Showing posts with label ചലച്ചിത്രം. Show all posts
Showing posts with label ചലച്ചിത്രം. Show all posts

Friday, 3 September 2010

അസഹിഷ്‌ണുതയുടെ രണ്ട്‌ ബ്രാന്‍ഡ്‌ അംബാസഡര്‍മാര്‍

ടൈറ്റസ്‌ കെ. വിളയില്‍
മമ്മൂട്ടിയും മോഹന്‍ലാലും (അല്ലെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും) മലയാളത്തിന്റെ അഭിനയാഭിമാനങ്ങളാണ്‌. അഖിലേന്ത്യാതലത്തിലെന്നല്ല രാഷ്ട്രാന്തര തലത്തില്‍ തന്നെ ഇരുവരുടെയും അഭിനയമികവിന്‌ അംഗീകാരം ലഭിച്ചിട്ടുള്ളതാണ്‌. ഇന്ത്യയില്‍ അഭിനേതാക്കള്‍ക്ക്‌ നല്‍കുന്ന പരമോന്നത ബഹുമതി രണ്ടുപേര്‍ക്കും ലഭിച്ചിട്ടുണ്ട്‌. രണ്ടുപേരും മുഖ്യധാരാ സിനിമയുടെ അനുപേക്ഷണീയമായ ഘടകങ്ങളാണ്‌.



വ്യത്യസ്തമായ അഭിനയ രീതികളിലൂടെ സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ രണ്ടുപേരും അഭിനയത്തിന്റെ രജത ജൂബിലി തികച്ചവരാണ്‌. മലയാള സിനിമയുടെ ചരിത്രം കുറിക്കുമ്പോള്‍ ഇവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ എണ്ണം വളരെയായിരിക്കും. മുഖ്യധാരാ രംഗത്തും സമാന്തര സിനിമയിലും ഒരുപോലെ തങ്ങളുടെ പ്രതിഭ തെളിയിച്ച്‌ അഭിനയത്തിന്റെ അത്യുന്നത ശൃംഖങ്ങളില്‍ വിരാജിക്കുന്നവരാണ്‌ ഈ രണ്ടു താരങ്ങളും. ഇവരെ ഒഴിവാക്കിക്കൊണ്ട്‌ മലയാളസിനിമയെ കുറിച്ച്‌ ചിന്തിക്കാനാവുകയില്ല. രണ്ടുപേരും ഒട്ടനവധി സ്ഥാപനങ്ങളുടേയും സംരംഭങ്ങളുടേയും ബ്രാന്‍ഡ്‌ അംബസഡര്‍മാരുമാണ്‌
രണ്ടുപേര്‍ക്കും അവരുടേതായ അനുയായി വൃന്ദവും അവരുടെ അസോസിയേഷനുമുണ്ട്‌.




അഭിനയത്തിന്‌ മത-ജാതി-കാല-ദേശ-പ്രായഭേദങ്ങള്‍ ഇല്ലെങ്കിലും ഈ രണ്ട്‌ നടന്മാരെയും അവരുടെ ഫാന്‍സ്‌ അസോസിയേഷനുകള്‍ ജാതിയുടെയും മതത്തിന്റെയും പ്രതീകങ്ങളായി കൂടി കണ്ടാണ്‌ ആരാധിക്കുന്നത്‌. അതുകൊണ്ട്‌ വടക്കന്‍ കേരളത്തില്‍ മമ്മൂട്ടിക്കും തെക്കന്‍ കേരളത്തില്‍ മോഹന്‍ലാലിനുമാണ്‌ ഫാന്‍സ്‌ കൂടുതലുള്ളത്‌. ഈ ഒരു ഘടകം മൂലം ഒരു ചിത്രം എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ കൃതഹസ്തനായ ഒരു സംവിധായകന്‍ വിമ്മിട്ടപ്പെട്ടത്‌ മറക്കാനാവുന്നതെങ്ങനെ? ഹരികൃഷ്ണന്‍സ്‌ എന്ന സിനിമയ്ക്ക്‌ രണ്ടു ക്ലൈമാക്സുകള്‍ ഒരുക്കിയാണ്‌ ഫാസില്‍ ഒരു വിധത്തില്‍ മുഖം രക്ഷിച്ചത്‌. ഇങ്ങനെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നിന്ന്‌ ഒരുവിധത്തിലും ഒഴിച്ചുമാറ്റാന്‍ ആവാത്ത വിധം, അവരുടെ സിനിമാ സങ്കല്‍പ്പങ്ങളുമായി ഇഴുകിചേര്‍ന്നിട്ടുള്ള ഈ രണ്ട്‌ മുതിര്‍ന്ന നടന്മാര്‍ അസഹിഷ്‌ണുതയുടെ ബ്രാന്‍ഡ്‌ അംബസഡര്‍മാരാണെന്ന്‌ പറയേണ്ടിവരുമ്പോള്‍ ആരും മുഖം കോട്ടിയിട്ട്‌ കാര്യമില്ല.



എല്ലാ വ്യക്തികളിലും നന്മയും തിന്മയും ഉണ്ടെന്നത്‌ സാര്‍വ്വലൗകീക സത്യമാണ്‌. ഇതില്‍ ഏത്‌ ഭാവം മുന്നിട്ടു നില്‍ക്കുന്നുവോ അതിന്റെ അടിസ്ഥാനത്തിലായിരിക്കും സമൂഹം വ്യക്തിയെ ബ്രാന്‍ഡ്‌ ചെയ്യുക. വിവേക ശാലിയായ മനുഷ്യന്‍ അതുകൊണ്ടുതന്നെ തന്നിലെ തിന്മയുടെ അംശത്തെ കഴിവിന്റെ പരമാവധി അടിച്ചമര്‍ത്തി നന്മയുടെ വശങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ സാമൂഹിക ജീവിതത്തില്‍ സഹകരണത്തിന്റെയും സൗഭ്രാത്രത്തിന്റെയും പരിസരമൊരുക്കാറുണ്ട്‌. ഇത്‌ സാധാരണക്കാരനായ ഒരു വ്യക്തി തന്റെ നിത്യജീവിതവ്യാപാരങ്ങളില്‍ നിഷ്ഠാബദ്ധമായി പാലിച്ചുപോരുന്നതാണ്‌. അതുകൊണ്ടാണ്‌ സമൂഹം കെട്ടുപോകാതെ നിലനില്‍ക്കുന്നത്‌.
എന്നാല്‍, ആരാധകര്‍ ഏറെയുള്ളവരും അഭിനയപ്രതിഭകളുമായ ഈ രണ്ടുനടന്മാര്‍ പലപ്പോഴും അവരുടെ ചെയ്തികളിലൂടെ ചെറ്റത്തരങ്ങള്‍ക്ക്‌ വളം വെയ്ക്കുകയും ചെറ്റത്തരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന ദുഷ്ടതകളായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌. കലാകാരന്‌ അഹങ്കാരമുണ്ടാകുന്നത്‌ സ്വാഭാവികമാണ്‌. ഒരു പരിധിവരെ അത്‌ അലങ്കാരവുമാണ്‌. എന്നാല്‍, ഈ അഹങ്കാരം അതിന്റെ പരിധി വിടുമ്പോള്‍ സമൂഹദ്രോഹമായി മാറും. നിങ്ങള്‍ക്ക്‌ കൈനീട്ടാനുള്ള സ്വാതന്ത്ര്യം എന്റെ മൂക്കിന്റെ തുമ്പ്‌ വരെയുള്ളു എന്ന്‌ തിരിച്ചറിഞ്ഞ്‌ അഹങ്കാരം നിലനിര്‍ത്തുന്നതിനെ ആദരിക്കാനും കഴിയും. എന്നാല്‍, കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ നടന്മാരില്‍ നിന്നുണ്ടായിട്ടുള്ള പെരുമാറ്റം തികഞ്ഞ അസഹിഷ്ണുതയുടെയും അസൂയയുടെയും നാണംകെട്ട അധമത്വ ബോധത്തിന്റെയുമായിരുന്നു.




കമല്‍ഹാസന്‍ ഇന്ത്യയിലെന്നല്ല ലോക സിനിമയില്‍ തന്നെ മുഖവുര ആവശ്യമില്ലാത്ത അഭിനേതാവാണ്‌. മലയാളത്തിലും തെന്നിന്ത്യന്‍ സിനിമകളിലുമായി അത്യപൂര്‍വാഭിനയത്തിന്റെ ഹിമാലയങ്ങള്‍ നിരവധി അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്‌. ഒരുകാലത്ത്‌ മലയാളത്തിലെ മുഖ്യധാരാ സിനിയുടെ ഏറ്റവും വലിയ വിജയഘടകമായിരുന്നു കമല്‍ഹാസന്‍. അഭിനേതാവ്‌ എന്ന നിലയ്ക്ക്‌ തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഏത്‌ സീമയോളം പോകാനും അദ്ദേഹത്തിന്‌ മടിയില്ല. അഭിനയത്തിലെന്നപോലെ സംവിധാനരംഗത്തും അനുപമമായ, അന്യാദൃശ്യമായ മികവ്‌ പുലര്‍ത്തിയ പ്രതിഭകൂടിയാണ്‌ കമല്‍ഹാസന്‍.
കേരളസര്‍ക്കാര്‍ കമല്‍ഹാസനെ ആദരിച്ചത്‌ അദ്ദേഹത്തിലെ അഭിനേതാവിന്റെ മികവ്‌ കണക്കിലെടുത്താണ്‌. എന്നാല്‍, ഈ ചടങ്ങില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുക വഴി ഏറ്റവും ചെറ്റത്തരം നിറഞ്ഞ, ഏറ്റവും അധമത്ത ബോധങ്ങളുള്ള താരങ്ങളാണ്‌ തങ്ങളെന്ന്‌ തെളിയിക്കുകയായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. അമ്മ എന്ന ഒരു സംഘടന മലയാളസിനിമയിലെ കലാകാരന്മാരുടെ അവകാശസംരക്ഷണത്തിനും അഭിന്ന്യുതിക്കും വേണ്ടിയാണ്‌ രൂപീകരിച്ചതെങ്കിലും അതിന്റെ തലപ്പത്തിരിക്കുന്ന ക്ഷുദ്രജീവികളുടെ അശ്ലീലമനസ്സുകളില്‍ ഉണ്ടാകുന്ന അപകര്‍ഷതാ ബോധങ്ങള്‍ മൂലം കഴിവും പ്രാപ്തിയുമുള്ള നടന്മാരെ ഉന്മൂലനം ചെയ്യാനുള്ള മാരണക്രിയകളാണ്‌ ഈ സംഘടനയില്‍ നിന്ന്‌ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. തിലകനോട്‌ അമ്മ കാണിച്ച അഹങ്കാരം മലയാളത്തിന്‌ നന്നായറിയാം. അതുകൊണ്ട്‌ അതിന്റെ വിശദാംശങ്ങളിലേക്ക്‌ കടക്കുന്നില്ല.




എന്നാല്‍, കമല്‍ഹാസനെ കേരളസര്‍ക്കാര്‍ ആദരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ പ്രാദേശിക വാദത്തിന്റെ നഞ്ചുകലക്കാനാണ്‌ കെ.ബി ഗണേഷ്കുമാര്‍, ഇന്നസെന്റ്‌, ഇടവേള ബാബു തുടങ്ങിയവര്‍ ശ്രമിച്ചത്‌. തമിഴനായ കമല്‍ഹാസനെ കേരളസര്‍ക്കാര്‍ എന്തിന്‌ ആദരിക്കണം എന്നാണ്‌ ഈ കീടങ്ങള്‍ ഉന്നയിച്ച ആദ്യത്തെ ചോദ്യം. തമിഴ്‌നാട്‌ സര്‍ക്കാര്‍ മലയാളതാരങ്ങളെ ആദരിക്കുന്നില്ലല്ലോ എന്നാണ്‌ അതിനവര്‍ കണ്ടെത്തിയ നെറികെട്ട ന്യായം. കമല്‍ഹാസനെന്ന അഭിനേതാവിനെ ചൂഷണം ചെയ്യുന്നതില്‍ മലയാളസിനിമയ്ക്ക്‌ ഉളുപ്പൊട്ടും ഉണ്ടായിരുന്നില്ലല്ലോ. അന്നൊന്നും കമല്‍ഹാസനെ തമിഴനെന്ന്‌ തരം തിരിച്ച്‌ മാറ്റിനിര്‍ത്തിയിരുന്നില്ലല്ലോ. ഇന്ന്‌ നായര്‍ ലോബിയും മുസ്ലീം ലോബിയും നസ്രാണി ലോബിയുമൊക്കെ മലയാള സിനിമയില്‍ പിടിമുറുക്കിയതോടെയാണ്‌ ഇത്തരം ദുഷ്ടതകള്‍ക്ക്‌ വളരാന്‍ വെള്ളവും വളവും വെളിച്ചവും ലഭിച്ചത്‌. ഈ വൃത്തികേടിനെ ചെറുത്ത്‌ കമല്‍ഹാസനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത്‌ മാന്യതയും മാതൃകയും കാക്കേണ്ടവരായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയും. എന്നാല്‍, ഇടവേളബാബുവിന്റെയും കെ.ബി ഗണേഷ്കുമാറിന്റെയുമൊക്കെ നീചമായ പ്രാദേശിക വാദത്തിന്‌ തലയാട്ടുക വഴി ഈ രണ്ടുനടന്മാരും ഏറ്റവും ഭീഷണമായ ഒരു അവസ്ഥ സൃഷ്ടിക്കുകയായിരുന്നു എന്ന്‌ പറയാതെ തരമില്ല. മലയാളിയേക്കാളും സ്വത്വബോധം ഏറെയുള്ളവനാണ്‌ തമിഴന്‍. അവന്‍ ഇടവേളബാബുവിനെ പോലെയും കെ.ബി ഗണേഷ്കുമാറിനെയും ഇന്നസെന്റിനെയുമൊക്കെ പോലെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള അഭിനയചക്രവര്‍ത്തിമാര്‍ പലതും അറിയും അനുഭവിക്കുകയും ചെയ്യും. അത്തരമൊരു അവസ്ഥയിലേക്ക്‌ ചിന്തകളുടെ തീഷ്ണതയെ അപായപ്പെടുത്താന്‍ മമ്മൂട്ടിയും മോഹന്‍ലാലും കൂട്ടുനില്‍ക്കരുതായിരുന്നു.




ഈ പൈശാചിക മനസ്സിന്റെ പ്രതിഫലനമാണ്‌ ഇപ്പോള്‍ ഫാന്‍സ്‌ അസോസിയേഷനുകളുടെ രൂപത്തില്‍ തെരുവില്‍ കാണുന്നത്‌. പ്രാഞ്ചിയേട്ടന്‍ എന്ന രഞ്ജിത്തിന്റെ മമ്മൂട്ടി ചിത്രങ്ങളുടെ പോസ്റ്ററുകളും മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ശിക്കാറിന്റെ പോസ്റ്ററും വലിച്ചുകീറിയും നശിപ്പിച്ചും കരി ഓയില്‍ ഒഴിച്ച്‌ വികൃതമാക്കിയും ഫാന്‍സ്‌ അസോസിയേഷനുകള്‍ കൈയൂക്ക്‌ കാണിച്ചപ്പോഴും അവരെ നിയന്ത്രിക്കാതെ ആ തമ്മിലടി കണ്ട്‌ ആസ്വദിക്കുകയായിരുന്നു ഈ താരചക്രവര്‍ത്തിമാര്‍. തങ്ങള്‍ നല്ല സുഹൃത്തക്കളാണെന്നും അന്യോന്യം പ്രോത്സാഹിപ്പിക്കുന്നവരുമാണെന്നുമൊക്കെ മാധ്യമങ്ങളിലൂടെ വിളിച്ചുകൂവി അണിയറയില്‍ തമ്മില്‍ പാരവെയ്ക്കുന്നതുകൊണ്ടാണ്‌ ഫാന്‍സ്‌ അസോസിയേഷനുകള്‍ ചാവേറുകളായി തെരുവിലിറങ്ങേണ്ടിവരുന്നത്‌. എതിര്‍ താരത്തിന്റെ ചിത്രം റിലീസ്‌ ചെയ്യുന്ന ദിവസം അതിനെ കൂകി തോല്‍പ്പിക്കാന്‍ പണം മുടക്കി ആളെ കൂട്ടുന്ന ചെറ്റത്തരത്തിന്‌ അഭിനയ പ്രതിഭയെന്നല്ല അസൂയയെന്നും അസഹിഷ്ണുത എന്നുമൊക്കെയാണ്‌ വിശേഷണം.




ഈ താരങ്ങളുടെ പേരില്‍ ഫാന്‍സ്‌ അസോസിയേഷനുകള്‍ ആദ്യമായിട്ടല്ല ഏറ്റുമുട്ടുന്നത്‌. അന്നും മൗനം പാലിച്ച്‌ ആ വൃത്തികേടിന്‌ പിന്തുണ നല്‍കുകയായിരുന്നു ഇരുവരും. ഇവര്‍ സംയുക്തമായി ഒരു പ്രസ്താവന ഇറക്കിയാല്‍ തീര്‍ക്കാവുന്ന തര്‍ക്കം മാത്രമേ ഫാന്‍സ്‌ അസോസിയേഷനുകള്‍ക്കിടയിലുള്ളു. അത്‌ മറ്റാരേക്കാളും നന്നായി ഈ താരചക്രവര്‍ത്തിമാര്‍ക്കറിയാം. പക്ഷെ, അതിന്‌ തയ്യാറാകാതെ തെരുവിലെ തെണ്ടിത്തരത്തിന്‌ കൂട്ടുനില്‍ക്കുകയാണ്‌ മോഹന്‍ലാലും മമ്മൂട്ടിയും. എത്രയെല്ലാം നേട്ടങ്ങള്‍ അഭിനയരംഗത്ത്‌ ഇവരുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള അനാശാസ്യതകള്‍ തുടരുന്ന കാലത്തോളം സിനിമയെ സ്നേഹിക്കുന്ന നിഷ്പക്ഷ മതികളുടെ മനസ്സില്‍ നിന്ന്‌ മോഹന്‍ലാലും മമ്മൂട്ടിയും ചവുട്ടി പുറത്താക്കപ്പെടും. അതിന്റെ തെളിവുകളാണ്‌ ഈ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ എട്ടുനിലയില്‍ പൊട്ടുന്നത്‌. അറിയുക ചിത്രങ്ങളില്ലെങ്കില്‍ ഉപയോഗിച്ചു കഴിഞ്ഞ പല സാധനങ്ങളുടെ വിലപോലും ഈ താരരാജാക്കന്മാര്‍ക്കുണ്ടാവുകയില്ല. അതുകൊണ്ട്‌ കമല്‍ഹാസനോട്‌ ക്ഷമ പറയാനും കലഹിക്കുന്ന ഫാന്‍സ്‌ അസോസിയേഷനുകളെ ശക്തമായി നിയന്ത്രിക്കാനും മോഹന്‍ലാലും മമ്മൂട്ടിയും തയ്യാറായെ തീരു.

Sunday, 7 March 2010

ആരാണീ അഴീക്കോട്‌?

ടൈറ്റസ്‌ കെ. വിളയില്‍

കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളില്‍, ഒരിക്കല്‍ കൂടി വിവാദ നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്‌. സിനിമ സംഘടനകളും നടന്‍ തിലകനും തമ്മില്‍ രൂപപ്പെട്ടു എന്നു പറയുന്ന ചില തര്‍ക്കവിഷയങ്ങളില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട്‌ രംഗത്തെത്തിയ അഴീക്കോടാണ്‌ വിവാദത്തിന്റെ സ്വഭാവം മാറ്റിയതും അതിനെ അശ്ലീലമാക്കിയതും.



ഒരു സൂപ്പര്‍ താരത്തിന്റെ ചൊല്‍പ്പടിയ്ക്ക്‌ നില്‍ക്കുന്ന നിര്‍മാതാക്കള്‍ തനിക്ക്‌ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന പരസ്യ പ്രസ്ഥാവനയുമായി നടന്‍ തിലകന്‍ രംഗത്ത്‌ വന്നതോടെയാണ്‌ സിനിമാ - സാഹിത്യ രംഗത്തെ പ്രക്ഷുബ്ദമാക്കിയ വിവാദ പ്രസ്താവനകളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും തുടക്കം. ഫെഫ്ക്കയും അമ്മയും തിലകന്റെ പരസ്യ പ്രസ്താവനകളോട്‌ വിയോജിച്ചും അദ്ദേഹം സംഘടനയുടെ അച്ചടക്കം ലംഘിച്ചും എന്നാരോപിച്ചുഅദ്ദേഹത്തോട്‌ വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, വിശദീകരണം നല്‍കാന്‍ താന്‍ തയ്യാറല്ല എന്നായിരുന്നു പതിവ്‌ ധിക്കാരത്തോടെ തിലകന്റെ മറുപടി. ഒരു നടനും അദ്ദേഹവുമായി ബന്ധപ്പെടുന്ന ചില സംഘടനകളും തമ്മിലുള്ള ലഘുവായ പ്രശ്നമായി അവസാനിക്കേണ്ടിയിരുന്ന ഈ തര്‍ക്കം സുകുമാര്‍ അഴീക്കോട്‌ ഏറ്റുപിടിച്ചതോടെയാണ്‌ ഏറ്റവും അശ്ലീലം നിറഞ്ഞ ആരോപണപ്രത്യാരോപണങ്ങളുടെ ചിറകള്‍ പൊട്ടി ദുര്‍ഗന്ധപൂരിതമായ മാലിന്യങ്ങള്‍ പൊതുസമൂഹത്തിലേക്ക്‌ ഒലിച്ചിറങ്ങിയത്‌.



തിലകനെ ന്യായീകരിച്ചും, തിലകനെതിരെ
ഉപരോധമേര്‍പ്പെടുത്തി എന്ന്‌ ആരോപിക്കപ്പെടുന്ന സൂപ്പര്‍ താരങ്ങളെ അധിക്ഷേപിച്ചും സുകുമാര്‍ അഴീക്കോട്‌ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തുറന്നുപറഞ്ഞാല്‍ അദ്ദേഹത്തിന്റെ പദവിക്ക്‌ നിരക്കുന്നതോ സാമാന്യ മര്യാദ ഉള്ളതോ ആയിരുന്നില്ല. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും യാതൊരു ആവശ്യവുമില്ലാതെയാണ്‌ ഈ വിഷയവുമായി ബന്ധപ്പെടുത്തി തിലകന്‍ വിമര്‍ശിച്ചത്‌. മമ്മൂട്ടി പഴശിരാജയിലെ അഭിനയത്തിന്‌ അഞ്ചുകോടി രൂപ വാങ്ങി എന്നതാണ്‌ അഴീക്കോടിനെ ചൊടിപ്പിച്ചത്‌. വ്യക്തിപരമായി അദ്ദേഹത്തിന്മമ്മൂട്ടിയോട്‌ രോഷം കൊള്ളാം.. അതിലാര്‍ക്കും എതിര്‍പ്പൊന്നുമില്ല. എന്നാല്‍, പരസ്യമായി ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ജ്ഞാനവൃദ്ധനായ (?) ഒരു വ്യക്തി പുലര്‍ത്തേണ്ട മിതത്വമോ മാന്യതയോ അഴീക്കോട്‌ പാലിച്ചില്ല. പഴശിരാജ വീട്ടിലെത്തിയാല്‍ 'പഴം രാജ' ആണ്‌ എന്നൊക്കെ അഴീക്കോട്‌ വിമര്‍ശിക്കുമ്പോള്‍ തരം താണത്‌ അദ്ദേഹം തന്നെയായിരുന്നു. മോഹന്‍ലാലിനെതിരെയും ഇതുപോലെ അനാവശ്യമായ ചില ചൂണ്ടുവിരലുകളാണ്‌ അഴീക്കോട്‌ നീട്ടിയത്‌. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. തിലകന്‍ പ്രശ്നവും മലബാര്‍ ഗോള്‍ഡിന്റെ പരസ്യവും തമ്മില്‍ എന്തുബന്ധമാണ്‌ ഉള്ളതെന്ന്‌ കേട്ടവരെല്ലാം മൂക്കത്ത്‌ വിരല്‍ വെച്ച്‌ ചോദിച്ചതാണ്‌.



മോഹന്‍ലാലിനെ ഇങ്ങനെ തരം താണ രീതിയില്‍ വിമര്‍ശിച്ച അഴീക്കോട്‌ തന്നെയാണ്‌ തിലകന്‍ പ്രശ്നത്തില്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക്‌ മോഹന്‍ലാലും മമ്മൂട്ടിയും തയ്യാറാണ്‌ എന്ന്‌ ലാല്‍ തന്നോട്‌ ഫോണിലൂടെ അറിയിച്ചു എന്ന്‌ വെളിപ്പെടുത്തിയത്‌. ഇത്‌
വാര്‍ത്തയായപ്പോള്‍ മോഹന്‍ലാലും പരസ്യമായ അഭിപ്രായപ്രകടനത്തിന്‌ തയ്യാറായി. താന്‍ അഴീക്കോട്‌ മാഷിനെ വിളിച്ചു എന്നത്‌ ശരിയാണെങ്കിലും തിലകന്‍ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാണ്‌ എന്ന്‌ പറഞ്ഞിട്ടില്ല എന്നും മറിച്ച്‌ തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കരുതെന്നാണ്‌ പറഞ്ഞതെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി. ഒപ്പം തന്നെക്കുറിച്ച്‌ അഴീക്കോട്‌ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വയസായ തന്റെ ഒരു അമ്മാവന്റെ അഭിപ്രായപ്രകടനങ്ങളായെ കാണുന്നുള്ളു എന്നും മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ താന്‍ അഭിനയിച്ചാല്‍ അയാള്‍ക്കെന്താണ്‌ കാരണമെന്നും മോഹന്‍ലാല്‍ ചോദിക്കുകയാണ്ടായി. ഒരു ചാനലിന്‌ നല്‍കിയ ഹ്രസ്വമായ മറുപടിയിലായിരുന്നു വയസ്സന്‍ അമ്മാവന്‍ എന്നും അയാള്‍ എന്നും മോഹന്‍ലാല്‍ അഴീക്കോടിനെ വിശേഷിപ്പിച്ചത്‌.



ഈ വാര്‍ത്ത പുറത്തുവന്നതോടെ അഴീക്കോട്‌
വീണ്ടും കോപാക്രാന്തനായി. വയസ്സന്‍ പ്രയോഗവും അയാളെന്ന സംബോധനയുമൊക്കെയാണ്‌ അഴീക്കോടിനെ പ്രകോപിപ്പിച്ചതെന്ന്‌ പിന്നീട്‌ അദ്ദേഹത്തില്‍ നിന്നുണ്ടായ അസഹിഷ്ണുത നിറഞ്ഞ അഭിപ്രായ പ്രകടനത്തില്‍ നിന്ന്‌ വ്യക്തമാണ്‌. തന്നെ അമ്മാവന്‍ എന്നുവിളിച്ച മോഹന്‍ലാലിന്റെ വിഗ്ഗും മേയ്ക്കപ്പും മാറ്റിയാല്‍ കൂടെ അഭിനയിക്കുന്ന മധുരപ്പതിനേഴുകാരികള്‍ ബോധം കെട്ടുവീഴും എന്നായിരുന്നു അഴീക്കോടിന്റെ മുനവെച്ച മറുപടി. ഇവിടെ തന്നെ വയസ്സന്‍ എന്ന്‌ വിളിച്ചതിലെ രോഷം മാത്രമാണ്‌ കേള്‍വിക്കാര്‍ക്ക്‌ ബോധ്യമായത്‌. അല്ലാതെ മലയാള സിനിമയ്ക്ക്‌ യുവനായകന്മാര്‍ മതി എന്ന 'യുവത്വം നിറഞ്ഞ' ആശയൊന്നുമായിരുന്നില്ല അഴീക്കോടിനുണ്ടായിരുന്നതെന്ന്‌ വ്യക്തം.



ഇത്രയുമായപ്പോഴാണ്‌ മോഹന്‍ലാലും മമ്മൂട്ടിയും അംഗങ്ങളായ അമ്മയുടെ പ്രസിഡന്റ്‌ ഇന്നസെന്റ്‌ കോഴിക്കോട്‌ വാര്‍ത്താസമ്മേളനം നടത്തി അ
വരെ ന്യായീകരിച്ചതും അഴീക്കോടിനെ തന്റെ സ്വതസിദ്ധമായ നര്‍മ്മരീതിയില്‍ അപഹസിച്ചതും. അഴീക്കോട്‌ ഏതെങ്കിലും ജ്വല്ലറിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആ സ്വര്‍ണം വാങ്ങുന്ന വ്യക്തിക്ക്‌ അത്‌ കടയില്‍ തിരിച്ചു നല്‍കേണ്ടിവരുമെന്നും വയസ്സായ അഴീക്കോട്‌ രാമനാമം ജപിച്ചും നല്ല സിനിമകള്‍ കണ്ടും അടങ്ങിയൊതുങ്ങിയിരിക്കുന്നതാണ്‌ നല്ലതെന്നും ഇന്നസെന്റ്‌ അഭിപ്രായപ്പെട്ടു. താരങ്ങളുടെ പ്രശ്നം തങ്ങള്‍ പരിഹരിച്ചുകൊള്ളാം അതിന്‌ അഴീക്കോടിന്റെ മധ്യസ്ഥത ആവശ്യമില്ല. പ്രസിദ്ധരെ വിമര്‍ശിച്ച്‌ വാര്‍ത്താപ്രാധാന്യം നേടുന്നത്‌ അഴീക്കോടിന്റെ രീതിയാണ്‌. കഥാകൃത്ത്‌ ടി. പത്മനാഭനെ പോലെയുള്ളവരുമായി അഴീക്കോടിന്റെ പ്രശ്നങ്ങള്‍ തീര്‍ത്തശേഷം മതി താരങ്ങളുടെ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുന്നത്‌.... എന്നിങ്ങനെ പോയി ഇന്നസെന്റിന്റെ വിമര്‍ശനം.



ഈ വിമര്‍ശനങ്ങളെ ക്ഷമയോടെ സ്വീകരിക്കാന്‍ അഴീക്കോട്‌ സന്നദ്ധനായില്ല. പകരം അപ്പോള്‍ തന്നെ പത്രസമ്മേളനം വിളിച്ചുകൂട്ടി ഇന്നസെന്റിനും മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊക്കെ തന്റെ ക്രുദ്ധമായ വാക്കുകളിലൂടെ മറുപടി നല്‍കാനാണ്‌ ഉദ്യമിച്ചത്‌.
ഇന്നസെന്റ്‌ എന്ന വാക്കിന്‌ വിവരമില്ലാത്തവന്‍ എന്ന അര്‍ത്ഥമുണ്ടെന്നും ഇന്നസെന്റിനെ പോലെ ഒരാള്‍ തനിക്ക്‌ എതിരാളിയാവാന്‍
യോഗ്യനല്ല എന്നും മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാണ്‌ എന്നും മമ്മൂട്ടിയും മോഹന്‍ലാലും കരിഞ്ഞ വടവൃക്ഷങ്ങളാണെന്നും മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ ഹേമമാലിനിയുടെ നെഞ്ചത്ത്‌ നോക്കി 'കലക്കീട്ടുണ്ട്‌ കേട്ടോ' എന്നുപറയുന്നതിന്‌ അടികൊടുക്കണമെന്നും മോഹന്‍ലാല്‍ അന്തരിച്ച സഹോദരന്‍ പ്യാരിലാലിന്റെ സ്വത്ത്‌ കൈയേറിയെന്നുമൊക്കെ ഒട്ടും മാന്യത തൊട്ടുതെറിച്ചിട്ടില്ലാത്ത അഭിപ്രായ - ആരോപണ പ്രകടനങ്ങളായിരുന്നു അഴീക്കോടില്‍ നിന്നുണ്ടായത്‌. അഴീക്കോടിന്റെ ഈ തരംതാണ അഭിപ്രായപ്രകടനങ്ങള്‍ കേട്ട്‌ അന്തിച്ചിരിക്കുകയായിരുന്നു കേരളത്തിലെ സാധാരണക്കാര്‍. അഴീക്കോടിന്റെ പക്ഷം പിടിച്ച്‌ സാംസ്കാരിക നായകന്മാരില്‍ ചിലരും ചില സംഘടനകളും രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാന്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷനും കച്ചകെട്ടി രംഗത്തിറങ്ങി. അതോടെ സാംസ്കാരിക രംഗത്തെ സ്ഫോടനാത്മകമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനെല്ലാം കാരണം അഴീക്കോടിന്റെ അനാവശ്യത്തിലുള്ള അഭിപ്രായ പ്രകനടങ്ങളാണ്‌.
കേള്‍വിപ്പുറങ്ങള്‍ അഴീക്കോട്‌ ഇങ്ങനെ മലീമസമാക്കിയപ്പോഴാണ്‌ റിട്ട.ജസ്റ്റിസ്‌ വി.ആ
ര്‍.കൃഷ്ണയ്യര്‍ അഴിക്കോടും മോഹന്‍ലാലും അനാവശ്യ വിവാദങ്ങളില്‍ ഇന്ന്‌ ഒഴിഞ്ഞു നില്‍ക്കണമെന്ന്‌ അഭിപ്രായപ്പെട്ടത്‌. ഇതാകട്ടെ സംസ്കാരമുള്ള , സാക്ഷരരായ എല്ലാ മലയാളികളുടേയും മനസ്സും ആഗ്രഹവുമായിരുന്നു.ഇപ്പോഴിതാ കൃഷ്ണയ്യര്‍ക്കെതിരേയും അഴീക്കോട്‌ ചന്ദ്രഹാസമിളക്കി എത്തിയിരിക്കുന്നു.കൂട്ടിന്‌ കൃഷ്ണനേയും അര്‍ജുനനേയും ഒപ്പം കൂട്ടിയിട്ടുണ്ട്‌.യുദ്ധം ചെയ്യരുതെന്ന്‌ അര്‍ജുനനോട്‌ കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും കൃഷ്ണയ്യര്‍ വൃദ്ധനായതു കൊണ്ടാണ്‌ തന്നോട്‌ ഈ വിഷയത്തില്‍ നിന്ന്‌ പിന്മാറാന്‍ ആവശ്യപ്പെട്ടതെന്നുമാണ്‌ അഴിക്കോടിന്റെ അതിരുകളില്ലാത്ത അഹന്ത. താന്‍ ചെറുപ്പമാണെന്നു പറഞ്ഞു വയ്ക്കനും അഴിക്കോട്‌ ശ്രമിച്ചിട്ടുമുണ്ട്‌. ഇപ്പോള്‍ ദൃശ്യ-പത്ര മാദ്ധ്യമങ്ങളില്‍ നിന്ന്‌ അഴിക്കോടിന്‌ , പഴയതുപോലുള്ള അംഗീകാരവും സ്വീകരണവും കിട്ടാത്തതു കൊണ്ടാണ്‌ പ്രഗത്ഭരെ വിമര്‍ശിച്ച്‌ അദ്ദേഹം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നതെന്ന ഇന്നസന്റിന്റെ ആരോപണം സാര്‍ത്ഥകമാകുകയാണിവിടെ.
അതിന്റെ തെളിവാണ്‌ വീണ്ടും മോഹന്‍ലാലിനെതിരെ മറ്റൊരു ആരോപണവുമായി അഴീക്കോട്‌ രംഗത്തെത്തിയത്‌.


മലബാര്‍ഗോള്‍ഡിന്റെ പരസ്യത്തില്‍ മൊഹന്‍ലാല്‍ പട്ടാളവേഷ
ത്തില്‍ പ്രത്യക്ഷപ്പെട്ടതിനെയാണ്‌ (ആഗസ്റ്റ്‌ 15 ന്‌)വിമര്‍ശിക്കുന്നതെന്ന്‌ തോന്നുമെങ്കിലും പോത്തിനെ ചാരി എരുമയെ വെടിവയ്ക്കുന്ന
വെടക്ക്‌ പരിപാടിയാണ്‌ അഴീക്കോടിന്റേത്‌.മോഹന്‍ലാലിന്‌ ഓണററി ഡോക്ടറേറ്റ്‌ നല്‍കാനുള്ള കാലടി സംസ്കൃത സര്‍വകലാശാലയുടെ തീരുമാനം അദ്ദേഹത്തിന്‌ ദഹിക്കുന്നില്ല.വികലമായതും ഗര്‍ഹണീയമായതുമായ ന്യായങ്ങളാണ്‌ ഇതിനൊക്കെ അഴിക്കോട്‌ നിരത്തുന്നത്‌.അഴീക്കോടിനെപ്പോലെയുള്ള ഒരു 'സമ്മുന്നത വ്യക്തിത്വത്തില്‍ (?) നിന്ന്‌ മലയാളികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അസഹിഷ്ണുതയും അസൂയയുമൊക്കെയാണ്‌ പണ്ഡിതമെന്ന്‌ അദ്ദേഹം അഹങ്കരിക്കുന്ന വാക്കുകളിലുള്ളത്‌. വാര്‍ദ്ധക്യം അസഹിഷ്ണുതയുടേയും അസഹനീയമായ ഇടപെടലുകളുടേതുമാണെന്ന ധാരണയെ അടിവരയിട്ടുറപ്പിക്കുകയാണ്‌ അഴീക്കോട്‌.നീചമായ ആരോപണങ്ങളാണ്‌ ഇതിനൊപ്പം ' അമ്മ'യുടെ ഇപ്പോഴത്തെ നെതൃത്വത്തിനെതിരെ അദ്ദേഹം ഉയര്‍ത്തുന്നത്‌.' അമ്മ'യില്‍ അംഗത്വം ലഭിക്കാന്‍ ലൂഗീകചൂഷണം വരെ നടത്തുന്നു എന്നാണ്‌ അഴീക്കോടിന്റെ പുതിയ വെളിപാട്‌. മൂന്നാംകിട സിനിമാ ഗോസിപ്പുകളേയും ലജ്ജിപ്പിക്കുന്ന്താണ്‌ അഴീക്കോടിന്റെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളും വെളിപാടുകളും... ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ " അന്നനാളത്തിന്റെ മറ്റേ അറ്റം കൊണ്ട്‌ " ( പ്രയോഗത്തിന്‌ കടപ്പാട്‌: പ്രഫ.എം.കൃഷ്ണന്‍ നായര്‍ ) ശബ്ദകോലാഹലം സൃഷ്ടിക്കുകയാണ്‌ അഴീക്കോട്‌ എന്ന കാര്യത്തില്‍ സംശയമില്ല



ആരാണീ അഴീക്കോട്‌?
കേരളത്തിന്റെ സാംസ്കാരിക ജിഹ്വയായി സ്വയം പ്രഖ്യാപിച്ച്‌ ഏത്‌ വിഷയത്തിലും തന്റെ
അഭിപ്രായം പ്രകടിപ്പിക്കുന്നത്‌ അഴീക്കോടിന്റെ രീതിയാണ്‌. ഒരു വ്യക്തിയെന്ന നിലയ്ക്ക്‌ അദ്ദേഹത്തിന്‌ ഏത്‌ വിഷയത്തെ കുറിച്ചും എത്ര ഹീനമായ അഭിപ്രായവും സ്വരൂപിക്കാവുന്നതാണ്‌. എന്നാല്‍, അത്തരം അഭിപ്രായങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കുമ്പോള്‍ വിലയിടിയുന്നത്‌ സാംസ്കാരിക നായകനായും സാഹിത്യ വിമര്‍ശകനായും ജ്ഞാനിയായുമൊക്കെ സ്വയം അഹങ്കരിക്കുന്ന സുകുമാര്‍ അഴീക്കോടിനാണ്‌. ഞാന്‍ നാല്‍പത്‌ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ആയിരക്കണക്കിന്‌ വേദികളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ഒക്കെ അഹങ്കരിക്കുമ്പോള്‍ സുകുമാര്‍ അഴീക്കോടിന്റെ ചെറ്റത്തരമാണ്‌ വ്യക്തമാകുന്നത്‌. മോഹന്‍ലാലിനെതിരെ അദ്ദേഹം നടത്തിയ നീചമായ അഭിപ്രായ പ്രകടനങ്ങളെ പ്രതിരോധിക്കാന്‍ ലാലോ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരോ അഴീക്കോടിന്റെ വിലാസിനി ടീച്ചര്‍- നിമിഷ ടീച്ചര്‍ ബന്ധങ്ങളും മൂത്തകുന്നം ട്രെയിനിംഗ്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍ ആയിരിക്കെ ഔദ്യോഗിക ലെറ്റര്‍ പാടില്‍ ഇരുവര്‍ക്കും എഴുതിയ കാമലേഖനങ്ങളും, വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത്‌ മുതലെടുത്തതും, പിന്നെ ഉപയോഗിച്ചു കഴിഞ്ഞ കോണ്‍ഡം പോലെ അവരെ ഉപേക്ഷിച്ചതുമൊക്കെ വലിച്ച്‌ തെരുവില്‍ ഇട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? മാക്സ്‌ മുള്ളര്‍ പുരാണങ്ങള്‍ക്ക്‌ ആംഗലേയത്തില്‍ ഭാഷ്യം ചമച്ചില്ലായിരുന്നെങ്കില്‍ അഴീക്കോട്‌ ആകാശത്തോളം അഭിമാനിക്കുന്ന ' തത്ത്വമസി' എന്ന കൃതി, സംഭവിക്കുകില്ലായിരുന്നു എന്നു പറഞ്ഞിരുന്നെങ്കിലോ..?



ഏതായാലും സുകുമാര്‍ അഴീക്കോടിനോളം സാംസ്കാരികമായി മോഹന്‍ലാല്‍ അധപതിക്കാതിരുന്നതുകൊണ്ട്‌ അത്തരം അശ്ലീലങ്ങളൊന്നും ജനം അറി
ഞ്ഞില്ല. സംസ്കാരം, സാഹിത്യം, രാഷ്ട്രീയം, ആദ്യാത്മികം, കല എന്നീ വിഷയങ്ങളിലെല്ലാം ആധികാരികമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ കേരളത്തില്‍ താന്‍ മാത്രമേയുള്ളു എന്ന അഴീക്കോടിന്റെ അഹന്തയാണ്‌ ഇത്തരത്തിലുള്ള അസഹിഷ്ണുത നിറഞ്ഞതും അനവസരത്തിലുള്ളതും അതിനീചവുമായ അഭിപ്രായ പ്രകടനങ്ങളുടെ ആരൂഢം ഇനിയെങ്കിലും ആ വൈകല്യം തിരിച്ചറിഞ്ഞ്‌ മൗനം പുലര്‍ത്താന്‍ അഴീക്കോട്‌ മാന്യത കാണിച്ചാല്‍ അതായിരിക്കും അദ്ദേഹത്തിന്‌ പൊതുസമൂഹത്തോട്‌ ചെയ്യാവുന്ന ഏറ്റവും ലളിതവും നല്ലതുമായ കാര്യം. ഇത്‌ തിരിച്ചറിയാനുള്ള പക്വത അദ്ദേഹത്തിനുണ്ടാകട്ടെ എന്നല്ലെ വിനീതമായി ആഗ്രഹിക്കാന്‍ കഴിയൂ .ഒപ്പം തെറിക്കുത്തരം മുറിപ്പത്തല്‍ എന്നൊരു ചൊല്ല്‌ മലയാളത്തിലുണ്ട്‌ എന്ന്‌ അഴീക്കോടിനെ ഓര്‍മ്മിപ്പിക്കേണ്ടതുമില്ലേ...?

Monday, 15 February 2010

തിലകനെ ആര്‍ക്കാണ്‌ മൂലയ്ക്കിരുത്തേണ്ടത്‌

ടൈറ്റസ്‌ കെ. വിളയില്‍

സമാനതകളില്ലാത്ത അഭിനയ മികവുകൊണ്ട്‌ ദശാബ്ദങ്ങളായി മലയാള സിനിമാ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന വേറിട്ട വെള്ളിത്തിര സാന്നിധ്യമാണ്‌ തിലകന്‍. തന്റെ പ്രതിഭയില്‍ ഊറ്റം കൊള്ളുകയും അതിന്റെ നട്ടെല്ലുറപ്പില്‍ ജീവിക്കുകയും ചെയ്യുന്ന അപൂര്‍വ ജാനസില്‍ പെട്ട അഭിനേതാവ്‌ കൂടിയാണ്‌ തിലകന്‍.അതെ, മലയാള സിനിമയിലെ പെരുന്തച്ചനാണ്‌ തിലകന്‍. എന്നാല്‍, തിലകിനിപ്പോള്‍ വീണ്ടും വിവാദകേന്ദ്രമായിരിക്കുകയാണ്‌. മലയാള സിനിമയിലെ മറ്റൊരു അഭിനയ പ്രതിഭയായ മമ്മൂട്ടിയെയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയെയും തീക്ഷണമായി വിമര്‍ശിച്ചുകൊണ്ട്‌ തിലകന്‍ രംഗത്തെത്തിയതാണ്‌ പുതിയ വിവാദങ്ങളുടെ തുടക്കം.



'ക്രിസ്ത്യന്‍ ബ്രദേഴ്സ്‌' എന്ന സിനിമയില്‍ നിന്ന്‌ ഫെഫ്കയും മമ്മൂട്ടിയും ചേര്‍ന്ന്‌ തന്നെ ഒഴിവാക്കി എന്നാണ്‌ തിലകന്റെ ആരോപണം. ഒരു നടനെതിരെ ഒരിക്കലും ആശാസ്യമല്ലാത്ത ഉപരോധമാണിത്‌. ഈ ഉപരോധം തുടര്‍ന്നാല്‍ തന്നിലെ നടന്‍ ആത്മഹത്യ ചെയ്യുമെന്നാണ്‌ തിലകന്‍ പറയുന്നത്‌. തിലകനെതിരെ ഉണ്ടായ ഈ ഉപരോധത്തില്‍ പ്രതിഷേധിച്ച്‌ മലയാള വേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ശനിയാഴ്ച തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന്‌
മുമ്പില്‍ ധര്‍ണയും നടന്നു. അന്ന്‌ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത്‌ തിലകന്‍ നടത്തിയ പ്രസംഗവും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സൂപ്പര്‍ താരങ്ങളാണ്‌ മലയാള സിനിമയെ ഭരിക്കുന്നത്‌.അവരുടെ താളത്തിനൊത്ത്‌ തു
ള്ളുന്നവരാണ്‌ ഭൂരിപക്ഷം സംവിധായകരും തിരക്കഥാകൃത്തുക്കളും മറ്റ്‌ സാങ്കേതിക വിദഗ്ധരും നടീനടന്മാരും. മലയാള സിനിമയെ നശിപ്പിക്കുന്നത്‌ ഈ ഉപചാപക സംഘമാണ്‌. ഇവര്‍ക്ക്‌ ഓരോ ചിത്രം കഴിയും തോറും കോടികള്‍ പ്രതിഫലം കിട്ടുമ്പോള്‍ ഇവര്‍ അഭിനയിച്ച പല ചിത്രങ്ങളും ബോക്സോഫീസില്‍ എട്ട്‌ നിലയില്‍ പൊട്ടുകയാണ്‌. ഇതുമൂലം കോടിക്കണക്കിന്‌ രൂപയുടെ നഷ്ടമാണ്‌ മലയാള സിനിമാ വ്യവസായത്തിന്‌ ഉണ്ടായിട്ടുള്ളത്‌. നിരവധി നിര്‍മ്മാതാക്കള്‍ പാപ്പരായി. എന്നിട്ടും ഈ സൂപ്പര്‍ താരങ്ങളുടെ അഹന്ത കുറയുന്നില്ല. എന്നുമാത്രമല്ല, ഇവര്‍ അഭിനയപ്രതിഭയുള്ളവരെ ഉപരോധിക്കുകയും ചെയ്യുന്നു. ഈ വൃത്തികെട്ട പ്രവണത തുടര്‍ന്നുപോയാല്‍ വരും തലമുറ ബ്ലൂഫിലിം കാണേണ്ടിവരും. സിനിമാ സംഘടനകളാണ്‌ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. അതുകൊണ്ട്‌ ഈ സംഘടനകളെ അറബിക്കടലില്‍ തള്ളണം എന്നൊക്കെയായിരുന്നു തിലകന്റെ തുറന്നടിക്കല്‍. എന്നുമാത്രമല്ല, മലയാളത്തിലെ ഒരു സൂപ്പര്‍ താരവും പാര്‍ട്ടി ചാനലും തന്നെ ഒഴിവാക്കിയെന്നും ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ സെറ്റിലേക്ക്‌ സമരസജ്ജനായി താന്‍ കടന്നുചെല്ലുമെന്നുമൊക്കെ തിലകന്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു.



തിലകന്റെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധവുമായാണ്‌ ഫെഫ്ക ഭാരവാഹികള്‍ രംഗത്തെത്തിയത്‌. സിനിമയെ ജാതിവത്കരിക്കാനും രാഷ്ട്രീയവത്കരിക്കാനുമാണ്‌ തിലകന്റെ ശ്രമം. സിനിമാ സംഘടനകളെ അറബിക്കടലില്‍ തള്ളണമെന്ന അഭിപ്രായപ്രകടനം അരാജകത്വവും വ്യക്തിവാദവുമാണ്‌.ഒരു കമ്മ്യൂണീസ്റ്റ്‌ എന്ന്‌ അഭിമാനിക്കുന്ന തിലകന്‍ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ലായിരുന്നു
നെടുമുടി വേണുവിനെതിരെ ജാതി പറഞ്ഞ്‌ തര്‍ക്കമുണ്ടാക്കിയത്‌ തിലകനാണ്‌. ഒരു സിനിമയില്‍ നിന്ന്‌ നിശ്ചയിച്ച നടനെ മാറ്റുന്നത്‌ പുതിയ കാര്യമല്ല. ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ അഭിനയിപ്പിച്ചില്ലെങ്കില്‍ തന്നിലെ നടന്‍ ആത്മഹത്യ ചെയ്യുമെന്നാണ്‌ തിലകന്‍ പറയുന്നത്‌. തിലകന്‍ ചെയ്യണമെന്ന്‌ നിര്‍ബന്ധമില്ലാത്ത വേഷം അദ്ദേഹം നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നതിലൂടെ അദ്ദേഹത്തിലെ നടന്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞിരിക്കുകയാണ്‌. സ്വന്തം ആരോഗ്യം കൂടി കണക്കിലെടുത്തുവേണം തിലകന്‍ സിനിമകള്‍ തെരഞ്ഞെടുക്കാന്‍. അസുഖബാധിതനായ ഭരത്‌ ഗോപി ഈ അന്തസ്‌ കാണിച്ചിരുന്നു. ഫെഫ്ക മാഫിയ സംഘടനയാണെന്ന്‌ തിലകന്റെ ആരോപണം അരാജകത്വം നിറഞ്ഞതാണ്‌.


ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ സംവിധായകന്‍ ജോഷിയുടെ സിനിമയില്‍ തിലകന്‍ അഭിനയിച്ചിട്ട്‌ 15 വര്‍ഷമായി. ഇത്‌ എന്തുകൊണ്ടാണെന്ന്‌ അന്വേഷിക്കേണ്ടതാണ്‌. തിലകനില്‍ നിന്ന്‌ ദുരനുഭവമുണ്ടായതുകൊണ്ടാണ്‌ ജോഷി അദ്ദേഹത്തെ അഭിനയിപ്പിക്കാത്തത്‌. ഇവിടം സ്വര്‍ഗമാണ്‌ എന്ന ചിത്രത്തിലെ നായകനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ രസതന്ത്രം ദ്രോണയില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായിരുന്നി
ല്ലെങ്കില്‍ അത്‌ അദ്ദേഹം ആദ്യം പറയേണ്ടത്‌ ദ്രോണയുടെ സംവിധായകനായ ഷാജി കൈലാസിനോടായിരുന്നു. ഇതേ നടനോടൊപ്പം പഴശിരാജയില്‍ അഭിനയിച്ചപ്പോള്‍ രസതന്ത്രമുണ്ടായിരുന്നില്ലെങ്കില്‍ പിന്നീട്‌ ദ്രോണയില്‍ അഭിനയിച്ചത്‌ എന്തിനാണ്‌? നിലവാരം കുറഞ്ഞ പ്രസ്താവനകളും അടിസ്ഥാന രഹിതമായ ആരോപണങ്ങളുമാണ്‌ മാധ്യമങ്ങളിലൂടെ തിലകന്‍ ഉന്നയിക്കുന്നത്‌- ഇങ്ങനെ പോകുന്ന ഫെഫ്ക പ്രസിഡന്റ്‌ സിബി മലയിലിന്റെയും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെയും വിശദീകരണങ്ങള്‍.



എന്നാല്‍, ഭരത്‌ ഗോപിയുടെ അവസ്ഥയിലല്ല താനെന്നും ഇപ്പോഴും ഏത്‌ കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക്‌ കഴിയും എന്നാണ്‌ തിലകന്റെ അവകാശവാദം.
കുറേനാളായി തിലകനുമായി ബന്ധപ്പെട്ട ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയിട്ട്‌. ജാതി അടിസ്ഥാനത്തില്‍ തന്നെ പുറത്താക്കാന്‍ ശ്രമം നടക്കുന്നു എന്നതായിരുന്നു തിലകന്റെ ആദ്യത്തെ ആരോപണം. മലയാള സിനിമയിലെ നായര്‍ ലോബിയാണ്‌ തനിക്കെതിരെ ഈ നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതില്‍ പ്രധാനി നെടുമുടി വേണുവാണെന്നും തിലകന്‍ അന്ന്‌ വെളിപ്പെടുത്തിയിരുന്നു.



പ്രശ്നങ്ങള്‍ എന്തായാലും അടുത്തകാലത്തായി തിലകന്‌ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല എന്നത്‌ സത്യമാണ്‌.
അപൂര്‍വമായി മികച്ച കഥാപാത്രങ്ങളെ ലഭിക്കുമ്പോള്‍ അദ്ദേഹം അവ അവിസ്മരണീയമാക്കാറുമുണ്ട്‌. ഏകാന്തം എന്ന ചിത്രത്തിലെ അഭിനയത്തിന്‌ തിലകന്‌ ദേശീയ പുരസ്കാരം ലഭിച്ചിട്ട്‌ അധികാനാളായിട്ടില്ല. അന്നും ഫെഫ്ക നേതൃത്വം ആരോപിക്കുന്ന ശാരീരിക വൈഷമ്യങ്ങള്‍ തിലകനുണ്ടായിരുന്നു എന്നത്‌ മറന്നുകൂട.



പെരുന്തച്ചന്‍, മൂന്നാംപക്കം, കിരീടം, സ്ഫടികം, കുടുംബപുരാണം, കുടുംബവിശേഷം, യവനിക, സന്‍മനസ്സുള്ളവര്‍ക്ക്‌ സമാധാനം, നാടോടിക്കാറ്റ്‌, തനിയാവര്‍ത്തനം, അഥര്‍വം, കാട്ടുകുതിര, ദ ട്രൂത്ത്‌, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ തുടങ്ങി നിരവധി സിനിമകളില്‍ അവിസ്മരണീയമായ കഥാപാത്രങ്ങളെ തിലകന്‍ അവതരിപ്പിച്ചിട്ടുണ്ട്‌. കഥാപാത്രങ്ങളുടെ വ്യത്യസ്ഥതയും ഡെപ്തും മനസ്സിലാക്കി അഭിനയിക്കാന്‍ തിലകനുള്ള കഴിവും മറന്നുകൂട. അതുകൊണ്ടുതന്നെ ഈ നടനെ ഉപരോധിക്കാനോ
മൂലക്കിരുത്താനോ പാടുള്ളതല്ല.



എന്നാല്‍, മലയാളസിനിമയില്‍ നടക്കുന്നത്‌ തിലകന്‍ ആരോപിച്ചത്‌ പോലുള്ള പാരവെപ്പുകള്‍ തന്നെയാണ്‌. നന്ദികേടിന്റെ ലോകമാണ്‌ സിനിമാരംഗം. അവസരവാദികളുടെ കൂത്തരങ്ങാണിത്‌. തന്റെ കാര്യം നേടിയെടുക്കാന്‍ ഏതറ്റം വരെ താഴാനും ഉളുപ്പില്ലാത്തവരാണ്‌ നടീനടന്മാര്‍. എന്നുമാത്രമല്ല, മലയാളസിനിമയിലെ സൂപ്പര്‍ സ്റ്റാറുകളെ ചുറ്റിപ്പറ്റിയാണ്‌ തൊണ്ണൂറ്‌ ശതമാനം സിനിമകള്‍ ഉണ്ടാകുന്നതും സിനിമാപ്രവര്‍ത്തകര്‍ ജീവിക്കുന്നതും. അതിന്റെ പരാജയം ഈ രംഗത്ത്‌ ഉണ്ടുതാനും. കോടികളുടെ ബിസിനസ്‌ നടക്കുന്ന ഈ രംഗത്ത്‌
സൂപ്പര്‍ താരങ്ങള്‍ ചെലുത്തുന്ന അനാശാസ്യമായ സ്വാധീനം മൂലം നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ്‌ ഏടുകള്‍ മറിച്ചാല്‍ കാണുക. ഇവിടെയാണ്‌ തിലകനെ പോലെയുള്ള ഒരു നടന്റെ പ്രസക്തി. ജാതിക്കും മതത്തിനും സമുദായത്തിനും സൃഷ്ടിക്കാന്‍ കഴിയുന്നതല്ല പണിക്കുറ തീര്‍ന്ന ഒരു അഭിനേതാവിനെ. പക്ഷെ, ആ സത്യം ബോധപൂര്‍വം തമസ്കരിച്ച്‌ ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പ്രദേശത്തിന്റെയും താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്‌ പലസിനിമകളിലും അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നത്‌. ഇത്‌ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തന്റെ അഭിനയ മികവില്‍ സ്വത്വബോധം പുലര്‍ത്തുന്ന നടനേയും നടിയേയും ഒറ്റപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കറിയാം.


ഒരുകാലത്തും സൂപ്പര്‍സ്റ്റാറുകളിലൂടെയല്ല ഒരു ഭാഷയിലും സിനിമ മികവ്‌ പുലര്‍ത്തിയിട്ടുള്ളത്‌. തിലകനെ പോലെയുള്ള അഭിനയ പ്രതിഭകളാണ്‌ ഓരോ ഭാഷയിലുമുള്ള സിനിമയുടെ ജീവനും നട്ടെല്ലും. അത്‌ തിരിച്ചറിഞ്ഞ്‌ തിലകനെന്ന അനുപമനായ നടനോട്‌ നീതിപുലര്‍ത്താന്‍ സംവിധായകരും നിര്‍മാതാക്കളും തയ്യാറാകേണ്ടതുണ്ട്‌. സൂപ്പര്‍ താരങ്ങളുടെ ചെരുപ്പ്‌ നക്കികളായ യുവതലമുറയിലെ ചില സംവിധായകരും തിരക്കഥാകൃത്തുക്കളും എന്തെല്ലാം കളികള്‍ കളിച്ചാലും തിലകനെ പോലെയുള്ള ഒരു അഭിനയ പ്രതിഭയെ മലയാള സിനിമാ രംഗത്തുനിന്നും മലയാളികളായ സിനിമാ പ്രേമികളുടെ മനസ്സില്‍ നിന്നും ഉപരോധിക്കാനൊ പുറത്താക്കാനോ കഴിയുകയില്ല. അതുകൊണ്ട്‌ അദ്ദേഹത്തോണ്‌ മാന്യമായി ഇടപെടാനുള്ള വകതിരിവ്‌ സിബി മലയിലിനെയും ബി. ഉണ്ണികൃഷ്ണനെയും പോലെയുള്ളവരില്‍ നിന്നുണ്ടാവണമെന്നാണ്‌ മലയാള സിനിമാ പ്രേക്ഷകരാവശ്യപ്പെടുന്നത്‌.



Tuesday, 19 January 2010

ഭാരതീയാശയങ്ങളുമായികാമറൂണിന്റെ അവതാര്‍

വി. പ്രവീണ്‍ കുമാര്‍

കുട്ടിച്ചാത്തന്‌ ശേഷം മലയാളിക്ക്‌ ത്രിഡയമന്‍ഷന്‍ ദൃശ്യ വിസ്മയത്തിന്റെ അനുഭൂതിയുമായി ഹോളിവുഡ്‌ ചിത്രം 'അവതാര്‍' കേരളത്തിലെത്തി.
ജെയിംസ്‌ കാമറൂണ്‍ 'ടൈറ്റാനിക്ക്‌' എന്ന ഹിറ്റിനുശേഷം അണിയിച്ചൊരുക്കുന്ന ചിത്രം കാഴ്ചയുടെ പുതിയ അനുഭവമാണ്‌ കാണികള്‍ക്ക്‌ നല്‍കുന്നത്‌. കുട്ടിച്ചാത്തനില്‍ സാധാരണ മനുഷ്യന്റെയും കുട്ടിച്ചാത്തന്റെയും കഥപറയുമ്പോള്‍ യന്ത്രവല്‍കൃത ആയുധങ്ങളും അ
ത്യന്താധുനികതയും ദൃശ്യവിഷയമാക്കുന്ന അവതാറിലെ ത്രിഡി രംഗങ്ങള്‍ പ്രേക്ഷകനെ അത്ഭുതപ്പെടുത്തും.


പ്രകൃതിസംരക്ഷണം ചര്‍ച്ചാവിഷയമാക്കുന്നത്‌ പ്രമേ
യത്തെ ശക്തമാക്കുന്നു. ഭോഗാസക്തനായ മനുഷ്യന്റെ സാമീപ്യം പോലും പ്രകൃതിയെ നശിപ്പിക്കുമെന്നും അത്‌ പ്രകൃതിക്ഷോഭങ്ങള്‍ക്ക്‌ കാരണമായിത്തീരുമെന്നും സിനിമ പറയുന്നു. ശാസ്ത്രത്തിന്റെ സഹായത്തോടെ തന്റെ ഉപബോധമനസിനെ പാണ്ടോറയിലെ നാവിയെന്ന്‌ വിളിക്കപ്പെടുന്നവരുടെ ശരീരത്തിലേക്ക്‌ പ്രവേശിപ്പിക്കുന്ന വ്യക്തിയിലൂടെ പ്രമേയം മുന്നേറുന്നു. പ്രകൃതിസൗന്ദര്യം കൊണ്ട്‌ അനുഗ്രഹീതമായ മറ്റൊരുലോകമാണ്‌ പാണ്ടോറ. അവിടെ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന പ്രത്യേകവര്‍ഗം ജീവികളാണ്‌ നാവികള്‍. പണ്ടോറയെ കീഴ്പ്പെടുത്താന്‍ മനുഷ്യന്റെ ചാരനായി നാവിയുടെ ശരീരത്തില്‍ പ്രവേശിക്കുന്ന നായകന്‍ പണ്ടോറയുടെ കൂളിര്‍മയില്‍ ആകൃഷ്ടനായി അവരിലേക്ക്‌ ഇഴുകിചേരുന്നു. ചൂഷകനായ മനുഷ്യനില്‍ നിന്നും പ്രകൃതിസ്നേഹികളായ നാവിയിലേക്കുള്ള ഇദ്ദേഹത്തിന്റെ മാറ്റം ദൃശ്യവത്കരിക്കുമ്പോള്‍ അതില്‍ ഭാരതീയത ഒളിഞ്ഞിരിക്കുന്നത്‌ പ്രേക്ഷകര്‍ക്ക്‌ അനുഭവവേദ്യമാകും.


ധര്‍മോരക്ഷതി രക്ഷിത: ധര്‍മ
ത്തെരക്ഷിച്ചാല്‍ ധര്‍മം നമ്മെരക്ഷിക്കും എന്ന ഭാരതീയ വചനങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ പ്രകൃതിയെ രക്ഷിച്ചാല്‍ അവ നമ്മെസംരക്ഷിക്കും എന്ന്‌ അവതാരകന്‍ പറഞ്ഞുവെയ്ക്കുന്നു. പടിഞ്ഞാറിന്റെ വേദഭൂമിയിലേക്കുള്ള തിരിഞ്ഞുനോട്ടം ഇവിടെ ദര്‍ശിക്കാം. സാങ്കല്‍പികലോകമായ പാണ്ടോറയെ ഭൂമിയിലെ പ്രകൃതിയോട്‌ കൂട്ടിവായിച്ചാല്‍ പ്രമേയത്തിന്റെ ശക്തി വ്യക്തമാകും. തന്റെ ബുദ്ധിയെ പ്രകൃതിയുടെ ആത്മാവിനോട്‌ ഇഴചേര്‍ക്കുന്ന നായകന്‍ അങ്ങനെ അവരിലൊരാളായി മാറുന്നു. പ്രകൃതിയെ ചൂഷണം ചെയ്യാത്ത നാവികളുടെ ലോകം സുന്ദരമാണെന്ന്‌ നായകനിലൂടെ സംവിധായകന്‍ പറയുന്നു. പരസ്പരം ഭാവയന്ത ശ്രേയ പരമവ്യാപ്സ്യതേ പരസ്പരം സഹകരിച്ചുകൊണ്ട്‌ പരമമായ സുഖത്തെനേടുക എന്ന ഭാരതീയാശയം ഇവിടെ ഹോളിവുഡ്‌ സിനിമാക്കാരന്‍ കടംകൊണ്ടിരിക്കുകയാണ്‌. ആധുനികരും ഭോഗാസക്തരുമായ മനുഷ്യര്‍ ഇവരുടെലോകത്തെ അക്രമിക്കുന്നിടത്ത്‌ സിനിമ സംഘര്‍ഷഭരിതമായ രംഗങ്ങളിലേക്ക്‌ നീങ്ങുന്നു. നായകന്റെ ബോധമനസ്‌ ഉപബോധമനസിന്റെ അഗ്രഹങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകുമ്പോള്‍ ശാസ്ത്രലോകത്തെ ഭിന്നിപ്പും തിരശീലയില്‍ മിന്നിമറയുന്നു. സമകാലികരുടെ ഭോഗതൃഷ്ണയെ ഉപബോധമനസുകൊണ്ട്‌ നേരിടാന്‍ തയ്യാറാകുമ്പോള്‍ പ്രകൃതിയിലെ ദുര്‍ശക്തികള്‍പോലും അദ്ദേഹത്തിന്‌ കൂട്ടായെത്തുന്നു. ഇവിടെ ചിത്രം പുത്തന്‍ ദൃശ്യാനുഭവങ്ങളിലേക്ക്‌ പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നു.


ആധുനിക മനുഷ്യന്റെ പടയോട്ടം പ്രകൃതിയുടെ വിശുദ്ധിയെ നശിപ്പിക്കുമ്പോള്‍ പ്രകൃതിതന്നെ അവനെ കീഴ്പ്പെടുത്താന്‍ തയ്യാറാകുന്നു. ഇവിടെ മനുഷ്യന്റെ ശാസ്ത്രബോധം അപര്യാപ്തമാണെന്ന്‌ ചിത്രം സൂചിപ്പിക്കുന്നു. പ്രകൃതിക്കടിമയാണ്‌ മനുഷ്യനും മനുഷ്യന്റെ ശാസ്ത്രവും എന്ന്‌ ചിത്രം പറഞ്ഞുനിര്‍ത്തുമ്പോള്‍ ദേശ, ഭാഷ, സംസ്കാരഭേദമെന്യേ എല്ലാവരുടെ മനസിലും
താനും തിരുത്തേണ്ടകാലമായില്ലേഎന്ന ചോദ്യമുയര്‍ത്താന്‍ ജെയിംസ്‌ കാമറൂണിന്‌ കഴിഞ്ഞിട്ടുണ്ട്‌.
പണ്ടോറയുടെ സംരക്ഷണത്തിനായി വെമ്പുന്ന നായകന്റെ ഇവിടേക്കുള്ള നിയോഗമാണ്‌ ചിത്രത്തിന്റെ പേരിനാസ്പദമായിരിക്കുന്നത്‌. ഭാരതീയ സംസ്കാരത്തില്‍ നിന്നും കടംകൊണ്ട അവതാര സങ്കല്‍പ്പം ചിത്രത്തിന്റെ പേരിനും പ്രമേയത്തിനും ശക്തിപകരുന്നു.
ശാസ്ത്രത്തിന്റെ സഹായത്തോടെ പ്രകൃതിസംരക്ഷണം ആവശ്യമാണെന്ന്‌ ചിത്രം പറയുമ്പോള്‍ പ്രകൃതിക്കിണങ്ങുന്ന തരത്തില്‍ ശാസ്ത്രപുരോഗതി കൈവരിച്ചിരുന്ന ഭാരതീയ പൗരാണികതയിലേക്ക്‌ ഇത്‌ നമ്മെനയിക്കും. ഭാരതീയ ദര്‍ശനങ്ങള്‍ പ്രസക്തമായിരുന്നുവെന്ന്‌ പാശ്ചാത്യന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു 'അവതാറി'ലൂടെ.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP