Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Tuesday, 22 June 2010

പെട്രീഷ്യ

അനില്‍ പള്ളിയില്‍

പെട്രീഷ്യ എം.ഡി.യുടെ സെക്രട്ടറിയാണ്‌. ഓഫീസിന്റെ സര്‍വ്വചലനങ്ങളും അവള്‍ അറിയും.നാല്‍പതിന്റെ മുറ്റത്ത്‌ ഇരുപതുകളുടെ തിളക്കമാണ്‌. അവളെക്കുറിച്ച്‌ പൊടിപ്പും തൊങ്ങലും വച്ച്‌ എല്ലാവരും ഓരോന്ന്‌ പറയും. ഒന്നിനും അവള്‍ ചെവി കൊടുക്കാറില്ല. ഇവരൊക്കെ തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരവസരത്തില്‍ അവളുടെ സഹായം തേടിയിട്ടുണ്ട്‌. അയാള്‍ ഓര്‍ത്തു.
ഒരു ശനിയാഴ്‌ച ഓഫീസിലെ തിരക്കൊഴിഞ്ഞ നേരം അവള്‍ അയാളെ ക്യാബിനിലേക്കു വിളിപ്പിച്ചു.




?ഗോപന്‍ ഫ്രീ ആണെങ്കില്‍ ഒന്നു വരണം.? അവള്‍ ഇന്റര്‍കോമിലൂടെ മൊഴിഞ്ഞു.
ശീതീകരിച്ച ക്യാബിനിലേക്ക്‌ അയാള്‍ പ്രവേശിച്ചു. എം. ഡി. ഒരാഴ്‌ച ലീവിലാണ്‌. അതിനാല്‍ അവളുടെ ക്യാബിനോട്‌ ചേര്‍ന്ന മുറിയില്‍ വെളിച്ചമില്ല.
?ഗോപന്‍ ഇരിക്ക്‌.? അവള്‍ പറഞ്ഞു.
മാര്‍ദ്ദവമുള്ള കുഷ്യനുള്ള ചെയറില്‍ അയാള്‍ ഇരുന്നു. വിളിപ്പിച്ചത്‌ എന്തിനെന്നറിയാതെ പരുങ്ങിയ അയാളോട്‌ അവള്‍ പറഞ്ഞു.
?വെറുതെ ഒന്നു സംസാരിക്കാമെന്നു കരുതി.?
?ഉം?
ഗോപനെ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. ഗോസിപ്പുകളില്‍ നിങ്ങള്‍ക്ക്‌ താല്‍പര്യമില്ല. വിലാസിനി, ജാന്‍സി, ബെറ്റി, ഗോവിന്ദ്‌, ജോര്‍ജ്‌, ജെസ്സി.... ഇവരാരുമായും നിങ്ങള്‍ക്ക്‌ ചങ്ങാത്തമില്ല. ശരിക്കും നിങ്ങള്‍ ഒറ്റപ്പെട്ട ഒരു ദ്വീപാണ്‌
?ഉം?
?അവര്‍ക്കില്ലാത്ത ചില ക്വാളിറ്റികള്‍ നിങ്ങള്‍ക്കുണ്ട്‌.?



എന്താണവള്‍ ഉദ്ദേശിക്കുന്നതെന്നറിയാതെ അയാള്‍ പകച്ചിരുന്നു.
?ഗോപന്‍ ഒരിക്കലും മോശപ്പെട്ട നിലയില്‍ പെരുമാറിയിട്ടില്ല. ഈ ക്യാബിനില്‍ ഞാന്‍ ആവശ്യപ്പെടാതെ എത്തി ?വള്‍ഗര്‍ കമന്റ്‌സ്‌? പറയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്‌. റിട്ടയര്‍മെന്റിന്‌ മാസങ്ങള്‍ മാത്രം ബാക്കിയുള്ളവര്‍ കാണിച്ച കോപ്രായങ്ങള്‍ കണ്ടിട്ടുണ്ട്‌. എന്റെ ശരീര വര്‍ണ്ണനയ്‌ക്കായി അവര്‍ എത്ര സമയം നീക്കി വെച്ചുവെന്ന്‌ അറിയില്ല. അറിയാതെ കൈവിരലുകളില്‍ സ്‌പര്‍ശിച്ചപോലെ അഭിനയം അവസരം കിട്ടിയാല്‍ ശരീരഭാഗത്തെവിടെയെങ്കിലും തൊടുന്ന മാന്യന്മാര്‍.....
മമ്മി പറഞ്ഞിട്ടുണ്ട്‌. ഈ ജോലിയില്‍ ഇതൊക്കെ പതിവാണെന്ന്‌ ഇതിലപ്പുറവും.
?ഉം? അയാള്‍ മൂളി




ഞാന്‍ ഇന്നസെന്റാണെന്ന്‌ ഒരിക്കലും അവകാശപ്പെടില്ല. ഹിപ്പോക്രസി എനിക്കിഷ്‌ടമല്ല.
ഗോപന്‌ ക്യാരക്‌ടറുണ്ട്‌. ആ നിലയ്‌ക്ക്‌ എനിക്ക്‌ ബഹുമാനവും. ഈ ഓഫീസില്‍ ഞാന്‍ ബഹുമാനിക്കുന്നത്‌ നിങ്ങളെയാണ്‌. ഒരുതരം ക്രേസ്‌ എന്നു പറയാം.
ഏറെക്കാലമായി മനസ്സില്‍ കരുതി വച്ചത്‌ പറഞ്ഞൊഴിഞ്ഞ ആശ്വാസം അവളുടെ മുഖത്ത്‌ അയാള്‍ കണ്ടു. മുഖം ചുവന്നുതുടുത്തിരുന്നു.
പ്രൈവറ്റ്‌ ലൈഫിലും, ഇവിടെയും എന്താവശ്യമുണ്ടെങ്കിലും എന്നോട്‌ പറയാം. അസ്‌ ... എ.... ഫ്രണ്ട്‌ ആന്റ്‌ മോര്‍ ഓവര്‍....
?പെട്രീഷ്യ? - അയാള്‍
?യെസ്‌ ?
?ഫാമിലിയെപ്പറ്റി ഒന്നും പറഞ്ഞില്ല.?
?മമ്മി ... പിന്നെ ഞാന്‍.?
?വൈ യു ചൂസ്‌ എ ലോണ്‍ലി...?
?നോ ഗോപന്‍?
ടൈപ്പ്‌, ഷോര്‍ട്ട്‌ ഹാന്‍ഡ്‌ പഠനത്തിനുശേഷം ഞാന്‍ തുടങ്ങിയതാണ്‌ ജോലി ഇന്ന്‌ ഇവിടെ എത്തി. ഞങ്ങള്‍ എന്നും ഒറ്റയ്‌ക്കായിരുന്നു. മമ്മിയും ഞാനും. പപ്പ നേവിയില്‍ നിന്നും വല്ലപ്പോഴും ലീവില്‍ എത്തുന്ന അതിഥി.



അവളുടെ വാക്കുകളില്‍ ബാല്യത്തിലെ ഒറ്റപ്പെടലും കണ്‍കോണുകളില്‍ നനവും അയാള്‍ കണ്ടു.
ചെറുപ്പത്തിലേ ഞങ്ങളുടെ ജീവിതം സോഷ്യലൈസ്‌ഡ്‌ ആയിരുന്നു. മദ്യത്തിന്റെ മണമൊന്നും പ്രായമായപ്പോഴേയ്‌ക്കും പുതുമയല്ലാതായി.
വെക്കേഷന്‍ കാലത്തെ ടൂര്‍ രസകരമായിരുന്നു. ഗോവ, പോണ്ടി... എല്ലായിടത്തും കറങ്ങുകയായിരുന്നു.
എനിക്കൊരു ഫ്രണ്ട്‌ ഉണ്ടായിരുന്നു ഫ്രഡി. അക്വാട്ടിക്‌ ക്ലബിലും, ടെന്നീസിലും അവന്‍ ആക്‌ടീവായിരുന്നു. ഇപ്പോള്‍ മര്‍ച്ചന്റ്‌ നേവിയില്‍ ഏതോ ഹോങ്കോങ്‌ ഷിപ്പിലാണ്‌. ഇടയ്‌ക്ക്‌ വിളിക്കും. അവന്‍ വരുമ്പോള്‍ ഞങ്ങള്‍ ഒത്തുകൂടും.




ടു ബീ മോര്‍ ഫ്രാങ്ക്‌ .... അവനെ ഞാന്‍ പ്രണയിക്കുന്നു. മാര്യേജിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല.
?വെന്‍ ഹീ കം ഫോര്‍ ഗുഡ്‌ വി ലീവ്‌ ടുഗെദര്‍.?
?വളരെ നല്ലത്‌? - ഗോപന്‍ പറഞ്ഞു. ഇഷ്‌ടപ്പെട്ടവരുടെ കൂടെ കുറച്ചുകാലമെങ്കില്‍ അത്രയും സുഖമായി ജീവിക്കുക. ജീവിതം അത്രയ്‌ക്കെല്ലാമെ ഉള്ളൂ- ഗോപന്‍ തുടര്‍ന്നു.
?യെസ്‌, ദേര്‍ യു ആര്‍.?
?ഗോപന്‍ പ്രാക്‌ടിക്കലാണ്‌;ഫിലോസഫിക്കല്‍ ടൂ.?
?ഗോപന്‍ ... ഡോണ്ട്‌ റിവീല്‍ ആള്‍ ദീസ്‌ തിംഗ്‌സ്‌ ടു എനി. ഐ നോ യു നെവര്‍....
പിന്നെ നിന്റെ ഡി. എ. വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌.
മറ്റു പുറം വരായ്‌കകള്‍ നിനക്കില്ലല്ലോ.
?അറ്റ്‌ലീസ്റ്റ്‌ ഐ ഹാവ്‌ ടു ഡു ദിസ്‌ മച്ച്‌ ഫോര്‍ യൂ? - പെട്രീഷ്യ പറഞ്ഞു.
അവളുടെ ഫോണ്‍ ശബ്‌ദിച്ചപ്പോള്‍ ഗോപന്‍ യാത്ര പറഞ്ഞു ക്യാബിനു പുറത്തിറങ്ങി.
തന്റെ ഇരിപ്പിടത്തിലേക്കു നടക്കുമ്പോള്‍ ഗോപന്‍ ആഗ്രഹിച്ചത്‌ അവളുടെ ഫ്രഡി എത്രയും വേഗം മടങ്ങി എത്തി അവള്‍ക്കൊപ്പം ഒരു ജീവിതം തുടങ്ങട്ടെയെന്നാണ്‌.

Friday, 12 March 2010

കഥ-- ഓര്‍മ്മക്കുറിപ്പുകള്‍ പോലെ ജീവിതം


അനില്‍ പള്ളിയില്‍

വീട്ടിലെത്തുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു. സ്വീകരണമുറിയിലെ ടിവി നിശബ്ദമായിരിക്കുന്നു. അംബിക അങ്ങനെ പറയാതെ ഒരിടത്തും പോവാറില്ലെന്ന്‌ അയാള്‍ക്കറിയാം. കിടപ്പുമുറിയിലേക്കു നടക്കുമ്പോള്‍ അംബികയുടെ മുറിയില്‍ അവളുണ്ടെന്ന്‌ അയാള്‍ അറിഞ്ഞു. അയാള്‍ വസ്ത്രം മാറി വന്നപ്പോഴും തലയിണയില്‍ മുഖംവച്ച്‌ അവള്‍ കമിഴ്‌ന്നുകിടക്കുകയായിരുന്നു. അടുക്കളയില്‍ പ്രവേശിച്ച അയാള്‍ ഇരുവര്‍ക്കും ചായ തയ്യാറാക്കി. തിരികെ സ്വീകരണമുറിയില്‍ എത്തിയപ്പോഴും അതേ കിടപ്പുതന്നെ. അരികിലെത്തി അവളെ കുലുക്കി വിളിച്ചു. അവള്‍ മയക്കത്തിലായിരുന്നു.


"മോളെ നിനക്കെന്തുപറ്റി?" ഒരു കപ്പ്‌ ചായ അവള്‍ക്കു നല്‍കിക്കൊണ്ട്‌ അയാള്‍ ചോദിച്ചു.
'രമേശ്‌ നിന്നെ വിളിച്ചിരുന്നോ?'
'ഉം' അയാള്‍ മൂളി.
രമേശ്‌ പറഞ്ഞു. നടക്കില്ലെന്ന്‌- പറയുമ്പോള്‍ അവളുടെ ചുണ്ടുകള്‍ വിറകൊള്ളുന്നുണ്ടായിരുന്നു.
"കാരണം?"
"അവര്‍ക്ക്‌ ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്ന്‌"
പിന്നെ കൂടുതലൊന്നും അയാള്‍ ചോദിച്ചില്ല.
അവളായി കൊണ്ടുവന്ന കാര്യം, പരസ്പരം കാര്യങ്ങള്‍ സംസാരിച്ചവര്‍. നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ തെറ്റില്ലാത്ത ശമ്പളം പറ്റുന്ന പയ്യന്‍. എന്താണ്‌ സംഭവിച്ചതെന്ന്‌ അയാള്‍ക്ക്‌ യാതൊരു ഊഹവും കിട്ടിയില്ല. അല്ലെങ്കില്‍ത്തന്നെ ഒരു വിവാഹക്കാര്യം വേണ്ടെന്നുവെക്കാന്‍ കാരണങ്ങള്‍ വല്ലതും വേണോ? അയാള്‍ ആത്മഗതമെന്നോണം പറഞ്ഞു. പഴയ ഓരോ ഓര്‍മകളും അയാളുടെ മനസ്സിലെത്തി.


25 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അരങ്ങേറിയ നാടകത്തിന്റെ പുനരാവര്‍ത്തനം. ഏറെ മോഹിച്ച ബന്ധം നടക്കുമെന്നായപ്പോള്‍ മുടങ്ങി. അവളെ ഏറെ മോഹിപ്പിച്ചു. ആഴ്ചയില്‍ ഒരിക്കല്‍ കോഫിഹൗസില്‍ കണ്ടുമുട്ടും. ഓരോ കാപ്പി കുടിച്ച്‌ പിരിയും. അവര്‍ ഏറെ സ്വപ്നങ്ങള്‍ പങ്കുവെച്ചു. വീട്ടില്‍ സമ്മതിക്കുമെന്നായിരുന്നു ഉറച്ച വിശ്വാസം. അതുപ്രകാരം ഉറപ്പും നല്‍കി.
വീട്ടുകാരുമായി ആലോചിച്ചുമാത്രം മതിയെന്നു പറഞ്ഞതും നന്ദിനിയായിരുന്നു. അമ്മയേയും കൂട്ടി പെണ്‍വീട്ടിലേക്ക്‌ തിരിച്ചപ്പോഴും നടക്കുമെന്നുതന്നെയാണ്‌ അയാള്‍ കരുതിയത്‌. ഒന്നും നടന്നില്ല. പറഞ്ഞ വാക്കുകളെല്ലാം പാഴായി. കാര്യം പറഞ്ഞപ്പോള്‍ നന്ദിനി ചോദിച്ചത്‌ അയാള്‍ ഇപ്പോഴും ഓര്‍ക്കുന്നു.


"ഇതിനൊക്കെ ആയിരുന്നുവെങ്കില്‍ പിന്നെ എന്തിനെന്നെ?"
അയാള്‍ അക്കാലത്ത്‌ കവിത കുറിക്കുന്ന ശീലമുണ്ടായിരുന്നു. അയാള്‍ ഒരിക്കല്‍ എഴുതിയ വരികള്‍ അടങ്ങിയ കത്ത്‌ അവള്‍ അയാള്‍ക്ക്‌ നല്‍കി.
"നീ പറയാത്ത വാക്കുകള്‍ എന്റെ പ്രതീക്ഷകള്‍' എന്ന ഒരു വരി, 'നീ പറഞ്ഞ വാക്കുകള്‍ എന്റെ സ്വപ്നങ്ങള്‍' എന്ന പാഠഭേദത്തോടെ ചേര്‍ത്തിരിക്കുന്നു. "ഈ ബന്ധവും ഒരു കഥയ്ക്കുള്ള വിഷയം മാത്രമാണ്‌ നിങ്ങള്‍ക്ക്‌.' ഒരു പെണ്ണിന്റെ മനസ്സ്‌ നിങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞില്ല."
അയാള്‍ എല്ലാം സമ്മതിക്കുന്നതുപോലെ നിന്നു.


അമ്മ അയാള്‍ക്ക്‌ ബലഹീനതയായിരുന്നു. അമ്മ നന്ദിനിയെ അംഗീകരിക്കുമെന്നും അയാള്‍ ഉറച്ചു വിശ്വസിച്ചു. ബന്ധുക്കളില്‍ നിന്നും ഒറ്റപ്പെടുമെന്ന ഭയമായിരുന്നു അമ്മയ്ക്ക്‌.
യാത്ര പിരിയുമ്പോള്‍ അയാള്‍ അവളോട്‌ അപേക്ഷിച്ചു. "എന്നെ ശപിക്കരുത്‌."
അറിഞ്ഞുകൊണ്ട്‌ ഞാനൊന്നും...
"ഇല്ല ഗോപി എനിക്കൊരിക്കലും നിങ്ങളെ വെറുക്കാനാവില്ല."
പിന്നീട്‌ ഒരിക്കല്‍ കണ്ടപ്പോള്‍ അവള്‍ പറഞ്ഞു.
"നമ്മള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഇനിയും അങ്ങനെതന്നെ തുടരും."
"എന്നാലും രമേശില്‍ ഇങ്ങനെ ഒരു മാറ്റം."
അംബികയുടെ വാക്കുകള്‍ അയാളെ ചിന്തയില്‍നിന്ന്‌ ഉണര്‍ത്തി.
"ഇങ്ങനെയൊക്കെ കാര്യങ്ങള്‍ നീങ്ങുമെന്ന്‌ അവന്‍ കരുതിക്കാണില്ല."


അവളുടെ മുഖം അയാള്‍ കൂടുതല്‍ ശ്രദ്ധിച്ചത്‌ അപ്പോഴാണ്‌. മുഖത്ത്‌ നന്ദിനിയുടെ ഭാവകപ്പകര്‍ച്ച. അതെ, കീഴ്ത്താടിയില്‍ കറുത്ത മറുക്‌. ഇടതുകണ്ണിലെ കൃഷ്ണമണിക്കു സമീപം കറുത്ത പാട്‌.
അയാള്‍ക്ക്‌ തൊണ്ട വരളുന്നതായി തോന്നി.
കണ്ണില്‍ ഇരുട്ടുകയറുന്നതായി അറിഞ്ഞു. അംബികയുടെ തോളിലുള്ള കൈപ്പിടി മുറുകി. അയാള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. കാതുകളില്‍ അപ്പോള്‍ പണ്ട്‌ നന്ദിനി അയാളെ സാന്ത്വനിപ്പിക്കാനായി പറഞ്ഞ വാക്കുകള്‍ മുഴങ്ങി- "നാഗദേവതകളെ പ്രാര്‍ത്ഥിക്കൂ. എല്ലാം നേര്യാവും."
അയാളുടെ മനസ്സില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വിളക്കുവയ്ക്കാറുണ്ടായിരുന്നു സര്‍പ്പക്കാവ്‌ ഉണര്‍ന്നു. കൂറ്റന്‍ നാഗപ്പാലയ്ക്ക്‌ താഴെ തറയില്‍ നാഗദേവതകളെ അയാള്‍ കണ്ടു. കാവിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ നന്ദിനിയുടെ മുഖം കണ്ടു. ക്രമേണ കാഴ്ചകള്‍ ഓരോന്നായി മറഞ്ഞു. എന്തെന്നില്ലാത്ത ആശ്വാസം അയാള്‍ക്ക്‌ തോന്നി.


അയാള്‍ നന്നെ വിയര്‍ത്തിരുന്നു. അയാള്‍ തന്റെ കൈവിരലുകള്‍ അംബികയുടെ മുടിയിഴകള്‍ക്കിടയിലൂടെ ഓടിച്ചു. "ഒക്കെ നേരെയാവും." അവളെ ആശ്വസിപ്പിക്കാനായി അയാള്‍ പറഞ്ഞു. ഒപ്പം സ്വയം ആശ്വസിക്കാനായി ഒരു ശ്രമവും.

Thursday, 18 February 2010

ചെറുകഥ -ദു:ഖസത്യം

സജീവ്‌ വെളിയന്നൂര്‍
മകളുടെ സുഹ്യത്തിന്റെ കല്ല്യാണത്തിന്‌ വന്നപ്പോഴാണ്‌ അദ്ദേഹത്തെ വീണ്ടും കണ്ടത്‌... എത്രയോ വര്‍ഷങ്ങള്‍ക്ക്‌ ശേഷമുള്ള കൂടിക്കാഴ്‌ചയാണ്‌, എന്നിട്ടും യാതൊരു ശങ്കയും കൂടാതെ തന്നെ അവള്‍ക്ക്‌അയാളെ തിരിച്ചറിയാനായി. അല്ലെങ്കിലും ആ മുഖത്തിന്‌ എന്തു വ്യത്യാസം ആണ്‌ ഉള്ളത്..... മനം മയക്കുന്ന പുഞ്ചിരിയ്‌ക്കും വശീകരിക്കുന്ന കണ്ണുകള്‍ക്കും ഒരു മാറ്റവുമില്ല.. പിന്നെ മുടിയിലും താടിയിലും സ്വല്‌പം നര കടന്നു കൂടിയിട്ടുണ്ട്‌.......അല്ലെങ്കിലും മറക്കില്ലല്ലോ ഈ മുഖം! അന്ന്‌ ആദ്യമായി കോളേജില്‍ വച്ച്‌ കണ്ടപ്പോഴേ മനസ്സില്‍ പതിഞ്ഞ്‌ പോയതാണാല്ലോ വശ്യമനോഹരമായ അദ്ദേഹത്തിന്റെ ആ പുഞ്ചിരിയ്‌ക്കുന്ന മുഖം............


ഗായത്രിയുടെ മനസ്സ്‌ കാമ്പസിലേയ്‌ക്ക്‌ ചിറകടിച്ച്‌ പറന്നു.......ആരോടും എന്തും വെട്ടിത്തുറന്ന്‌ പറയുന്ന സ്വഭാത്തിന്‌ ഉടമയായ തന്നെക്കുറിച്ച്‌ പലരും പലതും പറഞ്ഞിരിക്കാം. അല്ലെങ്കിലും സോഷ്യലായി പെരുമാറുന്നവരുടെ നേരേ പത്തി വിരിക്കാന്‍ സമൂഹത്തിന്‌ ഉത്സാഹമാണല്ലോ..... "കുട്ടീടെ സ്വഭാവം ഒരര്‍ത്ഥത്തില്‍ നല്ലത്‌ തന്ന്യാ " പക്ഷേ ജീവിതത്തില്‍ താന്‍ ഒരുപാട്‌ തെറ്റിദ്ധരിക്കപ്പെട്ടേക്കും.... എന്ന്‌ മുഖത്ത് നോക്കി പറഞ്ഞ ഒരേയൊരു മനുഷ്യന്‍ ആയിരുന്നു അദ്ദേഹം അതായിരുന്നു പരിചയപ്പെടലിന്റെ തുടക്കം... അദ്ദേഹത്തില്‍ ഒരു കലാകാരന്‍ കൂടി ഉണ്ടെന്ന്‌ അറിഞ്ഞപ്പോള്‍ ആരാധനയായി അത്‌ പ്രേമത്തില്‍ കലാശിക്കാന്‍ അധികനാള്‍ വേണ്ടി വന്നില്ലാ നിഷ്‌കളങ്കനായിരുന്നു അദ്ദേഹം കാപട്യമെന്തെന്നറിയാത്ത, സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു മനസിന്റെ ഉടമ... "ന്താ നിന്ന്‌ സ്വപ്‌നം കാണുവാണോ?" ഓര്‍മകളില്‍ നിന്ന്‌ മനസ്സ്‌ തിരികെ എത്തിയപ്പോ അരികിലൂടെ നടന്നു നീങ്ങുന്ന പാറു മുത്തശ്ശിയെ ആണ്‌ കണ്ടത്‌,.... കുശലം തിരക്കിയതാവും, ഒരു നെടുവീര്‍പ്പ്‌ ഉയര്‍ന്നു.... വീണ്ടും കണ്ണുകള്‍ അദ്ദേഹത്തെ തിരഞ്ഞു..വഴിയരുകില്‍ വണ്ടിക്കടുത്തായി ഒരു കൂട്ടം ആളുകള്‍ക്ക്‌ നടുവില്‍ നില്‍ക്കുകയാണ്‌. സംസാരിക്കാന്‍ ബുദ്ധിമുട്ടുകയാണ്‌.. പ്രശസ്‌തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അദ്ദേഹത്തെ ആരാധകര്‍ വളഞ്ഞില്ലെങ്കിലേ അദ്‌ഭുതമുള്ളു..


നാല്‌ പേരറിയപ്പെടുന്ന ആളാകണമെന്ന്‌ എത്രപ്രാവശ്യം പറഞ്ഞിട്ടുണ്ട്‌, അനുകാലികങ്ങളില്‍ വല്ലപ്പോഴും ഒരു കഥയെഴുരുന്നവരെ ആരറിയാന്‍? എങ്കിലും തന്റെ സ്വാന്തനങ്ങള്‍ അദ്ദേഹത്തിന്‌ ആശ്വാസം നല്‍കിയിരുന്നു...... "സജിയേട്ടന്‍ പേടിക്കണ്ട, ഒരു നാള്‍ എല്ലാവരും അറിയുന്ന ഒരാളായിതീരും എന്റെ സജിയേട്ടന്‍.., ഒത്തിരി അവാര്‍ഡുകള്‍ ഒക്കെ വാങ്ങി വല്ല്യ ആളാകുമ്പോള്‍ , പ്രശസ്‌തി ഭാരമായീന്നു പറയരുത്‌ ട്ട്വോ " ആരോ പുറത്ത്‌ തട്ടിയെന്നു തോന്നിയപ്പോഴാണ്‌ ഓര്‍മകളില്‍ നിന്ന്‌ ഉണര്‍ന്നത്‌....... കണ്ണുകള്‍ അദ്ദേഹത്തെ തിരഞ്ഞു, ആരവങ്ങള്‍ ഒഴിഞ്ഞു, ഏകനായി, എന്തോ ആലോചനയില്‍ നില്‍ക്കുകയാണ്‌... പെട്ടെന്ന്‌ അയാള്‍ അവളുടെ നേരേ നോക്കി, ഉള്ളില്‍ ഒരു പിടച്ചില്‍ ഉണ്ടായി ഗായത്രിക്ക്‌.... പഴയ ആ പതിനെട്ടുവയസ്സുകാരിയുടെ സംഭ്രമം..... എന്നാല്‍ പരിചയത്തിന്റെ ഒരു നേരിയ പ്രകാശം പോലും ഇല്ലാതെ അയാളുടെ കണ്ണുകള്‍ അവളെ മറികടന്നു പോയപ്പോള്‍ അവള്‍ക്ക്‌ വല്ലാതെ നൊന്തു.... എത്രയോവട്ടം തന്നെ പുളകം കൊള്ളിച്ചിട്ടുള്ള കണ്ണുകളാണ്‌ അത്‌... പ്രായത്തിന്റെ പക്വതയില്ലായ്‌മകൊണ്ട്‌ പലപ്പോഴും അദ്ദാഹത്തെ തെറ്റുകളിലേയ്‌ക്ക്‌ നയിക്കാന്‍ താന്‍ മുന്‍കൈ എടുത്തപ്പോഴും, വളരെ സ്‌നഹത്തോടെ തന്നെ ഉപദേശിക്കുകയാണ്‌ ചെയ്‌തത്‌. അന്നൊക്കെ അദ്ദേഹത്തോട്‌ ചെറിയ ഈര്‍ഷ്യ തോന്നിയിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ വിഷമങ്ങള്‍ കേള്‍ക്കാന്‍ താന്‌ ഇരുന്നു കൊടുക്കാറില്ലല്ലോ.....


മനസ്സ്‌ നീറുകയാണ്‌, കരള്‌ കൊത്തിപ്പറിക്കുന്ന വേദന... സത്യത്തില്‍ അതെല്ലാം തനിക്ക്‌ അര്‍ഹതപ്പെട്ടതല്ലേ? ഗ്വന്തം ശരീരസുഖത്തിന്‌ വേണ്ടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ അന്യപുരുഷന്‌ വിധേയായവളാണ്‌ താന്‍, അേദ്ദഹത്തെ താന്‍ വഞ്ചിച്ചു എന്നറിഞ്ഞ നിമിഷം.... ആ നോട്ടം ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു.... ആകെ ഒരു ഭ്രാന്തനെപ്പോലേ തോന്നിച്ചു അദ്ദേഹം അപ്പോള്‍, ഒന്നും പറയാതെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ നടന്നു പോയി... ഇത്രമാത്രം എന്നെ ഇഷ്‌ടപ്പെട്ടിരിന്നു എന്ന്‌ അപ്പോഴാണ്‌ എനിക്ക്‌ മനസ്സിലായത്‌.... ആ തിരിച്ചറിവ്‌ മനസ്സില്‍ ഉണ്ടാക്കിയ നടുക്കം വളരെ വലുതായിരുന്നു.... പിന്നീട്‌ അദ്ദേഹത്തെക്കുറിച്ച്‌ ഒരു വിവരവും ഉണ്ടായിരുന്നില്ല... കാലത്തിന്റെ പരക്കംപാച്ചലില്‍ അച്ചന്റെ കണ്ണുനീരിന്‌ മുമ്പില്‍ പിടിച്ചു നിക്കാനാവാതെ മറ്റൊരു കല്ല്യാണം കഴിക്കേണ്ടി വന്നു.. പക്ഷേ മനസ്സില്‍ മറ്റാര്‍ക്കും സ്ഥാനം നല്‍കാന്‍ കഴിഞ്ഞില്ല.... ഒരു യന്ത്രം പോലേ ജീവിച്ചു, അങ്ങനെയിരിക്കെ ഒരു മോളുണ്ടായി.... പിന്നെ അവള്‍ക്കുള്ളതായി ജീവിതം..... ഒരു സുപ്രഭാതത്തില്‍ ആ വാര്‍ത്തയും കേട്ടു, ഭര്‍ത്താവ്‌ വേറേ ഏതോ ഒരു സ്‌ത്രീയുടെ കൂടെ താമസം തുടങ്ങിയെന്ന്‌.... എന്റെ പാപത്തിന്റെ ഫലം, അല്ലെങ്കിലും ഭര്‍ത്താവിന്‌ അധികം ഇടം ഉണ്ടായിരുന്നില്ലല്ലോ തന്റെ മനസ്സില്‍...


പിന്നീട്‌ മകള്‍ക്ക്‌ വേണ്ടിയായി ജീവിതം, അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഇടയ്‌ക്കിടെ മനസ്സില്‍ തെളിയാറുണ്ടായിരുന്നു..പ്രേമത്തിന്റെ കൈയ്‌പ്പും മധുരവും ശരിക്കും അനുഭവിച്ചറിഞ്ഞതുകൊണ്ടായിരുന്നു, മകള്‍ ആശിച്ച പുരുഷനെ തന്നെ അവള്‍ക്ക്‌ ഭര്‍ത്താവായി നല്‍കിയത്‌.മകള്‍ കൂടി പോയതോടെ തീര്‍ത്തും അന്യയായി എന്നൊരു തോന്നല്‍.... അങ്ങനെയാണ്‌ പുസ്‌തകങ്ങളിലേയ്‌ക്ക്‌ ശ്രദ്ധതിരിഞ്ഞത്‌.. അദ്ദേഹം എഴുതിയപുസ്‌തകങ്ങള്‍ തിരഞ്ഞെടുത്ത്‌ വായിച്ചു... ഓരോവരികളിലും നിറഞ്ഞുനില്‍ക്കുന്ന ദു:ഖത്തിന്‌ കാരണക്കാരി താനാണല്ലോ എന്നോര്‍ത്തു... ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലത്രേ ! ഏതോ ഒരു പത്രത്തില്‍ നിന്ന്‌ കിട്ടിയ അറിവാണ്‌..... എന്തിനാണ്‌ ഇപ്പോഴും വിവാഹം കഴിക്കാതെ നില്‍ക്കുന്നത്‌..? ഒരു പക്ഷേ...?നാല്‍പ്പത്തിമൂന്ന്‌ കഴിഞ്ഞ ഹ്യദയത്തില്‍ പൊടുന്നനെ പ്രേമത്തിന്റെ ഗാനവീചികള്‍ ഉണര്‍ന്നു... സിരകളില്‍ കൗമാരത്തിന്റെ രക്തയോട്ടം ഉറച്ച ഒരു തീറുമാനത്തോടെ അവള്‍ അയാളുടെ അടുത്തേയ്‌ക്ക്‌ നടന്നു.. ഓരോ ചുവട്‌ മുന്നോട്ടു വയ്‌ക്കുന്തോറും ശരീരത്തിന്‌ വിറയലനുഭവപ്പെടാന്‍ തുടങ്ങി, ആ പഴയ ഗായത്രി ആയിതുടങ്ങിയിരുന്നു അവള്‍.......അദ്ദേഹം തിരിച്ചറിയുമോ..? അിറഞ്ഞാലും സംസാരിക്കുമോ..?എന്തും വരട്ടെ സംസാരിക്കാന്‍ പറ്റിയ ഒരവസരമാണിപ്പോള്‍.... നടത്തത്തിന്‌ വേഗത കൂട്ടി.... മുത്തശ്ശി ഇത്‌ എങ്ങ്‌ടാ പോണേ..?എന്ത്‌ പറയണം എന്നറിയാതെ ഒരു നിമിഷം നിശ്ചലം നിന്നു, പിന്നെ യഥാര്‍ത്യത്തിലേക്ക്‌ മടങ്ങി വന്നു... മുമ്പില്‍ കൊച്ചുമകള്‍ ശില്‌പ.... ഒന്നുമില്ലാ വെറുതെ, അവളെ വാരിയെടുത്ത്‌ നെറ്റിയില്‍ മുത്തി... എങ്കില്‍ വാ, നമുക്ക്‌ അകത്തേയ്‌ക്ക്‌ പോകാം, അമ്മ അന്വോഷിക്കുന്നുണ്ട്‌, അകത്തേക്ക്‌ നടക്കുന്നതിനടയില്‍ തിരിഞ്ഞു നോക്കാതിരിക്കാനായില്ല, അപ്പോള്‍ കണ്ടു എല്ലാവരോടുമായി യാത്രപറഞ്ഞു കാറുകളിലേയ്‌ക്ക്‌ കയറുന്ന അദ്ദേഹത്തിന്റെ കണ്ണുകളിലെ ആ പഴയ തിളക്കം......

Wednesday, 10 February 2010

സ്മൃതിപഥത്തിലെ കണ്ണീര്‍പൂക്കള്‍




അനില്‍ പള്ളിയില്‍

കര്‍ക്കിടകത്തിലെ അവസാന നാളുകളില്‍ വെയില്‍ തെളിഞ്ഞ ഒരു ഉച്ചതിരിഞ്ഞ നേരത്താണ്‌ അയാള്‍ സഹപ്രവര്‍ത്തകയായ സുമിത്രയുടെ വീട്ടിലേയ്ക്ക്‌ തിരിച്ചത്‌. ഇതിനുമുമ്പ്‌ രണ്ടുവട്ടം അയാള്‍ അവിടെ പോയിട്ടുണ്ട്‌. അപ്പോള്‍ അയാള്‍ക്കൊപ്പം മറ്റ്‌ സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇത്തവണ അയാള്‍ പോയത്‌ ഏകനായാണ്‌. സുമിത്രയുടെ അമ്മൂമ്മയെ സന്ദര്‍ശിക്കുകയാണ്‌ യാത്രയുടെ ലക്ഷ്യം.

വെയില്‍ ചാഞ്ഞു തുടങ്ങിയ മൂന്നു മണിയോടെ അയാള്‍ സുമിത്രയുടെ വീട്ടിലെത്തി. കോളിംഗ്‌ ബെല്ലില്‍ വിരല്‍ അമര്‍ത്തിയപ്പോള്‍ അമ്മൂമ്മ തന്നെയാണ്‌ വാതില്‍ തുറന്നത്‌. പരിചയപ്പെടുത്തിയപ്പോള്‍ കാണാന്‍ ആഗ്രഹിച്ചിരുന്നതായി അമ്മൂമ്മ പറഞ്ഞു.



അയാള്‍ പലപ്പോഴായി എഴുതിയ കഥകളും കവിതകളും സുമിത്രയുടെ അമ്മൂമ്മയെ കാണിച്ചിരുന്നു. വായനാശീലം ജന്മസിദ്ധമായുണ്ടായിരുന്ന അമ്മൂമ്മ തന്റെ അഭിപ്രായം സുമിത്രയോട്‌ പറയാറുണ്ട്‌. അവള്‍ അയാളോടും. അവള്‍ ഒരിക്കല്‍ അയാളോട്‌ പറഞ്ഞു: "എനിക്ക്‌ കൂടുതല്‍ അടുപ്പം അമ്മൂമ്മയോടാണ്‌. ഞാന്‍ എല്ലാം പറയാറുണ്ട്‌. എല്ലാം..." അങ്ങനെയാണ്‌ അമ്മൂമ്മയെ നേരില്‍കാണാനും പരിചയപ്പെടാനും അയാള്‍ക്ക്‌ ആഗ്രഹമുണ്ടായത്‌.
ഒരുവട്ടം തന്റെ ആഗ്രഹം അയാള്‍ സുമിത്രയെ അറിയിച്ചിരുന്നു. നിനച്ചിരിക്കാതെ ഓരോ തടസ്സങ്ങള്‍ ഓരോ വട്ടവും ഉണ്ടാ
യി. സുമിത്രയുടെ ഇളയസഹോദരിയുടെ പ്രസവത്തെ തുടര്‍ന്നുണ്ടായ തിരക്കായിരുന്നു ആദ്യ തടസ്സം. പിന്നീട്‌ സുമിത്രയുടെ ചിറ്റമ്മയോടൊപ്പം അമ്മൂമ്മ കുറച്ചുദിവസം മാറിനിന്നും മടങ്ങി എത്തിയത്‌ അടുത്തിടെയാണ്‌. ഇത്തവണ അയാള്‍ കൂടുതല്‍ ചിന്തിച്ചില്ല. അമ്മൂമ്മയെ കാണാന്‍ പുറപ്പെടുകയായിരുന്നു. ഒരിക്കലും തന്നെ ആദ്യമായി കാണുകയാണെന്ന അപരിചിതത്വം അമ്മൂമ്മയ്ക്ക്‌ ഉണ്ടായിരുന്നില്ലെന്നത്‌ അയാള്‍ക്ക്‌ ഏറെ ആശ്വാസം നല്‍കി. കൂടെ സന്തോഷവും. സുമിത്രയുടെ അമ്മ അവിടെയുണ്ടായിരുന്നു. സുമിത്രയുടെ അച്ഛന്‍ മാധവമ്മാന്‍ മൂന്നുമാസം മുമ്പ്‌ മരണമടഞ്ഞു.



അമ്മൂമ്മയ്ക്കും സുമിത്രയുടെ അമ്മ വിജയയ്ക്കുമൊപ്പം അവളുടെ മോള്‍ ദേവിയും ഉണ്ടായിരുന്നു.
"വീട്ടില്‍ ഭാര്യയ്ക്കും കുട്ട്യോള്‍ക്കും സുഖമല്ലേ?" അമ്മൂമ്മയുടെ സ്നേഹാര്‍ദ്രമായ അന്വേഷണം.

"അതെ"
"ഇവിടെ നമ്മടെ ആള്‍ പോയപ്പോള്‍ എല്ലാം..."
മാധവമ്മാന്റെ മരണ
ത്തെക്കുറിച്ചായിരുന്നു അമ്മൂമ്മ സൂചിപ്പിച്ചത്‌. ദുഃഖത്തിന്റെ തിരയിളക്കത്തില്‍ വാക്കുക മുറിയുകയായിരുന്നു.
"ഉം"
"എല്ലാറ്റിനും മാധവന്‍ മുന്നിലുണ്ടായിരുന്നു. മോനെ... എന്തുകാര്യത്തിനും മാധവന്‍ പോയാല്‍ ആളെയും കൊണ്ടേവരൂ. അത്രയ്ക്ക്‌ നന്നായി സംസാരിച്ച്‌ ആളുകളെക്കൊണ്ട്‌ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ നല്ല കഴിവായിരുന്നു. ആ കഴിവ്‌ ഇപ്പോള്‍ രണ്ടാമത്തോള്‍ക്ക്‌ കിട്ടീട്ടുണ്ട്‌. അതേ പ്രകൃതം, അതേ രീതി" സുമിത്രയുടെ അനുജത്തി സുചിത്രയെക്കുറിച്ചാണ്‌ അമ്മൂമ്മ പറഞ്ഞത്‌. സുചിത്രയെ ഒന്നു രണ്ടുവട്ടം അയാള്‍ കണ്ടിട്ടുണ്ട്‌. സുമിത്രയെ വിളിക്കാന്‍ ഓഫീസില്‍ എത്തിയപ്പോള്‍.
"മോനെ ഇരുപത്തിയഞ്ചാം വയസ്സില്‍ തുടങ്ങീതആ അമ്മൂമ്മേടെ ഈ... " മനസ്സില്‍ ഓടിയെത്തിയ ദുഃഖസ്മൃതികള്‍ അമ്മൂമ്മയുടെ വാക്കുക
ള്‍ തടഞ്ഞു.



ഇപ്പോള്‍ വയസ്‌ 65. എനിക്ക്‌ ഒരു മോനുണ്ടായിരുന്നു. മിടുക്കനായിരുന്നു. പക്ഷെ ഈശ്വരന്‍ ആയുസ്സുനല്‍കിയില്ല. ഓര്‍മകളുടെ ഓളപ്പരപ്പില്‍ അമ്മൂമ്മയുടെ മനസ്സ്‌ അലയുമ്പോള്‍ ചുണ്ട്‌ നിശ്ശബ്ദമായി വിതുമ്പുന്നത്‌ അയാള്‍ അറിഞ്ഞു. ദൂരെ എവിടെയോ ദൃഷ്ടി പതിപ്പിച്ചിരുന്ന അമ്മൂമ്മയുടെ കണ്ണടച്ചില്ലില്‍ കണ്ണീരിന്റെ നനവ്‌ പടര്‍ന്നപ്പോള്‍ അയാളുടെ കണ്ണുകളും ഈറനണിഞ്ഞു.

"തലയില്‍ മൂന്ന്‌ ചുഴി ഉണ്ടായിരുന്നു. 16 വയസ്സ്‌ കഴിഞ്ഞുകിട്ടിയാല്‍ രക്ഷപ്പെട്ടുവെന്ന്‌ പിന്നീട്‌ ആരോ പറഞ്ഞു"



"മാധവന്‍ വന്നപ്പോള പിന്നീട്‌ ഒരാളായത്‌. അതുവരെ ഈ പെണ്‍കുട്ട്യോളും ഞാനും..." മാധവമ്മാര്‍ അമ്മൂമ്മയ്ക്ക്‌ മരുമകന്‍ മാത്രമായിരുന്നില്ല. കുടുംബത്തിന്റെ സര്‍വസ്വവും അമ്മൂമ്മയ്ക്ക്‌ നഷ്ടപ്പെട്ട മകനും ആയിരുന്നു.
അയാള്‍ ഓര്‍ത്തു എത്ര സ
മാനം തന്റെ അവസ്ഥ. അമ്മാവന്‍ തന്നെ ചെറുപ്പത്തില്‍ മരിച്ചു. അഞ്ച്‌ പെങ്ങന്മാര്‍ക്ക്‌ ഒരൊറ്റ ആങ്ങള. അഞ്ചാം വയസ്സില്‍ മരിച്ചു. ആരോടും നന്നായി ഇടപെടാന്‍ മാധവന്‌ അറിയാം. വലിപ്പചെറുപ്പമില്ല. എന്തുചെയ്യാം... ജോലീന്ന്‌ പിരിഞ്ഞിട്ട്‌ സ്വസ്ഥമായി ആരോഗ്യത്തോടെ കഴിയാന്‍ യോഗമുണ്ടായില്ല. റിട്ടയര്‍ ചെയ്ത്‌ രണ്ടുവര്‍ഷത്തിനകം.
"പ്രമേഹം ഉള്ള കാര്യം വൈകിയാണോ അറിഞ്ഞത്‌? അയാള്‍ ചോദിച്ചു. അല്ല. ഇരുപത്തിയഞ്ച്‌ വയസ്സിലേ അറിയാം. എറണാകുളത്ത്‌ ഉദ്യോഗമുണ്ടായിരുന്നപ്പോള്‍ അവിടത്തെ വെള്ളമെല്ലാം കുടിച്ച്‌ വറ്റിച്ചൂന്ന്‌ മാധവന്‍ തമാശ പറയാര്‍ണ്ട്‌."
(പ്രമേഹരോഗികളുടെ ദാഹത്തെയാണ്‌ സൂചിപ്പിച്ചത്‌) അമ്മൂമ്മയുടെ വാക്കുകള്‍ വിജയ അമ്മായിയും തലയോട്ടി ശരിവച്ചു. "മോനെ ഇപ്പോള്‍ അമ്മൂമ്മയ്ക്ക...." ഓര്‍മകളില്‍ തെന്നിനീങ്ങിയ അമ്മൂമ്മയുടെ വാക്കുകള്‍ മുറിഞ്ഞുപറയാനുദ്ദേശിച്ചതെന്തോ മുഴുമിപ്പിച്ചില്ല.



എന്തോ ഓര്‍ത്തിട്ടെന്നവണ്ണം സുചിത്രയുടെ മോള്‍ ദേവിയോട്‌ പറഞ്ഞു: "മോള്‌ അച്ഛാച്ഛന്റെ ഫോ
ട്ടോ മാമന്‌ കാണിച്ചുകൊടുക്ക്‌. ചുമരലമാരിയിലെ ചില്ല്‌ നീക്കി ദേവി ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുത്ത്‌ അയാള്‍ക്ക്‌ നീട്ടി. ആരുടെയോ യാത്രയയപ്പ്‌ ചടങ്ങിന്റെ ചിത്രം. അതില്‍ ഇടതുഭാഗത്ത്‌ നില്‍ക്കുന്ന മാധവമ്മാമനെ തന്റെ പിഞ്ചുവിരല്‍കൊണ്ട്‌ ദേവി അയാളെ തൊട്ടുകാണിച്ചു. ഇതാ അച്ഛാച്ഛന്‍. വളരെ പ്രസന്നമായ മുഖം ഹൃദയം തുറന്നുള്ള നിഷ്ക്കളങ്കമായ പുഞ്ചിരി. അയാള്‍ മനസ്സില്‍ നമിച്ചു. ഫോട്ടോ തിരികെ നല്‍കി.
അയാളോര്‍ത്തു. പ്രമേഹം മൂര്‍ഛിച്ചാണ്‌ മാധവമ്മാന്‍ മരിച്ചത്‌.



"മോനെ... മൂന്ന്‌, നാല്‌ പശുക്കളുണ്ടായിരുന്നു. സഹായത്തിന്‌ മാധവന്‍ ഉണ്ടായിരുന്നതുകൊണ്ട്‌ ഒരു വിഷമോം അറിഞ്ഞില്ല. ഇപ്പൊ... ഒന്നൂല്ല."
"ഒരര്‍ത്ഥത്തില്‍ മാധവമ്മാര്‍ പുണ്യം ചെയ്തതാണ്‌. മൂന്ന്‌ പെങ്കുട്ട്യോള്‍ടെയും കല്യാണം നല്ല നിലയ്ക്ക്‌ നടത്തി. അവര്‍ തെറ്റില്ലാതെ ജീവിക്കുന്നതുകാണാന്‍ കഴിഞ്ഞില്ലെ... ഇതിലപ്പുറം മഹാഭാഗ്യം ഉണ്ടോ?.. അയാള്‍ പറഞ്ഞു. "ശരിയാ... പലരും അത്‌ തന്ന്യാ പറേയണത്‌" അമ്മൂമ്മ സാന്ത്വനം കണ്ടെത്തി.
"ഇളയമോള്‍ടെ കല്യാണത്തിനു തീരെ ആരോഗ്യമില്ലാതിരുന്നിട്ട്‌ കൂടി മണ്ഡപത്തില്‍ എത്തി മുഹൂര്‍ത്ത സമയത്ത്‌ മാധവന്‍ കൈപിടിച്ചുകൊടുത്തു." പറയുമ്പോള്‍ അമ്മൂമ്മയുടെ കണ്ണുകള്‍ നിറയുന്ന
ത്‌ അയാള്‍ കണ്ടു." മാധവന്റെ കുടുംബത്തില്‍ അവര്‍ ഏഴുപേരാണ്‌. ഒന്നിനൊന്ന്‌ കാര്യപ്രാപ്തിയുള്ള മിടുക്കന്മാര്‍" - അമ്മൂമ്മ പറഞ്ഞു.



"മാധവന്റെ നക്ഷത്രം പൂരമായിരുന്നു. സഹോദരിയുടേയും അതേ നാള്‍. ഇത്തവണ അമ്പലത്തില്‍ വഴിപാട്‌ നടത്തിയപ്പോള്‍ അവള്‍ വന്നു. പക്ഷെ നമ്മുടെ മാധവന്‍..." അമ്മൂമ്മ ദുഃഖം അടയ്ക്കാന്‍ ശ്രമിക്കുന്നത്‌ അയാള്‍ കണ്ടു.
ഇത്ര സ്നേഹനിധിയായ ഭാര്യാ മാതാവിനെ കിട്ടിയ മാധവമ്മാന്‍ ഭാഗ്യവാനായിരുന്നു - അയാള്‍ ഓര്‍ത്തു. ഇടയ്ക്ക്‌ എപ്പോഴോ വിജയമ്മായി നല്‍കിയയ ചായ അയാള്‍ കുടിച്ചു. ദേവിക്കായി താന്‍
ഒന്നുകരുതിയില്ലല്ലോ എന്ന വിഷം അയാളെ അലട്ടിയിരുന്നു. ആറ്‌ വയസ്സ്‌ പ്രായമുള്ള അവള്‍ക്ക്‌ മിഠായിയോ, മറ്റോ വാങ്ങാന്‍ തോന്നാതിരുന്ന തന്റെ ബുദ്ധിഹീനതയെ അയാള്‍ മനസ്സാ പഴിച്ചു.
സുമിത്രയുടെ ബന്ധു സുഷമ ഇടയ്ക്ക്‌ എത്തി അയാളുടെ രചനകള്‍ ശ്രദ്ധിക്കാറുണ്ടെന്ന്‌ അറിയിച്ചു.

യാത്ര പറഞ്ഞിറങ്ങും മുമ്പ്‌ അയാള്‍ കൈവശം കരുതിയ ഓണപ്പുടവ അമ്മൂമ്മയ്ക്ക്‌ നല്‍കി നമിക്കുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ അമ്മൂമ്മയുടെ മകന്റെ സ്മരണ അയാളുടെ കണ്ണുകള്‍ ഈറനണിയിച്ചു


നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP