Wednesday 27 July 2011

മൂന്നാര്‍ കയ്യേറ്റവും രാഷ്‌ട്രീയ നാടകങ്ങളും

സന്തോഷ്‌ അറയ്‌ക്കല്‍


വീണ്ടും മൂന്നാര്‍ വാര്‍ത്തകളില്‍ നിറയുന്നു. ലോകത്തെ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാര്‍ ഇന്ന്‌ കയ്യേറ്റങ്ങളുടേയും അതിന്റെ പിന്നിലെ രാഷ്‌ട്രീയ അന്തര്‍ നാടകങ്ങളുടേയും പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുകയാണ്‌. കണ്ണന്‍ദേവന്‍ഹില്‍ റിസര്‍വ്വ്‌ (കെ.ഡി. എച്ച്‌), പള്ളിവാസല്‍, ചിന്നക്കനാല്‍, മാങ്കുളം തുടങ്ങിയ വില്ലേജുകളിലായി തഴച്ചുവളര്‍ന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ്‌ കേന്ദ്രങ്ങളും എന്തും കയ്യേറുവാനുള്ള മനുഷ്യന്റെ അടങ്ങാത്ത അത്യാഗ്രഹത്തിന്റെ പ്രതിഫലനങ്ങളാണ്‌. രണ്ടും മൂന്നും സെന്റ്‌ മുതല്‍ ആയിരം ഏക്കര്‍ വരെ വെട്ടിപിടിച്ച്‌ കാല്‍ചുവട്ടില്‍ വച്ചിരിക്കുന്ന വ്യക്തികളും പതിനായിര കണക്കിന്‌ ഏക്കര്‍ വരെ പിടിച്ചടക്കിയ കോര്‍പ്പറേറ്റുകളും ഈ കയ്യേറ്റങ്ങള്‍ക്ക്‌ പിന്നിലുണ്ട്‌.




കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ആരംഭിച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ എങ്ങും എത്താതെ അവസാനിക്കുകയായിരുന്നു. കയ്യേറ്റ ഭൂമിയില്‍ ബോര്‍ഡ്‌ വച്ച്‌ വിപ്ലവം നടപ്പിലാക്കുവാനും ഏതാനും കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുവാനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ സാധിച്ചുവെങ്കിലും ഈ സര്‍ക്കാരിന്റെ കാലത്ത്‌ അതു പോലും നടക്കുമെന്ന്‌ വിശ്വസിക്കാനാവുന്നില്ല. കയ്യേറ്റത്തെ ആരാധനയായും മത മായും കാണുന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, നേതാക്കന്‍മാരുടേയും കൈകളിലാണ്‌ ഭരണകൂടത്തിന്റെ കടിഞ്ഞാണ്‍ എന്നതും ഭൂമിയെ സേനേഹിക്കുന്നവരെ നിരാശയിലാക്കുന്ന കാര്യമാണ്‌.
മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രി കയ്യേറ്റം തിരിച്ച്‌ പിടിച്ച്‌ സ്ഥാപിച്ച സര്‍ക്കാര്‍ ബോര്‍ഡുകള്‍ മേല്‍ക്കൂരയാക്കി, ആ സര്‍ക്കാര്‍ പടിയിറങ്ങുന്നതിന്‌ മുമ്പേ തന്നെ പുതിയ കയ്യേറ്റങ്ങള്‍ നടത്തുവാനും, ഇടിച്ചു നിരത്തിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുവാനും കയ്യേറ്റ മാഫിയക്ക്‌ സാധിച്ചിരുന്നു എന്ന കാര്യവും വിസ്‌മരിച്ചുകൂടാ.




ഈ കയ്യേറ്റങ്ങള്‍ക്കെല്ലാം പിന്നില്‍ വ്യക്തമായ രാഷ്‌ട്രീയ, മത, ഉദ്യോഗസ്ഥകൂട്ടു കെട്ടുകളുണ്ട്‌. അതിനെ വളര്‍ത്തുന്നതിലും പടര്‍ത്തുന്നതിലും മാറി മാറി ഭരിച്ച മുഴുവന്‍ രാഷ്‌ട്രീയ കക്ഷികള്‍ക്കും പങ്കുണ്ട്‌. മുഖ്യമന്ത്രി മൂന്നാര്‍ ദൗത്യവുമായി രംഗത്തു വന്നപ്പേഴും ശക്തമായി അതിനെ പ്രതിരോധിച്ചത്‌ മുഖ്യ മന്ത്രിയുടെ പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ നേതൃത്വമാണ്‌. ഒഴിപ്പിക്കാന്‍ വരുന്നവരുടെ കാലു വെട്ടുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച്‌ രംഗത്ത്‌ എത്തിയാണ്‌ അന്ന്‌ പാര്‍ട്ടി ജില്ലാ നേതൃത്വം മൂന്നാര്‍ ദൗത്യത്തെ പരാജയപ്പെടുത്തിയത്‌.




അച്ചുതാനന്ദന്റെ നയത്തിന്‌ എതിരായി നിന്നതുകൊണ്ട്‌ പാര്‍ട്ടിക്ക്‌ ജില്ലയില്‍ നേട്ടം ഉണ്ടാക്കാനായി എന്ന നിലപാടാണ്‌ ജില്ലാ ഘടകത്തിനുള്ളത്‌. ഭരണമുന്നണിക്ക്‌ കയ്യേറ്റ ഭൂമികള്‍ ഉള്‍പ്പെടുന്ന മൂന്ന്‌ മണ്‌ഡലങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞത്‌ കുടിയേറ്റത്തിന്റെ പേരില്‍ കയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്‌തതുകൊണ്ടാണന്നാണ്‌ ജില്ലാ ഘടകത്തിന്റെ വാദം. സംസ്ഥാനമൊട്ടാകെ ലേഖനങ്ങളിറക്കി ഇടതുമുന്നണിയെ പരാജയപ്പെടുത്തുവാന്‍ കച്ചകെട്ടിയിറങ്ങിയ കുഞ്ഞാടുകള്‍ ഈ മൂന്ന്‌ മണ്‌ഡലങ്ങളിലും ഇടതുമുന്നണിയെ പിന്തുണച്ചതും കയ്യേറ്റ കാര്യത്തിലെ രാഷ്‌ട്രീയ, മത, ഉദ്യോഗസ്ഥകൂട്ടു കെട്ടിന്റെ പ്രതിഫലനമാണ്‌.




കഴിഞ്ഞ ദിവസം ദേവികുളം സബ്‌ കളക്‌ടര്‍ നടത്തിയ വെളിപ്പെടുത്താല്‍ ഈ കൂട്ട്‌ കെട്ടിന്റെ ശക്തി വിളിച്ചോതുന്നതാണ്‌. മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ച്‌ 150 ല്‍ പരം പരാതികള്‍ പോലീസിനു നല്‍കിയിട്ടും അതിലൊന്നിലും പോലീസ്‌ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലത്രെ.
വീണ്ടും കുടിയൊഴിപ്പിക്കല്‍ ദൗത്യവമായി ചെവ്വാഴ്‌ച പുതിയ റവന്യു മന്ത്രി മൂന്നാര്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നു. മുമ്പ്‌ മൂന്നാര്‍ ദൗത്യത്തെ വഴിതിരിച്ച്‌ വിട്ട്‌ മുഖ്യമന്ത്രിയെ കുഴിയില്‍ ചാടിച്ചവര്‍ ഇന്ന്‌ പുതിയ റവന്യു മന്ത്രിയെ വഴി തെളിച്ച്‌ കൊണ്ടു പോകുന്നത്‌ എവിടേക്കായിരിക്കും എന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. മൂന്നാര്‍ വീണ്ടും സംഘര്‍ഷഭൂമിയായി മാറിയേക്കാം അതിനു മറവിലും നടക്കും പുതിയ മൂന്നു നാല്‌ കയ്യേറ്റങ്ങള്‍. എന്നാല്‍ നിയമപരമായി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുമെന്നാണ്‌ മന്ത്രി മൂന്നാറില്‍ പറഞ്ഞത്‌. അതില്‍ നിന്നും ഈ നൂറ്റാണ്ടില്‍ ഒന്നും നടക്കില്ലന്ന്‌ ഉറപ്പിക്കാം.
ഭരണത്തില്‍ ഇരുന്നപ്പോള്‍ ദൗത്യത്തെ എതിര്‍ത്ത്‌ തോല്‌പിച്ച്‌ ഇന്നത്തെ പ്രതിപക്ഷം ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ എന്ത്‌ ചെയ്യുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.




കുടിയേറ്റങ്ങളേയും കയ്യേറ്റങ്ങളേയും തിരിച്ചറിഞ്ഞ്‌ നിയമങ്ങള്‍ സൃഷ്‌ടിക്കാനും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുവാനും ഇശ്ചാശക്തിയുള്ള ഭരണകൂടങ്ങള്‍ ഉണ്ടാവുകയും അത്തരം നീക്കങ്ങളെ പിന്തുണക്കാനും സഹായിക്കാനും ജനങ്ങളും ജുഡീഷ്യറിയും തയ്യാറാവുകയും ചെയ്യാത്തിടത്തോളം കാലം സ്വാധീനവും, പണവും, അധികാരവും ഉള്ളവര്‍ കയ്യേറ്റങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.




കയറിക്കിടക്കാന്‍ ഒരടി മണ്ണ്‌ പേലും സ്വന്തമായി ഇല്ലാതെ ആയിരങ്ങള്‍ കട തിണ്ണകളിലും പ്ലാസ്റ്റിക്‌ ഷീറ്റുകള്‍ക്കുള്ളിലും അന്തിയുറങ്ങുമ്പോള്‍, നൂറും ആയിരവും ഏക്കര്‍ ഭൂമി വെട്ടിപ്പിടിക്കുന്നവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ, മത. ഉദ്യോഗസ്ഥ കയ്യേറ്റ മാഫിയകളെ ജനം നടു റോഡില്‍ നേരിടുന്ന കാലം കേരളത്തിലും വരാതിരിക്കട്ടെ.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP