
ബാംഗ്ലൂര്‍ സ്ഫോടന പരമ്പരകേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി പ്രതിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ഹൈക്കോടതി വിധിയുണ്ടായിട്ടും ഇതെഴുതുന്നത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോഴത്തെ സൂചനകള്‍ അനുസരിച്ചാണെങ്കില്‍ രാഷ്ട്രപതിയുടെ കേരളസന്ദര്‍ശനം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്
ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ കോടതി വിധിച്ചത് പോലെ താന്‍ കുറ്റവാളിയാണെങ്കില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്ന് മദനി തന്നെ പലവട്ടം സമ്മതിച്ചിട്ടുള്ളതാണ്. ഒപ്പം ഈ അറസ്റ്റ് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പ്രതിയല്ലാത്ത തന്നെ പ്രതിയാക്കി ഒരു ദശാബ്ദത്തോളം ജയിലിട്ട് കൊല്ലാക്കൊല ചെയ്തതിലും രൂക്ഷമായ പീഡനമായിരിക്കും വരാനിരിക്കുന്നതെന്നും അത് നേരിടാനും സഹിക്കാനും താന്‍ തയ്യാറാണെന്നും മദനി പറയുമ്പോഴും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ കര്‍ണാടക പോലീസും കേരള പോലീസും കള്ളനും പോലീസും കളിക്കുന്ന കാഴ്ചയാണ് പൊതുസമൂഹം കണ്ടുകൊണ്ടിരിക്കുന്നത്.
ഇന്ന് ലോകമൊട്ടാകെ ഒരു പ്രത്യേക മുന്‍വിധിയുണ്ട്. എവിടെയെല്ലാം തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നുണ്ടോ അതിന്റെ പിന്നിലെല്ലാം ഒരു മുസ്ലീം സംഘടനയും അതുമായി ബന്ധപ്പെട്ട മുസ്ലീങ്ങളും ഉണ്ട് എന്നതാണ് വികലമായ ആ വിലയിരുത്തല്‍. ശരിയാണ് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം ലോകത്തെ വിറപ്പിക്കുന്ന തീവ്രവാദ പാതയിലേക്ക് ഇറങ്ങിയിട്ടുണ്ട്. അതിന് അവര്‍ക്ക് പറയാന്‍ ഒട്ടേറെ ന്യായങ്ങളുമുണ്ട്. ഈ ന്യായങ്ങളില്‍ പലതിനും വര്‍ത്തമാനകാല പരിസരത്ത് പ്രസക്തിയുമുണ്ട്. ഭരണകൂടങ്ങളും പാശ്ചാത്യ മൂലധന ശക്തികളും ചേര്‍ന്ന് നടത്തുന്ന ഭീകര പ്രവര്‍ത്തനത്തെ നട്ടെല്ല് നിവര്‍ത്തി ചോദ്യം ചെയ്യുന്നിടത്താണ് ഇത്തരം ചില ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കപ്പെടുകയോ അല്ലെങ്കില്‍ യാഥാര്‍ത്ഥ്യമായി ഭവിക്കുകയോ ചെയ്യുന്നത്. അപ്പോള്‍ അത്തരമൊരു സാഹചര്യത്തിലേക്ക് കുറ്റാരോപിതരായ മുസ്ലീം ഭീകരവാദികള്‍ എത്താനുണ്ടായ സാഹചര്യം മറന്നുകൊണ്ടാണ് പലപ്പോഴും ഈ വിഭാഗത്തില്‍ പെട്ടവരെ പ്രാന്തവത്കരിക്കുന്നതും ഒറ്റപ്പെടുത്തി കുറ്റവാളികളാണെന്ന് ബ്രാന്‍ഡ് ചെയ്യുന്നതും..
ഇത് പക്ഷെ, കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പശ്ചാത്തലമാകുന്നില്ല.ഒരു രാഷ്ട്രത്തില്‍ നിലവിലിരിക്കുന്ന നിയമത്തിന് വിരുദ്ധമായി വിഘടനവാദത്തിന്റെ വിസ്ഫോടന തന്ത്രങ്ങളുമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ ആ നിയമം അനുശാസിക്കുന്ന വിചാരണയ്ക്ക് വിധേയരാകേണ്ടതാണ്. പലപ്പോഴും പൊതുവായ ഈ തത്വത്തെ ഭരണകൂട ഭീകരത അതിന്റെ എതിരാളികളെ തകര്‍ക്കാനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുന്നുണ്ട് . തെളിവുകള്‍ ഇന്ത്യയില്‍ തന്നെ നിരവധി. വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടാക്കി കൊല്ലപ്പെട്ടവര്‍ മുസ്ലീം ഭീകരവാദികളാണെന്ന് വരുത്തി തീര്‍ത്തതിന്റെ നാണംകെട്ട വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.എന്നാ
ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അബ്ദുള്‍ നാസര്‍ മദനി പ്രതിയാണെന്ന് കേസ് അന്വേഷിച്ചവര്‍ കണ്ടെത്തിയതും ആ അന്വേഷണം ശരിയാണെന്ന് കര്‍ണാടകയിലെ ഹൈക്കോടതി വരെ വിധിക്കുകയും ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായും മദനി അറസ്റ്റ് ചെയ്യപ്പെടേണ്ടതാണ്.ഒരു കേസിലെ കുറ്റവാളി മറ്റൊരു സംസ്ഥാനത്തിലാണ് കഴിയുന്നതെങ്കില്‍ ആ കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍, കുറ്റവാളി പാര്‍ക്കുന്ന സംസ്ഥാനം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ നിയമപരമായി ബാധ്യസ്ഥവുമാണ്. ഈ പൊതുനിയമത്തിന്റെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതി എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്ന അബ്ദുള്‍ നാസര്‍ മദനിയെ കസ്റ്റഡിയിലെടുക്കാന്‍ അല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ അവര്‍ക്ക് അവകാശമുണ്ട്. മദനി ഇതിനെതിരെ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയ സാഹചര്യത്തില്‍ നിയമപരമായ ഈ അവകാശം നടപ്പിലാക്കാന്‍ കര്‍ണാടക സര്‍ക്കാരിനെ സഹായിക്കാന്‍ കേരള സര്‍ക്കാര്‍ ബാധ്യസ്ഥവുമാണ്.
എന്നാല്‍, അബ്ദുള്‍ നാസര്‍ മദനിയുടെ കാര്യത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ചിന്തിക്കുന്ന ജനസമൂഹത്തിന്റെ മുന്നില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് കര്‍ണാടക സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതും കേരള സര്‍ക്കാര്‍ ഈ അറസ്റ്റ് താമസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. ഇവിടെ ബിജെപിയുടെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ് രാജ്യരക്ഷയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നതെന്ന ബോധമാണ് പൊതുസമൂഹത്തിനുള്ളത്. കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ വൈര്യനിര്യാതന ബുദ്ധിയാണ് അബ്ദുള്‍ നാസര്‍ മദനിയെ ഇപ്പോള്‍ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിയാക്കിയതെന്ന് ചിന്തിക്കാന്‍ മദനിയുമായി ബന്ധപ്പെട്ടവര്‍ക്കും പിഡിപിക്കാര്‍ക്കും അവകാശം ഉള്ളിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. അതുകൊണ്ടാണ് മദനിയുടെ അറസ്റ്റിന്‍ ശാരീരികമായി പോലും പ്രതിരോധിക്കാന്‍ അവര്‍ തയ്യാറാകുന്നത്. എന്നാല്‍, സൊഹറാബുദ്ദീന്‍ വധക്കേസുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ നടക്കുന്ന അറസ്റ്റുകള്‍ക്ക് സാധുതയുണ്ടെങ്കില്‍ എന്തുകൊണ്ട് മദനിയുടെ അറസ്റ്റിന് അത്തരം ഒരു സാധുതയില്ല എന്ന് പറയാന്‍ കഴിയുക ? വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്തില്‍ അമിത് ഷാ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് ഓര്‍ക്കണം. ഇന്ത്യയിലെ ക്രിമിനല്‍ കേസന്വേഷണ രീതികളുടെ ആശാസ്യമല്ലാത്ത കാലതാമസമാണ് ഇത്തരത്തില്‍ വളരെ വൈകിയ വേളയിലെ അറസ്റ്റുകള്‍ക്ക് കാരണമാകുന്നത്.
ആ വാസ്തവത്തിന്റെ വെളിച്ചത്തില്‍ വേണം മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അല്ലെങ്കില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കോലാഹലത്തെ വിലയിരുത്തേണ്ടത്. ഒരു കുറ്റവാളിയും താന്‍ ആ കുറ്റം ചെയ്തെന്ന് സമ്മതിക്കാറില്ല. ഏത് കുറ്റവാളിക്കും അതേസമയം തന്റെ ഭാഗം ന്യായീകരിക്കാനാണ് കോടതിയിലെ വിചാരണയും തുടര്‍ നടപടികളും. ഇത് ഇന്ത്യന്‍ നിമയവ്യവസ്ഥയില്‍ എല്ലാവര്‍ക്കും ബാധകമാണ്. അതില്‍ നിന്ന് മദനിയെങ്ങനെയാണ് ഒറ്റപ്പെട്ടവനാകുന്നതെന്ന് പറയാന്‍ പലര്‍ക്കും ബാധ്യതയുണ്ട്. അവര്‍ ആ സത്യം പറയാതെ അധികാരത്തിന്റെയും അതിജീവനത്തിന്റെയും തന്ത്രങ്ങള്‍ പയറ്റുമ്പോഴാണ് ഇപ്പോള്‍ സംജാതമായിട്ടുള്ള സന്ദിഗ്ദാവസ്ഥകള്‍ സൃഷ്ടിക്കപ്പെടുന്നത്.
മദനി കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ പ്രതിയായി ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടാക്കി മാറ്റാന്‍ ശ്രമിച്ചവരാണ് കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും. അദ്ദേഹം ജയില്‍ മോചിതനായി തിരിച്ചെത്തിയപ്പോള്‍ സ്വീകരണം നല്‍കാന്‍ മുന്നിട്ടിറങ്ങിയത് കേരളത്തിലെ ഇടതുപക്ഷ നേതാക്കളായിരുന്നു. പിന്നീട് അദ്ദേഹത്തെ ഒരു തെരഞ്ഞെടുപ്പില്‍ ഒപ്പം കൂട്ടുകയും ചെയ്തു. എന്നാല്‍, അപ്പോഴും മദനിയും ഭാര്യ സൂഫി മദനിയും ബന്ധപ്പെട്ട തീവ്രവാദ കേസുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നു. ഈ കേസുകള്‍ ഇനിയും അന്വേഷിച്ച് അതിന്റെ അവസാന തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടിട്ടില്ല. കോടതി കുറ്റവാളിയാണെന്ന് വിധിക്കും വരെ ഏത് പൗരനും നിരപരാധിയാണെന്ന് അവകാശപ്പെടാം. എന്നാല്‍, നീതി നിര്‍വ്വഹണ സംവിധാനം തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിലരെല്ലാം കു റ്റവാളികളാണെന്ന് ആരോപിക്കുമ്പോള്‍ ആ ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കാന്‍ ആരോപണവിധേയരായവര്‍ ബാധ്യസ്ഥരാണ്. അതിന് തയ്യാറാകാതെ നിരപരാധിത്വം പത്രസമ്മേളനങ്ങളിലൂടെ വെളിപ്പെടുത്തുകയും ആ നിരപരാധിത്വത്തിന് മതത്തിന്റെയും സമുദായത്തിന്റെയും സ്ഫോടനാത്മകമായ മതില്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് ആശാസ്യമാണോ എന്നതാണ് ചോദ്യം. നാളെ ഇതേ അവസ്ഥ ഏതൊരു കുറ്റവാളിക്കും സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ നീതി നിര്‍വ്വഹണവും കേസന്വേഷണവും എത്രമാത്രം പ്രഹസനമായിതീരും എന്ന ആശങ്കയില്‍ നിന്നുകൊണ്ടാണ് പൊതുസമൂഹം ഈ ചോദ്യം ഉന്നയിക്കുന്നത്. ഇതിന് ഉത്തരം നല്‍കാന്‍ മദനി കുറ്റവാളിയാണെന്ന് ആരോപിക്കുന്നവര്‍ക്കും കുറ്റവാളി അല്ല എന്ന് അവകാശപ്പെടുന്ന മദനിക്കും ഉത്തരവാദിത്തമുണ്ട്. അതിനുള്ള നിയമപ്രക്രിയ പക്ഷപാത രഹിതമായി നടക്കണമെന്നതാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്. അതിന് സഹായകമായ അവസരം സൃഷ്ടിക്കുക എന്നതാണ് നിയമപാലനത്തിന്റെയും നിയമങ്ങളോടുള്ള വിധേയ ഭാവത്തിന്റെയും വര്‍ത്തമാനകാല ആവശ്യം. അതെന്തുകൊണ്ട് സാധ്യമാകുന്നില്ല ?
ഹൂ ഈസ് അഫ്രൈഡ് ഓഫ് അബ്ദുള്‍ നാസര്‍ മദനി..?