Showing posts with label വിവാദം. Show all posts
Showing posts with label വിവാദം. Show all posts

Friday, 23 September 2011

'ഭൂമിക്കൊരു ചരമഗീതം' മോഷണമുതലോ..!?




ടൈറ്റസ്‌ കെ.വിളയില്‍

മലയാളി ഏറെ പാടി നടന്ന, ജ്ഞാനപീഠം ജേതാവ്‌ ഒ.എന്‍.വി. കുറുപ്പിന്റെ ' ഭൂമിക്കൊരു ചരമഗീതം ' എന്ന പ്രശസ്ത കവിത മോഷണമാണെന്ന്‌ ആരോപിച്ചാല്‍ എത്ര സഹൃദയര്‍ അംഗീകരിക്കും..?
" കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ അരുണാഭമായ ഒരു കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ആവേശഭരിതമായ തരുണസ്വരങ്ങളിലൊന്നായ " ഒഎന്‍വിക്ക്‌ ,വിപ്ലവാവേശവും, ചുവന്ന പുത്തന്‍ പുലരിയെക്കുറിച്ചുള്ള സ്വപനങ്ങളും,ചൂഷിതരോടും അധ:സ്ഥിതരോടുമുള്ള ഐക്യദാര്‍ഢ്യവും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൂള്ള പ്രതിബദ്ധതയും പരിസ്ഥിതി ബോധവും മാനവജീവിത പ്രതിസന്ധികളും സമഞ്ജസമായി,ലാവണ്യഭംഗിയോടെ കവിതയില്‍ സന്നിവേശിപ്പിച്ച്‌ നാലരപ്പതിറ്റാണ്ടിലേറെ അനുവാചകമനസ്സുകള്‍ കീഴടക്കിയ ഒഎന്‍വിക്ക്‌,ഒരു മോഷണമുതല്‍ തന്റേതെന്ന്‌ അവകാശപ്പെടേണ്ട ഗതികേടുണ്ടോ എന്നാവും പരക്കെയുള്ള,പ്രതിഷേധമിരമ്പുന്ന സന്ദേഹം.




എന്നാല്‍,ജ്ഞാനപീഠം പുരസ്ക്കാര ജേതാവിന്റെ ഏറ്റം ജനകീയമായ രചനകളില്‍ പ്രഥമഗണനീയമായ 'ഭൂമിക്കൊരു ചരമഗീതം' മോഷണമുതല്‍ തന്നെയാണെന്ന്‌ നാം വിശ്വസിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.കാരണം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ താന്‍ രചിച്ച 'ഒരു ചരമക്കുറിപ്പ്‌' എന്ന കവിതയില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ്‌ ഒഎന്‍വി. തന്റെ പ്രശസ്ത കവിത രചിച്ചതെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്‌ കവി ചുണ്ടയില്‍ പ്രഭാകരനാണ്‌.





സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും സാഹിത്യ അക്കാദമി പബ്ലിക്കേഷന്‍ ഓഫീസറുമായിരുന്ന സി.കെ. ആനന്ദന്‍പിള്ളയുടെ പത്രാധിപത്യത്തില്‍ തൃശൂരില്‍നിന്ന്‌ പ്രസിദ്ധീകരിക്കുന്ന 'സാഹിത്യ വിമര്‍ശനം' മാസികയില്‍ എഴുതിയ ലേഖനത്തിലാണ്‌ പ്രഭാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.
പ്രഭാകരന്‍ പറയുന്നതിങ്ങനെ:
" കവിതയുടെ കയ്യെഴുത്തു പ്രതി ഒ.എന്‍.വിക്കു വായിക്കാന്‍ കൊടുത്തിരുന്നു.വര്‍ഷങ്ങളായി താന്‍ തുറന്നു പറയാതിരുന്ന ഈ വിഷയം ഇപ്പോള്‍ പറയുന്നത്‌ മാസികയുടെ പത്രാധിപരുടെ നിര്‍ബന്ധപ്രകാരമാണ്‌. 1980കളില്‍ താന്‍ കോഴിക്കോട്‌ താമസിച്ചിരുന്ന കാലത്താണ്‌ പ്രസ്തുത കവിത എഴുതുന്നത്‌ . അക്കാലത്ത്‌ ബ്രണ്ണന്‍ കോളജില്‍ അധ്യാപകനായിരുന്ന ഒഎന്‍വിയുമായി വലിയ അടുപ്പമായിരുന്നു. സന്തതസഹചാരിയായിരുന്ന പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയാണ്‌ ഒഎന്‍വിയടക്കമുള്ള എഴുത്തുകാരെ പരിചയപ്പെടുത്തിയത്‌. പല കവിയരങ്ങുകളിലും ഒഎന്‍വി, സുഗതകുമാരി, കടമ്മനിട്ട തുടങ്ങിയവര്‍ക്കൊപ്പം തനിക്ക്‌ കവിത അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. 





ഒഎന്‍വിയെ ഗുരുവിനെ പോലെയാണ്‌ അന്നു കണ്ടിരുന്നത്‌. എന്നും കണ്ണൂരിലേക്കുള്ള ട്രെയിന്‍യാത്രയില്‍ സഹയാത്രികനായിരുന്നു ഒഎന്‍വി.
ഒഎന്‍വിയുമായുള്ള തന്റെ ബന്ധം കണ്ട്‌ സഹയാത്രികര്‍ അസൂയപ്പെട്ടിരുന്നു. അങ്ങനെയാണ്‌ യാത്രയിലൊരു ദിവസം തന്റെ കവിതയുടെ കയ്യെഴുത്തുകോപ്പി ഒഎന്‍വിക്കു വായിക്കാന്‍ കൊടുത്തത്‌. കാര്യമായ അഭിപ്രായമൊന്നും പറയാതെ പിറ്റേന്ന്‌ ഒഎന്‍വി കവിത തിരിച്ചു തന്നപ്പോള്‍ വിഷമമായി. അധികം താമസിയാതെ ഒഎന്‍വിയെ ട്രെയിനില്‍ കാണാതായി. അതേക്കുറിച്ചന്വേഷിച്ചപ്പോള്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക്‌ തിരിച്ചുപോയതായറിഞ്ഞു. ഒരു വാക്കുപോലും പറയാതെ ഒഎന്‍വി. പോയതില്‍ വിഷമംതോന്നിയെങ്കിലും ഞെട്ടിയത്‌ അധികം താമസിയാതെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിത വായിച്ചപ്പോഴാണ്‌ . തന്റെ കവിതയില്‍ അദ്ദേഹം വരുത്തിയത്‌ ചില്ലറ മാറ്റങ്ങള്‍ മാത്രം ".
(അതോടെ, പ്രഭാകരന്‍ കവിതയെഴുത്തും കവിയരങ്ങുകളും നിര്‍ത്തി..!)





പ്രഭാകരന്‍ തുടരുന്നു
" വേദനയോടെയാണെങ്കിലും കവിതയോട്‌ വിടപറഞ്ഞ താന്‍ ഭൂതകാലം മുഴുവന്‍ മറക്കാന്‍ ശ്രമിക്കുകയായിരുന്നു . എങ്കിലും നഷ്ടപ്പെട്ടുപോയ 'പുത്രി'യെക്കുറിച്ചുള്ള വേദന എന്നും ഉള്ളിലുണ്ടായിരുന്നു. സ്വന്തം മനസുകൊണ്ട്‌ ജന്മം നല്‍കിയ കുഞ്ഞിനെ ഇളംപ്രായത്തില്‍ കട്ടുകൊണ്ടുപോയി പ്ലാസ്റ്റിക്‌ സര്‍ജറി നടത്തി വിശ്വസുന്ദരിയാക്കി കിട്ടാവുന്നതെല്ലാം കൈപ്പറ്റി നടക്കുന്ന പോറ്റച്ഛനെ മാലോകരെല്ലാം വാഴ്ത്തുന്നതുകണ്ട്‌ വിതുമ്പലടക്കിപ്പിടിച്ചു നടക്കുന്ന നിസഹായനായ പിതാവിന്റെ ദെണ്ണമാണ്‌ അന്നെനിക്കുണ്ടായിരുന്നത്‌.അതോടൊപ്പം ജ്ഞാനപീഠം ലഭിച്ചപ്പോള്‍ മറവിരോഗമില്ലെങ്കില്‍ ഒഎന്‍വി. ലജ്ജ കൊണ്ട്‌ ചൂളിപ്പോയിരിക്കും "






പ്രഭാകരനില്‍ നിന്ന്‌ ഒ.എന്‍.വി കുറുപ്പിലേയ്ക്ക്‌ വരാം.'ഭൂമിക്കൊരു ചരമഗീതം' രചിക്കാനുണ്ടായ സാഹചര്യവും പ്രേരണയും നിര്‍ബന്ധവും അദ്ദേഹം വെളിപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌: " വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ വരും വഴിക്ക്‌ ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്ലില്‍ നിന്നുള്ള മാലിന്യങ്ങള്‍ പ്രകൃതിസൗന്ദര്യത്തിന്‌ കോട്ടമേല്‍പ്പിച്ച അവസ്ഥ കാണാനിടയായി. ട്രെയിനിന്റെ താളം കൂടി സമ്മേളിച്ചപ്പോള്‍ ആദ്യവരി, 'ഇനിയും മരിക്കാത്ത ഭൂമി.' മനസ്സില്‍ പിറന്നു. ആ കവിത പൂര്‍ണ്ണമാകാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു കുറേ നാളുകള്‍. തിരുവനന്തപുരത്ത്‌ പ്രകൃതി സ്നേഹികളായ കവികള്‍ സംഘടിപ്പിച്ച കവി സംഗമത്തില്‍ ആ കവിത ജനിച്ചു.."
എന്നാല്‍, ഒഎന്‍വിയുടെ വിശദീകരണത്തില്‍ തുളുമ്പുന്നത്‌ നുണമാത്രമാണെന്ന്‌ ശ്രീജിത്‌ പെരുന്തച്ചന്‍ എഴുതിയ "തോന്ന്യാക്ഷരങ്ങളല്ല, ഭാഗ്യാക്ഷരങ്ങള്‍ "എന്ന കുറിപ്പ്‌ വ്യക്തമാക്കുന്നു.' മനോരമ ഓണ്‍ലൈന്‍ ലിറ്റററി വേള്‍ഡി 'ല്‍
പോസ്‌റ്റ്‌ ചെയ്‌ത ആ കുറിപ്പ്‌ ഇങ്ങനെ:" ചിലര്‍ക്ക്‌ കവിത വരുന്നത്‌ കല്യാണാ ലോചന വരുന്നതു പോലെയാണ്‌. നാലുവഴിക്ക്‌ നിന്നും വേണ്ടതും വേണ്ടാത്തതുമായ വരികളുടെ പ്രവാഹമായിരിക്കും. ഒടുവില്‍ പലതും ഉപേക്ഷിക്കും. ചിലതൊക്കെ വെട്ടിക്കളയും. ആലോചനയില്‍ പൊരുത്തം തോന്നിയത്‌ മാത്രം തിരഞ്ഞെടുക്കും. എന്നാല്‍ ഒരു വരി പോലും വെട്ടാതെയോ തിരുത്താതെയോ ആണ്‌ ഒ.എന്‍.വി. കുറുപ്പ്‌ ഭൂമിക്കൊരു ചരമഗീതം എഴുതിയത്‌. കവിതയുടെ പേരും കവിത പോലെ താനറിയാതെ വന്നതാണെന്നു കവി. മറ്റൊരു പേരിനെക്കുറിച്ച്‌ ആലോചിക്കേണ്ടി വന്നതു പോലുമില്ല. പേനയ്ക്ക്‌ ജീവനുണ്ടായിരുന്നെങ്കില്‍ അത്‌ പറഞ്ഞേനെ, എനിക്ക്‌ ഒഎന്‍വിയുടെ കൂടെ ജോലി ചെയ്യുന്നതാണ്‌ ഏറ്റവും ഇഷ്ടമെന്ന്‌. കാരണം മുന്നോട്ടുവച്ച കൈ കവിക്ക്‌ ഒരിക്കല്‍പ്പോലും പിന്നോട്ടെടുക്കേണ്ടി വന്നിട്ടില്ല, ഇതെഴുതുമ്പോള്‍.





ഒരു മരം പോലും ആരും വെട്ടിക്കളയരുത്‌ എന്ന പ്രാര്‍ഥനയോടെ എഴുതിയ കവിതയായതുകൊണ്ടാണോ എന്തോ ഒരക്ഷരം പോലും കവിക്ക്‌ അതില്‍ നിന്ന്‌ വെട്ടിക്കളയേണ്ടി വന്നില്ല. കവിത എഴുതുമ്പോള്‍ തന്നെ അതിന്റെ പേരും മനസ്സിലുണ്ടായിരുന്നു. മൂന്നോ നാലോ പേര്‌ മനസ്സില്‍ തോന്നുക. അതില്‍ നിന്ന്‌ ഒന്ന്‌ തിരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങളൊന്നും കവിക്ക്‌ ബാധകമായിരുന്നില്ല.





പരിസ്ഥിതിക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടെഴുതിയകവിതകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച്‌ പ്രകൃതി സംരക്ഷണസമിതി എണ്‍പതുകളുടെ തുടക്കത്തില്‍ തിരുവനന്തപുരത്ത്‌ ഒരു കവിയരങ്ങ്‌ നടത്തി. എന്‍.വി.കൃഷ്ണവാരിയര്‍ പ്രസിഡന്റും സുഗതകുമാരി സെക്രട്ടറിയുമായുള്ള ആ സമിതി നടത്തിയ കവിയരങ്ങില്‍ ചൊല്ലാന്‍ വേണ്ടി എഴുതിയ കവിതയാണത്‌. ഒരു രൂപ ടിക്കറ്റ്‌ വച്ചായിരുന്നു പ്രവേശനം.




റിസര്‍വ്‌ ബാങ്കിന്റെ കണക്കില്‍പ്പെടാതെ രൂപയ്ക്ക്‌ ഏറ്റവും മൂല്യം കൂടിയ ദിവസങ്ങളിലൊന്ന്‌ ഒരുപക്ഷേ അതായിരിക്കും. കവിയരങ്ങി നെത്തിയവരെക്കൊണ്ട്‌ ഹാള്‍ നിറഞ്ഞു കവിഞ്ഞത്‌ കവിയുടെ ഓര്‍മയിലുണ്ട്‌. അങ്ങനെ ഭൂമിക്കൊരു ചരമഗീതം എന്ന്‌ പേരിട്ട കവിത മലയാളകവിതയ്ക്ക്‌ പുത്തനുണര്‍വിന്റെ ഉദയഗീതമായി.





ചന്ദ്രനെപ്പോലെ ഭൂമി നാളെ വെറും ഒരു ശിലയായി മാറുമോ എന്ന്‌ കവി ചിന്തിച്ചതിന്റെ ഫലം കൂടിയാണ്‌ ആ കവിത. ഒരിക്കല്‍ ചന്ദ്രനില്‍ നിന്നു കൊണ്ടുവന്ന ശിലകളുടെ ഒരു പ്രദര്‍ശനം കവി കണ്ടു. നാളെ ഭൂമിയും ഇതുപോലെ ജീവനില്ലാതെ കുറച്ച്‌ കല്ലുകള്‍ മാത്രം ശേഷിച്ച ഒരു ഗ്രഹമായി മാറുമോ എന്ന ചിന്തയും കവിയെ അതെഴുതാന്‍ പ്രേരിപ്പിച്ചു. നമ്മുടെയൊക്കെ മനസ്സ്‌ എന്തുകണ്ടാലും കരുണ തോന്നാത്ത വിധം കല്ലായി മാറുന്നത്‌ ചിലപ്പോള്‍ അതിന്റെ ആദ്യ സൂചനയാവാം. എന്തായാലും ഒരു വെട്ടോ തിരുത്തോ ഇല്ലാതെ എഴുതിയ ഭൂമിക്കൊരു ചരമഗീതം ഒരു പോറല്‍ പോലുമേല്‍ക്കാതെ കാലം കാത്തുവയ്ക്കേണ്ട നിധിയാണെന്ന്‌ മലയാളം തിരിച്ചറിഞ്ഞു.





കുട്ടിയായിരിക്കെ വീട്ടിലിരുന്ന്‌ ഓരോന്നൊക്കെ കുത്തിക്കുറിക്കുമ്പോള്‍ ?അപ്പൂ , നീ തോന്ന്യാക്ഷരമെഴുതുകയാണോ? എന്ന്‌ അച്ഛന്‍ ചോദിച്ചതിനെക്കുറിച്ച്‌ കവി എഴുതിയിട്ടുണ്ട്‌. അതാണ്‌ തനിക്ക്‌ തോന്ന്യാക്ഷരങ്ങള്‍ എന്ന്‌ പുസ്തകത്തിന്‌ പേരിടാന്‍ നിമിത്തമായതെന്നും. ഏതായാലും അതൊന്നും തോന്ന്യാക്ഷരങ്ങളല്ല മലയാളത്തിന്റെ ഭാഗ്യാക്ഷരങ്ങളാണെന്ന്‌ പില്‍ക്കാലം തെളിയിച്ചു. ഇങ്ങനെയൊരു കവിയെ കിട്ടാന്‍ മലയാളം ഭാഗ്യം ചെയ്യണമെന്നും "
ശ്രദ്ധിച്ചോ " ഒരു വരി പോലും വെട്ടാതെയോ തിരുത്താതെയോ ആണ്‌ ഒ.എന്‍.വി. കുറുപ്പ്‌ ഭൂമിക്കൊരു ചരമഗീതം എഴുതിയതെന്ന്‌. " കവിതയുടെ പേരും കവിത പോലെ താനറിയാതെ വന്നതാണെന്നും മറ്റൊരു പേരിനെക്കുറിച്ച്‌ ആലോചിക്കേണ്ടി വന്നതു പോലുമില്ല" എന്നുമുള്ള ഒഎന്‍വിയുടെ അവകാശവാദം, പ്രഭാകരന്റെ ആരോപണത്തെയല്ലേ സാധൂകരിക്കുന്നത്‌.?




ഇപ്പോള്‍ മനസ്സിലുണരുന്നത്‌ കവിയുടെ തന്നെ ഈ വരികളണ്‌:
"ഭൂമികന്യയെ വേള്‍ക്കാന്‍വന്നമോഹമേ നീ, ഇന്ദ്രകാര്‍മുകമെടുത്തു കുലച്ചുതകര്‍ത്തെന്നോ"..!
,'ഭൂമിക്കൊരു ചരമഗീത'ത്തിലെ വരികള്‍ തിരുത്തി
" ഇനിയും മരിക്കാത്ത ഒഎന്‍വി നിന്‍
മോഷണ മികവില്‍ നിനക്കാത്മശാന്തി!
ഇത്‌ നിന്റെ ചരമശുശ്രൂഷയ്ക്ക്‌
ഹൃദയത്തിലെന്നേ കുറിച്ച കുറിപ്പ്‌" എന്ന്‌ വെട്ടിത്തുറന്ന്‌ പറയണോ
അതോ
"വെറുമൊരു മോഷ്ടാവാം ഓയെന്‍വിയെ
കള്ളനെന്ന്‌ വിളിക്കാമോ..?"
എന്ന്‌ പറഞ്ഞൊഴിയണോ?
അനുവാചകര്‍ തീരുമാനിക്കട്ടെ.




'ഭൂമിക്കൊരു ചരമഗീതം': പ്രതികരിക്കാനില്ലെന്ന്‌ ഒഎന്‍വി.
 

തന്റെ പ്രശസ്ത കവിത 'ഭൂമിക്കൊരു ചരമഗീതം' വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കവി ചുണ്ടയില്‍ പ്രഭാകരന്‍ രചിച്ച ഒരു ചരമക്കുറിപ്പ്‌ എന്ന കവിതയുടെ മോഷണമാണെന്ന ആരോപണത്തെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്ന്‌ ഒ.എന്‍.വി. കുറുപ്പ്‌. 




അതേസമയം തന്റെ കവിതയുടെ കൈയെഴുത്തുപ്രതി വായിച്ചശേഷമാണ്‌ ഒ.എന്‍.വി. ഭൂമിക്കൊരു ചരമഗീതം രചിച്ചതെന്ന്‌ ചുണ്ടയില്‍ പ്രഭാകരന്‍ ആവര്‍ത്തിച്ചു.മാത്രമല്ല സൂര്യഗായത്രി എന്ന തന്റെ കവിതയില്‍നിന്നാണ്‌ ഒ.എന്‍.വി. സൂര്യഗീതം രചിച്ചതെന്നും പ്രഭാകരന്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്ന്‌ പ്രതികരിച്ചില്ല എന്നത്‌ ശരിയാണ്‌.
ഭൂമിയുടെ ചരമത്തെ ദീര്‍ഘദൃഷ്ടിയോടെ കണ്ടറിഞ്ഞ മഹാപ്രതിഭയ്ക്ക്‌ ജ്ഞാനപീഠം എന്ന്‌ പത്രത്താളുകളില്‍ കണ്ടപ്പോഴാണ്‌ അല്‍പം വിഷമം തോന്നിയത്‌. പിന്നീട്‌ ആനന്ദന്‍പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ്‌ ഇക്കാര്യം എഴുതിയതെന്നും പ്രഭാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ആകാശവാണി തൃശൂര്‍ നിലയത്തില്‍ പ്രോഗ്രാം വിഭാഗം തലവനായി പ്രവര്‍ത്തിക്കുന്ന ഡി. പ്രദീപ്കുമാറിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന ആള്‍ക്കൂട്ടം ലിറ്റില്‍ മാഗസിനിലായിരുന്നു പ്രഭാകരന്റെ ഒരു ചരമക്കുറിപ്പ്‌ പ്രസിദ്ധീകരിച്ചത്‌.




1982ല്‍ത്തന്നെ താനും സുഹൃത്തുക്കളുമടങ്ങിയ സദസില്‍ പ്രഭാകരന്‍ പ്രസ്തുത കവിത ആലപിച്ചിരുന്നതായി പ്രദീപ്കുമാര്‍ ഓര്‍ക്കുന്നു. കവിതയിലെ വരികള്‍ മോഷ്ടിച്ചിട്ടില്ലെങ്കിലും ആശയം ഒ.എന്‍.വി. സ്വീകരിച്ചത്‌ പ്രഭാകരനില്‍നിന്നാണെന്നുതന്നെയാണ്‌ തന്റെ അഭിപ്രായമെന്നും പ്രദീപ്‌ പറഞ്ഞു. സൂര്യഗായത്രിയാകട്ടെ പ്രസിദ്ധീകരിച്ചത്‌ ഭാഷാപോഷിണിയിലായിരുന്നു. അതിനുശേഷമാണ്‌ ഒഎന്‍വിയുടെ സൂര്യഗീതം പുറത്തുവന്നത്‌. അതേസമയം സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന്‌ കരുതി എഴുതിയതാണെന്നും ഇക്കാര്യത്തില്‍ തനിക്ക്‌ മറ്റു പരാതികളില്ലെന്നും പ്രഭാകരന്‍ വ്യക്തമാക്കി.

വയലാറിന്റെ മരണം ആശുപത്രി അധികൃതരുടെ കൈപ്പിഴ മൂലമോ..?!


വയലാര്‍ രാമവര്‍മ്മ
ടി.കെ.വി

അമ്മൂ,ഇവിടിപ്പോഴും മഴ പെയ്ത്‌ തിമിര്‍ക്കുകയാണ്‌ . "കല്ലുരുക്കുന്ന കന്നി " പിറക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴും കാലവര്‍ഷത്തെതോല്‍പ്പിക്കാനെന്നോണമാണ്‌ മഴയുടെ മുടിയഴിച്ചാട്ടം.സാഗര സീമകള്‍ക്കും സമയരേഖകള്‍ക്കുമപ്പുറം പ്രവാസത്തിന്റെ കൊടും ചൂടിലുരുകുമ്പോള്‍ കേരളത്തിലെ ഈ കുളുര്‍ദിനങ്ങളെക്കുറിച്ചുള്ള കേള്‍വി നിന്നില്‍ അസൂയയുണര്‍ത്തുന്നുവോ?



ഈ തോരാമഴയെ തോല്‍പ്പിക്കുന്ന വിവാദങ്ങളുടെ പെരുമഴക്കാലം കൂടിയാണ്‌ കേരളത്തിലിപ്പോള്‍ .പെട്രോള്‍ വിലവര്‍ദ്ധനയും,പി.സി.ജോര്‍ജ്‌ തുറന്നുവിട്ട രാഷ്ട്രീയത്തര്‍ക്കവും പെണ്‍വാണിഭ-ക്വട്ടേഷന്‍ കൊലപാതക വാര്‍ത്തകളുമങ്ങനെ തകര്‍ത്താടുകയാണ്‌.ഇവയ്ക്കിടയിലേയ്ക്കാണ്‌ മലയാളത്തിന്റെ പ്രിയ കവിയും ഗാനരചിയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ മരണകാരണം തുമ്പിക്കൈവണ്ണത്തില്‍ അമ്പരപ്പായി പെയ്തിറങ്ങുന്നത്‌; പ്രക്ഷുബ്ധതയുടെ തിരയേറ്റമുണ്ടാക്കുന്നത്‌.
ഈ വാര്‍ത്ത ശ്രദ്ധിക്കുക: " വയലാര്‍ രാമവര്‍മ്മയുടെ മരണം ആശുപത്രി അധികൃതരുടെ കൈപ്പിഴ മൂലം! തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ശസ്ര്തക്രിയയ്ക്കു ശേഷം കൊടുത്ത രണ്ടാമത്തെ കുപ്പി രക്തം രാമവര്‍മ്മയുടെ ഗ്രൂപ്പില്‍പ്പെട്ടതായിരുന്നില്ലെന്ന
ഏഴാച്ചേരി രാമചന്ദ്രന്‍ 
ഏഴാച്ചേരി രാമചന്ദ്രന്റെ വെളിപ്പെടുത്തലാണ്‌ വിവാദത്തിന്‌ വഴിമരുന്നിട്ടിരിക്കുന്നത്‌.




ചെറുകഥാകൃത്ത്‌ സന്തോഷ്‌ എച്ചിക്കാനത്തിന്‌ പ്രഥമ ഹരിശ്രീ രാധാകൃഷ്ണന്‍ പുരസ്കാരം സമ്മാനിച്ചതിന്‌ ശേഷം നടത്തിയ പ്രസംഗത്തിലാണ്‌ ഏഴാച്ചേരിയുടെ വെളിപ്പെടുത്തല്‍ .
വയലാര്‍ രാമവര്‍മ്മയുടെ അവസാന നാളുകളിലെ ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലായിരുന്നു. ഡോക്ടര്‍ പി.കെ.ആര്‍ വാര്യര്‍ ശസ്ര്തക്രിയ നടത്തി. അതിനു ശേഷം കൊടുത്ത രണ്ടാമത്തെ കുപ്പി രക്തം വയലാറിന്റെ ഗ്രൂപ്പില്‍പ്പെട്ടതായിരുന്നില്ല. ഈ രക്തം സ്വീകരിച്ചയുടന്‍ മരണം സംഭവിച്ചു - ഏഴാച്ചേരി പറഞ്ഞു.
ഇക്കാര്യം പുറത്തറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതം മനസിലാക്കിയ ഡോക്ടറും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും രക്തഗ്രൂപ്പ്‌ മാറിയ വിവരം രഹസ്യമായി സൂക്ഷിച്ചു. അന്ന്‌ ആശുപത്രിയില്‍ ഉണ്ടായിരുന്ന ഒരു നേതാവില്‍ നിന്നാണ്‌ താന്‍ ഈ വിവരം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..





ഇതിനെക്കുറിച്ച്‌ ആധികാരികമായി സംസാരിക്കേണ്ട ആരും ഇന്നു ജീവിച്ചിരിപ്പില്ല. എന്നാലും തനിക്കറിയാവുന്ന കാര്യം പങ്കുവെയ്ക്കുകയാണ്‌. 1975 ഒക്ടോബര്‍ ഇരുപത്തിയേഴിന്‌ നാല്‍പത്തിയേഴാമത്തെ വയസിലാണ്‌ വയലാര്‍ അന്തരിച്ചത്‌.ഏഴാച്ചേരി പറഞ്ഞു "
സഹൃദയലോകം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്‌ ഇപ്പോള്‍ കേട്ടത്‌. സര്‍ഗസംഗീതത്തിന്‍?റ വീഥിയിലൂടെ മലയാളിയെ കൈപിടിച്ച്‌ നടത്തിയ വയലാറിന്റെ മരണ കാരണം കൈപ്പിഴയാണെന്ന വെളിപ്പെടുത്തലിന്റെ ശരിയും തെറ്റും അറിയാനുള്ള ആകാംക്ഷയിലാണ്‌ സമൂഹം.അതു കൊണ്ട്‌
വയലാറിന്റെ അന്ത്യ ദിനങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തും പിന്നീട്‌ ജീവിതവഴിയില്‍ ഒപ്പമുണ്ടായിരുന്ന, നിരവധി കൃതികളുടെ കര്‍ത്താവും സിനിമാ നിരൂപകനുമായിരുന്ന ജീവചരിത്രകാരന്‍, ചേലങ്ങാട്ട്‌ ഗോപാലകൃഷണന്‍ എന്താണ്‌ രേഖപ്പെടുത്തിയിട്ടുള്ളതെന്ന്‌ നമുക്കൊന്ന്‌ വായിച്ച്‌ നോക്കിയാലോ..? 




വയലാറിന്റെ അവസാന യാത്ര
"1974 അവസാനമായപ്പോഴേക്കും രാമവര്‍മ ശാരീരികമായി ഏറെ പരിക്ഷീണനായിരുന്നു. യാത്രകള്‍ കുറച്ച്‌ വീട്ടിലിരുന്ന്‌ എഴുതിയാലോ എന്ന ആലോചനയിലായിരുന്നു അദ്ദേഹം. പക്ഷേ, റിക്കോര്‍ഡിങ്‌ വേളകളിലും അതിനുമുന്‍പ്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോഴും തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ അദ്ദേഹത്തിനതിന്‌ കഴിഞ്ഞില്ല. ചിലനേരങ്ങളില്‍ അടിവയറില്‍ ചെറിയ വേദനയുണ്ടാകുന്നത്‌ അദ്ദേഹം കാര്യമാക്കിയിരുന്നില്ല. അപ്പോഴും ധാരാളം ചിത്രങ്ങള്‍ക്ക്‌ പാട്ടെഴുതാമെന്ന്‌ അദ്ദേഹം സമ്മതിച്ചിരുന്നു. മദ്രാസിനു പകരം ആലുവയോ എറണാകുളമോ ആലപ്പുഴയോ സ്ഥിരം താവളമാക്കിയാലോ എന്നൊരാലോചനയും ഇക്കാലത്ത്‌ അദ്ദേഹത്തിനില്ലാതിരുന്നിട്ടില്ല.
ആയിടെ അദ്ദേഹം കചദേവയാനി എന്ന ചിത്രത്തിന്‌ ഒരു തിരക്കഥയും രചിച്ചു. ഇതിന്റെ രചനാവേളയില്‍ പലപ്പോഴും ഞാനും സന്നിഹിതനായിരുന്നു. തിരക്കഥാരചനയുടെ പ്രാരംഭമായി പ്രഗത്ഭരായ ചില വിദേശ ചലച്ചിത്രകാരന്മാരുടെ തിരക്കഥകളും അദ്ദേഹം വായിച്ചു. ചില പുസ്തകങ്ങള്‍ ഞാനും സംഘടിപ്പിച്ചു കൊടുത്തു. നേരത്തേ ചില തിരക്കഥാരചനകളില്‍ കൂട്ടുചേര്‍ന്നതിനാല്‍ എനിക്ക്‌ ഇക്കാര്യത്തില്‍ അല്‍പം പരിചയവും ഇല്ലാതില്ല. അതിനാലാണ്‌ ഇടയ്ക്കിടെ എന്നെ വിളിച്ചുവരുത്തുന്നത്‌. അദ്ദേഹമെഴുതിയ ആദ്യത്തെതും അവസാനത്തേതുമായ ഈ തിരക്കഥ സിനിമയാക്കുമ്പോള്‍ സംവിധായകനായി എന്‍. ശങ്കരന്‍നായരെയാണു നിശ്ചയിച്ചത്‌.




വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ടെലിഫോണ്‍കണക്ഷന്‍ എടുത്തിരുന്നതിനാല്‍ രാമവര്‍മ ഫോണില്‍ വിളിക്കുകയാണു പതിവ്‌. 1975 ഒക്ടോബര്‍ 19ന്‌ രാവിലെ പത്തു മണിയോടെ എനിക്ക്‌ രാമവര്‍മയുടെ ഒരു ഫോണ്‍ കോള്‍ വന്നു. 'ഗോപീ, താനൊന്നിവിടെവരെ വാ. ഒന്നുരണ്ടു കാര്യമുണ്ട്‌, ഊണിവിടെ കഴിക്കാം.' ഞാന്‍ ഉച്ചയോടെ ചെന്നു. നാലുകെട്ടിന്റെ നടുമുറ്റത്ത്‌ ചാരുകസേരയില്‍ ഇരിക്കുകയാണ്‌ രാമവര്‍മ. മുന്നിലെ പലകമേല്‍ കുറച്ചു കടലാസുകളുണ്ട്‌. എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്‌. 'നമ്മുടെ ആ തിരക്കഥയില്ലേ, കചദേവയാനി, ആ തിരക്കഥയെഴുതുവാ, എടോ ഈ കളര്‍ കോമ്പിനേഷന്റെ അറേഞ്ച്മെന്റ്‌ വിവരിക്കുന്ന പുസ്തകങ്ങള്‍ വല്ലതും തന്റെ കൈയിലുണ്ടോ. ഉണ്ടെങ്കി ഒന്നു വേണം. പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കണ്‍സപ്റ്റ്‌ വെച്ച്‌ കളര്‍പടത്തിന്‌ തിരക്കഥയെഴുതിയാല്‍ ശരിയാവില്ല. 




തിരക്കഥാരചന എന്ന പുസ്തകമെഴുതിയ തനിക്കിത്തരം പുസ്തകങ്ങളറിയാമല്ലോ? തനിക്കിതിന്റെ ഗുട്ടന്‍സുമറിയാമല്ലോ? അല്ലേ? താനും ഇക്കാര്യത്തില്‍ എന്റെകൂടെ വേണം.' രാമവര്‍മ പറഞ്ഞുനിര്‍ത്തി. അപ്പോള്‍ ഉച്ചയായി. 'എങ്കിലേ ഇനി ഊണുകഴിച്ചിട്ടിരിക്കാം.' ഞങ്ങള്‍ ഊണുകഴിക്കാനിരുന്നു. അപ്പോള്‍ രാമവര്‍മ പറഞ്ഞു: 'ഗോപീ, മറ്റന്നാള്‍ (ഒക്ടോബര്‍ 21) ചങ്ങനാശ്ശേരിക്ക്‌ പോണം. അവിടെ എന്‍.എസ്‌.എസ്‌. കോളേജില്‌ അവരുടെ ആര്‍ട്സ്‌ ക്ലബ്ബിന്റെ ഉദ്ഘാടനത്തിനാ. താനുറപ്പായിട്ടും ഉണ്ടാവണം. ഉച്ചകഴിഞ്ഞാ പരിപാടി.' അന്ന്‌ തെങ്ങിന്‍ചുവട്‌ വളമിട്ട്‌ മൂടാന്‍ പണിക്കാര്‍ വരുമെന്നും എനിക്ക്‌ അസൗകര്യമാണെന്നും ഞാനറിയിച്ചു. 'താനത്‌ എങ്ങനെയെങ്കിലും അഡ്ജസ്റ്റ്‌ ചെയ്ത്‌ വാ.' രാമവര്‍മ നിര്‍ബന്ധിച്ചു. നോക്കട്ടെയെന്നായി ഞാന്‍. പാചകക്കാരന്‍ ബാലന്‍ പണിക്കര്‍ വീണ്ടും ചോറുവിളമ്പിത്തന്നു. 'ഞാന്‍ ആലപ്പുഴ അശോകാഹോട്ടലില്‍ ഉണ്ടാകും. ഒന്നുരണ്ട്‌ പാട്ടെഴുതാനുണ്ട്‌. ഒരു കാര്യം ചെയ്യാം. വര്‍ഗീസിനെ (മാതൃഭൂമി ലേഖകന്‍) വിളിക്കാം. അയാള്‍ക്ക്‌ പറ്റിയില്ലെങ്കി തന്നെ വിളിക്കാം. അയാളില്ലെങ്കി താനുറപ്പായിട്ടും ആലപ്പുഴയില്‍ വരണം. സദാശിവനും (രാമവര്‍മയുടെ ഡ്രൈവര്‍) കാറും അവിടെയുണ്ടാകും.'
'ശരി' എന്നു പറഞ്ഞ്‌ ഞാന്‍ ഊണ്‌ അവസാനിപ്പിച്ചു. കൈകഴുകി. വീണ്ടും നടുമുറ്റത്തിന്റെ മുന്നിലേക്ക്‌. രാമവര്‍മ ചാരുകസേരയില്‍ കിടന്നു. ട്രിപ്പിള്‍ഫൈവ്‌ സിഗരറ്റിന്‌ തീകൊളുത്തി. 





എതിരേയുള്ള കസേരയില്‍ കാലുനീട്ടി ചാഞ്ഞ്‌ ഞാനുമിരുന്നു. അപ്പോള്‍ വിഷയം ഫിലിംസ്റ്റുഡിയോയെക്കുറിച്ചായി. സ്വന്തമായി ഒരു ഫിലിംസ്റ്റുഡിയോ തുടങ്ങുന്നതിനെക്കുറിച്ച്‌ രാമവര്‍മ കുറച്ചുനാളായി ആലോചിക്കുന്നുണ്ടായിരുന്നു. 'ഗോപീ സ്റ്റുഡിയോയ്ക്ക്‌ സ്കോപ്പ്‌ ഇപ്പോഴും തമിഴ്‌നാട്ടില്‍ത്തന്നാ. മലയാളപടത്തെ മദ്രാസ്‌ വിട്ടുവരാന്‍ അവിടത്തെ എന്റര്‍പ്രണേഴ്സ്‌ സമ്മതിക്കില്ല. അവരും പ്രൊഡ്യൂസര്‍മാരും തമ്മില്‍ ഒരു കയ്യാ.' രാമവര്‍മ പറഞ്ഞു. 'ഫിലിംസ്റ്റുഡിയോ നടത്തി കൈ മാത്രമല്ല ദേഹമാസകലം പൊള്ളിയവനാ ഞാന്‍. എന്നോടു ചോദിച്ചാല്‍ വേണ്ടെന്നേ ഞാന്‍ പറയൂ. തിരുമേനി പറഞ്ഞില്ലേ ആ എന്റര്‍പ്രണര്‍മാര്‍. അവരും നമ്മുടെ ചില മലയാളികളുംകൂടി പാരവെക്കും.' ഞാന്‍ പറഞ്ഞു. 'ആ, വരട്ടെ' എന്റെ മനസ്സില്‍ കിടന്നത്‌ ഞാനൊന്ന്‌ പറഞ്ഞന്നേയുള്ളൂ.' രാമവര്‍മ സ്റ്റുഡിയോ വര്‍ത്തമാനം അവസാനിപ്പിച്ചു. വൈകിട്ട്‌ കാപ്പികുടിയും കഴിഞ്ഞ്‌ ഞാനിറങ്ങി. ഇറങ്ങാന്‍നേരത്തും അദ്ദേഹം പറഞ്ഞു: 'ഞാന്‍ തന്നെ വിളിക്കാം, വര്‍ഗീസില്ലെങ്കി, ഒറപ്പായിട്ടും വരണം.' ശരി എന്നു പറഞ്ഞ്‌ ഞാനിറങ്ങി വീട്ടിലേക്കു നടന്നു.
ഒക്ടോബര്‍ 21 ന്‌ രാവിലെ ഏതാണ്ട്‌ പതിനൊന്നു മണിയായിക്കാണും. ഫോണ്‍ബെല്ലടിച്ചു. ഉദ്ദേശിച്ചപ്പോലെ രാമവര്‍മതന്നെ അങ്ങേത്തലയ്ക്കല്‍.




'ഗോപീ, വര്‍ഗീസിന്‌ വരാന്‍ പറ്റില്ലെടോ. ജോലിത്തിരക്കാ. താനിങ്ങ്‌ പോര്‌. ഞാന്‍ അശോകയിലൊണ്ട്‌.' രാമവര്‍മ.
'എനിക്കിന്ന്‌ പണിക്കാരൊണ്ട്‌. അവരുടെ കൂടെ നിക്കുവാ. കണ്ണ്‌ തെറ്റിയാ അവന്‍മാര്‌ പണിയെടുക്കില്ല. ഞാന്‍ പോന്നാ കാര്യം കുഴപ്പത്തിലാകും. അതുകൊണ്ട്‌...' പറഞ്ഞുനിര്‍ത്തുംമുന്‍പ്‌ രാമവര്‍മ കയറിപ്പറഞ്ഞു:
'എടോ എനിക്ക്‌ ഒരസ്വസ്ഥതയുണ്ട്‌. എന്താണെന്നറിയില്ല. ആരെങ്കിലും കൂടെ വേണം. അതാ തന്നെ നിര്‍ബന്ധിക്കണത്‌.' ഇതു കേട്ടപ്പോള്‍ ഞാനറിയാതെ പറഞ്ഞുപോയി 'ആ വരാം'.




ഞാന്‍ ആലപ്പുഴയ്ക്ക്‌ ബസ്സില്‍ പോയി. അശോകാഹോട്ടലില്‍ ചെന്ന്‌ രാമവര്‍മയുടെ മുറിയിലേക്കു പോയി. അപ്പോള്‍ അവിടെ തകഴിച്ചേട്ടനുണ്ട്‌. എന്നെ കണ്ടപാടെ ചേട്ടന്‍ പറഞ്ഞു: 'നീ വരുമെന്ന്‌ ഇവന്‍ പറഞ്ഞു. വര്‍ഗീസിന്‌ പണി കൂടുതലാ. നിങ്ങള്‌ രണ്ടുംകൂടി ചങ്ങനാശ്ശേരിക്ക്‌ പോകുവല്ലേ.' തകഴിച്ചേട്ടന്‍ എന്നെ 'എടാ' എന്നാണ്‌ വിളിക്കാറ്‌. സ്വന്തം അനുജനെപ്പോലെ എന്നെ സ്നേഹിച്ച തനി ശുദ്ധ കുട്ടനാടന്‍ ഗ്രാമീണനായര്‍. അപ്പോഴേക്കും ഊണ്‌ മുറിയിലെത്തിച്ചു. ഞങ്ങള്‍ മൂവരും ഊണ്‌ കഴിച്ചു. രാമവര്‍മ പതുക്കെയാണ്‌ കഴിക്കുന്നത്‌. ഞങ്ങള്‍ രണ്ടുപേരും കൈകഴുകി. രാമവര്‍മയുടെ ട്രിപ്പിള്‍ഫൈവ്‌ സിഗരറ്റ്‌ കൂടില്‍നിന്ന്‌ തകഴി ഒരെണ്ണമെടുത്ത്‌ കത്തിച്ച്‌ പുറത്തേക്കിറങ്ങി. എന്നെ വിളിച്ചു. ശബ്ദം താഴ്ത്തിപ്പറഞ്ഞു: 'എന്താടാ ഇവന്‌ അസുഖം. നീ വരുംമുന്‍പ്‌ എന്നെ കെട്ടിപ്പിടിച്ചിവന്‍ കരഞ്ഞെടാ. ചേട്ടാ എനിക്കിനി അധികകാലമില്ല, ഞാന്‍ മരിക്കുമെന്നൊക്കെപ്പറഞ്ഞാ കരഞ്ഞേ. നിനക്ക്‌ വല്ലതും അറിയാമോ ഇവന്‌ എന്താ അസുഖോന്ന്‌.'





ഞാനൊന്നും മിണ്ടിയില്ല. മുഖം കുനിച്ചും കൈകള്‍ തമ്മില്‍ത്തിരുമ്മിയും നിന്നു. തകഴിച്ചേട്ടന്റെ വര്‍ത്തമാനം എന്റെ മുഖത്തെ സന്തോഷം കെടുത്തിക്കളഞ്ഞു. പിന്നേയും തകഴിച്ചേട്ടന്‍ പറഞ്ഞു: 'എടാ നമ്മുടെ മാതൃഭൂമി വര്‍ഗീസില്ലേ. അയാള്‍ ഞാന്‍ വരുംമുമ്പ്‌ ഇവിടെ വന്നു. അയാളെയും കെട്ടിപ്പിടിച്ച്‌ കുട്ടന്‍ കരഞ്ഞു. അയാളിറങ്ങാന്‍ നേരത്താ ഞാന്‍ വന്നത്‌. എന്നെ മാറ്റിനിര്‍ത്തിയാ വര്‍ഗീസ്‌ ഇക്കാര്യം പറഞ്ഞേ. എടാ എന്തെങ്കിലുമൊണ്ടെങ്കി നീതന്നെ കുട്ടനോട്‌ ചോദിക്ക്‌. എവിടെയെങ്കിലും കൊണ്ടുപോകണോങ്കിപ്പറ. ഞാനും വരാം. നമ്മുടെ പിടിപാടുകള്‍ ഇതിനൊക്കെയല്ലേടാ ഉപയോഗിക്കേണ്ടേ. ആ, എനിക്ക്‌ ആലപ്പുഴയിലിത്തിരി കാര്യോണ്ട്‌. അതുകഴിഞ്ഞേ ഞാന്‍ തകഴിക്കൊള്ളൂ.'
അപ്പോഴേക്കും രാമവര്‍മ കൈകഴുകി സിഗരറ്റിന്‌ തീ കൊളുത്തി ഞങ്ങളുടെയടുത്തേക്ക്‌ വന്നു. ഏതാനും മിനിട്ടുകള്‍ക്കകം തകഴിച്ചേട്ടന്‍ യാത്രപറഞ്ഞ്‌ ഇറങ്ങി. രണ്ടു മണിയോടെ ഞങ്ങളും കാറില്‍ ചങ്ങനാശ്ശേരിക്ക്‌ യാത്രയായി. മൂന്നു മണിയോടെ ഞങ്ങള്‍ എന്‍.എസ്‌.എസ്‌. കോളേജിലെത്തി. വേദിയിലപ്പോഴുണ്ടായിരുന്ന എല്‍.പി.ആര്‍. വര്‍മയെ കെട്ടിപ്പിടിച്ച്‌ 'ഉദകം, നിനക്ക്‌ അന്ത്യോദകം...' എന്ന പാട്ട്‌ പാടാന്‍ നിര്‍ബന്ധിച്ചു. എല്‍.പി.ആര്‍. പാടി.



പരിപാടി കഴിഞ്ഞ്‌ മടങ്ങിയപ്പോഴേക്കും പടിഞ്ഞാറന്‍ചക്രവാളത്തില്‍നിന്ന്‌ സൂര്യന്‍ മറഞ്ഞിരുന്നു. എടത്വവഴിയാണ്‌ ഞങ്ങള്‍ വന്നത്‌. വരുമ്പോള്‍ രാമവര്‍മയ്ക്ക്‌ വല്ലാത്ത അസ്വസ്ഥത തോന്നി. കാറിന്റെ പിന്‍സീറ്റിന്റെ ഒരു വശത്തേക്ക്‌ ചരിഞ്ഞുകിടന്നു. വയറില്‍ കൈകൊണ്ട്‌ ചെറുതായി ഇടയ്ക്കിടെ അമര്‍ത്തിക്കൊണ്ടിരുന്നു. എന്താണെന്ന്‌ ഞാന്‍ തിരക്കിയപ്പോള്‍ ഛര്‍ദിക്കാന്‍ വരുന്നുണ്ടെന്ന്‌ പറഞ്ഞു. 'ഡോക്ടറെ കാണണോ?' ഞാന്‍ ചോദിച്ചു. 'ഏയ്‌ വേണ്ട. ഉച്ചയ്ക്ക്‌ കഴിച്ച ഊണിന്റെ ആയിരിക്കും.' രാമവര്‍മ പറഞ്ഞു. എങ്കിലും അസ്വസ്ഥത തുടര്‍ന്നു. അപ്പോള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. 'എന്തേ വിയര്‍ക്കുന്നത്‌?' ഞാന്‍ തിരക്കി.





'വല്ല പനിയോ വല്ലതും വരാന്‍ പോവായിരിക്കും.' അദ്ദേഹത്തിന്റെ മറുപടി.
കാര്‍ വളരെ പതുക്കെയാണ്‌ സദാശിവന്‍ ഓടിക്കുന്നത്‌. ആലപ്പുഴ പട്ടണത്തിന്‌ തെക്കുവശമുള്ള കളര്‍കോട്ട്‌ കാര്‍ എത്തിയപ്പോള്‍ രാമവര്‍മ ഛര്‍ദിച്ചു. വിയര്‍ത്തുകുളിച്ചു. ഷര്‍ട്ടിന്റെ ബട്ടന്‍സുകളെല്ലാം അഴിച്ചിട്ടു. ഛര്‍ദിയില്‍ അല്‍പം ചുവപ്പ്‌. 'നമുക്ക്‌ ആലപ്പുഴയിലെ ഏതെങ്കിലും ഡോക്ടറെ കണ്ടാലോ?' ഞാന്‍ ചോദിച്ചു. 'വേണ്ട.' രാമവര്‍മ ബുദ്ധിമുട്ടിപ്പറഞ്ഞു. കാര്‍ പതുക്കെ ആലപ്പുഴ പട്ടണത്തിലേക്കു കടക്കുകയാണ്‌. അപ്പോഴേക്കും വിയര്‍ത്തുകുളിച്ച കണക്കെയായി രാമവര്‍മ. ഷര്‍ട്ട്‌ ഊരാന്‍ അദ്ദേഹം ശ്രമിച്ചപ്പോള്‍ ഞാനും സഹായിച്ചു. പോക്കറ്റിലെ ട്രിപ്പിള്‍ഫൈവ്‌ സിഗരറ്റ്‌ പാക്കറ്റ്‌ ഞാനെടുത്ത്‌ എന്റെ പോക്കറ്റിലിട്ടു (ഈ സിഗരറ്റ്‌ പാക്കറ്റ്‌ ഇപ്പോഴും ഞാന്‍ ആ അവസാനയാത്രയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കുന്നു). വളരെ സൂക്ഷിച്ച്‌ പതുക്കെ വയലാര്‍ ലക്ഷ്യമാക്കി കാര്‍ ഓടിക്കുകയാണ്‌ സദാശിവന്‍. ആലപ്പുഴ കഴിഞ്ഞ്‌ കലവൂര്‍ കഴിഞ്ഞപ്പോള്‍ രാമവര്‍മ പറഞ്ഞു: 'ഛര്‍ദിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം.' അപ്പോഴും ഞാന്‍ പറഞ്ഞു: 'ഡോക്ടറെ ആരെയെങ്കിലും ഒന്നു കണ്ടാലോ.' 'വേണ്ടെന്നേ, വീട്ടില്‍ പോയി ഒന്നു കിടന്നാമതി. മാറിക്കോളും.' അപ്പോഴും രാമവര്‍മ വിലക്കി. ഛര്‍ദിയില്‍ കണ്ട ചുവപ്പായിരുന്നു എന്റെ ഭയം. കാരണം, അത്‌ രക്തമായിരുന്നു. അദ്ദേഹം ഇത്‌ അറിയുന്നില്ലല്ലോ. ചേര്‍ത്തലയിലെത്തിയപ്പോഴേക്കും വല്ലാത്ത ആശ്വാസം തോന്നി. എന്നെ ചേര്‍ത്തലയില്‍ ഇറക്കി. അപ്പോഴേക്കും സമയം രാത്രി പത്തു മണികഴിഞ്ഞിരുന്നു. നാളെ കാണാമെന്നു പറഞ്ഞ്‌ ഞങ്ങള്‍ പിരിഞ്ഞു.





മാതൃഭൂമി ലേഖകന്‍ എം.എം. വര്‍ഗീസിനെക്കുറിച്ചുകൂടി പറഞ്ഞാലേ ഒരു പൂര്‍ണത വരൂ. ആലപ്പുഴ ബ്യൂറോ ചീഫായിരുന്ന വര്‍ഗീസ്‌ ആലപ്പുഴജില്ലയുടെ ചരിത്രത്തെക്കുറിച്ച്‌ നല്ല അറിവുള്ളയാളായിരുന്നു. അക്കാലത്ത്‌ ആലപ്പുഴയില്‍ വരുന്ന സാഹിത്യസാംസ്കാരിക പ്രമുഖരെല്ലാം വര്‍ഗീസിന്റെ ഓഫീസില്‍ വരുമായിരുന്നു. വയലാര്‍പുന്നപ്ര സമരത്തെക്കുറിച്ച്‌ ആധികാരികമായി ഒരു പുസ്തകം എഴുതിയിട്ടുള്ള വര്‍ഗീസ്‌ വര്‍ഷങ്ങള്‍ നീണ്ട പഠനംതന്നെ ഇതിനുവേണ്ടി നടത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇത്‌ പരമ്പരയായി എഴുതിയിരുന്നു. അന്നുവരെയുള്ള വയലാര്‍പുന്നപ്ര പഠനങ്ങളും എഴുത്തുകളും ഒരു പക്ഷം ചേര്‍ന്നുനിന്നുകൊണ്ടുള്ളതായിരുന്നതിനാല്‍ നിഷ്പക്ഷത നഷ്ടപ്പെട്ടിരുന്നു. അതാണ്‌ വര്‍ഗീസിന്റെ പുസ്തകത്തിന്‌ ആധികാരികത കൈവന്നത്‌.



അന്ത്യദിനങ്ങള്‍

തിരുവനന്തപുരത്തെ വയലാര്‍ പ്രതിമ.
പിറ്റേദിവസം (ഒക്ടോബര്‍ 22) രാവിലെ ഞാന്‍ വീട്ടില്‍ വിളിച്ചപ്പോള്‍ രാമവര്‍മ ഉറങ്ങുകയാണെന്ന്‌ അമ്മ പറഞ്ഞു. വിളിക്കണ്ടായെന്ന്‌ ഞാന്‍ പറഞ്ഞു ഫോണ്‍ താഴെവെച്ചു. ഉച്ചയോടെ ഉണര്‍ന്ന്‌ വീട്ടില്‍ വന്ന ഒരു അതിഥിയുമായി സംസാരിച്ചിരിക്കെ പെട്ടെന്ന്‌ ഛര്‍ദിക്കാന്‍ തുടങ്ങി. ഉടന്‍തന്നെ ചേര്‍ത്തല ഗ്രീന്‍ഗാര്‍ഡന്‍സ്‌ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. കൊണ്ടുപോകുമ്പോള്‍ ഡോ. ഗംഗാധരനാണ്‌ രാമവര്‍മയ്ക്കു വേണ്ട പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയത്‌. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും തുടരെത്തുടരെ രക്തം ഛര്‍ദിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ പ്രമുഖ സര്‍ജനായ ഡോ. സി.പി. പിള്ളയുമെത്തി അദ്ദേഹത്തെ പരിശോധിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ബോധം നശിച്ചിരുന്നു. ഇതിനിടെ രക്തം നല്‍കാന്‍ തുടങ്ങി.




രാമവര്‍മയുടെ നില ഗുരുതരമാണെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ വിദഗ്ധഡോക്ടര്‍മാരടങ്ങിയ ഒരു സംഘത്തെ ചേര്‍ത്തലയ്ക്കയച്ചു. ഈ സമയത്ത്‌ ഞാനും ആശുപത്രിയിലെത്തി. ഡോ. പി.കെ.ആര്‍. വാര്യരും, ഡോ. രാമചന്ദ്രനും അക്കാലത്ത്‌ തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ പേരെടുത്ത ഡോക്ടര്‍മാരായിരുന്നു. അവരാണ്‌ ചേര്‍ത്തലയ്ക്കു വന്നത്‌. അപ്പോഴും രക്തം പുറത്തേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. രാത്രിയോടെ ഡോക്ടര്‍മാരുടെ സംഘമെത്തി. രക്തം വാര്‍ന്നുപോകുന്നത്‌ നിന്നാല്‍ മാത്രമേ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്കു കൊണ്ടുപോകാന്‍ കഴിയൂ എന്ന്‌ അവര്‍ പറഞ്ഞു, രാത്രി അവസാനിച്ച്‌ നേരം പുലരുവോളം ഈ സ്ഥിതിക്ക്‌ മാറ്റമില്ലായിരുന്നു. എന്നു മാത്രമല്ല അര്‍ധരാത്രി രക്തം ഛര്‍ദിച്ചത്‌ ഡോക്ടര്‍മാരെ ആശങ്കാകുലരാക്കി. 23ാ‍ം തീയതി രാവിലെ ആയപ്പോഴേക്കും സ്ഥിതി അല്‍പം മെച്ചപ്പെടാന്‍ തുടങ്ങി. ഇടയ്ക്ക്‌ ബോധം തെളിയുകയും ചെയ്തതോടെ ഡോക്ടര്‍മാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഡോ. വാര്യര്‍ക്ക്‌ ആത്മവിശ്വാസമായി. സന്ധ്യകഴിഞ്ഞ്‌ തിരുവനന്തപുരത്തേക്ക്‌ ആംബുലന്‍സില്‍ കൊണ്ടുപോകാനും തീരുമാനിച്ചു. ഗ്ലൂക്കോസ്‌ ഡ്രിപ്പും, രക്തവും നല്‍കാനുള്ള സജ്ജീകരണങ്ങളും ആംബുലന്‍സില്‍ പ്രത്യേകം ഒരുക്കി പുറപ്പെട്ടു. പിന്നാലെ ഒരു കാറില്‍ അമ്മയും ഭാര്യാസഹോദരിയും. നല്ല മഴയുണ്ടായിരുന്നതിനാല്‍ പതുക്കെയാണ്‌ ആംബുലന്‍സ്‌ പോയത്‌. ഒക്ടോബര്‍ 24ന്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




അന്നു രാവിലെ ആറിനുള്ള കെ.എസ്‌.ആര്‍.ടി.സി. എക്സ്പ്രസ്‌ ബസ്സില്‍ ഞാന്‍ തിരുവനന്തപുരത്തിന്‌ പുറപ്പെട്ടു. രാമവര്‍മയുടെ 'ലോക്കല്‍ ഗാര്‍ഡിയന്‍മാരായി' അഭിനയിച്ചിരുന്ന പലരും വിവരമറിഞ്ഞിട്ടും പോയില്ല. ഉച്ചയോടെ ഞാന്‍ മെഡിക്കല്‍കോളേജിലെത്തി. ഈ സമയം മുഖ്യമന്ത്രി സി. അച്യുതമേനോനും മന്ത്രി ടി.വി. തോമസും ഒന്നുരണ്ടു തവണ ആശുപത്രിയില്‍ വന്നു പോയിരുന്നു.
അപ്പോഴേക്കും ഭാരതിത്തമ്പുരാട്ടിയെയും തിരുവനന്തപുരത്ത്‌ പഠിക്കുന്ന ശരത്ചന്ദ്രനെയും ഇളയസഹോദരിമാരെയും ആശുപത്രിയില്‍ എത്തിച്ചു.





രാത്രിയോടെ ആരോഗ്യനില വീണ്ടും വഷളായി. ഛര്‍ദി ഒഴിവാക്കാന്‍ കരളില്‍നിന്ന്‌ സ്രവിക്കുന്ന രക്തം ഒരു കുഴലിലൂടെ പുറത്തേക്കൊഴുക്കാന്‍ തുടങ്ങി. അര്‍ധരാത്രിവരെ രക്തം പുറത്തേക്ക്‌ ഒഴുകാതിരുന്നപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. എന്നാല്‍, അല്‍പം കഴിഞ്ഞപ്പോള്‍ വീണ്ടും ബ്ലീഡിങ്‌. ഡോക്ടര്‍മാര്‍ ആകെ അസ്വസ്ഥരായി, ഭയപ്പെട്ടു. അവര്‍ തമ്മില്‍ ചര്‍ച്ചയായി. ഒടുവില്‍ ശസ്ര്തക്രിയയ്ക്ക്‌ തീരുമാനിച്ചു. ഈസമയം പി. ഭാസ്കരന്‍, മലയാറ്റൂര്‍, ഒ.എന്‍.വി, ജി. വിവേകാനന്ദന്‍, ഉറൂബ്‌, കെ.എസ്‌. ചന്ദ്രന്‍, പി.സി. സുകുമാരന്‍നായര്‍ തുടങ്ങിയ പ്രമുഖര്‍ ആശുപത്രിയിലെത്തി. അടുത്തദിവസംതന്നെ ശസ്ര്തക്രിയ തീരുമാനിച്ചു. ഉച്ചയ്ക്ക്‌ ഒരു മണിക്ക്‌ ശസ്ര്തക്രിയയ്ക്ക്‌ കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ രാമവര്‍മയ്ക്ക്‌ പനി. ഇതുകാരണം നാലരമണി കഴിഞ്ഞാണ്‌ ശസ്ര്തക്രിയ തുടങ്ങിയത്‌.





ഡോ. പി.കെ.ആര്‍. വാര്യര്‍, ഡോ. ബാലകൃഷ്ണന്‍, ഡോ. രാജന്‍, ഡോ. മഹാദേവന്‍, ഡോ. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ര്തക്രിയ. കരളിലെ രക്തസ്രാവം നിര്‍ത്താനുള്ള ശസ്ര്തക്രിയ നാലരമണിക്കൂറോളം നീണ്ടു. അതിലവര്‍ വിജയിച്ചു. സമാധാനപരമായ കുറെ മണിക്കൂറുകള്‍. ഇടയ്ക്കിടെ ഞാന്‍ ആശുപത്രിയില്‍ വന്നുപോകും. 25ാ‍ം തീയതി അര്‍ധരാത്രിവരെ കുഴപ്പമില്ലാതെ കടന്നുപോയി. എന്നാല്‍ അര്‍ധരാത്രി കഴിഞ്ഞതോടെ രാമവര്‍മയ്ക്ക്‌ ഹൃദ്‌രോഗമുണ്ടായി. ഡോക്ടര്‍മാര്‍ ഇതിനെ വിളിക്കുന്നത്‌ കാര്‍ഡിയാക്‌ അറസ്റ്റ്‌ എന്നാണ്‌. ഏതാനും നിമിഷങ്ങളോളം നിന്നുപോയ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ വീണ്ടെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ വിജയിച്ചു. ഇതിനിടയില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാന്‍ തുടങ്ങി. സ്ഥിതി വീണ്ടും ശാന്തമായി. 26ാ‍ം തീയതി ഉച്ചവരെ ഈ ശാന്തത തുടര്‍ന്നു. ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയോടെ അപ്രതീക്ഷിതമായി എല്ലാം താളംതെറ്റി. രാമവര്‍മയുടെ നില പെട്ടെന്ന്‌ ഗുരുതരമായി. ഡോക്ടര്‍മാര്‍ പഠിച്ച പണിയെല്ലാം പയറ്റാനാരംഭിച്ചു. രാത്രിമുഴുവന്‍ രാമവര്‍മയുടെ ജീവന്‍ രക്ഷിക്കാനുള്ള അന്തിമപോരാട്ടത്തിലായിരുന്നു അവര്‍. 





ഇതിനിടെ അദ്ദേഹത്തിന്റെ നില വീണ്ടും ഗുരുതരമായതായി താമസിക്കുന്ന ഹോട്ടലില്‍നിന്ന്‌ ഞാന്‍ ആശുപത്രിയിലേക്ക്‌ വിളിച്ചപ്പോള്‍ അറിയാന്‍കഴിഞ്ഞു. അര്‍ധരാത്രിയില്‍ ഞാന്‍ അവിടേക്ക്‌ നടന്നുചെന്നു. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിടാന്‍ തുടങ്ങിയതായി അറിഞ്ഞു. 27ാ‍ം തീയതി പുലരാന്‍ തുടങ്ങി. സരസ്വതീയാമം പിന്നിട്ടു. കിഴക്ക്‌ വെള്ളകീറലിന്റെ ലക്ഷണങ്ങള്‍. ഇതിനകം കെ.പി.എ.സി.യിലെ കേശവന്‍പോറ്റി സാര്‍ അമ്മയെയും ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുവന്ന്‌ രാമവര്‍മയെ കാണിച്ചിരുന്നു.
27ന്‌ നേരം പൂര്‍ണമായി പുലരാനിനി ഒന്നരമണിക്കൂര്‍ മാത്രം. അപ്പോള്‍ സമയം പുലര്‍ച്ചെ നാലര. ഡോ. വാര്യര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍നിന്ന്‌ പുറത്തേക്ക്‌ വന്നു. ഞാനും അവിടെ കൂടിനിന്നവരും ഓടിച്ചെന്നു. വളരെ വിഷമിച്ച്‌ വേച്ചുവേച്ചു വന്ന അദ്ദേഹം തലതാഴ്ത്തിപ്പറഞ്ഞു: 'പോയി.'




അതെ, വയലാര്‍ രാമവര്‍മ അന്തരിച്ചു. പുലര്‍ച്ചെ നാലരമണി കഴിഞ്ഞ്‌ അഞ്ചുമിനിട്ടുള്ളപ്പോള്‍. ഈ സത്യം ഉള്‍ക്കൊള്ളാന്‍ എനിക്കും അവിടെ കൂടിനിന്നവര്‍ക്കും പിന്നെയും കുറച്ചുസമയം വേണ്ടിവന്നു.
(വയലാര്‍ എന്ന പുസ്തകത്തില്‍ നിന്ന്‌)
വയലാര്‍ രാമവര്‍മ്മ സ്‌മാരകം

അമ്മൂ,വയലാറിനെ ശുശ്രൂഷിക്കാന്‍ നിയോഗിച്ചിരുന്ന ഹൗസ്സര്‍ജന്മാരുടെയോ നഴ്സുമാരുടെയോ കൈപ്പിഴയാണ്‌ ഇങ്ങനെ സംഭവിച്ചതെന്ന്‌ ഗോപാലകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു വാരികയില്‍ എഴുതിയ ലേഖനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. 




എന്നാല്‍, വിവാദമാകുമെന്ന്‌ കരുതി വയലാറിനെക്കുറിച്ചുള്ള പുസ്തകത്തില്‍ അത്‌ ചേര്‍ത്തിരുന്നില്ല. (ചേലങ്ങാട്‌ ഗോപാലകൃഷ്ണന്‍ മരിച്ചശേഷമാണ്‌ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്‌.) ജീവചരിത്രകാരന്‍ രേഖപ്പെടുത്താതിരുന്ന ഈ വാസ്തവമാണ്‌ ഏഴാച്ചേരി രാമചന്ദ്രന്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌.അത്‌ വാര്‍ത്തയായി. വാര്‍ത്ത വിവാദവുമായിക്കഴിഞ്ഞു.ഇനിയത്‌ കൊഴുക്കും..ദുരന്തങ്ങളും വിവാദങ്ങളും ആഘോഷിക്കാന്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക്‌ നല്ല ശൗര്യവും കൗശലവുമുണ്ടല്ലോ.പി.സി ജോര്‍ജിനെ വിട്ടിട്ട്‌ ചാടിപ്പിടിക്കാന്‍ പുതിയ ' വഹ'കിട്ടിയതോടെ ചാനല്‍ ചര്‍ച്ചാത്തൊഴിലാളികള്‍ക്കും ചാകര.വിവാദക്കടലിനക്കരെ പോയി വരുന്നവര്‍ എന്തു കൊണ്ടുവരുമെന്ന്‌ നമുക്ക്‌ കത്തിരുന്നു കാണാം.

####################################################################

വയലാര്‍ ശരത്ചന്ദ്രവര്‍മ
അറിയാമായിരുന്നു-വയലാര്‍ ശരത്ചന്ദ്രവര്‍മ

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ താനും ഇത്തരമൊരു അഭിപ്രായം കേട്ടിരുന്നെന്നും അത്‌ സഹോദരിമാരോട്‌ പറഞ്ഞിരുന്നെന്നും വയലാറിന്റെ മകനും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ . 



അതില്‍ നേരും നുണയും ഉണ്ടെങ്കില്‍ ആരെങ്കിലും അന്വേഷിക്കട്ടെ. ഇപ്പോള്‍ അതൊക്കെ കേള്‍ക്കുന്നത്‌ വേദനയാണ്‌. ഞങ്ങളുടെ നെഞ്ചില്‍ ഇപ്പോഴും അച്ഛന്‍ എരിയുന്ന കനലാണ്‌. ആളുകള്‍ നിരന്തരം വിളിച്ച്‌ ഇതേക്കുറിച്ച്‌ ചോദിക്കുമെന്ന്‌ കരുതി താന്‍ കഴിഞ്ഞദിവസം ഫോണ്‍കോളുകള്‍ അറ്റന്‍ഡുചെയ്തിരുന്നിലെന്നും ശരത്‌ പറഞ്ഞു. അതിന്റെ പേരില്‍ ഇനി ആരെയും വേദനിപ്പിക്കാന്‍ ഇല്ല. ശരത്‌ പറഞ്ഞു.



എല്ലാം മറക്കാന്‍ ആഗ്രഹിക്കുകയാണ്‌ വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയും മക്കളും. മനസ്സ്‌ വേദനിക്കുന്നുണ്ടെങ്കിലും വിവാദത്തിനില്ലെന്ന്‌ ഭാരതി തമ്പുരാട്ടിയും പറയുന്നു.
ഭാരതി തമ്പുരാട്ടി

തനിക്ക്‌ കേട്ടറിവുള്ള കാര്യങ്ങള്‍ പറഞ്ഞുവെന്നല്ലാതെ കൂടുതല്‍ അതിലേക്ക്‌ പോകണമെന്ന്‌ ആഗ്രഹിക്കുന്നില്ലെന്ന്‌ ഏഴാച്ചേരി രാമചന്ദ്രന്‍ . വിഷയം കൂടുതല്‍ വിവാദമാക്കേണ്ടെന്നാണ്‌ ആഗ്രഹിക്കുന്നത്‌. അത്‌ വയലാറിന്റെ കുടുംബത്തെയും വേദനിപ്പിക്കുമെന്ന്‌ മനസ്സിലാക്കുന്നു. ആ വിഷയം താന്‍ പ്രസംഗിച്ച വേദിയില്‍ വെച്ചുതന്നെ ഉപേക്ഷിച്ചതായും ഏഴാച്ചേരി പറഞ്ഞു.
#####################################################

വയലാറിന്റെ മരണം കൈപ്പിഴയല്ലെന്ന്‌ ത്രിവിക്രമന്‍
ഗ്രൂപ്പുമാറി രക്തം കുത്തിവെച്ചതാണ്‌ വയലാര്‍ രാമവര്‍മ്മയുടെ മരണകാരണം എന്ന ഏഴാച്ചേരി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ സത്യമല്ലെന്ന്‌ വയലാറിന്റെ ആത്മസുഹൃത്തും രാമവര്‍മ്മ ട്രസ്റ്റിന്റെ സെക്രട്ടറിയുമായ സിവി ത്രിവിക്രമന്‍.വയലാറിന്റെ മരണത്തിന്‌ സാക്ഷിയായിരുന്നു ത്രിവിക്രമന്‍.




അച്യുതമേനോനും ം ടി.വി തോമസും മലയാറ്റൂര്‍ രാമകൃഷ്ണനും ഒക്കെ സാക്ഷികളായിരിക്കുമ്പോള്‍ വയലാറിന്‌ ഗ്രൂപ്പുമാറി രക്തം നല്‍കിയെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണെന്ന്‌ ത്രിവിക്രമന്‍ ചോദിച്ചു.
വയലാര്‍ മരിച്ച്‌ 36 വര്‍ഷത്തിനുശേഷം ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്‌ എന്ത്‌ അടിസ്ഥാനത്തിലാണെന്ന്‌ അദ്ദേഹം ചോദിക്കുന്നു. തിരുവനന്തപുരം മെഡി. കോളേജില്‍ വയലാര്‍ മരിക്കുമ്പോള്‍ പുറത്ത്‌ വരാന്തയില്‍ അന്നത്തെ വ്യവസായ മന്ത്രി ടി.വി തോമസും റവന്യൂ ബോര്‍ഡ്‌ അംഗം കൂടിയായ മലയാറ്റൂര്‍ രാമകൃഷ്ണനും ഞാനും ഒക്കെ ഉണ്ടായിരുന്നു. വയലാറിന്റെ നില അതീവ ഗരുതരമാ ണെന്ന്‌ അറിഞ്ഞാണ്‌ എല്ലാവരും എത്തിയത്‌.
പുലര്‍ച്ചെ ഓപ്പറേഷന്‍ തിയേറ്ററില്‍നിന്ന്‌ പുറത്തുവന്ന ഡോക്ടര്‍ പി.കെ.ആര്‍.വാര്യര്‍ വയലാര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന്‌ അറിയിച്ചു. ഒരു കുപ്പി രക്തംകൂടി നല്‍കി പരീക്ഷിച്ചു നോക്കാമെന്ന്‌ പറഞ്ഞു. അവസാനത്തെ കുപ്പി രക്തം നല്‍കുമ്പോള്‍ വിറയല്‍ അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നുത്രിവിക്രമന്‍ വിശദീകരിച്ചു.
#####################################################

Saturday, 27 August 2011

ഇറോം ശര്‍മ്മിളയെ മറന്ന്‌ അണ്ണാ ഹസാരേയ്ക്ക്‌ സ്തുതി പാടുന്നവരോട്‌...

ടൈറ്റസ് കെ.വിളയിൽ


എല്ലാ കണ്ണുകളും, എല്ലാ മാധ്യമശ്രദ്ധയും എല്ലാ ചാനല്‍ ക്യാമറകളും ഇന്ന്‌ അണ്ണാ ഹസാരയില്‍ . ...ഹസാരയുടെ ഓരോ ചെറു നീക്കവും വാക്കും തത്സമയവാര്‍ത്ത. .....അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ അണ്ണാ ഹസാരേയ്ക്ക്‌ നാഗരീക യുവാക്കള്‍ അടക്കം പതിനായിരങ്ങളുടെ തത്സമയ പിന്തുണാപ്രകടനം... നഗരങ്ങളില്‍ കോര്‍ണര്‍ മീറ്റിങ്ങുകള്‍....നിരാഹാര-സഹാര സത്യഗ്രഹങ്ങള്‍.....എസ്‌എംസുകളിലൂടെ,സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ടീം ഹസാരേയ്ക്ക്‌ സ്തോത്രഗീതങ്ങള്‍......ടീം മന്മോഹന്‌ പുളിച്ച തെറിയഭിഷേകം.....ഈവന്റ്‌ മാനേജ്മന്റ്‌ ഗ്രൂപ്പിന്റെ സംവിധാനത്തില്‍ ഹൈടെക്‌ പ്രചാരണം......, സംഘാടനം...... സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒരു സത്യഗ്രഹ സമരം അങ്ങനെ അനന്യവും അനുപമവുമായ ദൃശ്യാനുഭവമാകുന്നു.....! സമ്മതിച്ചേ തീരൂ.



ഭരണകൂടങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും ന്യായാധിപന്മാരും ധനാര്‍ത്തിപെരുത്ത്‌ നടത്തുന്ന അഴിമതികള്‍ക്കും, പൗരസമൂഹത്തെ വഞ്ചിച്ച്‌, കള്ളപ്പണക്കാരോട്‌ കൈകോര്‍ത്ത്‌ അധികാരദുര്‍മദത്തോടെ ചെയ്യുന്ന ഭരണഘടനാ ലംഘനങ്ങള്‍ക്കും എതിരെയാണ്‌ അണ്ണാ ഹസാരയുടെ ഉപവാസ സമരവും' ടീം മന്മോഹനു'ള്ള അന്ത്യശാസനകളും.
ഭരണകൂടങ്ങളുടേയും ഉദ്യോഗസ്ഥവൃന്ദത്തിന്റേയും നീതിനിര്‍വഹണ സംവിധാനത്തിന്റേയും നേതൃമ്മന്യന്മാരുടേയും കൊടിയ ചൂഷണങ്ങള്‍ക്കും ബീഭത്സ ചതിപ്രയോഗങ്ങള്‍ക്കും വിധേയരായതുമൂലം അണ്ണാ ഹസാരയുടെ പ്രതിഷേധ സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്‌ ഇന്ത്യയിലെ നഗര-പൗരസമൂഹം.



എന്നാല്‍, ഭരണകൂടവും അധികാരരാഷ്ട്രീയ ദല്ലാള്‍മാരും സൈനീകരും ചേര്‍ന്ന്‌ തന്റെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടനാ ദത്തമായ മൗലികാവകാശങ്ങളും തച്ചുതകര്‍ക്കുന്നതിനെതിരെ, മണിപ്പൂരില്‍ ഇറോം ചാനു ശര്‍മിള പത്തുവര്‍ഷം മുന്‍പ്‌ ആരംഭിച്ചതും ഇന്നും തുടരുന്നതുമായ നിരാഹാര സത്യഗ്രഹം പക്ഷേ, അണ്ണാ ഹസാരയ്ക്കു പിന്നില്‍ വന്‍ ശക്തിയായി നില്‍ക്കുന്ന പൗരസമൂഹം കണ്ടതായി പോലും നടിക്കുന്നില്ല. ടീം ഹസാരയുടെ ഓരോ വാക്കിനും ടീം മന്‍മോഹന്റെ ഓരോ ചെയ്തിക്കും ക്രമത്തിലധികം 'ഹൈപ്‌' നല്‍കുന്ന മാധ്യമ സമൂഹവും മണിപ്പൂരികളുടെ മൗലികാവകാശ സംരക്ഷണത്തിനായുള്ള ഇറോം ശര്‍മ്മിളയുടെ ജീവന്മരണ സമരത്തെ പുച്ഛിച്ച്‌ തള്ളിയിരിക്കുകയാണ്‌.




ഇന്ത്യയുടെ തലസ്ഥാന നഗരിയാണ്‌ അണ്ണാ ഹസാരയുടെ,അഴിമതിക്കെതിരെയുള്ള നിരാഹാര പ്രക്ഷോഭ ഭൂമിക. വടക്കു കിഴക്കന്‍ സംസ്ഥാനവും ഇന്ത്യയുടെ ദേശീയ ഗാനത്തില്‍ ഇടം ലഭിക്കാത്തതുമായ മണിപ്പൂരിന്റെ തലസ്ഥാനത്ത്‌, ഇംഫാലിലാണ്‌ ഇറോം ശര്‍മ്മിളയുടെ മൗലീകാവകാശ സമരഭൂമി. ഭൂമിശാസ്ത്രപരമായ ഈ വ്യത്യാസം ഇറോം ശര്‍മ്മിളയുടെ, സമാനതകളില്ലാത്ത വിശുദ്ധദൗത്യത്തിന്‌ അര്‍ഹിക്കുന്ന ശ്രദ്ധ
ഇല്ലാതെയാക്കിയിട്ടുണ്ട്‌




കാശ്മീര്‍ അടക്കമുള്ള ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കരസേനയുടെയും സമാന്തര സൈനീക സേനകളുടെയും കാടത്തം നിറഞ്ഞ പൗരാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളില്‍ നിറഞ്ഞിട്ടും ആ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും മൗലീകവകാശ സംരക്ഷണത്തിനും വേണ്ടി ശബ്ദമുയര്‍ത്താന്‍, ഒരിക്കല്‍ പോലും അണ്ണാ ഹസാരെ മനസ്സ്‌ വച്ചിട്ടില്ല.ദേശസ്നേഹത്തിന്റേയും രാജ്യസംരക്ഷണത്തിനേയും പേരില്‍, വിവിധങ്ങളായ മാരണ നിയമങ്ങളുടെ മറവില്‍ പുരുഷന്മാരെ ദയാരഹിതമായി വെടിവച്ചു കൊന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂരമായി ബലാത്സംഗം ചെയ്തും സൈനീകര്‍ നടത്തുന്ന ഭീകരതയാണ്‌ യഥാര്‍ത്ഥത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന്‌ ഉണ്ടെന്ന്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവകാശപ്പെടുന്ന വിഘടന പ്രവര്‍ത്തനങ്ങളെക്കാള്‍ ബീഭത്സവും പൗരവിരുദ്ധവും ജനാധിപത്യ വിരുദ്ധവും ഭീഷണവും...!





മണിപ്പൂരില്‍, തീവ്രവാദികളെ നേരിടാന്‍ 1958-ല്‍ രൂപം കൊടുത്ത ആംഡ്‌ ഫോഴ്സ്‌ (സ്പെഷ്യല്‍ പവേഴ്സ്‌) ആക്ടി- (AFSPA)) ന്റെ മറവിലാണ്‌ സൈന്യത്തിന്റെ മൃഗീയമായ അഴിഞ്ഞാട്ടം നടക്കുന്നത്‌. കേവലമനുഷ്യരായി അംഗീകരിക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതെ കിരാത ശത്രുക്കളായും തങ്ങള്‍ക്ക്‌ കടിച്ചു കീറാനുള്ള ലൈംഗിക ഇരകളും മാത്രമായാണ്‌ ഇന്ത്യന്‍ സൈന്യം മണിപ്പൂരികളെ സ്വീകരിക്കുന്നത്‌. ഇതുസംബന്ധിച്ച അതീവ സങ്കീര്‍ണ്ണവും സ്ഫോടനാത്മകവുമായ വാര്‍ത്തകളും സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കോ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കോ അവ ചതുര്‍ത്ഥിയായി തന്നെ തുടരുകയാണ്‌. സൈന്യത്തിന്റെ കപട- ഏറ്റുമുട്ടല്‍-കൊലകളെ അടുത്ത ദിവസമാണ്‌ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്‌.





2002 നവംബര്‍ രണ്ടാം തീയതി മണിപ്പൂരില്‍ സൈന്യം നടത്തിയ പൈശാചികമായ ഒരു കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചുകൊണ്ടാണ്‌ ഇറോം ശര്‍മ്മിളയുടെ നിരാഹാര സമരം . മണിപ്പൂരിലെ ഇംഫാന്‍ താഴ്‌വരയിലെ മലോം എന്ന നഗരത്തില്‍ അന്ന്‌ പത്ത്‌ പേരെയാണ്‌, യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ സൈന്യം പോയിന്റ്‌ ബ്ലാങ്കില്‍ വെടിവെച്ച്‌ കൊന്നത്‌. ബസ്‌ കാത്തു നിന്ന യാത്രക്കാരായിരുന്നു ഇവര്‍. തീവ്രവാദികള്‍ എന്ന്‌ ആരോപിച്ച്‌ സൈന്യം നടത്തിയതും 'മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക്‌ അനുസൃതവുമായ ഏറ്റുമുട്ടലാ'യിരുന്നു ഇത്‌. 62 വയസ്സുള്ള ലീസംഗ്‌ ബാം ഇബടോമി എന്ന വൃദ്ധയും 1988-ല്‍ ധീരതയ്ക്കുള്ള കുട്ടികളുടെ ദേശീയ പുരസ്കാരത്തിന്‌ അര്‍ഹനായ സിനാം ചന്ദ്രമണിയും ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.




സൈന്യത്തിന്റേയും അവരെ കയറൂരി വിട്ടിരിക്കുന്ന ഭരണകൂടങ്ങളുടേയും ഈ ഭീകരപ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചാണ്‌ 2000 നവംബര്‍ നാലു മുതല്‍ ഇറോം ശര്‍മ്മിള സഹനസമരം ആരംഭിച്ചത്‌. ഇന്ത്യന്‍ ശിക്ഷാ നിയമം 309-ാ‍ം വകുപ്പിന്റെ അടിസ്ഥാനത്തില്‍ 'ആത്മഹത്യാ ശ്രമ'ത്തിന്‌ ഇറോം ശര്‍മ്മിളയെ നിരവധി തവണ അറസ്റ്റ്‌ ചെയ്ത്‌ മാനസികമായി തളര്‍ത്താനാണ്‌ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ ശ്രമിച്ചിട്ടുള്ളത്‌. ആത്മഹത്യാ ശ്രമത്തിന്‌ ഒരു വര്‍ഷം വരെയാണ്‌ ഇന്ത്യയില്‍ നിര്‍ണ്ണയിക്കപ്പെട്ട തടവ്‌.ഈ കാട്ടുനിയമത്തിന്റെ ദയാരാഹിത്യത്തിന്‌ നിരവധി തവണയാണ്‌ ഇറോം ഇരയായിട്ടുള്ളത്‌. ഒരു ജനതയുടെ അഭിമാനം സംരക്ഷിക്കാനും ഇന്ത്യന്‍ പൗരന്മാരായി മാന്യമായി ജീവിക്കാനുള്ള ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ നേടിയെടുക്കാനും ഇറോം ശര്‍മ്മിള നടത്തുന്ന ചരിത്രപ്രസിദ്ധമായ സഹനസമരത്തെ അംഗീകരിക്കാനോ അവരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ അണ്ണാ ഹസാരയ്ക്കും അദ്ദേഹത്തിന്റെ പിന്നാലെ കൂടിയിരിക്കുന്ന പൗരസമൂഹത്തിനും മാധ്യമ വൃന്ദത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.അതേ സമയം,മറുപുറത്ത്‌, അണ്ണാ ഹസാരേയുടെ തലസ്ഥാന നഗര സമരത്തിന്‌ ഇറോം ശര്‍മിളയുടെ പിന്തുണ നേടിയെടുക്കാന്‍ ടീം ഹസാരെയിലെ ഈവന്റ്‌ മാനേജ്മന്റ്‌ കൗശലങ്ങല്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.അഴിമതിക്കും അധികാര ദുരുപയോഗത്തിനുമെതിരായ ധര്‍മസമരത്തിലെ ദുസഃഹ കാപട്യം ഹിമവാനോളം ഉയര്‍ന്നു നില്‍ക്കുന്നു.



തികച്ചും
പക്ഷപാതപരമായ നിലപാടാണ്‌, ഇറോം ശര്‍മിളയുടെ ദൗത്യത്തോട്‌ ഇന്ത്യയിലെ അര്‍ബന്‍ ഇലീറ്റും അവരുടെ മാധ്യമസംഘവും പുലര്‍ത്തുന്നതെന്ന്‌ ആവര്‍ത്തിച്ച്‌, അടിവരയിട്ടു തന്നെ പറയണം. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പൗരന്മാരുടെ അവകാശങ്ങളോടും അവസ്ഥകളോടും ആവശ്യങ്ങളോടും, ചിന്താശക്തിയുണ്ടെന്ന്‌ അഭിമാനിക്കുന്ന സാക്ഷരസമൂഹം പുലര്‍ത്തുന്ന അവജ്ഞയുടെയും അവഗണനയുടെയും സൂചിക കൂടിയാണ്‌ ഇറോം ശര്‍മ്മിളയുടെ പ്രതിരോധ സമരത്തിനെതിരെയുള്ള ഈ സംഘടിത പ്രതിലോമ നിലപാട്‌.



അഴിമതിയും അനീതിയും കള്ളപ്പണവും പോലെ തന്നെ, ഒരുവേള അതിലുപരി ശക്തമായും സംഘടിതമായും, എതിര്‍ക്കപ്പെടേണ്ടതാണ്‌ പൗരന്റെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ ഭരണകൂടങ്ങള്‍ തന്നെ ലംഘിക്കുന്നതും പൗരനെ തീവ്രവാദിയായി ചിത്രീകരിച്ച്‌ കള്ളക്കേസില്‍ കുടുക്കി തടവിലടയ്ക്കുന്നതും വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊന്നൊടുക്കുന്നതും. ഈ മൃഗീയതയ്ക്കെതിരെ ഉയര്‍ന്ന സ്ത്രൈണ-ധീര പ്രതിഷേധമാണ്‌ ഇറോം ശര്‍മ്മിള. പക്ഷേ, അത്‌ തിരിച്ചറിയാനും അംഗീകരിക്കാനും അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കഴിയാത്ത വിധം 'അര്‍ബനൈസ്ഡ്‌- ഇലീറ്റ്‌-സ്നോബു'കളായി പരിണമിച്ചു കഴിഞ്ഞു ഇന്ത്യയിലെ പൗരസമൂഹവും പൊതുപ്രവര്‍ത്തകരും.ഇതാണ്‌ എതിര്‍ത്ത്‌ തോല്‍പ്പിക്കപ്പെടേണ്ട ഏറ്റവും ദുഷ്ടതനിറഞ്ഞ അഴിമതി.അതിനു മനസ്സില്ലതെയാണ്‌ വാര്‍ത്താ പ്രാധാന്യമുള്ള അണ്ണാ ഹസാരയുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കവലകള്‍ തോറും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി അഴിമതി വിരുദ്ധരെന്ന്‌ മേനി നടിക്കുന്നത്‌. ഇന്ത്യന്‍പൗരസമൂഹത്തിന്റെ രാഷ്ട്രീയ-സാമുഹിക പ്രതിബദ്ധതയുടെയുടെ ദൂഷിത ദ്വന്ദ്വമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഫെഡറല്‍ സ്വഭാവമാണ്‌ ഇന്ത്യയ്ക്കുള്ളതെന്ന്‌ അവകാശപ്പെടുമ്പോഴും മറ്റ്‌ സംസ്ഥാനങ്ങളില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ട്‌ കീടങ്ങളെപ്പോലെ ചത്തൊടുങ്ങാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാര്‍ക്കുവേണ്ടി പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും ചെറിയൊരു സ്വരമുയര്‍ത്താന്‍ പോലും കഴിയാത്ത വിധം നാം എങ്ങനെയാണ്‌ ഇത്രയ്ക്ക്‌ ഇഡിയറ്റുകളായത്‌..!?
ചിത്രങ്ങള്‍

1 പൗരസ്നേഹത്തിന്റേയും പ്രതിബദ്ധതയുടേയും അനന്യ പ്രതീകം-ഇറോം ചാനു ശര്‍മിള
2 ഇറോം ശര്‍മിളയെ അറസ്റ്റ്‌ ചെയ്തപ്പോള്‍
3 ഹൈടെക് സംവിധാനങ്ങളില്ലാത്ത ഇംഫാലിലെ സമരഭൂമികയില്‍
4 ആംഡ്‌ ഫോഴ്സ്‌ (സ്പെഷ്യല്‍ പവേഴ്സ്‌) ആക്ടിനെതിരെ പൂനെയില്‍ യുവാക്കള്‍ രംഗത്തിറങ്ങിയപ്പോള്‍
5 ഇന്ത്യൻ സൈന്യത്തിന്റെ ബലാത്സംഗങ്ങളില്‍ പ്രതിഷേധിച്ച്‌ വീട്ടമ്മമാര്‍ ഇംഫാലിലെ സൈനികാസ്ഥാനത്തിന്‌ മുന്നില്‍ നഗ്നരായി പ്രകടനം നടത്തിയപ്പോ

ഈ കുരിശു യുദ്ധം ഗാഢനിദ്രയിലാണ്ട സമൂഹമനസാക്ഷിയെ ഉണര്‍ത്തുന്നതിനു വേണ്ടി : ഇറോം ശര്‍മ്മിള

ഹിമജ ഹരി

ജന്‍ലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട്‌ ദല്‍ഹിയില്‍ അണ്ണാ ഹസാരെ നടത്തുന്ന സമരം രാജ്യത്തെ ഇളക്കി മറിക്കുകയാണ്‌. എന്നാല്‍ അങ്ങകലെ മണിപ്പൂരില്‍ ഇറോംശര്‍മ്മിള തുടങ്ങിയ നിരാഹാര സമരം പത്തു വര്‍ഷം കഴിഞ്ഞു.പ്രത്യേക അധികാര നിയമത്തിന്റെ മറവില്‍ മണിപ്പൂരില്‍ സൈന്യം നടത്തുന്ന ക്രൂരതക്കെതിരെയാണ്‌ ശര്‍മ്മിളയുടെ പോരാട്ടം. എന്നാല്‍ ഈ സമരത്തെ സര്‍ക്കാറും മാധ്യമങ്ങളും കണ്ടില്ലെന്ന്‌ നടിക്കുന്നു. അണ്ണാഹസാരെയെക്കുറിച്ചും മണിപ്പൂരിലെ സമരത്തെക്കുറിച്ചും ഇറോം ശര്‍മ്മിള സംസാരിക്കുന്നു.



അഹിംസയില്‍ വിശ്വസിക്കുന്ന അണ്ണ ഹസാരെ നിരാഹാര സത്യാഗ്രഹമാണ്‌ സമരമാര്‍ഗമായി തിരഞ്ഞെടുത്തിരിക്കുന്നത്‌..

അണ്ണ ഹസാരെയുടെ സമരത്തെ പറ്റി ഞാന്‍ കേട്ടിട്ടുണ്ട്‌. അഹിംസയാണ്‌ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ഏകവഴി. അഹിംസയെ കുറിച്ച്‌ നമ്മളെ പഠിപ്പിച്ചത്‌ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയാണ്‌. ഇത്‌ വളരെ നല്ല മുന്നേറ്റമാണ്‌. രാജ്യം അഴിമതിക്കെതിരെ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുമ്പോള്‍ സമരകേന്ദ്രമായി ദല്‍ഹി തിരഞ്ഞെടുത്തത്‌ വളരെ നന്നായി. ഇതുവഴി നിയമനിര്‍മ്മാതാക്കള്‍ക്ക്‌ സമരത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന്‌ മനസ്സിലാക്കാന്‍ കഴിയും.


ഒരിക്കല്‍ ഞങ്ങളും സമരകേന്ദ്രം ദല്‍ഹിയാക്കാന്‍ ശ്രമിച്ചിരുന്നു. അന്ന്‌ ജന്ദര്‍മന്തര്‍ ആയിരുന്നു സമരകേന്ദ്രമായി തിരഞ്ഞെടുത്തത്‌. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. സൈന്യത്തിന്‌ പ്രത്യേകാധികാരം നല്‍കുന്ന എ.എഫ്‌.എസ്‌.പി.എ നിയമം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ജമ്മുകാശ്മീരിനെയും മാത്രമേ ബാധിക്കുന്നുള്ളു. എന്നാല്‍ ഈ നിയമം രാഷ്ട്രത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമായേറ്റെടുക്കണം. ഞങ്ങള്‍ സമരം നടത്തുന്നത്‌ ഇംഫാലില്‍ വെച്ചാണ്‌. ഇത്‌ ന്യൂദല്‍ഹിയില്‍ നിന്നും വളരെ അകലെയാണ്‌. ഒരു വേള അണ്ണായുടെ സമരമിങ്ങ്‌ മണിപ്പൂരിലായിരുന്നെങ്കില്‍ സമരത്തോടുള്ള പ്രതികരണം ഇങ്ങനെ ആയിരിക്കണമെന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അണ്ണായുടെ ശബ്ദം കേള്‍ക്കാന്‍ ചെവികൊടുക്കുകയില്ല. ദേശീയചാനലുകളൊന്നും ഞങ്ങളുടെ പ്രശ്നം മണിപ്പൂരിന്റെ വൈകാരികപ്രശ്നമായി പരിഗണിക്കാറില്ല. ചാനലുകളുടെ പക്ഷപാതിത്വത്തിന്‌ ഇതൊരുദാഹരണമാണ്‌.



താങ്കള്‍ പത്ത്‌ വര്‍ഷമായി നിരാഹാരസമരം നടത്തുന്നു. എന്താണ്‌ ഈ സമരം മുന്നോട്ട്‌ നയിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം?
ഞാന്‍ നടത്തുന്ന കുരിശുയുദ്ധം ഗാഢനിദ്രയിലാണ്ട സമൂഹമനസാക്ഷിയെ ഉണര്‍ത്തുന്നതിനു വേണ്ടിയാണ്‌. ഞാന്‍ ഒറ്റയ്ക്കാണ്‌ സമരം, നിരാഹാരം അനുഷ്ഠിക്കുന്നെങ്കിലും എന്റെ മനസ്സാക്ഷി ഒരിക്കല്‍ പോലും തളര്‍ന്നിട്ടില്ല. ജനങ്ങളുടെ ഉറച്ച പിന്തുണ എനിക്കുണ്ട്‌.



തങ്ങ്ജം മനോരമ ദേവിയെ ബലാത്സംഗം ചെയ്ത്‌ കൊന്ന കേസ്‌ അന്വേഷിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി 2004ല്‍ പറഞ്ഞിരുന്നു. നിയമം നടപ്പാകുമെന്ന്‌ താങ്കള്‍ വിശ്വസിക്കുന്നുവോ?

എന്റെ ജീവിതകാലയളവില്‍ ഒരു ക്രിമിനല്‍ പോലും ശിക്ഷിക്കപ്പെടുന്നത്‌ ഞാന്‍ കണ്ടിട്ടില്ല. മനോരമയെയും ലുണിംഗ്ല എലിസബത്തിനെയും കൂട്ടബലാത്സംഗം ചെയ്ത്‌ കൊന്ന ഭീകരവാദികള്‍ ഭരാധികാരികളാണ്‌. മണിപ്പൂരില്‍ നിയമവാഴ്ചയോ നീതിയോ ഇല്ല. എന്തിരുന്നാലും ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്‌.



ഈറോം ഷര്‍മ്മിളയെ പിന്തുണക്കാന്‍ വേണ്ടി ദേശവ്യാപകമായ ഒരു പ്രചരണപരിപാടി തുടങ്ങിയിട്ടുണ്ട്‌. എങ്ങിനെയാണ്‌ അതിനെ നോക്കിക്കാണുന്നത്‌?

എന്റെ സമരത്തിനുള്ള പിന്തുണ ദൈവത്തിന്റെ ഒരു ജാഗരൂകതയാണ്‌. എല്ലാ മനുഷ്യരുടെയും യോജിച്ചുള്ള, ആത്മീയമായ പോരാട്ടത്തിലൂടെ മാത്രമേ ജീവജാലങ്ങള്‍ക്ക്‌ നീതി ലഭിക്കുകയള്ളൂ. നിങ്ങള്‍ സൃഷ്ടാവില്‍ വിശ്വസിക്കുന്നുവെങ്കില്‍; ജാതി, മതം, വര്‍ണം, ഭാഷ തുടങ്ങിയവ അടിസ്ഥാനമാക്കി വലിയവന്‍ ചെറിയവന്‍ എന്ന വേര്‍തിരിവിലൊന്നും വിശ്വസിക്കാതെ മുന്നോട്ട്‌ പോകണം. വിഭജനങ്ങളാണ്‌ നമ്മുടെ മുന്നോട്ടുള്ള യാത്രയെ ഇല്ലാതാക്കുന്നത്‌.



മണിപ്പൂരില്‍ വ്യാജ ഏറ്റുമുട്ടലുകളും വ്യാജകീഴടങ്ങലുകളും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌?

ഭീകരവിരുദ്ധ പോരാട്ടങ്ങളെല്ലാം കരിനിയമമായ എ.എഫ്‌.എസ്‌.പി.ഐ ശക്തിപ്പെടുത്തുന്നതാണ്‌. അഴിമതിയാണ്‌ നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നത്‌. കരിനിയമങ്ങള്‍ ഇഷ്ടം പോലെ കൊല്ലാനുള്ള അധികാരവും കൊടുത്തിട്ടുണ്ട്‌.



മണിപ്പൂരിലെ ഇന്ന്‌ എന്തിനും ഏതിനും സേനാവിഭാഗങ്ങളെ കുറ്റപ്പെടുത്തുന്ന പതിവുണ്ട്‌. എന്ത്‌ ഉത്തരവാദിത്തമാണ്‌ ഭരണാധികാരികള്‍ക്കും നിയമ സഭക്കുമുള്ളത്‌?

ഒരിക്കലും തിരുത്താനാകാത്ത നടപടികളാണ്‌ സേനാ വിഭാഗങ്ങളില്‍ നിന്ന്‌ ഉണ്ടായിട്ടള്ളത്‌. സൈന്യം ഇന്ന്‌ നേരിടുന്ന വിമര്‍ശനങ്ങള്‍ അവര്‍ അര്‍ഹിക്കുന്നത്‌ തന്നെയാണ്‌. യഥാര്‍ത്ഥത്തില്‍ നമ്മുടെ സാമൂഹിക ക്രമത്തിലുള്ള അഴിമതിയാണ്‌ ഇത്തരത്തിലുള്ള പൈശാചികമായിട്ടുള്ള കൃത്യത്തിന്റെ കാരണം. രാഷ്ട്രീയക്കാര്‍ മാത്രമല്ല എല്ലാ ഡിപ്പാര്‍ട്ട്‌ മെന്റുകളിലെയും ഉയര്‍ന്ന ഉദ്ധ്യോഗസ്ഥന്‍മാര്‍ ജോലി അന്വേഷിച്ച്‌ വരുന്നവരില്‍ നിന്നും മറ്റും കൈക്കൂലി ആവശ്യപ്പെടാറുണ്ട്‌, വളരെ അടുത്ത ബന്ധുക്കളില്‍ നിന്നോ പ്രിയപ്പെട്ടവരില്‍ നിന്നോ ഒഴികെ.



മണിപ്പൂരില്‍ ഒരോ തിരഞ്ഞെടുപ്പ്‌ വരുമ്പോഴും എന്തുകൊണ്ടാണ്‌ എ.എഫ്‌.എസ്‌.പി.എ പ്രധാനവിഷയമായി രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കാത്തത്‌?

ദാരിദ്ര്യത്തിലാണ്ട്‌ കിടക്കുന്ന മണിപ്പൂരികളെ ഓരോ സീസണിലും പേടിപ്പിക്കാന്‍ എളുപ്പമാണ്‌. നാണംകെട്ട രാഷ്ട്രീയക്കാര്‍ വൃത്തികെട്ട വഴിയിലൂടെ നേടിയ പണം കൊണ്ടാണ്‌ വോട്ടുകള്‍ വാങ്ങുന്നത്‌. സൈന്യത്തിന്‌ പ്രത്യേകാധികാരം നല്‍കുന്ന എ.എഫ്‌.എസ്‌.പി.എക്കെതിരെ ശബ്ദമുയരണമെങ്കില്‍ സ്വയം തിരിച്ചറിഞ്ഞ പൗരന്‍മാര്‍ക്ക്‌ മാത്രമേ സാധിക്കുകയുള്ളൂ. തങ്ങളുടെ കര്‍ത്തവ്യത്തെപ്പറ്റി ബോധവാന്‍മാരായവര്‍ക്ക്‌ മാത്രമേ ഒരു സമൂഹത്തെ സൃഷ്ടിക്കാനാവൂ. പക്ഷെ അത്‌ അകലെയല്ല.


അണ്ണാ ഹസാരെക്ക്‌ മണിപ്പൂരിലേക്ക്‌ സ്വാഗതം: ഇറോം ശര്‍മ്മിള

അധികൃതരുമായി ചര്‍ച്ച ചെയ്ത്‌ ലോക്പാല്‍ ബില്ലിന്‌ വേണ്ടിയുള്ള സമരത്തില്‍ തനിക്ക്‌ പങ്കാളിയാകാന്‍ വഴിയൊരുക്കണമെന്ന്‌ അണ്ണാ ഹസാരെയോട്‌ ഇറോം ഷര്‍മ്മിള. സമരത്തിന്‌ പിന്തുണ ആവശ്യപ്പെട്ട്‌ ഹസാരെ ശര്‍മ്മിളക്കയച്ച കത്തിന്റെ മറുപടിയിലാണ്‌ ഇങ്ങിനെ ആവിശ്യപ്പെട്ടിരിക്കുന്നത്‌.

'അഴിമതിയുടെ വേരറുക്കാനുള്ള ഈ കുരിശു യുദ്ധം'എന്നാണ്‌ അവര്‍ ഈ സമരത്തെ വിശേഷിപ്പിച്ചത്‌. മണിപ്പൂരില്‍ സൈനികര്‍ക്കുള്ള പ്രത്യേക അവകാശ നിയമം പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട്‌ കഴിഞ്ഞ പത്തു വര്‍ഷമായി ഇറോം ശര്‍മ്മിള സമരം നടത്തിക്കൊണ്ടിരിക്കുന്നത്‌.
രേഖാമൂലമുള്ള മറുപടിയില്‍ 38 കാരിയായ ഇറോം ഷര്‍മ്മിള ഹസാരെയുടെ സമരത്തെ സ്വാഗതം ചെയ്യുന്നുണ്ട്‌. പക്ഷേ, ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ ഇപ്പോള്‍ തനിക്ക്‌ പ്രതിഷേധിക്കാന്‍ പോലും സാധിക്കില്ല എന്ന്‌ കത്തില്‍ പറയുന്നു. വീണ്ടും നിരാഹാര സമരം തുടങ്ങിയതു മുതല്‍ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജില്‍ വീട്ടുതടങ്കലിലാണ്‌ അവര്‍. കത്തില്‍'ലോകത്തിലെ ഏറ്റവും കലുഷിതമായ മേഖല? എന്ന്‌ വിശേഷിപ്പിച്ച മണിപ്പൂരിലേക്ക്‌ ഹസാരെയെ സ്വാഗതം ചെയ്യുന്നുമുണ്ട്‌.



ഇവിടെ നിലനില്‍ക്കുന്ന ഈ പ്രത്യേക കരിനിയമത്തില്‍ നിന്ന്‌ ജനങ്ങളെ സംരക്ഷിക്കുന്നതിന്‌ വേണ്ടിയുള്ള ഈ സമരത്തെ ഒരു മുന്‍ പട്ടാളക്കാരനായ ഹസാരെ എങ്ങിനെ പിന്തുണക്കുമെന്ന ആശങ്കയും ഇറോ ഷര്‍മ്മിള ഈ കത്തില്‍ പങ്കു വെയ്ക്കുന്നുണ്ട്‌.
ഗാന്ധിയന്‍ സമര രീതികളാണ്‌ ഹസാരെയും ഷര്‍മ്മിളയും പിന്തുടരുന്നതെങ്കിലും രണ്ടും തീര്‍ത്തും വ്യത്യസ്തമായ പ്രശ്നങ്ങളാണ്‌. അണ്ണാ ഹസാരെയും ടീമംഗങ്ങളും ഇറോ ഷര്‍മ്മിളയെ പിന്തുണക്കുകയാണെങ്കില്‍ അഴിമതിക്കെതിരെ ഹസാരെ നേതൃത്വം നല്‍കുന്ന ഈ സമരത്തിന്‌ വളരെ വിശാലമായ സ്വീകാര്യത ലഭിക്കും.

കടപ്പാട്‌: തെഹല്‍ക

Friday, 19 August 2011

ANNA HAZARE vs TEAM SONIA അഥവ മന്‍മോഹനും കൂട്ടരും നഗ്നരാണ്‌

ടൈറ്റസ്‌ കെ.വിളയില്‍
ഇന്ദിരയുടെയും അവര്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്റെയും അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെയും അമിതാധികാരത്വരയും ജനാധിപത്യ-പൗരാവകാശ ലംഘനക്കൊതിയും വ്യക്തമാക്കാന്‍ ജയപ്രകാശ്‌ നാരായണ്‍ എങ്ങനെ നിമിത്തമായോ അതുപോലെ ടീം സോണിയയുടെ അധികാര ഭ്രാന്തും അഴിമതിക്കാരോടും കള്ളപ്പണക്കാരോടുമുള്ള അമിത വാത്സല്യവും എത്രയെന്ന്‌ ബോധ്യപ്പെടാന്‍ അണ്ണാ ഹസാരെ കാരണമായിരിക്കുന്നു.




രാജ്യം നേരിടുന്ന മൗലികങ്ങളും വിവിധങ്ങളുമായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാനും പരിഹാരം കണ്ടെത്തി തരണം ചെയ്യാനും ടീം സോണിയയ്ക്കുള്ള ഭരണപരവും തന്ത്രപരവുമായ കഴിവില്ലായ്മയും അണ്ണാ ഹസാരയിലൂടെ രാജ്യത്തെ പൊതുസമൂഹം വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു.




അഴിമതിയും കള്ളപ്പണവുമാണ്‌ വര്‍ത്തമാനകാല ഇന്ത്യയിലെ പൊതുജീവിതത്തിലെ ഏറ്റവും മൂര്‍ത്തവും രൂക്ഷവുമായ സമസ്യകള്‍. രാഷ്ട്രീയ നേതാക്കളും ബിസിനസ്‌ മാഗ്നറ്റുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇവരുടെയെല്ലാം കങ്കാണിമാരും ചേര്‍ന്ന ഒരു ദൂഷിത സംഘം, ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്മാര്‍ക്ക്‌ വിഭാവനം ചെയ്തിട്ടുള്ള എല്ലാ മൗലികാവകാശങ്ങളും ലംഘിച്ചുകൊണ്ട്‌,അഴിമതിയിലും കള്ളപ്പണ സമൃദ്ധിയിലും മദിച്ചു വാഴുകയാണ്‌. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌, കേവല മനുഷ്യരായി മാന്യതയോടെ കഴിയാനുള്ള സ്വാതന്ത്ര്യം പോലും ഇവര്‍ അനുവദിക്കുന്നില്ല എന്നതാണ്‌ ഏറെ ക്ഷോഭജനകമായ വാസ്തവം.



സുതാര്യവും അഴിമതി വിരുദ്ധവുമായ ഭരണത്തിലൂടെ രാജ്യ പുരോഗതിയും പൗരന്മാരുടെ സമഗ്രമായ വികസനവും ഉറപ്പാക്കാന്‍ ബാധ്യസ്ഥരായ ഭരണ കര്‍ത്താക്കള്‍ അടക്കമുള്ള അധികാര വര്‍ഗ്ഗമാണ്‌ ഇങ്ങനെ അഴിമതിയിലാണ്ട്‌, ഭരണഘടനാ ലംഘനങ്ങള്‍ നടത്തി ഇന്ത്യയിലെ സാധാരണക്കാരെ വഞ്ചിക്കുന്നതും അവര്‍ക്കു നേരെ നിരന്തരം കൊഞ്ഞനം കുത്തി തങ്ങളുടെ സുഖദജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അനാവശ്യമായ നികുതികളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കുന്നതും.




അഴിമതിക്കാരും കള്ളപ്പണക്കാരും ചേര്‍ന്ന സമാന്തര സാമ്പത്തിക ഭരണശക്തിയാണ്‌ ഇന്ന്‌ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നത്‌. ഇവരെ ഉന്മൂലനം ചെയ്യാന്‍ പോയിട്ട്‌ നിയന്ത്രിക്കാന്‍ പോലുമുള്ള ഇച്ഛാശക്തിയില്ലാതെ ജനവഞ്ചനയിലഭിരമിക്കുകയാണ്‌ ടീം സോണിയ. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ 200 സീറ്റ്‌ നല്‍കി ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസിനെ തെരഞ്ഞെടുക്കുകയും മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്‌ ഭരണത്തിന്റെ രണ്ടാം ഊഴം സമ്മാനിക്കുകയും ചെയ്ത ഇന്ത്യയിലെ സമ്മതിദായകരെ ആ നിമിഷം മുതല്‍ വിഡ്ഢികളാക്കുന്ന നയങ്ങളും നടപടികളും സ്വീകരിച്ച്‌ അഴിമതിക്കോമരങ്ങള്‍ക്കും കള്ളപ്പണ ഭീകരന്മാര്‍ക്കും വിടുപണി ചെയ്യുകയാണ്‌ ടീം സോണിയ.




ഇതിനെതിരെയും ദശാബ്ദങ്ങളായി ഇന്ത്യയിലെ സാധാരണക്കാരുടെ മൗലികങ്ങളായ അവകാശങ്ങള്‍ കവര്‍ന്നെടുത്ത്‌ കൊഴുത്തു വളര്‍ന്ന അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും എതിരായും ജനമനസ്സുകളില്‍ രൂപം കൊണ്ട പ്രതിഷേധത്തിന്റെ സൂചികയും പര്യായവുമാണ്‌ ഗാന്ധിയന്‍ അണ്ണാ ഹസാരെ.




അഴിമതി നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടാണ്‌ 'ജന്‍ ലോക്പാല്‍ ബില്ല്‌'ന്‌ നിയമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ( സംശയിക്കേണ്ട,ടീം സോണിയയുടെ യുപിഎ സര്‍ക്കാരല്ല ) തീരുമാനിച്ചത്‌. 'സിറ്റിസണ്‍സ്‌ ഓംബുഡ്സ്മാന്‍ ബില്‍' എന്നു കൂടി അപരനാമമുള്ള, ഇന്ത്യയിലെ പൊതു ജീവിതം സുതാര്യവും അഴിമതിമുക്തവുമാക്കുന്നതിന്‌ അനിവാര്യവുമായ ഈ ബില്‍ ആദ്യമായി അവതരിപ്പിച്ചത്‌ 1969-ലാണ്‌. എന്നാല്‍, അഞ്ച്‌ ദശാബ്ദം കഴിഞ്ഞിട്ടും ജന്‍ ലോക്പാല്‍ ബില്‍ നിയമമാക്കാന്‍ മാറി മാറി കേന്ദ്രം ഭരിച്ച ഒരു കക്ഷിക്കും സാധിച്ചില്ല. ഒരു കക്ഷിക്കും സാധിച്ചില്ല എന്നു പറയുമ്പോള്‍ കുറ്റപ്പെടുത്തലിന്റെ മൂന്നു വിരലുകളും തീര്‍ച്ചയായും ചൂണ്ടപ്പെടുന്നത്‌ കോണ്‍ഗ്രസിന്‌ നേരെയാണ്‌. നേരിയ ചില ഇടവേളകള്‍ ഒഴിച്ചാല്‍ സ്വതന്ത്ര ഭാരതത്തിന്റെ ഭരണ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള ദൗത്യവും അവകാശവും അധികാരവും കോണ്‍ഗ്രസിനായിരുന്നു ലഭിച്ചിരുന്നത്‌. എന്നാല്‍, അധികാര ദുര്‍മദത്തിന്റേയും അഴിമതിയുടെയും അഴിഞ്ഞാട്ടങ്ങളുടെയും കൂത്തരങ്ങായി കോണ്‍ഗ്രസും അതിന്റെ നേതൃത്വവും അധഃപതിച്ചതോടെ രാഷ്ട്രിയ നേതാക്കളുടെ പൊതു ജീവിതവും ഭരണ ജീവിതവും നിയമവിധേയവും സുതാര്യവുമാക്കാനുള്ള അവസരമാണ്‌ തുലഞ്ഞ്‌ പോയത്‌.




ഇതിനെതിരെ, കഴിഞ്ഞ അഞ്ച്‌ പതിറ്റാണ്ടു കാലം പൗരചിന്തകളില്‍ രൂപം കൊണ്ട പ്രതിഷേധവും അമര്‍ഷവും പ്രക്ഷോഭ ശക്തിയുമാണ്‌ അണ്ണാ ഹസാരയിലൂടെ ഇപ്പോള്‍ പ്രകടമായിരിക്കുന്നത്‌. ജന്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റ്‌ പാസാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ജൂലൈ നാലാം തീയതി ഗാന്ധിയനായ അണ്ണാ ഹസാരെ മരണം വരെ നിരാഹാര സത്യഗ്രഹത്തിന്‌ തയ്യാറായപ്പോള്‍, ഗത്യന്തരമില്ലാതെ, ജനരോഷം ഭയന്നാണ്‌ ടീം സോണിയ ജന്‍ ലോക്പാല്‍ ബില്ലിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനും അത്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ ബില്ല്‌ ആക്കാനുമുള്ള ദുര്‍ബലമായ ശ്രമം ആരംഭിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തല്‍ അണ്ണാ ഹസാരെ നേതൃത്വം നല്‍കുന്ന പൗരസമൂഹവുമായി ഭരണസമൂഹം പേരിനൊരു ചര്‍ച്ച നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു ഡ്രാഫ്റ്റ്‌ തയ്യാറാക്കുകയായിരുന്നു.




എന്നാല്‍, അണ്ണാ ഹസാരെയും പൗരസമൂഹവും ആവശ്യപ്പെട്ട അടിസ്ഥാനപരവും അനുപേക്ഷണീയവും നിര്‍ണായകവുമായ പല നിര്‍ദ്ദേശങ്ങളും ചവറ്റു കുട്ടയില്‍ തള്ളിക്കൊണ്ടാണ്‌ ടീം സോണിയ ജന്‍ ലോക്പാല്‍ ബില്‍ ലോക്സഭയില്‍ കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിച്ചത്‌. പ്രധാനമന്ത്രി, ന്യായാധിപന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങി ജനാധിപത്യ സ്ഥാപനങ്ങളുടെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ബില്ലിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിക്കൊണ്ടാണ്‌ ടീം സോണിയ ജന്‍ ലോക്പാല്‍ ബില്ലിന്‌ രൂപം നല്‍കിയത്‌. ഇതിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങളെ പമ്പര വിഡ്ഢികളാക്കുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും നിയമമന്ത്രിയും കപില്‍ സിബലും ഇവര്‍ക്ക്‌ വിദഗ്ധോപദേശം നല്‍കിയ പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും എ.കെ.ആന്റണിയും മറ്റും.




ഈ പ്രതിലോമ നിലപാടിനെതിരെയാണ്‌, 65-ാ‍ം സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന്‌ ഡല്‍ഹിയില്‍ മരണം വരെനിരാഹാര സത്യഗ്രഹം നടത്താന്‍ അണ്ണാ ഹസാരെയും പൗരസമൂഹവും തയ്യാറായത്‌. മുന്‍കൂട്ടി പ്രഖ്യാപിച്ചതായിരുന്നു ഈ സമരം. എന്നാല്‍, സമാധാനപരമായി സമരം ചെയ്യാനുള്ള ഇന്ത്യന്‍ പൗരന്റെ ഭരണഘടനാ ദത്തമായ അവകാശം അട്ടിമറിച്ചുകൊണ്ട്‌ അണ്ണാ ഹസാരയെയും പൗരസമൂഹ പ്രമുഖരെയും അറസ്റ്റ്‌ ചെയ്ത്‌ അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളെ അനുസ്മരിപ്പിക്കുന്ന നടപടികള്‍ക്കാണ്‌ ടീം സോണിയ തയ്യാറായത്‌.




അണ്ണാ ഹസാരെ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എല്ലാം അതേപടി അംഗീകരിക്കണമെന്ന വാദമല്ല ഇവിടെ ഉന്നയിക്കുന്നത്‌. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ ഗാന്ധിയനായ അദ്ദേഹത്തിന്റെ സമര സന്നദ്ധതയെ മുതലെടുക്കുന്ന തല്‍പ്പര കക്ഷികളാണ്‌ ഇപ്പോള്‍ അദ്ദേഹത്തോടൊപ്പമുള്ളതെന്നും തിരിച്ചറിയുന്നുണ്ട്‌. പൊതു രംഗത്തെ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കി ഭരണം സുതാര്യവും ജനക്ഷേമകരവും ജനഹിതകരവുമാക്കേണ്ടത്‌ അനുപേക്ഷണീയമാണെന്ന, ഇന്ത്യയിലെ കോടിക്കണക്കിന്‌ വരുന്ന നികുതിദായകരുടേയും സമ്മതിദായകരുടേയും ആഗ്രഹത്തിനെതിരെ പുച്ഛത്തോടെ മുഖം മറച്ച്‌ ടീം സോണിയ നില്‍ക്കുമ്പോഴാണ്‌ അണ്ണാ ഹസാരയുടെ പ്രക്ഷോഭ രീതികളെ അംഗീകരിക്കേണ്ടി വരുന്നത്‌. അണ്ണാ ഹസാരയ്ക്ക്പിന്തുണ നല്‍കി രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും യുവജനങ്ങള്‍ അടക്കമുള്ള പൗരസമൂഹം മുന്നോട്ടു വന്നതിന്റെ അര്‍ത്ഥം കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെ ഗ്രസിച്ചിട്ടുള്ള അഴിമതിക്കും കള്ളപ്പണവിളയാട്ടത്തിനുമെതിരായി വന്‍ ജനശക്തി രൂപം കൊള്ളുന്നു എന്നാണ്‌..




നിരാഹാര സത്യഗ്രഹം തുടങ്ങും മുന്‍പ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത്‌, അഴിമതിവീരന്മാരായ എ.രാജ,സുരേഷ്‌ കല്‍മാഡി, കനിമൊഴി എന്നിവര്‍അടക്കമുള്ള കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലില്‍ അടച്ചതോടെ മന്‍മോഹന്‍ സിംഗ്‌ നേതൃത്വം നല്‍കുന്ന യു.പി.എസര്‍ക്കാരിനും കോണ്‍ഗ്രസിനും രാജ്യം അഭിമുഖീകരിക്കുന്ന മൗലിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ കഴിവില്ലെന്നും ജനഹിതമനുസരിച്ച്‌ ഭരണം നടത്താന്‍ മനസ്സില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
65-ാ‍ം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന്‌ രാഷ്ട്രത്തോട്‌ ചെയ്ത പ്രസംഗത്തില്‍ പ്രസിഡണ്ട്‌ ശ്രീമതി. പ്രതിഭാ ദേവിസിംഗ്‌ പട്ടേലും സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്നുകൊണ്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും അടിവരയിട്ട്‌ പറഞ്ഞത്‌ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെ മാരകമായി അഴിമതി ഗ്രസിച്ചിട്ടുണ്ടെന്നും അഴിമതി നിര്‍മ്മാര്‍ജ്ജനം പൂര്‍ണ്ണമായെങ്കില്‍ മാത്രമേ രാജ്യ പുരോഗതി സാര്‍ത്ഥകമാകൂ എന്നുമാണ്‌. എന്നാല്‍, അഴിമതി ഇല്ലാതാക്കാന്‍ തന്റെ കൈയ്യില്‍ മാന്ത്രിക വടിയൊന്നുമില്ല എന്ന ഉദാസീനമായ പ്രഖ്യാപനത്തിലൂടെ രാഷ്ട്രീയ ഇച്ഛാശക്തിയും നയങ്ങള്‍ നടപ്പിലാക്കാനുള്ള നട്ടെല്ലുറപ്പും തനിക്കില്ലെന്നും അടിവരയിട്ട്‌ വ്യക്തമാക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്‌. ഒപ്പം അണ്ണാ ഹസാരെയെ പരോക്ഷമായി പരിഹസിച്ചുച്ചുകൊണ്ട്‌ സത്യഗ്രഹ സമരത്തിലൂടെ അഴിമതി ഉന്മൂലനം ചെയ്യാന്‍ കഴിയുകയില്ല എന്നും മന്‍മോഹന്‍സിംഗ്‌ പറഞ്ഞുവെച്ചു.




സത്യഗ്രഹത്തിലൂടെയും സഹനസമരത്തിലൂടെയും സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച്‌ ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം നേടി തന്ന മഹാത്മാവായ ഗാന്ധിജിയെ നീചമായി അധിക്ഷേപിക്കുകയായിരുന്നു ഈ പരാമര്‍ശത്തിലൂടെ മന്‍മോഹന്‍സിംഗ്‌. ഗാന്ധിജിയെ തമസ്ക്കരിച്ച്‌ ഇന്ദിര മുതല്‍ രാഹുല്‍ വരെയുള്ള വ്യാജ ഗാന്ധിമാരെ എഴുന്നള്ളിക്കുന്ന മന്‍മോഹനെപ്പോലെയുള്ള ഒരു വ്യക്തിക്ക്‌ അണ്ണാ ഹസാരെയും പൗരസമൂഹവും ഉന്നയിക്കുന്ന പ്രശ്നത്തിന്റെ തീവ്രത ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നെങ്കില്‍ അതില്‍ അതിശയപ്പെടാനില്ല. വിപണി സമ്പദ്‌ വ്യവസ്ഥയുടെ ആചാര്യനും പ്രയോക്താവുമായ മന്‍മോഹന്‌ ഗാന്ധിജിയും കോണ്‍ഗ്രസും സ്വാതന്ത്ര്യസമര കാലത്ത്‌ ഇവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും അതിന്‌ ഇന്ത്യയിലെ കോടിക്കണക്കിന്‌ സാധാരണക്കാര്‍ നല്‍കിയ പിന്തുണയും ഐക്യദാര്‍ഢ്യവും, ഈ മാനസിക ഐക്യത്തിലൂടെ രൂപപ്പെട്ട പൊതുപ്രക്ഷോഭ ശക്തിയുമൊന്നും തിരിച്ചറിയാന്‍ കഴിയുകയില്ല.




ഈ കഴിവുകേടായിരുന്നു 65-ാ‍ം സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേദിവസം അണ്ണാ ഹസാരെയെ സത്യഗ്രഹസമരത്തില്‍ നിന്ന്‌ വിലക്കുകയും അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യുകയും തിഹാര്‍ ജയിലില്‍ അടക്കുകയും ചെയ്ത ഭരണപരമായ വിഡ്ഢിത്തത്തില്‍ പ്രകടമായത്‌. പ്രണാബ്‌ കുമാര്‍ മുഖര്‍ജി, എ.കെ.ആന്റണി തുടങ്ങി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളെ മാറ്റി നിര്‍ത്തി പി.ചിദംബരം, കപില്‍ സിബല്‍, അംബിക സോണി എന്നിവരായിരുന്നു ഇക്കാര്യത്തില്‍ ടീം സോണിയയുടെ നയം രൂപീകരിച്ചത്‌. എന്നാല്‍, ആ നടപടി തിരിച്ചടിയായെന്നും അണ്ണാ ഹസാരെയെ മുന്‍പ്‌ പിന്തുണയ്ക്കാത്തവര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണി നിരക്കുന്നു എന്നും തിരിച്ചറിഞ്ഞ രാഹുലാണ്‌ അദ്ദേഹത്തെ വിട്ടയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. ഒരു പകല്‍ മുഴുവന്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്കു മുന്‍പിലും ലോകജനതയ്ക്കു മുമ്പിലും തന്ത്രപരമായി നഗ്നരായി നില്‍ക്കുകയായിരുന്നു ടീം സോണിയ.




1975-ല്‍ സമാന സ്വഭാവമുള്ള ഭരണപരവും തന്ത്രപരവുമായ ലോപാവസ്ഥയിലാണ്ടാപ്പോഴാണ്‌ ഇന്ദിരയില്‍ അമിതാദികാര ത്വരയും ജനാധിപത്യ ധ്വംസന വാസനയും ശക്തമായതും ജയപ്രകാശ്‌ നാരായണ്‍ന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സമ്പൂര്‍ണ്ണ വിപ്ലവ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും. സ്വതന്ത്ര്യ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത നാളുകളായിരുന്നു അത്‌. ആ അഭിശപ്തതയിലേക്കുള്ള ടീം സോണിയയുടെ അന്ധമായ നീക്കത്തിന്റെ സൂചനയായിട്ടുവേണം അണ്ണാ ഹസാരെ പ്രശ്നത്തെ ഇപ്പോള്‍ കൈകാര്യം ചെയ്ത രീതിയെ വിലയിരുത്തേണ്ടത്‌.
നിയമനിര്‍മ്മാണത്തിലുള്ള പാര്‍ലമെന്റിന്റെ അധികാരത്തില്‍ അണ്ണാ ഹസാരെയും പൗരസമൂഹവും അനധികൃതമായി കൈകടത്തുകയാണെന്നും അത്‌ അനുവദിക്കാന്‍ കഴിയുകയില്ലെന്നുമാണ്‌ ടീം സോണിയയുടെ തിങ്ക്‌ ടാങ്കുകളുടെ ഭാഷ്യം.




അണ്ണാഹസാരയെ അറസ്റ്റുചെയ്ത സംഭവത്തെ പാര്‍ലമെന്റില്‍ ന്യായീകരിച്ച്‌ പ്രസംഗിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഇതേ നിലപാടാണ്‌ സ്വീകരിച്ചത്‌. വാസ്തവത്തില്‍ ജന്‍ ലോക്പാല്‍ ബില്‍ വിഷയത്തില്‍ ടീം സോണിയ അകപ്പെട്ട നാണംകെട്ട കുരുക്കില്‍ നിന്ന്‌ എങ്ങനെയെങ്കിലും തലയൂരുക എന്ന ലക്ഷ്യത്തോടെയുള്ള അവാസ്ഥവ പ്രസ്താവവും ആരോപണവുമാണ്‌ ഇത്‌. നിയമനിര്‍മ്മാണത്തിലുള്ള പാര്‍ലമെന്റിന്റെ അധികാരം അംഗീകരിച്ചുകൊണ്ടു തന്നെയാണ്‌ അണ്ണാ ഹസാരയും പൗരസമൂഹവും ജന്‍ ലോക്പാല്‍ ബില്ലിനുവേണ്ടി പ്രക്ഷോഭം നടത്തുന്നത്‌. 1969-ല്‍ അവതരിപ്പിച്ച പ്രസ്തുത ബില്‍ 51 വര്‍ഷത്തിനുശേഷവും നിയമമാക്കാന്‍ കഴിയാത്ത നിഷേധാത്മക നിലപാടിനെതിരായാണ്‌ അണ്ണാ ഹസാരയും പൗരസമൂഹവും ഇപ്പോള്‍ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നത്‌. എന്നു മാത്രമല്ല, ജൂലൈയിലെ അണ്ണാ ഹസാരയുടെ സമരത്തിനുശേഷം ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഭരണ രംഗത്തെ നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിക്കുന്നവരെ ഒഴിവാക്കിയിരിക്കുകയാണ്‌.





സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ഏത്‌ വ്യക്തിയും ജനങ്ങളോട്‌ അക്കൗണ്ടബിളാണ്‌ എന്ന്‌ അണ്ണാ ഹസാരയും പൗരസമൂഹവും വാദിക്കുന്നു. നികുതിദായകന്റെ പണം ശമ്പളമാക്കി കൈപ്പറ്റുകയും അഴിമതിയും കള്ളപ്പണ സംസ്കാരവും സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കാന്‍ കഴിയുന്നതെങ്ങനെ?. പ്രധാനമന്ത്രി, ജനപ്രതിനിധികള്‍, ന്യായാധിപന്മാര്‍ എന്നിവരൊക്കെ ഭരണ പ്രക്രിയയുടെ ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുന്നവരാണ്‌. ഇവരെ ജന്‍ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കുമ്പോള്‍ ഇവര്‍ക്ക്‌ കീഴിലുള്ള ജീവനക്കാര്‍,അഴിമതി സംബന്ധമായ നിയമക്കുരുക്കില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഇവരെ ആശ്രയിക്കുമെന്ന കാര്യത്തില്‍ ടീം സോണിയ ഒഴിച്ചുള്ള ആര്‍ക്കും സംശയമില്ല. അതായത്‌, ഒരു നിയമം പാസാക്കിയെടുത്ത്‌ അതിന്റെ മറവില്‍ അഴിമതിയും കള്ളപ്പണ സംസ്കാരവും തുടരാം എന്നാണ്‌ ടീം സോണിയയുടെ വിചാരം. അത്‌ നടപ്പില്ല എന്ന്‌ അസന്ദിഗ്ധമായി ഇന്ത്യയിലെ സാധാരണക്കാര്‍ പ്രഖ്യാപിക്കുന്നു എന്നതാണ്‌ അണ്ണാ ഹസാരയുടെ പ്രക്ഷോഭത്തിന്റെ സന്ദേശം.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP