ടൈറ്റസ് കെ. വിളയില്‍
അഞ്ചുനൂറ്റാണ്ട് നീണ്ട തര്‍ക്കത്തിന് എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു വിധിയാണ് അയോദ്ധ്യ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചില്‍നിന്ന് സെപ്റ്റംബര്‍ 30ന് ഉണ്ടായത്. ജസ്റ്റീസ് എസ്.യു.ഖാന്‍, സുധീര്‍ അഗര്‍വാള്‍, ധരംവീര്‍ ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ചരിത്ര പ്രസിദ്ധം എന്നു വിശേഷിപ്പിക്കാവുന്ന വിധി പ്രഖ്യാപിച്ചത്.
അയോദ്ധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാരാ, രാംലല്ല വിഭാഗങ്ങള്‍ക്ക് നല്‍കണമെന്നും മൂന്നുമാസത്തേക്ക് തല്‍സ്ഥിതി തുടരണമെന്നുമാണ് വിധി. ബാബറി മസ്ജിദ് - രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് 1950-89 വരെ ഫയല്‍ ചെയ്ത നാലു കേസുകളിലാണ് ഹൈക്കോടതി തീര്‍പ്പുകല്‍പിച്ചത്. എല്ലാ കേസുകളും അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലെ കോടതിയിലായിരുന്നു ഫയല്‍ ചെയ്തിരുന്നത്.
നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുവേണ്ടി കേസുകള്‍ എല്ലാം 1989-ലാണ് ഹൈക്കോടതിയിലേക്ക് മാറ്റിയത്. അയോദ്ധ്യ കേസിനായി രൂപീകരിച്ച ഈ പ്രത്യേക ബഞ്ച് ആയിരത്തിലധികം സാക്ഷികളെ വിസ്തരിച്ചശേഷമാണ് ബാബറി മസ്ജിദ് നിലനിന്നിരുന്ന 2.7 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്ക് എന്ന കാര്യത്തില്‍ തീരുമാനം എടുത്തത്. ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും അഖിലേന്ത്യാ ഹിന്ദുമഹാസഭയുമായിരുന്നു പ്രധാന കക്ഷികള്‍. ്.
വിധി വരുംമുമ്പ് കരുതിയിരുന്നതുപോലുള്ള സംഘര്‍ഷങ്ങള്‍ക്കൊന്നും ഇനി സാധ്യതയില്ല എന്നാണ് വിധിയോട് ബന്ധപ്പെട്ടവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. തീര്‍ച്ചയായിട്ടും പുതിയ ഒരു സഹകരണത്തിന്റെയും സൗഭ്രാത്രത്തിന്റെയും പുലരി വിരിയാനുള്ള സാധ്യതയാണ് ഈ പ്രതികരണങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ തമ്മില്‍ത്തല്ലി തലകീറി സംഘര്‍ഷങ്ങളും സംഭീതികളും സൃഷ്ടിച്ച ഭൂതകാലത്തോട് വിടപറയാനുള്ള പക്വത ബന്ധപ്പെട്ടവരെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭാരതത്തിന്റെ പൗരാണികവും ലോകത്തിനു മാതൃകയുമായിട്ടുള്ള സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും പുതിയ അദ്ധ്യായം രചിക്കപ്പെടുമെന്ന് നമുക്ക് വിശ്വസിക്കാം.
കേസില്‍ കോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയവും എല്ലാവരും അംഗീകരിക്കേണ്ടതുമാണ്. അതില്‍ പ്രധാനം ഇനി പറയുന്നവയാണ്:
" തര്‍ക്കത്തിലുള്ള കെട്ടിടം ബാബറോ ബാബറുടെ ഉത്തരവു പ്രകാരമോ നിര്‍മ്മിച്ചതാണ്. പള്ളി നിര്‍മ്മിച്ച സ്ഥലമോ പള്ളിയോ ബാബറിന്റെ ഉടമസ്ഥതയിലായിരുന്നുവെന്നതിന് തെളിവ് ഒന്നുമില്ല. പള്ളി നിര്‍മ്മിക്കുന്നതിന് ക്ഷേത്രം തകര്‍ത്തിട്ടില്ല. ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളിയുടെ നിര്‍മ്മാണം നടന്നത്. പള്ളി ഉണ്ടാക്കുന്നതിന് എത്രയോ കാലം മുമ്പ് തകര്‍ന്നുപോയ ക്ഷേത്രമാണത്. പള്ളി നിര്‍മ്മിക്കുന്നതിനു മുമ്പു തന്നെ ആ ഭൂമിയിലാണ് ശ്രീരാമന്‍ ജനിച്ചതെന്ന് ഹിന്ദുക്കള്‍ വിശ്വസിച്ചുപോന്നിരുന്നു. എന്നാല്‍ കൃത്യമായി ഏതു സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചതെന്ന് അറിയുകയുമില്ല.1855നും വളരെ മുമ്പു തന്നെ രാംചതുര്‍ഭയും സീതാരസോയിയും നിലവില്‍ വന്നിരുന്നു. അവിടെ ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്നു. വളരെ അപൂര്‍വ്വവും അസാധാരണവുമായ അവസ്ഥയായിരുന്നു അത്. ഒരു ഭാഗത്ത് മുസ്ലിംങ്ങള്‍ നമസ് നടത്തിപ്പോന്നു. മറുഭാഗത്ത് ഹിന്ദുക്കള്‍ പ്രാര്‍ത്ഥനയും നടത്തിപ്പോന്നു. മുകളില്‍ പറഞ്ഞ വസ്തുതയുടെ അടിസ്ഥാനത്തില്‍ ഒരു കാര്യം ഉറപ്പിക്കാം. തര്‍ക്കഭൂമി രണ്ടുകൂട്ടരും കൈവശംവച്ചുപോന്നതാണ്. സൗകര്യത്തിനുവേണ്ടി ഇരുകൂട്ടരും ഭൂമി ഉപയോഗിച്ചിരുന്നെങ്കിലും ഏതെങ്കിലും തരത്തിലുള്ള വിഭജനം അവിടെ ഉണ്ടായിട്ടില്ല. ഇരുകൂട്ടര്‍ക്കും ഭൂമിയിലുള്ള അവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് എവിഡന്‍സ് ആക്ട് 110-ാം വകുപ്പ് പ്രകാരം സംയുക്തമായി കൈവശമായതിനാല്‍ സംയുക്തമായ ഉടമസ്ഥതയായേ ഇതിനെ കാണാന്‍ കഴിയു. ഈ പശ്ചാത്തലത്തില്‍ രണ്ടുകൂട്ടര്‍ക്കും തര്‍ക്കഭൂമിയില്‍ ഉടമസ്ഥതയുണ്ടെന്ന് വ്യക്തമാകുന്നു ".
ശ്രദ്ധിക്കുക, വളരെ അപൂര്‍വ്വവും അസാധാരണവുമായ സഹകരണമാണ് 1855നുമുമ്പ് തന്നെ അയോദ്ധ്യയില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും ഇടയില്‍ ഉണ്ടായിരുന്നത്. ഒരേ സ്ഥലത്ത് നമസും പൂജയും നടത്തി തങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതിനൊപ്പം സഹകരണത്തിനും സഹിഷ്ണുതയ്ക്കും സമാനതകളില്ലാത്ത ദൃഷ്ടാന്തമായിരുന്നു അന്നാട്ടിലെ ജനങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
ആ സഹകരണവും സഹിഷ്ണതയുമാണ് അധികാര രാഷ്ട്രീയത്തിന്റെയും അതിജീവന രാഷ്ട്രീയത്തിന്റെയും പേരില്‍ ഗൂഢശക്തികള്‍ തകര്‍ത്തതും ഇന്ത്യയില്‍ ഒരു ആരാധനാ സ്ഥലത്തിന്റെ പേരില്‍ വര്‍ഗ്ഗീയ വിഭജനം സൃഷ്ടിച്ചതും ചോരപ്പുഴ ഒഴുക്കിയതും ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കുമിടയില്‍ വൈരാഗ്യത്തിന്റെ ഭൂമിക സൃഷ്ടിച്ച് തീവ്രവാദത്തിന് തീകൊളുത്തിയതും. അതിന്റെ ദാരുണവും സ്ഫോടനാത്മകവുമായ അനുഭവങ്ങള്‍ നാം കണ്ടുകഴിഞ്ഞതാണ്. ഒരേ മനസ്സോടെ ഏകോദര സഹോദരങ്ങളായി രാജ്യത്തിന്റെ പുരോഗതിക്കും അഭ്യുന്നതിക്കും ചെലവഴിക്കേണ്ട ഊര്‍ജ്ജമത്രയും വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ക്ക് ചെലവഴിച്ച നിണനാളുകളാണ് ഇന്ത്യ പിന്നിട്ടത്. ഇനി അത് ഉണ്ടാകാന്‍ പാടില്ല.
കറുത്ത അനുഭവങ്ങള്‍ ജീവിതത്തില്‍ സ്വഭാവികം. എന്നാല്‍ ആ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രകാശപൂര്‍ണ്ണിമയുടെ പുത്തന്‍പ്രഭാതത്തിലേക്ക് ചുവടുവയ്ക്കുമ്പോഴാണ് ഒരു രാഷ്ട്രവും അതിലെ ജനങ്ങളും അവരുടെ സംസ്ക്കാരവും ലോകത്തിനു മാതൃകയാവുക. വസുധൈവ കുടുംബകം എന്നും അതിഥിദേവോഭവ എന്നുമുള്ള അത്യപൂര്‍വ്വ സഹകരണത്തിന്റെ മസൃണ ചരിത്രം കുറിച്ച ഭാരതത്തിന്റെ ഓര്‍മ്മകളില്‍ ഭീകരതയുടെ ഇടിവെട്ടായി നില്‍ക്കുന്നതാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ചയും തുടര്‍ന്നുള്ള സംഭവങ്ങളും.
അവയ്ക്ക് ചുക്കാന്‍ പിടിച്ചവരാരുമാകട്ടെ, അവരുടെ കണ്ണുതുറപ്പിക്കുന്നതാണ് ലക്നൗ ബഞ്ചിന്റെ നിരീക്ഷണം. അതായത് ഒരേ സ്ഥലത്ത് ആരാധന നടത്തി സഹകരിച്ചുപോന്ന ഒരു സംസ്ക്കാരം അയോദ്ധ്യയില്‍ നിലനിന്നിരുന്നു. ആ സംസ്ക്കാരത്തിന്റെ പുന:സ്ഥാപനത്തിനായിട്ടാവണം ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് തര്‍ക്കസ്ഥലം മൂന്നായി വിഭജിക്കാതെ 1855നു മുമ്പുള്ള സഹകരണത്തിന്റെയും സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെയും വിശുദ്ധനാളുകള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയുകയില്ലേ? അങ്ങനെലോകത്തിന് ഒരു പുതിയ മാതൃകയാവാന്‍ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും മനസ്സുണ്ടാവുകയില്ലേ...? അതാണ് കാലം എല്ലാവരില്‍ നിന്നും ആവശ്യപ്പെടുന്നത്.