേണ്ടതല്ലേ? ഇനി ആ തുക എങ്ങിനെ നിശ്ചയിക്കും എന്നാണോ? വളരെ എളുപ്പം. വര്‍ഷാവര്‍ഷം ഇന്‍കം ടാക്സ്‌ റിട്ടേണ്‍ നല്‍കുന്നതല്ലേ, അതില്‍ കൃത്യമായി, ശമ്പളമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്‍ നിന്നുമുള്ള വരുമാനം (അതായത്‌ സ്വകാര്യ പ്രാക്ടീസില്‍ നിന്നുള്ള വരുമാനം) പറയാറുണ്ടല്ലോ. (ഈ ഉത്തമ പൗരന്മാര്‍ അവിടെ കള്ളത്തരം ഒന്നും ചെയ്യില്ല എന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ?) ആ തുക സര്‍ക്കാര്‍ നല്‍കട്ടെ.



ഇത്ര നാള്‍ കണ്ടിരുന്ന രോഗികള്‍ക്ക്‌ ഇനി ഡോക്ടറെ കാണാന്‍ പറ്റാതെ വരുന്നതിലുള്ള ഹൃദയ വേദനയാണ്‌ ചില പ്രഗത്ഭരെ അലട്ടുന്നത്‌. വിഷമിക്കേണ്ട സര്‍, താങ്കള്‍ കൃത്യമായി ഒ.പി യില്‍ വന്നിരുന്നാല്‍ മതി അവര്‍ താങ്കളെ തന്നെ വന്നു കണ്ടു കൊള്ളും. പിന്നെ കോഴിക്കോട്‌ ജോലിയുള്ള സാര്‍ കോട്ടയത്ത്‌ വന്നു താമസിക്കുന്നതില്‍ ഒരു സര്‍വ്വീസ്‌ ചട്ടലംഘനമില്ലേ സാര്‍. അതില്‍ സര്‍ക്കാരിന്‌ എന്തു ചെയ്യാനാകും?



ചെയ്യുന്ന ജോലിക്ക്‌ കിട്ടുന്ന പ്രതിഫലം പോരെങ്കില്‍ രാജിവെച്ചു പോകാനുള്ള സ്വാതന്ത്ര്യം ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷെ അത്‌ എന്റെ ഒഴികെ ബാക്കി എല്ലാവരുടേയും കുറ്റമാണെന്നു പറയുന്നത്‌ ചെറ്റത്തരമാണ്‌ സര്‍. പണത്തിലും വലുതായി മറ്റു പലതും ഉണ്ടെന്ന് വിശ്വസിക്കുന്ന ധാരാളം ആള്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ അദ്ധ്യാപകരുടെ ഇടയില്‍ മാത്രമല്ല, എല്ലാ തുറകളിലുമുണ്ട്‌. അതുകൊണ്ടാണ്‌ ലോകം ഇങ്ങനെയൊക്കെയെങ്കിലും മുന്നോട്ട്‌ തന്നെ പോകുന്നത്‌! അതു കൊണ്ട്‌ തനിക്കു ശേഷമുണ്ടാകാന്‍ പോകുന്ന പ്രളയത്തില്‍ ബാക്കി മനുഷ്യകീടങ്ങള്‍ എന്തു ചെയ്യുമെന്നോര്‍ത്ത്‌ വിഷമിക്കരുത്‌ മാഡം/സര്‍.

* * * * * * * * * *ഒരു കഷണം കൂടി...... * * * * * * * * * ** * * * * * * * *

മെഡിക്കല്‍ കോളേജിലെ ഒരു പ്രഗത്ഭന്റെ അടുത്ത്‌ കൈമുട്ട്‌ വേദനയുമായെത്തിയതാണ്‌ രോഗി. കൈമുട്ട്‌ വേദനയെന്നു പറയുമ്പോള്‍ എന്തൊക്കെ കാരണം കൊണ്ടാവാം? ക്യാന്‍സര്‍ പോലുമാവാം. എം.ആര്‍.ഐ സ്കാന്‍ തന്നെ വേണം.

" അയ്യോ! അതിനൊത്തിരി ചിലവു വരുമോ സാര്‍?"

"ഇയ്യാള്‌ വിഷമിക്കേണ്ട. ഞാന്‍ ഏര്‍പ്പാടാക്കാം"

പ്രഗത്ഭന്‍ സ്വന്തം ഫോണെടുത്ത്‌ നമ്പരു കുത്തി.

" ഹലോ, ******* സ്കാന്‍ സെന്ററല്ലേ? ഞാന്‍ ഡോ:*******. എല്‍ബോ എമ്മാറൈ ചെയ്യാനെത്രയാ ചാര്‍ജ്ജ്‌?"

"രണ്ടായിരത്ത
ഞ്ഞൂറ്‌, സര്‍"- ഫോണിന്റെ മറുതല.

"ങേ? നാലായിരത്തഞ്ഞൂറോ? അത്രയ്ക്കൊന്നും പറ്റില്ല. പുവര്‍ പേഷ്യന്റാണ്‌, ഒരായിരം കുറച്ചു കൊടുക്കണം.

"ശരി സര്‍." മറുതല ഇതൊക്കെ എത്ര കണ്ടതാ.

"ശരി ഞാന്‍ ലെറ്റര്‍ കൊടുത്തു വിട്ടേക്കാം. വേണ്ട പോലെ ചെയ്തേക്കണം."
ഫോണ്‍ വെച്ചു. " ഞാന്‍ പറഞ്ഞ്‌ ആയിരം കുറച്ചിട്ടുണ്ട്‌, നാളെ തന്നെ പോയി ചെയ്തോളൂ."
-------------------------------------------------------------------------------------------------
കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശിയായ ഡോ. സി.ടി ബാബുരാജ്‌ അറിയപ്പെടുന്ന ഗൈനക്കോളജിസ്‌റ്റാണ്‌. സാധാരണക്കാരനായി അറിയപ്പെടാനാഗ്രഹിക്കുന്ന ഇദ്ദേഹം നല്ലൊരു എഴുത്തുകാരനും ബ്ലോഗറുമാണ്‌. ഇപ്പോള്‍ കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയില്‍ ജോലി ചെയ്യുന്നു.


നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP