Showing posts with label വിശ്വാസം. Show all posts
Showing posts with label വിശ്വാസം. Show all posts

Friday, 19 August 2011

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം അഗസ്ത്യമുനിയുടെ സമാധി സ്ഥാനമോ...?

ഹിമജ ഹരി

സാത്വിക വിശുദ്ധിയുടെ പാല്‍ക്കടലില്‍ ഭക്തിസാന്ദ്രമായ പശ്ചാത്തലത്തില്‍
അനന്ത ശയനത്തിലാണ്‌ ശ്രീപത്മനാഭന്‍ . പക്ഷേ, വിശ്വാസികളും അവിശ്വാസികളും
ചരിത്ര കുതുകികള്‍ക്കും ഇപ്പോള്‍ നിദ്രാവിഹീനമായ
രാവുകള്‍.!ഉറക്കമൊഴിച്ച്‌ ശ്രീപത്മനാഭ സ്വാമിയെ സംബന്ധിച്ച പുതിയ
വിവരങ്ങളുടെയും വിവാദങ്ങളുടെയും ഇഴകീറി പരിശോധിക്കുകയാണവര്‍...



നിലവറകളില്‍ കണ്ടെത്തിയ ഒരുലക്ഷം കോടി രൂപയുടെ കണ്ണഞ്ചിപ്പിക്കുന്ന
സുവര്‍ണ്ണ ശേഖരത്തെപ്പറ്റിയുള്ള വാര്‍ത്തകളില്‍ അതിശയോക്തിയും അമ്പരപ്പും
ആവേശവുമൊക്കെ ലയിച്ചു ചേര്‍ന്നിട്ടുണ്ട്‌; സംശയമില്ല. വര്‍ണ്ണനയിലൂടെ
കവികള്‍ ശ്രീപത്മനാഭനെ പാടിപ്പുകഴ്ത്തിയെങ്കില്‍ ഇന്ന്‌ ജനങ്ങള്‍
അഴിച്ചാലും അഴിച്ചാലും തീരാത്ത കെട്ടുകഥകള്‍ കൊണ്ട്‌ ശ്രീപത്മനാഭന്‌
ശരപ്പൊളി മാല തീര്‍ക്കുകയാണ്‌. ഇതിലൂടെ വിശ്വാസവും വികാരവും ഇടകലര്‍ന്ന
അവാച്യമായ അനുഭൂതി വിശ്വാസികള്‍ അനുഭവിക്കുമ്പോള്‍ ക്ഷേത്ര കഴകക്കാരും
കാവല്‍ക്കാരും രാജകുടുംബവും പോലീസ്‌ സേനയും സംസ്ഥാന സര്‍ക്കാരും
വിവാദങ്ങളുടെയും ഒരര്‍ത്ഥത്തില്‍ ഭയത്തിന്റെയും കൊടുമുടിയിലാണ്‌.




കണ്ടകശനിയും പന്ത്രണ്ടില്‍ വ്യാഴവും രാജയോഗവും ഒക്കെ ദൈവത്തിനും
ബാധകമാണെന്ന്‌ പുരാണം നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. ഇതില്‍ ഏതാണ്‌
ഇപ്പോള്‍ ശ്രീപത്മനാഭനെ ബാധിച്ചിരിക്കുന്നത്‌...? " ശിലാമയമില്ലാതെ,
ശരീരാഭ്യന്തരസ്ഥങ്ങളായ സ്വര്‍ണ്ണം, വെള്ളി എന്നീ ലോഹങ്ങളാല്‍
നിര്‍മ്മിതമായ കമ്പി കൊണ്ട്‌ കെട്ടിച്ചമച്ച്‌ ഹൃദയാസ്ഥിതി സ്ഥാനങ്ങളില്‍
വിധിപ്രകാരം നേപ്പാളിലെ ഗന്ധകീ നദിയില്‍ നിന്നെടുത്ത പന്തിരായിരം
സാളഗ്രാമങ്ങള്‍ ഇട്ട്‌ കങ്കാളം പോലെ നിര്‍മ്മിച്ച ശേഷം അഷ്ടബന്ധത്തിന്‌
തുല്യമായ കുടുശാര്‍ക്കര യോഗമുണ്ടാക്കി അതില്‍ ജീഹവാഹന ചെയ്ത " അത്ഭുത
വിഗ്രഹമാണ്‌ ശ്രീപത്മനാഭന്റേത്‌.



ഏഴു നിലയുള്ള ഗോപുരത്തിന്‌ കീഴെ നാലുപുറമായി ചെത്തി മിനുക്കിയ കരിങ്കല്‍
മതിലുകള്‍ക്കുള്ളില്‍ ക്ഷേത്രം നിലകൊള്ളുന്നു. അതുകൊണ്ട്‌ ദൈവത്തിന്റെ
ഇടം 'മതിലകമായി'. ആ മതിലുകള്‍ക്കുള്ളില്‍ സംഭവിച്ച ഓരോ
മുഹൂര്‍ത്തങ്ങളെയും താളിയോലകളില്‍ രേഖപ്പെടുത്തി സൂക്ഷിച്ചത്‌ 'മതിലകം
രേഖകളു'മായി. ഒരു മണി നെല്ല്‌ ആരെങ്കിലും സംഭാവനയായി കൊടുത്താല്‍
അതുപോലും പേരും നാളും നക്ഷത്രവും തിഥിയും നാഴികയും വിനാഴികയും ഒക്കെ
വ്യക്തമായി രേഖപ്പെടുത്തിയ ഇത്തരം ഒരു കണക്കെഴുത്ത്‌ ലോകത്ത്‌
ശ്രീപത്മനാഭ സ്വാമിക്ക്‌ മാത്രമേ ഉള്ളൂ.




സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ
പരിശോധനയില്‍ കണ്ടെത്തിയ നിധി ശേഖരത്തിന്റെ മൂല്യം ഒരുലക്ഷം
കോടിയാണെന്ന്‌ കണക്കാക്കപ്പെടുന്നു.ഇതിന്റെ സ്രോതസ്‌..? അതാര്‍ക്കും
തിട്ടമില്ല.




ഈ നിധിശേഖരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി
കൊണ്ടിരിക്കുമ്പോഴാണ്‌ പുതിയൊരു നിര്‍ണായക വിവരം പുറത്തു വിട്ടുകൊണ്ട്‌
ജ്യോതിഷികളായ സുഭാഷ്‌ ചെറുകുന്നും എം.കെ ദാമോദരനും വിവാദത്തിന്റെ പുതിയ
നിലവറ തൂറക്കുന്നത്‌.സ്രീ പദ്മനാഭ ക്ഷേത്രത്തില്‍ നടന്ന
ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ ഇവര്‍ ക്ഷേത്രത്തിലെ
യഥാര്‍ത്ഥ ചൈതന്യം പദ്മനാഭ സ്വാമിയുടേതല്ലെന്നും അത്‌ മറ്റൊരു
ഋഷിപരമ്പരയില്‍ പെട്ടതാണെന്നും ആ വാസ്തവം വെളിപ്പെടുത്താന്‍ സാക്ഷാല്‍
ശ്രീ പദ്മനാഭന്‍ തന്നെയാണ്‌ ഇപ്പോഴത്തെ വിവാദങ്ങള്‍ സൃഷ്ടിച്ചതെന്നും
സ്ഥാപിക്കുന്നത്‌.




നൂറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന്‌ കരുതപ്പെടുന്ന 'ബി' നിലവറയും
നിത്യാദി നിലവറയായ 'എഫും' സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം
തുറക്കാനിരിക്കെയാണ്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഓഗസ്റ്റ്‌
എട്ട്‌ തിങ്കളാഴ്ച മുതല്‍ ദേവപ്രശ്നം നടന്നത്‌. തിരുവിതാംകൂര്‍
കൊട്ടാരത്തിന്റെയും ട്രസ്റ്റിന്റെയും നേതൃത്വത്തിലാണ്‌ ദേവപ്രശ്നം
നടത്തിയത്‌. ക്ഷേത്രത്തിലെ കണക്കെടുപ്പ്‌ നടത്തുന്ന വിദഗ്ധ സമിതിയുടെ
അഭിപ്രായം ആരായാതെ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ നാടകശാലയില്‍
വച്ചായിരുന്നു ക്ഷേത്ര തന്ത്രിമാരുടെ നേതൃത്വത്തില്‍ ദേവപ്രശ്നം
നടന്നത്‌.




ക്ഷേത്ര സ്വത്തുക്കളുടെ കണക്കെടുക്കുന്നതിനുവേണ്ടി നിലവറകള്‍ തുറക്കും
മുന്‍പ്‌ ദേവപ്രശ്നം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നിലവറകള്‍
തുറക്കുന്നതില്‍ അഹിതമുണ്ടോ എന്നും ഇനിയും തുറക്കാത്ത 'ബി' നിലവറ
തുറക്കുന്നതിന്‌ തടസ്സമുണ്ടോ എന്നും അറിയാനായിരുന്നു ദേവപ്രശ്നം
നടത്തിയത്‌.




വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെ ഭീതി ജനിപ്പിക്കുന്ന
കണ്ടെത്തലുകളാണ്‌ ഈ ദേവപ്രശ്നത്തിലുണ്ടായത്‌. രാജകുടുംബാംഗങ്ങള്‍ക്കും
രാജ്യത്തിനും കൊടിയ നാശങ്ങള്‍ ഉണ്ടാകുമെന്നാണ്‌ നാലുദിവസം ദീര്‍ഘിച്ച
ദേവപ്രശ്നത്തില്‍ കണ്ടെത്തിയത്‌. എന്നാല്‍, ഈ ദേവപ്രശ്നം സൂക്ഷ്മമായി
നടന്നതല്ലെന്നും അതുകൊണ്ട്‌ ദേവപ്രശ്നത്തില്‍ കണ്ടതിലും ഭീകരമായ
അനുഭവങ്ങള്‍ ഉണ്ടാകും എന്നുമാണ്‌ ജ്യോതിഷികളായ കണ്ണൂര്‍ സുഭാഷ്‌
ചെറുകുന്നും ( കണ്ണൂര്‍ ) എം.പി.ഗംഗാധരനും ( ഇരിട്ടി ) തറപ്പിച്ചു
പറയുന്നത്‌.




പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ ഉയര്‍ന്നു
വന്നിട്ടുള്ള വിവാദങ്ങള്‍ ഒരര്‍ത്ഥത്തില്‍ ഈശ്വരഹിതമായിരുന്നു എന്നും ആ
വിവാദങ്ങളിലൂടെ പത്മനാഭ സ്വാമിക്ഷേത്രത്തിലെ അടിസ്ഥാന ദൈവിക തേജസ്‌
കണ്ടെത്താന്‍ ഇടയാകേണ്ടതുമായിരുന്നു എന്നാണ്‌ ഇവരുടെ സുചിന്ദിതമായ
അഭിപ്രായം.




എന്നാല്‍, ധൃതി വെച്ച്‌ ദേവപ്രശ്നം നടത്തിയതുകൊണ്ട്‌ ക്ഷേത്രത്തില്‍
മറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ തേജസ്‌ എന്താണെന്ന്‌ വ്യക്തമാക്കുന്നതിനോ
ആമൂല്യ നിധിയായി കണക്കാക്കി ആരാധിക്കപ്പെട്ടിരുന്ന ഒരു ശ്രീചക്രം
എവിടെയാണെന്ന്‌ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
സിദ്ധപരമ്പരയില്‍പ്പെട്ട ഋഷിസാന്നിദ്ധ്യം ശ്രീപത്മനാഭ സ്വാമി
ക്ഷേത്രത്തില്‍ ഉണ്ട്‌ എന്നാണ്‌ സുഭാഷും ഗംഗാധരനും ജ്യോതിഷ വിധിപ്രകാരം
സ്ഥാപിക്കുന്നത്‌. അഗസ്ത്യ പരമ്പരയാണ്‌ ഇതെന്നും അഗസ്ത്യ മുനിയുടെ സമാധി
സ്ഥാനത്താണ്‌ ഇന്ന്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കുടികൊള്ളുന്നതെന്നും
ഇവര്‍ അവകാശപ്പെടുന്നു.




വൃശ്ചിക രാശിയിലാണ്‌ ദേവപ്രശ്നത്തിന്‌ തുടക്കമായ സ്വര്‍ണ്ണ നാണയം
വെയ്ക്കപ്പെട്ടത്‌. ജ്യോതിഷത്തിലെ ആറു യോഗങ്ങളായ ജാതകം, ഗോളം, നിമിത്തം,
പ്രശ്നം, മുഹൂര്‍ത്തം, ഗണിതം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇതിനെ
വിശദീകരിക്കുമ്പോള്‍ വൃശ്ചികം രാശി എന്ന ഉപാസനാ സ്ഥാനം ബാധരാശിയാകുകയും
ബാധാതിപതിയായ ചന്ദ്രന്‍ നീചസ്ഥാനത്ത്‌ സ്വര്‍ണ്ണാരൂഢത്തില്‍ പാപയോഗ
ദൃഷ്ടികളോടു കൂടി ഉദയം ചെയ്തതുകൊണ്ടും തീര്‍ത്ഥാന്തമാണ്‌ ഇവിടെ
വ്യക്തമാകുന്നതെന്ന്‌ സുഭാഷ്‌ ചെറുകുന്നും എം.പി.ഗംഗാധരനും പറയുന്നു.
ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ നടന്ന സ്വര്‍ണ്ണ പ്രശ്നത്തിലെ
ദൃക്‌സാക്ഷികളായിരുന്നു ഇവരും ഇവരുടെ ശിഷ്യന്മാരും. കോടതി
നിര്‍ദ്ദേശപ്രകാരം വിവരങ്ങള്‍ കൊടുക്കാനുള്ളതുകൊണ്ടാവണം നാലു ദിവസത്തെ
ദേവപ്രശ്നം നടത്തിയതെന്നാണ്‌ ഇവരുടെ വിലയിരുത്തല്‍. ദിവസങ്ങളോളം നീണ്ടു
നില്‍ക്കുന്ന ദേവപ്രശ്നത്തിലൂടെ മാത്രമേ ശ്രീപത്മനാഭ സ്വാമിക്ഷേത്രവുമായി
ബന്ധപ്പെട്ട്‌ കിടക്കുന്ന ചൈതന്യമേതെന്ന്‌ വ്യക്തമാകുകയുള്ളൂ എന്നും
ഇവര്‍ പറയുന്നു. ഇപ്പോള്‍ നടത്തിയ ദേവപ്രശ്നം സൂക്ഷ്മമല്ല. അതുകൊണ്ടു
തന്നെ ദേവപ്രശ്നത്തില്‍ കണ്ട പ്രശ്നങ്ങളെ വെല്ലുന്ന പ്രതിസന്ധികള്‍
ഉണ്ടാകാനാണ്‌ സാധ്യതയെന്ന്‌ ഇവര്‍ പറയുന്നു.
ക്ഷേത്രേശ പതിയായ രാജകുടുംബത്തിന്‌
അധഃപതനം,ദൈന്യം,ദുരാചാരം,ഋണഭാരം,നീചാശ്രയം,അയോഗ്യമായ ദേശ വാസം,ഭൃത്യത്വം
എന്നിവയുണ്ടാകുമെന്ന്‌ ഇവര്‍
സമര്‍ത്ഥിക്കുന്നു.കുടുംബച്ഛിദ്രം,സന്താനഭാഗ്യമില്ലായമ,ദാമ്പത്യദോഷം
തുടങ്ങി ഇന്ന്‌ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നനങ്ങള്‍
അധീകരിക്കും.വംശനാശവും സംഭവിക്കും.





ഇനിയും തുറക്കാത്ത നിലവറകള്‍ തുറക്കരുതെന്ന്‌ ദേവപ്രശ്നത്തില്‍ കണ്ടൂ
എന്നു പറയുന്നത്‌ ശാസ്ത്രത്തിന്‌ വിപരീതമായ ഭയപ്പെടുത്തലാണ്‍ന്ന്‌
സുഭാഷ്‌ ചെറുകുന്ന്‌ ചൂണ്ടിക്കാട്ടി.അതിന്‌ ഗോചരം ഇല്ല.എന്ന്‌ മാത്രമല്ല
ഈ ദേവപ്രശ്നത്തില്‍ കണ്ടെത്തിയതിലും ഘോരമായ അനിഷ്ജ്ട സംഭവങ്ങള്‍
ഉണ്ടാകുമെന്ന്‌ എം.പി.ഗംഗാധരനും വ്യക്തമാക്കി.





ഇനിയും തുറക്കാത്ത നിലവറകളിലെ നിധിയുടെ മൂല്യനിര്‍ണ്ണയം തീര്‍ച്ചയായും
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നടക്കുമെന്ന കാര്യത്തില്‍ നടക്കുമെന്ന്‌
സംശയമില്ലെന്ന്‌ ഇരുവരും പറയുന്നു. ഇപ്പോള്‍ നടത്തിയ ദേവപ്രശ്നത്തിലൂടെ
സുപ്രീംകോടതിയുടെ ആ ഇടപെടലിനെ പ്രതിരോധിക്കാന്‍ കഴിയുകയില്ല. നിലവറയിലെ
ആഭരണങ്ങള്‍ അടക്കമുള്ളവയുടെ മൂല്യനിര്‍ണ്ണയം നടത്തുന്നതില്‍ തെറ്റില്ല.
എന്നാല്‍, ആ നിധി അവിടെ നിന്ന്‌ മാറ്റുകയോ മറ്റ്‌ ഏതെങ്കിലും
ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുകയോ ചെയ്താല്‍ അത്‌ ഈശ്വരഹിതമായിരിക്കുകയില്ല
എന്നാണ്‌ സുഭാഷ്‌ ചെറുകുന്നിന്റെയും ഗംഗാധരന്റെയും അഭിപ്രായം.




അഗസ്ത്യ മുനിയുടെ സമാധി സ്ഥാനത്താണ്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം
നിര്‍മ്മിച്ചതെന്ന്‌ ഇരുവരും ആവര്‍ത്തിച്ച്‌ അവകാശപ്പെടുന്നു.
അഗസ്ത്യമുനി ഭക്തിപുരസരം ആരാധിച്ചിരുന്ന ഒരു ശ്രീചക്രം ഈ
നിലവറകളിലൊന്നില്‍ തീര്‍ച്ചയായും ഉണ്ട്‌. ശ്രീപത്മനാഭ
സ്വാമിക്ഷേത്രത്തിന്റെയും രാജകുടുംബത്തിന്റെയും ഐശ്വര്യത്തിനും
ശ്രേയസ്സിനും കാരണമായത്‌ ഈ ശ്രീ ചക്രമായിരുന്നു. മുന്‍കാലങ്ങളില്‍ ഈ ശ്രീ
ചക്രത്തെയായിരുന്നു ആരാധിച്ചിരുന്നത്‌. അന്ന്‌ അഗസ്ത്യനെയും
ആരാധിച്ചിരുന്നു. എന്നാല്‍, പിന്നീട്‌ നാട്ടു രാജാക്കന്മാര്‍ തമ്മിലുള്ള
തര്‍ക്കവും യുദ്ധവും മുഖ്യവിഷയമായപ്പോള്‍ അഗസ്ത്യ ഋഷിയെയും അദ്ദേഹം
ആരാധിച്ചിരുന്ന ശ്രീ ചക്രത്തെയും രാജകുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍
വിസ്മരിക്കുകയായിരുന്നു എന്നാണ്‌ സുഭാഷിന്റെയും ഗംഗാധരന്റെയും
വിലയിരുത്തല്‍.




സമയാചാര സമ്പ്രദായത്തിലുള്ള ശ്രീവിദ്യോപസനയാണ്‌ അഗസ്ത്യമുനിയാല്‍
സൃഷിടിക്കപ്പെട്ടിരുന്നത്‌.മഹാവിഷ്ണുവിന്റെ അവതാരമായ ഹയഗ്രിവനാണ്‌
ശ്രീവിദ്യോപാസന അല്ലെങ്കില്‍ ശ്രിചക്രോപാസന അഗസ്ത്യമുനിയാള്‍ക്ക്‌
ഉപദേശിച്ചു കൊടുത്തത്‌.ഏരെ ദശാബ്ധത്തോളം ഈ രീതിയിലുള്ള ആരാധനയാണ്‌ ഈ
ക്ഷേത്രത്തില്‍ നടന്നു പോന്നത്‌.അവഗണിക്കപ്പെട്ട ഈ ചൈതന്യവും
ഐശ്വര്യത്തിന്റെ ശ്രീചക്രവും വീണ്ടും കണ്ടെത്താനും വിശുദ്ധിയോടെ അവയെ
ആരാധിക്കാനും ഒരവസരം ഉണ്ടാക്കാനാണ്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി
ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങള്‍ ഉണ്ടായതെന്നാണ്‌ ഇരുവരും
വിലയിരുത്തുന്നത്‌. വിശ്വാസികളില്‍ ചിലര്‍ക്ക്‌ ഇപ്പോഴത്തെ വിവാദങ്ങളില്‍
മനഃക്ഷോഭമുണ്ടെങ്കിലും ഈ വിവാദം ശ്രേയസ്കരമായ ഒരു തിരിച്ചറിവിന്‌
കാരണമാകുമെന്നാണ്‌ ഇവര്‍ പറയുന്നത്‌.




ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നത്തിലൂടെ മറഞ്ഞു
കിടക്കുന്ന ഈ ഋഷി ചൈതന്യം തിരിച്ചറിയാനും അഗസ്ത്യമുനി ആരാധിച്ചിരുന്ന
ശ്രീചക്രം കണ്ടെത്താനും കഴിയേണ്ടതായിരുന്നു. അത്‌ ഉണ്ടായില്ല.
അതുകൊണ്ടാണ്‌ ഇപ്പോള്‍ നടന്ന ദേവപ്രശ്നം അപൂര്‍ണ്ണമാണെന്ന്‌ അല്ലെങ്കില്‍
സൂക്ഷ്മമല്ലെന്ന്‌ പറയേണ്ടി വരുന്നതെന്ന്‌ ഇരുവരും ചൂണ്ടിക്കാട്ടുന്നു.
ഋഷി പരമ്പരയിലുള്ള ആരാധന സ്ഥാപിക്കുകയും ഐശ്വര്യത്തിന്റെ ശ്രീ ചക്രം
കണ്ടെത്തി പ്രതിഷ്ഠിക്കുകയും ചെയ്താല്‍ രാജകുടുംബാംഗങ്ങള്‍ക്കും നാടിനും
ശ്രേയസ്സും ഐശ്വര്യവും ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും
ജ്യോതിഷ വിധികള്‍ ഉദ്ധരിച്ച്‌ സുഭാഷ്‌ ചെറുകുന്നും എം.പി. ഗംഗാധരനും
വിശദീകരിക്കുന്നു.

ദേവപ്രശ്നം കോടതി കയറുന്നു


ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസമ്പത്തിനെക്കുറിച്ചുള്ള ദേവഹിതം
സുപ്രീംകോടതിയെ അറിയിക്കാന്‍ രാജകുടുംബം ഒരുങ്ങുന്നു. സമ്പത്തിന്റെ
മൂല്യനിര്‍ണയം നടത്തരുത്‌ എന്നാണ്‌ ദേവപ്രശ്നത്തില്‍ കണ്ടത്‌. ഇത്‌
തന്നെയാണ്‌ രാജകുടുംബത്തിന്റെയും നിലപാട്‌. അതേസമയം സുപ്രീംകോടതി
നിയോഗിച്ച വിദഗ്ധസമിതി ഓഗസ്റ്റ്‌ 22ന്‌ യോഗം ചേരുന്നുണ്ട്‌.
മൂല്യനിര്‍ണയവുമായി മുന്നോട്ട്‌ പോകാന്‍ തന്നെയാണ്‌ സമിതിയുടെ തീരുമാനം
എന്നാണ്‌ റിപ്പോര്‍ട്ട്‌.



നാല്‌ ദിവസം നീണ്ടുനിന്ന ദേവപ്രശ്നത്തിന്റെ വിധിച്ചാര്‍ത്ത്‌
ക്ഷേത്രതന്ത്രിയുമായി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വിശദമായി
ചര്‍ച്ചചെയ്തു. ക്ഷേത്രം ഭാരവാഹികളുമായും ആശയവിനിമയം നടന്നു. ഇതിന്‌
ശേഷമാണ്‌ രാജകുടുംബം സുപ്രീംകോടതിയിലേക്ക്‌ നീങ്ങുന്നത്‌. 'ബി നിലവറ
തുറക്കരുതെന്ന്‌ മാത്രമല്ല മുമ്പ്‌ തുറന്ന അറകളിലെ സമ്പത്തിന്റെ ഇനം
തിരിച്ചുള്ള മൂല്യനിര്‍ണയം, വീഡിയോ ചിത്രീകരണം, പ്രദര്‍ശനം എന്നിവ
സംബന്ധിച്ചും ദേവന്‌ അതൃപ്തിയുള്ളതായി ദേവപ്രശ്നത്തില്‍ കണ്ടിരുന്നു.




ക്ഷേത്രത്തിലെ 'ബി' അറ തുറക്കാന്‍ ശ്രമിക്കുന്നവരുടെ വംശം മുടിയുമെന്നും
ദേവന്‌ മാത്രമേ ഇവിടെ പ്രവേശിക്കാന്‍ അവകാശമുള്ളൂ എന്നുമായിരുന്നു
കണ്ടെത്തല്‍. ശ്രീചക്രപ്രതിഷ്ഠപോലുള്ള കാര്യങ്ങള്‍ ക്ഷേത്രനിലവറകള്‍ക്ക്‌
അടിയിലുണ്ട്‌. അതിന്‌ സ്ഥാനചലനം സംഭവിച്ചാല്‍ ഗുരുതരപ്രത്യാഘാതങ്ങള്‍
ഉണ്ടാവും. ഇതിന്റെ ദോഷം ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങില്ല. രാജ്യത്തിന്‌
തന്നെ അത്‌ ഭീഷണിയാവുമെന്നും ദേവപ്രശ്നത്തില്‍ തെളിഞ്ഞിരുന്നു.
പ്രശ്നവിധിപ്രകാരമുള്ള ദോഷപരിഹാര ക്രിയകള്‍ക്ക്‌ ക്ഷേത്രത്തില്‍
തുടക്കമാവുകയും ചെയ്തു.




ദേവപ്രശ്നത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ തള്ളിക്കളഞ്ഞ്‌ നിലവറകള്‍
തുറക്കാന്‍ ശ്രമം നടന്നാല്‍ അത്‌ തടയുമെന്ന്‌ ശിവസേന അടക്കമുളള ഹിന്ദു
സംഘടനകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ അത്‌
ക്രമസമാധാനപ്രശ്നമായി കാണാനാണ്‌ മൂല്യനിര്‍ണയ സമിതി ആലോചിക്കുന്നത്‌.
എന്നാല്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടരുത്‌ എന്ന നിലപാടാണ്‌ ഈ
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. ചരിത്രവും
വിശ്വാസവും കോടതിയില്‍ ഏറ്റുമുട്ടുമ്പോള്‍ അന്തിമവിധി എന്തായിരിക്കും
എന്നതാണ്‌ കൗതുകകരമായ കാര്യം.

കാപ്പിരിമുത്തപ്പന്‍- നിണഭരിത ഭൂതകാലത്തില്‍ നിന്ന്‌ ഒരു ആംഗ്ലോ ഇന്ത്യന്‍ മിത്ത്‌

സാന്ദ്രാ ഫെര്‍ണണ്ടസ്‌

എല്ലാ സംസ്കാരങ്ങളുമായി ബന്ധപ്പെട്ട്‌ ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്‌. അന്ധവിശ്വാസമെന്നും അശാസ്ത്രീയ ചിന്തയെന്നും വിലയിരുത്തപ്പെടാവുന്ന ഇത്തരം വിശ്വാസങ്ങള്‍ക്ക്‌ പിന്നില്‍ ഒരു കാലഘട്ടത്തിന്റേയും സമൂഹത്തിന്റേയും സംസ്കൃതിയുടേയും അടയാളപ്പെടുത്തലുകള്‍ ഉണ്ട്‌.



ഇന്ത്യയിലെ പോര്‍ച്ചുഗീസ്‌ പിന്‍മുറക്കാരായ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിലെ മുന്‍തലമുറയ്ക്ക്‌ ഇത്തരമൊരു ഐതിഹ്യത്തെക്കുറിച്ച്‌ പറയാനുണ്ട്‌ -അതാണ്‌ വിശ്വാസങ്ങളില്‍ ഐശ്വര്യത്തിന്റെയും ദിശകാണിക്കലിന്റെയും നിറസാന്നിദ്ധ്യമായെത്തുന്ന കാപ്പിരി മുത്തപ്പന്‍.



വാസ്കോഡ ഗാമയ്ക്ക്‌ പിന്നാലെ സുഗന്ധവ്യഞ്ജനങ്ങളുടെ ഭൂമിക തേടിയെത്തിയ പോര്‍ച്ചിഗീസ്‌ വാണിക്കുകള്‍ ആഫ്രിക്കയുടെ തീരങ്ങളില്‍ നങ്കൂരമിട്ടശേഷമാണ്‌ കേരളത്തിലെത്തിയത്‌. അന്ന്‌ അവിടെ, പ്രത്യേകിച്ച്‌ കോംഗോ തീരങ്ങളില്‍ നിന്നുള്ള കാപ്പിരി വംശജരെ അടിമകളാക്കിയാണ്‌ പോര്‍ച്ചുഗീസ്‌ നാവികര്‍ കേരളത്തിലേയ്ക്കുള്ള യാത്ര തുടര്‍ന്നത്‌.




തങ്ങള്‍ അധികാരം സ്ഥാപിച്ച കൊച്ചി അടക്കമുള്ള ആംഗ്ലോ ഇന്ത്യന്‍ കോളനികളില്‍ മരാമത്തുപണികള്‍ക്കുവേണ്ടിയാണ്‌ ഈ അടിമകളെ പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ചത്‌. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തുമ്പോള്‍ കല്ലും കുമ്മായവും ഉപയോഗിച്ചുള്ള മരാമത്തു പണികള്‍ ഇല്ലായിരുന്നു എന്നു തന്നെ പറയണം. അത്‌ വ്യാപകമാക്കിയതിനു പിന്നില്‍ ഈ അടിമകളുടെ അദ്ധ്വാനവും വിയര്‍പ്പും കണ്ണീരും സമര്‍പ്പണവുമുണ്ട്‌.




1663-ല്‍ പോര്‍ച്ചുഗീസുകാരെ തോല്‍പിച്ച്‌ ഡച്ചുകാര്‍ അധികാരം കൈയാളിയ നാളുകളില്‍നിന്നണത്രെ 'കാപ്പിരി മുത്തപ്പന്‍' മിത്തിന്റെ തുടക്കം.
അന്ന്‌ കത്തോലിക്കാ വിശ്വാസികളായ പോര്‍ച്ചുഗീസുകാരെ പ്രൊട്ടസ്റ്റനൃ വിശ്വാസികളായ ഡച്ചുകാര്‍ കീഴടക്കിയതിനു പിന്നാലെ വന്‍ ഉന്മൂലന പ്രവര്‍ത്തനം നടന്നതായാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. മതപരമായ സ്പര്‍ദ്ദയുടെ ആയുധ സംസാരങ്ങള്‍. ചോരപ്പുഴയൊഴുക്കിയാണ്‌ ഡച്ചുകാര്‍ കേരളത്തില്‍ അവരുടെ അധിനിവേശം ഉറപ്പിച്ചത്‌.



അന്ന്‌ പോര്‍ച്ചുഗീസുകാരും അവരുടെ അടിമകളുംഅക്ഷരാര്‍ത്ഥത്തില്‍ത് തന്നെ ചിതറിക്കപ്പെട്ടു. അന്ന്‌ അവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വിലകൂടിയ സമ്പത്ത്‌ നാട്ടില്‍ പലയിടത്തും രഹസ്യമായി സൂക്ഷിച്ചിട്ടാണ്‌ പോര്‍ച്ചുഗീസുകാര്‍ കേരളതീരം വിട്ടത്‌. ഈ സ്വത്ത്‌ സൂക്ഷിച്ച സ്ഥലങ്ങളില്‍ അവരുടെ അടിമകളായിരുന്ന ഒരു കാപ്പിരിയെ, ഉഭയസമ്മത പ്രകാരം ശിരഛേദം ചെയ്തോ, അല്ലെങ്കില്‍ ചങ്ങലയ്ക്കിട്ട്‌ പൂട്ടിയോ സ്വത്തുക്കള്‍ക്കൊപ്പം അടക്കം ചെയ്തു എന്നാണ്‌ വിശ്വാസം. ചില മരങ്ങളുടെ പൊത്തിലും വീടുകളുടേയും സ്ഥാപനങ്ങളുടേയും വലിയ മതിലുകള്‍ക്കുള്ളിലുമാണ്‌ ഇങ്ങനെ വിലപിടിപ്പുള്ള സ്വത്ത്‌ കാപ്പിരിയുടെ ജഡത്തോടൊപ്പം അടക്കം ചെയ്തതെന്ന്‌ മുന്‍തലമുറ വിശ്വസിക്കുന്നു.



ഈ 'കാപ്പിരി സംസ്കാര'ത്തില്‍നിന്നാണ്‌ 'കാപ്പിരി മുത്തപ്പന്‍' എന്ന സങ്കല്‍പത്തിന്‌ ജീവന്‍ വച്ചത്‌. തങ്ങളുടെ സ്വത്ത്‌ പില്‍ക്കാലത്ത്‌, പിന്‍തലമുറയില്‍പ്പെട്ട ആരെങ്കിലും വന്ന്‌ സ്വന്തമാക്കുന്നതുവരെ അതു കാത്തുസൂക്ഷിക്കാനുള്ള ആത്മാവായിട്ടാണ്‌ കാപ്പിരികളെ ഗളഛേദം ചെയ്തോ, ബന്ധനസ്ഥനാക്കിയോ സ്വത്തിനോടൊപ്പം അടക്കംചെയ്തത്‌. 'കാവല്‍ മാലാഖ' എന്ന സങ്കല്‍പം പില്‍ക്കാലത്ത്‌ കേരളത്തിലെ ക്രൈസ്തവ സമുദായങ്ങള്‍ക്കിടയിലുണ്ടായത്‌ ഈ 'കാപ്പിരി മുത്തപ്പ'നില്‍ നിന്നാണെന്നും പറയപ്പെടുന്നു.



കേരളത്തില്‍ പലയിടത്തും മുന്‍ തലമുറയില്‍പ്പെട്ട്‌ ആംഗ്ലോ ഇന്ത്യാക്കാര്‍ 'കാപ്പിരി മുത്തപ്പ'നെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ചുരുട്ട്‌ വലിച്ച്‌, ചങ്ങല കിലുക്കി, കോട്ടും സ്യൂട്ടുമിട്ട പുരുഷ ആത്മാക്കളായാണ്‌ 'കാപ്പിരി മുത്തപ്പ'നെ കണ്ടിട്ടുള്ളതത്രേ. അമാവാസി ദിവസങ്ങളിലാണ്‌ 'കാപ്പിരി മുത്തപ്പന്‍' പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌.



ഈ 'കാപ്പിരി മുത്തപ്പ'നെ പ്രസാദിപ്പിക്കാന്‍ പുട്ടും 'കാല്‍ദോ' എന്ന പ്രത്യേക ഇറച്ചിക്കറിയും നിവേദിക്കുന്ന രീതിയുണ്ടായിരുന്നു, കേരളത്തില്‍ ചിലയിടങ്ങളില്‍. ഇവ കൂടാതെ കള്ളും ചാരായവും ചിരട്ടകളിലൊഴിച്ച്‌ 'കാപ്പിരി മുത്തപ്പ'ന്‌ നിവേദിച്ചിരുന്നതായും വായ്മൊഴികളിലുണ്ട്‌.
കൊച്ചിയില്‍ 'കാപ്പിരി മുത്തപ്പ'നെ സംബന്ധിച്ച്‌ രസകരമായ ഒരു മിത്ത്‌ മുന്‍തലമുറയിലെ ആംഗ്ലോ ഇന്ത്യന്‍ വീട്ടമ്മമാര്‍ക്ക്‌ പറയാനുണ്ട്‌; 'പുട്ട്‌ പുഴുങ്ങുമ്പോള്‍ പ്രതീക്ഷിക്കുന്ന സമയത്ത്‌ ആവി വന്നിട്ടില്ലെങ്കില്‍ 'കാപ്പിരി മുത്തപ്പന്‍' പുട്ട്‌ കണയ്ക്ക്‌ (പുട്ട്‌ കുറ്റിക്ക്‌ ) മുകളില്‍ ഇരിക്കുന്നു' എന്നായിരുന്നു വിശ്വാസം. മുത്തപ്പനെ പ്രതീപ്പെടുത്താന്‍ പുട്ടും കാല്‍ദോയും നല്‍കാമെന്ന്‌ വീട്ടമ്മമാര്‍ നേരുമ്പോള്‍ 'കാപ്പിരി മുത്തപ്പന്‍' പുട്ടുകണയില്‍ നിന്ന്‌ മാറിപോകുമെന്നും പുട്ട്‌ വേവുമെന്നുമായിരുന്നു വിശ്വാസം.
ചില സമയങ്ങളില്‍ ചില വീട്ടുകാര്‍ക്ക്‌ 'കാപ്പിരി മുത്തപ്പ'ന്റെ ദര്‍ശനം സ്വപ്നത്തിലൂടെ ലഭിക്കാറുണ്ടായിരുന്നുവെന്നും ആ സ്വപ്നം വിശ്വസിച്ച്‌ നിലംകുഴിച്ചവര്‍ക്ക്‌ അമൂല്യങ്ങളായ സ്വത്ത്‌ ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ 'കാപ്പിരി മുത്തപ്പ'ന്റെ വെളിപാട്‌ വിശ്വസിക്കാതെ പോയാല്‍ ആ സ്വത്തെല്ലാം കരിക്കട്ടയായി തീരുമെന്നും വിശ്വാസമുണ്ട്‌. കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളില്‍ പല സ്ഥലങ്ങളിലും ആംഗ്ലോ ഇന്ത്യന്‍ ആവാസ ഭൂമികളില്‍ ഇത്തരത്തില്‍ കരിക്കട്ടകള്‍ കണ്ടെത്തിയതായി പോഞ്ഞിക്കര റാഫിയും ഡി.എല്‍. ബര്‍ണാഡ്‌ മാഷും രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്‍.എസ്‌. മാധവന്റെ 'ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍' എന്ന നോവലിലും ഈ മിത്തുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ട്‌.



കേരളത്തിലെ മറ്റൊരു ആംഗ്ലോ ഇന്ത്യന്‍ സെറ്റില്‍മെന്റായ കൊല്ലത്തിന്റെ തീരപ്രദേശങ്ങളില്‍ സ്വര്‍ണ്ണപ്പന്ത്‌ കളിക്കുന്ന 'കാപ്പിരി മുത്തപ്പ'നേയും 'കാപ്പിരി കുഞ്ഞുങ്ങളേ'യുമാണത്രെ കണ്ടിട്ടുള്ളത്‌.
പുതിയ തലയമുറയ്ക്ക്‌ അജ്ഞാതമായതും എന്നാല്‍ അന്ധവിശ്വാസമെന്ന്‌ വ്യാഖ്യാനിക്കുന്നതുമായ ഈ മിത്തിനുപിന്നില്‍ ഡച്ച്‌ ആക്രമണവും അക്കാലത്ത്‌ ഇവിടം വിട്ടുപോകേണ്ടിവന്ന പോര്‍ച്ചുഗീസ്‌ സമൂഹം തങ്ങളുടെ സ്വത്ത്‌ സൂക്ഷിക്കാന്‍ അവലംബിച്ച പ്രാകൃതരീതികളുടെ വിശദാംശങ്ങളുമാണുള്ളത്‌.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:
രഞ്ജിത്‌ ലീന്‍ (സീനിയര്‍ സബ്‌ എഡിറ്റര്‍, ദ്‌ വീക്ക്‌ ) , ആന്‍ഡ്രു റോഡ്രിക്സ്‌, ഗ്രെയ്സ്‌ റോഡ്രിക്സ്‌, മാനുവല്‍ ഒലിവര്‍

Friday, 29 July 2011

പഴയ ശൂദ്രന്റെ അപകര്‍ഷതയും അധികാരക്കൊതിയും; പുതിയ ശൂദ്രന്മാരുടെ വിഢിത്തവും വിധേയത്വവും

ടൈറ്റസ്‌ കെ വിളയില്‍

ലോകത്ത്‌ കണ്ടെടുത്തിട്ടുള്ള സ്വര്‍ണ്ണ നിധികളെയെല്ലാം കവച്ചുവയ്ക്കുന്നതാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെന്നാണ്‌ ഇതുവരെ പുറത്ത്‌ വന്നിട്ടുള്ളയുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്‌. 5000 കിലോ സ്വര്‍ണ്ണമാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരമായി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്‌.



ഇതിനുമുന്‍പ്‌ മംഗോളിയന്‍ രാജാവിന്റെ ശവകുടീരത്തില്‍ നിന്ന്‌ ലഭിച്ച 3000 കിലോ സ്വര്‍ണ്ണമായിരുന്നു റെക്കോര്‍ഡ്‌ ശേഖരം. ഈജിപ്തിലെ പിരമിഡില്‍ 2000 കിലോയും ട്രോയി നഗരത്തിലെ നിധിയില്‍ 1600 കിലോയും സ്വര്‍ണ്ണശേഖരമുണ്ടായിരുന്നു. (ചരിത്രത്തില്‍ ഇതുവരെ കണ്ടെത്താത്ത നിധിയായിട്ട്‌ കരുതപ്പെടുന്നത്‌ മംഗോളിയന്‍ രാജാവായ ചെങ്കിസ്ഖാന്റേതാണ്‌. ചെങ്കിസ്ഖാന്റെ ശവകുടീരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ശവസംസ്കാരത്തില്‍ പങ്കെടുത്ത്‌ നിധി ഒളിച്ചു വയ്ക്കുന്നതിന്‌ സാക്ഷികളായ 500 പേരെ വധിച്ചിരുന്നു. അതുകൊണ്ടാണത്രേ ഇന്നും ആ നിധി കണ്ടെടുക്കപ്പെടാതെ കിടക്കുന്നത്‌)




ഇത്രയും വലിയ സ്വര്‍ണ്ണശേഖരം മാര്‍ത്താണ്ഡവര്‍മയും പിന്നീട്‌ വന്ന രാജകുടുംബാംഗങ്ങളും പത്മനാഭസ്വാമി ഭക്തരും കാണിക്കയിട്ട വകയില്‍പ്പെട്ടതാണെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്‌. കാരണം,പതിനൊന്നാം നൂറ്റണ്ടില്‍ വേണാട്ടില്‍ ഭരണം നടത്തിയ 'ആയ്‌ 'വംശത്തിന്റേത്‌ മുതല്‍ ഒന്‍പത്‌ നൂറ്റാണ്ടിലധികം നീണ്ട രാജഭരണകാലത്തെ എല്ലാ ഭരണ വൈകൃതങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ചൂഷണങ്ങളുടെയും നിഷ്ഠൂര നികുതി നിര്‍ണയങ്ങളുടേയും നീക്കിയിരിപ്പാണ്‌ ഈ 5000 കിലോ സ്വര്‍ണ്ണം.




വേണാട്‌ രാജപരമ്പരയാണ്‌ പില്‍ക്കാലത്ത്‌ തിരുവിതാംകൂറിന്റേയും ഭരണത്തിലേറിയത്‌. വേണാട്‌ അന്ന്‌ ' ആയ്‌ ' വശത്തില്‍ പെട്ട ശൂദ്ര രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. വേണാട്‌ തിരുവിതാംകോടും പിന്നീട്‌ തിരുവിതാംകൂറുമായി പരിണമിച്ചെങ്കിലും രാജവംശത്തിന്റെ ശൂദ്രത്വം പരിണാമമില്ലാതെ നിലനിന്നു പോന്നു.




ജനനം കൊണ്ട്‌ ക്ഷത്രിയനായ വീരപുരുഷനാണ്‌ രാജഭരണം അവകാശപ്പെട്ടത്‌. എന്നാല്‍, ജന്മംകൊണ്ട്‌ ശൂദ്രരായ രാജാക്കന്മാരുടെയും പിന്‍ഗാമികളുടെയും അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉരുവം കൊണ്ട അധികാര കൊതിയുടെ കുതന്ത്രങ്ങള്‍, വെട്ടിയും കൊന്നും കവര്‍ന്നെടുത്തതാണ്‌ ഈ 5000 കിലോ സ്വര്‍ണ്ണം എന്ന്‌ ചരിത്രം സാക്ഷ്യം.




ഇതിന്റെ വാസ്തവം അറിയണമെങ്കില്‍ അല്‍പ്പം ഭൂതകാലം ചികയേണ്ടതുണ്ട്‌. താരതമ്യേന ചെറിയ രാജ്യമായിരുന്ന തിരുവിതാംകൂറിന്‌ ഇത്ര വലിയ സമ്പദ്‌ ശേഖരം എങ്ങനെയുണ്ടായി എന്ന ചോദ്യത്തില്‍ നിന്നുവേണം അന്വേഷണം ആരംഭിക്കാന്‍ ഇതിനുള്ള ഉത്തരം ചരിത്ര രേഖകളില്‍ കൃത്യമായി ഇല്ലാത്തതുകൊണ്ട്‌ ചില അനുമാനങ്ങള്‍ മാത്രമേ ഇപ്പോള്‍ സാധ്യമാകൂ. അതിലൊന്ന്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ട കാലത്ത്‌ മറ്റു നാട്ടുരാജ്യങ്ങളില്‍ നിന്നും അവിടുത്തെ ക്ഷേത്രങ്ങളില്‍ നിന്നും കൊള്ളയടിച്ച മുതല്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കാം എന്നതാണ്‌. മറ്റൊന്ന്‌ തിരുവിതാംകൂറില്‍ നിന്ന്‌ കയറ്റി അയച്ച ചരക്കുകളുടെ വിലയായി സ്വീകരിച്ചതാവാം ഈ സ്വര്‍ണ്ണത്തില്‍ ഭൂരിഭാഗവും.ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ലക്ഷ്മിബായ്‌, സുരക്ഷിതത്വം മുന്‍ നിര്‍ത്തി നാടിന്റെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ക്ഷേത്ര ഭണ്ഡാരത്തിലേക്ക്‌ മുതല്‍ക്കൂട്ടിയതാവാം എന്നതാണ്‌ മറ്റൊരു അനുമാനം.




ധര്‍മ്മരാജാവ്‌ എന്ന്‌ വാഴ്ത്തപ്പെടുന്ന തിരുവിതാംകൂര്‍ രാജ്യാധികാരി പക്ഷേ, അത്രയ്ക്കൊന്നും ധാര്‍മ്മികനായിരുന്നില്ല എന്നാണ്‌ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌. ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനവിഭാഗങ്ങളെക്കൊണ്ട്‌ അടിമകളെപ്പോലെ 'ഊഴിയവേല'യെടുപ്പിച്ചും തലക്കരവും മുലക്കരവും പോലെയുള്ള അധാര്‍മ്മിക നികുതികള്‍ അടിച്ചേല്‍പ്പിച്ച്‌ പിരിച്ചുമാണ്‌ 'ധര്‍മ്മരാജാക്കന്മാര്‍' രാജ്യം പരിപാലിച്ചു പോന്നത്‌.




പത്മനാഭസ്വാമിയുടെ ധര്‍മ്മ രാജ്യത്തെപ്പറ്റി 1931-ലെ സെന്‍സസ്‌ കമ്മീഷണര്‍ രേഖപ്പെടുത്തിയത്‌ ഇങ്ങനെയാണ്‌: "ഇന്ത്യയിലെ തന്നെ നാട്ടുരാജ്യങ്ങളില്‍ ഏറ്റവും അധികം ജാതിവിവേചനം നിലനില്‍ക്കുന്ന രാജ്യമാണ്‌ തിരുവിതാംകൂര്‍. കേരളമാണ്‌ ഇതിന്റെ പാപഭാരം ഏറ്റെടുത്തിരിക്കുന്നത്‌." (സെന്‍സസ്‌ റിപ്പോര്‍ട്ട്‌ 1931 പുറം 364).




ഇങ്ങനെ ജാതി ചിന്ത അതിന്റെ ഏറ്റവും മ്ലേച്ഛാവസ്ഥയില്‍ നിന്ന അക്കാലത്തെ ഭരണാധികാരികള്‍ സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്കുപോലും നികുതി വാങ്ങിയിരുന്നു എന്നു പറയുമ്പോള്‍ ഞെട്ടിയിട്ട്‌ കാര്യമില്ല. അവര്‍ണ്ണ സമുദായാംഗങ്ങളുടെ തലയും മുലയും വളരുന്നതനുസരിച്ച്‌ തങ്ങളുടെ ഖജനാവും വളരുമെന്നായിരുന്നു ധര്‍മ്മരാജാക്കന്മാര്‍ കരുതിയിരുന്നത്‌.





അവര്‍ണര്‍ അടക്കമുള്ള ഭൂരിപക്ഷം ജനങ്ങളെ ഊറ്റിപ്പിഴിയാന്‍ നൂറില്‍ അധികം നികുതികളാണ്‌ അക്കാലത്ത്‌ നിലവിലുണ്ടായിരുന്നത്‌. രൂപാവരി, ആണ്ടക്കാഴ്ച, കുപ്പക്കാഴ്ച, മുടിയെടുപ്പ്‌, അലങ്കാരം, കൈക്കൂലി, തങ്കശ്ശേരി വേലികെട്ട്‌, മുണ്ടുവെച്ച്‌ തൊഴല്‍, ഈഴവാത്തിക്കാശ്‌, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണ്‌ ഈ നികുതികള്‍ പിരിച്ചിരുന്നത്‌.
തലക്കരം വര്‍ഷത്തില്‍ ഒരിക്കലാണ്‌ പിരിച്ചിരുന്നത്‌. 16 മുതല്‍ 60 വരെ വയസ്സുള്ള അവര്‍ണ്ണരുടെ തലയെണ്ണി വാങ്ങിയിരുന്ന നികുതിയാണിത്‌. മരിച്ചുപോയവര്‍ക്കുവരെ തലക്കനം ഈടാക്കിയിരുന്നു.




തലവരി
ഇനത്തില്‍ ഈഴവരില്‍ നിന്നും ചാന്നാന്മാരില്‍ നിന്നും പ്രതിവര്‍ഷം 88044 രൂപയും മറ്റ്‌ ഏഴ്‌ ജാതികളില്‍നിന്ന്‌ 4624 രൂപയും പിരിച്ചെടുത്തിരുന്നു. മുടി ഒന്നിന്‌ രണ്ടു പണം വീതമാണ്‌ മറ്റ്‌ ഹീനജാതിക്കാരില്‍നിന്ന്‌ പിരിച്ചെടുത്തിരുന്നത്‌. 1861-ല്‍ നാല്‌ മണ്ഡപത്തും വാതില്‍ക്കലായി (റവന്യൂ വിഭാഗം) 4089 ഈഴവരുടെയും പറയരുടെയും പേരില്‍ 4492 കാലേ അരയ്ക്കാല്‍ പണം പിരിച്ചതായും കണക്കുണ്ട്‌. അനേകം നൂറ്റാണ്ടുകളോളം ഈ കൊള്ള നിലനിന്നിരുന്നു. അവര്‍ണ്ണന്റെ കണ്ണീരില്‍ കുതിര്‍ന്ന ഈ പണവും പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.( നായന്മാരെയും മാപ്പളിമാരെയും കോംഗ്ങ്ങിണികളെയും ഒഴിവാക്കിയിരുന്നു )





അവര്‍ണ്ണ സ്ത്രീകള്‍ക്ക്‌ മുലക്കരം ഏര്‍പ്പെടുത്തിയിരുന്നു എന്ന്‌ സൂചിപ്പിച്ചുവല്ലോ. ചേര്‍ത്തലയില്‍ ഒരു ഈഴവ സ്ത്രീ മുലക്കരം വാങ്ങാന്‍ വന്ന ഉദ്യോഗസ്ഥന്റെ മുന്നില്‍ പ്രതിഷേധ സൂചകമായി തന്റെ മുലകള്‍ ഛേദിച്ചുവച്ച ചരിത്രവും ഈ ധര്‍മ്മരാജ്യത്തിനും പത്മനാഭസ്വാമി ദാസന്മാര്‍ക്കും പറയാനുണ്ട്‌. മുലച്ചിപറമ്പ്‌ എന്നാണ്‌ ആ സ്ത്രീയുടെ സ്ഥലം ഇപ്പോഴും അറിയപ്പെടുന്നത്‌. ഇതൊന്നും ഗ്രഹിക്കാതെയാണ്‌ ഈഴവരുടെ പുതിയ രക്ഷകനായ ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ മുഴുവനും വിശുദ്ധവും ഈശ്വരാര്‍ച്ഛിതവുമാണെന്ന്‌ വിധിച്ചിരിക്കുന്നത്‌. ഒരു ശ്രൂദ്രന്റെ അപകര്‍ഷതയും അതില്‍ നിന്ന്‌ ഉയിര്‍ക്കൊണ്ട അധികാരക്കൊതിയും നടത്തിയ ചൂഷണത്തെ ആധുനിക ശൂദ്രന്‍ തന്റെ ചരിത്രപരമായ വിഡ്ഢിത്തം കൊണ്ട്‌ ന്യായീകരിക്കുമ്പോള്‍ തമസ്കരിക്കപ്പെടുന്നത്‌ ചൂഷണത്തിന്‌ വിധേയമായ ഒരു ജനതയുടെ കണ്ണുനീരില്‍ നിന്നും രക്തത്തില്‍ നിന്നും കാച്ചിക്കുറുക്കിയെടുത്ത ധനശേഖരത്തിന്റെ ഉള്ളുപൊള്ളിക്കുന്ന സത്യങ്ങളാണ്‌.




ജന്മം കൊണ്ട്‌ ശൂദ്രന്മാരായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക്‌ തങ്ങളുടെ രാജസ്ഥാനം നിലനിര്‍ത്താനും തങ്ങളുടെ ആര്‍ജിത ക്ഷത്രിയത്വം ഈശ്വരേച്ഛാപരമാണെന്ന്‌ വരുത്തി തീര്‍ക്കാനും അന്നത്തെ ബ്രാഹ്മണന്മാരെ ഒപ്പം നിര്‍ത്തേണ്ടത്‌ ആവശ്യമായിരുന്നു. ഇതിനായി നിരവധി ചടങ്ങുകളാണ്‌ നടത്തിയിരുന്നത്‌. ഹിരണ്യ ഗര്‍ഭം, മുറജപം തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ ആരംഭിച്ച (പ്രതീകാത്മക ക്ഷത്രീയത്വം ആര്‍ജിക്കാനുള്ള ) ചടങ്ങുകള്‍ക്ക്‌ വമ്പിച്ച സ്വത്ത്‌ സംഭരിച്ചു വയ്ക്കാന്‍ തിരുവിതാംകൂറിലെ ശൂദ്ര രാജാക്കന്മാര്‍ നിര്‍ബന്ധിതരായി. ഇതിനായി ഇവര്‍ ആരംഭിച്ച ചടങ്ങുകളെ ബ്രാഹ്മണര്‍ ക്രമേണ ഷോടശദാനങ്ങളായും ഊട്ടു പുരകളായും വികസിപ്പിച്ചെടുക്കുകയും ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.




തുലാപുരുഷ ദാനം, ബ്രഹ്മാണ്ഡദാനം, കല്‍പ്പപാദദാനം, ഗോസഹസ്രദാനം, ഹിരണ്യകാമധേനുദാനം, ഹിരണ്യാശ്വദാനം, ഹിരണ്യാശ്വരഥദാനം, ഹേമഹസ്തിരഥദാനം, ചഞ്ചലാംഗലകദാനം, ധാരദാനം, വിശ്വചക്രദാനം, കല്‍പലതാദാനം, സപ്തസാഗരദാനം, രഥധേനുദാനം, മഹാഭൂതഘടദാനം എന്നിവയായിരുന്നു ബ്രാഹ്മര്‍ക്കായി ഒരുക്കിയിരുന്ന പതിനാറു ദാനങ്ങള്‍. കൂടാതെ സ്ഥിരം ഊട്ടു പുരകളിലൂടെ സൗജന്യ ഭക്ഷണവും നല്‍കിയിരുന്നു. ഇങ്ങനെ ശൂദ്രന്മാരായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ജന്മസിദ്ധ ക്ഷത്രിയതയ്ക്കായി ബ്രാഹ്മണദാന രാജ്യമാക്കി തിരുവിതാംകൂറിനെ മാറ്റിയെടുക്കുകയായിരുന്നു.





ഇതിന്‌ ആവശ്യമായ സ്വര്‍ണ്ണവും പണവും പണ്ടങ്ങളും കണ്ടെടുത്തത്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈനികാക്രമണങ്ങളിലൂടെയും നേരത്തെ സൂചിപ്പിച്ച നീചമായ നികുതി ഘടനകളിലൂടെയുമായിരുന്നു. മാത്രമല്ല, ബ്രാഹ്മണര്‍ക്കായി നടത്തിയിരുന്ന 16 മഹാദാന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്ന മറ്റ്‌ നാട്ടു രാജാക്കന്മാരും കിലോ കണക്കിന്‌ സ്വര്‍ണം തിരുവിതാംകൂറിലെ രാജാക്കന്മാര്‍ക്ക്‌ കാഴ്ചയായും സമ്മാനമായും നല്‍കിയിരുന്നു. ഇതെല്ലാം കൂടി ചേര്‍ന്നതാണ്‌ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവുംവലിയ ക്ഷേത്ര സമ്പത്തായി ഇപ്പോള്‍ ഗണിക്കപ്പെട്ടിട്ടുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി.




ആവര്‍ത്തിക്കട്ടെ, ഈ നിധി രാജകുടുംബാംഗങ്ങളോ പത്മനാഭസ്വാമിയുടെ ഭക്തരോ കാണിക്കയായി അര്‍പ്പിച്ചതല്ല മറിച്ച്‌, സൈനിക ആക്രമണങ്ങളിലൂടെ വെട്ടിപ്പിടിച്ചതും അവര്‍ണ്ണ ജനവിഭാഗങ്ങളുടെ മേല്‍ അപരിഷ്കൃതവും ക്രൂരവും നീതി രഹിതവുമായ നികുതി അടിച്ചേല്‍പ്പിച്ചും സ്വരുക്കൂട്ടിയതാണ്‌. അതുകൊണ്ട്‌ ഈ സ്വത്ത്‌ രാജ്യത്തിന്‌ അവകാശപ്പെട്ടതാണ്‌. ഈശ്വരന്‌ അവകാശപ്പെട്ടതല്ല.
മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിനെ പത്മനാഭസ്വാമിക്ക്‌ അടിമവച്ചതിന്റെ പിന്നില്‍ വലിയൊരു കൗശലം ഉണ്ടായിരുന്നു. ഉയര്‍ന്നു വരുന്ന ജനസാക്ഷരതയ്ക്കു മുമ്പില്‍ ശൂദ്ര രാജാക്കന്മാരുടെ കള്ളക്കളി പൊളിയുമെന്ന്‌ വ്യക്തമായപ്പോള്‍. രാജ്യം ശ്രീപത്മനാഭന്‌ അടിമവച്ചു കൊണ്ട്‌ രാജഭരണം ഈശ്വരനിശ്ചയമാണെന്ന്‌ വരുത്തി തീര്‍ക്കുകയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ. ഓര്‍ക്കണം ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ രാജാവ്‌ ക്ഷേത്ര പ്രവേശന വിളമ്പരം പുറപ്പെടുവിക്കുന്നതുവരെ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണ ജാതിക്കാര്‍ക്ക്‌ പ്രവേശനം ഇല്ലായിരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലായിരുന്നു എന്നു മാത്രമല്ല, ക്ഷേത്രത്തിലേക്കുള്ള പാതയിലൂടെയോ പൊതു വീഥിയിലൂടെയോ സഞ്ചരിക്കാനും അവകാശമുണ്ടായിരുന്നില്ല. ഇത്തരത്തില്‍ ജാതിയമായി അകറ്റി നിര്‍ത്തിയ ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനവിഭാഗത്തിന്റെമേല്‍ മുന്‍പെ സൂചിപ്പിച്ച തലക്കരവും മുലക്കരവും കുടിക്കരവും ഒക്കെ അടിച്ചേല്‍പ്പിച്ച്‌ സ്വരൂപിച്ചതാണ്‌ ഇന്ന്‌ നാരായണപണിക്കരും വെള്ളാപ്പള്ളിയും കുമ്മനം രാജശേഖരനും വി.മുരളീധരനും ഒക്കെയടങ്ങുന്ന ഹൈന്ദവ നേതാക്കന്മാര്‍ അഭിമാനത്തോടെ അവകാശപ്പെടുന്ന ശ്രീ പത്മനാഭസ്വാമിയുടെ സ്വത്ത്‌.





ഇവിടെ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്‌. കൊച്ചി രാജാവ്‌ ശ്രീ പൂര്‍ണ്ണത്രയേശ ക്ഷേത്രത്തിലെ നടവരവും സമ്പാദ്യവും ഉപയോഗിച്ചാണ്‌ ഷൊര്‍ണ്ണൂരില്‍നിന്ന്‌ കൊച്ചി വരെ റെയില്‍വേ പാത നിര്‍മ്മിച്ചത്‌. അതായത്‌ അന്ന്‌ തന്നെ ക്ഷേത്ര സ്വത്ത്‌ ഈശ്വരനു മാത്രമുള്ളതല്ലെന്നും അത്‌ രാജ്യത്തിനും അതിലെ പ്രജകള്‍ക്കും അവകാശപ്പെട്ടതാണെന്നും ഒരു രാജാവ്‌ ജനക്ഷേമകരമായ ഒരു പ്രവൃത്തിയിലൂടെ തെളിയിച്ചതാണ്‌.




ഇവിടെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഒരു മഹത്വം നാം കാണാതെ പോയിക്കൂട. ജനാധിപത്യ ഭരണക്രമത്തില്‍ ജയലളിതയെപ്പോലെയും മായാവതിയെപ്പോലെയുമുള്ള ഭരണാധികാരികള്‍ ദത്തുപുത്രന്മാരുടെയും മറ്റും വിവാഹത്തിനും മറ്റ്‌ ആഢംഭരങ്ങള്‍ക്കുമായി കോടികള്‍ ചെലവഴിച്ചപ്പോള്‍ അത്തരം ധൂര്‍ത്തിനായി ഈ സ്വത്ത്‌ രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചില്ല എന്നതാണ്‌ അത്‌. ഒന്നാം ലോക മഹായുദ്ധത്തിന്‌ ശേഷം കടുത്ത ക്ഷാമവും മറ്റും ഉണ്ടായപ്പോള്‍ പോലും ഈ സ്വത്തില്‍ കൈവയ്ക്കാന്‍ അവര്‍ താല്‍പര്യമോ ധൈര്യമോ കാട്ടിയില്ല എന്നത്‌ തീര്‍ച്ചയായും അഭിനന്ദം അര്‍ഹിക്കുന്ന മാനസിക ഭാവം തന്നെയായിരുന്നു. ഇത്‌ ഒഴിവാക്കിയാല്‍ ഇന്ന്‌ തിട്ടപ്പെടുത്തിയിട്ടുള്ള ഒരു ലക്ഷം കോടി രൂപയുടെ സ്വത്ത്‌ ഇന്നാട്ടിലെ സാധാരണക്കാരന്റെ വിയര്‍പ്പിന്റെ വിലയാണ്‌.






അതുകൊണ്ട്‌
ആ പണം ആ നിലയ്ക്ക്‌ ഉപയോഗിക്കുമ്പോഴാണ്‌ അതിന്റെ മൂല്യവും വിശുദ്ധിയും വര്‍ധിക്കുക. അല്ലാതെ ആ സ്വത്ത്‌ അത്രയും ശ്രീ പത്മനാഭന്റെ നിധിയാണെന്ന്‌ അവകാശപ്പെട്ട്‌ അത്‌ സൂക്ഷിക്കാന്‍ വീണ്ടും ജനങ്ങളുടെ നികുതി പണം ചിലവഴിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും പഴയ ശൂദ്രരാജാക്കന്മാരുടെ അപകര്‍ഷതയുടെ പങ്കു പറ്റുകയാണെന്ന്‌ പറഞ്ഞേ മതിയാകൂ.

അടിക്കുറിപ്പുകള്‍
1 അനന്തശായി-ശുദ്ധസ്വര്‍ണത്തില്‍ തീര്‍ത്ത വിഗ്രഹം
2 സ്വര്‍ണത്തില്‍ പൊതിഞ്ഞ പദ്മനാഭസ്വമി ക്ഷേത്രം
3 ഹിരണ്യഗര്‍ഭം-ചടങ്ങ്‌
4 സുപ്രീം കോടതി നിയോഗിച്ച നിരീക്ഷകര്‍ പദ്മനഭസ്വമി ക്ഷേത്രത്തില്‍
5 തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍
6 വിശാഖം തിരുന്നാള്‍ രാമവര്‍മയുടെ തുലാപുരുഷദാനം
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP