Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, 8 April 2011

ചാത്തുക്കുട്ടിച്ചേട്ടന്‌ പകരം നല്‌കാന്‍.........

ഷാജി മുള്ളൂക്കാരന്‍

എന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ അത് പഴയ കാലത്തെ കുറിച്ച് മാത്രമാണുള്ളത്... എഴുതിയാലും പറഞ്ഞാലും തീരാത്ത ഓര്‍മ്മകള്‍... കൊച്ചു കൊച്ചു സന്തോഷങ്ങള്‍....അതിലേറെ കഷ്ട്ടപ്പാടുകള്‍....



വല്ല്യ തറവാട്ടു വീട്ടില്‍ അമ്മമ്മയും അവരുടെ മക്കളും മക്കളുടെ മക്കളും ഒക്കെ ആയി പത്തിരുപത് അംഗങ്ങള്‍. കൊയ്തും മെതിയും ഒക്കെ ആയി സുഭിക്ഷമായ കാലം. വൈകീട്ട് ഏഴു മണിയായാല്‍ നീളമുള്ള അടുക്കളയില്‍ എല്ലാര്‍ക്കുമായി നിരത്തി വച്ച ഓട്ടു കിണ്ണങ്ങളില്‍ അമ്മമ്മ വിളമ്പുന്ന ചോറും കറികളും....




ആ സന്തോഷമൊക്കെ അഞ്ച് - ആറ് വയസ്സോടെ കഴിഞ്ഞു....കുടുംബത്തിലെ പടലപ്പിണക്കങ്ങള്‍.... വയലും കൈപ്പാട് നിലവുമൊക്കെ തരിശായി തുടങ്ങി... പത്തായം ഒഴിഞ്ഞു....മാമന്മാര്‍ വേറെ താമസം തുടങ്ങി... അമ്മമ്മയും വല്യമ്മയും അവരുടെ നാല് മക്കളും വേറെ ഒരു മാമനും തറവാട്ടില്‍ ഒന്നിച്ച്. തറവാട്ടില്‍ തന്നെ വേറെ ഒരു ഭാഗത്ത്‌ ചായ്പ്പുണ്ടാക്കി അവിടെയായി അച്ഛനും അമ്മയും അനിയനും ഞാനും പൊറുതി....





കള്ള് ചെത്തുകാരനായ അച്ഛന്‍ അസുഖമായി കിടപ്പിലായതിനാല്‍ വീട്ടില്‍ തീ പുകയാന്‍ വകുപ്പില്ലാത്ത കാലം....അമ്മയും അച്ഛനും കണ്ടു ഇഷ്ട്ടപ്പെട്ടു കല്ല്യാണം കഴിച്ചതിനാല്‍ അഭിമാനികളായ വല്ല്യച്ചന്മാര്‍ പിണങ്ങി കഴിയുന്നു. അമ്മ വല്ലയിടത്തും കൂലിപ്പണിക്ക് പോയി കൊണ്ട് വരുന്നതില്‍ നിന്നാണ് അച്ഛനും അമ്മയും ഞാനും അനിയനും വിശപ്പടക്കിയിരുന്നത്.... റേഷന്‍ കട വഴി കിട്ടിയിരുന്ന അരിയും ഗോതമ്പും കൊണ്ടുള്ള കഞ്ഞിയാണ് ആശ്വാസം.കറി എന്ന് പറയാന്‍ ഉണക്ക മുളക് ചുട്ട് ഉപ്പും ചേര്‍ത്തുള്ള ചമ്മന്തി.... സ്കൂളില്‍ പോയാല്‍ ആരും കാണാതെ ഒരു മൂലയ്ക്ക് മാറിയിരുന്നു ഇലയില്‍ പൊതിഞ്ഞെടുത്ത റേഷനരി ചോറും ഉണക്ക മുളകും കൂട്ടിയുള്ള "മൃഷ്ടാന്ന ഭോജനം". വൈകീട്ട് സി ആര്‍ സി വായനശാലയില്‍ നിന്നും കിട്ടുന്ന സര്‍ക്കാര്‍ വക ഉപ്പുമാവും.





പത്തു വയസ്സുള്ളപ്പോഴാണ് സംഭവം, അമ്മായിയുടെ ആങ്ങള തറവാട്ടില്‍ വിരുന്നു വന്നു.... വാടകയ്ക്ക് സൈക്കിള്‍ കിട്ടുന്ന കാലം... അദ്ദേഹം ഒരു സൈക്കിള്‍ വാടകക്കെടുത്തു എന്നേം കൊണ്ട് നാടുകാണാന്‍ ഇറങ്ങി... പിന്നിലെ സ്റാന്‍ടില്‍ ഇരുന്ന എന്റെ ഇടാതെ കാല്, അറിയാതെ പിന്നിലെ ചക്രത്തിന്റെ കമ്പികള്‍ക്കിടയില്‍ കുടുങ്ങി. തൊലി പൊളിഞ്ഞു പോയി. മൂന്നാഴ്ച കാല് നിലത്തു വെക്കാന്‍ പറ്റിയില്ല. അടുത്തുള്ള ആശുപത്രി എന്ന് പറയാവുന്നത്, നാട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ തളിപ്പറമ്പില്‍. ബസ്സിന് കൊടുക്കാനുള്ള അമ്പതു പൈസ (ചിലപ്പോള്‍ അത് ലാഭിക്കാനായിരിക്കും :-( )ഇല്ലാത്തതിനാല്‍ പത്തു വയസ്സായ എന്നേം ചുമന്ന് അമ്മ ഒന്നിടവിട്ട ദിവസങ്ങളില്‍ തളിപ്പറമ്പിലെ ഡോക്റ്ററെ കാണിക്കാന്‍ പോകും. തിരിച്ച് വരുന്നതും അതുപോലെ തന്നെ. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അമ്മയുടെ കയ്യില്‍ നയാ പൈസയില്ല.... വീട്ടില്‍ ആകെ ഉള്ളത് മൂന്നു നാല് ഓട്ടു കിണ്ടികളും കിണ്ണങ്ങളും.... അമ്മ അതെല്ലാം ഒരു ചാക്കില്‍ വാരിയെടുത്ത് എന്നേം എടുത്തു അയല്‍പക്കത്തുള്ള ചാത്തുക്കുട്ടി ചേട്ടന്റെ വീട്ടിലേക്കു പോയി....അത് പണയമായി എടുത്തു നൂറു രൂപ കടം ചോദിച്ചു. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നത്‌.... ആ മനുഷ്യന്‍ മുന്നൂറു രൂപ അമ്മയുടെ കയ്യില്‍ കൊടുത്ത് പണയമായി കൊണ്ടുപോയ സാധനങ്ങള്‍ തിരിച്ചെടുത്തു പോകാന്‍ പറഞ്ഞതും ഓര്‍മ്മയിലുണ്ട്....





കാലം നമുക്കായി കരുതി വച്ച തമാശ എന്നത് പോലെ.... വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന് അതിനൊരു പ്രത്യുപകാരം ചെയ്യാന്‍ കഴിഞു എനിക്ക്.... ജോലി കിട്ടി പാലക്കാട്‌ വന്നപ്പോള്‍ ഞാന്‍ താമസിക്കുന്നത് കമ്പനി വാടകക്കെടുത്ത ഒരു വലിയ വീട്ടില്‍ ഒറ്റയ്ക്ക്. ഒരു ദിവസം വൈകീട്ട് ഒരു ഫോണ്‍. ചാത്തുക്കുട്ടി ചേട്ടന്‍. ഇദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് ട്രാന്‍സ്ഫറായി പാലക്കാട് വരുന്നുണ്ട്. കഴിയുമെങ്കില്‍ കുറച്ചു ദിവസം താമസിക്കാനുള്ള സഹായം ചെയ്തു കൊടുക്കണം എന്ന്.... ഞാന്‍ താമസിക്കുന്നയിടത് തന്നെ പുള്ളിയെ താമസിപ്പിച്ചു...കുറച്ചു ദിവസമല്ല ഒന്നര വര്ഷം....അദ്ദേഹം പാലക്കാട്‌ നിന്നും പോകുന്നത് വരെ. അന്ന് എന്റെ അമ്മയ്ക്ക്, എനിക്ക് അദ്ദേഹം ചെയ്ത സഹായത്തിന് മുന്നില്‍ ഞാന്‍ ചെയ്തത് ഒന്നുമല്ല എന്നറിയാം...



എങ്കിലും.... ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ... ഇതൊക്കെ....?

Thursday, 20 January 2011

എഴുത്തുവിളക്കില്‍ ഒരു ദിവസം

ജെയ്‌നി

കേരള
സാഹിത്യ അക്കാദമിയുടെ എഴുത്തുവിളക്ക്‌ സംസ്ഥാന യുവസാഹിത്യ ശില്‍പശാല പറശ്ശിനിക്കടവ്‌ ഐഎസ്‌എം അങ്കണത്തിലാണ്‌ നടന്നത്‌. ഞാനും സിജു രാജാക്കാടുമാണ്‌ ഇടുക്കിയെ പ്രതിനിധീകരിച്ചത്‌. ഡിസംബര്‍ 18, 19, 20 തീയതികളിലായി നടന്ന ശില്‍പശാലയില്‍ 14 ജില്ലകളില്‍ നിന്നുമായി 100 ഓളം അംഗങ്ങള്‍ പങ്കെടുത്തിരുന്നു. 19-ാം തീയതി ഞായറാഴ്‌ചയാണ്‌ സാംസ്‌കാരികപര്യടനം ക്യാമ്പിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരുന്നത്‌.




പറശ്ശിനിക്കടവ്‌ മുത്തപ്പന്റെ ക്ഷേത്രം സന്ദര്‍ശിക്കുക എന്നതും ക്യാമ്പില്‍ പങ്കെടുക്കാന്‍ പോയപ്പോഴേ മനസിലുണ്ടായിരുന്ന ലക്ഷ്യമായിരുന്നു. 7.30 ന്‌ മുന്‍പ്‌ അമ്പലത്തില്‍ പോകാനുള്ളവര്‍ പോയി മടങ്ങിയെത്തണമെന്ന്‌ പറഞ്ഞിരുന്നു. കാരണം 8 മണിക്കാണ്‌ ഞങ്ങളുടെ പര്യടനം ആരംഭിക്കേണ്ടത്‌. രാവിലെ 6.45 ഓടെ ഞാനും രാജിയും കൂടി അന്വലത്തിലേക്കു പോയി. ഇരുവശങ്ങളും കശുമാവും മറ്റും നിറഞ്ഞ വിജനമായ വഴിയിലൂടെ ഞങ്ങള്‍ നടന്നു. പുലരിത്തണുപ്പ്‌ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. അമ്പലത്തിനുള്ളിലേക്ക്‌ കടക്കുമ്പോള്‍ ഇരുട്ടു പരന്ന പ്രദേശങ്ങളിലേക്ക്‌ പ്രവേശിക്കുന്നതു പോലെയാണ്‌ തോന്നിയത്‌. രാജിക്കൊപ്പം അകത്തേക്കു കയറുമ്പോഴേ തിങ്ങി നിറഞ്ഞ ജനക്കൂട്ടം കാണാമായിരുന്നു. ഒരു നായക്കുട്ടി എന്തിന്റെയോ മണം പിടിച്ച്‌ ചുറ്റും നടന്നു. അവന്‌ പ്രവേശനമുള്ള ഏകക്ഷേത്രം അതാണല്ലോ. ക്ഷേത്രനിയമങ്ങളെല്ലാം തിരുത്തിയെഴുതപ്പെടുന്നതാണ്‌ നമുക്ക്‌ അവിടെ കാണാനാവുന്ന കാഴ്‌ചയും
.






മുത്തപ്പന്റെ രണ്ട്‌ പ്രതിരൂപങ്ങള്‍ വെള്ളാട്ടവും തിരുവപ്പനയും നേരില്‍ കാണാന്‍ പറ്റി. മുത്തപ്പന്റെ ബാല്യരൂപമാണത്രേ വെള്ളാട്ടം. അവിടെ വഴിപാട്‌ നടക്കുകയായിരുന്നു. 13.25 രൂപയാണത്രേ അവിടത്തെ ഏറ്റവും കൂടിയ വഴിപാടിന്‌. സത്യത്തില്‍ അത്‌ എന്നെ ഞെട്ടിച്ചു. പിന്നെ നേരെ മടപ്പുരയിലേക്ക്‌. പ്രസാദം വാങ്ങികഴിക്കാന്‍ നിരവധി ആളുകള്‍ തിങ്ങിക്കൂടിയിരുക്കുന്നു. വന്‍പയര്‍ പുഴുങ്ങിയതും തേങ്ങാപ്പൂളുമാണ്‌ പ്രസാദം. അതും എനിക്ക്‌ അത്ഭുതം തന്നെയായിരുന്നു. ആദ്യം കൈയില്‍ കിട്ടിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം നിന്നു. രാജിയെ നോക്കിയപ്പോള്‍ ആളൊന്നും മിണ്ടാതെ കഴിക്കുകയാണ്‌. ഞാനും കഴിച്ചു. ക്ഷേത്രത്തിന്‌ പുറത്തേക്കിറങ്ങിയപ്പോള്‍ നീണ്ടുനിവര്‍ന്നൊഴുകുന്ന പറശ്ശിനിപ്പുഴ. സൂര്യന്‍ തന്റെ മാറിലാണിന്നലെ ഒളിച്ചിരുന്നതെന്ന്‌ അല്‍പം അഹങ്കാരത്തോടെ പറശ്ശിനിപ്പുഴ പറഞ്ഞു. പറശ്ശിനിയുടെ മാറില്‍ നിന്നും പ്രകാശവീചികളെ ആകാശത്തിലേക്ക്‌ ചിതറിച്ചുകൊണ്ട്‌ സൂര്യന്‍ ഉയര്‍ന്നു വന്നു. ആളുകള്‍ പുഴയിലിറങ്ങുന്നതും കാല്‍കഴുകി തിരിച്ചു കയറുന്നതും നോക്കി അല്‍പനേരം. പുഴയിലിറങ്ങാന്‍ എന്തോ തോന്നിയില്ല. തിരിച്ചു പോരുമ്പോള്‍ അകത്തേക്കു കയറിയപ്പോഴുണ്ടായിരുന്നതിനേക്കാള്‍ തിരക്ക്‌. വഴിയരികിലിരുന്ന്‌ പിച്ചിപ്പൂ വില്‍ക്കുന്നയാളെ അപ്പോഴാണ്‌ കണ്ടത്‌. ഒരുനിമിഷം തിരിഞ്ഞു നോക്കി. എല്ലാ പെണ്‍കുട്ടികളുടെയും മുടിയില്‍ പിച്ചിപ്പൂവ്‌. ഒരുനിമിഷം പൂ ചൂടണമെന്ന മോഹം എന്നിലും ശക്തമായെങ്കിലും പൈസയൊന്നുമെടുക്കാതെയാണ്‌ പോന്നതെന്ന ഓര്‍മ്മ പൂവ്‌ വേണ്ട എന്ന തീരുമാനത്തിലെത്തിച്ചു. സമയം എനിക്കായി കാത്തുനില്‍ക്കാത്തതിനാല്‍ വേഗം അവിടെനിന്നും മടങ്ങിപോന്നു. മുറിയിലെത്തി; ഐ.ഡി കാര്‍ഡും പേനയും നോട്ട്‌പാഡുമൊക്കെയായി ക്യാമ്പ്‌ ഹാളിലേക്ക്‌. കറാച്ചിപ്പുല്ലുകള്‍ കതിരാട്ടി നില്‍ക്കുന്ന മണ്‍തിട്ടകള്‍ ആകാശത്തെ ആവാഹിച്ചെടുക്കുന്ന വഴിയിലൂടെ നടന്നപ്പോള്‍, ക്യാമ്പ്‌ പറശ്ശിനിക്കടവില്‍ സംഘടിപ്പിച്ചതിന്‌ സാഹിത്യഅക്കാദമിക്ക്‌ മനസില്‍ നന്ദി പറയാതിരിക്കാന്‍ കഴിഞ്ഞില്ല.





ഞങ്ങള്‍ അഞ്ചുപേരായിരുന്നു ഗ്യാംഗ്‌. അളകനന്ദ, പത്മശ്രീ, മിനി ജോണിയെന്ന മിനിചേച്ചി, അനാര്‍ക്കലി. പ്രഭാതഭക്ഷണത്തിനു ശേഷം ഗ്രൂപ്പ്‌ ഫോട്ടോയ്‌ക്കു പോസ്‌ ചെയ്‌തു. 120 ഓളം ആളുകളെ ഒറ്റഫ്രെയിമിലാക്കുക എന്നത്‌ ശ്രമകരമായ കാര്യമായിരുന്നെങ്കിലും കറാച്ചിപ്പുല്ലുകളെ വകഞ്ഞുമാറ്റി ഞങ്ങളൊറ്റക്കെട്ടായി ഒരു ലെന്‍സിനുള്ളിലേക്കാവാഹിക്കപ്പെട്ടു. പിന്നെ തിരക്കോടു തിരക്കായിരുന്നു. കാരണം ഞങ്ങള്‍ക്കുപോകാനുള്ള രണ്ട്‌ വണ്ടികള്‍ ഞങ്ങളെ കാത്തുകിടക്കാന്‍ തുടങ്ങിയിട്ട്‌ നേരം ഒരുപാടായിരുന്നു. ഏറ്റവും പിറകിലെ സീറ്റില്‍ ഞങ്ങളഞ്ചു പേരുംസ്ഥാനം പിടിച്ചു. പിന്നെ പാട്ടും കൈയടിയും ബഹളവും. പത്മശ്രീ തുടങ്ങിയ നാടന്‍പാട്ടിന്റെ അരികുപറ്റി ബസിനുള്ളില്‍ ഓളങ്ങളലയടിച്ചു.






ആദ്യം ഫോക്‌ലോര്‍ അക്കാദമിയിലേക്ക്‌..
.

ചിറക്കല്‍ തടാകത്തിന്‌ അഭിമുഖമായാണ്‌ അക്കാദമി സ്ഥിതി ചെയ്യുന്നത്‌. ചിറക്കല്‍ രാജകുടുംബത്തിന്റെ കൊട്ടാരമാണ്‌ അത്‌. ചിറക്കല്‍ തടാകം അറക്കല്‍ കുടുംബവും ചിറക്കല്‍ കുടുംബവും പങ്കിട്ടെടുത്തിരുന്നുവെന്ന്‌ അനിതടീച്ചര്‍ പറഞ്ഞു. ഞാനും അനിതടീച്ചറും സതീശ്‌ കെ ശങ്കരനുമായിരുന്നു അപ്പോള്‍ ഞങ്ങളുടെ ഗ്യാംഗില്‍. 1995 ലാണത്രേ ഫോക്‌ലോര്‍ അക്കാദമി രൂപം കൊണ്ടത്‌. സംസ്‌കാരത്തിന്റെ തന്നെ ഭാഗമായ ഫോക്‌ലോറിന്റെ ശേഷിപ്പുകള്‍ കാണാന്‍ തിടുക്കത്തോടെയാണ്‌ ഞങ്ങള്‍ അകത്തേക്കു കയറിയത്‌.





പറശ്ശിനിക്കടവിലെ വെള്ളാട്ടം, തിരുവപ്പന തുടങ്ങിയ തെയ്യക്കോലങ്ങളെയാണ്‌ ആദ്യം കണ്ടത്‌. അതിനൊപ്പം നിന്ന്‌ ഫോട്ടോയെടുക്കാന്‍ ചിലരൊക്കെ തിടുക്കം കൂട്ടി. എന്റെ ശ്രദ്ധ പതിഞ്ഞത്‌ മുച്ചിലോട്ട്‌ ഭഗവതിയിലാണ്‌. സ്‌ത്രീശക്തിയുടെ ഭഗവത്‌രൂപം. പുരുഷമേധാവിത്വത്തിനെതിരേ ശബ്‌ദിച്ചയാളാണത്രേ മുച്ചിലോട്ട്‌ ഭഗവതി. അതുകൊണ്ടു തന്നെ അവര്‍ നിത്യകന്യകയായി തുടരുന്നു. അന്ധയായ അവരാണ്‌ സ്‌ത്രീശാക്തീകരണത്തിന്റെ കേന്ദ്രബിന്ദുവെന്ന്‌ പറയാം. അല്‍പം ആരാധനയോടെയാണ്‌ അവരെ നോക്കിയത്‌. പിന്നെ ഉയര്‍ന്ന കട്ടിളപ്പടികളില്‍ ചവിട്ടി അകത്തളങ്ങളിലൂടെ മുകളിലേക്ക്‌.. ഇരുമ്പ്‌ അലമാരകളാണ്‌ ആദ്യം കണ്ടത്‌. പിന്നെ ഓലക്കുട,
പാളത്തൊപ്പി, ഉരല്‍, ഉറി, കലപ്പ, അങ്ങനെ പഴമയുടെ തിരുശേഷിപ്പുകള്‍ പ്രദര്‍ശനവസ്‌തുക്കള്‍ മാത്രമായി തീര്‍ന്നിരിക്കുന്നു. പലതും പുതുതലമുറക്ക്‌ കേട്ടുകേള്‍വി മാത്രമുള്ളവ. ഞാനും അനാര്‍ക്കലിയും ചേര്‍ന്ന്‌ ഓലക്കുടയൊക്കെ ചൂടി ഫോട്ടോയ്‌ക്കു പോസ്‌ ചെയ്‌തു. ഫോട്ടോഗ്രഫര്‍ കൂടിയായ ഞങ്ങളുടെ സഹയാത്രികന്‍ ബിനു ചേട്ടന്‍ ഞങ്ങളെ അദ്ദേഹത്തിന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. ഇടനാഴിയിലുടനീളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 175 ഓളം ഫോട്ടോഗ്രാഫ്‌സാണ്‌ അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. മുന്നൂറോളം പാരമ്പര്യത്തനിമ നഷ്‌ടപ്പെടാത്ത വസ്തുക്കള്‍ അവിടെയുണ്ട്‌. കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായ നാടോടി നാടകം ചിമ്മാനക്കളി മുതല്‍ മുടിയേറ്റ്‌, കുട്ടിത്തെയ്യം, ഗരുഡന്‍ തൂക്കം, അങ്ങനെ നിറം പിടിച്ച ചിത്രങ്ങള്‍ എനിക്ക് ചുറ്റും അണിനിരന്ന്‌ എന്നെ ഒരു നൂറ്റാണ്ടിനപ്പുറത്തേക്ക്‌ കൊണ്ടുപോയി. ഒരു തലമുറ മുന്‍പേ ജനിക്കാത്തതില്‍ വിഷമം തോന്നിയത്‌ അപ്പോഴാണ്‌. കിളിവാതിലിനു സമീപം അടുക്കിയിരുന്ന പറ, നാഴി, ഇടങ്ങഴി, ഉരി തുടങ്ങിയവയെക്കുറിച്ചെല്ലാം പറഞ്ഞു തന്നത്‌ അനിതടീച്ചറാണ്‌.




പണ
വും പണ്ടവുമെല്ലാം സൂക്ഷിച്ചിരുന്ന ആമാടപ്പെട്ടിയും മുറുക്കാന്‍ ചെല്ലവുമെല്ലാം തുറന്നു നോക്കിയും കണ്ണു നിറയെ അത്ഭുതങ്ങളുടെ കാഴ്‌ചകളെ വീണ്ടും പ്രതീക്ഷിച്ചുമാണ്‌ ഞങ്ങള്‍ പടിയിറങ്ങിയത്‌. പക്ഷേ ഞങ്ങള്‍ക്ക്‌ അവിടെ അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിരുന്നു. എങ്കിലും പുറത്തിറങ്ങി ചെറുശ്ശേരി സ്‌മാരക മണ്‌ഡപവും കൂടി കണ്ടതിനു ശേഷം മാത്രമേ ഞങ്ങള്‍ അവിടെ നിന്നും മടങ്ങിയുള്ളൂ.

തിരിച്ച് വണ്ടിയില്‍ കയറി പഴയ സീറ്റു പിടിച്ചു. ഗ്രാമഭംഗി അപ്പാടെ നിശബ്‌ദമായി നുകരുകയായിരുന്നു തിരുവനന്തപുരം കാരി അനാര്‍ക്കലി.
പിന്നെ നേരെ പയ്യാമ്പലം ബീച്ചിലേക്ക്‌.

ശാന്തയായ കടല്‍, തിരകളെ തള്ളി കരയിലേക്കു വിടുന്നതും അമ്മയെ വിട്ട് പോകാനിഷ്‌ടമില്ലാത്ത കുഞ്ഞിനെ പോലെ അവ വീണ്ടും തിരികെ പോകുന്നതും ഒരു നിമിഷം വെറുതേ നോക്കി നിന്നു. പിന്നെ ഉപ്പുമാങ്ങയും കാരറ്റും ഐസ്‌ക്രീമുമൊക്കെയായി പൂഴിപ്പരപ്പിലൂടെ നടന്നു. മുടിയിഴകളെ തഴുകി കടന്നുപോയ കാറ്റ്‌ പറഞ്ഞ രഹസ്യം കേള്‍ക്കാനെന്തുകൊണ്ടോ കഴിഞ്ഞില്ല. അനാര്‍ക്കലിയുടെയും സിജുച്ചേട്ടന്റെയും കൂടെയാണ്‌ കടലിലിറങ്ങിയത്‌. ഇറങ്ങാനിഷ്‌ടമില്ലാതെ ബലം പിടിച്ചു നിന്ന സിജുചേട്ടന്റെ കൈപിടിച്ച്‌ വലിച്ച്‌ കടലിലിറക്കിയപ്പോള്‍ കടലിനെ കീഴടക്കിയതിനേക്കാള്‍ സന്തോഷമാണ്‌ തോന്നിയത്‌. തിരസ്‌കാരത്തിന്റെയും ആവാഹനത്തിന്റെയും പ്രതീകമായ കടല്‍, ഒരു ചിപ്പി നിറയെ പ്രണയം എന്റെ കൈകളിലേക്കിട്ടു തന്നു. കൈ നീട്ടിയതു സ്വീകരിക്കും മുന്‍പേ തിരയത്‌ കൊണ്ടുപോയി.




പയ്യാമ്പലം
ബീച്ചില്‍ നിന്നു നേരെ
പോയത്‌ കോഫീഹൗസിലേക്കാണ്‌ . തലപ്പാവു വെച്ച വെള്ളക്കുപ്പായക്കാര്‍ തലങ്ങും വിലങ്ങും ഓടി നടന്നു. എഴുത്തുകാരന്‍ ബേബി തോമസിന്റെ മുഖച്ഛായയുള്ള ജോബിച്ചേട്ടനും സുഹൃത്തുമാണ്‌ ഞങ്ങള്‍ക്കെതിരേ ഇരുന്നത്‌. കവിതയെക്കുറിച്ച്‌ ചൂടുള്ള ചര്‍ച്ച. ജോബിച്ചേട്ടന്‍ ചൂടുകാപ്പി മൊത്തിക്കൊണ്ട്‌ എന്റെ കൂടെ ചേര്‍ന്നു. മിനിചേച്ചി നര്‍മ്മം സോസാക്കി കട്‌ലറ്റിനു മേല്‍ വിതറി. പത്മശ്രീ ചിരിച്ചുകൊണ്ട്‌ മിനിചേച്ചിയെ സപ്പോര്‍ട്ട്‌ ചെയ്‌തു.
തണലത്തൊതുക്കിയ വണ്ടിയിലാകെ ബഹളമയം.പാട്ടും ബഹളവുമായി പിന്നെ കണ്ണൂര്‍കോട്ടയിലേക്ക്‌.
എ.ഡി 1507 ല്‍ പോര്‍ച്ചുഗീസുകാര്‍ പണി കഴിപ്പിച്ച് സെന്റ്‌ ആഞ്ചലോസ്‌ കോട്ട എന്നു നാമകരണം ചെയ്‌ത കണ്ണൂര്‍ കോട്ട. 1663 ല്‍ പോര്‍ച്ചുഗീസുകാരില്‍ നിന്നു ഡച്ചുകാരും 1772 ല്‍ ഡച്ചുകാരില്‍ നിന്ന്‌ 1 ലക്ഷം രൂപയ്‌ക്ക്‌ അറക്കല്‍ രാജകുടുംബവും ഈ കോട്ട വാങ്ങിയെങ്കിലും 1790 ല്‍ ബ്രിട്ടീഷ്‌കാര്‍ ഈ കോട്ട പിടിച്ചെടുത്തു.




ആന ചവിട്ടിപ്പൊളിക്കാതിരിക്കാന്‍ മുള്ളുകള്‍ പിടിപ്പിച്ച ഭീമന്‍ വാതിലുകള്‍ കടന്ന്‌ കോട്ടയ്‌ക്കുള്ളിലെത്തി. സാഹിത്യകാരനും ഗാര്‍ഡുമായ സത്യന്‍ ഇടക്കാട്‌ ഞങ്ങള്‍ക്കു വേണ്ടി കോട്ടയെക്കുറിച്ച്‌ പറഞ്ഞു തന്നു. ഗുരുകുല വിദ്യാഭ്യാസത്തെ അനുസ്‌മരിപ്പിക്കും വിധം ഒരു മരച്ചുവട്ടില്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളായി. വാസ്‌കോ ഡ ഗാമയും ചരിത്രത്തിന്റെ കാണാപ്പുറങ്ങളും എന്ന അദ്ദേഹത്തിന്റെ പുസ്‌തകം ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ പ്രയോജനപ്രദമാണെന്ന്‌ പറയാതെ വയ്യ. അറബിക്കടലിന്‌ അഭിമുഖമായാണ്‌ കോട്ട പണി കഴിപ്പിച്ചിരിക്കുന്നത്‌. കോട്ടയ്‌ക്കുള്ളിലൂടെ സിജുചേട്ടനും മിനിച്ചേച്ചിയ്‌ക്കുമൊപ്പം വെറുതേ നടന്നു. ലായങ്ങളും ജയിലുമെല്ലാം എനിക്ക്അത്ഭുതകാഴ്‌ചകള്‍ തന്നെയായിരുന്നു ‌. കടലിലൂടെ വരുന്ന ശത്രുക്കളെ തുരത്താന്‍ ഭീമന്‍ പീരങ്കികള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കോട്ടയുടെ കെട്ടുകളില്‍ കയറി നിന്നപ്പോള്‍ തിരമാലകള്‍ പാറക്കെട്ടുകളെ തല്ലിച്ചിരിച്ച്‌ കടന്നു പോകുന്നതും സ്‌ഫടികം കണക്കെ തിരകള്‍ ചിന്നിച്ചിതറുന്നതും കാണാമായിരുന്നു.



ആകാശത്തെ വിഴുങ്ങാനെന്നോണം കടല്‍ച്ചക്രവാളം വായും തുറന്നിരുന്നു. കടല്‍കാക്കകള്‍ വെള്ളത്തിലേക്കൂളിയിട്ടു. തിരിച്ചു പോകാനുള്ള അറിയിപ്പ്‌ വന്നിരിക്കുന്നു. പത്മശ്രീയും അളകനന്ദയും അനാര്‍ക്കലിയുമൊക്കെ പോയിരിക്കുന്നു. ഞാനും മിനിചേച്ചിയും സിജുചേട്ടനും ധൃതിയില്‍ നടന്നു. ഉച്ചകാഴ്‌ചകള്‍ അവസാനിപ്പിച്ചുകൊണ്ട്‌ ഞങ്ങളുടെ വണ്ടി പറശ്ശിനിക്കടവ്‌ ലക്ഷ്യമാക്കി പാഞ്ഞു. അശോകന്‍ ചെരുവിലിന്റെ ശബ്‌ദമാധുര്യത്തിലൂറി വന്ന കവിതക്കു താളം പിടിച്ച്‌ ഞങ്ങളിരുന്നു. പറശ്ശിനിക്കടവ്‌ ഐഎസ്‌എം അങ്കണത്തിന്റെ ഗെയിറ്റ്‌കടന്നകത്തെത്തിയപ്പോഴേക്കും ആരോ സമ്മാനിച്ച പൂവിന്റെ നീലനിറം വാടിത്തുടങ്ങിയിരുന്നു.

(നന്ദി: ഇതെഴുതാന്‍ എന്നെ നിര്‍ബന്ധിച്ച മനോരാജിന്‌, വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിച്ച വിജയന്‍ ബിരിക്കുളത്തിനും അനിത ടീച്ചര്‍ക്കും, ഫോട്ടോകളെടുത്തു തന്ന ശബരിച്ചേട്ടനും ബിനുച്ചേട്ടനും, ചിലവ തന്നു സഹായിച്ച ഗൂഗിളിനും)

Friday, 3 September 2010

വളര്‍ത്തുമൃഗങ്ങള്‍ വഴിയിലുപേക്ഷിക്കപ്പെടുമ്പോള്‍...

ബി. അമ്പിളി

മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടുവരുന്ന എനിക്ക്‌ വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന നായ, പൂച്ച എന്നിവയെ കിട്ടുന്നത്‌ പതിവാണ്‌.
ഇത്തവണ തീര്‍ത്തും വ്യത്യസ്‌തമായി എത്തിയത്‌ ഒരു ആട്ടിന്‍കുട്ടിയായിരുന്നു. വെളുത്ത നിറത്തോടെ കണ്ണിന്‌ മുകളിലൂടെ ചെവിയുടെ ഇരുവശങ്ങളിലേക്കും വളര്‍ന്നിറങ്ങിയ ചെമ്പന്‍ രോമങ്ങളുമായി പിറന്നിട്ട്‌ ആഴ്‌ചകള്‍ മാത്രം പ്രായമായ ഒരു പെണ്‍ ആട്ടിന്‍കുട്ടി. പറവൂരിന്‌ അടുത്ത്‌ കെടാമംഗലം എന്ന സ്ഥലത്ത്‌ ചപ്പ്‌കൂനയില്‍ കിടക്കുകയായിരുന്നു എന്ന്‌ പറഞ്ഞാണ്‌ രണ്ട്‌ പേര്‍ ഇതിനെ ഞങ്ങളുടെ ഓഫീസില്‍ എത്തിച്ചത്‌.



പിന്‍കാലുകള്‍ മടക്കാനാവാതെ നടക്കുവാന്‍ സാധിക്കാത്ത രീതിയിലായിരുന്നു ഇവള്‍. എന്നാല്‍ പൂര്‍ണ്ണ ആരോഗ്യവതിയും. ഈ മാസം 5ന്‌ മൂന്ന്‌ മണിയോടെയാണ്‌ ഇവള്‍ വന്നത്‌, പെണ്‍ ആടാണെങ്കില്‍ കൂടി ഞാന്‍ അവളെ `ആട്ടൂട്ടാ' എന്ന്‌ സ്‌നേഹത്തോടെ വിളിച്ചു. ആദ്യമൊന്നും പ്രതികരിച്ചില്ലെങ്കിലും, എന്നെ പോലും അദ്‌ഭുതപ്പെടുത്തികൊണ്ട്‌ മണിക്കൂറുകള്‍ക്കുള്ളില്‍ എന്റെ വിളിക്ക്‌ മറുപടിയെന്നപോലെ അവള്‍ നീട്ടി കരഞ്ഞ്‌ തുടങ്ങി!
പ്രാഥമിക പരിശോധനയ്‌ക്ക്‌ ശേഷം ഞങ്ങളുടെ സംഘടനയുടെ ഹോണററി വെറ്റിനറി സര്‍ജനെ വിളിച്ച്‌ ഞാന്‍ വിവരങ്ങള്‍ പറഞ്ഞു. വിവരണങ്ങള്‍ കേട്ട അദ്ദേഹം സംശയലേശമന്യേ മറുപടി നല്‍കി, ടെറ്റനസ്‌ ബാധിച്ചതാവാം, രക്ഷയില്ല...എന്തെങ്കിലും മുറിവുകള്‍ ഉണ്ടോ?. ഇല്ല ഡോക്‌ടര്‍, ഞാന്‍ ശരീരം മുഴുവന്‍ എക്‌സാമിന്‍ ചെയ്‌തതാണ്‌...എങ്കില്‍ ജനന സമയത്ത്‌ പൊക്കിള്‍ കോടി മുറിച്ചതിലൂടെ സംഭവിച്ചതാകാം, കാലുകളും, ചെവികളും നിവര്‍ന്ന രീതിയിലാണെങ്കില്‍ മാരകമായി കഴിഞ്ഞു. ചാന്‍സ്‌ കുറവാണ്‌, എങ്കിലും വൈറ്റമിന്‍ സപ്ലിമെന്റായ ........................നല്‍കൂ, നാളെ ആശുപത്രിയില്‍ കൊണ്ടുവരണം, പശുവിന്‍ പാലില്‍ ഇരട്ടി വെള്ളം ചേര്‍ത്ത്‌ നന്നായി തിളപ്പിച്ച്‌ ആറ്റി നല്‍കികൊള്ളൂ...



ഞാന്‍ അതുപോലെ ചെയ്‌തു. പക്ഷെ സപ്ലിമെന്റ്‌ കലര്‍ത്തി കുപ്പിയിലാക്കിയ പാല്‍ ആട്ടൂട്ടന്‌ ഇഷ്‌ടമായില്ല. അത്‌ മാറ്റി പുതിയത്‌ നല്‍കിയപ്പോള്‍ ആര്‍ത്തിയോടെ വലിച്ച്‌ കുടിച്ചു. പ്ലാവില ചെറുതായി മുറിച്ച്‌ നല്‍കിയതും കഴിച്ചു. നായ്‌ക്കള്‍ക്കായുള്ള വലിയ കെന്നലില്‍ തുണിവിരിച്ച്‌ ഞാന്‍ അവളെ കിടത്തി. വെളിയിലൂടെ നായ്‌കുട്ടികള്‍ ഓടി നടക്കുന്നു, അത്‌ കണ്ടിട്ടാവണം ആട്ടൂട്ടന്‌ എഴുന്നേറ്റോടാന്‍ വെമ്പലായിരുന്നു...പക്ഷെ എന്റെ നായ്‌കുട്ടികള്‍ക്ക്‌ (അവരും തെരുവില്‍ നിന്ന്‌ വന്നവര്‍ തന്നെ) ഇതൊന്നും ഇഷ്‌ടപെടുന്നുണ്ടായിരുന്നില്ല. ഞാന്‍ ആട്ടൂട്ടനെ നീട്ടിവിളിക്കുന്നതും, അവളുടെ കൂട്ടില്‍ സമയം ചിലവഴിക്കുന്നതും നായ്‌കുട്ടികളെ രോഷാകുലരാക്കി. പ്രതിഷേധ പ്രകടനമെന്നോണം ആട്ടൂട്ടനെ അടച്ചിട്ട കെന്നലിനു മുന്നില്‍ അവര്‍ റിലേ കുര നടത്തികൊണ്ടിരുന്നു...
പിറ്റെദിവസം രാവിലെ തന്നെ ഞാന്‍ ആട്ടൂട്ടനെ ആശുപത്രിയില്‍ ഹാജരാക്കി. പരിശോധന നടത്തിയ വെറ്റ്‌ (മൃഗ ഡോക്‌ടര്‍മാരെയാണ്‌ വെറ്റ്‌ എന്ന്‌ പറയുന്നത്‌) പറഞ്ഞു, ടെറ്റനസ്‌ ബാധിച്ചത്‌ തന്നെ, രക്ഷയില്ല, എങ്കിലും.....ഇഞ്ചക്ഷന്‍ നല്‍കി, രണ്ട്‌ ദിവസം കൂടി നല്‍കണമെന്ന്‌ പറഞ്ഞ്‌ മരുന്ന്‌ എന്റെ കൈയ്യില്‍ തന്ന്‌ വിട്ടു. എന്നിട്ടും പ്രതീക്ഷയോടെ കെന്നലിനുള്ളില്‍ തുണിമെത്തയില്‍ കിടത്തി ആട്ടൂട്ടനെ ഞാന്‍ പരിചരിച്ചു. പഴം ചെറിയ കഷണങ്ങളാക്കി ഞെരടി വായില്‍ വച്ച്‌ നല്‍കുമ്പോള്‍ അവള്‍ ആര്‍ത്തിയോടെ വാങ്ങി കഴിച്ചു. വിശന്നാല്‍, ദാഹിച്ചാല്‍, മൂത്രമൊഴിച്ച്‌ തുണി നനഞ്ഞാല്‍, എന്നെ കാണാതായാല്‍, വെളിയില്‍ പോകാന്‍....ഒക്കെ എന്നെ വിളിക്കുന്നതുപോലെ നീട്ടി കരയും.




എന്റെ തിരക്കേറിയ പത്രപ്രവര്‍ത്തന ജോലിക്കിടെ സമയം കിട്ടിമ്പോഴെല്ലാം ഞാന്‍ അവളുടെ അടുത്ത്‌ ഓടിവന്നു. രണ്ട്‌ ദിവസം കൊണ്ട്‌ എന്റെ നായ്‌കുട്ടികളായ ഉത്തമനം, മേനുവും, തിലോത്തമയും മനസ്സിലാക്കി, ഞാന്‍ എവിടെയെങ്കിലും പോയിവന്നാല്‍ ആദ്യം എത്തുന്നത്‌ ആട്ടൂട്ടനെ കിടത്തിയിരിക്കുന്ന കൂടിനടുത്തേക്കാണെന്ന്‌, അതിനാല്‍ അവര്‍ ആ കൂടിന്‌ മുന്നില്‍ നിന്ന്‌ സ്‌നേഹപ്രകടനങ്ങള്‍ നടത്തുവാന്‍ തുടങ്ങി. ചിലപ്പോഴെല്ലാം അതിനകത്ത്‌ എന്റെ കൂടെ കയറാന്‍ നോക്കി(ഞാന്‍ സമ്മതിച്ചില്ല). ആട്ടൂട്ടനെ കൂടിന്‌ വെളിയില്‍ ഇറക്കി പ്രതീകാത്മകമായി നടത്തിക്കുന്നതുപോലെ ചെയ്യുമ്പോള്‍ നായകുട്ടികള്‍ അനുസരണയോടെ ദൂരെ മാറി നിന്ന്‌ നോക്കി!!




നായ്‌ക്കളാണ്‌ ഏറ്റവും സെന്‍സുള്ള മൃഗങ്ങള്‍ എന്ന എന്റെ ധാരണ ആട്ടൂട്ടന്‍ തിരുത്തി. ഞാന്‍ അടുത്തിരുന്ന്‌ തലയില്‍ തലോടി ഭക്ഷണം നല്‍കുമ്പോള്‍ വര്‍ത്തമാനം പറഞ്ഞും ഓടിനടക്കാനാവാത്ത അവളുടെ ദു:ഖം അകറ്റാന്‍ ശ്രമിക്കുമ്പോള്‍ അവളുടെ ഓരോ ഭാഗങ്ങളും മരിക്കുകയായിരുന്നു എന്ന സത്യം ഉള്‍ക്കൊള്ളാന്‍ എനിക്ക്‌ മടിയായിരുന്നു. ആട്ടൂട്ടന്‍ കുറച്ച്‌ ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍, ഞാന്‍ ഡോ. വിളിക്കും, സര്‍....ഇന്ന്‌ ഇങ്ങനെ...ഡോ. ക്ഷമയോടെ കേള്‍ക്കും, എന്നിട്ട്‌ പറയും, രക്ഷയില്ല, എങ്കിലും ട്രൈ യുവര്‍ ലെവല്‍ ബെസ്റ്റ്‌, ചിലപ്പോഴൊക്കെ എന്റെ അന്വോഷണങ്ങള്‍ അതിരുവിടുമ്പോള്‍ ക്ഷമകെട്ട്‌ ദേഷ്യപ്പെടും, എങ്കിലും ആട്ടൂട്ടനെ രക്ഷിക്കുവാന്‍ വഴിയുണ്ടോ എന്ന എന്റെ അന്വോഷണവുമായി എനിക്ക്‌ അറിയാവുന്ന എല്ലാ വെറ്റ്‌സിനെയും ഞാന്‍ വിളിച്ചു, ടെറ്റനസ്‌ മാരകമായാല്‍ രക്ഷയില്ലെന്നായിരുന്നു എല്ലാവരുടെയും മറുപടി. പക്ഷെ ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല. കാരണം നട്ടെല്ലിന്‌ പരിക്കേറ്റ്‌ ഒരിക്കല്‍ എന്റെ അടുത്തെത്തി ഡോക്‌ടര്‍മാര്‍ കൈവിട്ട നായയെ ചികിത്സയിലൂടെയും, ഫിസിയോ തെറാപ്പിയിലൂടെയും ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവന്നു, മിറാക്കിള്‍ പോലെ ജീവിതത്തിലേക്ക്‌ തിരികെ വന്ന അവനെ ഞാന്‍ വിക്‌ടര്‍ എന്ന്‌ പേരിട്ട്‌ വിളിച്ചു... അതുപോലെ ഒരു മിറാക്കിള്‍ ആട്ടൂട്ടനും....



ഞാന്‍ ഇഞ്ചക്ഷന്‍ നല്‍കുമ്പോള്‍ ചെറുതായി അവള്‍ കരയും, തുടര്‍ന്ന്‌ അവളുടെ നെറ്റിയില്‍ തലോടി ആശ്വസിപ്പിക്കമ്പോള്‍ വാലാട്ടി, തലകുടഞ്ഞ്‌ തിരികെ സ്‌നേഹം പ്രകടിപ്പിക്കും. ടെറ്റനസിന്റെ ഏറ്റവും ഭയാനകമായ സ്ഥിതിവിശേഷമത്രെ അതിന്റെ ഓവര്‍ സെന്‍സിറ്റിവിറ്റി? ഓരോ ശരീരഭാഗങ്ങള്‍ മരിക്കുമ്പോഴും ഒരു കൊതുക്‌ കടിക്കുന്നതുപോലും അവയ്‌ക്ക്‌ അസഹനീയമാവും, ഞാന്‍ ആട്ടൂട്ടന്റെ അടുത്ത്‌ എത്തുന്ന ഓരോ നിമിഷവും അവള്‍ക്ക്‌ അറിയാന്‍ കഴിഞ്ഞത്‌ ഈ ഓവര്‍ സെന്‍സിറ്റിവിറ്റി മൂലമാവണം. ഓരോ ദിവസത്തെയും സ്റ്റാറ്റസ്‌ ഞാന്‍ വെറ്റ്‌സിനെ വിളിച്ച്‌ അപ്‌ഡേറ്റ്‌ ചെയ്യുമ്പോള്‍ അവര്‍ മൗനികളായിരുന്നത്‌ എന്താണെന്ന്‌ പിന്നീടുള്ള ദിവസങ്ങളില്‍ എനിക്ക്‌ മനസ്സിലായി തുടങ്ങി...




ആട്ടൂട്ടന്‍ എന്റെ അടുത്തെത്തിയ ഏഴാം നാള്‍ മുതല്‍ അവളുടെ അതുവരെയുണ്ടായിരുന്ന ഉത്സാഹങ്ങള്‍ പതിയെ മറഞ്ഞ്‌ തുടങ്ങി. പഴം പോലും തിന്നുന്നത്‌ ഇല്ലാതായി, കുപ്പിയില്‍ നല്‍കുന്ന പാല്‍ ഒന്നോ രണ്ടോ തുള്ളി ഇറക്കുന്നത്‌ പോലും അവള്‍ക്ക്‌ വേദനാജനകമായി തുടങ്ങി. വിശന്നുള്ള നേര്‍ത്തകരച്ചില്‍...ഭക്ഷണം ഇറക്കാനാവതെയുള്ള അവസ്ഥ...ശരീരത്തില്‍ തൊടുന്നതുപോലും അവള്‍ക്ക്‌ വേദനാജനകമായി തോന്നി, ദയനീയമായ കരച്ചില്‍, എന്നാലും സിറിഞ്ചിലും, ഫില്ലറിലുമായി കഞ്ഞിവെള്ളത്തിന്റെ തുള്ളികളും, പാല്‍ തുള്ളികളും മിനിറ്റുകള്‍ ഇടവിട്ട്‌ നല്‍കി. വീണ്ടും വെറ്റിനെ വിളിച്ചു...ഇല്ല, ഒന്നും ചെയ്യനാനില്ല, നമ്മുക്ക്‌ യുത്തനേഷ്യ ചെയ്‌താലോ, ഞാന്‍ പറഞ്ഞു, വേണ്ട...നോക്കാം.




തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രിയും പകലും ഇടവിട്ടുള്ള ഇടവേളകളില്‍ ഞാന്‍ ആട്ടൂട്ടനെ പരിചരിച്ചു, എന്റെ സാമീപ്യം അവള്‍ക്ക്‌ ആശ്വാസമായി തോന്നി, കുട്ടികള്‍ അമ്മേ എന്ന്‌ വിളിക്കുംപോലെ നേര്‍ത്ത്‌ നേര്‍ത്ത്‌ വരുന്ന ശബ്‌ദത്തില്‍ അവള്‍ എന്നെ വിളിക്കും പോലെ എനിക്ക്‌ തോന്നി. അവളുടെ ശ്വാസനാളിയിലും, കണ്ണുകളിലും മാത്രം തങ്ങിനിന്ന ജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താന്‍ ഞാന്‍ അല്‌പാല്‍പ്പമായി നല്‍കിയ വെള്ളത്തുള്ളികള്‍ വേദനയോടെ ആട്ടൂട്ടന്‍ ഇറക്കുമ്പോള്‍ എന്റെ കണ്ണുകള്‍ പലപ്പോഴും നിറഞ്ഞിരുന്നു. ആട്ടൂട്ടന്‍ എന്റെ അടുത്തെത്തി പത്താനാള്‍, രാത്രിയിലെ ഇടവിട്ടിള്ള ഉണരിലിന്റെ ക്ഷീണത്തില്‍ രാവിലെ അല്‌പം വൈകി എഴുന്നേറ്റ്‌ ഞാന്‍ ആട്ടൂട്ടന്റെ കൂടിന്‌ സമീപം ചെന്നു, എന്നെ നോക്കുന്ന പോലെ കണ്ണ്‌ തുറന്നിരിക്കുന്നു, ഞാന്‍ സൂക്ഷിച്ചുനോക്കി...ഹോ...ശ്വാസമുണ്ട്‌, സമാധാനമായി, തിരികെ പോയി ഫില്ലറില്‍ വെള്ളമെടുത്ത്‌ എത്തിയ ഞാന്‍ ഷോക്കേറ്റപോലെ നിന്നുപോയി, കണ്ണുകള്‍ തുറന്ന്‌, ശ്വാസം നിലച്ച്‌, നിമിഷങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ കണ്‍മുമ്പില്‍ വലിച്ചത്‌ ആട്ടൂട്ടന്റെ അവസാന ശ്വാസമായിരുന്നു, എന്നെ കാത്തിരുന്നെന്നപോലെ....




ആട്ടൂട്ടന്‍ സുഖംപ്രാപിക്കുമെന്നും, എഴുന്നേറ്റ്‌ ഓടിച്ചാടി പട്ടികുട്ടികളുമായി ചങ്ങാത്തം കൂടി കളിക്കുമെന്നും എന്റെ മകനെ ഞാന്‍ വിശ്വസിപ്പിച്ചിരുന്നു(എന്നെയും). എത്രയോ അനാഥരും, സനാഥരുമായ നായ്‌ക്കളും പൂച്ചകളും എന്റെ കൈകളില്‍ കിടന്ന്‌ മരിച്ചിരിക്കുന്നു, നിസ്സഹായയായി നോക്കി നില്‍ക്കുമ്പോള്‍ തോന്നാത്ത ഹൃദയവേദനയാണ്‌ ആട്ടൂട്ടന്റെ മരണം എനിക്ക്‌ നല്‍കിയത്‌. മുജ്ജന്മ പാപമായിരിക്കാം ആട്ടൂട്ടന്റെ ഈ മരണം...ഞാന്‍ ചിന്തിച്ചുപോയി, നമ്മുക്കാണ്‌ ഈ അവസ്ഥയെങ്കിലോ...
ഇതിവിടെ കുറിക്കുവാന്‍ കാരണവും ആ ചിന്തയാണ്‌. മൃഗങ്ങളല്ലെ എന്ന്‌ കരുതി അവരോട്‌ കാണിക്കുന്ന മനുഷ്യത്വമില്ലായ്‌മയാണ്‌ ആട്ടൂട്ടനെ പോലുള്ള ജീവികളുടെ ഇത്തരം അവസ്ഥയ്‌ക്ക കാരണം. ടെറ്റനസ്‌ എന്ന അവസ്ഥ മുറിവിലൂടെ മാത്രം സംഭവിക്കുന്ന ഒന്നാണ്‌, ജനിക്കുമ്പോള്‍ അമ്മ ആടില്‍ നിന്നും വേര്‍തിരിക്കുവാന്‍ പൊക്കിള്‍കൊടി മുറിച്ചപ്പോള്‍ സംഭവിച്ച അശ്രദ്ധ...മറ്റൊരു മുറിവും ആട്ടൂട്ടന്റെ ദേഹത്ത്‌ ഇല്ലായിരുന്നു. മൃഗഡോക്‌ടര്‍മാരുടെ അശ്രദ്ധയാണ്‌ പലപ്പോഴും ഇതിന്‌ കാരണം.




എന്റെ മൃഗക്ഷേമ പ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജം തന്നെ ഒരു പറ്റം നിസ്വാര്‍ത്ഥ സേവന തല്‍പരരായ മൃഗഡോക്‌ടര്‍മാരാണെങ്കിലും, ഭൂരിഭാഗം പേരും അവരുടെ പ്രൊഫഷനോട്‌ തീരെ ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്നതാണ്‌ സത്യം. തീര്‍ന്നില്ല, ഇത്തരം ഒരു അപകടം സംഭവിച്ച സ്ഥിതിക്ക്‌ ആട്ടൂട്ടനെ അതിന്റെ മരണം വരെ തള്ളയാടിന്റെ കൂടെ വിടാതെ ചപ്പുകൂനയില്‍ തള്ളുവാന്‍ തയ്യാറായ ഏതോ വീട്ടുകാര്‍....ഇത്‌ നാളെ മനുഷ്യകുഞ്ഞുങ്ങളോട്‌ ചെയ്യില്ലെന്ന്‌ ആര്‌ കണ്ടു....



മൃഗസംരക്ഷണം ഉറപ്പാക്കേണ്ടത്‌ നാളത്തെ മനുഷ്യരുടെ നന്മയ്‌ക്ക്‌ കൂടിയാണ്‌...ഏതോ മുജ്ജന്മ ബന്ധം പോലെ എന്റെ അടുത്തെത്തിയ ആട്ടൂട്ടന്‌ വേദനയോടെ അര്‍പ്പിക്കുന്ന കണ്ണീര്‍പൂക്കള്‍ക്കൊപ്പം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ഇനിയും ആട്ടൂട്ടന്‍മാര്‍ ഇത്തരത്തില്‍ നരകിക്കപെടാതിരിക്കട്ടെ....

Tuesday, 25 May 2010

തീവണ്ടിയിലെ "ബോംബ്‌" 


ഗിരീഷ്‌ കൃഷ്‌ണ ചെന്നൈ

ട്രെയിനില്‍ പകല്‍ യാത്ര തിരഞ്ഞെടുത്ത നിമിഷത്തെ മനസ്സില്‍ ശപിക്കുകയായിരുന്നു ഞാന്‍ . ഭയങ്കര ചൂട് , ഉള്ള ഫാനുകളില്‍ ഒന്ന് വര്‍ക്ക്‌ ചെയ്യുന്നുമില്ല . രാത്രി വണ്ടികളിലോന്നും സീറ്റ്‌ ഒഴിവുണ്ടായിരുന്നില്ല . എല്ലാത്തിലും വെയ്‌റ്റിംഗ്‌ ലിസ്റ്റ് നൂറും കഴിഞ്ഞിരുന്നു . 20 മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്ന യാത്രക്ക് റിസര്‍വേഷന്‍ ഇല്ലാത്തതു ചിന്തിക്കാനെ വയ്യ . അതാണ് പിന്നെ ടിക്കറ്റ്‌ ഉണ്ടായിരുന്ന ഈ ട്രെയിന്‍ തിരഞ്ഞെടുത്തത് . രാവിലെ ആറ്‌ മണിക്ക് പുറപ്പെട്ടതാണ് . നാളെ വെളുപ്പാന്‍കാലം എങ്കിലും ആകും എനിക്കിറങ്ങേണ്ട സ്റ്റേഷന്‍ എത്താന്‍. ലേറ്റ് ആയാലത്തെ കഥ പിന്നെ പറയണ്ടല്ലോ . ഇപ്പോള്‍ സമയം ഉച്ചയാകുന്നു . വണ്ടി കേരളത്തിന്റെ അതിര്‍ത്തി കടക്കാരവുന്നത്തെ ഉള്ളൂ . കൂടെ ഉള്ളവരെ ഒരിക്കല്‍ കൂടെ ഒന്ന് നോക്കി ഞാന്‍ . (വേറെ എന്ത് ചെയ്യാന്‍ ). 4 പേര്‍ അടങ്ങുന്ന ഒരു മലയാളി കുടുംബം, രണ്ടു പേര്‍ കുട്ടികളാണ് പത്തും പതിമൂനും വയസു പ്രായം തോന്നിക്കുന്ന രണ്ടു ആണ്‍കുട്ടികള്‍ , അവരുടെ അച്ഛനും അമ്മയും . Vacation ആഘോഷിക്കാനുള്ള യാത്ര ആണെന്ന് തോന്നുന്നു . പിന്നെ 3 തമിഴന്മാര്‍ . ബിസിനസ്‌ ആവശ്യത്തിനു കേരളത്തില്‍ വന്നു മടങ്ങുകയാവണം . അവര്‍ ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ട് , കുട്ടികളുടെ അമ്മ അവരുടെ ഭര്‍ത്താവിനോട് ," ഇവരെന്താ വഴക്കുണ്ടാക്കുന്നോ" എന്ന ചോദ്യം കേട്ട് എനിക്ക് ചിരി പൊട്ടി . ഇതവരുടെ സാധാരണ സംസാരമാണെന്നു ഭാര്യയെ പറഞ്ഞു മനസിലാക്കുന്നതിനിടയില്‍ അയാളെന്നെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു .




ഒന്ന് മയങ്ങി ഉണര്‍ന്നു കണ്ണ് തുറന്നത് പുതച്ചു മൂടി ഇരിക്കുന്ന ഒരു രൂപത്തിന്റെ നേര്‍ക്കാണ് . ഈ പൊരിഞ്ഞ ചൂടിലും ഇയാളെന്തിനിങ്ങിനെ പുതച്ചു മൂടി ഇരിക്കുന്നു ? കണ്ണ് മാത്രം ഉണ്ട് വെളിയില്‍ . ആര്‍ക്കും തീരെ മുഖം കൊടുക്കുന്നില്ല അയാള്‍ . ചുറ്റും നോക്കിയപ്പോള്‍ മനസിലായി ഇയാളെ ശ്രദ്ധിക്കുന്ന ഏറ്റവും ഒടുവിലത്തെ ആളാണ് ഞാനെന്നു . ചറപറ സംസാരിച്ചിരുന്ന ആ ആണ്‍കുട്ടികള്‍ പോലും ഇപ്പോള്‍ സാകൂതം ഇയാളെ തന്നെ നോക്കുന്നു . അയാളാകട്ടെ ഇതൊന്നും നോക്കാതെ ആ ഒറ്റ സീറ്റില്‍ പുറത്തേക്കു മാത്രം നോക്കി ഇരിക്കുന്നു .



ആയിടെ പത്രങ്ങളിലും tv ഇലും ഒക്കെ വന്നിരുന്ന തീവ്രവാദികളെ പറ്റി ഉള്ള വാര്‍ത്തകളാണ് പെട്ടെന്നെന്റെ മനസ്സില്‍ ഓടി എത്തിയത് . ആ ചിന്താ എനിക്ക് മാത്രമല്ല ഉണ്ടായതെന്ന് കൂടെ ഉള്ളവരുടെ മുഖഭാവത്തില്‍ നിന്നും എനിക്കൂഹിക്കംയിരുന്നു .അയാളുടെ ഇരിപ്പ് കണ്ടിട്ട് ഒരു ആജനുബഹു ആണെന്ന് തോന്നുന്നു . ഒരു ജീന്‍സ് ഉം ഫുള്‍ സ്ലീവ് ഷര്‍ട്ടും ആണ് വേഷം . പ്രായം പറയാന്‍ പറ്റില്ല , മുഖം കാണാന്‍ വയ്യല്ലോ . എന്നാലും യുവത്വം വിടാത്ത ഒരാളാണെന്ന് തോന്നി . ആകെ ഒരു അസ്വസ്ഥത . ഒന്ന് മുഖം കഴുകി വരാമെന്ന് കരുതി ഞാന്‍ washbasin ന്റെ അടുത്തേക്ക് പോയി . തിരിച്ചു വരുന്നവഴി എതിരെ അയാള്‍ . എന്നെ കണ്ടതും പുതചിരുന്നത് ഒന്ന് കൂടി മുഖത്തേക്ക്‌ വലിചീടു എതിര്‍ദിശയിലേക്ക് നോക്കി കടന്നു പോയി . എന്റെ സീറ്റില്‍ ഞാന്‍ എത്തിയപ്പോള്‍ compartment ഇല്‍ ചൂടുള്ള ചര്‍ച്ചകള്‍ നടക്കുകയായിരുന്നു . എല്ലാവര്ക്കും സംശയം ഒന്ന് തന്നെ . ഇയാളെന്താ ഇങ്ങനെ ? വല്ല ക്രിമിനലും ആയിരിക്കുമോ ? അതോ തീവ്രവാദിയോ ? അയാളേതു നാട്ടുകാരന്‍ ? എന്തായാലും അയാള്‍ തിരിച്ചു വരട്ടെ , ഒന്ന് സംസാരിച്ചിട്ടു തന്നെ കാര്യം, ഞാനുറപ്പിച്ചു . അപ്പോഴേക്കും ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ എത്തിയതിന്റെ തിരക്കി i. കേരുന്നവരുടെയും ഇറങ്ങുന്നവരുടെയും തിരക്ക് . അതിനിടെ ചായ , കാപ്പി , cooldrinks വില്പനക്കാര്‍ . ആകെ ഉള്ള 5 മിനിറ്റ് സമയം കൊണ്ട് എല്ലാം വിറ്റു തീര്‍ക്കാനുള്ള തിരക്കാനവര്‍ക്ക്



യാത്ര തുടര്‍ന്ന് കുറച്ചുനേരം കഴിഞ്ഞാണ് അയാളുടെ അഭാവം ഞങ്ങള്‍ ശ്രദ്ധിച്ചത് . അതെ അയാളില്ല!! കഴിഞ്ഞ സ്റ്റേഷനില്‍ ഇറങ്ങിപ്പോയിരിക്കുമോ ? എങ്കില്‍ ആ പെട്ടി എന്തെ കൊണ്ടുപോയില്ല ?.



അതയാളുടെ പെട്ടി തന്നെആനെന്നു ആ കുട്ടികളുടെ അമ്മ ഉറപ്പിച്ചു പറയുന്നു . അയാളത് ആ സീറ്റിന്റെ അടിയില്‍ ഭദ്രമായി വൈക്കുന്നത് അവര്‍ കണ്ടിരുന്നത്രേ . പിന്നെ അയാളെവിടെ ?? ആ ബോഗിയിലും , അടുത്ത ബോഗിയിലും ഒന്നും അയാളില്ലെന്ന്‌ തമിഴന്മാരിലൊരാള്‍ പൊയ് നോക്കി വന്നു അറിയിച്ചു .

ന്തായിരിക്കും പെട്ടിയില്‍ . വല്ല ബോംബും ???? എന്തുകൊണ്ടായിക്കൂടാ ? അയാള്‍ മുഖം മറച്ചു പിടിച്ചതെതിനാണെന്ന് ഇപ്പോള്‍ മനസിലായില്ലേ ….. ഊഹാപോഹങ്ങള്‍ അങ്ങനെ പോയി . ആലോചിച്ചു നില്ക്കാന്‍ സമയമില്ല , ചങ്ങല പിടിച്ചു വലിച്ചു വണ്ടി നിര്‍ത്തിയത് തമിഴന്‍ മാരില്‍ ഒരാളാണ് . Guard വന്നു , അദ്ദേഹത്തോട് കാര്യം പറഞ്ഞു . പറഞ്ഞപ്പോള്‍ ആയാലും ആ പെട്ടി സംശയത്തോടെ നോക്കുന്നത് കണ്ടു . സമാനമായ പല സംഭവങ്ങളും അദ്ദേഹത്തിന്റെ മനസിലൂടെ കടന്നു പോയിട്ട്ടുണ്ടാകണം . ഏറ്റവും അടുത്ത സ്റ്റേഷനില്‍ വണ്ടി നിറുത്തി ആ പെട്ടി റെയില്‍വേ പോലീസിനു കൈമാരമെന്ന തീരുമാനത്തില്‍ വണ്ടി യാത്ര തുടര്‍ന്ന് . സത്യം പറയാമല്ലോ , ഞങ്ങള്‍ എല്ലാവരുടെ കണ്ണുകളും ആ പെട്ടിയിലായിരുന്നു , എത്രയും പെട്ടന്ന് അടുത്ത സ്റ്റേഷന്‍ എത്താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു ഞങ്ങള്‍

.
മെയിന്‍ സ്റ്റേഷന്‍ അല്ലാതിരുന്നിട്ടും അവിടെ നിറുത്തി ആ പെട്ടി റെയില്‍വേ പോലീസിനു കൈമാറിയപ്പോഴാണ്‌ എല്ലാവര്‍ക്കും ശ്വാസം നേരെ വീണത്‌ . ഒരു വല്യ അപകടതില്‍നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട പ്രതീതി ആയിരുന്നെല്ലവര്‍ക്കും . പുതച്ചു മൂടിയ ആ മനുഷ്യനെ പറ്റി ഉള്ള ചര്‍ച്ചയില്‍ സമയവും ചൂടും ഒക്കെ മറന്നു എല്ലാവരും . എല്ലാവരും അവരവരുടെ സംശയങ്ങള്‍ പങ്കു വച്ചു.

അയാളുടേത് വിലക്കൂടിയ ഒരു മൊബൈല്‍ ആണെന്നും അയാള്‍ ചിലപ്പോള്‍ വിദേശ ചാരന്‍ ആയിരിക്കുമെന്നയിരുന്നു 13 വയസുകാരന്‍ dictective ന്റെ കണ്ടുപിടുത്തം . എന്തായാലും നാളെ പത്രത്തില്‍ ഇല്‍ ഞങ്ങളുടെ വീരപരക്രമത്തെ പറ്റി ഉള്ള വാര്‍ത്ത‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടയിരുന്നില്ല. എത്ര പേരുടെ ജീവനാണ് ഞങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷപ്പെട്ടത് , ഇങ്ങനെ പോയി സംസാരങ്ങള്‍ .



കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞു പോയതരും അറിഞ്ഞതേയില്ല . നല്ല ചൂടന്‍ വിഷയമല്ലേ സംസാരിക്കാന്‍ . അടുത്ത സ്റ്റേഷന്‍ എത്താന്‍ കാത്തിരിക്കുകയനിരുന്നു ഞാന്‍ , കയില്‍ ഉണ്ടായിരുന്ന വെള്ളം കാലിയായി. നല്ല ദാഹവും വിശപ്പും . അധികം കാത്തിരിക്കേണ്ടി വനില്ല , സ്റ്റേഷന്‍ എതിയാതെ വേഗം വെള്ളവും ഒക്കെ വാങ്ങി . ഭക്ഷണം കഴിച്ചു വെള്ളം കുടിച്ചു . ജനാലയിലൂടെ പുറത്തേക്കു കയിടു കഴുകി തിരിയുമ്പോള്‍ , അയാള്‍ ! അതെ പോലെ മൂടിപുതച്ചു തന്നെ . ഇയലെന്തിനു വീണ്ടും വന്നു ?? അയാള്‍ വേഗം മുന്‍പിരുന്ന അതെ സീറ്റില്‍ തന്നെ ഇരുപ്പുറപ്പിച്ചു . ആരും ഒരക്ഷരം മിണ്ടുന്നില്ല , എല്ലാവരുടെ കണ്ണുകളും അയാളില്‍ തന്നെ . അയാള്‍ ഒന്നശ്വസിക്കുകയനെന്നു തോന്നി . ഒന്ന് നന്നായി ചാരി ഇരുന്നു . മെല്ലെ കാലുകൊണ്ട്‌ സീറ്റ്‌ ന്റെ അടിയില്‍ തിരയുന്നു . പിന്നെ വിശ്വാസം വരാതെ വേഗം എഴുന്നേറ്റു കുനിഞ്ഞു നോക്കി . പെട്ടി ഇല്ല !! "എന്റെ പെട്ടി ഇവിടെ വച്ചിരുന്നു , ആരങ്കിലും കണ്ടിരുന്നോ ? പച്ച മലയാളത്തിലുള്ള അയാളുടെ ചോദ്യം കേട്ട് ഒന്ന് സ്തംഭിച്ചു പൊയ് എല്ലാവരും . മലയാളി തീവ്രവാദിയോ ? അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു , മുന്‍പൊരു സ്റ്റേഷനില്‍ വെള്ളം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു , തിരിച്ചു വന്നപ്പോഴേക്കും വണ്ടി വിറ്റു . പിന്നെ അവിടുന്ന് ടാക്സി പടിച്ചു അടുത്ത സ്റ്റേഷനില്‍ എത്തുകയായിരുന്നു .




ഇത്രയുമായപ്പോള്‍ രണ്ടും കല്പിച്ചു ഒരു അഡ്വാന്‍സ്‌ ക്ഷമാപണത്തോടെ അയാളോട് ഞാന്‍ ഉണ്ടായ സംഭവം മുഴുവന്‍ വിവരിച്ചു . പെട്ടി വേറെ ഏതോ സ്റ്റേഷനില്‍ ആണെന്നറിഞ്ഞപ്പോള്‍ അയാളുടെ കണ്ണിലെ ഞെട്ടല്‍ ഞാന്‍ ശരിക്കും കണ്ടു . “ ഈ പുതപ്പാണ്‌ കുഴപ്പമായത് ” ഞാന്‍ പറഞ്ഞവസനിപ്പിച്ചപ്പോഴേക്കും ," പിന്നെ ഞാന്‍ എന്ത് വേണമായിരുന്നു"എന്നൊരു ചോദ്യം എന്റെ നേരെ വലിച്ചെറിഞ്ഞു തന്നു അയാള്‍ .എന്നിട്ട് രോഷത്തോടെ പുതച്ചിരുന്ന ആ പുതപ്പു വലിച്ചു മാറ്റി . ആ മുഖം കണ്ടു ഞെട്ടിപ്പോയി ഞാന്‍ . മുഖം മുഴുവന്‍ വസൂരി കലകള്‍ , അതും പൊറ്റ പിടിച്ചിരിക്കുന്നു , ചിലത് ചോര നിറത്തില്‍ . ഭീകരമായിരുന്നത്, ഞാന്‍ അറിയാതെ മുഖം തിരിച്ചു പോയി . "ഇപ്പോള്‍ മനസിലായില്ലേ ഞാന്‍ എന്തിനാണ് മുഖം മറച്ചു വെച്ചതെന്ന് ?" ആ ചോദ്യത്തിന് ഒരു ഉത്തരത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല . സഹയാത്രികരുടെ മുഖത്തെ ഭാവം എനിക്ക് വ്യക്തമായി പറയാന്‍ ഇപ്പോഴും അറിയില്ല , ഒരു സഹതാപമോ, വേദനയോ, ഒരു അമളി പിണഞ്ഞ ഭാവമോ ഒക്കെ ആയിരുന്നു എല്ലാവരുടെയും മുഖത്ത്‌ , പക്ഷെ എനിക്കുറപ്പാണ് എല്ലാവര്ക്കും ഒരേ മനസായിരുന്നു അപ്പോള്‍ ,അയാള്‍ക്കുള്ളതുപോലെ ഒരു പുതപ്പു കിട്ടിയിരുന്നെങ്കില്‍ …… കാരണം ഇപ്പോള്‍ മറയ്‌ക്കേണ്ടത്‌ ഞങ്ങളുടെ മുഖം ആണല്ലോ.

Friday, 18 December 2009

മേളകളിലെ മീഡിയാ നുറുങ്ങുകള്‍

ബി. അമ്പിളി

സ്‌കൂള്‍ കോളേജ്‌ തലമേളകള്‍ പത്രപ്രവര്‍ത്തകര്‍ക്ക്‌ കൂട്ടായ്‌മയുടെ നാളുകളാണ്‌. ഒത്തുചേരലിന്റെയും പാരവയ്‌ക്കലിന്റെയും സുഖം ഒരു പോലെ അനുഭവിക്കുന്ന ദിവസങ്ങള്‍.

എല്ലാ മേളകളും കുറഞ്ഞത്‌ 4 ദിനങ്ങള്‍ നീണ്ട്‌ നില്‍ക്കുന്നവയാണ്‌. കലാമേളകള്‍ രാത്രി വൈകിയും തുടരുന്നതിനാല്‍ ഈ നാലുനാള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മേളയുടെ വേദികള്‍ താല്‍ക്കാലിക താമസ സ്ഥലമാവും.


ഞാന്‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌ത കലാമേള 2003ല്‍ മൂവാറ്റുപുഴയില്‍ നടന്ന എറണാകുളം ജില്ലാ കലാമേളയായിരുന്നു. പത്രപ്രവര്‍ത്തനത്തിനോടുള്ള ആസക്തിയാണ്‌ നല്ലൊരു മള്‍ട്ടിനാഷണല്‍ കമ്പിനിയിലെ ഉദ്യോഗത്തില്‍ നിന്ന്‌ അവധിയെടുത്ത്‌ ഈ കലാമേളയുടെ മീഡിയ സെന്ററില്‍ എത്തുവാന്‍ എന്നെ പ്രേരിപ്പിച്ചത്‌. വളരെയൊന്നും അനുഭവമോ, പരിചയമോ ഇല്ലാത്തതിനാല്‍ പേരൊന്നും വയ്‌ക്കാതെ വിവിധ ചെറുകിട പത്രങ്ങള്‍ക്ക്‌ സൈഡ്‌ സ്റ്റോറികളും, എക്‌സ്‌ക്ലൂസിവുകളും റിപ്പോര്‍ട്ട്‌ ചെയ്യലായിരുന്നു പണി. അത്‌ ഏതാണ്ട്‌ വിജയം കണ്ടുവെന്ന്‌ പറയാം. മൂവാറ്റുപുഴയിലെ ചെറുകിട പത്രങ്ങളുടെ ലേഖകര്‍ക്ക്‌ ഞാനൊരു ആശ്വാസമായിരുന്നു...


പിന്നെ 2006ല്‍ നടന്ന എറണാകുളം ജില്ലാ കലാമേളയില്‍ എന്റെ ബൈലനില്‍ ഒരു പ്രമുഖ പത്രത്തിനുവേണ്ടി പണിയെടുത്തു. ആദ്യ ദിനം ഞാന്‍ ഇന്നും ഓര്‍മ്മിക്കുന്നു. ഒരു എസ്‌ എല്‍ ആര്‍ ക്യാമറയും തൂക്കി(അത്യാധുനിക ഡിജിറ്റര്‍ ക്യാമറയുമായി മലയാള മാധ്യരംഗത്തെ ഭീമന്‍മാര്‍ നിരന്നിരിക്കുന്ന സദസ്സിലാണെന്ന്‌ ഓര്‍മ്മിക്കുക) ഒരു ചെറു ചമ്മലോടെ റിപ്പോര്‍ട്ടിംഗ്‌ തുടങ്ങി. ആദ്യദിനം അന്ധാളിപ്പോടെ എന്തെല്ലാമോ തട്ടികൂട്ടി അയക്കുമ്പോള്‍ ഉള്ള്‌ നിറയെ പേടിയായിരുന്നു. പക്ഷെ ഡെസ്‌കില്‍ നിന്ന്‌ കൊള്ളാമെന്നും, അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സ്‌പേസ്‌ അനുവദിക്കാമെന്നുമുള്ള പ്രോത്സാഹനം ഉന്‍മേഷമേകി. രണ്ടാം ദിനത്തില്‍ മറ്റൊരു പ്രമുഖ പത്രത്തിന്റെ വനിതാലേഖിക കൂടി സ്ഥലത്തുണ്ടായിരുന്നു. കവിതയില്‍ പിഎച്ച്‌ഡി എടുത്തിരിക്കുന്ന ഒരു ബുജിയെപ്പോലെ എന്നെ പുച്ഛത്തോടെ നോക്കുന്ന അവരില്‍ നിന്ന്‌ ഞാനല്‍പ്പം അകന്നു മാറി. (ഇത്തവണയും ചെറുകിട പത്രങ്ങള്‍ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ജനറല്‍ ന്യൂസുകള്‍ വിവിധ ആംഗിളുകളില്‍ ആറോളം പത്രങ്ങള്‍ക്ക്‌ നല്‍കി ഞാന്‍ സ്വയം കൃതാര്‍ത്ഥയുമായിരുന്നു!!!!). ചില പ്രത്യേക ഐറ്റംസ്‌ ഞാന്‍ മറ്റാരും ശ്രദ്ധിക്കാത്ത ആംഗിളില്‍ നല്‍കിയതോടെ മൂന്നാം നാള്‍ മുതല്‍ ഞാനും മീഡിയ റൂമിലെ താരമായി!!!!(ബൈലൈന്‍ കിട്ടിയതിനേക്കാള്‍ സന്തോഷമായിരുന്നേ അന്ന്‌ എനിക്ക്‌...). കലാമേള കഴിയുമ്പോള്‍ മൂവാറ്റുപുഴയിലെ പത്രക്കാര്‍ക്കിടയില്‍ ഒരു ചര്‍ച്ചാവിഷയമാവാന്‍ എനിക്ക്‌ കഴിഞ്ഞു.


പക്ഷെ അരിമേടിക്കാന്‍ ബൈലന്‍ പോരല്ലോ, ഒരു വന്‍കിട കമ്പനിയില്‍ അഡ്‌മിനിസ്‌ട്രേഷന്‍ എച്ച്‌ ആര്‍ ജോലിയില്‍ വ്യാപൃതയായ എന്നെ തേടി വീണ്ടു ഒരു കായികമേള എത്തി. 2009 ഡിസംബറില്‍ പാലക്കുഴയില്‍ നടന്ന എറണാകുളം റവന്യു ജില്ലാ കായികമേള. അതിലെ വിശേഷങ്ങളാണ്‌ കുറിക്കുന്നത്‌.


ദിനം 1. വെള്ളിയാഴ്‌ച: തുടക്കദിവസമായതിനാല്‍ മീഡിയാ സെന്ററില്‍ വലിയ തിരക്കൊന്നും ഇല്ല. ഞാന്‍ ഇത്തവണ എത്തിയിരിക്കുന്നത്‌ മലയാളത്തില്‍ അത്യാവശ്യം സര്‍ക്കുലേഷനുള്ള ഒരു പത്രത്തിന്റെ ലേബലിലാണ്‌. മീഡിയാ സെന്ററില്‍ എന്നെ കണ്ട വഴിയേ, ദീപിക പത്രത്തിന്റെ ലേഖകന്റെ വക കമന്റ്‌..ഈ വര്‍ഷം ഏതില്‍ നിന്നാ.?..ഞാന്‍ പറഞ്ഞു........
പിന്നെ മറ്റുള്ളവരെയൊക്കെ പരിചയപ്പെടുന്ന തിരക്കായി. ഒപ്പം സ്‌കൂപ്പുകള്‍ നോക്കിയുള്ള പാച്ചിലും. കായിക, കലാ മേളയില്‍ പത്രക്കാരെ കാത്തിരിക്കുന്നത്‌ സമയാ സമയങ്ങളില്‍ നല്ല ഭക്ഷണവും, മറ്റ്‌ സൗകര്യങ്ങളുമാണ്‌.


കായികമേളയില്‍ ആദ്യദിനം മുതല്‍ കണ്ടതാണ്‌ ഏത്തപ്പഴം മുറിച്ചത്‌. രാവിലെ ചെന്നപ്പോള്‍ നാലഞ്ചെണ്ണം മേശപ്പുറത്തുണ്ട്‌. വിശപ്പുകൊണ്ടും(ആര്‍ത്തികൊണ്ട്‌) തിന്നു. പിന്നെ ഉച്ചയ്‌ക്ക്‌ ഊണിനു ശേഷവും കിട്ടി. വൈകിട്ടും ഇത്‌ തന്നെ ആവര്‍ത്തിച്ചപ്പോള്‍ അല്‌പം വിരസത തോന്നി. രണ്ടാം ദിനം രാവിലെ മീഡിയ സെന്ററില്‍ കയറി ചെല്ലുമ്പോള്‍ ദാ സ്വീകരിക്കുന്നു വീണ്ടും ഏത്തപ്പഴം മുറിച്ചത്‌. മീഡിയാ കണ്‍വീനറിനോട്‌ തമാശ കലര്‍ത്തി ചോദിച്ചു, എന്താ ഈ ഭാഗത്ത്‌ വല്ല കാറ്റ്‌ വീഴ്‌ചയും ഉണ്ടായോ?? ഇമ്മാതിരി ഏത്തപ്പഴം മുറിച്ച്‌ തരാന്‍, ഉച്ചയ്‌ക്ക്‌ മുറിക്കാതെ മതിയെ...ഭാഗ്യം ഉച്ചയ്‌ക്ക്‌ കിട്ടിയില്ല. പക്ഷെ രണ്ടാം ദിനത്തില്‍ മീഡിയ സെന്ററില്‍ നിന്ന്‌ പത്രപ്രവര്‍ത്തകരെ പൊക്കികൊണ്ടു പോയി മെഡല്‌ കൊടീക്കുന്ന മത്സരത്തിലായിരുന്നു സംഘാടകര്‍!!. പത്രപ്രവര്‍ത്തകരാവട്ടെ ഒരു സെക്കന്റ്‌ മാറിയാല്‍ സ്‌കൂപ്പ്‌ മറ്റവന്‍ കൊണ്ടുപോയാലോ എന്ന പേടിയില്‍ ഇതിനൊന്നും പോവാന്‍ തയ്യാറല്ലായിരുന്നു.


ഏതാണ്ട്‌ ഉച്ചയോടടുത്ത സമയം, ഞാന്‍ ഡസ്‌കിലിരുന്ന്‌ അന്നത്തേക്കുള്ള സ്റ്റോറി ചെയ്യുന്നു, ഞാനില്ലേന്നേ...ഹാ എന്നെ വിട്‌ എന്നെല്ലാമുള്ള വര്‍ത്തമാനം കേട്ട്‌ നോക്കുമ്പോള്‍ ഒരു പ്രമുഖ പത്രത്തിന്റെ ഫോട്ടോഗ്രാഫറെ സംഘാടകര്‍ തൂക്കിയെടുത്ത്‌ കൊണ്ടുപോകുന്നു....മെഡല്‍ കൊടുപ്പിക്കാന്‍...ഫോട്ടോ ഗ്രാഫറാണെങ്കിലും ഒരു സെക്കന്റില്‍ തനിക്ക്‌ കിട്ടേണ്ട ആക്ഷന്‍ ഫോട്ടോ നഷ്‌ടപ്പെട്ടെങ്കിലോ എന്ന പേടിയിലാണ്‌. ഏതായാലും അയാള്‍ അവരുടെ കൈയില്‍ നിന്ന്‌ രക്ഷപെട്ടില്ല!!!! ഇതിനു ശേഷം പല പത്രപ്രവര്‍ത്തകരും, മീഡിയാ സെന്ററില്‍ ഇരിക്കാതെ മറ്റ്‌ പലയിടത്തും ഇരുന്ന്‌ തങ്ങളുടെ വര്‍ക്ക്‌ ചെയ്യുന്നത്‌ കാണാമായിരുന്നു.


മൂന്നാം ദിനം, ശരിക്കും പത്രക്കാര്‍ക്ക്‌ ഓവര്‍ ലോഡുള്ള ദിനമാണ്‌. മത്സര ഇനങ്ങള്‍ കൂടുതല്‍..തങ്ങളുടെ പത്രങ്ങള്‍ മേളയില്‍ ചര്‍ച്ചയാവുന്നതിന്റെ ത്രില്‍...ഏതായാലും അന്ന്‌ രാവിലെ സംഘാടകരുടെ വക പലഹാരം കൊഴുക്കട്ടയായിരുന്നു. ഹൊ...സമാധാനമായി ഏത്തപ്പഴം പോയികിട്ടിയല്ലോ...ചിലര്‍ പറഞ്ഞു... ഒരു പേപ്പറില്‍ പത്തിരുപത്തിയഞ്ച്‌ കൊഴിക്കട്ട. കണ്ടവര്‍ കണ്ടവര്‍ എടുത്ത്‌ വിഴുങ്ങുന്നുണ്ടായിരുന്നു. സമയം ഉച്ചകഴിഞ്ഞു, ഞാനും എന്റെ പത്രത്തിന്റെ കൂത്താട്ടുകുളം ലേഖകനും കൂടി അന്നത്തെ റിസല്‍ട്ട്‌ കംപ്യൂട്ടറില്‍ ഫീഡ്‌ ചെയ്യുകയായിരുന്നു. അപ്പോഴാണ്‌ ദീപിക ലേഖകന്റെ വരവ്‌,


..സുനീഷേ.. ഇപ്പോള്‍ എത്രമത്സരം കഴിഞ്ഞു.
...ഏതാണ്ട്‌ 25 എണ്ണം(സീരിയസ്സായാണ്‌ ചോദ്യവും ഉത്തരവും)
അപ്പോള്‍ ഇനി എത്രയുണ്ട്‌ ബാക്കി...
ഓ... ഇനിയുമുണ്ട്‌ കുറെ....
ക്ഷീണിച്ചോ....സുനീഷേ....എന്നാപ്പിന്നെ...
ചെയ്‌തല്ലേ പറ്റൂ മാഷേ(സുനീഷിന്റെ ദയനീയ മറുപടി)
എന്നാപ്പിന്നെ...ദാ...ഈ ഏത്തപ്പഴം തിന്നിട്ട്‌ ബാക്കി കൂടി ടൈപ്പ്‌ ചെയ്‌തോ....
നോക്കുമ്പം ആദ്യദിനത്തില്‍ അവിടെ ഉപേക്ഷിച്ചിട്ടുപോയ ഏത്തപ്പഴം കഷണം കൈയില്‍ വച്ച്‌ നീട്ടുന്നു....(എലി കടിച്ച കഷണമാണ്‌ എന്ന്‌ നേരത്തേ ശ്രുതി പരന്നിരുന്നു അവിടെ)
എല്ലാവരും കൂട്ടച്ചിരി...കാര്യമെന്തന്നറിയാത്ത സംഘാടകര്‍ അന്ധാളിച്ച്‌ നിന്നു...
അവസാനദിനമായി...ഏത്തപ്പഴം വരരുതേ എന്ന പ്രാര്‍ത്ഥനയോടെ...സുനീഷ്‌ മീഡിയ സെന്ററില്‍...അവസാന ദിനമായതിനാല്‍ സൈഡ്‌ സ്റ്റോറിക്ക്‌ പ്രസക്തിയില്ല. ഉച്ചവരെ അലസതയാണ്‌. മേളയുടെ അവലോകനവും, നാട്ടുവര്‍ത്തമാനവും...
ഇടയില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വയം അങ്ങോട്ടും ഇങ്ങോട്ടും ട്രോഫികള്‍ കൊടുത്തു കളിച്ചും...സമയം പോക്കി. സമാപനസമ്മേളനം കഴിഞ്ഞ്‌, റിപ്പോര്‍ട്ടുകള്‍ അയച്ചുകഴിഞ്ഞ്‌ എല്ലാവരോടും വിടചൊല്ലുവാന്‍ പോയി..
അപ്പോള്‍ ഇനി അടുത്ത മേളയ്‌ക്ക്‌....
അടുത്ത തവണ .....അവിടെ കാണാം...
ഈ പത്രത്തില്‍ തന്നെയാവുമോ????, ചോദ്യം എന്നോടാണ്‌...
ഞാന്‍ ചിരിച്ചു. സാക്ഷരകേരളത്തില്‍, പത്രങ്ങള്‍ക്കാണോ പഞ്ഞം....
മേളകള്‍ കൂട്ടായ്‌മയുടെയും...പരിചയം പുതുക്കുന്നതിന്റെയും പുതിയ മേഖലകള്‍ കണ്ടെത്തുന്നതിന്റെയും വേദിയാണ്‌. ഒരിക്കല്‍ മേളയില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയാല്‍, പിന്നെ അതിനോട്‌ അടക്കാനാവാത്ത അഭിവാഞ്‌ജയാണ്‌...കാത്തിരിപ്പാണ്‌ അടുത്ത മേളക്കായി....

Sunday, 6 December 2009

നീര്‍മാതളത്തിനരികില്‍ എന്നെയും കാത്ത്‌......

മേരി ലില്ലി

കമലാ സുരയ്യ എന്ന മാധവിക്കുട്ടി ഇപ്പോള്‍ ഇല്ല . നീര്‍മാതള സുഗന്ധം പോലെ ആ ഗന്ധവും നമ്മളില്‍ നിന്നും അകന്നു പോയി. അവര്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എനിക്കൊരു വരം തന്നിരുന്നു. ഞാന്‍ അവരുടെ വീട്ടില്‍ പോവുകയാണെങ്കില്‍ അവരുടെ സ്വന്തം മുറിയില്‍ എന്നെ സ്വീകരിച്ചു ഇരുത്തും എന്ന്. പക്ഷെ മനസ്സില്‍ ഒരുപാടു മോഹം ഉണ്ടായിട്ടും ഞാന്‍ അവരെ ഒരിക്കല്‍ പോലും കാണാന്‍ പോയില്ല. പിന്നീടൊരിക്കലും ഞാന്‍ അവരെ വിളിച്ചതുമില്ല.
അന്ന് ഞാന്‍ കോഴിക്കോട്‌ താമസിക്കുകയാണ്. കോഴിക്കോട്‌ നിന്നും ഇറങ്ങുന്ന പല പത്രങ്ങളിലും മാഗസിനുകളിലും ഞാന്‍ പല പേരില്‍ പല തരത്തില്‍ എഴുതുന്ന കാലം. എനിക്ക് പണത്തിനു ഒരു പാടു ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. ആകെ അറിയാവുന്ന ജോലി എഴുത്താണ്. ചന്ദ്രികയില്‍ നിന്നും ഇറങ്ങുന്ന എല്ലാത്തിലും ഞാന്‍ നിരത്തി എഴുതാറുണ്ട്. പ്രശസ്തരുടെ പ്രണയം തുടങ്ങി എന്‍റെ പല മാറ്ററുകളും സ്ഥിരമായി ചന്ദ്രിക പ്രസിദ്ധീകരങ്ങളില്‍ വന്നു കൊണ്ടിരുന്നു.

കാശിനു ആവശ്യം വരുമ്പോള്‍ നേരെ ചന്ദ്രികയില്‍ പോയാല്‍ മതി. എഴുതിയതിന്‍റെ പ്രതിഫലം കിട്ടാന്‍ ഉണ്ടാകും. എന്‍റെ വീട്ടിലേക്ക് കയറി ചെല്ലുന്നത് പോലെ ആയിരുന്നു ഞാന്‍ ചന്ദ്രികയിലേക്ക് പോയിരുന്നത്. അവിടെ ഉള്ളവരുടെ സ്നേഹവും ആതിഥ്യ മര്യാദയും ഒരിക്കലും മറക്കാന്‍ കഴിയില്ല. സി.കെ. താനൂര്‍, നവാസ് പുനൂര്‍, പി.ഖാലിദ്, അസീസ്‌, നജീബ് കാന്തപുരം, പിന്നെ എല്ലാവരും മാഷ് എന്ന് വിളിക്കുന്ന ഒരു മാഷ്‌ ...അദ്ദേഹത്തിന്‍റെ പേര് എനിക്ക് അറിയില്ല. ഇപ്പോള്‍ അദ്ദേഹം അവിടെ ഇല്ല. പകരം എന്‍റെ പഴയ ഒരു സുഹൃത്ത് ചന്ദ്രികയില്‍ ഉണ്ട്. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍. കുഞ്ഞിക്കണ്ണന്‍ അവിടെ എത്തിയശേഷം ഞാന്‍ ആകെ ഒറ്റ തവണ മാത്രമേ ചന്ദ്രികയില്‍ പോയിട്ടുള്ളൂ. കൊച്ചിയില്‍ നിന്നും വയനാട്ടിലേക്കുള്ള ഓട്ടത്തിനിടയില്‍ ആരെയും കാണാന്‍ കഴിയാറില്ല. പക്ഷെ ഇവരെ ഒന്നും ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. അത്രയും സ്നേഹത്തോടെ ആണ് അവരൊക്കെ പെരുമാറിയിരുന്നത്. കൂടാതെ ആകാശവാണിയില്‍ ഇടയ്ക്കിടെ അനാമിക എന്ന പേരില്‍ ഒരുപാട് കഥകള്‍ അവതരിപ്പിച്ചു. അവിടെയും കുറെ നല്ല സൗഹൃദങ്ങള്‍. എഴുത്തില്‍ സജീവമായ ഒരു ജീവിതം. അതാണ്‌ കോഴിക്കോട് എനിക്ക് തന്നത്. വിവിധ ആഴ്ചപ്പതിപ്പുകളിലും സണ്‍‌ഡേ സപ്ലിമെന്‍റ് എന്നിവയിലായി കവിതകള്‍ അടക്കം ആറോ ഏഴോ മാറ്ററുകള്‍ പ്രസിദ്ധീകരിക്കാത്ത മാസങ്ങള്‍ കുറവായിരുന്നു. എന്‍റെ മുന്‍പില്‍ ഇരുന്നു കോഴിക്കോട് വെച്ചു ഒരു യുവകവി ആള്‍ അറിയാതെ മേരി ലില്ലി രണ്ടും കൈ കൊണ്ടും ആണോ കവിതകള്‍ എഴുതുന്നത്, ഏതു പുസ്തകം വാങ്ങിയാലും മേരി ലില്ലിയുടെ കവിതകള്‍ ഉണ്ടല്ലോ എന്ന് ഒരു മാസികയുടെ സബ് എഡിറ്ററിനോട് ചോദിക്കുന്നത് കേട്ടു ഞാന്‍ മിണ്ടാതെ ഇരുന്നു.


അക്കാലത്ത് മാധ്യമം പത്രത്തിന്‍റെ ശനിയാഴ്ച ഇറങ്ങുന്ന കുടുംബ മാധ്യമത്തില്‍ മിക്ക ആഴ്ചയും എന്‍റെ ഫീച്ചര്‍ ഉണ്ടാകും. കവര്‍ സ്റ്റോറിയായി. വ്യത്യസ്തത ഉള്ള മാറ്റര്‍ അന്വേഷിക്കുന്നതിനിടയിലാണ് എന്‍റെ അടുത്ത സുഹൃത്തും പ്രശസ്ത പത്രപ്രവര്‍ത്തകനുമായ പി. ടി. നാസര്‍ ഒരു സ്റ്റോറി പറയുന്നത്. മാധവിക്കുട്ടി എഴുതിയ ജാനുവമ്മ പറഞ്ഞ കഥയിലെ നായിക കോഴിക്കോട്‌ ഉണ്ട്. ഇന്ത്യാവിഷന്‍ ചാനലിലെ ഗുഡ് മോര്‍ണിംഗ് കേരളയില്‍ ഒരിക്കല്‍ അവര്‍ വന്നിരുന്നു എന്നൊക്കെ. അന്ന് നാസര്‍ക്ക ഇന്ത്യാവിഷന്‍ ഡല്‍ഹി ഓഫീസിലാണ്. അഡ്രസ്‌ സംഘടിപ്പിച്ച് തന്നു. ഞാന്‍ മാധ്യമത്തില്‍ വിളിച്ചു സണ്‍‌ഡേ മാധ്യമം എഡിറ്റര്‍ ആയ പ്രശസ്ത എഴുത്തുകാരന്‍ പി. കെ. പാറക്കടവിനോട് സ്റ്റോറി എടുക്കാന്‍ പോകുന്ന കാര്യം പറഞ്ഞു. പാറക്കടവ് പറഞ്ഞു ഐറ്റം എടുക്കുക. അജീബ്‌ കൊമാച്ചി പോയി ഫോട്ടോ എടുത്തോളും.

ആ സമയത്ത് ഞാന്‍ ഒലീവ്‌ ബുക്സില്‍ കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം എന്ന ഒരു പുസ്തകത്തിനുള്ള മാറ്റര്‍ തയ്യാറാകുന്ന ജോലിയില്‍ ആയിരുന്നു. അന്ന് ഒലിവ് ബുക്സിന്‍റെ ചാര്‍ജ് പ്രശസ്ത സാഹിത്യകാരനായ അക്ബര്‍ കക്കട്ടില്‍ മാഷിനാണ്. അവിടെ വരുന്ന ഒരാള്‍ ചിരുതേയി അമ്മയുടെ നാട്ടുകാരനാണ്. ഒരു ദിവസം അയാളുടെ സഹായത്തോടെ ജാനുവമ്മ എന്ന ചിരുതേയി അമ്മയുടെ വീട്ടിലെത്തി. അവരെ കണ്ടു ഞാന്‍ അതിശയിച്ചു പോയി. ഒരു അതിസുന്ദരി. പക്ഷെ അവര്‍ അമ്പിനും വില്ലിനും അടുക്കില്ല. ഇങ്ങനെ പലരും വന്നു അഭിമുഖം എടുത്തു കൊണ്ടു പോയിട്ടുണ്ട്. യാതൊരു ഗുണവും ഉണ്ടായിട്ടില്ല, പത്രത്തില്‍ വന്ന ഒരു ഫോട്ടോ പോലും അവര്‍ ഇതു വരെ കണ്ടിട്ടില്ല എന്നൊക്കെ പരാതി പറഞ്ഞു. അവരുടെ പൂച്ചക്കുട്ടി എന്‍റെ സാരിയില്‍ പിടിച്ചു കളിച്ചു കൊണ്ടിരുന്നു. മണി കുട്ടീന്നാ അയിന്‍റെ പേര്. അയിനു നിങ്ങളെ നല്ലോണം ഇഷ്ടപ്പെട്ടിട്ടുണ്ട്, അതോണ്ടാ നിങ്ങടെ മഞ്ഞ സാരീമല്ല് ഇങ്ങനെ കിടന്നു കുത്തിമറിയണത്. അല്ലെങ്കീ നിങ്ങള്‍ടെ സാരീമല്ല് ഇങ്ങനെ പിടിക്കേം ഇല്യ കുത്തിമറിയേം ഇല്യ എന്നൊക്കെ പറഞ്ഞു അവരൊന്നു തണുത്തപ്പോള്‍ എന്തായാലും ഫോട്ടോ എത്തിക്കും എന്നൊക്കെ ഉറപ്പു കൊടുത്തു ഞാന്‍ മാറ്റര്‍ എടുത്തു മടങ്ങി.


സണ്‍‌ഡേ മാധ്യമത്തില്‍ അച്ചടിച്ചു വന്ന ചിരുതേയി അമ്മ പറഞ്ഞ കഥ എന്ന ഫീച്ചര്‍ കണ്ടു ഞാന്‍ വിസ്മയിച്ചു . ഒരു ഫുള്‍ പേജ് കവര്‍ സ്റ്റോറി. അജീബ്‌ കൊമാച്ചി എടുത്ത ചിരുതേയി അമ്മയുടെയും അവരുടെ ഓമന പൂച്ചക്കുട്ടിയുടെയും ജീവന്‍ തുടിക്കുന്ന ചിത്രത്തോടൊപ്പം മാധവിക്കുട്ടിയുടെ മനോഹരമായ ഫോട്ടോയും വെച്ചു ഒരു മാറ്റര്‍. ആ മാറ്റര്‍ എഴുതിയതിനു നാസര്‍ക്ക ഡല്‍ഹിയില്‍ നിന്നും വരുമ്പോള്‍ എനിക്ക് വില കൂടിയ ഒരു പേന സമ്മാനം തന്നു. മാധവിക്കുട്ടി മരിച്ചപ്പോള്‍ ആ ലേഖനം മാധ്യമം ആഴ്ചപ്പതിപ്പിലും പുനപ്രസിദ്ധീകരിച്ചിരുന്നു. ഞാന്‍ എഴുതിയ ലേഖനങ്ങളില്‍ ഏറ്റവും മികച്ച ഒന്നായിരുന്നു അത്.


മാധ്യമം സണ്‍‌ഡേയില്‍ മാറ്റര്‍ വന്നതിന്‍റെ പിറ്റേന്നു ദീപിക പത്രത്തിന്‍റെ കൊച്ചി യൂണിറ്റില്‍ നിന്നും പത്രാധിപ സമിതിയിലെ ചിലര്‍ മാധവിക്കുട്ടിയെ കാണാന്‍ പോയിരുന്നു. ആ എഡിറ്റര്‍മാരുടെ കൂട്ടത്തില്‍ എന്‍റെ മറ്റൊരു അടുത്ത സുഹൃത്തായ ജോര്‍ഡി ജോര്‍ജും ഉണ്ടായിരുന്നു. തലേന്ന് സണ്‍‌ഡേ മാധ്യമത്തില്‍ വന്ന സ്റ്റോറി കണ്ടിരുന്നോ എന്ന് മാധവിക്കുട്ടിയോടു ജോര്‍ഡി ചോദിച്ചു. അതിമനോഹരമായ ഒരു റൈറ്റ് അപ്പ്‌ ആണതെന്ന് അവര്‍ പറഞ്ഞത്രേ. ജോര്‍ഡി ഓഫീസില്‍ എത്തിയ ഉടനെ എന്നെ വിളിച്ചു കാര്യം പറഞ്ഞു. ഒന്നു മാധവിക്കുട്ടിയെ വിളിച്ചു സംസാരിക്കണമെന്ന് പറഞ്ഞു. ഫോണ്‍ നമ്പരും തന്നു. അവരെ എന്ത് വിളിക്കണം എന്നെനിക്കു അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ജോര്‍ഡി പറഞ്ഞു അമ്മ എന്ന് വിളിച്ചാല്‍ മതിയെന്ന്.


അങ്ങനെ പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ മാധവിക്കുട്ടിയുടെ വീട്ടിലെ ഫോണിലേക്ക് വിറയലോടെ വിളിച്ചു. ഞാന്‍ ഒരുപാടു ആരാധിക്കുന്ന എഴുത്തുകാരിയെ ആണ് വിളിക്കുന്നത്. ആദ്യം ഫോണ്‍ എടുത്തത് വേലക്കാരിയാണ്. ഇപ്പോള്‍ മാധവിക്കുട്ടിയുടെ സ്വരം എന്‍റെ കാതില്‍ പതിക്കുകയാണ്. ഞാന്‍ പേരു പറഞ്ഞു. അമ്മ എന്നെ അറിയുമോ എന്ന് ചോദിച്ചു. മാധ്യമത്തില്‍ ഒക്കെ മനോഹരമായ പ്രണയ കവിതകള്‍ എഴുതുന്ന കുട്ടി അല്ലെ എന്ന് മാധവിക്കുട്ടി തിരിച്ചു ചോദിച്ചു. എന്‍റെ ശരീരത്തിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു പോയി. എം.ടി. വാസുദേവന്‍ നായര്‍ എന്‍റെ കവിതാ സമാഹാരം ഏഴാമത്തെ ഋതു പ്രകാശനം ചെയ്തു സമാഹാരത്തിലെ കര്‍ണ്ണന്‍, തുലാവര്‍ഷ കോടതി തുടങ്ങിയ കവിതകളുടെ പേരു എടുത്തു പറഞ്ഞു പ്രശംസിച്ചപ്പോള്‍ പോലും ഇത്രത്തോളം ഞാന്‍ സന്തോഷിച്ചിരുന്നില്ല . തുടര്‍ന്ന് മാധവിക്കുട്ടി എന്നെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. കുട്ടി വന്നാല്‍ ഞാന്‍ എന്‍റെ മുറിയില്‍ ഇരുത്തും, ഇവിടെ കുറെ അശ്രീകരങ്ങളൊക്കെ വരും. അവരെയൊന്നും ഞാന്‍ എന്‍റെ മുറിയിലേക്ക് കടത്താറില്ല എന്നും പറഞ്ഞു. എഴുതുന്ന അതേ ലാഘവത്തോടെ ഉള്ള വാക്കുകള്‍. ഫോണ്‍ വെച്ച ഉടനെ നാസര്‍ക്കയെയും ജോര്‍ഡിയെയും വിളിച്ചു കാര്യം പറഞ്ഞു. ജീവിതത്തില്‍ സന്തോഷം വന്നാലും സങ്കടം വന്നാലും ആദ്യം ഞാന്‍ പറയുന്നത് ഇവര്‍ രണ്ടു പേരോടും ആണ്. എനിക്ക് മനസിലെ സന്തോഷം അടക്കാന്‍ കഴിയുമായിരുന്നില്ല, അവര്‍ എന്നെ വീട്ടിലേക്ക് വിളിച്ചതായിരുന്നില്ല എന്‍റെ സന്തോഷം എന്നെ അറിയും എന്ന് പറഞ്ഞതില്‍ ആയിരുന്നു. എന്‍റെ കവിതകള്‍ നല്ലതാണ് എന്ന് പറഞ്ഞതില്‍ ആയിരുന്നു.

പിന്നീട് ഞാന്‍ ഇന്ത്യാവിഷന്‍ ചാനല്‍ കൊച്ചി ഓഫീസില്‍ എത്തി. രണ്ടു വര്‍ഷത്തിനു ശേഷം വായന ദ്വൈവാരികയിലേക്ക് മാറി. അവിടെ നിന്നും രാഷ്ട്ര ദീപിക പത്രത്തിലേക്ക് പോയി. എല്ലാം കൊച്ചിയില്‍ തന്നെ. മാധവിക്കുട്ടിയെ കുറിച്ചു എന്തെങ്കിലും സംസാരം ഉണ്ടാകുമ്പോള്‍ ഞാന്‍ അന്തസ്സോടെ പറയും അവര്‍ എന്നെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ അത് കേള്‍ക്കുമ്പോള്‍ പറയും. എന്നാല്‍ തീര്‍ച്ചയായും പോയി കാണണം. ഞങ്ങളും കൂടെ വരാം. അങ്ങനെ എങ്കിലും അവരെ ഒന്നു അടുത്ത് കാണാമല്ലോ. ഞാന്‍ ഒഴിഞ്ഞു മാറും. ഒടുവില്‍ അവര്‍ കൊച്ചി വിട്ടു പോകുന്നു എന്നറിഞ്ഞപ്പോള്‍ നാസര്‍ക്ക എന്നോട് പറഞ്ഞു-നിനക്കൊന്നു പോയി കാണാമായിരുന്നു. ഞാന്‍ നിശബ്ദയായി.


അവരെ കാണാന്‍ ആഗ്രഹമില്ലാഞ്ഞിട്ടു ആയിരുന്നില്ല ഞാന്‍ പോകാതിരുന്നത്. അവരുടെ ലേഖനങ്ങള്‍ വായിച്ചതില്‍ നിന്നും ഒരു കാര്യം എനിക്കറിയാം. പലരും ചെന്നു അവരോട് സങ്കടങ്ങള്‍ പറയും. കരയും. പിന്നീട് പോകാന്‍ നേരം അവരുടെ കൈയില്‍ നിന്നും പണത്തിനു പുറമെ കൈയില്‍ ഉള്ള വളകള്‍ പോലും വാങ്ങി കൊണ്ടു പോകുമായിരുന്നു. അവര്‍ ആര് എന്ത് ചോദിച്ചാലും കൊടുക്കുന്ന കര്‍ണനെ പോലെ ആയിരുന്നു. എനിക്ക് അവരുടെ മുന്നില്‍ ഇരുന്നു പറയാന്‍ ഒരു നല്ല വിശേഷവും ഇല്ല. ഉള്ളതാകട്ടെ ഒരു വലിയ ദുരന്ത കഥയാണ്‌. അത് കേട്ടാല്‍ അവരുടെ ഹൃദയം മഞ്ഞു പോലെ ഉരുകി പോകും. ഒടുവില്‍ ഞാന്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ എനിക്ക് പണം തരും. സ്വര്‍ണ്ണം തരും. അപ്പോള്‍ അവരെ കളിപ്പിച്ചു സ്വര്‍ണവും പണവും വാങ്ങി കൊണ്ടു പോകുന്നവരും ഞാനും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. അതോര്‍ത്തു മാത്രം ഞാന്‍ ആ സ്നേഹനിധിയെ കാണാന്‍ പോയില്ല.
എന്‍റെ നിലപാട് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്ക് അറിയുകയില്ല. ഇന്ത്യ ലോകബാങ്കില്‍ നിന്നും എടുത്ത കടം പോലെ എനിക്ക് ചുറ്റും കടം പെരുകുമ്പോഴും അക്കാര്യത്തില്‍ മാത്രം ഞാന്‍ അഭിമാനിയായത്‌ എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഒരുവേള ഒന്നും മോഹിക്കാതെയും പ്രതീക്ഷിക്കാതെയും ഒരാളെ സ്നേഹിക്കുക -ഈ ചിന്ത മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കാം. ഇനി കമലാ സുരയ്യയെ ഞാന്‍ കാണുകയില്ല. പക്ഷെ എന്‍റെ മനസ്സില്‍ അവര്‍ ഒരിക്കലും മരിക്കുകയുമില്ല. അതിനാല്‍ അവരുടെ ക്ഷണം അന്തസ്സോടെ ഞാന്‍ എന്നും ഓര്‍ക്കും.

മേരി ലില്ലി. മാധ്യമ പ്രവര്‍ത്തക, കവയിത്രി, മലയാളം ബ്ലോഗര്‍. വയനാട്ടില്‍ ജനിച്ചു. ഇപ്പോള്‍ കൊച്ചിയില്‍ താമസം. നേരത്തെ കല്പറ്റ ഗവ. കോളേജ്, സുല്‍ത്താന്‍ ബത്തേരി സെന്റ്. മേരീസ് കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ദീപികയിലും ഇന്ത്യാവിഷനിലും കുറച്ചു കാലം പ്രവര്‍ത്തിച്ചു. കവിതാ സമാഹാരം ഏഴാമത്തെ ഋതു 2003-ല്‍ പ്രസിദ്ധീകരിച്ചു. നിലവില്‍ ഒരു ഹോളിവുഡ് ഫില്മിന്റെ പ്രൊജക്റ്റ്‌ ഓഫീസില്‍ ജോലി ചെയ്യുന്നു.

Friday, 11 September 2009

പുകയ്‌ക്കുള്ളിലെ രഞ്‌ജിത്തും പാടവരമ്പത്തെ ചിരിയും :ചില പള്ളിക്കൂട സ്‌മരണകള്‍


പി. സിയാബ്‌ കടവല്ലൂര്‍ തൃശൂര്‍


എന്റെ സ്കൂള്‍ ജീവിതത്തില്‍ ഓര്‍ത്തു വെക്കേണ്ടാതായിട്ടുള്ള സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എല്ലാവരുടെയും സ്കൂള്‍ ജീവിതത്തില്‍ ഒത്തിരി മധുരമുള്ള ഓര്‍മ്മകള്‍ ഉണ്ടായിരിക്കാം, ചിലപ്പോള്‍ അതു നേരിയ നൊമ്പരം ഉളവാക്കുന്നതായിരിക്കും പിന്നീട് നമ്മള്‍ അതിനെക്കുറിച്ച് ഒക്കെ ഓര്‍ക്കുമ്പോള്‍ അറിയാതെ തന്നെ ആ കാല ഘട്ടത്തിലേയ്ക്ക് സഞ്ചരിക്കും . പഴയ ഓര്‍മ്മകള്‍ എല്ലാം പൊടിതട്ടിയെടുക്കും ചിലപ്പോള്‍ നമ്മള്‍ ഒക്കെ നമ്മുടെ പഴയ സൌഹ്രദങ്ങളെ എല്ലാം ഓര്‍ക്കും,ആ ഓര്‍മ്മകള്‍ എല്ലാം പിന്നീടുള്ള നമ്മുടെ ജീവിതത്തില്‍ പലരീതിയില്‍ സ്വാധീനിക്കപ്പെടും എന്റെ അനുഭവം അങ്ങനെയായിരുന്നു.


ഇവിടെ എന്റെ സ്കൂള്‍ ജീവിതത്തില്‍ മനോഹരമായ ഓര്‍മ്മകള്‍ ഒന്നും ഇല്ലെങ്കിലും മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്ന രണ്ടു സംഭവങ്ങള്‍ ആണ് . ഒരെണ്ണം എന്നും ചിരിക്കു വക നല്‍കുന്നതും മറ്റൊന്ന് എന്റെ മനസിനെ ഏറെ വേദനിപ്പിക്കുന്നതും ആണ്. പക്വതയില്ലാത്ത പ്രായത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ആണ് രണ്ടും. പക്ഷേ അതിന്റെ അനന്തരഫലം എന്താകും എന്നൊന്നും അന്ന് ആലോചിച്ചിരുന്നില്ല. കടവലൂര്‍ ഗവ: ഹൈ സ്കൂളിലെ എന്റെ പഠനകാലം . അഞ്ചാം ക്ലാസ്സില്‍ ആയിരുന്നല്ലോ ഞാന്‍ ചേര്‍ന്നത്‌. 5 D ആയിരുന്നു എന്റെ ക്ലാസ്സ്‌ . നാലു വരെ ഒപ്പം പഠിച്ച കൂട്ടുകാര്‍ എല്ലാം പല ഡിവിഷനു കളിലെയ്ക്ക് മാറിപ്പോയിരുന്നു. കുറച്ചു പേര്‍ മാത്രം ആയിരുന്നു എന്റെ കൂടെയുണ്ടായിരുന്നത്. പുതിയ ക്ലാസ്സില്‍ വെച്ചു എനിക്കു കുറെ പുതിയ കൂട്ടുകാരെ കിട്ടി. രഞ്ജിത് ,സുരേഷ്, പ്രസാദ്‌ ,ധന്യ, അമ്പിളി, രാജീവ്‌ ,തുടങ്ങി കുറച്ചു നല്ല ഫ്രണ്ട്സ് ഉണ്ടായിരുന്നു. ഇവരോടെല്ലാം ഇപ്പോഴും ഞാന്‍ ബന്ധം തുടരുന്നുണ്ട് . ഇവരൊക്കെ ഇപ്പോള്‍ പലസ്ഥലങ്ങളില്‍ ആണ് എങ്കിലും ഒപ്പം പഠിച്ചവരുമായുള്ള ബന്ധം ഇന്നും സൂക്ഷിക്കുന്നു. അഞ്ചാം ക്ലാസ്സില്‍ എനിക്കു ഏറ്റവും അടുപ്പം ഉള്ള കൂട്ടുകാരന്‍ രഞ്ജിത് ആയിരുന്നു. കടവലൂര്‍ സ്കൂള്‍ ജീവിതത്തില്‍ എനിക്കു ആദ്യമായി കിട്ടിയ കൂട്ടുകാരന് ‍! ഞങ്ങള്‍ ഒരുമിച്ചായിരുന്നു സ്കൂളിലേക്കുള്ള വരവും പോക്കും. വൈകുന്നേരം അവന്റെ വീട്ടില്‍ പോയി കാപ്പിയൊക്കെ കുടിച്ചതിനു ശേഷമായിരിക്കും എന്റെ വീട്ടിലേക്കു പോവുക. അവന്റെ വീട്ടുകാരും എന്റെ ഉപ്പയും തമ്മില്‍ വളരെ നല്ല ബന്ധമായിരുന്നു. അതു കൊണ്ട് അവന്റെ വീട്ടില്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവന്റെ അമ്മമ്മയ്ക്ക് എന്നോട് വലിയ കാര്യമായിരുന്നു. അങ്ങനെ ഞങ്ങളുടെ ബന്ധം വളര്‍ന്നു പോന്നു. സ്കൂള്‍ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ ക്ലാസ്സിനെ പ്രതിനിധീകരിച്ചു ജയിച്ചു ക്ലാസ്സ്‌ ലീഡര്‍ ആയതു അവനായിരുന്നു. അഞ്ചാം ക്ലാസ്സിലെ പഠനം ഞങ്ങള്‍ ആഘോഷിച്ചു തീര്‍ത്തു. ഒരുവര്‍ഷം കടന്നു പോയത് അറിഞ്ഞില്ല. ആറാം ക്ലാസ്സിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന്റെ അച്ഛനും കൊച്ചച്ചനും ഒക്കെ ഗള്‍ഫിലായിരുന്നു ജോലി.


ഒരുദിവസം രഞ്ജിത് വന്നു എന്നോട് പറഞ്ഞു അവന്റെ കൊച്ചച്ചന്‍ ഗള്‍ഫില്‍ നിന്നും വന്നിട്ടുണ്ട്. ഇന്ന് വീട്ടില്‍ വന്നാല്‍ ഒരു സാധനം തരാം എന്ന്. അങ്ങനെ അന്ന് വൈകുന്നേരം സ്കൂല്‍ വിട്ടു ഞങ്ങള്‍ ഒരുമിച്ചു അവന്റെ വീട്ടിലേക്കു പോയി. വീട്ടില്‍ ചെന്നു ചായയൊക്കെ കുടിച്ചതിനു ശേഷം അവന്‍ എന്നെ അവന്റെ റൂമിലേക്ക്‌ കൂട്ടിക്കൊണ്ടുപ്പോയി, കിട്ടാന്‍ പോകുന്ന സമ്മാനവും പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ അവന്റെ പുറകെയും പോയി. മുറിയില്‍ കടന്നയുടനെ അവന്‍ വാതിലും ജനലുമൊക്കെ അടച്ചു കുറ്റിയിട്ടു. എനിക്കൊന്നും മനസ്സിലായില്ല. അവന്‍ പതുക്കെ ഒരു പാക്കറ്റ് എന്റെ നേര്‍ക്ക് നീട്ടി. ഇരുട്ടില്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു പാക്കറ്റ് 555 സിഗരറ്റ്‌ ആയിരുന്നു. ഞാന്‍ അതിലേക്കു നോക്കി പകച്ചിരിക്കുമ്പോള്‍ അവന്‍ കൂളായി നിന്ന് സിഗരറ്റ്‌ വലിക്കുന്നു. ഞാന്‍ ഞെട്ടിപ്പോയി. അവന്‍ ഒരു സിഗരറ്റ്‌ കത്തിച്ചു എനിക്കു തന്നു. ഞാന്‍ അതു ചുണ്ടില്‍ വെച്ചപ്പോഴേക്കും ആകെ ചുമച്ചു ശബ്ദമുണ്ടായി. അതുകേട്ട് അവന്റെ അമ്മമ്മ ഓടിവന്നു വാതില്‍ തട്ടി വിളിച്ചു ,വാതില്‍ തുറന്ന അമ്മമ്മ കണ്ടത് ആകെ പുകനിറഞ്ഞു നില്‍ക്കുന്ന റൂമില്‍ ഉള്ള ഞങ്ങളെയാണ്. സിഗരറ്റും പിടിച്ചു നില്‍ക്കുന്ന ഞങ്ങളെ കണ്ടു. ആകെ ദേഷ്യം വന്ന അമ്മമ്മയുടെ കയ്യില്‍ നിന്നും കിട്ടിയ അടിയുടെ ചൂട് ഇന്നും ഓര്‍മയുണ്ട്. ആ ഒറ്റ കാര്യത്തോട് കൂടി ജീവിത്തില്‍ പിന്നെ സിഗരറ്റ്‌ തൊട്ടിട്ടില്ല. ആറാം ക്ലാസ്സില്‍ വെച്ചു തന്നെ പഠിപ്പ് നിര്‍ത്തിപ്പോയ രഞ്ജിത് പിന്നെ അവന്റെ സ്വന്തം ബിസിനസ്സിലേക്ക്‌ തിരിഞ്ഞു ഇപ്പോള്‍ കോട്ടക്കലില്‍ അറിയപ്പെടുന്ന സ്വര്‍ണ വ്യാപാരിയാണ്.സ്നേഹിച്ച മുറപ്പെണ്ണിനെയും കെട്ടി സുഖമായി ജീവിക്കുന്നു .ഇന്നും ഞങ്ങളുടെ ബന്ധം തുടര്‍ന്ന് പോകുന്നു. സ്കൂള്‍ ജീവിതത്തില്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന രസകരമായ ഒരു സംഭവമാണ് ഇത്.


എന്റെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന മറ്റൊരു സംഭവം ഞാന്‍ കാരണം സ്കൂളില്‍ നിന്നും പഠിപ്പ് നിര്‍ത്തിപ്പോയ സുഭാഷിന്റെ കാര്യത്തിലാണ്. . എന്നും വേദനോയോടെ മാത്രമേ ഈ കാര്യത്തെ ഓര്‍ക്കാന്‍ കഴിയു. ഇന്നും അവനെ കാണുമ്പൊള്‍ എന്റെ മനസില്‍ ആ സംഭവം ഓര്മ വരും. അവന്‍ ചെയ്ത തെറ്റിന്റെ ഫലമായാണ്‌ അവന്‍ സ്കൂളില്‍ നിന്നും പഠിപ്പ് അവസാനിപ്പിച്ചത്. പക്ഷേ അതു ഞാന്‍ കൂടി ഉള്‍പെട്ട കാര്യത്തിലാണ്,
എന്റെ ഹൈ സ്കൂള്‍ പഠന കാലം ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. ക്ലാസ്സില്‍ നന്നായി പഠിക്കുന്നതോടൊപ്പം മറ്റു കാര്യങ്ങളിലും സജീവമായിരുന്നു. അതു കൊണ്ട് അധ്യാപകരുടെയിടയിലും എനിക്കു നല്ല സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. സ്കൂളിലെ എല്ലാ മത്സരങ്ങളിലും ഞങ്ങള്‍ സജീവമായിരുന്നു. അങ്ങനെ അടിച്ചുപൊളിച്ചു നടക്കുകയായിരുന്നു.


ഒരുദിവസം വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുന്ന വഴി , നല്ല മഴയുള്ള ദിവസമായിരുന്നു. പാടവരമ്പിലൂടെ നടന്നു വേണം വീട്ടിലേക്കു എത്താന്‍, കൂടെ വീടിനടുത്തുള്ള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വരമ്പിലൂടെ നടന്നുപോകുമ്പോള്‍ വീഴാന്‍ പോയ പെണ്‍കുട്ടിയെ ഞാന്‍ പിടിച്ചു കയറ്റി. പുറകില്‍ വരുന്നുണ്ടയിരുന്ന സുഭാഷും കൂട്ടുകാരും ഇത് കണ്ടു ചിരിച്ചു, പിറ്റേദിവസം സ്കൂളില്‍ എത്തിയപ്പോഴേക്കും കൂടെയുണ്ടായിരുന്ന സഹപാഠികള്‍ എല്ലാം ഈ സംഭവത്തിന്റെ പേരില്‍ എന്നെ കളിയാക്കാന്‍ തുടങ്ങി. സഹികെട്ട ഞാന്‍ സാറിന്റെ അടുത്ത് പരാതി പറഞ്ഞു . അടുത്ത പീരീഡ്‌ ക്ലാസ്സ്‌ എടുക്കാന്‍ വന്ന സര്‍ ഈ സംഭവം അവനോടു ചോദിക്കുകയും ഒരുപാടു അടിക്കുകയും ചെയ്തു. അന്ന് ഉച്ചകഴിഞ്ഞ് അവന്‍ വീട്ടിലേക്കു പോകുകയും ചെയ്തു. കൂടെയുള്ളവര്‍ ഞാന്‍ എന്തോ തെറ്റ് ചെയ്ത പോലെ എന്നെ നോക്കാന്‍ തുടങ്ങി.


പിറ്റേദിവസം അവനും അവന്റെ വീട്ടുകാരും കൂടി സ്കൂളില്‍ എത്തി പരാതി പറഞ്ഞു എങ്കിലും അധ്യാപകര്‍ അതൊന്നും ചെവികൊണ്ടില്ല . അവന്റെ ഭാഗത്തെ തെറ്റ് അവര്‍ അവന്റെ വീട്ടുകാരെ മനസ്സിലാക്കി കൊടുത്തു . പക്ഷേ അവന്‍ പിന്നീട് ഒരിക്കലും ക്ലാസ്സില്‍ വന്നില്ല . അവന്‍ പഠിപ്പ് നിര്‍ത്തി ജോലിക്ക് പോയിത്തുടങ്ങി. ഞാന്‍ കണ്ടപ്പോള്‍ എന്നോട് പറഞ്ഞത് പഠിപ്പ് നിര്‍ത്താനായി ഒരു കാരണം അന്വോഷിചിരിക്കുകയായിരുന്നു എന്ന് . അന്നത്തെ ആ പ്രായത്തില്‍ അതു പിന്നെ വലിയ കാര്യമായി എടുക്കുകയും ചെയ്തില്ല. പക്ഷേ അവന്‍ പിന്നീട് ഒരിക്കലും ഒരു ദേഷ്യവും കാണിച്ചിട്ടില്ല , എന്റെ നാട്ടിലുള്ള ഒരു നല്ല സുഹൃത്തായി ഇന്ന് എന്റെ ഒപ്പം ഉണ്ട്. പക്ഷേ ഇപ്പോള്‍ ആ കാര്യത്തെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു ഒരുപാടു വേദന തോന്നാറുണ്ട് .ഞാന്‍ കാരണം ഒരാളുടെ പഠനം മുടങ്ങിയതില്‍ , പക്വതയില്ലാത്ത പ്രായത്തില്‍ ചെയ്ത ഒരു കാര്യത്തിന്റെ പേരില്‍ സുഭാഷ്‌ നിനക്ക് എന്നോട് ദേഷ്യം ഉണ്ടെങ്കില്‍ മാപ്പ് !


നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP