Showing posts with label എഡിറ്റോറിയല്‍. Show all posts
Showing posts with label എഡിറ്റോറിയല്‍. Show all posts

Saturday, 12 February 2011

`ഫ്രം യുവര്‍ വാലന്‍ന്റൈന്‍'

റ്റിജോ ജോര്‍ജ്‌
സ്‌നേഹിക്കുന്നവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയത്തെ സ്‌നേഹിക്കുന്നവര്‍ക്കുമായി വീണ്ടുമൊരു ദിനം. മധുരമൂറുന്ന അനുഭൂതിയായി ഹൃദയങ്ങളില്‍ നിന്ന്‌ സിരകളിലേക്കും അവിടെ നിന്ന്‌ ഹൃദയങ്ങളിലേക്കും കത്തിക്കയറുന്ന അനുരാഗത്തിന്‌ അര്‍ഥം പകരാനൊരു ദിവസം. വാലന്റൈന്‍സ്‌ ഡേ. ഈ ദിനം കടന്ന്‌ വരാന്‍ അക്ഷമരായി കാത്തിരിക്കുന്നവരാണ്‌ പാശ്ചാത്യര്‍. അവരെപ്പോലെയാകാനും അവര്‍ക്കൊപ്പമെത്താനും കിതക്കുകയാണ്‌ നമ്മളും.





ഇലക്‌ട്രോണിക്‌ യുഗത്തില്‍ ആശംസാകാര്‍ഡുകളിലേറെയും മൂലയ്‌ക്കായപ്പോള്‍ സ്‌ക്രാപ്പുകളും ഇ-സന്ദേശങ്ങളും ടെക്‌സ്റ്റ്‌ മെസേജുകളും ഹൃദയങ്ങളില്‍ നിന്ന്‌ ഹൃദയങ്ങളിലേക്ക്‌ പറന്നിറങ്ങുന്നു. ദിവ്യാനുരാഗത്തിന്റെ ഓര്‍മയ്‌ക്കായി എല്ലാ വര്‍ഷവും ഫെബ്രുവരി പതിനാലിന്‌, ലോകമൊട്ടുക്ക്‌ പ്രണയജോഡികള്‍ മെഴുകുതിരികളും പൂക്കളും സമ്മാനങ്ങളും പരസ്‌പരം കൈമാറുന്നു.



ഭാരതത്തില്‍
ഭാരതത്തിലെ പ്രണയദിനാഘോഷത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ 2009 ജനുവരിയില്‍ കര്‍ണാടകത്തിലുണ്ടായ പൊല്ലാപ്പുകളൊന്നും ആരും മറക്കുകയില്ല. ശ്രീരാമസേനയെന്ന സംഘടന മംഗലാപുരത്തെ പബുകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ആക്രമണമഴിച്ചുവിടുകയായിരുന്നു. വാലന്റൈന്‍സ്‌ ദിനം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന്‌ ശ്രീരാമസേന തലവന്‍ പ്രമോദ്‌ മുത്തലിക്ക്‌ പ്രഖ്യാപിച്ചു. അംനേഷ്യ ദ ലോഞ്ച്‌ എന്ന പബ്ബിലാണ്‌ പ്രവര്‍ത്തകര്‍ ആദ്യം ആക്രമണം നടത്തിയത്‌. പബ്ബില്‍ കടന്നുകയറിയ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ മര്‍ദ്ദിച്ച്‌ പുറത്തേക്ക്‌ ഓടിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ പബ്ബില്‍ പോകുന്നത്‌ ഭാരതീയ സംസ്‌കാരത്തിന്‌ യോജിക്കുന്നതല്ല എന്ന്‌ പറഞ്ഞായിരുന്നു ആക്രമണം. പ്രണയദിനത്തില്‍ റോഡിലും, പാര്‍ക്കിലും, റസ്‌റ്റോറന്റിലും സംസാരിച്ചിരിക്കുന്ന കമിതാക്കളെ പിടികൂടി വിവാഹം കഴിപ്പിക്കുമെന്ന്‌ മുത്തലിക്‌ മുന്നറിയിപ്പ്‌ നല്‌കി.





പിന്നീട്‌ ഹാവേരിയില്‍ വാലന്‍ൈറന്‍സ്‌ ദിനം ആഘോഷിക്കുകയായിരുന്ന യുവതീയുവാക്കളുടെ കൈയില്‍ ശ്രീരാമസേനാപ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച്‌ രാഖി കെട്ടി. ഹാവേരിയിലെ പുരസിദ്ധേശ്വര ക്ഷേത്രോദ്യാനത്തില്‍ നടന്ന നിര്‍ബന്ധിത രാഖിബന്ധനത്തിന്‌ രണ്ടു ജോഡി യുവതീയുവാക്കള്‍ക്ക്‌ വഴങ്ങേണ്ടി വന്നു. എട്ടു ജോഡി യുവതീയുവാക്കള്‍ ഉദ്യാനത്തില്‍ പ്രണയദിനാശംസകള്‍ കൈമാറവേയാണ്‌ ഇരുപതോളം സേനാപ്രവര്‍ത്തകര്‍ എത്തിയത്‌.ആറു ജോഡി യുവതീയുവാക്കള്‍ ഓടി രക്ഷപ്പെട്ടു. സേനാപ്രവര്‍ത്തകര്‍ അക്രമം കാണിക്കാനുള്ള സാധ്യത കണക്കിലെടുത്ത്‌ വിന്യസിച്ചിരുന്ന പോലീസുകാരുടെ സാന്നിധ്യത്തിലാണു സംഭവം. പോലീസുകാര്‍ പ്രശ്‌നത്തില്‍ ഇടപെടാതെ നോക്കിനില്‌ക്കുകയായിരുന്നത്രെ.
ബെല്ലാരിയില്‍ ഒരു ഹോട്ടലില്‍ നടന്ന വാലന്‍ൈറന്‍സ്‌ ദിനാഘോഷം സേനാപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ഹോട്ടലിലെ ആഘോഷവേദിയിലേക്ക്‌പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയാണുണ്ടായത്‌. പോലീസ്‌ ഇടപെട്ടിട്ടും രംഗം ശാന്തമായില്ല. പരിപാടി റദ്ദാക്കാമെന്ന്‌ ഹോട്ടലുടമ ഉറപ്പുനല്‌കിയശേഷമാണ്‌ സേനാപ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്‌. അതേസമയം, ആനേക്കലില്‍ വളരെ നാളായി പ്രണയത്തിലായിരുന്ന ഒരു യുവതിയും യുവാവും സേനാ പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്ന്‌ വിവാഹിതരായി.





ഈ സംഭവങ്ങളെത്തുടര്‍ന്ന്‌ ശ്രീരാമസേനക്കെതിരെ ശക്തമായ വിമര്‍ശനമാണ്‌ ഉയര്‍ന്നത്‌. ചില വനിതാസംഘടനകള്‍ പിങ്ക്‌ നിറമുള്ള അടിവസ്‌ത്രങ്ങള്‍ മുത്തലിക്കിന്‌ അയച്ച്‌ കൊടുത്തു. അന്‍പതിനായിരത്തിലധികം അടിവസ്‌ത്രങ്ങള്‍ ഇങ്ങനെ മുത്തലിക്കിന്‌ ലഭിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.
വാലന്റൈന്‍ ദിനാഘോഷത്തെ കുറിച്ച്‌ ഒരു പ്രാദേശിക ചാനല്‍ നടത്തിയ സംവാദത്തില്‍ പങ്കെടുക്കുമ്പോള്‍ രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മുത്താലിക്കിനെ കരി ഓയില്‍ അഭിഷേകം നടത്തി. നേതാവിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ശ്രീരാമസേന ആഹ്വാനം ചെയ്‌ത ബന്ദില്‍ വ്യാപകഅക്രമം അരങ്ങേറി. ഗുല്‍ബര്‍ക്ഷയില്‍ അക്രമാസക്തരായ ശ്രീരാമസേന പ്രവര്‍ത്തകര്‍ ഡി.സി.സി ഓഫീസ്‌ കത്തിച്ചു. ജിംകണ്‌ഠിയിലും കോണ്‍ഗ്രസ്‌ ഓഫീസിനു നേരെ അക്രമം ഉണ്ടായി. മംഗലാപുരത്ത്‌ എട്ടു ബസുകള്‍ക്കു നേരെ കല്ലെറിഞ്ഞു ചില്ലുകള്‍ തകര്‍ത്തു. ബണ്ട്വാളില്‍ ബസ്‌ തടഞ്ഞു നിര്‍ത്തി യാത്രക്കാരായ രണ്ടുപേരെ ഏഴംഗസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു.





ദേശീയ അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയ മുത്താലിക്കിന്‌ നാണക്കേടുണ്ടാക്കുന്ന വെളിപ്പെടുത്തലുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്ത്‌ വന്നു. പണം നല്‍കിയാല്‍ കലാപം നടത്താന്‍ തയ്യറാണെന്ന്‌ മുത്താലിക്‌ ഉറപ്പുനല്‍കുന്ന വീഡിയോ രംഗങ്ങള്‍ പുറത്തായി. തെഹല്‍ഹക്കയും ടെലിവിഷന്‍ ചാനലായ ഹെഡ്‌ലൈന്‍സ്‌ ടുഡേയും സംയുക്തമായി നടത്തിയ രഹസ്യകാമറ ഓപ്പറേഷനിലാണ്‌ മുത്താലിക്ക്‌ കുടുങ്ങിയത്‌. പണം നല്‍കിയാല്‍ എവിടെ വേണമെങ്കിലും കലാപം നടത്താമെന്ന്‌ മുത്താലിക്ക്‌ സമ്മതിക്കുന്ന രംഗങ്ങള്‍ ഇവര്‍ പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്നു.





അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രകാരന്റെ വേഷത്തിലാണ്‌ തെഹല്‍ക്ക ഹെഡ്‌ലൈന്‍സ്‌ ടുഡേ പത്രപ്രവര്‍ത്തകന്‍ മുത്താലിക്കിനെ സമീപിച്ചത്‌. ചിത്രപ്രദര്‍ശനം നടത്തുന്ന സ്ഥലത്ത്‌ മുത്താലിക്കിന്റെ നേതൃത്വത്തിലുള്ള ആളുകള്‍ വന്ന്‌ പ്രശ്‌നമുണ്ടാക്കുന്നതോടെ താന്‍ പ്രസിദ്ധനാകുമെന്നാണ്‌ ചിത്രകാരന്‍ മുത്താലിക്കിനോട്‌ പറഞ്ഞത്‌. കലാപമുണ്ടാക്കണമെങ്കില്‍ മുസ്ലിം ?ഭൂരിപക്ഷ സ്ഥലത്തായിരിക്കണം ചിത്രപ്രദര്‍ശനം നടത്തേണ്ടതെന്നും അങ്ങനെയെങ്കില്‍ അതിനെ ഒരു വര്‍ഗീയ കലാപമാക്കി മാറ്റാന്‍ എളുപ്പമാണെന്നും മുത്താലിക്ക്‌ വ്യക്തമാക്കി.




കലാപം
നടത്തുന്നതിന്‌ അറുപത്‌ ലക്ഷം രൂപയാണ്‌ മുത്താലിക്ക്‌ ആവശ്യപ്പെട്ടത്‌. ചിത്രകാരന്‍ മുത്താലിക്കിനോട്‌ സംസാരിക്കുന്നതും മുത്താലിക്ക്‌ പണം ആവശ്യപ്പെടുന്നതുമെല്ലാം വീഡിയോയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. മുത്താലിക്കിനു പുറമേ ശ്രീരാമസേന ദേശീയ വൈസ്‌ പ്രസിഡന്റ്‌ പ്രസാദ്‌ അട്ടാവര്‍, സേനയുടെ ബാംഗ്ലൂര്‍ വിഭാഗം തലവന്‍ ബസന്ത്‌ കുമാര്‍ ?വാനി എന്നിവരും തെഹല്‍ക്ക ഹെഡ്‌ലൈന്‍ ടുഡേ ടീമിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയിരുന്നു. ബാംഗ്ലൂരോ, മംഗലാപുരത്തോ എവിടെ വേണമെങ്കിലും കലാപം നടത്താമെന്ന്‌ മുത്താലിക്ക്‌ വീഡിയോയില്‍ സമ്മതിക്കുന്നു.





എന്തായാലും മംഗലാപുരത്ത്‌ പബ്ബില്‍ പെണ്‍കുട്ടികള്‍ക്ക്‌ നേരെ ആക്രമണം നടത്തിയത്‌ തെറ്റായിപ്പോയെന്നാണ്‌ മുത്താലിക്‌ ഇപ്പോള്‍ പറയുന്നത്‌. ആക്രമണത്തെ കുറിച്ച്‌ തനിക്ക്‌ അറിവില്ലായിരുന്നു എന്നും ആ സമയത്ത്‌ പൂനെയില്‍ ആയിരുന്ന തന്റെ മൊബൈല്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നും ബല്‍ഗാമില്‍ എത്തിയപ്പോള്‍ മാത്രമാണ്‌ സംഭവത്തെ കുറിച്ച്‌ അറിഞ്ഞതെന്ന്‌ സ്വയം ന്യായീകരിക്കുന്നതിനും മുത്താലിക്‌ ശ്രമം നടത്തി. പബ്‌ ആക്രമണവും ഒരു ടിവി ചാനല്‍ നടത്തിയ ഒളിക്യാമറ റിപ്പോര്‍ട്ടിംഗും ശ്രീരാമസേനയുടെ പ്രതിച്ഛായ തകര്‍ത്തു. പബ്‌ ആക്രമണം ശ്രീരാമസേനയെ സംബന്ധിച്ച്‌ ഒരു ദുരന്തമായി മാറി എന്ന്‌ പറയുന്ന മുത്താലിക്‌ ഇപ്പോള്‍ സംഘടനയ്‌ക്ക്‌ ഒരു ഓഫീസ്‌ മുറി ലഭിക്കുന്നതിനു പോലും ബുദ്ധിമുട്ടാണെന്ന കാര്യവും വെളിപ്പെടുത്തി.




അല്‌പം ചരിത്രം
വാലന്റൈന്‍ എന്ന്‌ പേരുള്ള ഒരു ബിഷപ്പുമായി ബന്ധപ്പെട്ടാണ്‌ വാലന്റൈന്‍ ദിനാഘോഷം ആരംഭിച്ചതെന്ന്‌ കരുതാം. ഇത്‌ സംബന്ധിച്ച്‌ സാമ്യമുള്ള നിരവധി അഭ്യൂഹങ്ങളുണ്ട്‌. അതിലൊന്ന്‌ കേള്‍ക്കൂ. ക്ലോഡിയസ്‌ ചക്രവര്‍ത്തിയുടെ കാലത്ത്‌ റോമിലെ ബിഷപ്പായിരുന്നു വാലന്റൈന്‍. സൈനികരായ പുരുഷന്മാര്‍ വിവാഹം കഴിക്കുന്നത്‌ ചക്രവര്‍ത്തി കര്‍ശനമായി വിലക്കി. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക്‌ കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നുമുള്ള തോന്നലാണ്‌ ചക്രവര്‍ത്തിയെ ഇതിന്‌ പ്രേരിപ്പിച്ചത്‌. പക്ഷേ, ബിഷപ്പ്‌ വാലന്റൈന്‍, പരസ്‌പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി.




വിവരമറിഞ്ഞ
ക്ലോഡിയസ്‌ ചക്രവര്‍ത്തി വാലന്‍ന്റൈനെ തടവിലാക്കി. ബിഷപ്പ്‌ വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിലായി. ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക്‌ പിന്നീട്‌ കാഴ്‌ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈനെ തല വെട്ടി വധിക്കാന്‍ ആജ്ഞ നല്‍കി. ശിരഛേദം ചെയ്യാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ്‌ വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക്‌ `ഫ്രം യുവര്‍ വാലന്റൈന്‍'? എന്നെഴുതി ഒരു കുറിപ്പ്‌ വെച്ചു. വാലന്റൈന്‍ പ്രണയിനിക്കെഴുതിയെന്നു പറയുന്ന ആ പ്രേമലേഖനമാണത്രെ ആദ്യത്തെ വാലന്റൈന്‍ പ്രണയസന്ദേശം. ഇന്നുപയോഗിക്കുന്ന `നിന്‍െറ വാലന്റൈനില്‍ നിന്ന്‌'?? എന്ന പ്രയോഗം ആ പ്രണയലേഖനത്തില്‍ നിന്നും കടമെടുത്തതാണ്‌. അതിനു ശേഷമാണ്‌ ബിഷപ്പ്‌ വാലന്‍ന്റൈന്റെ ഓര്‍മ്മയ്‌ക്കായി ഫെബ്രുവരി 14 ന്‌ വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌.




പ്രണയം ആകാം പ്രണയദിനം വേണ്ട
ഈ വാദമുയര്‍ത്തുന്നവരും ഏറെയാണ്‌. പ്രണയം വേണ്ടെന്ന യാഥാസ്ഥിതിക വിലക്കിന്‌ താലിബാനില്‍ പോലും മാര്‍ക്കറ്റിടിയുന്ന കാലത്ത്‌ പ്രണയദിനത്തിനെതിരായ വാദവും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്‌.





രണ്ട്‌ പേരെ മാറി മാറി പ്രണയിച്ച്‌ അവരെ ഒഴിവാക്കി ഇപ്പോള്‍ മൂന്നാമതൊരാളെ പ്രണയിക്കുന്ന പ്രശസ്‌ത ഹോളിവുഡ്‌ നടി പോലും പ്രണയദിനത്തിനെതിരാണെന്നത്‌ കൗതുകമുണര്‍ത്തിയേക്കാം. പ്രശസ്‌തനടി പെനിവോപ്‌ ക്രൂസാണ്‌ കഥാനായിക. ടോം ക്രൂസ്‌, മാത്യു മക്കൊണാഗേ എന്നിവരുടെയൊക്കെ കാമുകിയായിരുന്നു ഇവള്‍. ഇപ്പോള്‍ അവരെയൊക്കെ വിട്ട്‌ സ്‌പാനിഷ്‌ നടന്‍ ജാവിയര്‍ ബാര്‍ഡെമാണുമായാണ്‌ പെനിവോപിന്‌ ചങ്ങാത്തം. വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ താല്‍പ്പര്യമില്ലെന്നു പറയുന്നു ഈ താരം. ജീവിതത്തില്‍ ഇതുവരെ വാലന്റൈന്‍ ദിന കാര്‍ഡുകള്‍ അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല. പ്രേമത്തെക്കുറിച്ചു വാതോരാതെ സംസാരിക്കാനും ആഗ്രഹമില്ല. എന്റെ പ്രണയദിനങ്ങള്‍ ഒരുപാടു നല്ല ഓര്‍മകള്‍ സമ്മാനിച്ചിട്ടുണ്ട്‌. അത്‌ ആരുമായും പങ്കുവയ്‌ക്കാന്‍ എനിക്ക്‌ ഇഷ്ടമല്ല. പ്രേമം ഒരു നല്ല അനുഭവമാണ്‌. പക്ഷേ, അതെല്ലാവരേയും അറിയിക്കുന്നത്‌ ശരിയല്ല. രണ്ടുപേര്‍ തമ്മിലുള്ള പ്രത്യേക അനുഭവമാണത്‌. അതു പരസ്യമാക്കുന്നതെന്തിന്‌? തെരുവില്‍ ആഘോഷിക്കുന്നതെന്തിന്‌ ? പെനിലോപിന്റെ ഈ ചോദ്യങ്ങള്‍ കുറച്ച്‌ പേരെയെങ്കിലും ചിന്തിപ്പിക്കുന്നുണ്ടാവണം. എന്നാല്‍ കാമുകന്‍ ജാവിയറിന്റെ ഒരു ചിത്രത്തിനായി ഇന്റര്‍നെറ്റില്‍ പരതിയാല്‍ കിട്ടുന്നതില്‍ ഏറെയും ബീച്ചില്‍ പെനിലോപുമൊത്തുള്ള ചൂടന്‍ രംഗങ്ങളാണെന്നത്‌ അവള്‍ അറിയുന്നില്ലായിരിക്കും.





പ്രണയദിനം സാഹോദര്യദിനമായി ആചരിച്ചാണ്‌ നോയിഡയിലെ ഇഷാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ കഴിഞ്ഞ വര്‍ഷം പ്രണയദിനവാദികള്‍ക്ക്‌ മറുപടി കൊടുത്തത്‌. അധ്യാപകരുടെ നിര്‍ദേശമനുസരിച്ച്‌ ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ കഴിഞ്ഞ ഫെബ്രുവരി 14-ന്‌ ആണ്‍കുട്ടികളെ സഹോദരതുല്യം കണ്ട്‌ ഭക്ഷണമുണ്ടാക്കി വിളമ്പി.





കലണ്ടര്‍ ദിനങ്ങള്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്നതില്‍ നേട്ടം കച്ചവട, പരസ്യലോബികള്‍ക്ക്‌ മാത്രമാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. എങ്കിലും രാജ്യാതിര്‍ത്തികളെയും ഭാഷാവരമ്പുകളെയും ഭേദിച്ച്‌ പ്രണയദിനം ലോകമെങ്ങും പരന്നൊഴുകി കടല്‍ പോലെ ഇരമ്പുകയാണ്‌.

Tuesday, 22 December 2009

സ്വര്‍ഗം താണിറങ്ങിയ ആ സുന്ദരരാത്രി

റ്റിജോ ജോര്‍ജ്‌

ധനുമാസത്തിലെ ഒരു ശീതളരാവ്‌. രത്‌നപുഷ്‌പങ്ങള്‍ തുന്നിപ്പിടിപ്പിച്ച കറുത്ത മേലാപ്പുപോലെ അനന്തമായ ആകാശപ്പരപ്പ്‌. താരാപഥങ്ങള്‍ അതില്‍ വര്‍ണ വിസ്‌മയമൊരുക്കുന്നു. അങ്ങ്‌ താഴെ ബേത്‌ലഹേമിലെ മഞ്ഞ്‌ വീണ വഴിത്താരയിലൂടെ ഇതാ ഒരു പുരുഷനും സ്‌ത്രീയും നന്നേ പതുക്കെ നീങ്ങുന്നു. പൂര്‍ണഗര്‍ഭിണിയായ അവളെ ഒരു കഴുതപ്പുറത്തിരുത്തി കഴുതയെ നിയന്ത്രിക്കുന്ന കയര്‍ ഒരു കൈയിലും നീളമുള്ള വടി മറുകൈയിലുമായി നടന്ന്‌ നീങ്ങുന്നത്‌ അവള്‍ക്ക്‌ വിവാഹം നിശ്ചയിക്കപ്പെട്ട ജോസഫാണ്‌. അവള്‍ മറ്റാരുമല്ല. ലോകരക്ഷകനായ ദൈവപുത്രനെ ഉദരത്തില്‍ വഹിയ്‌ക്കാന്‍ ദൈവം തെരഞ്ഞെടുത്ത ഭാഗ്യവതിയായ കന്യകമറിയാമും.


90 മൈല്‍ അപ്പുറത്ത്‌ ഗലീലയിലെ നസ്രേത്തില്‍ നിന്നാണ്‌ ഇവര്‍ യൂദയിലെ ദാവീദിന്റെ പട്ടണമായ ബേത്‌ലഹേമിലെത്തിയിരിയ്‌ക്കുന്നത്‌. നസ്രേത്തില്‍ നിന്നും സമറിയയിലൂടെ ജെറുസലേം കടന്ന്‌ ഹെബ്രോന്‍ വഴി മിസ്രേമിലേയ്‌ക്കുള്ള രാജപാതയില്‍ അവര്‍ എത്തിയിരിക്കുന്നു. പ്രതാപശാലിയായ അഗസ്റ്റ്യസ്‌ സീസറുടെ അലംഘനീയമായ ആജ്ഞയനുസരിച്ച്‌ പേരെഴുതി ചേര്‍ക്കേണ്ടണ്ടതിനാണ്‌ അവര്‍ ബേത്‌ലഹേമിലെത്തിയത്‌.
അക്കാലത്ത്‌ ലോകമാസകലമുള്ള ജനങ്ങളുടെ പേര്‌ ഏഴുതിച്ചേര്‍ക്കപ്പെടണമെന്ന രാജകല്‌പനയനുസരിച്ചായിരുന്നു ഇത്‌.


ക്വിരിനിയോസ്‌ സിറിയയില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ഈ പേര്‌ ചേര്‍ക്കല്‍ ആദ്യം നടന്നു. റോമാ സാമ്രാജ്യത്തിന്റെ കീഴില്‍ സിറിയന്‍ പ്രൊവിന്‍സിന്റെ ഭാഗമായിരുന്നു അക്കാലത്ത്‌ യൂദ. റോമാസാമ്രാജ്യത്തില്‍ 14 വര്‍ഷത്തിലൊരിക്കല്‍ ഈ ജനസംഖ്യാ കണക്കെടുപ്പ്‌ പതിവായിരുന്നു. എല്ലാവരും അവരവരുടെ പിതൃനഗരങ്ങളില്‍ ചെന്ന്‌ പേര്‌ ചേര്‍ക്കണമെന്ന കല്‌പനയനുസരിച്ച്‌ ദാവീദ്‌ രാജാവിന്റെ വംശത്തില്‍ ജനിച്ച ജോസഫ്‌ പേരെഴുതേണ്ടത്‌ ദാവീദിന്റെ പട്ടണമായ ബേത്‌ലഹേമിലായിരുന്നു.
നാലഞ്ച്‌ ദിവസമെങ്കിലും എടുത്തായിരിക്കണം അവര്‍ ബേത്‌ലഹേമിലെത്തിയത്‌. ഓരോ 24 മൈല്‍ പിന്നിടുമ്പോഴും പഥികര്‍ക്ക്‌ വിശ്രമിക്കുന്നതിനായുള്ള സങ്കേതങ്ങള്‍ വീഥിയിലുണ്ടായിരുന്നെങ്കിലും ഈ ദീര്‍ഘയാത്രയില്‍ മറിയം നന്നേ ക്ഷീണിതയായിരുന്നു. സമറിയയുടെ അതിര്‍ത്തിയില്‍ ജോര്‍ദ്ദാന്‍ നദീതീരവും, വിജനപ്രദേശങ്ങളും പിന്നിട്ട്‌ കുന്നുകളും താഴ്‌വരകളും കയറിയിറങ്ങി ഇവിടെയെത്തിയപ്പോഴേയ്‌ക്കും രാത്രിയായിരിക്കുന്നു.



സ്വര്‍ഗത്തിലെ മഹിമാസനങ്ങളില്‍ നിന്ന്‌ മറിയാമിന്റെ ഉദരത്തിലിറങ്ങി വസിച്ച കരുണാമയന്‌ ഭൂതലത്തില്‍ പ്രത്യക്ഷീഭവിയ്‌ക്കാനുള്ള സമയം ആഗതമായി. മറിയാമിന്‌ പ്രസവസമയം അടുത്തിരിയ്‌ക്കുന്നു. അടുത്തുകണ്ട വീടുകളിലും ബേതലഹേമിലെ സത്രത്തിലും അന്നു രാത്രി കഴിച്ചുകൂട്ടുവാന്‍ ജോസഫ്‌ ഇടം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പേരെഴുതിക്കുന്നതിന്‌ വിദൂരദേശങ്ങളില്‍ നിന്നെത്തിയവരെക്കൊണ്ട്‌ ബേത്‌ലഹേം നിറഞ്ഞിരുന്നു.
അതാ രക്ഷകജനനം സംഭവിച്ചിരിക്കുന്നു. ശിശുവായി മാനവര്‍ക്കിടയിലേയ്‌ക്ക്‌ താണിറങ്ങിയ കരുണാ സമ്പൂര്‍ണനെ പിള്ളക്കച്ച കൊണ്ട്‌ പൊതിഞ്ഞ്‌ ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തി. നിത്യനും അനാദിയും അപരിമേയനുമായ ദൈവം തമ്പുരാന്‍, മാനവീകതയ്‌ക്ക്‌ പ്രകാശമായി സര്‍വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷമായി, മനുഷ്യരുടെ ഇടയില്‍ കന്യകയില്‍ നിന്നു ജന്മമെടുത്തു. മാനവാകാരം പൂണ്ട ദൈവപുത്രന്‍ മണ്ണിലുദിച്ച മഹാസംഭവം ആകാശവിതാനത്തില്‍ പ്രത്യക്ഷപ്പെട്ട ദിവ്യതാരത്തിലൂടെ വിദ്വാന്‍മാര്‍ക്ക്‌ മുന്നില്‍ വെളിപ്പെട്ടു.
ദിവ്യരക്ഷകന്റെ ജനനം, ആ പ്രദേശത്തെ വയലുകളില്‍ ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാരെ കര്‍ത്താവിന്റെ ദൂതനായ മാലാഖ അറിയിച്ചു.


ദൂതന്‍ അടുത്തെത്തിയപ്പോള്‍ തന്നെ ദൈവമഹത്വം അവരുടെ മേല്‍ പ്രകാശിച്ചു. അപ്പോള്‍ ഭയപ്പെട്ട അവരോട്‌ ദൂതന്‍ ഇപ്രകാരം പറഞ്ഞു. ``ഭയപ്പെടേണ്ട. ഇതാ, സകലജത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക്‌ അടയാളം: പിള്ളക്കച്ച കൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും''.


പെട്ടെന്ന്‌ സ്വര്‍ഗീയസൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു-``അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക്‌ സമാധാനം!'' ഉടനെ തന്നെ ഉറക്കച്ചടവോ, ക്ഷീണമോ, രാത്രിയിലെ അതിശൈത്യമോ വകവയ്‌ക്കാതെ, കേട്ട ദൈവചനത്തിന്റെ പൊരുള്‍ തേടി പാവം ആട്ടിടയര്‍ യാത്രയായി. ബേത്‌ലഹേമിലെ താഴ്‌വരയുടെ അറ്റത്തെ ജനപ്പാര്‍പ്പുള്ള മേഖലയിലേക്ക്‌ അവര്‍ ബദ്ധപ്പെട്ട്‌ നടന്നു. ആ കുന്നിന്‍ചരുവിലെ ഒരു പുല്‍ത്തൊട്ടിയില്‍ ബാലാര്‍ക്കശോഭയോടെ കിടത്തിയിരിക്കുന്ന ശിശുവിനെ അവര്‍ കണ്‍കുളിര്‍ക്കെ കണ്ടു. ആ ദിവ്യദര്‍ശനത്തിന്റെ നിര്‍വൃതിയില്‍ അവര്‍ സ്വയം മറന്നു. ദൈവദൂതനില്‍ നിന്ന്‌ കേട്ട വാര്‍ത്തയും ദൂതഗണത്തിന്റെ ഗാനവും പൈതലിനെക്കുറിച്ച്‌ ദൈവദൂതന്റെ അറിയിപ്പും അവര്‍ ജോസഫിനോടും മറിയമിനോടും പറഞ്ഞു. ദൈവത്തിന്റെ സ്‌നേഹമയമായ അത്ഭുത പ്രവര്‍ത്തികളെ വര്‍ണിച്ചും ദൈവത്തെ മഹത്വപ്പെടുത്തിയും ആട്ടിടയര്‍ മടങ്ങിപ്പോയി. മറിയമാകട്ടെ ഇക്കാര്യങ്ങള്‍ ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ധ്യാനിച്ചുകൊണ്ടിരുന്നു.


ഇന്നേയ്‌ക്ക്‌ രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ഈ മഹത്സംഭവം ലോകം അത്യാഹ്‌ളാദത്തോടെയാണ്‌ എല്ലാ വര്‍ഷവും ക്രിസ്‌മസ്‌ ആയി ആഘോഷിക്കുന്നത്‌. ചരിത്രത്തെത്തന്നെ എ.ഡി എന്നും ബി.സി എന്നും രണ്ടായി വേര്‍തിരിച്ച ഈ അത്ഭുതസംഭവം, ആദിമകാലം മുതലേ ലോകം അറിഞ്ഞ്‌ കാത്തിരുന്ന പ്രവചനനിവര്‍ത്തിയായിരുന്നു. നക്ഷത്രവിളക്കുകളും, ക്രിസ്‌മസ്‌ കേക്കുകളും ക്രിസ്‌മസ്‌ മരങ്ങളും, പുല്‌ക്കൂടുകകളും ക്രിസ്‌മസ്‌ സമ്മാനങ്ങളും, കരോള്‍ ഗാനങ്ങളും, ക്രിസ്‌മസ്‌ ആശംസാ കാര്‍ഡുകളും, ഇമെയില്‍ സന്ദേശങ്ങളും, സാന്തോക്ലോസുമൊക്കെയായി നാം തിരുപ്പിറവി ആഘോഷിയ്‌ക്കുന്നു. ആശംസാ കാര്‍ഡുകള്‍ ഇമെയില്‍ സന്ദേശങ്ങള്‍ക്കും സ്‌ക്രാപ്പുകള്‍ക്കും വഴിമാറിയിരിക്കുന്നു. കാലപ്രയാണത്തില്‍ ആഘോഷങ്ങള്‍ക്ക്‌ പുതിയ ഛായ കൈവന്നാലും രക്ഷകജനനവും തുടര്‍സംഭവങ്ങളും മാറ്റമില്ലാത്ത എഴുതപ്പെട്ട സത്യമായി നിലകൊള്ളുന്നു. ഒപ്പം ദൈവദൂതഗണത്തിന്റെ ആ സന്ദേശവും-``അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക്‌ സമാധാനം!''

മാന്യവായനക്കാര്‍ക്ക്‌ ഹൃദയപൂര്‍വം ക്രിസ്‌മസ്‌ പുതുവത്സരാശംസകള്‍ നേരുന്നു
സസ്‌നേഹം
റ്റിജോ ജോര്‍ജ്‌
(എഡിറ്റര്‍)

Thursday, 17 December 2009

യാത്രയായത്‌ സി.ജെ യുടെ പ്രിയ റോസി

എഡിറ്റര്‍

മലയാള സാഹിത്യത്തില്‍ ധിക്കാരിയുടെ കാതലായി അറിയപ്പെട്ട സി.ജെ തോമസിന്റെ ഹൃദയം കവര്‍ന്ന സാഹിത്യനായികയായിരുന്നു അന്തരിച്ച റോസി തോമസ്‌. തീര്‍ത്തും അസാധാരണക്കാരനായിരുന്ന സി.ജെയുടെ ജീവിതസഖിയായി മാറിയ റോസി സ്‌നേഹിച്ച്‌ കീഴടക്കിയത,്‌ ആര്‍ക്കും പിടികൊടുക്കാത്ത ഒരു ജീവിതശൈലിയെയായിരുന്നു.


സാഹിത്യലോകത്ത്‌ തിളങ്ങി നിന്ന സി.ജെ തോമസിന്റെ ജീവിതത്തിലേയ്‌ക്ക്‌ സാഹിത്യനിരൂപകനായിരുന്ന പ്രഫ. എം.പി പോളിന്റെ മകള്‍ റോസി കടന്ന്‌ വരുന്നത്‌ 1950 കാലഘട്ടത്തിലാണ്‌. എം.പി പോള്‍സ്‌ കോളജില്‍ അധ്യാപകനായിരിക്കെയാണ്‌ സി.ജെ സാഹിത്യരംഗത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. പ്രഫ. പോളുമായുള്ള സഹവാസവും അദ്ദേഹത്തിന്റെ പ്രോത്സാഹനവും സി.ജെയെ ഗുണകരമായി സ്വാധീനിച്ചു. സി.ജെയും റോസിയുമായുള്ള വിവാഹത്തിന്‌ ശേഷം കുറെക്കാലം ഇവര്‍ കൂത്താട്ടുകുളത്തെ ചൊള്ളമ്പേല്‍ വീട്ടില്‍ താമസിച്ചിരുന്നു. ഇക്കാലയളവില്‍ അക്കാലത്തെ മലയാള സാഹിത്യനായകരിലേറെയും കൂത്താട്ടുകുളത്തെത്തിയിരുന്നു. തകഴി ശിവശങ്കരപ്പിള്ള ഉള്‍പ്പെടെയുള്ള പല പ്രമുഖരും കൂത്താട്ടുകുളത്തെ വീട്ടില്‍ ഈ ദമ്പതികളുടെ ആതിഥ്യം അനുഭവിച്ചവരാണ്‌.


തികച്ചും സാഹസമെന്നോണമാണ്‌ സി.ജെയുടെ ജീവിതസഖിയായി റോസി മാറിയത്‌. മറ്റുള്ളവര്‍ക്ക്‌ സ്വാധീനം ചെലുത്താനാകാത്ത, ആര്‍ക്കും വഴങ്ങിക്കൊടുക്കാത്ത, സി.ജെയുടെ പ്രകൃതം അടുത്തറിയാവുന്ന റോസി ആ പ്രതിഭയെ ഏറെ ബഹുമാനിച്ചിരുന്നു. 1918 നവംബര്‍ 14-ന്‌ കൂത്താട്ടുകുളം ചൊള്ളമ്പേല്‍ യോഹന്നാന്‍ കോര്‍-എപ്പിസ്‌കോപ്പയുടെയും അന്നമ്മയുടെയും മകനായി ജനിച്ച തോമസിനെ വൈദികനാക്കാന്‍ പിതാവ്‌ ഏറെ ആഗ്രഹിച്ചിരുന്നു. ശെമ്മാശനായി കോട്ടയം സിഎംഎസ്‌ കോളജില്‍ പഠിക്കുമ്പോള്‍ ളോഹ ഉപേക്ഷിച്ച്‌ ഇദ്ദേഹം വിപ്ലവകാരിയായി മാറി. എന്നാല്‍ ഒരു കുപ്പായം ഈരിയത്‌ മറ്റൊരു കുപ്പായമണിയാനല്ല എന്ന്‌ പറഞ്ഞ്‌ അദ്ദേഹം പിന്നീട്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു. ബാഹ്യമായി ഇടപെടുന്ന പലര്‍ക്കും അദ്ദേഹത്തിന്റെ നാവ്‌ സഹിക്കാനാകുന്നതല്ലായിരുന്നെന്ന്‌ റോസി പറഞ്ഞിട്ടുണ്ട്‌. അറിയപ്പെടുന്ന വ്യക്തികളില്‍ നിന്നും ഇത്രയും വെറുപ്പ്‌ സമ്പാദിച്ചയാള്‍ വേറെയില്ലെന്നും അവര്‍ ഒരിക്കല്‍ പറഞ്ഞു.


അടുത്ത കാലത്ത്‌ റോസി തോമസ്‌ എഴുതിയ `ഇവനെന്റെ പ്രിയ സി.ജെ' എന്ന പുസ്‌തകം സി.ജെ തോമസിനുള്ള തന്റെ പ്രേമോപഹാരമാണെന്ന്‌ ഇവര്‍ വിശേഷിപ്പിച്ചിരുന്നു.}``ഞങ്ങളുടെ ജീവിതത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നതിനേക്കാള്‍ സി.ജെ എന്ന വ്യക്തിയായിരുന്നു ഓരോ വരി എഴുതുമ്പോഴും ഉണ്ടായിരുന്ന ഉന്നം. ഈ പുസ്‌തകം ഒരു വിലാപകൃതിയാവരുത്‌ എന്നെനിയ്‌ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. കാരണം സെന്റിമെന്റലിസത്തെ ഞാന്‍ വെറുക്കുന്നു. ഈ പുസ്‌തകം ഒരു ഉപഹാരമാണ്‌. ജീവിച്ചിരിക്കുന്ന ഭാര്യ മണ്‍മറഞ്ഞുപോയ ഭര്‍ത്താവിന്‌ അര്‍പ്പിക്കുന്ന പ്രേമോപഹാരം.'' ആ ഓര്‍മ്മപ്പുസ്‌തകത്തിന്റെ ആമുഖത്തില്‍ റോസി കോറിയിട്ട വാക്കുകളാണിത്‌. നഷ്‌ടപ്പെട്ടുപോകുന്ന എന്തിനെക്കുറിച്ചും വിലാപകാവ്യങ്ങളൊരുക്കിയിരുന്ന ഒരു കാവ്യസംസ്‌കൃതിയുടെ തിരുമുറ്റത്ത്‌ നിന്നാണ്‌ പ്രിയഭര്‍ത്താവിന്റെ വേര്‍പാട്‌ വിലാപകൃതിയാവരുതെന്ന നിശ്ചയത്തോടെ റോസി തോമസ്‌ പേനയെടുത്തത്‌.


റോസി ഓര്‍മ്മിച്ചെടുത്തത്‌ സി.ജെ തോമസ്‌ എന്ന കലാപകാരിയായ എഴുത്തുകാരനെക്കുറിച്ചായിരുന്നു. നാടകമെന്നത്‌ തന്റെ ആത്മസംഘര്‍ഷങ്ങളുടെയും ചിന്താധാരയുടെയും കയ്‌പുനിറഞ്ഞ ഫലം എന്നായിരുന്നു സി.ജെ വിശ്വസിച്ചിരുന്നത്‌. എഴുത്തിന്റെ ദുര്‍ഘടപാതകളിലൂടെയുള്ള യാത്രയായിരുന്നു സി.ജെയുടെ ജീവിതം. എഴുത്തിന്റെ വഴികളിലൂടെ സി.ജെയ്‌ക്കൊപ്പം സഹര്‍ഷം അനുയാത്രനടത്താന്‍ തയാറായി എന്നത്‌ റോസിയുടെ മഹത്വം.
പിതാവില്‍ നിന്ന്‌ പകര്‍ന്ന്‌ കിട്ടിയ സാഹിത്യസംവേദനവും ഭര്‍ത്താവിന്റെ ചാരെ നിന്ന്‌ ലഭിച്ച സാഹിത്യശിക്ഷണവും കൂടിച്ചേര്‍ന്ന്‌ തന്റെ എഴുത്തിലൂടെ അപൂര്‍വമായൊരു ലാവണ്യാനുഭവം സമ്മാനിയ്‌ക്കാന്‍ റോസിയ്‌ക്ക്‌ കഴിഞ്ഞിരുന്നു.രോഗക്കിടക്കയില്‍ വേദന കൊണ്ട്‌ പിടയുന്ന സി.ജെയെ അവതരിപ്പിക്കുമ്പോള്‍ പോലും സി.ജെ തനിയ്‌ക്ക്‌ ആരെല്ലാമായിരുന്നു എന്നല്ലാതെ, സി.ജെയുടെ വോര്‍പിരിയല്‍ കൊണ്ട്‌ താനില്ലാതായിപ്പോകുന്നു ചിന്ത ഒരിയ്‌ക്കലും കടന്നു വരുന്നില്ല. അത്രയ്‌ക്കും മാനസീകമായ കരുത്ത്‌ റോസിയ്‌ക്കുണ്ടായിരുന്നിരിക്കണം.


പിതാവ്‌ നഷ്‌ടപ്പെട്ട മക്കളെ മാറോട്‌ ചേര്‍ത്ത്‌ വിലപിയ്‌ക്കാതെ വീണ്ടും പഠിയ്‌ക്കാനും സ്‌കൂളില്‍ ജോലി തേടാനും തയാറായ ഈ വനിത എന്നും ചിന്തിയ്‌ക്കുന്ന, ബുദ്ധിമതിയായ സ്‌ത്രീയുടെ റോളായിരുന്നു ഇഷ്‌ടപ്പെട്ടിരുന്നത്‌. ഇനിയൊരു ജന്മമുണ്ടെങ്കില്‍ എം.പി പോളിന്റെ മകളാവാന്‍ ഇഷ്‌ടമാണെന്നും എന്നാല്‍, സി.ജെയുടെ ഭാര്യയാവാന്‍ ഇഷ്‌ടമല്ലെന്നും തുറന്ന്‌ പറഞ്ഞ റോസി നാട്യങ്ങളില്ലാതെ പ്രവര്‍ത്തിക്കാനാണ്‌ എന്നും ഇഷ്‌ടപ്പെട്ടിരുന്നത്‌.1953-ല്‍ സി.ജെ എഴുതിയ `ഇവനെന്റെ പ്രിയപുത്രന്‍' എന്ന പുസ്‌തകത്തിന്റെ പേര്‌ കടമെടുത്താണ്‌ തന്റെ പ്രിയതമനെ അനുസ്‌മരിക്കുന്ന പുസ്‌തകത്തിന്‌ റോസി പേരിട്ടത്‌. ഈ പുസ്‌തകം പ്രസിദ്ധീകരിച്ചതിന്‌ ശേഷം ചിലരുടെ മനസില്‍ തെറ്റിദ്ധാരണകള്‍ കടന്നുകൂടിയെന്ന്‌ ഇവര്‍ പരിതപിച്ചിരുന്നു. ``എന്റെ സി.ജെ എന്നും നല്ലവരില്‍ നല്ലവനാണെന്നുള്ള വിശ്വാസം എനിയ്‌ക്കെന്നുമുണ്ടായിരുന്നു. എന്റെ പരീക്ഷണഘട്ടത്തിന്റെ കാലമായിരുന്നു ഞങ്ങളുടെ പ്രേമകാലം. അന്നും അദ്ദേഹത്തോടൊപ്പം ഉറച്ച്‌ നിന്നത്‌ ആ വിശ്വാസം കൊണ്ടാണ.്‌ വരികള്‍ക്കിടയില്‍ വായിക്കാനറിയാവുന്നവര്‍ക്ക്‌ ആ പുസ്‌തകം വായിച്ചാല്‍ തെറ്റിദ്ധാരണ ഉണ്ടാകില്ല '' എന്നാണ്‌ റോസി പിന്നീട്‌ പ്രതികരിച്ചത്‌.


സി.ജെ തോമസിന്റെ ജീവിതസഖിയായുള്ള ജീവിതം ഒമ്പത്‌ വര്‍ഷക്കാലമേ നീണ്ട്‌ നിന്നുള്ളൂ. 1960 ജൂലൈ 14-ന്‌ 42-ാമത്തെ വയസില്‍ സി.ജെ അന്തരിച്ചതോടെ പറക്കമുറ്റാത്ത ഒരു മകളും രണ്ട്‌ ആണ്‍മക്കളുമായി റോസി ഒറ്റപ്പെടുകയായിരുന്നു. എന്നാല്‍ ഈ ഘട്ടത്തിലും ആവശ്യമായ ധൈര്യവും മറ്റു ഗുണങ്ങളും തനിയ്‌ക്കുണ്ടെന്ന്‌ റോസി പിന്നീട്‌ തെളിയിച്ചെന്ന്‌ `സി.ജെയുടെ അവസാനനാളുകള്‍' എന്ന ലേഖനത്തില്‍ പ്രഫ. എം.കെ സാനു അനുസ്‌മരിക്കുന്നു. വരാപ്പുഴയിലെ വസതിയില്‍ അവസാനനാളുകളിലും സി.ജെയുടെ ഓര്‍മകളും പേറി കഴിഞ്ഞ റോസി, എല്ലാ വര്‍ഷവും മുടങ്ങാതെ മക്കളുമൊത്ത്‌ കൂത്താട്ടുകുളത്തെത്തുമായിരുന്നു. സി.ജെ സ്‌മാരക പ്രസംഗസമിതിയുടെ സി.ജെ സിമ്പോസിയത്തില്‍ ഇവര്‍ എല്ലാ വര്‍ഷവും പങ്കെടുത്തിരുന്നു. സമിതിയുടെ നേതൃത്വത്തില്‍ മുടങ്ങാതെ നടന്നു വരുന്ന ചര്‍ച്ചായോഗങ്ങളിലും ഇവര്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP