Showing posts with label കാഴ്‌ച. Show all posts
Showing posts with label കാഴ്‌ച. Show all posts

Friday, 8 April 2011

തെരഞ്ഞെടുപ്പ്‌ കാഴ്‌ച-പകര്‍ത്തിയത്‌ ഷാജി മുള്ളൂക്കാരന്‍

വടക്കന്‍ ജില്ലയില്‍ നിന്നൊരു തെരഞ്ഞെടുപ്പ്‌ കാഴ്‌ച.

Monday, 7 March 2011

വയനാട്ടിലെ വനദുര്‍ഗാ ക്ഷേത്രം

ഷാജി മുള്ളൂക്കാരന്‍
വയനാട് യാത്രയില്‍, കാട്ടിക്കുളത്തിനും - തിരുനെല്ലിക്കും ഇടയില്‍ പ്രധാന റോഡില്‍നിന്നും മാറി വന പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ രണ്ടു വേട ക്ഷേത്രങ്ങള്‍. നിരപ്പില്‍ നിന്നും രണ്ടാളുകളുടെ ആഴത്തില്‍ ഏകദേശം പതിനഞ്ചു മീറ്റര്‍ നീളത്തിലും പത്തു മീറ്ററോളം വീതിയിലും ഉള്ള ഒരു കുഴിയിലാണ് ഈ രണ്ടു ക്ഷേത്രങ്ങള്‍ ഉള്ളത്. കാളീ ക്ഷേത്രം എന്നാണു പറയപ്പെടുന്നതെങ്കിലും പ്രതിഷ്ഠ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഈ ക്ഷേത്രങ്ങള്‍ക്ക് അല്‍പ്പം മുകളിലായി വനദുര്ഗയുടെതെന്നു സങ്കല്പ്പിക്കപ്പെടുന്ന, കല്ലുകളും ത്രിശൂലങ്ങളും ഒക്കെ ഉള്ള ഒരു സ്ഥലം കാണാം. അവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ള ത്രിശൂലങ്ങളില്‍ വേടന്മാരുടെ ആചാരവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടു കുപ്പിവളകളും ചെമ്പട്ടുകളും കോര്ത്തിട്ടിരിക്കുന്നു.





ചരിത്രം (കടപ്പാട് : ഞങ്ങളുടെ കൂടെ ഒരു ദിവസം മുഴുവന്‍ ഉണ്ടായിരുന്ന മാനന്തവാടി
സ്വദേശിയായരാജീവന്‍ എന്ന സുഹൃത്തിനു): ടിപ്പുവിനും മുന്‍പ് വയനാട് മുഴുവന്‍ കുറുംബര്‍ എന്ന ആദിവാസി വിഭാഗത്തിന്റെ കീഴില്‍ ഉള്ള രാജാക്കന്മാരുടെ അധീനതിയില്‍ ആയിരുന്നുവത്രേ. ഈ വിഭാഗത്തില്‍ അരിപ്പന്‍ എന്നും വേടന്‍ എന്നും അറിയപ്പെടുന്ന രണ്ടു രാജാക്കന്മാരായിരുന്നു ഉണ്ടായിരുന്നത്. ആ കാലത്ത്, ഇന്നത്തെ തിരുനെല്ലി, കുറുവ, കാട്ടിക്കുളം തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വളരെ വലിയ ഒരു പ്രദേശം മുഴുവനും ഭരിച്ചിരുന്നത് വേട രാജാവും, പനമരം, കല്‍പ്പറ്റ, ബത്തേരി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം ഭരിച്ചിരുന്നത് അരിപ്പന്‍ എന്ന രാജാവുമായിരുന്നുവത്രേ.





