Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Friday, 23 September 2011

വയലാറിന്റെ മരണം ആശുപത്രി അധികൃതരുടെ കൈപ്പിഴ മൂലമോ..?!


വയലാര്‍ രാമവര്‍മ്മ
ടി.കെ.വി

അമ്മൂ,ഇവിടിപ്പോഴും മഴ പെയ്ത്‌ തിമിര്‍ക്കുകയാണ്‌ . "കല്ലുരുക്കുന്ന കന്നി " പിറക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോഴും കാലവര്‍ഷത്തെതോല്‍പ്പിക്കാനെന്നോണമാണ്‌ മഴയുടെ മുടിയഴിച്ചാട്ടം.സാഗര സീമകള്‍ക്കും സമയരേഖകള്‍ക്കുമപ്പുറം പ്രവാസത്തിന്റെ കൊടും ചൂടിലുരുകുമ്പോള്‍ കേരളത്തിലെ ഈ കുളുര്‍ദിനങ്ങളെക്കുറിച്ചുള്ള കേള്‍വി നിന്നില്‍ അസൂയയുണര്‍ത്തുന്നുവോ?



ഈ തോരാമഴയെ തോല്‍പ്പിക്കുന്ന വിവാദങ്ങളുടെ പെരുമഴക്കാലം കൂടിയാണ്‌ കേരളത്തിലിപ്പോള്‍ .പെട്രോള്‍ വിലവര്‍ദ്ധനയും,പി.സി.ജോര്‍ജ്‌ തുറന്നുവിട്ട രാഷ്ട്രീയത്തര്‍ക്കവും പെണ്‍വാണിഭ-ക്വട്ടേഷന്‍ കൊലപാതക വാര്‍ത്തകളുമങ്ങനെ തകര്‍ത്താടുകയാണ്‌.ഇവയ്ക്കിടയിലേയ്ക്കാണ്‌ മലയാളത്തിന്റെ പ്രിയ കവിയും ഗാനരചിയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ മരണകാരണം തുമ്പിക്കൈവണ്ണത്തില്‍ അമ്പരപ്പായി പെയ്തിറങ്ങുന്നത്‌; പ്രക്ഷുബ്ധതയുടെ തിരയേറ്റമുണ്ടാക്കുന്നത്‌.
ഈ വാര്‍ത്ത ശ്രദ്ധിക്കുക: " വയലാര്‍ രാമവര്‍മ്മയുടെ മരണം ആശുപത്രി അധികൃതരുടെ കൈപ്പിഴ മൂലം! തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ശസ്ര്തക്രിയയ്ക്കു ശേഷം കൊടുത്ത രണ്ടാമത്തെ കുപ്പി രക്തം രാമവര്‍മ്മയുടെ ഗ്രൂപ്പില്‍പ്പെട്ടതായിരുന്നില്ലെന്ന
ഏഴാച്ചേരി രാമചന്ദ്രന്‍ 
ഏഴാച്ചേരി രാമചന്ദ്രന്റെ വെളിപ്പെടുത്തലാണ്‌ വിവാദത്തിന്‌ വഴിമരുന്നിട്ടിരിക്കുന്നത്‌.




ചെറുകഥാകൃത്ത്‌ സന്തോഷ്‌ എച്ചിക്കാനത്തിന്‌ പ്രഥമ ഹരിശ്രീ രാധാകൃഷ്ണന്‍ പുരസ്കാരം സമ്മാനിച്ചതിന്‌ ശേഷം നടത്തിയ പ്രസംഗത്തിലാണ്‌ ഏഴാച്ചേരിയുടെ വെളിപ്പെടുത്തല്‍ .
വയലാര്‍ രാമവര്‍മ്മയുടെ അവസാന നാളുകളിലെ ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലായിരുന്നു. ഡോക്ടര്‍ പി.കെ.ആര്‍ വാര്യര്‍ ശസ്ര്തക്രിയ നടത്തി. അതിനു ശേഷം കൊടുത്ത രണ്ടാമത്തെ കുപ്പി രക്തം വയലാറിന്റെ ഗ്രൂപ്പില്‍പ്പെട്ടതായിരുന്നില്ല. ഈ രക്തം സ്വീകരിച്ചയുടന്‍ മരണം സംഭവിച്ചു - ഏഴാച്ചേരി പറഞ്ഞു.
ഇക്കാര്യം പുറത്തറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതം മനസിലാക്കിയ ഡോക്ടറും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും രക്തഗ്രൂപ്പ്‌ മാറിയ വിവരം രഹസ്യമായി സൂക്ഷിച്ചു. അന്ന്‌ ആശുപത്രിയില്‍ ഉണ്ടായിരുന്ന ഒരു നേതാവില്‍ നിന്നാണ്‌ താന്‍ ഈ വിവരം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..





ഇതിനെക്കുറിച്ച്‌ ആധികാരികമായി സംസാരിക്കേണ്ട ആരും ഇന്നു ജീവിച്ചിരിപ്പില്ല. എന്നാലും തനിക്കറിയാവുന്ന കാര്യം പങ്കുവെയ്ക്കുകയാണ്‌. 1975 ഒക്ടോബര്‍ ഇരുപത്തിയേഴിന്‌ നാല്‍പത്തിയേഴാമത്തെ വയസിലാണ്‌ വയലാര്‍ അന്തരിച്ചത്‌.ഏഴാച്ചേരി പറഞ്ഞു "
സഹൃദയലോകം കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്‌ ഇപ്പോള്‍ കേട്ടത്‌. സര്‍ഗസംഗീതത്തിന്‍?റ വീഥിയിലൂടെ മലയാളിയെ കൈപിടിച്ച്‌ നടത്തിയ വയലാറിന്റെ മരണ കാരണം കൈപ്പിഴയാണെന്ന വെളിപ്പെടുത്തലിന്റെ ശരിയും തെറ്റും അറിയാനുള്ള ആകാംക്ഷയിലാണ്‌ സമൂഹം.അതു കൊണ്ട്‌
വയലാറിന്റെ അന്ത്യ ദിനങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തും പിന്നീട്‌ ജീവിതവഴിയില്‍ ഒപ്പമുണ്ടായിരുന്ന, നിരവധി കൃതികളുടെ കര്‍ത്താവും സിനിമാ നിരൂപകനുമായിരുന്ന ജീവചരിത്രകാരന്‍, ചേലങ്ങാട്ട്‌ ഗോപാലകൃഷണന്‍ എന്താണ്‌ രേഖപ്പെടുത്തിയിട്ടുള്ളതെന്ന്‌ നമുക്കൊന്ന്‌ വായിച്ച്‌ നോക്കിയാലോ..? 




വയലാറിന്റെ അവസാന യാത്ര
"1974 അവസാനമായപ്പോഴേക്കും രാമവര്‍മ ശാരീരികമായി ഏറെ പരിക്ഷീണനായിരുന്നു. യാത്രകള്‍ കുറച്ച്‌ വീട്ടിലിരുന്ന്‌ എഴുതിയാലോ എന്ന ആലോചനയിലായിരുന്നു അദ്ദേഹം. പക്ഷേ, റിക്കോര്‍ഡിങ്‌ വേളകളിലും അതിനുമുന്‍പ്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോഴും തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ അദ്ദേഹത്തിനതിന്‌ കഴിഞ്ഞില്ല. ചിലനേരങ്ങളില്‍ അടിവയറില്‍ ചെറിയ വേദനയുണ്ടാകുന്നത്‌ അദ്ദേഹം കാര്യമാക്കിയിരുന്നില്ല. അപ്പോഴും ധാരാളം ചിത്രങ്ങള്‍ക്ക്‌ പാട്ടെഴുതാമെന്ന്‌ അദ്ദേഹം സമ്മതിച്ചിരുന്നു. മദ്രാസിനു പകരം ആലുവയോ എറണാകുളമോ ആലപ്പുഴയോ സ്ഥിരം താവളമാക്കിയാലോ എന്നൊരാലോചനയും ഇക്കാലത്ത്‌ അദ്ദേഹത്തിനില്ലാതിരുന്നിട്ടില്ല.
ആയിടെ അദ്ദേഹം കചദേവയാനി എന്ന ചിത്രത്തിന്‌ ഒരു തിരക്കഥയും രചിച്ചു. ഇതിന്റെ രചനാവേളയില്‍ പലപ്പോഴും ഞാനും സന്നിഹിതനായിരുന്നു. തിരക്കഥാരചനയുടെ പ്രാരംഭമായി പ്രഗത്ഭരായ ചില വിദേശ ചലച്ചിത്രകാരന്മാരുടെ തിരക്കഥകളും അദ്ദേഹം വായിച്ചു. ചില പുസ്തകങ്ങള്‍ ഞാനും സംഘടിപ്പിച്ചു കൊടുത്തു. നേരത്തേ ചില തിരക്കഥാരചനകളില്‍ കൂട്ടുചേര്‍ന്നതിനാല്‍ എനിക്ക്‌ ഇക്കാര്യത്തില്‍ അല്‍പം പരിചയവും ഇല്ലാതില്ല. അതിനാലാണ്‌ ഇടയ്ക്കിടെ എന്നെ വിളിച്ചുവരുത്തുന്നത്‌. അദ്ദേഹമെഴുതിയ ആദ്യത്തെതും അവസാനത്തേതുമായ ഈ തിരക്കഥ സിനിമയാക്കുമ്പോള്‍ സംവിധായകനായി എന്‍. ശങ്കരന്‍നായരെയാണു നിശ്ചയിച്ചത്‌.




വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ടെലിഫോണ്‍കണക്ഷന്‍ എടുത്തിരുന്നതിനാല്‍ രാമവര്‍മ ഫോണില്‍ വിളിക്കുകയാണു പതിവ്‌. 1975 ഒക്ടോബര്‍ 19ന്‌ രാവിലെ പത്തു മണിയോടെ എനിക്ക്‌ രാമവര്‍മയുടെ ഒരു ഫോണ്‍ കോള്‍ വന്നു. 'ഗോപീ, താനൊന്നിവിടെവരെ വാ. ഒന്നുരണ്ടു കാര്യമുണ്ട്‌, ഊണിവിടെ കഴിക്കാം.' ഞാന്‍ ഉച്ചയോടെ ചെന്നു. നാലുകെട്ടിന്റെ നടുമുറ്റത്ത്‌ ചാരുകസേരയില്‍ ഇരിക്കുകയാണ്‌ രാമവര്‍മ. മുന്നിലെ പലകമേല്‍ കുറച്ചു കടലാസുകളുണ്ട്‌. എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്‌. 'നമ്മുടെ ആ തിരക്കഥയില്ലേ, കചദേവയാനി, ആ തിരക്കഥയെഴുതുവാ, എടോ ഈ കളര്‍ കോമ്പിനേഷന്റെ അറേഞ്ച്മെന്റ്‌ വിവരിക്കുന്ന പുസ്തകങ്ങള്‍ വല്ലതും തന്റെ കൈയിലുണ്ടോ. ഉണ്ടെങ്കി ഒന്നു വേണം. പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കണ്‍സപ്റ്റ്‌ വെച്ച്‌ കളര്‍പടത്തിന്‌ തിരക്കഥയെഴുതിയാല്‍ ശരിയാവില്ല. 




തിരക്കഥാരചന എന്ന പുസ്തകമെഴുതിയ തനിക്കിത്തരം പുസ്തകങ്ങളറിയാമല്ലോ? തനിക്കിതിന്റെ ഗുട്ടന്‍സുമറിയാമല്ലോ? അല്ലേ? താനും ഇക്കാര്യത്തില്‍ എന്റെകൂടെ വേണം.' രാമവര്‍മ പറഞ്ഞുനിര്‍ത്തി. അപ്പോള്‍ ഉച്ചയായി. 'എങ്കിലേ ഇനി ഊണുകഴിച്ചിട്ടിരിക്കാം.' ഞങ്ങള്‍ ഊണുകഴിക്കാനിരുന്നു. അപ്പോള്‍ രാമവര്‍മ പറഞ്ഞു: 'ഗോപീ, മറ്റന്നാള്‍ (ഒക്ടോബര്‍ 21) ചങ്ങനാശ്ശേരിക്ക്‌ പോണം. അവിടെ എന്‍.എസ്‌.എസ്‌. കോളേജില്‌ അവരുടെ ആര്‍ട്സ്‌ ക്ലബ്ബിന്റെ ഉദ്ഘാടനത്തിനാ. താനുറപ്പായിട്ടും ഉണ്ടാവണം. ഉച്ചകഴിഞ്ഞാ പരിപാടി.' അന്ന്‌ തെങ്ങിന്‍ചുവട്‌ വളമിട്ട്‌ മൂടാന്‍ പണിക്കാര്‍ വരുമെന്നും എനിക്ക്‌ അസൗകര്യമാണെന്നും ഞാനറിയിച്ചു. 'താനത്‌ എങ്ങനെയെങ്കിലും അഡ്ജസ്റ്റ്‌ ചെയ്ത്‌ വാ.' രാമവര്‍മ നിര്‍ബന്ധിച്ചു. നോക്കട്ടെയെന്നായി ഞാന്‍. പാചകക്കാരന്‍ ബാലന്‍ പണിക്കര്‍ വീണ്ടും ചോറുവിളമ്പിത്തന്നു. 'ഞാന്‍ ആലപ്പുഴ അശോകാഹോട്ടലില്‍ ഉണ്ടാകും. ഒന്നുരണ്ട്‌ പാട്ടെഴുതാനുണ്ട്‌. ഒരു കാര്യം ചെയ്യാം. വര്‍ഗീസിനെ (മാതൃഭൂമി ലേഖകന്‍) വിളിക്കാം. അയാള്‍ക്ക്‌ പറ്റിയില്ലെങ്കി തന്നെ വിളിക്കാം. അയാളില്ലെങ്കി താനുറപ്പായിട്ടും ആലപ്പുഴയില്‍ വരണം. സദാശിവനും (രാമവര്‍മയുടെ ഡ്രൈവര്‍) കാറും അവിടെയുണ്ടാകും.'
'ശരി' എന്നു പറഞ്ഞ്‌ ഞാന്‍ ഊണ്‌ അവസാനിപ്പിച്ചു. കൈകഴുകി. വീണ്ടും നടുമുറ്റത്തിന്റെ മുന്നിലേക്ക്‌. രാമവര്‍മ ചാരുകസേരയില്‍ കിടന്നു. ട്രിപ്പിള്‍ഫൈവ്‌ സിഗരറ്റിന്‌ തീകൊളുത്തി. 





എതിരേയുള്ള കസേരയില്‍ കാലുനീട്ടി ചാഞ്ഞ്‌ ഞാനുമിരുന്നു. അപ്പോള്‍ വിഷയം ഫിലിംസ്റ്റുഡിയോയെക്കുറിച്ചായി. സ്വന്തമായി ഒരു ഫിലിംസ്റ്റുഡിയോ തുടങ്ങുന്നതിനെക്കുറിച്ച്‌ രാമവര്‍മ കുറച്ചുനാളായി ആലോചിക്കുന്നുണ്ടായിരുന്നു. 'ഗോപീ സ്റ്റുഡിയോയ്ക്ക്‌ സ്കോപ്പ്‌ ഇപ്പോഴും തമിഴ്‌നാട്ടില്‍ത്തന്നാ. മലയാളപടത്തെ മദ്രാസ്‌ വിട്ടുവരാന്‍ അവിടത്തെ എന്റര്‍പ്രണേഴ്സ്‌ സമ്മതിക്കില്ല. അവരും പ്രൊഡ്യൂസര്‍മാരും തമ്മില്‍ ഒരു കയ്യാ.' രാമവര്‍മ പറഞ്ഞു. 'ഫിലിംസ്റ്റുഡിയോ നടത്തി കൈ മാത്രമല്ല ദേഹമാസകലം പൊള്ളിയവനാ ഞാന്‍. എന്നോടു ചോദിച്ചാല്‍ വേണ്ടെന്നേ ഞാന്‍ പറയൂ. തിരുമേനി പറഞ്ഞില്ലേ ആ എന്റര്‍പ്രണര്‍മാര്‍. അവരും നമ്മുടെ ചില മലയാളികളുംകൂടി പാരവെക്കും.' ഞാന്‍ പറഞ്ഞു. 'ആ, വരട്ടെ' എന്റെ മനസ്സില്‍ കിടന്നത്‌ ഞാനൊന്ന്‌ പറഞ്ഞന്നേയുള്ളൂ.' രാമവര്‍മ സ്റ്റുഡിയോ വര്‍ത്തമാനം അവസാനിപ്പിച്ചു. വൈകിട്ട്‌ കാപ്പികുടിയും കഴിഞ്ഞ്‌ ഞാനിറങ്ങി. ഇറങ്ങാന്‍നേരത്തും അദ്ദേഹം പറഞ്ഞു: 'ഞാന്‍ തന്നെ വിളിക്കാം, വര്‍ഗീസില്ലെങ്കി, ഒറപ്പായിട്ടും വരണം.' ശരി എന്നു പറഞ്ഞ്‌ ഞാനിറങ്ങി വീട്ടിലേക്കു നടന്നു.
ഒക്ടോബര്‍ 21 ന്‌ രാവിലെ ഏതാണ്ട്‌ പതിനൊന്നു മണിയായിക്കാണും. ഫോണ്‍ബെല്ലടിച്ചു. ഉദ്ദേശിച്ചപ്പോലെ രാമവര്‍മതന്നെ അങ്ങേത്തലയ്ക്കല്‍.




'ഗോപീ, വര്‍ഗീസിന്‌ വരാന്‍ പറ്റില്ലെടോ. ജോലിത്തിരക്കാ. താനിങ്ങ്‌ പോര്‌. ഞാന്‍ അശോകയിലൊണ്ട്‌.' രാമവര്‍മ.
'എനിക്കിന്ന്‌ പണിക്കാരൊണ്ട്‌. അവരുടെ കൂടെ നിക്കുവാ. കണ്ണ്‌ തെറ്റിയാ അവന്‍മാര്‌ പണിയെടുക്കില്ല. ഞാന്‍ പോന്നാ കാര്യം കുഴപ്പത്തിലാകും. അതുകൊണ്ട്‌...' പറഞ്ഞുനിര്‍ത്തുംമുന്‍പ്‌ രാമവര്‍മ കയറിപ്പറഞ്ഞു:
'എടോ എനിക്ക്‌ ഒരസ്വസ്ഥതയുണ്ട്‌. എന്താണെന്നറിയില്ല. ആരെങ്കിലും കൂടെ വേണം. അതാ തന്നെ നിര്‍ബന്ധിക്കണത്‌.' ഇതു കേട്ടപ്പോള്‍ ഞാനറിയാതെ പറഞ്ഞുപോയി 'ആ വരാം'.




ഞാന്‍ ആലപ്പുഴയ്ക്ക്‌ ബസ്സില്‍ പോയി. അശോകാഹോട്ടലില്‍ ചെന്ന്‌ രാമവര്‍മയുടെ മുറിയിലേക്കു പോയി. അപ്പോള്‍ അവിടെ തകഴിച്ചേട്ടനുണ്ട്‌. എന്നെ കണ്ടപാടെ ചേട്ടന്‍ പറഞ്ഞു: 'നീ വരുമെന്ന്‌ ഇവന്‍ പറഞ്ഞു. വര്‍ഗീസിന്‌ പണി കൂടുതലാ. നിങ്ങള്‌ രണ്ടുംകൂടി ചങ്ങനാശ്ശേരിക്ക്‌ പോകുവല്ലേ.' തകഴിച്ചേട്ടന്‍ എന്നെ 'എടാ' എന്നാണ്‌ വിളിക്കാറ്‌. സ്വന്തം അനുജനെപ്പോലെ എന്നെ സ്നേഹിച്ച തനി ശുദ്ധ കുട്ടനാടന്‍ ഗ്രാമീണനായര്‍. അപ്പോഴേക്കും ഊണ്‌ മുറിയിലെത്തിച്ചു. ഞങ്ങള്‍ മൂവരും ഊണ്‌ കഴിച്ചു. രാമവര്‍മ പതുക്കെയാണ്‌ കഴിക്കുന്നത്‌. ഞങ്ങള്‍ രണ്ടുപേരും കൈകഴുകി. രാമവര്‍മയുടെ ട്രിപ്പിള്‍ഫൈവ്‌ സിഗരറ്റ്‌ കൂടില്‍നിന്ന്‌ തകഴി ഒരെണ്ണമെടുത്ത്‌ കത്തിച്ച്‌ പുറത്തേക്കിറങ്ങി. എന്നെ വിളിച്ചു. ശബ്ദം താഴ്ത്തിപ്പറഞ്ഞു: 'എന്താടാ ഇവന്‌ അസുഖം. നീ വരുംമുന്‍പ്‌ എന്നെ കെട്ടിപ്പിടിച്ചിവന്‍ കരഞ്ഞെടാ. ചേട്ടാ എനിക്കിനി അധികകാലമില്ല, ഞാന്‍ മരിക്കുമെന്നൊക്കെപ്പറഞ്ഞാ കരഞ്ഞേ. നിനക്ക്‌ വല്ലതും അറിയാമോ ഇവന്‌ എന്താ അസുഖോന്ന്‌.'





ഞാനൊന്നും മിണ്ടിയില്ല. മുഖം കുനിച്ചും കൈകള്‍ തമ്മില്‍ത്തിരുമ്മിയും നിന്നു. തകഴിച്ചേട്ടന്റെ വര്‍ത്തമാനം എന്റെ മുഖത്തെ സന്തോഷം കെടുത്തിക്കളഞ്ഞു. പിന്നേയും തകഴിച്ചേട്ടന്‍ പറഞ്ഞു: 'എടാ നമ്മുടെ മാതൃഭൂമി വര്‍ഗീസില്ലേ. അയാള്‍ ഞാന്‍ വരുംമുമ്പ്‌ ഇവിടെ വന്നു. അയാളെയും കെട്ടിപ്പിടിച്ച്‌ കുട്ടന്‍ കരഞ്ഞു. അയാളിറങ്ങാന്‍ നേരത്താ ഞാന്‍ വന്നത്‌. എന്നെ മാറ്റിനിര്‍ത്തിയാ വര്‍ഗീസ്‌ ഇക്കാര്യം പറഞ്ഞേ. എടാ എന്തെങ്കിലുമൊണ്ടെങ്കി നീതന്നെ കുട്ടനോട്‌ ചോദിക്ക്‌. എവിടെയെങ്കിലും കൊണ്ടുപോകണോങ്കിപ്പറ. ഞാനും വരാം. നമ്മുടെ പിടിപാടുകള്‍ ഇതിനൊക്കെയല്ലേടാ ഉപയോഗിക്കേണ്ടേ. ആ, എനിക്ക്‌ ആലപ്പുഴയിലിത്തിരി കാര്യോണ്ട്‌. അതുകഴിഞ്ഞേ ഞാന്‍ തകഴിക്കൊള്ളൂ.'
അപ്പോഴേക്കും രാമവര്‍മ കൈകഴുകി സിഗരറ്റിന്‌ തീ കൊളുത്തി ഞങ്ങളുടെയടുത്തേക്ക്‌ വന്നു. ഏതാനും മിനിട്ടുകള്‍ക്കകം തകഴിച്ചേട്ടന്‍ യാത്രപറഞ്ഞ്‌ ഇറങ്ങി. രണ്ടു മണിയോടെ ഞങ്ങളും കാറില്‍ ചങ്ങനാശ്ശേരിക്ക്‌ യാത്രയായി. മൂന്നു മണിയോടെ ഞങ്ങള്‍ എന്‍.എസ്‌.എസ്‌. കോളേജിലെത്തി. വേദിയിലപ്പോഴുണ്ടായിരുന്ന എല്‍.പി.ആര്‍. വര്‍മയെ കെട്ടിപ്പിടിച്ച്‌ 'ഉദകം, നിനക്ക്‌ അന്ത്യോദകം...' എന്ന പാട്ട്‌ പാടാന്‍ നിര്‍ബന്ധിച്ചു. എല്‍.പി.ആര്‍. പാടി.



പരിപാടി കഴിഞ്ഞ്‌ മടങ്ങിയപ്പോഴേക്കും പടിഞ്ഞാറന്‍ചക്രവാളത്തില്‍നിന്ന്‌ സൂര്യന്‍ മറഞ്ഞിരുന്നു. എടത്വവഴിയാണ്‌ ഞങ്ങള്‍ വന്നത്‌. വരുമ്പോള്‍ രാമവര്‍മയ്ക്ക്‌ വല്ലാത്ത അസ്വസ്ഥത തോന്നി. കാറിന്റെ പിന്‍സീറ്റിന്റെ ഒരു വശത്തേക്ക്‌ ചരിഞ്ഞുകിടന്നു. വയറില്‍ കൈകൊണ്ട്‌ ചെറുതായി ഇടയ്ക്കിടെ അമര്‍ത്തിക്കൊണ്ടിരുന്നു. എന്താണെന്ന്‌ ഞാന്‍ തിരക്കിയപ്പോള്‍ ഛര്‍ദിക്കാന്‍ വരുന്നുണ്ടെന്ന്‌ പറഞ്ഞു. 'ഡോക്ടറെ കാണണോ?' ഞാന്‍ ചോദിച്ചു. 'ഏയ്‌ വേണ്ട. ഉച്ചയ്ക്ക്‌ കഴിച്ച ഊണിന്റെ ആയിരിക്കും.' രാമവര്‍മ പറഞ്ഞു. എങ്കിലും അസ്വസ്ഥത തുടര്‍ന്നു. അപ്പോള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. 'എന്തേ വിയര്‍ക്കുന്നത്‌?' ഞാന്‍ തിരക്കി.





'വല്ല പനിയോ വല്ലതും വരാന്‍ പോവായിരിക്കും.' അദ്ദേഹത്തിന്റെ മറുപടി.
കാര്‍ വളരെ പതുക്കെയാണ്‌ സദാശിവന്‍ ഓടിക്കുന്നത്‌. ആലപ്പുഴ പട്ടണത്തിന്‌ തെക്കുവശമുള്ള കളര്‍കോട്ട്‌ കാര്‍ എത്തിയപ്പോള്‍ രാമവര്‍മ ഛര്‍ദിച്ചു. വിയര്‍ത്തുകുളിച്ചു. ഷര്‍ട്ടിന്റെ ബട്ടന്‍സുകളെല്ലാം അഴിച്ചിട്ടു. ഛര്‍ദിയില്‍ അല്‍പം ചുവപ്പ്‌. 'നമുക്ക്‌ ആലപ്പുഴയിലെ ഏതെങ്കിലും ഡോക്ടറെ കണ്ടാലോ?' ഞാന്‍ ചോദിച്ചു. 'വേണ്ട.' രാമവര്‍മ ബുദ്ധിമുട്ടിപ്പറഞ്ഞു. കാര്‍ പതുക്കെ ആലപ്പുഴ പട്ടണത്തിലേക്കു കടക്കുകയാണ്‌. അപ്പോഴേക്കും വിയര്‍ത്തുകുളിച്ച കണക്കെയായി രാമവര്‍മ. ഷര്‍ട്ട്‌ ഊരാന്‍ അദ്ദേഹം ശ്രമിച്ചപ്പോള്‍ ഞാനും സഹായിച്ചു. പോക്കറ്റിലെ ട്രിപ്പിള്‍ഫൈവ്‌ സിഗരറ്റ്‌ പാക്കറ്റ്‌ ഞാനെടുത്ത്‌ എന്റെ പോക്കറ്റിലിട്ടു (ഈ സിഗരറ്റ്‌ പാക്കറ്റ്‌ ഇപ്പോഴും ഞാന്‍ ആ അവസാനയാത്രയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കുന്നു). വളരെ സൂക്ഷിച്ച്‌ പതുക്കെ വയലാര്‍ ലക്ഷ്യമാക്കി കാര്‍ ഓടിക്കുകയാണ്‌ സദാശിവന്‍. ആലപ്പുഴ കഴിഞ്ഞ്‌ കലവൂര്‍ കഴിഞ്ഞപ്പോള്‍ രാമവര്‍മ പറഞ്ഞു: 'ഛര്‍ദിച്ചപ്പോള്‍ വല്ലാത്ത ആശ്വാസം.' അപ്പോഴും ഞാന്‍ പറഞ്ഞു: 'ഡോക്ടറെ ആരെയെങ്കിലും ഒന്നു കണ്ടാലോ.' 'വേണ്ടെന്നേ, വീട്ടില്‍ പോയി ഒന്നു കിടന്നാമതി. മാറിക്കോളും.' അപ്പോഴും രാമവര്‍മ വിലക്കി. ഛര്‍ദിയില്‍ കണ്ട ചുവപ്പായിരുന്നു എന്റെ ഭയം. കാരണം, അത്‌ രക്തമായിരുന്നു. അദ്ദേഹം ഇത്‌ അറിയുന്നില്ലല്ലോ. ചേര്‍ത്തലയിലെത്തിയപ്പോഴേക്കും വല്ലാത്ത ആശ്വാസം തോന്നി. എന്നെ ചേര്‍ത്തലയില്‍ ഇറക്കി. അപ്പോഴേക്കും സമയം രാത്രി പത്തു മണികഴിഞ്ഞിരുന്നു. നാളെ കാണാമെന്നു പറഞ്ഞ്‌ ഞങ്ങള്‍ പിരിഞ്ഞു.





മാതൃഭൂമി ലേഖകന്‍ എം.എം. വര്‍ഗീസിനെക്കുറിച്ചുകൂടി പറഞ്ഞാലേ ഒരു പൂര്‍ണത വരൂ. ആലപ്പുഴ ബ്യൂറോ ചീഫായിരുന്ന വര്‍ഗീസ്‌ ആലപ്പുഴജില്ലയുടെ ചരിത്രത്തെക്കുറിച്ച്‌ നല്ല അറിവുള്ളയാളായിരുന്നു. അക്കാലത്ത്‌ ആലപ്പുഴയില്‍ വരുന്ന സാഹിത്യസാംസ്കാരിക പ്രമുഖരെല്ലാം വര്‍ഗീസിന്റെ ഓഫീസില്‍ വരുമായിരുന്നു. വയലാര്‍പുന്നപ്ര സമരത്തെക്കുറിച്ച്‌ ആധികാരികമായി ഒരു പുസ്തകം എഴുതിയിട്ടുള്ള വര്‍ഗീസ്‌ വര്‍ഷങ്ങള്‍ നീണ്ട പഠനംതന്നെ ഇതിനുവേണ്ടി നടത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇത്‌ പരമ്പരയായി എഴുതിയിരുന്നു. അന്നുവരെയുള്ള വയലാര്‍പുന്നപ്ര പഠനങ്ങളും എഴുത്തുകളും ഒരു പക്ഷം ചേര്‍ന്നുനിന്നുകൊണ്ടുള്ളതായിരുന്നതിനാല്‍ നിഷ്പക്ഷത നഷ്ടപ്പെട്ടിരുന്നു. അതാണ്‌ വര്‍ഗീസിന്റെ പുസ്തകത്തിന്‌ ആധികാരികത കൈവന്നത്‌.



അന്ത്യദിനങ്ങള്‍

തിരുവനന്തപുരത്തെ വയലാര്‍ പ്രതിമ.
പിറ്റേദിവസം (ഒക്ടോബര്‍ 22) രാവിലെ ഞാന്‍ വീട്ടില്‍ വിളിച്ചപ്പോള്‍ രാമവര്‍മ ഉറങ്ങുകയാണെന്ന്‌ അമ്മ പറഞ്ഞു. വിളിക്കണ്ടായെന്ന്‌ ഞാന്‍ പറഞ്ഞു ഫോണ്‍ താഴെവെച്ചു. ഉച്ചയോടെ ഉണര്‍ന്ന്‌ വീട്ടില്‍ വന്ന ഒരു അതിഥിയുമായി സംസാരിച്ചിരിക്കെ പെട്ടെന്ന്‌ ഛര്‍ദിക്കാന്‍ തുടങ്ങി. ഉടന്‍തന്നെ ചേര്‍ത്തല ഗ്രീന്‍ഗാര്‍ഡന്‍സ്‌ ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. കൊണ്ടുപോകുമ്പോള്‍ ഡോ. ഗംഗാധരനാണ്‌ രാമവര്‍മയ്ക്കു വേണ്ട പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയത്‌. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും തുടരെത്തുടരെ രക്തം ഛര്‍ദിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ പ്രമുഖ സര്‍ജനായ ഡോ. സി.പി. പിള്ളയുമെത്തി അദ്ദേഹത്തെ പരിശോധിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ബോധം നശിച്ചിരുന്നു. ഇതിനിടെ രക്തം നല്‍കാന്‍ തുടങ്ങി.




രാമവര്‍മയുടെ നില ഗുരുതരമാണെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍ വിദഗ്ധഡോക്ടര്‍മാരടങ്ങിയ ഒരു സംഘത്തെ ചേര്‍ത്തലയ്ക്കയച്ചു. ഈ സമയത്ത്‌ ഞാനും ആശുപത്രിയിലെത്തി. ഡോ. പി.കെ.ആര്‍. വാര്യരും, ഡോ. രാമചന്ദ്രനും അക്കാലത്ത്‌ തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ പേരെടുത്ത ഡോക്ടര്‍മാരായിരുന്നു. അവരാണ്‌ ചേര്‍ത്തലയ്ക്കു വന്നത്‌. അപ്പോഴും രക്തം പുറത്തേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. രാത്രിയോടെ ഡോക്ടര്‍മാരുടെ സംഘമെത്തി. രക്തം വാര്‍ന്നുപോകുന്നത്‌ നിന്നാല്‍ മാത്രമേ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്കു കൊണ്ടുപോകാന്‍ കഴിയൂ എന്ന്‌ അവര്‍ പറഞ്ഞു, രാത്രി അവസാനിച്ച്‌ നേരം പുലരുവോളം ഈ സ്ഥിതിക്ക്‌ മാറ്റമില്ലായിരുന്നു. എന്നു മാത്രമല്ല അര്‍ധരാത്രി രക്തം ഛര്‍ദിച്ചത്‌ ഡോക്ടര്‍മാരെ ആശങ്കാകുലരാക്കി. 23ാ‍ം തീയതി രാവിലെ ആയപ്പോഴേക്കും സ്ഥിതി അല്‍പം മെച്ചപ്പെടാന്‍ തുടങ്ങി. ഇടയ്ക്ക്‌ ബോധം തെളിയുകയും ചെയ്തതോടെ ഡോക്ടര്‍മാര്‍ക്ക്‌ പ്രത്യേകിച്ച്‌ ഡോ. വാര്യര്‍ക്ക്‌ ആത്മവിശ്വാസമായി. സന്ധ്യകഴിഞ്ഞ്‌ തിരുവനന്തപുരത്തേക്ക്‌ ആംബുലന്‍സില്‍ കൊണ്ടുപോകാനും തീരുമാനിച്ചു. ഗ്ലൂക്കോസ്‌ ഡ്രിപ്പും, രക്തവും നല്‍കാനുള്ള സജ്ജീകരണങ്ങളും ആംബുലന്‍സില്‍ പ്രത്യേകം ഒരുക്കി പുറപ്പെട്ടു. പിന്നാലെ ഒരു കാറില്‍ അമ്മയും ഭാര്യാസഹോദരിയും. നല്ല മഴയുണ്ടായിരുന്നതിനാല്‍ പതുക്കെയാണ്‌ ആംബുലന്‍സ്‌ പോയത്‌. ഒക്ടോബര്‍ 24ന്‌ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




അന്നു രാവിലെ ആറിനുള്ള കെ.എസ്‌.ആര്‍.ടി.സി. എക്സ്പ്രസ്‌ ബസ്സില്‍ ഞാന്‍ തിരുവനന്തപുരത്തിന്‌ പുറപ്പെട്ടു. രാമവര്‍മയുടെ 'ലോക്കല്‍ ഗാര്‍ഡിയന്‍മാരായി' അഭിനയിച്ചിരുന്ന പലരും വിവരമറിഞ്ഞിട്ടും പോയില്ല. ഉച്ചയോടെ ഞാന്‍ മെഡിക്കല്‍കോളേജിലെത്തി. ഈ സമയം മുഖ്യമന്ത്രി സി. അച്യുതമേനോനും മന്ത്രി ടി.വി. തോമസും ഒന്നുരണ്ടു തവണ ആശുപത്രിയില്‍ വന്നു പോയിരുന്നു.
അപ്പോഴേക്കും ഭാരതിത്തമ്പുരാട്ടിയെയും തിരുവനന്തപുരത്ത്‌ പഠിക്കുന്ന ശരത്ചന്ദ്രനെയും ഇളയസഹോദരിമാരെയും ആശുപത്രിയില്‍ എത്തിച്ചു.





രാത്രിയോടെ ആരോഗ്യനില വീണ്ടും വഷളായി. ഛര്‍ദി ഒഴിവാക്കാന്‍ കരളില്‍നിന്ന്‌ സ്രവിക്കുന്ന രക്തം ഒരു കുഴലിലൂടെ പുറത്തേക്കൊഴുക്കാന്‍ തുടങ്ങി. അര്‍ധരാത്രിവരെ രക്തം പുറത്തേക്ക്‌ ഒഴുകാതിരുന്നപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. എന്നാല്‍, അല്‍പം കഴിഞ്ഞപ്പോള്‍ വീണ്ടും ബ്ലീഡിങ്‌. ഡോക്ടര്‍മാര്‍ ആകെ അസ്വസ്ഥരായി, ഭയപ്പെട്ടു. അവര്‍ തമ്മില്‍ ചര്‍ച്ചയായി. ഒടുവില്‍ ശസ്ര്തക്രിയയ്ക്ക്‌ തീരുമാനിച്ചു. ഈസമയം പി. ഭാസ്കരന്‍, മലയാറ്റൂര്‍, ഒ.എന്‍.വി, ജി. വിവേകാനന്ദന്‍, ഉറൂബ്‌, കെ.എസ്‌. ചന്ദ്രന്‍, പി.സി. സുകുമാരന്‍നായര്‍ തുടങ്ങിയ പ്രമുഖര്‍ ആശുപത്രിയിലെത്തി. അടുത്തദിവസംതന്നെ ശസ്ര്തക്രിയ തീരുമാനിച്ചു. ഉച്ചയ്ക്ക്‌ ഒരു മണിക്ക്‌ ശസ്ര്തക്രിയയ്ക്ക്‌ കൊണ്ടുപോയി. അവിടെയെത്തിയപ്പോള്‍ രാമവര്‍മയ്ക്ക്‌ പനി. ഇതുകാരണം നാലരമണി കഴിഞ്ഞാണ്‌ ശസ്ര്തക്രിയ തുടങ്ങിയത്‌.





ഡോ. പി.കെ.ആര്‍. വാര്യര്‍, ഡോ. ബാലകൃഷ്ണന്‍, ഡോ. രാജന്‍, ഡോ. മഹാദേവന്‍, ഡോ. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ര്തക്രിയ. കരളിലെ രക്തസ്രാവം നിര്‍ത്താനുള്ള ശസ്ര്തക്രിയ നാലരമണിക്കൂറോളം നീണ്ടു. അതിലവര്‍ വിജയിച്ചു. സമാധാനപരമായ കുറെ മണിക്കൂറുകള്‍. ഇടയ്ക്കിടെ ഞാന്‍ ആശുപത്രിയില്‍ വന്നുപോകും. 25ാ‍ം തീയതി അര്‍ധരാത്രിവരെ കുഴപ്പമില്ലാതെ കടന്നുപോയി. എന്നാല്‍ അര്‍ധരാത്രി കഴിഞ്ഞതോടെ രാമവര്‍മയ്ക്ക്‌ ഹൃദ്‌രോഗമുണ്ടായി. ഡോക്ടര്‍മാര്‍ ഇതിനെ വിളിക്കുന്നത്‌ കാര്‍ഡിയാക്‌ അറസ്റ്റ്‌ എന്നാണ്‌. ഏതാനും നിമിഷങ്ങളോളം നിന്നുപോയ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ വീണ്ടെടുക്കുന്നതില്‍ ഡോക്ടര്‍മാര്‍ വിജയിച്ചു. ഇതിനിടയില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാന്‍ തുടങ്ങി. സ്ഥിതി വീണ്ടും ശാന്തമായി. 26ാ‍ം തീയതി ഉച്ചവരെ ഈ ശാന്തത തുടര്‍ന്നു. ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയോടെ അപ്രതീക്ഷിതമായി എല്ലാം താളംതെറ്റി. രാമവര്‍മയുടെ നില പെട്ടെന്ന്‌ ഗുരുതരമായി. ഡോക്ടര്‍മാര്‍ പഠിച്ച പണിയെല്ലാം പയറ്റാനാരംഭിച്ചു. രാത്രിമുഴുവന്‍ രാമവര്‍മയുടെ ജീവന്‍ രക്ഷിക്കാനുള്ള അന്തിമപോരാട്ടത്തിലായിരുന്നു അവര്‍. 





ഇതിനിടെ അദ്ദേഹത്തിന്റെ നില വീണ്ടും ഗുരുതരമായതായി താമസിക്കുന്ന ഹോട്ടലില്‍നിന്ന്‌ ഞാന്‍ ആശുപത്രിയിലേക്ക്‌ വിളിച്ചപ്പോള്‍ അറിയാന്‍കഴിഞ്ഞു. അര്‍ധരാത്രിയില്‍ ഞാന്‍ അവിടേക്ക്‌ നടന്നുചെന്നു. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിടാന്‍ തുടങ്ങിയതായി അറിഞ്ഞു. 27ാ‍ം തീയതി പുലരാന്‍ തുടങ്ങി. സരസ്വതീയാമം പിന്നിട്ടു. കിഴക്ക്‌ വെള്ളകീറലിന്റെ ലക്ഷണങ്ങള്‍. ഇതിനകം കെ.പി.എ.സി.യിലെ കേശവന്‍പോറ്റി സാര്‍ അമ്മയെയും ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുവന്ന്‌ രാമവര്‍മയെ കാണിച്ചിരുന്നു.
27ന്‌ നേരം പൂര്‍ണമായി പുലരാനിനി ഒന്നരമണിക്കൂര്‍ മാത്രം. അപ്പോള്‍ സമയം പുലര്‍ച്ചെ നാലര. ഡോ. വാര്യര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍നിന്ന്‌ പുറത്തേക്ക്‌ വന്നു. ഞാനും അവിടെ കൂടിനിന്നവരും ഓടിച്ചെന്നു. വളരെ വിഷമിച്ച്‌ വേച്ചുവേച്ചു വന്ന അദ്ദേഹം തലതാഴ്ത്തിപ്പറഞ്ഞു: 'പോയി.'




അതെ, വയലാര്‍ രാമവര്‍മ അന്തരിച്ചു. പുലര്‍ച്ചെ നാലരമണി കഴിഞ്ഞ്‌ അഞ്ചുമിനിട്ടുള്ളപ്പോള്‍. ഈ സത്യം ഉള്‍ക്കൊള്ളാന്‍ എനിക്കും അവിടെ കൂടിനിന്നവര്‍ക്കും പിന്നെയും കുറച്ചുസമയം വേണ്ടിവന്നു.
(വയലാര്‍ എന്ന പുസ്തകത്തില്‍ നിന്ന്‌)
വയലാര്‍ രാമവര്‍മ്മ സ്‌മാരകം

അമ്മൂ,വയലാറിനെ ശുശ്രൂഷിക്കാന്‍ നിയോഗിച്ചിരുന്ന ഹൗസ്സര്‍ജന്മാരുടെയോ നഴ്സുമാരുടെയോ കൈപ്പിഴയാണ്‌ ഇങ്ങനെ സംഭവിച്ചതെന്ന്‌ ഗോപാലകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു വാരികയില്‍ എഴുതിയ ലേഖനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. 




എന്നാല്‍, വിവാദമാകുമെന്ന്‌ കരുതി വയലാറിനെക്കുറിച്ചുള്ള പുസ്തകത്തില്‍ അത്‌ ചേര്‍ത്തിരുന്നില്ല. (ചേലങ്ങാട്‌ ഗോപാലകൃഷ്ണന്‍ മരിച്ചശേഷമാണ്‌ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്‌.) ജീവചരിത്രകാരന്‍ രേഖപ്പെടുത്താതിരുന്ന ഈ വാസ്തവമാണ്‌ ഏഴാച്ചേരി രാമചന്ദ്രന്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌.അത്‌ വാര്‍ത്തയായി. വാര്‍ത്ത വിവാദവുമായിക്കഴിഞ്ഞു.ഇനിയത്‌ കൊഴുക്കും..ദുരന്തങ്ങളും വിവാദങ്ങളും ആഘോഷിക്കാന്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ക്ക്‌ നല്ല ശൗര്യവും കൗശലവുമുണ്ടല്ലോ.പി.സി ജോര്‍ജിനെ വിട്ടിട്ട്‌ ചാടിപ്പിടിക്കാന്‍ പുതിയ ' വഹ'കിട്ടിയതോടെ ചാനല്‍ ചര്‍ച്ചാത്തൊഴിലാളികള്‍ക്കും ചാകര.വിവാദക്കടലിനക്കരെ പോയി വരുന്നവര്‍ എന്തു കൊണ്ടുവരുമെന്ന്‌ നമുക്ക്‌ കത്തിരുന്നു കാണാം.

####################################################################

വയലാര്‍ ശരത്ചന്ദ്രവര്‍മ
അറിയാമായിരുന്നു-വയലാര്‍ ശരത്ചന്ദ്രവര്‍മ

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ താനും ഇത്തരമൊരു അഭിപ്രായം കേട്ടിരുന്നെന്നും അത്‌ സഹോദരിമാരോട്‌ പറഞ്ഞിരുന്നെന്നും വയലാറിന്റെ മകനും ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ . 



അതില്‍ നേരും നുണയും ഉണ്ടെങ്കില്‍ ആരെങ്കിലും അന്വേഷിക്കട്ടെ. ഇപ്പോള്‍ അതൊക്കെ കേള്‍ക്കുന്നത്‌ വേദനയാണ്‌. ഞങ്ങളുടെ നെഞ്ചില്‍ ഇപ്പോഴും അച്ഛന്‍ എരിയുന്ന കനലാണ്‌. ആളുകള്‍ നിരന്തരം വിളിച്ച്‌ ഇതേക്കുറിച്ച്‌ ചോദിക്കുമെന്ന്‌ കരുതി താന്‍ കഴിഞ്ഞദിവസം ഫോണ്‍കോളുകള്‍ അറ്റന്‍ഡുചെയ്തിരുന്നിലെന്നും ശരത്‌ പറഞ്ഞു. അതിന്റെ പേരില്‍ ഇനി ആരെയും വേദനിപ്പിക്കാന്‍ ഇല്ല. ശരത്‌ പറഞ്ഞു.



എല്ലാം മറക്കാന്‍ ആഗ്രഹിക്കുകയാണ്‌ വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയും മക്കളും. മനസ്സ്‌ വേദനിക്കുന്നുണ്ടെങ്കിലും വിവാദത്തിനില്ലെന്ന്‌ ഭാരതി തമ്പുരാട്ടിയും പറയുന്നു.
ഭാരതി തമ്പുരാട്ടി

തനിക്ക്‌ കേട്ടറിവുള്ള കാര്യങ്ങള്‍ പറഞ്ഞുവെന്നല്ലാതെ കൂടുതല്‍ അതിലേക്ക്‌ പോകണമെന്ന്‌ ആഗ്രഹിക്കുന്നില്ലെന്ന്‌ ഏഴാച്ചേരി രാമചന്ദ്രന്‍ . വിഷയം കൂടുതല്‍ വിവാദമാക്കേണ്ടെന്നാണ്‌ ആഗ്രഹിക്കുന്നത്‌. അത്‌ വയലാറിന്റെ കുടുംബത്തെയും വേദനിപ്പിക്കുമെന്ന്‌ മനസ്സിലാക്കുന്നു. ആ വിഷയം താന്‍ പ്രസംഗിച്ച വേദിയില്‍ വെച്ചുതന്നെ ഉപേക്ഷിച്ചതായും ഏഴാച്ചേരി പറഞ്ഞു.
#####################################################

വയലാറിന്റെ മരണം കൈപ്പിഴയല്ലെന്ന്‌ ത്രിവിക്രമന്‍
ഗ്രൂപ്പുമാറി രക്തം കുത്തിവെച്ചതാണ്‌ വയലാര്‍ രാമവര്‍മ്മയുടെ മരണകാരണം എന്ന ഏഴാച്ചേരി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ സത്യമല്ലെന്ന്‌ വയലാറിന്റെ ആത്മസുഹൃത്തും രാമവര്‍മ്മ ട്രസ്റ്റിന്റെ സെക്രട്ടറിയുമായ സിവി ത്രിവിക്രമന്‍.വയലാറിന്റെ മരണത്തിന്‌ സാക്ഷിയായിരുന്നു ത്രിവിക്രമന്‍.




അച്യുതമേനോനും ം ടി.വി തോമസും മലയാറ്റൂര്‍ രാമകൃഷ്ണനും ഒക്കെ സാക്ഷികളായിരിക്കുമ്പോള്‍ വയലാറിന്‌ ഗ്രൂപ്പുമാറി രക്തം നല്‍കിയെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണെന്ന്‌ ത്രിവിക്രമന്‍ ചോദിച്ചു.
വയലാര്‍ മരിച്ച്‌ 36 വര്‍ഷത്തിനുശേഷം ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്‌ എന്ത്‌ അടിസ്ഥാനത്തിലാണെന്ന്‌ അദ്ദേഹം ചോദിക്കുന്നു. തിരുവനന്തപുരം മെഡി. കോളേജില്‍ വയലാര്‍ മരിക്കുമ്പോള്‍ പുറത്ത്‌ വരാന്തയില്‍ അന്നത്തെ വ്യവസായ മന്ത്രി ടി.വി തോമസും റവന്യൂ ബോര്‍ഡ്‌ അംഗം കൂടിയായ മലയാറ്റൂര്‍ രാമകൃഷ്ണനും ഞാനും ഒക്കെ ഉണ്ടായിരുന്നു. വയലാറിന്റെ നില അതീവ ഗരുതരമാ ണെന്ന്‌ അറിഞ്ഞാണ്‌ എല്ലാവരും എത്തിയത്‌.
പുലര്‍ച്ചെ ഓപ്പറേഷന്‍ തിയേറ്ററില്‍നിന്ന്‌ പുറത്തുവന്ന ഡോക്ടര്‍ പി.കെ.ആര്‍.വാര്യര്‍ വയലാര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന്‌ അറിയിച്ചു. ഒരു കുപ്പി രക്തംകൂടി നല്‍കി പരീക്ഷിച്ചു നോക്കാമെന്ന്‌ പറഞ്ഞു. അവസാനത്തെ കുപ്പി രക്തം നല്‍കുമ്പോള്‍ വിറയല്‍ അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നുത്രിവിക്രമന്‍ വിശദീകരിച്ചു.
#####################################################

Sunday, 4 September 2011

ഐതിഹ്യപ്പെരുമയില്‍ പരശുരാമന്‍ മുതല്‍ സമുദ്രഗുപ്തന്‍ വരെ


 നിലോഫര്‍ റഹ്മാന്‍ 

മഹാബലിയുടെ ദുരഭിമാനം തീര്‍ക്കാന്‍ മഹാവിഷ്ണു വാമനനായി അവതാരമെടുത്തു. മഹാബലി പിന്നീട്‌ വാമനന്‍ ആരാണെന്ന്‌ മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാര്‍ത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളില്‍ നിന്ന്‌ മോചിപ്പിക്കുകയും ചെയ്തു.പാതാളത്തിലേയ്ക്ക്‌ ചവുട്ടിത്താഴ്ത്തപ്പെട്ട മഹാബലിക്ക്‌ ആണ്ടില്‍ ഒരു വട്ടം തന്റെ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം വാമനന്‍ നല്‍കി.ഓണത്തെക്കുറിച്ചുള്ള പൊതുവായ വിശ്വാസമാണിത്‌.
എന്നാല്‍ ഐതിഹ്യപ്പെരുമയില്‍ പരശുരാമന്‍ മുതല്‍ സമുദ്രഗുപത മന്ഥരാജാവ്‌ വരെയുള്ളവര്‍ ഓണവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
പരശുരാമന്‍
പരശുരാമകഥയുമായി ബന്ധപ്പെട്ട ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനില്‍നിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണര്‍ക്ക്‌ ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കല്‍പ്പമുണ്ട്‌. ഇതും കെട്ടുകഥയാണെന്നു തന്നെയാണ്‌ നിഗമനം 
ശ്രീബുദ്ധന്‍

മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്‌. സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവര്‍ സമര്‍ത്ഥിക്കുന്നു. ശ്രാവണം ലോപിച്ച്‌ ഓണം ആയത്‌ ഇതിന്‌ ശക്തമായ തെളിവാണ്‌. 
ബുദ്ധമത വിശ്വാസിയും, പ്രജാസുഖം ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരളചക്രവര്‍ത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും , 





കൈയ്യൂക്കുംകൊണ്ട്‌- അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താല്‍- ബഹിഷ്ക്കരിച്ച്‌ ബ്രാഹ്മണമതം പുനസ്ഥാപിച്ചതിന്റെ ഓര്‍മ്മ , കേരളത്തലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണത്രെ ഓണം. 
'ഓണം, തിരുവോണം' എന്നീ പദങ്ങള്‍ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്‌. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്‌. ബുദ്ധശിഷ്യന്മാര്‍ ശ്രമണന്മാര്‍ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ബുദ്ധനെത്തന്നെയും ശ്രമണര്‍ എന്നു പറഞ്ഞിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ്‌ ശ്രാവണം. ഓണത്തിന്‌ മഞ്ഞ നിറം പ്രധാനമാണ്‌. ഭഗവാന്‍ ബുദ്ധന്‍ ശ്രമണപദത്തിലേക്ക്‌ പ്രവേശിച്ചവര്‍ക്ക്‌ മഞ്ഞവസ്ര്തം നല്‍കിയതിനെയാണ്‌ ഓണക്കോടിയായി നല്‍കുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്‌. ഓണപ്പൂവ്‌ എന്നു പറയുന്ന മഞ്ഞപ്പൂവിന്‌ അഞ്ച്‌ ദളങ്ങളാണുള്ളത്‌ അത്‌ ബുദ്ധധര്‍മ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തില്‍ ഇല്ലാതാക്കാന്‍ അക്രമങ്ങളും , ഹിംസകളും നടത്തിയിട്ടുണ്ട്‌. അവയുടെ സ്മരണ ഉണര്‍ത്തുന്നതാണ്‌ ഓണത്തല്ലും , ചേരിപ്പോരും , വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാന്‍ നമ്പൂതിരിമാര്‍ ആയുധമെടുത്തിരുന്നു എന്ന്‌ സംഘകളിയുടെ ചടങ്ങികളില്‍ തെളിയുന്നുണ്ട്‌. ബൗദ്ധസംസ്ക്കാരം വളര്‍ച്ചപ്രാപിച്ചിരുന്ന തമിഴകത്ത്‌ മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയില്‍ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയില്‍ ഓണത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ട്‌. 




 
സംഘകാലത്ത്‌ കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നു. അക്കാലത്ത്‌ മഴക്കാലത്ത്‌ ഭജനയിരിക്കലും പഠനവും ഒക്കെയായി ജനങ്ങള്‍ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീര്‍ന്ന്‌ മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത്‌ ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആണ്‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ 'സാവണം '. അത്‌ ആദിരൂപം ലോപിച്ച്‌ പാലിയുടെ തന്നെ നയമനുസരിച്ച്‌ ' ആവണം ' എന്നും പിന്നീട്‌ ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി എത്തുകയായി. അതാണ്‌ പൊന്നിന്‍ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകള്‍ക്കും പിന്നില്‍.

:
ചേരമാന്‍ പെരുമാള്‍

മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന്‍ ഓണാഘോഷത്തെ ചേരമാന്‍പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തു പോയത്‌ ചിങ്ങമാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്നും ഈ തീര്‍ത്ഥാടനത്തെ ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗന്‍ പറയുന്നു. എന്നാല്‍ ആണ്ടുപിറപ്പുമായി ബന്ധപ്പെടുത്തിയും വില്ല്യം ലോഗന്‍ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌. 




 
തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാന്‍ പെരുമാളിനെ ചതിയില്‍ ബ്രഹ്മഹത്യ ആരോപിച്ച്‌ ജാതിഭൃഷ്ടനാക്കി നാടുകടത്തി എന്നും എന്നാല്‍ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിര്‍പ്പിനെ തണുപ്പിക്കാന്‍ എല്ലാ വര്‍ഷവും തിരുവിഴാ നാളില്‍ മാത്രം നാട്ടില്‍ പ്രവേശിക്കാനുമുള്ള അനുമതി നല്‍കപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കായി രാജ്യം വിട്ടുകൊടുത്തുവെന്നും ചില ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നു. ആ ഓര്‍മ്മക്കായിരിക്കണം തൃക്കാക്കരയപ്പന്‍ എന്ന പേരില്‍, ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയില്‍ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്‌.
സമുദ്രഗുപതനും മന്ഥരാജാവും
ക്രിസ്തു വര്‍ഷം നാലാം ശതകത്തില്‍ കേരള രാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത്‌ അന്ന്‌ ഇവിടം ഭരിച്ചിരുന്ന മന്ഥ രാജാവ്‌ ആണ്‌ എന്ന്‌ അലഹബാദ്‌ ലിഖിതങ്ങളില്‍ തെളിവുകള്‍ ഉള്ളതിനാല്‍ ഇത്‌ ഒരു ചരിത്ര വസ്തുതയാകാമെന്ന്‌ ചിലര്‍ കരുതുന്നു. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ്‌ പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തന്‍ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തില്‍ തൃക്കാക്കര ആക്രമിക്കുകയും എന്നാല്‍ മന്ഥരാജാവ്‌ നടത്തിയ പ്രതിരോധത്തിലും സാമര്‍ത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തന്‍ സന്ധിക്കപേക്ഷിക്കുകയും തുടര്‍ന്ന്‌ കേരളത്തിനഭിമാനാര്‍ഹമായ യുദ്ധപരിസമാപ്തിയില്‍ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാന്‍ രാജാവ്‌ വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളില്‍ പറയുന്നു.




ഈ രാജാവ്‌ മഹാബലിയുടെ അവതാരമാണെന്നും ഈ അഭിപ്രായത്തിന്റെ വക്താക്കള്‍ പറയുന്നു. 
വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ മാവേലി ഓണക്കാലത്ത്‌ ഭൂമിയില്‍ വന്നു പോകുന്നത്‌, ഭൂമിയില്‍ ആഴ്‌ന്ന്‌ കിടന്ന്‌ വര്‍ഷത്തിലൊരിക്കല്‍ മുളയ്ക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവത്കരണമാണെന്നും അഭിപ്രായമുണ്ട്‌. കൃഷി സ്ഥലത്തു നിന്നു തന്നെ എടുക്കുന്ന ചുടാത്ത മണ്ണിലാണ്‌ ചതുഷ്കോണ്‍ ആകൃതിയില്‍ തൃക്കാക്കരയപ്പന്റെ രൂപം തീര്‍ക്കുന്നത്‌. കോണ്‍ ആകൃതി, സസ്യദേവതാരാധനയുമായി ബന്ധപ്പെട്ടാണെന്നും വാദമുണ്ട്‌.

ഓണരുചി-തെക്കും വടക്കും

( സമ്പാദനം:ഹിമജ ഹരി )

ഓണത്തിനു നാട്ടിലെങ്ങും ഊഞ്ഞാല്‍പാട്ടിന്റെ, തിരുവാതിരക്കളിയുടെ, ആഘോഷത്തിന്റെ ഒരേ മുഖമാണ്‌. എന്നാല്‍ കന്യാകുമാരി മുതല്‍ കാസര്‍കോടു വരെ ഓണത്തിനു രുചി പലതാണ്‌. ഒരു രുചിയെന്ന്‌ ഒറ്റനോട്ടത്തില്‍ നമ്മെ കബളിപ്പിക്കുന്ന പല രുചികള്‍. പരിപ്പിന്റെ, പപ്പടത്തിന്റെ, സാമ്പാറിന്റെ, അവിയലിന്റെ, പായസത്തിന്റെ രുചി.
ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യ തന്നെ. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. 




ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരന്‍, 12 പലക്കാരന്‍ എന്നിങ്ങനെയാണ്‌ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയര്‍, വഴുതനങ്ങ, പാവക്ക. ശര്‍ക്കരപുരട്ടിക്ക്‌ പുറമേപഴനുറുക്കും പഴവും പാലടയും പ്രഥമനും നിബന്ധം.ഇവയെല്ലാം വിളമ്പുന്നതിനും നിഷ്ഠകളുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയില്‍ ഇല വയ്ക്കണം. ഇടതുമുകളില്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളന്‍, ഓലന്‍, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. 



 
മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിര്‍ബന്ധം. കൊല്ലത്തെ പഴമക്കാരുടെ ഓണസദ്യയുടെ ലഹരിക്ക്‌ കൈതച്ചക്കയിട്ടുവാറ്റിയ ചാരായം നിര്‍ബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങള്‍. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതല്‍ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങള്‍..

തിരുവിതാംകൂറിന്റെ പരിപ്പും പ്രഥമനും
മീന്‍പ്രിയരായ കൊല്ലംകാരു പോലും ഓണത്തിനു നോണ്‍ വെജിനെ അടുക്കളയില്‍ കയറ്റില്ല. നാലു ദിവസം സമ്പൂര്‍ണ സസ്യഭുക്കുകളാകും. (ചില അപവാദങ്ങളില്ലാതില്ല. മീന്‍മണമില്ലെങ്കില്‍ ചോറുരുള തൊണ്ടയില്‍ നിന്നിറങ്ങാത്ത ചില വിരുതര്‍ അവിട്ടം നാളില്‍ ഇലത്തുമ്പില്‍ ചിക്കനും മീനും വിളമ്പുമത്രെ). 
പരിപ്പില്‍നിന്നു തുടങ്ങണം. തെക്കന്‍ കേരളത്തില്‍ പരിപ്പിനുള്ള സ്ഥാനമൊന്നു വേറെ. സദ്യയൊന്നു തുടങ്ങിവയ്ക്കാന്‍ പാകത്തില്‍ ലേശം നെയ്യും പരിപ്പും മാത്രം വിളമ്പുന്ന കൊച്ചി, മലബാര്‍ രീതി തിരുവിതാംകൂറിനു പിടിക്കില്ല. (സദ്യയ്ക്കു വിളമ്പിന്റെ ക്രമം തെറ്റിയെന്ന പേരില്‍ മാത്രം കല്യാണങ്ങള്‍ക്ക്‌ അടി നടക്കുമായിരുന്നു!. ഒരിക്കല്‍ കൊച്ചിയില്‍നിന്നൊരു കൂട്ടര്‍ തിരുവിതാംകൂറില്‍ കല്യാണസദ്യ കഴിച്ചിട്ടു നടത്തിപ്പുകാരോടു കയര്‍ത്തത്രെ. "വിളമ്പാനറിയണം, ഹേ... സാമ്പാര്‍ പോലെ തുടംകണക്കിനു കമിഴ്ത്തണോ പരിപ്പും ?"എന്നായിരുന്നു ക്ഷോഭം.വിളമ്പറിയാത്തതുകൊണ്ടല്ല, അതാണു തിരുവിതാംകൂര്‍ ശൈലിയെന്നു കൊച്ചിക്കാരുണ്ടോ അറിയുന്നു). 
പായസത്തിനുമുണ്ടു തിരുവിതാംകൂര്‍ ചിട്ട. തെക്കോട്ടു പ്രധാനം വലിയ അടയും ശര്‍ക്കരയും കൊണ്ടുള്ള അടപ്രഥമന്‍ തന്നെ. പഴം ശര്‍ക്കരയില്‍ വരട്ടിയെടുത്തതുകൊണ്ടും പായസമുണ്ടാക്കും. അരിപ്പായസവും പാല്‍പ്പായസവും കൂടി ചേര്‍ന്നു നാലു നാള്‍കൊണ്ട്‌ ഓണത്തെ മധുരിപ്പിച്ചുവശാക്കും.



മധ്യ കേരളത്തിലെ പാലട, കാളന്‍
പണ്ടൊരു നമ്പൂതിരി ഓണസദ്യ കഴിച്ച കഥയിങ്ങനെ. ഉണ്ടെണീറ്റ നമ്പൂതിരിയോട്‌ ആരോ ചോദിച്ചുപോലും "ങ്ങ്നുണ്ടാരുന്നു നമ്പൂര്യേയ്‌ സദ്യ ? "
"കേമായി" എന്നു മറുപടി. ഒപ്പം ഒരു അടിക്കുറിപ്പും "പ്രഥമനുണ്ടാക്കാന്‍ പഴമെടുത്ത വാഴയ്ക്ക്‌ ഒരു നന കൂടി വേണമായിരുന്നു." ഊണില്‍ ഏകാഗ്രത അത്രത്തോളമെന്നു കഥ. 
കഥയോ കാര്യമോ, മധ്യകേരളം രുചിയുടെ കാര്യത്തില്‍ ഇപ്പോഴും അത്രയ്ക്കൊന്നും കോംപ്രമൈസിനില്ല. പായസമെന്നാല്‍ പ്രഥമനാണെന്നു പറയുന്നവര്‍ ഇങ്ങോട്ടു വന്നു പാലടപ്രഥമന്റെ രുചിയറിയണം. ഇപ്പോള്‍ പായ്ക്കറ്റ്‌ അട കിട്ടുമെങ്കിലും വീട്ടിലുണ്ടാക്കിയെടുക്കുന്ന അടയുടെ സ്വാദൊന്നു വേറെ തന്നെ. വലിയ വാര്‍പ്പില്‍ വെള്ളം തിളപ്പിച്ചിടും. അരച്ചെടുത്ത അരിമാവ്‌ വാഴയിലയില്‍ പൂശി അതു ചുരുട്ടി വാഴനാരുകൊണ്ടുതന്നെ കെട്ടിവയ്ക്കും. ഇതു തിളച്ച വെള്ളത്തിലിട്ടു വേവിച്ചു പിന്നീടു പച്ചവെള്ളത്തിലേക്കു മാറ്റണം. ഇല പതിയെ മാറ്റി കൈകൊണ്ടു തന്നെ പൊടിച്ചെടുക്കാം. ശര്‍ക്കരപാനിയില്‍ ഈ ഹാന്‍ഡിക്രാഫ്റ്റ്‌ അട. ചേര്‍ത്തു വേവിച്ച ശേഷം മൂന്നാം പാല്‍, രണ്ടാം പാല്‍ ഇങ്ങനെ ചേര്‍ത്തു വെന്തുകഴിഞ്ഞു മൂന്നാം പാല്‍ ചേര്‍ത്തിറക്കിയാല്‍ ഗംഭീര പാലടപ്രഥമന്‍ റെഡി.
പഴപ്പായസത്തിന്‌ പഴം ശര്‍ക്കരപാനിയില്‍ വേവിക്കണം. പഴം നന്നായി ഉടഞ്ഞുചേരാന്‍ വാര്‍പ്പില്‍ വലിയ നാളികേരം തൊണ്ടുകളഞ്ഞ്‌ ഇടുമായിരുന്നത്രേ. വലിയ ചട്ടുകം കൊണ്ട്‌ ഇളക്കിക്കൊണ്ടിരുന്നാല്‍ പഴം വെണ്ണ പോലെ അലിയുമായിരുന്നെന്നു പഴമക്കാര്‍.








സദ്യയില്‍ കുറുക്കുകാളന്റെ റോളും വലുതാണ്‌. പേരുപോലെ കുറുകിയിരിക്കണം. പണ്ടു കാളനു കുറുകല്‍ പാകത്തിനാണോ എന്നറിയാന്‍ കറി ഭിത്തിയിലേക്കു തെറിപ്പിച്ചുനോക്കുമായിരുന്നത്രെ കാരണവന്മാര്‍. കാളന്‍ ഭിത്തിയില്‍ പറ്റിയിരിക്കുകയാണെങ്കില്‍ കുറുകല്‍ പാകമെന്നര്‍ഥം.ഇതെല്ലാം വെട്ടിവിഴുങ്ങിയാല്‍ പാവം വയറു താങ്ങുമോ പരദേവതകളേ എന്നു പ്രാര്‍ഥിക്കാന്‍ വരട്ടെ. ഊണു കഴിഞ്ഞ്‌ ഇഞ്ചിത്തൈര്‌ എന്നൊരു കൂട്ടമുണ്ട്‌. ദഹനപ്രശ്നം പമ്പ കടന്നോളും. തൈരില്‍ ഇഞ്ചിയും പച്ചമുളകും അരിഞ്ഞിട്ട സിംപിള്‍ പ്രിപ്പറേഷന്‍.

മലബാറിന്റെ കൂട്ടുകറി, അവിയലും
കൂട്ടുകറി, തേങ്ങ വറുത്തരച്ച സാമ്പാര്‍, തൈരു ചേര്‍ത്ത അവിയല്‍ ഇങ്ങനെ രുചി മാറുന്നു മലബാറില്‍. കൂട്ടുകറിക്കു കടല തലേദിവസം തന്നെ വെള്ളത്തിലിട്ടു വയ്ക്കും. പിറ്റേന്നു പച്ചക്കായ, ചേന ഇതെല്ലാം ചേര്‍ത്തു വേവിച്ചു കുരുമുളകും അധികം മൂക്കാതെ വറുത്ത തേങ്ങയും ചതച്ചെടുത്തു ചേര്‍ത്തു വെള്ളം വറ്റിച്ചു കുറുക്കിയെടുക്കുന്നതാണ്‌ ഈ സ്പെഷല്‍ കൂട്ടുകറി. തേങ്ങാക്കൊത്തും മുളകും കറിവേപ്പിലയും താളിച്ചിടുകയും ചെയ്യും. പഴം കാളനും മലബാറിന്റെ ഓണം സ്പെഷലാണ്‌. അധികം പഴുക്കാത്ത പഴം, പച്ചമുളക്‌, വെളുത്തുള്ളി, ഉപ്പ്‌ ഇതെല്ലാം കൂടി വേവിച്ചെടുക്കും. തേങ്ങ അരച്ചെടുക്കുന്നതു തൈരിലാണ്‌. വെള്ളം വേണ്ടേ വേണ്ട. ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും ജീരകവും ചേര്‍ത്തു കുറുക്കിയെടുത്താല്‍ മലബാര്‍ സ്പെഷല്‍ പഴംകാളന്‍ തയാര്‍.
പായസം അരികൊണ്ടും ഗോതമ്പുംകൊണ്ടും ഉണ്ടാക്കാറുണ്ട്‌. എന്നാലും പാലടയ്ക്കാണു പ്രാധാന്യം. ഓണമായെന്നു കരുതി മലബാറുകാര്‍ക്കു വെജ്‌, നോണ്‍വെജ്‌ എന്നു വേര്‍തിരിവൊന്നുമില്ല. മീനും ചിക്കനും പലയിടത്തും തിരുവോണത്തിനും വിളമ്പും. കാരണം വിശേഷ ദിവസമാണല്ലോ. പൊന്നോണത്തിന്‌ എന്തിനാ ആഘോഷം കളഞ്ഞു വെജിറ്റേറിയന്‍ കഴിക്കുന്നതെന്നു ചിന്തിച്ചാല്‍ കുറ്റം പറയാനും പറ്റില്ലല്ലോ.





അച്ചാറിടാന്‍ ഓണനാരങ്ങ
അച്ചാറുകളുടെ കൂട്ടത്തില്‍ സ്പെഷലാണ്‌ ഓണനാരങ്ങ കൊണ്ടുള്ള അച്ചാര്‍. താരതമ്യേന ലേശം കയ്പുള്ള കക്ഷി പക്ഷേ ഓണനാളുകളിലെ താരമാണ്‌. ഓണനാരങ്ങ അരിഞ്ഞെടുത്തു പച്ചമുളകും ഉപ്പും ചേര്‍ത്തു തിളപ്പിച്ചു കടുകു വറുത്തിടുകയാണു ചെയ്യുന്നത്‌. മുളകുപൊടിയിട്ട്‌ എരിയിക്കില്ല പാവത്തിനെ. പകരം പച്ചമുളകിന്റെ നേരിയ എരിവും ചെറിയ മഞ്ഞനിറവും മാത്രം. 
ഇങ്ങനെ പോകുന്നു തെക്കിന്റേയും വടക്കിന്റേയും-മധ്യ ( സോറി മദ്യമല്ല .) കേരളത്തിന്റേയും ഓണ രുചികള്‍

ഓണം: കാസര്‍കോടു മുതല്‍ കളിയിക്കവിള വരെ

( സമ്പാദനം: ആശാലത )

ഓണം കേരളീയരുടെ ദേശീയോല്‍സവമാണ്‌. എന്നാല്‍, കാസര്‍കോടു മുതല്‍ കളിയിക്കവിള വരെ ഓണം ആഘോഷിക്കുന്നത്‌, അഥവ ആഘോഷിച്ചിരുന്നതു സമാനതകളില്ലാത്ത രീതികളില്‍...ഓണക്കളികള്‍, ചടങ്ങുകള്‍, സദ്യ എല്ലാം വൈവിധ്യമയം. മാവേലി പ്രജകളെ കാണാന്‍ വരുന്നുവെന്ന വിശ്വാസത്തിനു മാത്രമാണ്‌ പൊരുത്തമുള്ളത്‌

തിരുവിതാംകൂറില്‍
തിരുവോണനാള്‍ കാലികളെ എണ്ണ തേപ്പിച്ചു കുളിപ്പിച്ചു അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്ത മിശ്രിതം കൊണ്ടുണ്ടാക്കിയ പൊട്ട്‌ തൊടുവിച്ചശേഷം മാത്രമേ വെള്ളം കൊടുക്കു. ഉത്രാടം മുതല്‍ ഏഴുനാളിലാണു കുട്ടനാട്ടുകാരുടെ ഓണം.
വള്ളംകളി
ചമ്പക്കുളം മൂലം വള്ളംകളിയോടെ തുടങ്ങുന്ന ജലവിനോദത്തിന്‌ ഉതൃട്ടാതി നാളിലെ വള്ളംകളിയോടെ ശുഭസമാപ്തി. വള്ളംകളിയും വഞ്ചിപ്പാട്ടും ഈണം പകരാത്ത ഓണത്തെക്കുറിച്ചു മധ്യതിരുവിതാംകൂറിനു ചിന്തിക്കാന്‍വയ്യ. ഉറുമ്പിനും പല്ലിക്കുമൊക്കെ ഓണസദ്യ പങ്കുവെയ്ക്കുന്നതു മധ്യതിരിവിതാംകൂറിലെ കൗതുക വിശേഷം. അരി വറുത്തു തേങ്ങയും ശര്‍ക്കരയും ചേര്‍ത്തു തിരുമ്മി തൂശനിലയില്‍ വീടിന്റെ നാലുമൂലയിലും വെച്ചാണു കുട്ടനാട്ടുകാര്‍ ഉറുമ്പുകളെ ഊട്ടുക. അരിമാവില്‍ കൈമുക്കി കതകിലും ജനലിലും പതിപ്പിച്ചു പല്ലിക്ക്‌ ഓണസമ്മാനം
ഹനുമാന്‍ പണ്ഡാരം
തിരുവിതാംകൂറിലെ തിരുവോണ നാളിലെ കൗതുകമായിരുന്നു ഹനുമാന്‍ പണ്ഡാരം. ഹനുമാന്റെ വേഷമണിഞ്ഞെത്തുന്ന പണ്ഡാരത്തിന്റെ മുഖ്യലക്ഷ്യം കുട്ടികളെ പേടിപ്പിക്കുകയാണ്‌. കുട്ടികളുടെ കുസൃതികളും മറ്റും അച്ഛനമ്മമാര്‍ നേരത്തേതന്നെ പണ്ഡാരവേഷം കെട്ടുന്നയാളോടു പറഞ്ഞുകൊടുക്കും. രാവിലെ ഇലത്താളവുമായി വേഷവുമണിഞ്ഞ്‌ എത്തുന്ന പണ്ഡാരം കുട്ടികളുടെ അനുസരണക്കുറവ്‌ വിളിച്ചുപറയും വിട്ടുകാര്‍ നല്‍കുന്ന ദക്ഷിണയും വാങ്ങി പണ്ഡാരം പോയാല്‍ കുട്ടിക്ക്‌ ആശ്വസിക്കാം. അല്‍പ്പസമയം കഴിഞ്ഞു വികൃതി പിന്നേയും തുടങ്ങാം ഇനി അടുത്ത ഓണത്തിനല്ലേ പണ്ഡാരം വരു.....
നന്തുണിപ്പാട്ട്‌
അത്തം നാളില്‍ നന്തുണിപ്പാട്ടിന്റെ ഈണം നിറയുമായിരുന്നു, തെക്കന്‍ തിരുവിതാംകൂറിലെ ഗ്രാമങ്ങളില്‍. പുലര്‍ച്ചെ തന്നെ നാടന്‍ ശീലുകളുടെ ശ്രുതിമാധുര്യവുമായി, കൈയ്യില്‍ കാഴ്ച താംബുലവും ഒരുക്കി നന്തുണിപ്പാട്ടുകാരനെത്തും. ഒപ്പം ഏറ്റുപാട്ടക്കാരനുമുണ്ടാവും. വീടുകളിലെ കാരണവന്‍മാര്‍ക്കു കെട്ടുവെറ്റിലയും പുകയിലയും കാഴ്ചവച്ചു തിരിയിട്ട വിളക്കിനു മുന്നില്‍ കിഴക്കോട്ടിരുന്നാണ്‌ പാട്ട്‌. മുറം നിറയെ നെല്ലും രണ്ടു നാളികേരവും ദക്ഷിണയായി വെള്ളിനാണയവും ചിലര്‍ കോടിമുണ്ടും നല്‍കും. ഇപ്പോള്‍ നന്തുണിപ്പാട്ട്‌ ഗൃഹാതുരസ്മരണ മാത്രം.
ആദിവാസി ഓണം
ദക്ഷിണ കേരളത്തിലെ ആദിവാസികള്‍ അത്തത്തിനു മലദൈവങ്ങള്‍ക്ക്‌ ( ചോതിക്കും കാലാട്ടു തമ്പുരാനും )പൂവും ചന്ദനവും
കരനെല്ലുകുത്തി വെള്ളനിവേദ്യവും സമര്‍പ്പിക്കും. പൂവിളിയും തുമ്പി തുള്ളലും, ചാട്‌ എയ്ത്തും, സ്ത്രീകള്‍ക്കു വള്ളികളില്‍ ഔഞ്ഞാല്‍ കെട്ടിയാട്ടവും പുരുഷന്‍മാര്‍ക്കു തോറ്റംപാട്ടുമൊക്കെയായി ഓണം സന്തോഷസമൃദ്ധമാകും. വട്ടോല തെറ്റി കുട കെട്ടി തേനും തിനയും നാട്ടരചനു കാഴ്ചയുമായി എല്ലാവരും ഒന്നിച്ചിറങ്ങും. അരചനെ മുഖംകാട്ടി ഓണക്കാഴ്ച വച്ചാല്‍ പിന്നെ കൈ നിറയെ വെള്ളിപ്പണം. ഊരുകാര്‍ക്കു കോടി, വയറുനിറയെ ശാപ്പാട്‌....

വടക്കന്‍ കേരളത്തില്‍
ആദ്യദിവസം ചെറിയ പൂക്കളമേ ഇടുകയുള്ളു. അതിനു തുമ്പക്കുടവും മുക്കുറ്റിയുമാണ്‌ ആദ്യകാലത്ത്‌ ഉപയോഗിച്ചിരുന്നത്‌. ഓരോ ദിവസവും ഇടുന്ന കളത്തിനു പ്രത്യേക ദേവസങ്കല്‍പ്പമുണ്ട്‌. ശിവന്‍, വിഷ്ണു, ബ്രഹ്മാവ്‌ എന്നിങ്ങനെ.മൂലം ദിവസം മൂലം തിരിച്ചിടണം. കോണ്‍ ത്രികോണ ആകൃതികളില്‍. ശംഖുപുഷ്പം, കുരുത്തോല, ചെത്തി, കോളാമ്പി എന്നിങ്ങനെ തൊടിയിലെ പൂക്കള്‍ മാത്രം ഉപയോഗിച്ചിരുന്ന കാലം.
കോഴിക്കോട്ടെ പ്രാന്തപ്രദേശങ്ങളിലെ ഒരു ഓണാഘോഷമാണ്‌ അമ്പെയ്ത്ത്‌. അത്തം മുതല്‍ പത്തുനാള്‍ ആണ്‌ ഈ കായിക വിനോദം. പച്ചമുളകൊണ്ടു നിര്‍മിച്ച വില്ലും തെങ്ങോല കൊണ്ടുണ്ടാക്കിയ അമ്പും വാഴത്തടയുടെ ചെപ്പും ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍ എയ്ത്തുകളം. ഇത്രയുമാണ്‌ അമ്പെയ്ത്തിന്റെ ഒരുക്കങ്ങള്‍. ഇരുചേരികളായി പിരിഞ്ഞ്‌, ഇരുഭാഗത്തിനും ലഭിച്ച അമ്പ്‌ തൂക്കിനോക്കി വിജയിയെ നിശ്ചയിക്കും.
കുമ്മാട്ടിക്കളി
തൃശൂരിലെ ഓണദിനങ്ങള്‍ക്കു നിറം പകരുന്ന കുമ്മാട്ടി. വടക്കുനാഥനെ സ്തുതിച്ച്‌ അമ്പലത്തില്‍ തേങ്ങ ഉടച്ചാണ്‌ കുമ്മാട്ടി കളിക്കിറങ്ങുക. ഇവര്‍ ദേഹം മുഴുവന്‍ കുമ്മാട്ടിപ്പുല്ല്‌ അല്ലെങ്കില്‍ പര്‍പ്പടകപുല്ല്‌ എന്ന പ്രത്യേക പുല്ലുമെടഞ്ഞു ദേഹം മുഴുവന്‍ പൊതിയും. വളരെ രഹസ്യമായിട്ടാണ്‌ ഇതു ചെയ്യുന്നത്‌. ആളെ തിരിച്ചറിയാതിരിക്കനാണിത്‌. കുമ്മാട്ടിക്കു പല മുഖങ്ങളുണ്ട്‌. തള്ള, കാട്ടാളന്‍, കൃഷ്ണന്‍, ഹനുമാന്‍ എന്നിങ്ങനെ....ശിവന്റെ ഭൂതഗണങ്ങളുമായാണ്‌ ഇവരുടെ വരവെന്നാണ്‌ വിശ്വാസം. തൃശൂരിലെ മറ്റൊരു ഓണക്കളിയാണ്‌ തുമ്പിതുള്ളല്‍. പെണ്‍കുട്ടികള്‍ മാത്രം മുടിയഴിച്ചിട്ട്‌ ആടിത്തിള്ളി സ്വതന്ത്രമായി പറക്കുന്ന തുമ്പിയുടെ പ്രതീകമാണിത്‌. മുടിയാട്ടത്തിന്റെ രൂപഭേദം.
പുലിക്കളി
തൃശൂരില്‍ നാലാം ഓണത്തിനു നഗരത്തിലിറങ്ങുന്ന പുലിക്കൂട്ടം നഗരത്തെ കാടാക്കും. വരയന്‍പുലികളുടെ വേഷംകെട്ടി ദേഹം നിറയെ ചായംതേച്ചു പുലികള്‍ നിരത്തിലിറങ്ങും. കൊട്ടിനൊപ്പം പാടിത്തിമര്‍ക്കും. ഉത്തരേന്ത്യയില്‍നിന്നു കേരളത്തിലേക്ക്‌ എത്തിയ പഠാണികളാണ്‌ പുലിക്കളി ഇവിടെ എത്തിച്ചതെന്നു കരുതപ്പെടുന്നു. അവരുടെ പഞ്ചയെടുക്കല്‍ എന്ന കളിയുമായി ഇതിന്‌ അത്രയേറെ സാമ്യമുണ്ട്‌. ഉത്തര കേരളത്തിലെ ഓണത്താറും ഓണപ്പൊട്ടനുമെക്കെ ഓണദിനങ്ങളിലെ അതിഥികള്‍. ദൈവത്തിന്റെ പ്രതീകവും ദൈവദാസനുമൊക്കെയെന്നു വിശ്വസിക്കപ്പെടുന്ന ഈ അതിഥികള്‍ക്കൊപ്പം, ചിലയിടങ്ങളില്‍ പാട്ടിന്റെ ഈരടി, ചിലമ്പൊലി ഒക്കെയുണ്ടാകും. എന്നാലും ഓണപ്പൊട്ടന്‍ കമാന്ന്‌ ഒരക്ഷരം ഉച്ചരിക്കില്ലെന്നതു വേറെ.
കന്നുതെളി മത്സരം
അവിട്ടം ദിനത്തില്‍ കൊയ്ത്തു കഴിഞ്ഞു നിരപ്പാക്കിയ പാടത്ത്‌ കര്‍ഷകര്‍ പരിപോഷിപ്പിച്ചു മിടുക്കരാക്കിയ കന്നുകളെ ഇറക്കി നടത്തുന്ന ഈ മത്സരം പാലക്കാടിന്റെ സവിശേഷത. കാളകളെ ഓടിക്കാന്‍ വിദഗ്ധനായ ഒരു കന്നുതെളിക്കാരനുമുണ്ടാകും. വിജയികള്‍ക്കു സമ്മാനവും.

തലപ്പന്തുകളി
കരിമ്പനയുടെ ഇളമ്പോല കൊണ്ടുണ്ടാക്കിയ തലപ്പന്തു പാലക്കാടിന്റെ മറ്റൊരു സവിശേഷത. പനയോലത്തണ്ട്‌ ചീകിയെടുത്ത്‌ ഉള്ളില്‍ കല്ലുവെച്ച്‌, അപ്പച്ചെടിയുടെ ഇലകളുംവെച്ച്‌ കനംകൂട്ടി ഉണ്ടാക്കുന്ന തലപ്പന്ത്‌ തലയ്ക്കു ചുറ്റും വലംകൈ കൊണ്ട്‌ വീശി ആകാശത്തേക്ക്‌ എറിയും. പോയിന്റുകള്‍ കണക്കാക്കി വിജയിയെ നിശ്ചയിക്കും.
ഓണത്തല്ല്‌
കുന്നംകുളത്തുകാരുടെ ഓണവിനോദങ്ങളില്‍ പ്രധാനപ്പെട്ടതാണിത്‌. ഓണസദ്യ കഴിഞ്ഞ്‌ കയ്യാങ്കളിക്കെത്തുന്ന ഓണത്തല്ലുകാരന്‍ മെയ്യനക്കി ഹയ്യത്തടാ' എന്നു വിളിച്ചുകൂവി നിലത്തുചാടി ഗോദയിലെത്തുന്നു. പിന്നെ തല്ല്‌. പറഞ്ഞെതുക്കാനും പിടിച്ചുമാറ്റാനും റഫറിമാര്‍ (ചായിക്കരന്‍മാര്‍). തല്ലി ജയിക്കുന്നവന്‍ വിജയി എന്നു പ്രത്യേകം പറയേണ്ടല്ലോ. ചാവക്കാട്ടും ഓണത്തല്ലുണ്ട്‌.
കൈകൊട്ടിക്കളി
സ്ത്രീകളുടെ സ്വന്തം. ദേശഭേദമില്ലാതെ മിക്കയിടത്തും ഇതുണ്ട്‌. വീടുകളിലെ അകത്തളങ്ങളിഴെ മുറ്റത്തു പൂക്കളത്തിനു ചുറ്റുമോ വട്ടത്തില്‍നിന്നു സ്ത്രീകള്‍ ചുവടുവെച്ചു പാട്ടുപാടി കൈകൊട്ടിക്കൊണ്ടു കളിക്കുന്നതാണിത്‌. പാര്‍വതീ പരമേശ്വര സംവാദമോ നളദമയന്തിക്കഥയോ ഒക്കെ നിറഞ്ഞ പദങ്ങളില്‍ ആവേശത്തോടെ ആടിത്തിമര്‍ക്കുന്നു.

മാവേലി നാടു വാണീടും കാലം

('മാവേലിപ്പാട്ടിന്റെ' പൂര്‍ണ്ണ രൂപം-സമ്പാദനം: സാന്ദ്ര ഫെര്‍ണാണ്ടസ്‌ )

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും



ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം
നിറവതുണ്ട്



എല്ലാ കൃഷികളുമൊന്നുപോലെ
നെല്ലിനു നൂറുവിളവതുണ്ട്
ദുഷ്ടരെ കണ്‍കൊണ്ടുകാണാനില്ല
നല്ലവരെല്ലാതെയില്ല പാരില്‍



ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്്



നാരിമാര്‍ ബാലന്മാര്‍ മറ്റുളേളാരും
നീതിയോടെങ്ങും വസിച്ചകാലം
കളളവുമില്ല ചതിയുമില്ല
എളേളാളമില്ല പൊളിവചനം



വെളളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമായി
കളളപ്പറയും ചെറുനാഴിയും
കളളത്തരങ്ങള്‍ മറ്റൊന്നുമില്ല



നല്ലമഴപെയ്യും വേണ്ടും നേരം
നല്ലപോലെല്ലാവിളവും ചേരും
മാനംവളച്ച വളപ്പകത്ത്
നല്ല കനകം കൊണ്ടെല്ലാവരും



നെല്ലുമരിയും പലതരത്തില്‍
വേണ്ടുന്നവാണിഭമെന്നപ്പോലെ
ആനകുതിരകളാടുമാടും
കൂടിവരുന്നതിനന്തമില്ല



ശീലത്തരങ്ങളും വേണ്ടുവോളം
നീലക്കവണികള്‍ വേണ്ടുവോളം
നല്ലോണം ഘോഷിപ്പാന്‍നല്ലെഴുത്തന്‍
കായങ്കുളം ചോല പോര്‍ക്കളത്തില്‍



ചീനത്തെമുണ്ടുകള്‍ വേണ്ടപോലെ
ജീരകം നല്ല കുരുമുളക്
ശര്‍ക്കര,തേനൊടു പഞ്ചസാര
എണ്ണമില്ലാതോളമെന്നേവേണ്ടൂ



കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ടപോലെ
മാവേലി പോകുന്ന നേരത്തപ്പോള്‍
നിന്നുകരയുന്ന മാനുഷ്യരും




ഖേദിക്കവേണ്ടെന്റെ മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്
ഒരുകൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്
തിരുവോണത്തുന്നാള്‍ വരുന്നതുണ്ട്




എന്നതു കേട്ടോരു മാനുഷരും
നന്നായ് തെളിഞ്ഞു മനസ്സുകൊണ്ട്
വല്‍സരമൊന്നാകും ചിങ്ങമാസം
ഉല്‍സവമാകും തിരുവോണത്തിന്



മാനുഷരെല്ലാരുമൊന്നു പോലെ
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു
ഉച്ചമലരിയും പിച്ചകപ്പൂവും
വാടാത്ത മല്ലിയും റോസാപ്പൂവും




ഇങ്ങനെയുളേളാരു പൂക്കളൊക്കെ
നങ്ങേലിയും കൊച്ചുപങ്കജാക്ഷീം
കൊച്ചുകല്യാണിയും എാെരുത്തി
ഇങ്ങനെ മൂന്നാലു പെണ്ണുങ്ങള്‍ കൂടി



അത്തപ്പൂവിട്ട് കുരവയിട്ടു
മാനുഷരെല്ലാരുമൊന്നുപ്പോലെ
മനസ്സു തെളിഞ്ഞങ്ങുല്ലസിച്ചു

Friday, 29 July 2011

പഴയ ശൂദ്രന്റെ അപകര്‍ഷതയും അധികാരക്കൊതിയും; പുതിയ ശൂദ്രന്മാരുടെ വിഢിത്തവും വിധേയത്വവും

ടൈറ്റസ്‌ കെ വിളയില്‍

ലോകത്ത്‌ കണ്ടെടുത്തിട്ടുള്ള സ്വര്‍ണ്ണ നിധികളെയെല്ലാം കവച്ചുവയ്ക്കുന്നതാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെന്നാണ്‌ ഇതുവരെ പുറത്ത്‌ വന്നിട്ടുള്ളയുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്‌. 5000 കിലോ സ്വര്‍ണ്ണമാണ്‌ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുശേഖരമായി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്‌.



ഇതിനുമുന്‍പ്‌ മംഗോളിയന്‍ രാജാവിന്റെ ശവകുടീരത്തില്‍ നിന്ന്‌ ലഭിച്ച 3000 കിലോ സ്വര്‍ണ്ണമായിരുന്നു റെക്കോര്‍ഡ്‌ ശേഖരം. ഈജിപ്തിലെ പിരമിഡില്‍ 2000 കിലോയും ട്രോയി നഗരത്തിലെ നിധിയില്‍ 1600 കിലോയും സ്വര്‍ണ്ണശേഖരമുണ്ടായിരുന്നു. (ചരിത്രത്തില്‍ ഇതുവരെ കണ്ടെത്താത്ത നിധിയായിട്ട്‌ കരുതപ്പെടുന്നത്‌ മംഗോളിയന്‍ രാജാവായ ചെങ്കിസ്ഖാന്റേതാണ്‌. ചെങ്കിസ്ഖാന്റെ ശവകുടീരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ശവസംസ്കാരത്തില്‍ പങ്കെടുത്ത്‌ നിധി ഒളിച്ചു വയ്ക്കുന്നതിന്‌ സാക്ഷികളായ 500 പേരെ വധിച്ചിരുന്നു. അതുകൊണ്ടാണത്രേ ഇന്നും ആ നിധി കണ്ടെടുക്കപ്പെടാതെ കിടക്കുന്നത്‌)




ഇത്രയും വലിയ സ്വര്‍ണ്ണശേഖരം മാര്‍ത്താണ്ഡവര്‍മയും പിന്നീട്‌ വന്ന രാജകുടുംബാംഗങ്ങളും പത്മനാഭസ്വാമി ഭക്തരും കാണിക്കയിട്ട വകയില്‍പ്പെട്ടതാണെന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്‌. കാരണം,പതിനൊന്നാം നൂറ്റണ്ടില്‍ വേണാട്ടില്‍ ഭരണം നടത്തിയ 'ആയ്‌ 'വംശത്തിന്റേത്‌ മുതല്‍ ഒന്‍പത്‌ നൂറ്റാണ്ടിലധികം നീണ്ട രാജഭരണകാലത്തെ എല്ലാ ഭരണ വൈകൃതങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും ചൂഷണങ്ങളുടെയും നിഷ്ഠൂര നികുതി നിര്‍ണയങ്ങളുടേയും നീക്കിയിരിപ്പാണ്‌ ഈ 5000 കിലോ സ്വര്‍ണ്ണം.




വേണാട്‌ രാജപരമ്പരയാണ്‌ പില്‍ക്കാലത്ത്‌ തിരുവിതാംകൂറിന്റേയും ഭരണത്തിലേറിയത്‌. വേണാട്‌ അന്ന്‌ ' ആയ്‌ ' വശത്തില്‍ പെട്ട ശൂദ്ര രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. വേണാട്‌ തിരുവിതാംകോടും പിന്നീട്‌ തിരുവിതാംകൂറുമായി പരിണമിച്ചെങ്കിലും രാജവംശത്തിന്റെ ശൂദ്രത്വം പരിണാമമില്ലാതെ നിലനിന്നു പോന്നു.




ജനനം കൊണ്ട്‌ ക്ഷത്രിയനായ വീരപുരുഷനാണ്‌ രാജഭരണം അവകാശപ്പെട്ടത്‌. എന്നാല്‍, ജന്മംകൊണ്ട്‌ ശൂദ്രരായ രാജാക്കന്മാരുടെയും പിന്‍ഗാമികളുടെയും അപകര്‍ഷതാ ബോധത്തില്‍ നിന്നും ഉരുവം കൊണ്ട അധികാര കൊതിയുടെ കുതന്ത്രങ്ങള്‍, വെട്ടിയും കൊന്നും കവര്‍ന്നെടുത്തതാണ്‌ ഈ 5000 കിലോ സ്വര്‍ണ്ണം എന്ന്‌ ചരിത്രം സാക്ഷ്യം.




ഇതിന്റെ വാസ്തവം അറിയണമെങ്കില്‍ അല്‍പ്പം ഭൂതകാലം ചികയേണ്ടതുണ്ട്‌. താരതമ്യേന ചെറിയ രാജ്യമായിരുന്ന തിരുവിതാംകൂറിന്‌ ഇത്ര വലിയ സമ്പദ്‌ ശേഖരം എങ്ങനെയുണ്ടായി എന്ന ചോദ്യത്തില്‍ നിന്നുവേണം അന്വേഷണം ആരംഭിക്കാന്‍ ഇതിനുള്ള ഉത്തരം ചരിത്ര രേഖകളില്‍ കൃത്യമായി ഇല്ലാത്തതുകൊണ്ട്‌ ചില അനുമാനങ്ങള്‍ മാത്രമേ ഇപ്പോള്‍ സാധ്യമാകൂ. അതിലൊന്ന്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ പടയോട്ട കാലത്ത്‌ മറ്റു നാട്ടുരാജ്യങ്ങളില്‍ നിന്നും അവിടുത്തെ ക്ഷേത്രങ്ങളില്‍ നിന്നും കൊള്ളയടിച്ച മുതല്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കാം എന്നതാണ്‌. മറ്റൊന്ന്‌ തിരുവിതാംകൂറില്‍ നിന്ന്‌ കയറ്റി അയച്ച ചരക്കുകളുടെ വിലയായി സ്വീകരിച്ചതാവാം ഈ സ്വര്‍ണ്ണത്തില്‍ ഭൂരിഭാഗവും.ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന റാണി ലക്ഷ്മിബായ്‌, സുരക്ഷിതത്വം മുന്‍ നിര്‍ത്തി നാടിന്റെ വരുമാനത്തിന്റെ ഗണ്യമായ ഭാഗം ക്ഷേത്ര ഭണ്ഡാരത്തിലേക്ക്‌ മുതല്‍ക്കൂട്ടിയതാവാം എന്നതാണ്‌ മറ്റൊരു അനുമാനം.




ധര്‍മ്മരാജാവ്‌ എന്ന്‌ വാഴ്ത്തപ്പെടുന്ന തിരുവിതാംകൂര്‍ രാജ്യാധികാരി പക്ഷേ, അത്രയ്ക്കൊന്നും ധാര്‍മ്മികനായിരുന്നില്ല എന്നാണ്‌ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌. ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനവിഭാഗങ്ങളെക്കൊണ്ട്‌ അടിമകളെപ്പോലെ 'ഊഴിയവേല'യെടുപ്പിച്ചും തലക്കരവും മുലക്കരവും പോലെയുള്ള അധാര്‍മ്മിക നികുതികള്‍ അടിച്ചേല്‍പ്പിച്ച്‌ പിരിച്ചുമാണ്‌ 'ധര്‍മ്മരാജാക്കന്മാര്‍' രാജ്യം പരിപാലിച്ചു പോന്നത്‌.




പത്മനാഭസ്വാമിയുടെ ധര്‍മ്മ രാജ്യത്തെപ്പറ്റി 1931-ലെ സെന്‍സസ്‌ കമ്മീഷണര്‍ രേഖപ്പെടുത്തിയത്‌ ഇങ്ങനെയാണ്‌: "ഇന്ത്യയിലെ തന്നെ നാട്ടുരാജ്യങ്ങളില്‍ ഏറ്റവും അധികം ജാതിവിവേചനം നിലനില്‍ക്കുന്ന രാജ്യമാണ്‌ തിരുവിതാംകൂര്‍. കേരളമാണ്‌ ഇതിന്റെ പാപഭാരം ഏറ്റെടുത്തിരിക്കുന്നത്‌." (സെന്‍സസ്‌ റിപ്പോര്‍ട്ട്‌ 1931 പുറം 364).




ഇങ്ങനെ ജാതി ചിന്ത അതിന്റെ ഏറ്റവും മ്ലേച്ഛാവസ്ഥയില്‍ നിന്ന അക്കാലത്തെ ഭരണാധികാരികള്‍ സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്കുപോലും നികുതി വാങ്ങിയിരുന്നു എന്നു പറയുമ്പോള്‍ ഞെട്ടിയിട്ട്‌ കാര്യമില്ല. അവര്‍ണ്ണ സമുദായാംഗങ്ങളുടെ തലയും മുലയും വളരുന്നതനുസരിച്ച്‌ തങ്ങളുടെ ഖജനാവും വളരുമെന്നായിരുന്നു ധര്‍മ്മരാജാക്കന്മാര്‍ കരുതിയിരുന്നത്‌.





അവര്‍ണര്‍ അടക്കമുള്ള ഭൂരിപക്ഷം ജനങ്ങളെ ഊറ്റിപ്പിഴിയാന്‍ നൂറില്‍ അധികം നികുതികളാണ്‌ അക്കാലത്ത്‌ നിലവിലുണ്ടായിരുന്നത്‌. രൂപാവരി, ആണ്ടക്കാഴ്ച, കുപ്പക്കാഴ്ച, മുടിയെടുപ്പ്‌, അലങ്കാരം, കൈക്കൂലി, തങ്കശ്ശേരി വേലികെട്ട്‌, മുണ്ടുവെച്ച്‌ തൊഴല്‍, ഈഴവാത്തിക്കാശ്‌, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണ്‌ ഈ നികുതികള്‍ പിരിച്ചിരുന്നത്‌.
തലക്കരം വര്‍ഷത്തില്‍ ഒരിക്കലാണ്‌ പിരിച്ചിരുന്നത്‌. 16 മുതല്‍ 60 വരെ വയസ്സുള്ള അവര്‍ണ്ണരുടെ തലയെണ്ണി വാങ്ങിയിരുന്ന നികുതിയാണിത്‌. മരിച്ചുപോയവര്‍ക്കുവരെ തലക്കനം ഈടാക്കിയിരുന്നു.




തലവരി
ഇനത്തില്‍ ഈഴവരില്‍ നിന്നും ചാന്നാന്മാരില്‍ നിന്നും പ്രതിവര്‍ഷം 88044 രൂപയും മറ്റ്‌ ഏഴ്‌ ജാതികളില്‍നിന്ന്‌ 4624 രൂപയും പിരിച്ചെടുത്തിരുന്നു. മുടി ഒന്നിന്‌ രണ്ടു പണം വീതമാണ്‌ മറ്റ്‌ ഹീനജാതിക്കാരില്‍നിന്ന്‌ പിരിച്ചെടുത്തിരുന്നത്‌. 1861-ല്‍ നാല്‌ മണ്ഡപത്തും വാതില്‍ക്കലായി (റവന്യൂ വിഭാഗം) 4089 ഈഴവരുടെയും പറയരുടെയും പേരില്‍ 4492 കാലേ അരയ്ക്കാല്‍ പണം പിരിച്ചതായും കണക്കുണ്ട്‌. അനേകം നൂറ്റാണ്ടുകളോളം ഈ കൊള്ള നിലനിന്നിരുന്നു. അവര്‍ണ്ണന്റെ കണ്ണീരില്‍ കുതിര്‍ന്ന ഈ പണവും പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്‌.( നായന്മാരെയും മാപ്പളിമാരെയും കോംഗ്ങ്ങിണികളെയും ഒഴിവാക്കിയിരുന്നു )





അവര്‍ണ്ണ സ്ത്രീകള്‍ക്ക്‌ മുലക്കരം ഏര്‍പ്പെടുത്തിയിരുന്നു എന്ന്‌ സൂചിപ്പിച്ചുവല്ലോ. ചേര്‍ത്തലയില്‍ ഒരു ഈഴവ സ്ത്രീ മുലക്കരം വാങ്ങാന്‍ വന്ന ഉദ്യോഗസ്ഥന്റെ മുന്നില്‍ പ്രതിഷേധ സൂചകമായി തന്റെ മുലകള്‍ ഛേദിച്ചുവച്ച ചരിത്രവും ഈ ധര്‍മ്മരാജ്യത്തിനും പത്മനാഭസ്വാമി ദാസന്മാര്‍ക്കും പറയാനുണ്ട്‌. മുലച്ചിപറമ്പ്‌ എന്നാണ്‌ ആ സ്ത്രീയുടെ സ്ഥലം ഇപ്പോഴും അറിയപ്പെടുന്നത്‌. ഇതൊന്നും ഗ്രഹിക്കാതെയാണ്‌ ഈഴവരുടെ പുതിയ രക്ഷകനായ ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്‌ മുഴുവനും വിശുദ്ധവും ഈശ്വരാര്‍ച്ഛിതവുമാണെന്ന്‌ വിധിച്ചിരിക്കുന്നത്‌. ഒരു ശ്രൂദ്രന്റെ അപകര്‍ഷതയും അതില്‍ നിന്ന്‌ ഉയിര്‍ക്കൊണ്ട അധികാരക്കൊതിയും നടത്തിയ ചൂഷണത്തെ ആധുനിക ശൂദ്രന്‍ തന്റെ ചരിത്രപരമായ വിഡ്ഢിത്തം കൊണ്ട്‌ ന്യായീകരിക്കുമ്പോള്‍ തമസ്കരിക്കപ്പെടുന്നത്‌ ചൂഷണത്തിന്‌ വിധേയമായ ഒരു ജനതയുടെ കണ്ണുനീരില്‍ നിന്നും രക്തത്തില്‍ നിന്നും കാച്ചിക്കുറുക്കിയെടുത്ത ധനശേഖരത്തിന്റെ ഉള്ളുപൊള്ളിക്കുന്ന സത്യങ്ങളാണ്‌.




ജന്മം കൊണ്ട്‌ ശൂദ്രന്മാരായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക്‌ തങ്ങളുടെ രാജസ്ഥാനം നിലനിര്‍ത്താനും തങ്ങളുടെ ആര്‍ജിത ക്ഷത്രിയത്വം ഈശ്വരേച്ഛാപരമാണെന്ന്‌ വരുത്തി തീര്‍ക്കാനും അന്നത്തെ ബ്രാഹ്മണന്മാരെ ഒപ്പം നിര്‍ത്തേണ്ടത്‌ ആവശ്യമായിരുന്നു. ഇതിനായി നിരവധി ചടങ്ങുകളാണ്‌ നടത്തിയിരുന്നത്‌. ഹിരണ്യ ഗര്‍ഭം, മുറജപം തുടങ്ങിയ അനുഷ്ഠാനങ്ങളില്‍ ആരംഭിച്ച (പ്രതീകാത്മക ക്ഷത്രീയത്വം ആര്‍ജിക്കാനുള്ള ) ചടങ്ങുകള്‍ക്ക്‌ വമ്പിച്ച സ്വത്ത്‌ സംഭരിച്ചു വയ്ക്കാന്‍ തിരുവിതാംകൂറിലെ ശൂദ്ര രാജാക്കന്മാര്‍ നിര്‍ബന്ധിതരായി. ഇതിനായി ഇവര്‍ ആരംഭിച്ച ചടങ്ങുകളെ ബ്രാഹ്മണര്‍ ക്രമേണ ഷോടശദാനങ്ങളായും ഊട്ടു പുരകളായും വികസിപ്പിച്ചെടുക്കുകയും ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.




തുലാപുരുഷ ദാനം, ബ്രഹ്മാണ്ഡദാനം, കല്‍പ്പപാദദാനം, ഗോസഹസ്രദാനം, ഹിരണ്യകാമധേനുദാനം, ഹിരണ്യാശ്വദാനം, ഹിരണ്യാശ്വരഥദാനം, ഹേമഹസ്തിരഥദാനം, ചഞ്ചലാംഗലകദാനം, ധാരദാനം, വിശ്വചക്രദാനം, കല്‍പലതാദാനം, സപ്തസാഗരദാനം, രഥധേനുദാനം, മഹാഭൂതഘടദാനം എന്നിവയായിരുന്നു ബ്രാഹ്മര്‍ക്കായി ഒരുക്കിയിരുന്ന പതിനാറു ദാനങ്ങള്‍. കൂടാതെ സ്ഥിരം ഊട്ടു പുരകളിലൂടെ സൗജന്യ ഭക്ഷണവും നല്‍കിയിരുന്നു. ഇങ്ങനെ ശൂദ്രന്മാരായിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ജന്മസിദ്ധ ക്ഷത്രിയതയ്ക്കായി ബ്രാഹ്മണദാന രാജ്യമാക്കി തിരുവിതാംകൂറിനെ മാറ്റിയെടുക്കുകയായിരുന്നു.





ഇതിന്‌ ആവശ്യമായ സ്വര്‍ണ്ണവും പണവും പണ്ടങ്ങളും കണ്ടെടുത്തത്‌ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈനികാക്രമണങ്ങളിലൂടെയും നേരത്തെ സൂചിപ്പിച്ച നീചമായ നികുതി ഘടനകളിലൂടെയുമായിരുന്നു. മാത്രമല്ല, ബ്രാഹ്മണര്‍ക്കായി നടത്തിയിരുന്ന 16 മഹാദാന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്ന മറ്റ്‌ നാട്ടു രാജാക്കന്മാരും കിലോ കണക്കിന്‌ സ്വര്‍ണം തിരുവിതാംകൂറിലെ രാജാക്കന്മാര്‍ക്ക്‌ കാഴ്ചയായും സമ്മാനമായും നല്‍കിയിരുന്നു. ഇതെല്ലാം കൂടി ചേര്‍ന്നതാണ്‌ ഇന്ന്‌ ഇന്ത്യയിലെ ഏറ്റവുംവലിയ ക്ഷേത്ര സമ്പത്തായി ഇപ്പോള്‍ ഗണിക്കപ്പെട്ടിട്ടുള്ള ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി.




ആവര്‍ത്തിക്കട്ടെ, ഈ നിധി രാജകുടുംബാംഗങ്ങളോ പത്മനാഭസ്വാമിയുടെ ഭക്തരോ കാണിക്കയായി അര്‍പ്പിച്ചതല്ല മറിച്ച്‌, സൈനിക ആക്രമണങ്ങളിലൂടെ വെട്ടിപ്പിടിച്ചതും അവര്‍ണ്ണ ജനവിഭാഗങ്ങളുടെ മേല്‍ അപരിഷ്കൃതവും ക്രൂരവും നീതി രഹിതവുമായ നികുതി അടിച്ചേല്‍പ്പിച്ചും സ്വരുക്കൂട്ടിയതാണ്‌. അതുകൊണ്ട്‌ ഈ സ്വത്ത്‌ രാജ്യത്തിന്‌ അവകാശപ്പെട്ടതാണ്‌. ഈശ്വരന്‌ അവകാശപ്പെട്ടതല്ല.
മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറിനെ പത്മനാഭസ്വാമിക്ക്‌ അടിമവച്ചതിന്റെ പിന്നില്‍ വലിയൊരു കൗശലം ഉണ്ടായിരുന്നു. ഉയര്‍ന്നു വരുന്ന ജനസാക്ഷരതയ്ക്കു മുമ്പില്‍ ശൂദ്ര രാജാക്കന്മാരുടെ കള്ളക്കളി പൊളിയുമെന്ന്‌ വ്യക്തമായപ്പോള്‍. രാജ്യം ശ്രീപത്മനാഭന്‌ അടിമവച്ചു കൊണ്ട്‌ രാജഭരണം ഈശ്വരനിശ്ചയമാണെന്ന്‌ വരുത്തി തീര്‍ക്കുകയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ. ഓര്‍ക്കണം ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ രാജാവ്‌ ക്ഷേത്ര പ്രവേശന വിളമ്പരം പുറപ്പെടുവിക്കുന്നതുവരെ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണ ജാതിക്കാര്‍ക്ക്‌ പ്രവേശനം ഇല്ലായിരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശനം ഇല്ലായിരുന്നു എന്നു മാത്രമല്ല, ക്ഷേത്രത്തിലേക്കുള്ള പാതയിലൂടെയോ പൊതു വീഥിയിലൂടെയോ സഞ്ചരിക്കാനും അവകാശമുണ്ടായിരുന്നില്ല. ഇത്തരത്തില്‍ ജാതിയമായി അകറ്റി നിര്‍ത്തിയ ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനവിഭാഗത്തിന്റെമേല്‍ മുന്‍പെ സൂചിപ്പിച്ച തലക്കരവും മുലക്കരവും കുടിക്കരവും ഒക്കെ അടിച്ചേല്‍പ്പിച്ച്‌ സ്വരൂപിച്ചതാണ്‌ ഇന്ന്‌ നാരായണപണിക്കരും വെള്ളാപ്പള്ളിയും കുമ്മനം രാജശേഖരനും വി.മുരളീധരനും ഒക്കെയടങ്ങുന്ന ഹൈന്ദവ നേതാക്കന്മാര്‍ അഭിമാനത്തോടെ അവകാശപ്പെടുന്ന ശ്രീ പത്മനാഭസ്വാമിയുടെ സ്വത്ത്‌.





ഇവിടെ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്‌. കൊച്ചി രാജാവ്‌ ശ്രീ പൂര്‍ണ്ണത്രയേശ ക്ഷേത്രത്തിലെ നടവരവും സമ്പാദ്യവും ഉപയോഗിച്ചാണ്‌ ഷൊര്‍ണ്ണൂരില്‍നിന്ന്‌ കൊച്ചി വരെ റെയില്‍വേ പാത നിര്‍മ്മിച്ചത്‌. അതായത്‌ അന്ന്‌ തന്നെ ക്ഷേത്ര സ്വത്ത്‌ ഈശ്വരനു മാത്രമുള്ളതല്ലെന്നും അത്‌ രാജ്യത്തിനും അതിലെ പ്രജകള്‍ക്കും അവകാശപ്പെട്ടതാണെന്നും ഒരു രാജാവ്‌ ജനക്ഷേമകരമായ ഒരു പ്രവൃത്തിയിലൂടെ തെളിയിച്ചതാണ്‌.




ഇവിടെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഒരു മഹത്വം നാം കാണാതെ പോയിക്കൂട. ജനാധിപത്യ ഭരണക്രമത്തില്‍ ജയലളിതയെപ്പോലെയും മായാവതിയെപ്പോലെയുമുള്ള ഭരണാധികാരികള്‍ ദത്തുപുത്രന്മാരുടെയും മറ്റും വിവാഹത്തിനും മറ്റ്‌ ആഢംഭരങ്ങള്‍ക്കുമായി കോടികള്‍ ചെലവഴിച്ചപ്പോള്‍ അത്തരം ധൂര്‍ത്തിനായി ഈ സ്വത്ത്‌ രാജകുടുംബാംഗങ്ങള്‍ ഉപയോഗിച്ചില്ല എന്നതാണ്‌ അത്‌. ഒന്നാം ലോക മഹായുദ്ധത്തിന്‌ ശേഷം കടുത്ത ക്ഷാമവും മറ്റും ഉണ്ടായപ്പോള്‍ പോലും ഈ സ്വത്തില്‍ കൈവയ്ക്കാന്‍ അവര്‍ താല്‍പര്യമോ ധൈര്യമോ കാട്ടിയില്ല എന്നത്‌ തീര്‍ച്ചയായും അഭിനന്ദം അര്‍ഹിക്കുന്ന മാനസിക ഭാവം തന്നെയായിരുന്നു. ഇത്‌ ഒഴിവാക്കിയാല്‍ ഇന്ന്‌ തിട്ടപ്പെടുത്തിയിട്ടുള്ള ഒരു ലക്ഷം കോടി രൂപയുടെ സ്വത്ത്‌ ഇന്നാട്ടിലെ സാധാരണക്കാരന്റെ വിയര്‍പ്പിന്റെ വിലയാണ്‌.






അതുകൊണ്ട്‌
ആ പണം ആ നിലയ്ക്ക്‌ ഉപയോഗിക്കുമ്പോഴാണ്‌ അതിന്റെ മൂല്യവും വിശുദ്ധിയും വര്‍ധിക്കുക. അല്ലാതെ ആ സ്വത്ത്‌ അത്രയും ശ്രീ പത്മനാഭന്റെ നിധിയാണെന്ന്‌ അവകാശപ്പെട്ട്‌ അത്‌ സൂക്ഷിക്കാന്‍ വീണ്ടും ജനങ്ങളുടെ നികുതി പണം ചിലവഴിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടരും പഴയ ശൂദ്രരാജാക്കന്മാരുടെ അപകര്‍ഷതയുടെ പങ്കു പറ്റുകയാണെന്ന്‌ പറഞ്ഞേ മതിയാകൂ.

അടിക്കുറിപ്പുകള്‍
1 അനന്തശായി-ശുദ്ധസ്വര്‍ണത്തില്‍ തീര്‍ത്ത വിഗ്രഹം
2 സ്വര്‍ണത്തില്‍ പൊതിഞ്ഞ പദ്മനാഭസ്വമി ക്ഷേത്രം
3 ഹിരണ്യഗര്‍ഭം-ചടങ്ങ്‌
4 സുപ്രീം കോടതി നിയോഗിച്ച നിരീക്ഷകര്‍ പദ്മനഭസ്വമി ക്ഷേത്രത്തില്‍
5 തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍
6 വിശാഖം തിരുന്നാള്‍ രാമവര്‍മയുടെ തുലാപുരുഷദാനം
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP