പ്രസീദപത്മ
മമ്മി എനിക്ക് പാട്ട് പാഠവും
ഡാന്‍സ് പാഠവും പഠിപ്പിച്ച് തരും,
അത് പഠിക്കാഞ്ഞാല്‍
മമ്മി കരയും.
എന്തിനാണ് മമ്മി കരയുന്നത്..?
ഞാന്‍ റിയാലിറ്റി ഷോയിലെ ഫ്ലാറ്റ് സ്വന്തമാക്കണം,
സീരിയല്‍ നടിയാകണം;സിനിമാ താരമാകണം..
അതിനായി ഏത് അഡ്ജസ്റ്റ്മെന്റിനും മമ്മി തയ്യാറാണ്..!
(കണ്ണാ,എത്ര അഡ്ജസ്റ്റ് ചെയ്താലും
മമ്മിക്കൊരു കൊഴപ്പോമില്ല..!
എനിക്കാണെങ്കീ
ഒറക്കോം വരും;ഓക്കാനോം വരും
ബ്ലാ..ബ്ലാ..)
...........
ഇതാ ഡാഡിയും മകളും.
ഡാഡി സോഫയിലിരിക്കും
മകളെ മടിയിലിരുത്തും.
'കാസറ്റ് ലീലകളി 'ല്‍ ട്യൂഷനേകി
"കുട്ടനീമത"* തന്ത്രങ്ങള്‍ പഠിപ്പിച്ച്
പണിക്കുറ തീര്‍ത്ത്
കൗമാര വാസവദത്തയാക്കി
സെറ്റുകളില്‍ നിന്ന് സെറ്റുകളിലേയ്ക്ക്...
പിന്നെ
"പശ്ചിമഘട്ടങ്ങളെ കേറിയും
കടന്നും ചെന്നന്യമാം ദേശങ്ങളി "ലും.
സുഖ വിപണനം.
പിടിക്കപ്പെട്ടാല്‍
മറുകുകളെണ്ണിപ്പറഞ്ഞ്,
മണങ്ങള്‍ ഓര്‍ത്തെടുത്തോതി,
മൊബെയിലിലെ ഫോട്ടോകളില്‍ പരതി
നിഷ്ക്കളങ്കയായ്
മകള്‍ ഉത്തരാധുനിക താത്രിക്കുട്ടിയാകും.
( എടാ, നീ അയച്ച എംഎംഎസും
ഡാഡീടെ കാസറ്റുകളും കണ്ട്
ഇക്കിളി പെരുത്ത എന്നെ
നോവിക്കാതെ രസിപ്പിച്ചവരേം
പിന്നെ പോലിസ് പറഞ്ഞവരേം ഞാന്‍ ചൂണ്ടിക്കാണിച്ചു..
ദോഷം കിട്ടുമോഡാ..?)
..............
"അകക്കണ്ണ് തുറപ്പിക്കാന്‍
ആശാന്‍ ബാല്യത്തിലെത്തണമെ"ന്ന് സുഭാഷിതം.
ബാല്യ-ശൈശവങ്ങളുടെ
ഇളം തുടകള്‍ക്കകം തുരന്ന്
ഗുരു തൃഷ്ണയുടെ നാരായമുനയാല്‍
ശ്യാമകാമത്തിന്റെ ഹരിശ്രീ,
രക്തരൂക്ഷിത സേകം;നിര്‍വാണം..!
മാതാ-പിതാ-ഗുരു
ദൈവമേ....!!
............
ആങ്ങളമാരില്ലാത്ത
3Gപൊങ്ങച്ചപ്പെരുക്കത്തില്‍,
റാഡിക്കല്‍ ഫെമിനിസ്റ്റുകളുടെ
വാത്മീക മുറ്റത്ത് ;
ചാനല്‍ ചര്‍ച്ചകളുടെ
സര്‍വാണി കൂടിയാകുമ്പോള്‍
കേരളമെന്ന പേര്‍ കേട്ടാല്‍
ത്രസിക്കും ബീജ സംഭരണികള്‍...
................................
*വേശ്യാവൃത്തിയെയും, ആ തൊഴിലിന്റെ വിജയരഹസ്യങ്ങളെപ്പറ്റിയും സംസ്കൃതത്തില്‍ രചിക്കപ്പെട്ട ശാസ്ത്രീയ ഗ്രന്ഥമാണ് കുട്ടനീമതം.കാശ്മീര്‍ രാജാവായിരുന്ന ജയാപീഢന്റെ (751-782 AD) മന്ത്രിമാരില്‍ ഒരാളായ ദാമോദരഗുപ്തനാണ് കുട്ടനീമതത്തിന്റെ കര്‍ത്താവ്.എ ഡി 755-786 കാലഘട്ടത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത് എന്നു കരുതുന്നു.കുട്ടനി എന്നാല്‍ സ്ത്രീപുരുഷ സമാഗമത്തിനുള്ള ഇടനിലക്കാരി (കൂട്ടിക്കൊടുപ്പുകാരി ) എന്നര്‍ത്ഥം. മാലതി എന്നൊരു വേശ്യക്ക് വികരാള എന്നൊരു കുട്ടനി നല്‍കുന്ന ഉപദേശങ്ങളാണ് 1089 പദ്യങ്ങളുള്ള കുട്ടനീമതത്തിന്റെ ഉള്ളടക്കം.
ടൈറ്റസ് കെ. വിളയില്‍ വന്‍കിട കുത്തക കമ്പനികളുടെ ഇടനിലക്കാരിയായ നീരാ റാഡിയ രത്തന്‍ ടാറ്റ അടക്കമുള്ള വ്യവസായികളുമായും എ. രാജ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാരുമായും വീര്‍സംഗ്‌വിയെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകരുമായും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ടേപ്പ് ചോര്‍ന്നതിനെ പറ്റി കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍, കളിമണ്‍ പാദങ്ങളുള്ളവര്‍ മാത്രമല്ല ഇച്ഛാശക്തിയില്ലാത്ത ഷണ്ഡത്വം ബാധിച്ചവരുമാണ് മന്‍മോഹന്‍സിംഗും പ്രണാബ് കുമാര്‍ മുഖര്‍ജിയും എ.കെ. ആന്റണിയും അടക്കമുള്ള യുപിഎ സര്‍ക്കാരിന്റെ ഉന്നത നേതാക്കന്മാരെന്ന് , അവര്‍ തന്നെ വ്യക്തമാക്കി.
1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്ന 2ജി സ്പെക്ട്രം ഇടപാടിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം പോലും അംഗീകരിക്കുകയില്ല എന്ന് ദുശ്ശാഠ്യം പിടിക്കുന്നവരാണ് രത്തന്‍ ടാറ്റ കൊടുത്ത ഒരു സ്വകാര്യ ഹര്‍ജിയില്‍ ഭയപ്പെട്ട് നീരാ റാഡി ടേപ്പ് അന്വേഷിക്കാന്‍ ഉത്സാഹം കാണിച്ചതെന്ന് തിരിച്ചറിയുമ്പോഴാണ് മിസ്റ്റര്‍ ക്ലീന്‍ എന്ന് ഇതുവരെ കരുതപ്പെട്ടിരുന്ന മന്‍മോഹന്‍ മുതല്‍ എ.കെ. ആന്റണി വരെയുള്ളവര്‍ എത്രമാത്രം ദാസ്യത്വം നിറഞ്ഞ നീചരാഷ്ട്രീയ ജന്മങ്ങളാണെന്ന് നാം വിശ്വസിക്കേണ്ടിവരുന്നത്.
സ്വകാര്യത ഉള്‍പ്പെടെ ജീവിക്കാനുള്ള തന്റെ അടിസ്ഥാന അവകാശത്തിനുമേല്‍ നടത്തിയ കടന്നുകയറ്റമാണ് ടേപ്പ് പരസ്യമാക്കലെന്ന് രത്തന്‍ ടാറ്റ നല്‍കിയ ഹര്‍ജിയില്‍ വാദിക്കുന്നു. ടേപ്പ് പുറത്തായ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെയും കക്ഷി ചേര്‍ത്തുകൊണ്ടാണ് രത്തന്‍ ടാറ്റ വൃത്തികെട്ട പ്രതിരോധം ചമച്ചത്. സര്‍ക്കാരാണ് ടേപ്പ് ചോര്‍ത്തിയതെന്നും സര്‍ക്കാരുമായി യാതൊരു ശത്രുതയുമില്ലാത്ത തന്നെ പോലെയുള്ള പൗരന്റെ സ്വകാര്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നുമാണ് ടാറ്റയുടെ മറ്റൊരുവാദം.
ഈ വാദത്തില്‍ അടങ്ങിയിരിക്കുന്ന കുന്തമുനകള്‍ തിരിച്ചറിഞ്ഞ് മന്‍മോഹന്‍സിംഗും ഉപദേഷ്ടാക്കന്മാരും സ്വീകരിച്ച പ്രീഎംടീവ് മെഷറാണ് അന്വേഷണ ഉത്തരവ്. രഹസ്യാന്വേഷണ ബ്യൂറോയും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡുമായിരിക്കും ടേപ്പ് പുറത്തായ സാഹചര്യം അന്വേഷിക്കുക. ശ്രദ്ധിക്കുക ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ് ഒരു നിശ്ചിത കാലയളവില്‍ നീരാ റാഡിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. 5000 ഓളം സംഭാഷണങ്ങളാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. ഇതില്‍ 104 സംഭാഷണങ്ങള്‍ പരസ്യമായപ്പോഴാണ് പൗരന്റെ സ്വകാര്യതയും മാന്യമായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിച്ച്
രത്തന്‍ ടാറ്റ നിയമ നടപടിക്ക് ഒരുങ്ങിയത്.അന്വേഷണത്തിന് ഉത്തരവിട്ടതോടെ ആഭ്യന്തരമന്ത്രാലയത്തെ ഒറ്റിക്കൊടുത്തിരിക്കുകയാണ് മന്‍മോഹന്‍
പണത്തിനു മീതെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരും പറക്കുകയില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു. കെനിയയില്‍ വളര്‍ന്ന് ബ്രിട്ടണില്‍ കുടിയേറിയ ഇന്ത്യയില്‍ സ്വാധീന സാമ്രാജ്യം ഉണ്ടാക്കി നടക്കുന്ന നീരാ റാഡി എന്ന സ്ത്രീ വിവാദങ്ങളുടെയും തെളിവുകളുടെയും നിലയില്ലാ കയത്തിലാണിപ്പോള്‍. ടാറ്റ ഗ്രൂപ്പിന്റെ പബ്ലിക് റിലേഷന്‍ സ്ഥാപനമായ വൈഷ്ണവി കമ്യൂണിക്കേഷന്‍സ് നടത്തുന്ന അവര്‍ക്ക് രത്തന്‍ ടാറ്റയുമായുള്ള അടുപ്പം കോര്‍പ്പറേറ്റ് ബന്ധം മാത്രമായിരിക്കാം. എന്നാല്‍, രാജയെ മന്ത്രിയാക്കുന്നതില്‍ അവര്‍ നടത്തിയ സ്വാധീനക്കളികളും ചരടുവലികളും പുറത്തുവന്നതും രാജയുടെ നേതൃത്വത്തില്‍ നടന്ന 1.76 ലക്ഷം കോടിയുടെ വെട്ടിപ്പിന്റെ വിശദാംശങ്ങള്‍ സിഎജി ചികഞ്ഞെടുത്തതുമൊക്കെയാണ് ടാറ്റയുടെ മാന്യതയ്ക്കിപ്പോള്‍ കോട്ടമേല്‍പ്പിച്ചിരിക്കുന്നത്! ആ കോട്ടം തീര്‍ക്കാനാണ് മന്‍മോഹന്‍ സിംഗ് അടക്കമുള്ള നട്ടെല്ലില്ലായ്മകള്‍ മുട്ടിലിഴയുന്നതും..!!
ഒരു കൊല്ലം മുമ്പ് നീരാ റാഡിയുടെ പിന്നാമ്പുറ കഥകള്‍ പയനിയര്‍ അടക്കമുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതാണ്. 108 ദിവസത്തെ ആ സ്ത്രീയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ആദായ നികുതി വകുപ്പാണ് ചോര്‍ത്തിയത്. അതിലെ ഉള്ളടക്കം ക്രോഡീകരിച്ച് ആദായ നികുതി വകുപ്പ് സിബിഐയ്ക്ക് 14 പേജുള്ള കത്തെഴുതിയിരുന്നു. ആ കത്തിലെ വിശദാംശങ്ങള്‍ പയനിയര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തോന്നാതിരുന്ന മാന്യതാ ബോധവും പൗരബോധവും ഇപ്പോള്‍ എങ്ങനെയാണ് എവിടെ നിന്നാണ് രത്തന്‍ ടാറ്റയ്ക്ക് ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ ചോദ്യം ഉന്നയിക്കുമെന്നും രത്തന്‍ ടാറ്റ അതിന് സത്യസന്ധമായി മറുപടി പറയുമെന്നും ഇപ്പോള്‍ നമുക്ക് ആശയ്ക്ക് വിരുദ്ധമായി ആശിക്കാനേ കഴിയൂ!. അത്തരമൊരു ചോദ്യം ചോദിക്കാന്‍ കോടതി അനുവദിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
അന്ന് പയനിയറിന്റെ ഡല്‍ഹിയിലെ മലയാളിയായ റിപ്പോര്‍ട്ടര്‍ ജെ. ഗോപീകൃഷ്ണന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ "നമ്മള്‍ എവിടെ ഒപ്പിടാന്‍ പറഞ്ഞാലും ഒരു വിഷമവും കൂടാതെ ഒപ്പിടുന്ന ഇതു പോലൊരു മന്ത്രിയെ കണ്ടിട്ടില്ല" എന്ന ടാറ്റയുടെ സംഭാഷണം ഉണ്ടായിരുന്നു. ആ രാജയെ വാര്‍ത്താവിനിമയ മന്ത്രിയാക്കാന്‍ ടാറ്റ അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ ആഗ്രഹിച്ചതിന്റെ പൊരുള്‍ മേലുദ്ധരിച്ച വാക്യത്തിലുണ്ട്.
ഈ സത്യങ്ങളെല്ലാം ഇപ്പോള്‍ തമസ്കരിച്ചുകൊണ്ടാണ് രത്തന്‍ ടാറ്റ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചതും കോടതി അതില്‍ വിധി പ്രഖ്യാപിക്കും മുമ്പുതന്നെ മന്‍മോഹന്‍സിംഗ്
ടേപ്പ് പുറത്തായ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതും.
അഴിമതിയുടെ കൂത്തരങ്ങാണ് ഇന്ത്യന്‍ രാഷ്ട്രീയ രംഗമെന്ന് ആവര്‍ത്തിച്ചുപറയേണ്ട വാസ്തവമല്ല. ഭരണകൂടത്തിന്റെയും അതിന്റെ ദല്ലാള്‍മാരുടെയും അഴിമതിയും ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും കണ്ടെത്തി നിര്‍ഭയം ഉത്തമബോധത്തോടെ സമൂഹമധ്യേ അവതരിപ്പിക്കാന്‍ ഉത്തരവാദിത്തമുള്ള ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും. ഭയമോ താല്‍പ്പര്യമോ സംരക്ഷണ ത്വരയോ ഇല്ലാതെ സത്യം പറയാന്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തയ്യാറാകുമ്പോഴാണ് ജനാധിപത്യം അതിന്റെ തനി സ്വരൂപത്തില്‍ പുഷ്കലമാവുക. എന്നാല്‍, 2ജി സ്പെക്ട്രം ഇടപാടില്‍ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും ഡല്‍ഹിയിലെ അധീകാര ദല്ലാളുമാരായ മാധ്യമപ്രവര്‍ത്തകരും, മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികത വിറ്റുകാശാക്കി അധികാര രാഷ്ട്രീയത്തിന്റേയും അഴിമതി രാഷ്ട്രീയത്തിന്റെയും കൂട്ടിക്കൊടുപ്പുകാരായി മാറി എന്നതാണ് 2 ഇന്ത്യയിലെ ജനാധിപത്യ സമൂഹത്തിന് അപരിഹാരമായ ഖേദമേല്‍പ്പിച്ചിട്ടുള്ള വാസ്തവം.
ഹിന്ദുസ്ഥാന്‍ ടൈംസ് അഡ്വസറി എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സംഗ്‌വി,
ബര്‍ഖാ ദത്ത് തുടങ്ങിയ മുന്തിയ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ 2ജി സ്പെക്ട്രം അഴിമതിയില്‍ ദല്ലാള്‍ പണിയാണ് നടത്തിയതെന്ന് ഗോപീകൃഷ്ണന്‍ തെളിവുകള്‍ സഹിതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നീരയുമായി ബന്ധമുള്ള ഡല്‍ഹിയിലെ ഒരു മുഖ്യധാരാ വനിതാ പത്രപ്രവര്‍ത്തകയ്ക്ക് 1.63 കോടി വിലമതിക്കുന്ന ഫ്ലാറ്റുണ്ട്. ചിലര്‍ക്ക് മാസപ്പടി. മറ്റുചിലര്‍ക്ക് ഫ്ലാറ്റ്. വേറെ കുറേപേര്‍ക്ക് കോര്‍പ്പറേറ്റുകള്‍ കുടിശിക അടച്ചുതീര്‍ക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, സൗജന്യ വിദേശ യാത്ര, വിലകൂടിയ മദ്യം,സുന്ദരികളും മദാലസകളുമായ മദിരാക്ഷികള്‍....... ഇതെല്ലാം അനുഭവിച്ച് നീരാ റാഡിയുടെയും രത്തന്‍ ടാറ്റ അടക്കമുള്ള കോര്‍പ്പറേറ്റ് നീചത്വങ്ങളുടെയും പാദസേവകരായി പ്രവര്‍ത്തിക്കുകയായിരുന്നു മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍.
അരുണ്‍ ഷൂറിയെ പോലെയും എന്‍. റാമിനെ പോലെയുമുള്ള ധീരരായ പത്രപ്രവര്‍ത്തകര്‍ സത്യം പുറത്തുകൊണ്ടുവന്ന് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനത്തിന് ക്രൂസേഡിന്റെ രൂപം നല്‍കിയ ഇന്ത്യന്‍ എക്സ്പ്രസും ദ ഹിന്ദുവും 2ജി സ്പെക്ട്രം അഴിമതിക്കാര്യത്തില്‍ ഇന്നും മൗനം വെടിഞ്ഞിട്ടില്ല. ഹിന്ദുസ്ഥാന്‍ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും ഈ വിവാദം അറിഞ്ഞിട്ടേയില്ല. 2ജി ഇടപാടിനെ കുറിച്ച് ഒരിക്കല്‍ കവര്‍ സ്റ്റോറി ചെയ്ത ഇന്ത്യാ ടുഡേയും ഇപ്പോള്‍ കണ്ണടച്ച് ഇരുക്കാക്കുകയാണ്. ടൈംസ് നൗ ചാനല്‍ പോലെ എല്ലായപ്പോഴുഴും മാധ്യമസദാചാരത്തെക്കുറിച്ച് വാചാലമാകുന്ന ഇലക്ട്രോണിക് മാധ്യങ്ങള്‍ക്കും ബധിരതയും മൂകതയും ബാധിച്ച അവസ്ഥയാണ്.
പറഞ്ഞുവന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ വിശദാംശങ്ങള്‍ സിഎജി പുറത്തുകൊണ്ടവന്നിട്ടും രാജയെ മത്ത്രിയാക്കി ഈ അഴിമതി നടത്താന്‍ ചരടുവലിച്ച കോര്‍പ്പറേറ്റ് തെമ്മാടികള്‍ ആരൊക്കെയാണെന്ന് ബോധ്യമായിട്ടും ഇവര്‍ക്കുവേണ്ടി നീരാ റാഡയും വീര്‍ സംഗ്‌വിയും ബര്‍ഖാ ദത്തും നടത്തിയ ദല്ലാള്‍ പണികളുടെ വിശദാംശങ്ങള്‍ ബോധ്യമായിട്ടും " ഞങ്ങളീ നാട്ടുകാരേ അല്ല മാവിലായ്ക്കാരാണ് " എന്ന് മനസ്സുമായിരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളും ഈ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരുന്ന മന്‍മോഹനസിംഗ് അടക്കമുള്ള നേതാക്കളും ഇപ്പോള്‍ 2ജി സ്പെക്ട്രം അഴിമതിയുടെ വിശദാംശങ്ങളല്ല തിരക്കുന്നത്, ആ കുറ്റവാളികളെ ശിക്ഷിക്കാനല്ല താത്പര്യപ്പെടുന്നത് മറിച്ച് ടാറ്റയുടെ വ്യക്തിസ്വാതന്ത്രവും മാന്യതയും സംരക്ഷിക്കാനാണ് അമാന്യവും അശ്ലീലവുമായ രാഷ്ട്രവഞ്ചന നടത്തുന്നത്.
ടാറ്റയ്ക്കും വേണ്ടി
നീരാ റാഡി നടത്തിയത് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ്. രാജയെ
മന്ത്രിയാക്കാന്‍ ടാറ്റ ശ്രമിച്ചതും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനമാണ്. അതിനുവേണ്ടി നടത്തിയ ആയിരക്കണക്കിന് ഫോണ്‍കോളുകളില്‍ ചിലത് പുറത്തുവന്നപ്പോള്‍ അത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ടാറ്റ വാദിച്ചമ്പോള്‍ അതംഗീകരിച്ച മന്മോഹനും കൂട്ടരും അതേ വാദം ഉന്നയിക്കാന്‍ കസബിനും തടിയന്റവിട നസീറിനും മറ്റു രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തകര്‍ക്കുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുമോ? അവരുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്താനും മാധ്യമങ്ങളില്‍ പ്രസിധീകരിക്കാനും അനുവാദവും സ്വാതന്ത്ര്യവും കൊടുത്തവര്‍ ടാറ്റയ്ക്കുവേണ്ടി വ്യക്രിസ്വതന്ത്ര്യ - പൗരസാതന്ത്ര്യ സംരക്ഷകരാകുമ്പോള്‍ അതിനുപിന്നിലെ സാമ്പത്തികവും രാഷ്ട്രീയവും രാഷ്ട്രവിരുദ്ധവുമായ താല്‍പ്പര്യങ്ങള്‍ പൊതുസമൂഹത്തിന് ബോധ്യമാകുന്നുണ്ട്. ഇത്തരം രാജ്യവഞ്ചകരെയാണ് മൊറാര്‍ജി ദേശായിയുടെ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു രാജ് നാരായണന്‍ 'ബഞ്ച് ഓഫ് ഇംപൊട്ടന്റ്സ് എന്ന് വിശേഷിപ്പിച്ചത്. ആ ജാനസില്‍ പെട്ടവരാണ് ഇപ്പോള്‍ യുപിഎയുടെ തലവന്മാരായി ഇന്ത്യ ഭരിക്കുന്നതും നീരാ റാഡ ടേപ്പുകളെ കുറിച്ചന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നതും.
llustration courtesy John Elliots blog- John working at newdelhi( Riding the Elephant-blog)
ഹിമജ ഹരി
വെള്ളവും വെളിച്ചവും വായുവും ആര്‍ക്കും കപ്പം കൊടുക്കാതെ ഏതൊരു മനുഷ്യനും സ്വീകരിക്കാനും ആസ്വദിക്കാനും കഴിയുന്ന പ്രകൃതിയുടെ വരദാനമാണ് എന്ന ചിന്ത തിരുത്തിക്കുറിപ്പിക്കുകയാണ് നട്ടെല്ലില്ലാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍.
കുടിവെള്ളത്തിനും
സൂര്യപ്രകാശത്തിനും ശുദ്ധവായുവിനും കരം കൊടുത്തേ കഴിയു എന്ന് പാശ്ചാത്യ അധിനിവേശത്തിന്റെ പൈശാചികതയായി ലോകബാങ്കും അനുബന്ധ സാമ്പത്തിക സംവിധാനങ്ങളും ശാഠ്യം പിടിക്കുമ്പോള്‍ അതിന് വഴങ്ങിക്കൊടുക്കുന്ന പ്ലാസ്റ്റിക് നട്ടെല്ലുകളുമായി ഇടതുപക്ഷ ഭരണം പോലും സമ്മതിദായകരെയും നികുതിദായകരെയും വഞ്ചിക്കുന്നതാണ് വര്‍ത്തമാനകാല ദുരവസ്ഥ.
ജലനിധി !
എത്ര ലാവണ്യസുന്ദരമായ പദം !!
എന്നാല്‍, ജലനിധി കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പൊതുടാപ്പുകളിലൂടെ ലഭിക്കുന്ന വെള്ളത്തിന് ജനങ്ങള്‍ പണം നല്‍കണമെന്ന ലോകബാങ്കിന്റെ വൃത്തികെട്ട ശാഠ്യത്തിന് മുഖ്യമന്ത്രി
വി.എസ് അച്യുതാനന്ദനും ജലമന്ത്രി എം.കെ പ്രേമചന്ദ്രനും

ഇവരടങ്ങുന്ന ഇടതുമുന്നണിയെ നയിക്കുന്ന പിണറായി വിജയനും ഒക്കെ മുട്ടുമടക്കി ഏറാന്‍ മൂളിയിരിക്കുകയാണ്.
നൂറ് പഞ്ചായത്തിലാണ് ജലനിധി പദ്ധതി നടപ്പിലാക്കുന്നത്. ഈ പഞ്ചായത്തുകളില്‍ നിലവിലുള്ള പൊതുടാപ്പുകള്‍ ജലനിധിപദ്ധതിയുമായി യോജിപ്പിക്കും. അതോടെ ഈ ടാപ്പുകളിലെ വെള്ളത്തിനും ജനങ്ങള്‍ പണം നല്‍കേണ്ടിവരും.
കേരളത്തില്‍ പൊതുടാപ്പുകള്‍ വേണ്ട എന്നാണ് ലോകബാങ്ക് ആദ്യം ശാഠ്യം പിടിച്ചത്. കേരളത്തിലെ എല്ലാ വീടുകളിലും വാട്ടര്‍ കണക്ഷന്‍ ഉണ്ടെന്നും അതുകൊണ്ട് പൊതുടാപ്പുകള്‍ വേണ്ട എന്നുമാണ് ലോകബാങ്കിന്റെ കണ്ടെത്തല്‍. ഏത് കൊഞ്ഞാണനാണ് ലോകബാങ്കിന് വേണ്ടി ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ചോദിക്കാന്‍ പിണറായി വിജയനോ വി.എസ് അച്യുതാനന്ദനോ എം.കെ. പ്രേമചന്ദ്രനോ നട്ടെല്ലില്ലാതെ പോയി. ഭരണകൂടത്തിന്റെ ഈ വഞ്ചനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തേണ്ട ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും കെ.എം മാണിക്കും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ ശിഖണ്ഡിത്വവും ബാധിച്ചു. ഈ നേതാക്കന്മാരുടെ വീടുകളില്‍ വാട്ടര്‍കണക്ഷനുള്ളതുകൊണ്ടും അതിലൂടെ ലഭിക്കുന്ന കുടിവെള്ളത്തിന് പണം നല്‍കേണ്ടതില്ലാത്തതുകൊണ്ടും ലോകബാങ്കിന്റെ പാദസേവകരാകാന്‍ ഇവര്‍ക്ക് മടിയില്ല.
പക്ഷെ, ഇന്ന് കേരളം ഭരിക്കുന്ന അച്യുതാനന്ദനും അച്യുതാനന്ദന്‍ ഉള്‍പ്പെടുന്ന ഇടതുമുന്നണിയെ നയിക്കുന്ന പിണറായി വിജയനും അതുപോലെ തന്നെ മുമ്പ് കേരളം ഭരിച്ച ഉമ്മന്‍ചാണ്ടിക്കും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയെ നയിക്കുന്ന രമേശ് ചെന്നിത്തലയ്ക്കുമറിയാം കേരളത്തിലെ എല്ലാ നികുതിദായകര്‍ക്കും സമ്മതിദായകര്‍ക്കും സ്വന്തമായി വീടില്ല എന്ന്. സ്വന്തമായി വീടുള്ളവര്‍ക്ക് വാട്ടര്‍കണക്ഷനും ഇലക്ട്രിസിറ്റി കണക്ഷനുമില്ലായെന്ന്. ഇവരെ വോട്ടു ബാങ്കാക്കി രാഷ്ട്രീയം കളിക്കുന്ന ഈ വേതാളങ്ങള്‍ക്കെല്ലാം നന്നായിട്ടറിയാം പൊതുടാപ്പില്‍ നിന്ന് വെള്ളമെടുത്താണ് ഇവര്‍ നിത്യവൃത്തി കഴിക്കുന്നതെന്ന്. ലോകബാങ്ക് പറഞ്ഞു കേരളത്തിലെ ജനങ്ങള്‍ക്കെല്ലാം ഹൗസ് കണക്ഷന്‍ ഉള്ളതുകൊണ്ട് പൊതുടാപ്പ് വേണ്ട എന്ന്. സായിപ്പിന്റെ മുമ്പില്‍ കവാത്ത് മറന്നുനില്‍ക്കുകയായിരുന്നു വിപ്ലവ വായാടികളും ഖദറിന്റെ വാണിജ്യക്കാരും. അതുകൊണ്ടാണ് ജലനിധി പദ്ധതിയില്‍ പൊതുടാപ്പുകള്‍ സ്ഥാപിക്കേണ്ടിവന്നാല്‍ ഗുണഭോക്താക്കളില്‍ നിന്ന് പണം ഈടാക്കണമെന്ന ലോകബാങ്കിന്റെ നിര്‍ബന്ധത്തിന് ഈ വഞ്ചകരെല്ലാം റാന്‍ മൂളിയത്.
ഇപ്പോള്‍ പൊതുടാപ്പുകളിലൂടെ ഉപയോഗിക്കുന്ന ജലത്തിന് എല്ലാമാസവും വാട്ടര്‍ അതോറിറ്റിക്ക് തദ്ദേശഭരണസ്ഥാപനങ്ങളാണ് പണം നല്‍കുന്നത്. ജലനിധി പദ്ധതി വന്നാലും ഈ നില തുടര്‍ന്നാല്‍ മതിയെന്ന് എം.കെ പ്രേമചന്ദ്രന്റെ ജലംവകുപ്പ് നിര്‍ദേശിച്ചെങ്കിലും സ്വന്തമായി വീടില്ലാത്തവനെന്ന് അഭിമാനിക്കുന്ന വിപ്ലവകാരി ഭരിക്കുന്ന തദ്ദേശ വകുപ്പ് പറഞ്ഞത് ചെലവിന്റെ ഒരു വിഹിതം മാത്രമേ ഇനി വഹിക്കാന്‍ കഴിയൂ എന്നാണ്. ഓര്‍ക്കണം ജലനിധി പദ്ധതി വരുന്നതിന് മുമ്പ് പൊതുടാപ്പിലൂടെ ഉപയോഗിക്കുന്ന ജലത്തിന്റെ പണം മുഴുവന്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിക്കൊണ്ടിരിക്കുന്നവരാണ് ലോകബാങ്കിന്റെ നേതൃത്വത്തില്‍ ഒരു പദ്ധതി വന്നപ്പോള്‍ പണം നല്‍കാന്‍ കഴിയുകയില്ലെന്നും കയറിക്കിടക്കാന്‍ ഒരു കൂരപോലുമില്ലാത്തവരില്‍ നിന്ന് ഉപയോഗിക്കുന്ന ജലത്തിന്റെ പണം വാങ്ങണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. ചതിക്കും വഞ്ചനക്കും പാലൊളി മുഹമ്മദ് കുട്ടിയെന്നും പിണറായി വിജയനെന്നും വി.എസ് അച്യുതാനന്ദനെന്നും എം.കെ. പ്രേമചന്ദ്രനെന്നും ഉമ്മന്‍ചാണ്ടിയെന്നും രമേശ് ചെന്നിത്തലയെന്നും കെ.എം. മാണിയെന്നും കുഞ്ഞാലിക്കുട്ടിയെന്നുമൊക്കെയാ
ണ് പര്യായമെന്ന് ടാപ്പില്ലാത്ത പൈപ്പിലൂടെ വാസ്തവമൊഴുകുന്നത് കാണാന്‍ കഴിയുന്നില്ലേ?
കാലവര്‍ഷവും തുലാവര്‍ഷവും എന്ന രണ്ടുമഴക്കാലവും കിഴക്കോട്ടൊഴുകുന്ന നാല് നദികളടക്കം 44 നദികളും കൊണ്ട് സമ്പന്നമായ, ഉര്‍വരമായ ഒരു ഭൂപ്രദേശമാണ് കേരളം. എന്നാല്‍, കുടിവെള്ളത്തിനും മറ്റ് നിത്യോപയോഗ ആവശ്യത്തിനും ഇന്ന് ജലമില്ലാതെ നരകിക്കുകയാണ് കേരളീയര്‍. പ്രകൃതി കരുണയോടെ നല്‍കുന്ന ജലസമ്പത്ത് കൃത്യമായി പരിപാലിക്കാന്‍ കഴിയാത്ത അലസതയുടെ തിരിച്ചടിയാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നത്. മഴവെള്ളം അടക്കമുള്ള ജലം സംഭരിക്കാനും അത് ആവശ്യാനുസരണം ജനങ്ങള്‍ക്ക് വിതരണം ചെയ്യാനും പ്രാഥമികമായ ഉത്തരവാദിത്തം
ഭരണകൂടത്തിനാണ്. ഇപ്പോള്‍ സംസ്ഥാന ഭരണത്തോടൊപ്പം തൃത്താല ഭരണവുമാണ് കേരളത്തില്‍ കാര്യകര്‍തൃത്വം നടത്തുന്നത്. ഇവര്‍ക്കാര്‍ക്കും കുടിവെള്ള സംരക്ഷണ കാര്യത്തില്‍ അല്‍പ്പം പോലും ജാഗ്രതയില്ലാതെ പോയതുകൊണ്ടാണ് ലോകബാങ്കിനെ പോലെയുള്ള രാഷ്ട്രാന്തര മൂലധന ചൂഷകരുടെ സഹായം തേടേണ്ടിവന്നിരിക്കുന്നത്. ലോക ബാങ്കിനെ നിയന്ത്രിക്കുന്നത് ഇന്ത്യ അടക്കമുള്ള മൂന്നാം ലോകരാഷ്ട്രങ്ങളെ തകര്‍ക്കാര്‍ ശ്രമിക്കുന്ന പാശ്ചാത്യ സാമ്പത്തിക ശക്തികളാണ്. ഇത് അറിഞ്ഞിട്ടു തന്നെയാണ് ഇത്തരം ചൂഷകരുടെ സഹായം പൗരന്റെ നിത്യജീവിതാവശ്യങ്ങള്‍ക്കുവേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ പോലും സ്വീകരിക്കുന്നത്.
ഇവിടെ ഓര്‍ക്കേണ്ടതായ ഒരു വാസ്തവമുണ്ട്. ലോകബാങ്കും എഡിബിയും അടക്കമുള്ള പാശ്ചാത്യ സാമ്പത്തിക ശക്തികളില്‍ നിന്ന് സഹായം തേടുന്നതിനെതിരെ വന്‍ പ്രക്ഷോഭം നടത്തിയ ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒന്നുപറയുകയും ഭരണത്തിലേറുമ്പോള്‍ എതിര്‍ത്തതിനെ സ്വീകരിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വഞ്ചനയുടെ ദുരിതം പേറേണ്ടി വരുന്നത് കേരളത്തിലെ സാധാരണക്കാരാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് പൊതുടാപ്പുകളിലൂടെ ലഭിക്കുന്ന ജലത്തിന് പണം നല്‍കണമെന്ന ലോകബാങ്കിന്റെ വ്യവസ്ഥയ്ക്ക് കേരളസര്‍ക്കാരും പ്ലാനിംഗ് വിദഗ്ധന്മാരും സമ്മതം മൂളിയത്.
ജലനിധി പദ്ധതിയില്‍ സ്ഥാപിക്കുന്ന പൊതു ടാപ്പിലൂടെ ലഭിക്കുന്ന വെള്ളത്തിന് തദ്ദേശ ഭരണസ്ഥാപനവും അതാത് ദേശത്തെ ഗുണഭോക്തൃ സമിതിയും തുല്ല്യമായി പണം നല്‍കണമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ജലത്തിന്റെ ഉപഭോഗം നിര്‍ണയിക്കാന്‍ പൊതുടാപ്പിലും മീറ്റര്‍ ഘടിപ്പിക്കണം എന്നാണ് തീരുമാനം. പദ്ധതി ചെലവിന്റെ 75 ശതമാനം ലോകബാങ്കും 15 ശതമാനം ഗുണഭോക്തൃ സമിതികളും 10 ശതമാനം തദ്ദേശ ഭരണസ്ഥാപനങ്ങളും വഹിക്കണമെന്നായിരുന്നു ലോകബാങ്കിന്റെ വാശി. എന്നാല്‍, ഇതില്‍ ഗുണഭോക്തൃ വിഹിതം പത്ത് ശതമാനമായി കുറച്ചിട്ടുണ്ടെന്നും പട്ടിക ജാതി പട്ടിക വര്‍ഗങ്ങള്‍, ആദിവാസികള്‍ മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവര്‍ എന്നിവരുടെ ഗുണഭോക്തൃ വിഹിതം ഒരു ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെന്നുമാണ് എം.കെ.പ്രേമചന്ദ്രന്‍ അഭിമാനത്തൊടെ പറയുന്നത്.
ഇവിടെ ഒരു ചോദ്യം ഉന്നയിക്കപ്പെടും. പൊതുടാപ്പില്‍ നിന്ന് വെള്ളമെടുക്കുന്നവരെല്ലാം ഗുണഭോക്താക്കളാണല്ലോ. അവരില്‍ നിന്നാണല്ലോ ഗുണഭോക്തൃ വിഹിതം ഈടാക്കേണ്ടത്. വിയര്‍ത്ത് വലഞ്ഞ് വിശന്നുവരുന്ന ഒരു വ്യക്തിക്ക് ഇത്തരത്തിലൊരു നിബന്ധനയുള്ളപ്പോള്‍ വെള്ളം കുടിക്കാന്‍ അര്‍ഹതയുണ്ടാകുമോ ? തെരുവില്‍ വീടില്ലാതെ കിടക്കുന്നവരില്‍ നിന്ന് എങ്ങനെ ഗുണഭോക്തൃ വിഹിതം വാങ്ങിയെടുക്കും. കേരളത്തിന്റേ പുതിയ വികസന സാഹചര്യത്തില്‍ അന്യദേശത്ത് നിന്ന് ഇവിടെ വന്ന് വഴിയോരത്ത് തമ്പടിച്ച് ജോലി ചെയ്യുന്നവര്‍ ആയിരക്കണക്കിന് പേരുണ്ട്. ഇവരും പൊതുടാപ്പില്‍ നിന്ന് ജലം ഉപയോഗിക്കുന്ന ഗുണഭോക്താക്കളാണ്. ഇവരില്‍ നിന്ന് എങ്ങനെ ഗുണഭോക്തൃ വിഹിതം ഈടാക്കും. കഴിയില്ലെങ്കില്‍ ഇവര്‍ക്ക് പൊതുടാപ്പില്‍ നിന്ന് കുടിവെള്ളം നിഷേധിക്കുമെന്നാണോ പറഞ്ഞുവരുന്നത്. ഓര്‍ക്കണം തെരുവില്‍ അലയുന്ന ഒരു ഭിക്ഷക്കാരന്‍ വാങ്ങുന്ന തീപ്പെട്ടിയില്‍നിന്നുപോലും നികുതി ഈടാക്കി ഞെളിയുന്ന ഭരണകൂടങ്ങളാണ് സംസ്ഥാങ്ങളിലും കേന്ദ്രത്തിലുമുള്ളത്. അങ്ങനെ നികുതി നല്‍കുന്ന ഇന്ത്യന്‍ പൗരന് പണം നല്‍കാതെ കുടിവെള്ളം നല്‍കുകയില്ല എന്നാണോ വിവക്ഷ. സത്യം തുറന്നുപറയണം. അതിനുള്ള ആര്‍ജ്ജവവും നട്ടെല്ലുറപ്പും കാണിക്കണം. പാശ്ചാത്യ സാമ്പത്തിക ശക്തികളുടെ കാലുനക്കികളായി ഒരു രാജ്യത്തിന്റെയും പ്രദേശത്തിന്റെയും അതിലെ പൗരന്മാരുടെയും സ്വയം ശീര്‍ഷത്വവും മനുഷ്യനായി ജീവിക്കാനുള്ള അവകാശവും അടിയറവെയ്ക്കാന്‍ ആരാണ് ഈ നേതൃമ്മന്യന്മാര്‍ക്ക് അവകാശവും അധികാരവും നല്‍കിയിരിക്കുന്നത്.
പ്രിയപ്പെട്ട നികുതിദായകരും ഇവിടെ ഒരു തിരിച്ചറിവിലേക്ക് വന്നേ തീരു. നിങ്ങള്‍ നല്‍കുന്ന വോട്ടും നികുതിപ്പണവും ഉപയോഗിച്ച് അധികാരത്തിലേറി നിങ്ങള്‍ക്കെതിരെ പാരപണിയുകയാണ് ഇടതുവലത് വ്യത്യാസമില്ലാതെ ഈ രാഷ്ട്രീയ പരിഷകള്‍. ഇന്നുവരെ പണം കൊടുക്കാതെ വഴിവക്കത്തെ പൊതുടാപ്പില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന കുടിവെള്ളത്തിന് നാളെ മുതല്‍ പണം ഈടാക്കാന്‍ ഇവര്‍ തയ്യാറാകുമ്പോള്‍ സൂക്ഷിക്കുക. മറ്റന്നാള്‍ മുതല്‍ നിങ്ങള്‍ ശ്വസിക്കുന്ന വായുവിനും നിങ്ങളാസ്വദിക്കുന്ന സൂര്യപ്രകാശത്തിനും ഇവര്‍ നികുതി ആവശ്യപ്പെടും. ഇവരെക്കൊണ്ട് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള സാമ്പത്തിക ശക്തികള്‍ക്കും കൗശലങ്ങള്‍ക്കും അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ അധിനിവേശ ഭീകരന്മാര്‍ രൂപം കൊടുക്കും. അവരുടെ അഞ്ചാംപത്തികളായി നാം തെരഞ്ഞെടുത്തയയ്ക്കുന്ന ജനപ്രതിനിധികള്‍ നമ്മുടെ ശ്വസിക്കാനുള്ള അവകാശം പോലും കവര്‍ന്നെടുക്കാന്‍ പോവുകയാണ്. ഭീണമാണ് ഭാവി. ഭീകരമാണ് വരാന്‍ പോകുന്ന നാളുകള്‍. അതുകൊണ്ട് അതിനെ ചെറുക്കാന്‍ ഇത്തരം ചൂഷണശക്തികളെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഇന്നേ പടയണി ചേര്‍ന്നേ മതിയാവൂ. അതിനുള്ള ധൈര്യവും സമ്മതവും നമുക്കുണ്ടോ എന്നതാണ് കാലം മുന്നോട്ടുവെയ്ക്കുന്ന ചോദ്യം.
ടൈറ്റസ് കെ.വിളയില്എന്തുകൊണ്ടാണ് നമ്മളിങ്ങനെ നിര്‍മ്മമരായി, കാഴ്ചകള്‍ കണ്ടിരിക്കുന്നത്? സഹജീവിക്ക് നീതി നിഷേധിക്കപ്പെടുകയും അതുമൂലം ആ വ്യക്തി ജീവിതം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്യുമ്പോഴും ആ വ്യക്തിക്കുവേണ്ടി ശബ്ദമുയര്‍ത്താനോ ആ വ്യക്തിക്ക് നീതി നിഷേധിച്ച സംവിധാനത്തോട് പ്രതിഷേധിക്കാനോ എന്തുകൊണ്ടാണ് നമുക്ക് കഴിയാതെ പോകുന്നത്? മനസ്സു പിളര്‍ക്കുന്ന ഇത്തരം ദാരുണ സംഭവങ്ങളെ ഒരു കണ്ണീര്‍ സീരിയലിലെ രംഗമായിപ്പോലും കണ്ട് പ്രതികരിക്കാന്‍ കഴിയാത്ത വിധം എങ്ങനെയാണ് നമ്മളുടെയൊക്കെ മനസ്സ് ഇത്ര കല്ലായി തീര്‍ന്നത്? എങ്ങനെയാണ് ഇതുപോലെയുള്ള നിമിഷങ്ങളില്‍ നിശബ്ദത പാലിക്കാന്‍ നമുക്ക് കഴിയുന്നത്? അത്രയ്ക്ക് സ്വാര്‍ത്ഥരായി തീര്‍ന്നോ നാമൊക്കെ? എവിടെ പോയി മറഞ്ഞു നമ്മിലെ മനുഷ്യത്വം?
ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് കോഴിക്കോട് കോടഞ്ചേരി വേളംകോട് കല്ലംന്തറമേട് ചൊള്ളംപുഴയില്‍ കൂലിപ്പണിക്കാരന്‍ സി.ജെ തോമസും ഭാര്യയും കര്‍ണാടകയില്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥിയായ അവരുടെ മകളുമാണ്. ഈ മകളുടെ ഉപരിപഠനത്തിനായി അര്‍ഹതപ്പെട്ട ബാങ്ക് വായ്പ്പയ്ക്ക് ശ്രമിച്ചിട്ടും അത് നല്‍കാതെ എട്ട് മാസത്തോളം തോമസിനെ ബാങ്ക് മാനേജര്‍ ഒ. പ്രഭാകരന്‍, വിവിധ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വട്ടം ചുറ്റിച്ച് നിരാശനാക്കിയതുകൊണ്ടാണ്, പ്രതീക്ഷ നശിച്ച തോമസ് കഴിഞ്ഞദിവസം വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തക്കസമയത്ത് തോമസിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടും അവിടത്തെ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കിയതുകൊണ്ടും മരണത്തില്‍ നിന്ന് തോമസിനെ രക്ഷിക്കാനായി. എന്നാല്‍, മകള്‍ക്ക് അര്‍ഹതപ്പെട്ട ബാങ്ക് വായ്പ നല്‍കാത്ത ബാങ്ക് അധികൃതരുടെ നടപടിയിലുള്ള പ്രതിഷേധവും നിരാശതയും തോമസില്‍ നിന്ന് നീക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
തോമസിന്റെ ആത്മഹത്യാശ്രമം വിവാദമായതോടെ : ബാങ്ക് മാനേജര്‍ ഒ. പ്രഭാകരനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് ബാങ്ക് അധികൃതര്‍ താല്‍ക്കാലികമായി മുഖം രക്ഷിച്ചിട്ടുണ്ടെങ്കിലും തോമസിന്റെയും, മക്കളുടെ ഉപരിപഠനത്തിന് അപേക്ഷിച്ച ബാങ്ക് വായ്പ നിഷേധിക്കപ്പെട്ട തോമസിനെ പോലെയുള്ള നിരവധി നിസ്വരായ രക്ഷകര്‍ത്താക്കളുടെയും അവസ്ഥയ്ക്ക് ഇനിയും പരിഹാരമുണ്ടായിട്ടില്ല.
ഏഴ് മാസം മുമ്പാണ് മകളുടെ ഉപരിപഠനത്തിനായി കോടഞ്ചേരി എസ്ബിഐ ശാഖയില്‍ തോമസ് അപേക്ഷ നല്‍കിയത്. ഒപ്പം അപേക്ഷിച്ച മൂന്ന് കുട്ടികള്‍ക്ക് വായ്പ ലഭിച്ചു. എന്നാല്‍, തോമസിന്റെ മകളുടെ വായ്പയില്‍ തീരുമാനമുണ്ടായില്ല. പല കാരണങ്ങള്‍ പറഞ്ഞ് വായ്പ വൈകിക്കുകയായിരുന്നു.
എന്നാല്‍, അപേക്ഷയില്‍ രണ്ടു കോളജിന്റെ പേര് വന്നതുമൂലമുള്ള സംശയങ്ങളാണ് വായ്പ അനുവദിക്കല്‍ നീണ്ടതിന് കാരണമെന്നും വായ്പ നിഷേധിച്ചിട്ടില്ലെന്നുമാണ് എസ്ബിഐ കോടഞ്ചേരി ശാഖാ മാനേജര്‍ ഒ. പ്രഭാകരന്റെ ന്യായീകരണം.
തോമസിന്റെ മകള്‍ ആദ്യം ചേര്‍ന്ന കോളജില്‍ കുട്ടികള്‍ കുറവായതിനാല്‍ ഇതേ മാനേജ്മെന്റിന്റെ രണ്ടാമത്തെ കോളജിലേയ്ക്ക് കുട്ടിയെ മാറ്റിയിരുന്നു. എന്നാല്‍, ആദ്യം ചേര്‍ന്ന കോളജിന്റെ പേരിലാണ് ലോണിന് അപേക്ഷിച്ചത്. പിന്നീട് നല്‍കിയ പേപ്പറുകളില്‍ രണ്ടാമത്തെ കോളജിന്റെ പേരാണ് നല്‍കിയത്. കോളജിന്റെ പേരുകളില്‍ വന്ന ഈ വ്യത്യാസം മൂലം വായ്പ അനുവദിച്ചാല്‍ ഇത് സംബന്ധിച്ച ഉന്നത സമിതികളില്‍ നിന്ന് അന്വേഷണം ഉണ്ടാകും എന്ന സാങ്കേതിക ന്യായമാണ് ബാങ്ക് മാനേജര്‍ക്ക് പറയാനുള്ളത്. അതേസമയം കോളജ് മാറാനുണ്ടായ സാഹച്യരത്തെ കുറിച്ച് കോളജ് മാനേജ്മെന്റിന്റെ കത്തും മാനേജര്‍ ആവശ്യപ്പെട്ട മറ്റു രേഖകളും തോമസ് ബാങ്കില്‍ നല്‍കിയിരുന്നു. മൂന്ന് ദിവസം മുമ്പ് മാനേജര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തോമസ് ബാങ്കിലെത്തുകയും രണ്ടുഫോമുകളില്‍ ഒപ്പിട്ട് നല്‍കുകയും ചെയ്തു. അപേക്ഷ വീണ്ടും അയയ്ക്കണമെന്ന് മാനേജര്‍ ആവശ്യപ്പെടുകയും ചെയ്തു. എട്ട് മാസമായി അനുവദിക്കാതിരുന്ന വായ്പ ഫീസടയ്ക്കാന്‍ ഒരു മാസം മാത്രം ബാക്കിനില്‍ക്കേ വീണ്ടും അപേക്ഷ മുകളിലേയ്ക്കയച്ച് അനുവദിച്ചു കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് തോമസിന്റെ മാനസിക നിയന്ത്രണം തെറ്റിയത്. കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്ന തോമസ് ബാങ്ക് വായ്പ കിട്ടിയില്ലെങ്കില്‍ മകളുടെ വിദ്യാഭ്യാസം മുടങ്ങുമെന്ന ആശങ്കയില്‍ ഏറെ ദിവസമായി മനോവിഷമത്തിലായിരുന്നു. അതിന്റെ ആഘാതത്തിലാണ് കഴിഞ്ഞ ഞായറാഴ്ച എക്കാലക്സ് കഴിച്ച് ജീവിതം അവസാനിപ്പിക്കാന്‍ തോമസ് തീരുമാനിച്ചത്.
ഇത് ഒരു തോമസിന്റെ മാത്രം അവസ്ഥയല്ല. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള ബാങ്ക് വായ്പ അനുവദിച്ച് ഉത്തരവിറക്കിയത് കേന്ദ്രസര്‍ക്കാരാണ്. ഒരു ഈടുമില്ലാതെ നാലരലക്ഷം രൂപ വരെ വായ്പയായി നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. പഠിക്കുന്ന കുട്ടിക്കാണ് വായ്പ നല്‍കുന്നത്. ഈ കുട്ടിക്ക് ജോലി ലഭിച്ച ശേഷമോ അല്ലെങ്കില്‍ പഠനം കഴിഞ്ഞ് ഒരു നിശ്ചിത കാലാവധിക്ക് ശേഷമോ കുട്ടി പണം തിരിച്ചടയ്ക്കണമെന്നാണ് നിയമം.
സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ഉപരിപഠനം നടത്തുന്ന മിടുക്കരായ വിദ്യഅര്‍ത്ഥികള്‍ക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയോ പഠനശേഷം അധികം താമസിയാതെയോ തൊഴില്‍ ലഭിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഇങ്ങനെ വായ്പ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും ബാങ്കുകളോട് വായ്പ അനുവദിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതും. എന്നാല്‍, ഉപരിപഠനത്തിന് ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി നോക്കിയാണ് പല ബാങ്ക് മാനേജര്‍മാരും വായ്പ അനുവദിക്കുന്നത്. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയാണെങ്കില്‍ ആരെങ്കിലും വായ്പ എടുക്കാന്‍ പോകുമോ? വന്‍കിടക്കാരായ ബിസിനസുകാര്‍ അല്ലാതെ. യാഥാര്‍ത്ഥ്യം ഇതായിരിക്കേ നിസ്വരും വിദ്യാഭ്യാസം കുറവുള്ളവരുമായ രക്ഷിതാക്കളെ വട്ടം കറക്കി അവരുടെ മക്കള്‍ക്ക് അര്‍ഹതപ്പെട്ട വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതിലാണ് അഞ്ചക്കശമ്പളക്കാരും നല്ല സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്നവരുമായ ബാങ്ക് മാനേജര്‍മാര്‍ സാധാരണക്കാരന്റെ പ്രശ്നങ്ങളും അവന്റെ ജീവിത പ്രാരാബ്ദങ്ങളും മക്കളിലൂടെ അതില്‍ നിന്നുള്ള മോചനത്തിനുള്ള അവന്റെ ശ്രമങ്ങളുമൊന്നും ഈ സുഖിമാന്മാര്‍ക്ക് വിഷയമേ അല്ല. അതുകൊണ്ടാണ് മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത രീതിയില്‍ ഇവരൊക്കെ പെരുമാറുന്നത്.
അതേസമയം, സമ്പന്നരെന്ന് പരക്കെ അറിയപ്പെടുന്നവര്‍ക്ക് എത്ര ലക്ഷം രൂപ വേണമെങ്കിലും വായ്പയായി അനുവദിക്കാന്‍ ഈ ബാങ്ക് മാനേജര്‍മാര്‍ക്ക് താല്‍പ്പര്യമേ ഉള്ളു. അനുപേക്ഷണീയങ്ങളായ രേഖകളില്ലാതെയും കൃത്രിമ രേഖകള്‍ സ്വീരിച്ചും കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ വിവിധ ബാങ്ക് മാനേജര്‍മാര്‍ വായ്പയായി അനുദിച്ചിട്ടുള്ളത്. ഇങ്ങനെ അനുവദിച്ചിട്ട് തിരിച്ചുകിട്ടാത്ത തുക കോടികള്‍ വരും. ഇത്തരത്തില്‍ വായ്പയെടുത്തവര്‍ സമൂത്തിലെ സമ്പന്നരും രാഷ്ട്രീയ പിടിപാടുള്ളവരുമായതുകൊണ്ട് അവര്‍ക്കെതിരെ ജപ്തി നോട്ടീസ് പോലും അയയ്ക്കാന്‍ സാധുക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവായ്പ അനുവദിക്കുന്ന കാര്യത്തില്‍ നിയമം കര്‍ശനമായി പിന്‍തുടരുന്ന ബാങ്ക് മാനേജര്‍മാര്‍ക്ക് ധൈര്യവുമില്ല. ഇത്തരത്തില്‍ കിട്ടാക്കടമായി എഴുതി തള്ളിയിട്ടുള്ളത് ശതകോടികളാണ്.
വീടുവായ്പക്കും വാഹനവായ്പക്കുമൊക്കെ എട്ട് ശതമാനം പലിശ ഈടാക്കുമ്പോള്‍ വിദ്യാഭ്യാസ വായ്പക്ക് 11 ശതമാനം പലിശയാണ് ബാങ്കുകള്‍ പിഴിഞ്ഞെടുക്കുന്നത്. ഇത് പാടില്ല എന്നും പലിശ കുറയ്ക്കണമെന്നും കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതാണ്. പക്ഷെ, ആ ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്ന ന്യായം പറഞ്ഞ് പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടുമില്ല. ഇതാണ് വിദ്യാഭ്യാസ വായ്പയുടെ പേരില്‍ നടക്കുന്ന കള്ളക്കളികള്‍.
ഇക്കാര്യങ്ങളെല്ലാം ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും വിദ്യാര്‍ത്ഥിയൂണിയന്‍ സാരഥികള്‍ക്കും നന്നായി അറിവുള്ളതാണ്. എന്നിട്ടും ഒ. പ്രഭാകരനെ പോലെയുള്ള മാനേജര്‍മാര്‍ സാധുക്കളായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും വട്ടം ചുറ്റിക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ അവരിലൊരാള്‍ പോലും തയ്യാറായിട്ടില്ല. പ്രസ്താവനകളിറക്കിയും പ്രഖ്യാപനങ്ങള്‍ നടത്തിയും നീതി നിഷേധിക്കപ്പെടുന്ന ഇത്തരം സാധുക്കളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഈ നേതൃമ്മന്യന്മാര്‍ക്ക് താല്‍പ്പര്യം.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഒരു സ്വാശ്രയ മാനേജ്മെന്റിന്റെ സാമ്പത്തിക കടുംപിടുത്തം മൂലം ആത്മഹത്യ ചെയ്ത രജനി എസ്. ആനന്ദിനെ ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. ഒപ്പം ആ ആത്മഹത്യയ്ക്ക് ശേഷമുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭവും ഓര്‍മ്മയിലെത്തുന്നു. അന്ന് എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും മാര്‍ക്സിസ്റ്റ് പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും എത്ര രൂക്ഷമായ പ്രക്ഷോഭമാണ് ഈ വിഷയത്തില്‍ നടത്തിയത്. എന്നാല്‍, എല്‍ഡിഎഫ് ഭരണത്തിലെത്തിയതോടെ ഇത്തരം ഇടപെടലുകളില്‍ നിന്ന് ബോധപൂര്‍വ്വം പിന്‍വലിഞ്ഞു നില്‍ക്കുകയാണ് ഈ വിപ്ലവ വായാടികള്‍. അതേസമയം സിഎംഎസ് കോളജ് പോലെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമം നടത്തി വിപ്ലവ വീര്യം പ്രകടിപ്പിക്കുന്നുമുണ്ട്. പ്രതിപക്ഷത്തിരിക്കുന്ന കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും മറ്റ് വിദ്യാര്‍ത്ഥി യുവജന സംഘടനകളും ഈ വിഷയത്തില്‍ പാലിക്കുന്ന മൗനം ഇതിലും പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന അഴകൊഴമ്പന്‍ ന്യായം പറഞ്ഞ് തടി രക്ഷിച്ച് നില്‍ക്കാനാണ് ഇപ്പോള്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ക്ക് താല്‍പ്പര്യം.
നീതി നിഷേധിക്കപ്പെടുമ്പോള്‍ ജീവനൊടുക്കി പ്രതിഷേധിക്കുന്നവര്‍ മാത്രമല്ല ചിലപ്പോള്‍ അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ജീവനെടുത്തും പ്രതിഷേധിക്കാനാരെങ്കിലുമൊക്കെ തയ്യാറായാല്‍ അതിന്റെ ഉത്തരവാദിത്തം വഞ്ചകരായ ഈ രാഷ്ട്രീയ നേതാക്കള്‍ക്കും ഇത്തരം ദാരുണ സംഭവങ്ങളുണ്ടായിട്ടും പ്രതികരിക്കാതെ മാന്യന്മാരായി മാറി നില്‍ക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹമായിരിക്കും സംശയമില്ല.
ടൈറ്റസ് കെ. വിളയില്‍
റോം
കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോയും കാശ്മീര്‍ സ്ഫോടനാത്മകമായ പ്രക്ഷുബ്ദതയിലാണ്ടപ്പോള്‍ ഗോള്‍ഫ് കളിക്കാന്‍ പോയ ഫറൂക്ക് അബ്ദുള്ളയും ചരിത്രത്തിലെ ജനവഞ്ചകരായ കിരാത കഥാപാത്രങ്ങളാണ്. അവര്‍ക്കൊപ്പം കയറി നില്‍ക്കുകയാണ് പി.കെ. ശ്രീമതിയെന്ന ആരോഗ്യമന്ത്രി.
കാലവര്‍ഷം ആരംഭിക്കും മുമ്പ് തന്നെ കേരളത്തില്‍ പനിപ്പെയ്ത്തും തുടര്‍ന്നുള്ള മരണക്കാറ്റും വീശാന്‍ തുടങ്ങിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, പന്നിപ്പനി തുടങ്ങി മരണകാരണങ്ങളായ പകര്‍ച്ചപ്പനിയുടെ പിടിയില്‍ ഉഴലുകയാണ് കേരളം. ഈ പനി മൂലം ആയിരക്കണക്കിന് പേരാണ് ദിവസേന ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും എത്തുന്നത്. പനി ബാധിച്ച് മരിക്കുന്ന നിസ്സഹായരുടെ എണ്ണവും അനുദിനം വര്‍ധിച്ചുവരികയാണ്.
എന്നാല്‍, ഇതൊന്നും പി.കെ ശ്രീമതിയെയോ ഇടതുപക്ഷ സര്‍ക്കാരിനെയോ സ്പര്‍ശിച്ചതായി പോലും തോന്നുന്നില്ല. പനി ബാധ മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് തലയൂരാനാണ് പി.കെ ശ്രീമതി ശ്രമിച്ചത്.
കഴിവുകേടും അഹന്തയും പാദസേവനയും അഴിമതിയും ഒന്നിച്ചൊന്നാകുമ്പോള്‍ അതിന്റെ പേരാണ് പി.കെ. ശ്രീമതി. കേരളം കണ്ട ഏറ്റവും ദുഷ്ടത നിറഞ്ഞ അശ്രീകരമാണ് ഈ മന്ത്രി. ഇവര്‍ അധികാരം ഏറ്റ അന്നുമുതല്‍ വിവിധ രോഗങ്ങള്‍ക്കൊണ്ട് വ്യാപകമായി കൊല്ലപ്പെടാനായിരുന്നു കേരളീയന്റെ വിധി. കാലാവസ്ഥാ വ്യതിയാനം മൂലം പകര്‍ച്ചപ്പനി പടരുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഒരിക്കല്‍ ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് അത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി എടുക്കുമ്പോഴാണ് ഒരു മന്ത്രിയുടെ ജനപക്ഷ നിലപാടും മന്ത്രിയെന്ന നിലക്കുള്ള ആ വ്യക്തിയുടെ മികവും വ്യക്തമാവുക. എന്നാല്‍, എല്ലാ മഴക്കാലത്തും പകര്‍ച്ചപ്പനി ബാധിച്ച് നൊന്ത് നൊന്ത് കൊല്ലപ്പെടാന്‍ കേരളീയന്‍ വിധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, അതിന്റെ ഏക ഉത്തരവാദി പി.കെ ശ്രീമതിയും അവര്‍ നേതൃത്വം നല്‍കുന്ന ആരോഗ്യ വകുപ്പുമാണെന്ന കാര്യത്തില്‍ സംശയമില്ല.
എസ്‌എടി ആശുപത്രിയില്‍ അണുബാധയേറ്റ് നവജാത ശിശുക്കള്‍ ദാരുണമായി കൊല്ലപ്പെട്ടതുമുതല്‍ ഇപ്പോള്‍ വ്യാപകമായിട്ടുള്ള പനിമരണം വരെ പി.കെ ശ്രീമതിയുടെ ഭരണനേട്ടങ്ങളില്‍ പെടുന്നു. മാറി വരുന്ന കാലാവസ്ഥയും പരിസര മലിനീകരണവും സൃഷ്ടിക്കുന്ന പകര്‍ച്ച വ്യാധികള്‍ മുന്‍കൂട്ടി കണ്ട് നടപടിയെടുക്കേണ്ട മന്ത്രി പക്ഷെ, മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും സാമ്പത്തീക ലാഭങ്ങള്‍ക്കും വേണ്ടി മന്ത്രിസ്ഥാനം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെയും ചെയ്തതിന്റെയും കഥകളാണ് കേരളീയര്‍ക്ക് ഓര്‍ക്കാനുള്ളത്.
സര്‍ക്കാര്‍ ആശുപത്രികളാണ് സാധാരണക്കാരുടെ ചികിത്സാ കേന്ദ്രം. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് കരുതാനോ അത്യാവശ്യഘട്ടങ്ങളെ നേരിടാന്‍ സഹായകമാകുന്ന രീതിയില്‍ മികച്ച ചികിത്സകരെ നിയമിക്കാനോ ഇതുവരെ പി.കെ ശ്രീമതി തയ്യാറായിട്ടില്ല. മുമ്പ് പലവട്ടം ഇവരുടെ ജനവഞ്ചന തുറന്നുകാട്ടിയിട്ടുള്ളതാണ്. മറ്റ് മാധ്യമങ്ങളും ആരോഗ്യമന്ത്രിയുടെയും വകുപ്പിന്റെയും ഉത്തരവാദിത്തമില്ലായ്മ പലഘട്ടങ്ങളില്‍ വാര്‍ത്തകളായും ഫീച്ചറുകളായും പുറത്തുകൊണ്ടുവന്നിട്ടുള്ളതുമാണ്. എന്നാല്‍, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല എന്ന അഹന്തയോടെ വിവേകത്തിന്റെ ഈ സ്വരങ്ങള്‍ ധിക്കരിച്ച് മുന്നോട്ടുപോകാനാണ് ഇതുവരെ പി.കെ ശ്രീമതി ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ്, ഓരോ വര്‍ഷകാലത്തും പകര്‍ച്ചപ്പനി ബാധിച്ച് ഇഞ്ചിഞ്ചായി വേദന അനുഭവിച്ച് കൊല്ലപ്പെടാന്‍ കേരളത്തിലെ നിസ്സഹായരും നിസ്വരുമായ സാധാരണക്കാര്‍ വിധിക്കപ്പെട്ടിട്ടുള്ളത്.
കാലവര്‍ഷത്തിന് മുമ്പ് തന്നെ കേരളത്തില്‍
എച്ച്1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്, മലമ്പനി തുടങ്ങിയവ വ്യാപകമായിട്ടും അത് കണ്ടില്ല എന്ന് നടിക്കുന്നത് കൂടാതെ പനിബാധ മാധ്യമ സൃഷ്ടിയാണെന്ന് വരുത്തി തീര്‍ത്ത് വിദേശ പര്യടനത്തിന് തയ്യാറെടുക്കുകയാണ് പി.കെ ശ്രീമതി. കേരളം പനിച്ച് വിറക്കുമ്പോള്‍ അമേരിക്കയില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിലാണ് പി.കെ ശ്രീമതിക്ക് താല്‍പ്പര്യം. തിരികെ വരുന്ന വഴി ഇംഗ്ലണ്ടും സന്ദര്‍ശിക്കും. അമേരിക്കയില്‍ പോകുന്ന സ്ഥിതിക്ക് അവിടത്തെ ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഗവേഷണങ്ങളെ കുറിച്ചും പഠിച്ച് വിവാദമായ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ അത് നടപ്പാക്കാനും പി.കെ ശ്രീമതിക്ക് ഉദ്ദേശമുണ്ടത്രെ. ഇംഗ്ലണ്ടിലും മന്ത്രി വൈദ്യസംഘത്തെ കാണുന്നുണ്ട്.
ഈ മാസം 28 മുതല്‍ അടുത്ത മാസം 6-ാം തീയതി വരെ പി.കെ ശ്രീമതി ഇന്ത്യയില്‍ തന്നെ ഉണ്ടാവുകയില്ല. മന്ത്രിയുടെ വിദേശ പര്യടനം സംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അനുമതിയോടെ ഉത്തരവ് പുറപ്പെടുവിക്കാനായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍, ഈ വകുപ്പിലുള്ളവര്‍ക്കും മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ക്കും പി.കെ. ശ്രീമതിയുടെ ഇപ്പോഴത്തെ വിദേശ യാത്രയോട് എതിര്‍പ്പുണ്ട്. പനി പടര്‍ന്ന് പിടിക്കുകയും ജൂണ്‍ അവസാനത്തോടെ മഴക്കാലം ശക്തിപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ മന്ത്രി സംസ്ഥാനത്ത് തന്നെ ഉണ്ടാകേണ്ടതല്ലെ എന്ന ചോദ്യം ഉന്നത ഉദ്യോഗസ്ഥരും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും പി.കെ ശ്രീമതിക്ക് പ്രശ്നമല്ല. ശ്രീമതി മാത്രമല്ല, മെഡിക്കല്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, ഡയബറ്റിക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ മീനു ഹരി
ഹരന് എന്നിവരും വിദേശയാത്രക്ക് പോകുന്നു. മന്ത്രി ഒരാഴ്ചത്തേക്ക് വിട്ടുനില്‍ക്കുമ്പോള്‍ ആരോഗ്യവകുപ്പിന്റെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കേണ്ടിവരും. ഇത് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കാനേ ഇടയാക്കുകയുള്ളു. കാരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഊര്‍ജിത നടപടി എടുക്കേണ്ട സമയത്ത് ആരോഗ്യ വകുപ്പിന്റെ തലപ്പത്ത് താല്‍ക്കാലികമായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലാത്ത സ്ഥിതി സൃഷ്ടിക്കപ്പെടും. ഈ ആശങ്കയും ബന്ധപ്പെട്ടവര്‍ ശ്രീമതിയോട് പങ്കുവെച്ചിട്ടും ഒരു കുലുക്കവുമില്ലാതെ വിദേശയാത്രയുമായി മുന്നോട്ടുപോകാനാണ് ശ്രീമതിയുടെ തീരുമാനം.
ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്, ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി ആരോഗ്യ രംഗത്ത് മന്ത്രി സൃഷ്ടിച്ച അസന്ദിഗ്ദധാവസ്ഥ. ജൂണ്‍മാസത്തോടെ പകര്‍ച്ചപ്പനി വ്യാപകമാവും എന്ന് അറിഞ്ഞിട്ടും മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇത് ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമാവുകയും അവര്‍ കൂട്ട അവധിയെടുത്ത് തങ്ങളുടെ എതിര്‍പ്പ് പ്രകടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം പനിബാധിതരെ നോക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ഇന്നുള്ളത്. ഈ നടപടി മൂലം ഡോക്ടര്‍മാരുടെ മനോവീര്യം നഷ്ടപ്പെട്ടതുകൂടാതെ പ്രത്യേക രോഗനിര്‍മ്മാര്‍ജ്ജന നടപടികള്‍ നിലയ്ക്കുകയും ചെയ്തു. തന്മൂലം പ്രാദേശിക മേഖലകളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ഇത്തരം ഒരു അവസ്ഥയാണ് ഡോക്ടറെ കാണാന്‍ ക്യൂ നിന്ന നിസ്സഹായന്‍ കുഴഞ്ഞുവീണു മരിക്കാന്‍ ഇടയാക്കിയത്. എന്നിട്ടും മന്ത്രിക്ക് കുലുക്കമില്ല.
അതേസമയം പനിബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരെ കഴിവതും അഡ്മിറ്റ് ചെയ്യരുതെന്നാണ് മന്ത്രി അടക്കമുള്ള ആരോഗ്യവകുപ്പ് അധികൃതരുടെ രഹസ്യ നിര്‍ദേശം. പനിബാധിതരുടെ എണ്ണം കുറച്ചുകാണിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലുള്ളത്. പനിബാധിതരുടെ എണ്ണം മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ഡിഎംഒമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പനിയുള്ളവരെ അഡ്മിറ്റ് ചെയ്യാ
തെ എണ്ണം കുറച്ച് കാണിക്കാനുള്ള ഈ ദുഷ്ടബുദ്ധി മന്ത്രിയില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. തീര്‍ത്തും അവശരായി എത്തുന്നവരെ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്മിറ്റു ചെയ്യുന്നുള്ളു. പനിബാധിതര്‍ വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നാണ് ശ്രീമതിയുടെയും ഡിഎംഒ മാരുടെയും വിദഗ്ദോപദേശം. എന്നാല്‍, അഡ്മിറ്റ് ചെയ്ത് രക്തപരിശോധനയും മറ്റും നടത്തിയെങ്കില്‍ മാത്രമേ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ കണ്ടെത്താന്‍ കഴിയുകയുള്ളു. മുന്‍ വര്‍ഷങ്ങളില്‍ പനി പടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക പനി വാര്‍ഡുകള്‍ തുറന്നെങ്കില്‍ ഇത്തവണ പനി ബാധിതരെ അഡ്മിറ്റ് ചെയ്യരുത് എന്നാണ് ശ്രീമതിയുടെ സുചിന്തിതമായ അഭിപ്രായവും നിര്‍ദേശവും.
ശ്രീമതിയെ പോലെ ഇത്രയ്ക്ക് ജനദ്രോഹം ചെയ്യുന്ന ഒരു ആരോഗ്യ മന്ത്രി
ഇതിന് മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇടത് മന്ത്രിസഭയിലെ അശ്രീകരമാണ് ഇപ്പോള്‍ പി.കെ ശ്രീമതി. ഈ അശ്രീകരത്തെ പുറത്താക്കിയലല്ലാതെ കേരളത്തിലെ പനിബാധിതര്‍ക്ക് രക്ഷയുണ്ടാകുമെന്ന് തോന്നുന്നില്ല. ഒരുമന്ത്രി തന്റെ അഹന്തകൊണ്ട് ജനങ്ങളെ മുഴുവന്‍ ഇങ്ങനെ രോഗികളാക്കുമ്പോള്‍ മന്ത്രിയെ വരച്ച വരയില്‍ നിര്‍ത്തി ജനഹിതമായ രീതിയില്‍ നടപടി എടുപ്പിക്കാന്‍ ബാധ്യസ്ഥരാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രതിപക്ഷ നേതൃത്വം. എന്നാല്‍, പതിവ് പ്രഖ്യാപനങ്ങളില്‍ പ്രതിപക്ഷം ഒതുങ്ങുമ്പോള്‍ പിടഞ്ഞ് ചാകാന്‍ വിധിക്കപ്പെടുന്നത് കേരളത്തിലെ സാധാരണക്കാരാണ്. ഈ മന്ത്രിയോടും ഭരണത്തോടും പ്രതിപക്ഷ നിരയോടും ഉന്മൂലനത്തിന്റെ ഭാഷയില്‍ പ്രതികരിച്ചെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് മോചനമുണ്ടാകു എന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതെ, ചാവേറുകളെ സൃഷ്ടിക്കുകയാണ് ശ്രീമതിയും കൂട്ടരും.