വേട രാജാക്കന്മാര്‍ ആരാധനക്കായി പണിതുയര്‍ത്തിയ ക്ഷേത്രങ്ങളാണ് ഈ ചിത്രത്തില്‍ കാണുന്നത്. പിന്നീട് കോട്ടയം രാജാവിന്റെ സൈന്യം വയനാട് ആക്രമിച്ചു വേടന്മാരില്‍ നിന്നും അധികാരം പിടിച്ചടക്കിയതിനു ശേഷം ഇവ ക്ഷയിച്ചു പോയതാകാം എന്നാണു പറയപ്പെടുന്നത്‌. അതിനു ശേഷമുള്ള, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചരിത്ര വസ്തുതകള്‍ ഒന്നും തന്നെ കൂടുതലായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്. ഇപ്പോഴും വേടന്മാരുടെ പിന്‍ഗാമികള്‍ ഇവിടെ വിളക്ക് വയ്പ്പും മറ്റും നടത്തുന്നുണ്ട്

Wednesday, 22 December 2010

ഒരു ഗ്രാമീണ രാഷ്ട്രീയ വെടിവെട്ടം

"താത്വികമായ ഒരു അവലോകനമാണ്‌ വേണ്ടത്‌"-ഷാജി മുള്ളൂക്കാരന്‍ പകര്‍ത്തിയ ഒരു ഗ്രാമീണ രാഷ്ട്രീയ വെടിവെട്ടം

Tuesday, 30 November 2010

നാറാണത്തു ഭ്രാന്തന്റെ രായിരനെല്ലൂര്‍ മല





ഷാജി മുള്ളൂക്കാരന്‍

ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോരും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും




പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിക്കടുത്താണ് നാറാണത്തു ഭ്രാന്തനാല്‍ അറിയപ്പെടുന്ന രായിരനെല്ലൂര്‍ മല. നാറാണത്തു ഭ്രാന്തന് ദേവീദര്‍ശനമുണ്ടായി എന്ന് പറയപ്പെടുന്ന തുലാം ഒന്നിന്‌ രായിരനെല്ലൂര്‍ മല കയറുവാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ധാരാളം ജനങ്ങള്‍ എത്തിച്ചേരുന്നു.





പട്ടാമ്പി - പെരിന്തല്‍മണ്ണ റൂട്ടില്‍ കൊപ്പത്ത് നിന്നും വളാഞ്ചേരി പോകുന്നവഴിയിലാണ് രായിരനെല്ലൂര്‍
മല. ചെര്‍പ്പുളശ്ശേരിക്ക് സമീപമുള്ള ചെത്തല്ലൂര്‍ഗ്രാമത്തിലെ നാരായണമംഗലം മനയില്‍നിന്ന്‌ വേദപഠനത്തിനായി‌ നാറാണത്തുഭ്രാന്തന്‍ രായിരനെല്ലൂര്‍മലക്കടുത്തുള്ള തിരുവേഗപ്പുറ ദേശത്ത് എത്തിച്ചേര്‍ന്നു എന്നാണു ഐതിഹ്യം.




ഇന്ന്, ജോലി സംബന്ധമായി പെരിന്തല്‍മണ്ണ ചെന്നപ്പോളാണ്, പ്രസിദ്ധമായ ഈ മലകയറ്റ ദിവസമായ തുലാം ഒന്ന് ഇന്നാണ് എന്നോര്‍ത്തത്. ഉച്ചയ്ക്ക് ശേഷമാണ് അങ്ങോട്ടേക്ക് വച്ച് പിടിച്ചത്. അതുകൊണ്ട് തന്നെ തിരക്ക് കുറവായിരുന്നു. കൊപ്പത്ത് നിന്നും വളാഞ്ചേരി റൂട്ടില്‍ ഏകദേശം നാലുകിലോമീറ്റര്‍ ദൂരം ചെന്നപ്പോള്‍ തന്നെ വഴിവാണിഭക്കാരുടെ നിര റോഡിനിരുവശവും. ബൈക്ക് ഒതുക്കിയിട്ടു മലയിലേക്കുള്ള വഴിയെ നടന്നു. പത്തിരുനൂറു മീറ്റര്‍ നടന്നപ്പോഴേക്കും കുത്തനെയുള്ള ദുര്‍ഘടമായ കയറ്റം തുടങ്ങുകയായി. കയറ്റമെന്ന് പറഞ്ഞാല്‍ പോര, ഒന്നൊന്നര കയറ്റം
. രാവിലെ മുതല്‍ നൂറുകണക്കിന് പേര്‍ കയറിപ്പോയതുകൊണ്ടാണെന്ന് തോന്നുന്നു, അത്യാവശ്യം നടന്നു കയറാന്‍ പറ്റുന്ന വിധത്തില്‍ വഴി തെളിഞ്ഞു കാണാം. എനിക്ക് മുന്നിലായി കിതച്ചും എങ്ങിവലിച്ചും വിശ്രമിച്ചും മലകയറുന്ന ചിലര്‍. അരമണിക്കൂര്‍ കയറിയപ്പോഴേക്കും മുകളിലെത്തി. എതിരേറ്റത് നാറാണത്തു ഭ്രാന്തന്റെ ഇരുപതടിയോളം ഉയരമുള്ള കൂറ്റന്‍ പ്രതിമ




. അവിടെ നിന്ന് നോക്കിയാല്‍ ദൂരെ പട്ടാമ്പിവരെയുള്ള സുന്ദരമായ കാഴ്ച. പ്രതിമയ്ക്ക് പിന്നിലായി വിശാലമായ പറമ്പിന്റെ അങ്ങേ അറ്റത്തായി വളരെ പഴക്കമുള്ള ഒരു ദേവീ ക്ഷേത്രം. എല്ലാം ചുറ്റിനടന്നു കണ്ടു തിരിച്ചിറങ്ങുമ്പോഴും ആളുകള്മല കയറി വന്നുകൊണ്ടിരിക്കുന്നു.

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുംബോൾ
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലിൽ
കഴകത്തിനെത്തി നിൽകുംബോൾ
കോലായിലീകാലമൊരു മന്തുകാലുമായ്‌

തീ കായുവാനിരിക്കുന്നു
ചീർത്ത കൂനൻ കിനാക്കൾത്തൻ കുന്നിലേകീ
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു

ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകൾ വിരഞ്ഞു നട കൊൾകേ

ഓർമയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേർവരയിലേക്കു തിരിയുന്നു....

Saturday, 6 November 2010

പാലക്കാടിന്‌ പ്രൗഡിയേകി ടിപ്പുവിന്റെ കോട്ട


ഷാജി മുള്ളൂക്കാരന്‍
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്താണ് പാലക്കാട് കോട്ട (ടിപ്പു സുല്‍ത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766-ല്‍ പണികഴിപ്പിച്ച ഈ കോട്ട ഒരു ചരിത്ര സ്മാരകമാണിത്. കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് ആധികാരികമായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. സാമൂതിരിയുടെ ഒരു ആശ്രിതനും ഇവിടത്തെ ഭരണാധികാരിയുമായിരുന്ന പാലക്കാട് അച്ഛന്‍, പതിനെട്ടാം നൂറ്റാണ്ടിനു മുന്‍പ് സ്വതന്ത്ര ഭരണാധികാരിയായി.




1757-ല്‍ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാന്‍ മൈസൂര്‍ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു. അന്നു മുതല്‍ 1790 വരെ പാലക്കാട് കോട്ട തുടര്‍ച്ചയായി മൈസൂര്‍ സുല്‍ത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിന്‍ കീഴിലായിരുന്നു. ബ്രിട്ടീഷുകാര്‍ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത് 1768-ല്‍ കേണല്‍ വുഡ്, ഹൈദരലിയുടെ കോട്ടകള്‍ ആക്രമിച്ചപ്പോഴാണ്.




എങ്കിലും
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹൈദരാലി കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. 1783-ല്‍ കേണല്‍ ഫുള്ളര്‍ട്ടണ്‍ വീണ്ടും ഈ കോട്ട പിടിച്ചടക്കിയെങ്കിലും അതിനടുത്ത വര്‍ഷം അവര്‍ കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി. 1790-ല്‍ അവസാനമായി ബ്രിട്ടീഷുകാര്‍ കേണല്‍ സ്റ്റുവാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ കോട്ട പിടിച്ചടക്കി.





ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിക്കുവാന്‍ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. 19-ആം നൂറ്റാണ്ടിന്റെ പകുതിവരെ ഈ കോട്ട ബ്രിട്ടീഷ് സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു. 1900-ത്തിന്റെ തുടക്കത്തില്‍ കോട്ട ഒരു താലൂക്ക് ഓഫീസായി രൂപാന്തരപ്പെടുത്തി. കോട്ട നിര്‍മ്മിച്ചിട്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞു എങ്കിലും, കരിങ്കല്ലുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ വീക്ഷണ ഗോപുരങ്ങളും കൂറ്റന്‍ മതില്‍ക്കെട്ടുകളും ഇപ്പോഴും ഒരു പോറല്‍ പോലും ഏല്‍ക്കാതെ നില്‍ക്കുന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്.




ഇപ്പോള്‍ പാലക്കാട് സ്പെഷല്‍ സബ് ജെയില്‍ പ്രവര്‍ത്തിക്കുന്നത് ഈ കൊട്ടയ്ക്കുള്ളിലാണ്. കോട്ടയുടെ ചുറ്റിലും പത്തു മീറ്ററോളം വീതിയുള്ള, വെള്ളം നിറഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ കിടങ്ങാണുള്ളത്. കോട്ടയിലേക്ക് പ്രവേശിക്കാന്‍ ഒരു കവാടം മാത്രമാണുള്ളത്. ഇതിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ കവാടത്തിനടുത്തായി ഒരു ചെറിയ ഹനുമാന്‍ ക്ഷേത്രമുണ്ട്. ദിനം പ്രതി ധാരാളം സന്ദര്‍ശകരും ചരിത്രാന്യേഷികളും ഈ കോട്ട കാണാന്‍ എത്തിച്ചേരുന്നു. കോട്ടയുടെ കിടങ്ങിനു ചുറ്റിലുമായി സന്ദേശകര്‍ക്ക് നടക്കാനുള്ള ട്രാക്കും, അതിനിരുവശത്തുമായി പുല്‍ത്തകിടികളും ഒരുക്കിയിരിക്കുന്നു.






കൂടാതെ
കോട്ടയുടെ പടിഞ്ഞാറ് വശത്തായി കലാ സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനുള്ള 'രാപ്പാടി' എന്നാ ഓപ്പണ്‍ എയര്‍ തീയേറ്ററും, കോട്ടയ്ക്കു സമീപമായി വാടിക എന്ന ഒരു പാര്‍ക്കും സജ്ജമാക്കിയിരിക്കുന്നു. ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പിന്റെ (ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) സംരക്ഷണയിലാണ്. ഇന്ത്യയിലെ തന്നെ വളരെ നന്നായി സംരക്ഷിച്ചിരിക്കുന്ന ഒരു ചരിത്ര സ്മാരകമാണിത്. കോട്ടയുടെ പുറത്തു പ്രധാന റോഡിനപ്പുറത്താണ് കോട്ട മൈതാനം സ്ഥിതി ചെയ്യുന്നത്. പ്രതാപ കാലത്ത് ഇവിടെയായിരുന്നത്രേ ആനകളെയും കുതിരകളെയും സൂക്ഷിച്ചിരുന്ന ലായങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. ഇപ്പോള്‍ കോട്ടമൈതാനം, പ്രസിദ്ധമായ പലവിധ മത്സരങ്ങള്‍ക്കും വേദിയാകുന്നു.

Wednesday, 3 November 2010

വീണപൂവിന്റെ ഗന്ധം പേറി ജൈനിമേട് ജൈനക്ഷേത്രം


ഷാജി മുള്ളൂക്കാരന്‍
ഈ ജൈനക്ഷേത്രം പാലക്കാട്‌ നഗരത്തിനടുത്താണ്‌. തീര്‍ത്ഥങ്കരന്റെ പ്രതിഷ്‌ഠയുള്ള ഈ ക്ഷേത്രത്തിനുചുറ്റും ജൈനമത വിശ്വാസികള്‍ താമസിക്കുന്നു. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശത്തെ ജൈനിമേട് എന്നാണറിയപ്പെടുന്നത്. കേരളത്തിൽ അധികം പ്രചാരമില്ലാത്ത ജൈനമതം ഇന്നും നിലനിൽക്കുന്ന വളരെ ചുരുക്ക ചില സ്ഥലങ്ങളിൽ ഒന്നാണ് ജൈനിമേട്. വയനാട്ടില്‍ ഇപ്പോഴും ഏറെ ജൈന കുടുംബങ്ങള്‍ ഉണ്ടത്രേ. ജൈനിമേട് ഉള്ള ഒരു ജൈനഗൃഹത്തില്‍വച്ചാണ്‌ മഹാകവി കുമാരനാശാന്‍ വീണപൂവ്‌ എന്ന കാവ്യം എഴുതിയത്‌ എന്ന് പറയപ്പെടുന്നു.

വളരെ കുറച്ചു ജൈന മതസ്ഥര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. ഇപ്പോഴുള്ളതില്‍ ജൈന കുടുംബത്തിന്റെ ഏറ്റവും പ്രായമുള്ള പിന്‍ഗാമി, ചിത്രത്തിലുള്ള കനകാംബാള്‍ എന്ന സ്ത്രീയാണ്. മലയാളത്തിനു പുറമേ, ഇവര്‍ സംസാരിക്കുന്നത് കന്നഡ ഹിന്ദി ഭാഷകള്‍ കൂടിയാണ്.

വയനാട്ടിലുള്ള ഒരു ട്രസ്റ്റിനു കീഴിലാണ്
ഇപ്പോള്‍ ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്। ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്ഷം ഫെബ്രുവരിയോടെ പൂര്‍ത്തിയാകും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തീര്‍ത്ഥങ്കരന്റെ പ്രതിഷ്ഠയും മറ്റു ഉപദേവ പ്രതിഷ്ഠകളും ക്ഷേത്രത്തിന്റെ സമീപമുള്ള ഒരു ജൈന ഗൃഹത്തിലാണ് ഇപ്പോഴുള്ളത്. പൂജയടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ജൈന മതത്തില്‍ തന്നെ ഉള്ള പൂജയ്ക്കായി നിയോഗിക്കപ്പെട്ട പുരോഹിതരാണ്. വലിയ ഭീമാകാരമായ കല്ലുകള്‍ പടുത്തുവച്ചുള്ള കിണറും ബലിക്കല്ലും ഇപ്പോഴും കാണാം.
അനുബന്ധം
(ജൈനമതം അഥവാ ജൈനധർമ്മം പുരാതന ഭാരതത്തിൽ ഉടലെടുത്ത മതവിഭാഗമാണ്‌. ആധുനിക കാലഘട്ടത്തിൽ ജൈന മതത്തിന്റെ സ്വാധീനം നേർത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങൾ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാൽപതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്‌,രാജസ്ഥാൻ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്

തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ളവളരെ ലളിതമായ ജീവിതരീതിയാണ്‌ ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്। ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന്‌ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു

ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ്; അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താൽ ഇവർ പകൽവെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ. ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ്, ഇവർ വായില്ലാത്തവരാണെന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട്

ജൈനമതത്തിന്റെ കഠിനമായ നിബന്ധനകൾ പാലിക്കുന്നത് മിക്കയാളുകൾക്കും പ്രയാസമായിരുന്നു. എങ്കിലും ആയിരക്കണക്കിനുപേർ സ്വന്തം വീടുപേക്ഷിച്ച് ജീവനത്തിന്റെ ഈ പുതിയ രീതി പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുന്നോട്ടുവന്നു. ഇതിലധികം പേർ ജൈന സന്യാസി-സന്യാസിനികൾക്ക് ഭക്ഷണവും മറ്റും നൽകി ഈ ആശയത്തെ പ്രോൽസാഹിപ്പിച്ചു. പ്രധാനമായും വണിക്കുകളും, കർഷകരുമായിരുന്നു ജൈനമതത്തിന്‌ കൂടുതൽ പ്രോൽസാഹനം നൽകിയിരുന്നത്. സ്വന്തം കാർഷികവിഭവങ്ങളെ കീടങ്ങളിൽ നിന്നും മറ്റും സം‌രക്ഷിക്കേണ്ടിയിരുന്നതുകൊണ്ട് മതനിയമങ്ങൾ അനുസരിക്കുന്നതിന്‌ ഇവർ കൂടുതൽ പ്രയാസം നേരിട്ടു


ജൈനർ, കണിശക്കാരായ പണമിടപാടുകാർ എന്ന പേരിൽ പേരുകേട്ടവരാണ്. ഇന്ത്യയിലെ മിക്കവാറും വാണിജ്യനഗരങ്ങളിലും ഇവരുടെ സാന്നിധ്യം കാണാം. എന്നിരുന്നാലും
മഹാരാഷ്ട്ര, ഗുജറാത്തിലെ കത്തിയവാർ പ്രദേശം, രാജസ്ഥാൻ എന്നിവയാണ്‌ ജൈനരുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. ഇവരുടെ പണത്തിന്റെ നല്ലൊരു ഭാഗം ആരാധനാലയങ്ങളുടെ നടത്തിപ്പിനും മോടിപിടിപ്പിക്കുന്നതിനും സന്യാസിമാർക്കും പുരോഹിതർക്കുമായും ചെലവഴിക്കുന്നുണ്ട്

അനുബന്ധവിവരങ്ങള്‍ക്ക്‌ വിക്കിപീഡിയയോട്‌ കടപ്പാട്‌


Tuesday, 5 October 2010

ചൂളംവിളിയൊച്ചയ്‌ക്ക്‌ കാതോര്‍ക്കുന്ന മുതലമട

ഷാജി മുള്ളൂക്കാരന്‍

പുനലൂര്‍ - ചെങ്കോട്ട മീറ്റര്‍ ഗേജ് തീവണ്ടികള്‍ നിര്ത്തലാക്കുന്ന വാര്‍ത്തക്കിടയില്‍ റെയില്‍വേ വകുപ്പിന്റെ അനാസ്ഥയുടെ സ്മാരകം. ഒരു വര്ഷം കൊണ്ട് ബ്രോഡ് ഗേജ് രീതിയിലേക്ക് മാറ്റും എന്നാ വാഗ്ദാനവുമായാണ് 2008 ഡിസംബറില്‍ റെയില്‍വേ, പാലക്കാടിന്റെ കിഴക്കന്‍ പ്രദേശമായ കൊല്ലങ്കോട്,മുതലമട, മീനാക്ഷിപുരം തുടങ്ങിയ പ്രദേശങ്ങളിലൂടെ തമിഴ്നാട്ടിലെ പൊള്ളാച്ചി വഴി പഴനിയിലേക്ക് പോകുന്ന ഈ മീറ്റര്‍ ഗേജ് തീവണ്ടി സര്‍വീസ് നിര്‍ത്തലാക്കിയത്. കിഴക്കന്‍ പാലക്കാടിന്റെ, ഒപ്പം നെല്ലിയാമ്പതി മലകളുടെ വശ്യ സൌന്ദര്യം മുഴുക്കെ ഈ യാത്രയില്‍ അനുഭവിക്കാന്‍ കഴിഞ്ഞിരുന്നു




.
അതില്‍ ഏറ്റവും ഇഷ്ടമായി തോന്നിയത് മുതലമട റെയില്‍വേ സ്റ്റേഷന്‍ തന്നെ. ട്രാക്കിന്റെ ഒരു വശം മുഴുവന്‍, ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആല്‍ മരങ്ങള്‍ ഉള്ള ഈ സ്റ്റേഷന്‍ പറഞ്ഞറിയിക്കാനാകാത്ത അത്രയും ഭംഗിയുള്ളതായിരുന്നു. മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലുള്ളവരുടെ - കിഴക്കന്‍ പാലക്കാടിന്റെ ജീവിതവുമായി അത്രയേറെ ലയിച്ചു ചേര്‍ന്നിരുന്നു പതിറ്റാണ്ടുകളായി ഈ തീവണ്ടി പാത.






അടുത്തകാലത്ത്‌ മുതലമടയില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിവ. ഇപ്പോള്‍, കാടുകയറി ആളും ആരവങ്ങളുമൊഴിഞ്ഞ്‌ അനാഥമായി കിടക്കുന്ന റെയില്‍വേ സ്റ്റേഷനും പരിസരവും. ഒരുവര്‍ഷം കൊണ്ട് തീരും എന്ന് പറഞ്ഞ ഗേജ് മാറ്റം, സര്‍വീസ് നിര്‍ത്തി രണ്ടുവര്‍ഷമാകാറായിട്ടും എങ്ങുമെത്തിയിട്ടില്ല. പഴനിയിലെക്കും പൊള്ളാച്ചിയിലേക്കുമുള്ള സ്വകാര്യ ബസ് സര്‍വീസുകാരെ സഹായിക്കാനായി റെയില്‍വേയിലെ ഒരുവിഭാഗം ഗേജുമാറ്റ ജോലികള്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ് എന്ന വിമര്‍ശനങ്ങള്‍ക്കിടയിലും ഈ പ്രദേശതുള്ളവര്‍ കാത്തിരിക്കുകയാണ് ഗൃഹാതുരതയുണര്‍ത്തുന്ന ആ ചൂളം വിളിക്കായി..
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP