Showing posts with label മോഡലിംഗ്‌. Show all posts
Showing posts with label മോഡലിംഗ്‌. Show all posts

Tuesday, 27 October 2009

ഇങ്ങനെ വേണം ഒരു മോഡല്‍

വിനോഷ്‌ പൊന്നുരുന്നി

ഇന്ന്‌ ഫാഷന്‍ രംഗത്ത്‌ ഏറ്റവുമധികം തൊഴില്‍സാധ്യതയും പ്രശസ്‌തിയും സാമ്പത്തികനേട്ടവും നേടിത്തരുന്ന ഒന്നാണ്‌ മോഡലിംഗ്‌.
ഫാഷന്‍രംഗത്ത്‌ മോഡല്‍ എന്നുപറയുമ്പോള്‍ വസ്‌ത്രധാരണം, ശരീരഭാഷ, ആരോഗ്യപരിപാലനം, ജീവിതശൈലി എന്നിവയുടെ ഒരു കൂട്ടായ്‌മയാണ്‌. പുതുതലമുറയ്‌ക്ക്‌ ഫാഷന്‍ ഇന്നൊരു ഹരമാണ്‌. ഒരു മോഡല്‍ തന്റെ ശരീരം, ചലനങ്ങള്‍, നോട്ടം, സമീപനം, നിലപാട്‌, ഭക്ഷണരീതി എന്നിവയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. തന്റെ ക്രിയാത്മകവും സര്‍ഗാത്മകവുമായ കഴിവുകളെ ഉടച്ചുവാര്‍ത്ത്‌ സമൂഹത്തിനുമുന്നില്‍ മികവുറ്റ രീതിയില്‍ പ്രതിഫലിപ്പിക്കണം.

ഉയരം, അതിനനുസരിച്ചുള്ള ആകാരഭംഗി, നിറം ഇവയെല്ലാം മോഡലാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ട അടിസ്‌ഥാന ഘടകങ്ങളാണ്‌. മുഖത്തിന്റെ ആകര്‍ഷണീയതയ്‌ക്ക്‌ ഭംഗിയുള്ള കണ്ണുകള്‍, പുരികത്തിന്റെ ആകൃതി, നീളന്‍ മൂക്ക്‌ എന്നിവ വളരെ പ്രധാനപ്പെട്ടവയാണ്‌. ചര്‍മത്തിന്റെ ചുളിവുകള്‍ അകറ്റി നിറവും ഭംഗിയും മാര്‍ദവവും നിലനിര്‍ത്തേണ്ടത്‌ ഒരു മോഡലിന്‌ അത്യന്താപേക്ഷിതമാണ്‌. ചര്‍മത്തിലുള്ള അനാവശ്യ രോമങ്ങളെ ഒഴിവാക്കി പട്ടുപോലെ മിനുസമുള്ളതും വഴക്കവുമാര്‍ന്ന ശരീരം മെനഞ്ഞെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ ഫേഷ്യല്‍ ചെയ്യുന്നത്‌ നല്ലതാണ്‌. മുഖത്തെ മാംസപേശികള്‍ ദൃഢമാക്കുന്നതിനും ഇലാസ്‌തികത കൂട്ടുന്നതിനും ഇത്‌ വളരെ ഫലപ്രദമാണ്‌. ഫ്രൂട്ട്‌ ഫേഷ്യല്‍, ഫ്രഷ്‌ ഫ്രൂട്ട്‌ ഫേഷ്യല്‍, മാംഗോ ഫേഷ്യല്‍, ഗല്‍വാനിക്‌ ഫേഷ്യല്‍, വെജ്‌ പീല്‍ ഫേഷ്യല്‍, ചോക്ലേറ്റ്‌ ഫേഷ്യല്‍, ബയോട്ടിക്‌ ഫേഷ്യല്‍, ഓര്‍ഡിനറി ഗോള്‍ഡ്‌ ഫേഷ്യല്‍, അരോമ പേള്‍ ഫേഷ്യല്‍, സ്‌കിന്‍ വൈറ്റൈനിംഗ്‌ ഫേഷ്യല്‍, ഷാനാസ്‌ ഗോള്‍ഡ്‌ ഫേഷ്യല്‍, പേള്‍ ഫേഷ്യല്‍, സാഫ്‌റോന്‍ ഫേഷ്യല്‍ തുടങ്ങിയ വിവിധതരം ഫേഷ്യലുകളാണ്‌ മുഖ്യമായും മോഡലിംഗിന്‌ ഉപയോഗിക്കുന്നത്‌.
ജിമ്മിലോ എയ്‌റോബിക്‌സിലോ ചേര്‍ന്നതുകൊണ്ട്‌ ഒരാള്‍ക്ക്‌ ഒരു നല്ല മോഡലാകാന്‍ സാധിച്ചെന്നുവരില്ല. മോഡലിംഗില്‍ മുഖവും ശരീരഘടനയും മാത്രമല്ല, കാല്‍പാദം മുതല്‍ തലനാരിഴവരെ ശ്രദ്ധിക്കേണ്ടതായിവരുന്നു.

അമിതാഹാരം എന്ന ശീലം പാടെ ഒഴിവാക്കുക. നാം കഴിക്കുന്ന ആഹാരത്തിന്റെ തോതിലല്ല പ്രധാന്യം. മറിച്ച്‌ ആഹാരത്തിലടങ്ങിയിരിക്കുന്ന പോഷകസമൃദ്ധമായ ഘടകങ്ങളുടെ അളവിനെക്കുറിച്ചുള്ള തിരിച്ചറിവാണ്‌ വേണ്ടത്‌. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇലക്കറി, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാലും പാല്‍ ഉത്‌പന്നങ്ങളും മിതമായ തോതിലും മധുരം, എണ്ണ, നെയ്യ്‌ എന്നിവ വളരെ കുറച്ചും ഉപയോഗിക്കുക. മാംസവും മത്സ്യവും വളരെ കുറച്ച്‌ ദിനംപ്രതിയുള്ള മെനുവില്‍ ക്രമീകരിക്കുക. ഈ ആഹാരക്രമത്തോടൊപ്പം ദിവസേന 10-12 ഗ്ലാസ്‌ വെള്ളം കുടിക്കുക.
തലച്ചോറിന്റെ വികസനത്തിനും ഉണര്‍വിനും ഉന്മേഷത്തിനും ഉറക്കം അത്യന്താപേക്ഷിത ഘടകം തന്നെയാണ്‌. നാം ഉറങ്ങുമ്പോള്‍ ആന്തരാവയവങ്ങളായ ഹൃദയം, പേശികള്‍, രക്തക്കുഴലുകള്‍ എന്നിവയ്‌ക്ക്‌ പരിപൂര്‍ണ വിശ്രമം ലഭിക്കുന്നു. മനസ്സിന്റെ മാത്രമല്ല ശരീരത്തിന്റെയും തളര്‍ച്ച മാറ്റി ഉന്മേഷവാനാകാന്‍ ഉറക്കം പ്രധാന പങ്കുവഹിക്കുന്നു. ഉറക്കം അധികമായാല്‍ അമിതമായി കൊഴുപ്പും അടിഞ്ഞുകൂടി ശരീരം തടിക്കും. ഒരാള്‍ ഒരു ദിവസം ആറു മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ്‌ ആരോഗ്യത്തിന്‌ ഉത്തമം.
അഴകാര്‍ന്ന ശരീരഘടനയ്‌ക്കൊപ്പം ദൃഢതയും ആരോഗ്യവും ഒരു മോഡല്‍ തീര്‍ച്ചയായും നിലനിര്‍ത്തേണ്ടതാണ്‌. കാരണം ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. ബുദ്ധിക്കും ഉണര്‍വിനും ഹൃദയത്തിന്റേയും തലച്ചോറിന്റേയും മറ്റ്‌ അവയവങ്ങളുടേയും ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും വ്യായാമം അനിവാര്യമാണെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വ്യായാമം മനസിന്റെ സംഘര്‍ഷാവസ്‌ഥ കുറയ്‌ക്കുന്നു. രക്തയോട്ടവും ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കുന്നു.


ചെവി, പാദം, നഖം, കൈകള്‍ തുടങ്ങിയവയുടെ മനോഹാരിത വര്‍ധിപ്പിക്കുന്നതിന്‌ വാക്‌സിന്‍, പെന്‍ഡിംഗ്‌, മാനിക്യൂര്‍, ഫ്രഞ്ച്‌ മാനിക്യൂര്‍, ഡീലക്‌സ്‌ പെഡീക്യൂര്‍, റ്റാറ്റുലിംഗ്‌ തുടങ്ങിയവയും ഉപയോഗിക്കാം.
സണ്‍ഗ്ലാസ്സുകള്‍ മോഡലിംഗിന്‌ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണെന്നു പറയാം. മുഖത്തിന്റെ ആകൃതി അനുസരിച്ചായിരിക്കണം കണ്ണടകള്‍ തെരഞ്ഞെടുക്കേണ്ടത്‌. ദീര്‍ഘവൃത്താകൃതിയിലുള്ള മുഖമുള്ളവര്‍ക്ക്‌ എല്ലാ ആകൃതിയിലുള്ള കണ്ണടകളും ഇണങ്ങും. വൃത്താകൃതിയിലുള്ള മുഖമുള്ളവര്‍ക്ക്‌ ചതുരാകൃതിയിലുള്ള കണ്ണടകളാവും ഇണങ്ങുക. വൃത്താകൃതിയിലുള്ള കണ്ണടകളാണ്‌ ചതുരാകൃതിയിലുള്ള മുഖത്തിനിണങ്ങുക.

മോഡല്‍ സേവ്യര്‍ ജാക്ക്‌സണ്‍, അനീഷ്‌
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP