Friday 19 August 2011

കൊടുത്താല്‍ കൊല്ലത്തും.......

സന്തോഷ്‌ അറയ്‌ക്കല്‍
ഭൂമികുഴിച്ച്‌ കുഴിച്ച്‌ നടന്നൊരു ഭൂതത്താനെ........
താന്‍ കുഴിച്ച കുഴിയില്‍ വീണതു താന്‍ തന്നെ ......
എന്നു തുടങ്ങുന്ന പഴയ മലയാള സിനിമാഗാനം ഇപ്പോള്‍ ചില കോണ്‍ഗ്രസ്സുകള്‍ പാടി നടക്കുന്നുണ്ടത്രേ.





പാമോയില്‍ കേസ്സ്‌ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി കസേരയ്‌ക്കു മുകളില്‍ ഡമാക്കസിന്റെ വാളുപോലെ തൂങ്ങിയാടുമ്പോള്‍ ചിരിക്കുന്നവര്‍ നിരവധിയാണ്‌. ജീവിച്ചിരിക്കുന്നവരും മരിച്ചവരും വരെ ഊറി ഊറി ചിരിക്കുന്ന കാഴ്‌ച ഉമ്മന്‍ ചാണ്ടിയെ അസ്വസ്ഥനാക്കുന്നുണ്ടാകുമെന്നാണ്‌ കേള്‍വി. പാമോയില്‍ കേസ്സ്‌ എന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ നാളുകുറേയായി. പാമോയില്‍ കേസ്സിന്റെ ഉത്ഭവത്തെ കുറിച്ച്‌ തന്നെ ഒരു കഥയുണ്ട്‌. ആ കഥയുടെ നേരും നുണയും എത്രയുണ്ടന്ന്‌ എനിക്കറിയില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ്‌ രാഷ്‌ട്രീയത്തിലും, ഭരണതലത്തിലും എതിരാളികളെപ്പോലും നിഷ്‌പ്രഭരാക്കി കെ. കരുണാകരന്‍ അടക്കിവാഴുന്നകാലം. ഒരു വേള ഇന്ത്യയുടെ പ്രധാനമന്ത്രി ആരെന്ന്‌ നിശ്ചയിക്കുന്നതുവരെ എത്തിയിരുന്നു ആ വളര്‍ച്ച.




കരുണാകരന്‍
എന്ന സൂര്യന്റെ കീഴില്‍ എ ഗ്രൂപ്പ്‌ നിയോണ്‍ ബള്‍ബുപോലെ മിന്നുന്നകാലമായിരുന്നു അത്‌. അന്ന്‌ കരുണാകരനെയും അതു വഴി ഐ ഗ്രൂപ്പിനേയും തകര്‍ക്കാന്‍ എ ഗ്രൂപ്പ്‌ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ പാമോയില്‍ കേസ്സ്‌ കുത്തിപൊക്കിയെടുത്തത്‌ എന്നതായിരുന്നു കഥ. പാമോയില്‍ ഇറക്കുമതി നടക്കുമ്പോള്‍ കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയാണ്‌ പാമോയില്‍ ഇറക്കുമതി സംബന്ധിച്ച മുഴുവന്‍ രേഖകളും പ്രതിപക്ഷത്തിന്‌ ചോര്‍ത്തികൊടുത്തത്‌ എന്നാണ്‌ ഐ ഗ്രൂപ്പുകാര്‍ അടക്കം പറയുന്നത്‌.




സംഗതി
നേരോ നുണയോ എനിക്കറിയില്ല. നേരായാലും നുണയായാലും പാമോയില്‍ കേസ്സ്‌ ഫ്രയിം ചെയ്‌തത്‌ കാണുന്നവര്‍ നേരെന്ന്‌ വിശ്വസിച്ചാല്‍ കുറ്റം പറയാനാവില്ല. അന്നത്തെ മുഖ്യമന്ത്രിയും സിവില്‍ സപ്ലെയ്‌സ്‌ വകുപ്പുമന്ത്രിയും കേസ്സില്‍ പ്രതികളായപ്പോള്‍ ധനകാര്യമന്ത്രി സാക്ഷിയുമായി.
അന്നത്തെ പ്രതിപക്ഷം ഭരണപക്ഷമായപ്പോള്‍ ഉണ്ട ചോറിന്‌ (കിട്ടിയ രേഖകള്‍ക്ക്‌) നന്ദി കാണിച്ചു അത്രമാത്രം. പ്രതികളായ മുഖ്യമന്ത്രിയും സിവില്‍ സപ്ലെയ്‌സ്‌ മന്ത്രിയും ഐ ഗ്രൂപ്പ്‌ കാരാണന്നത്‌ യാത്യശ്ചികം മാത്രം. ഇത്രയും പറഞ്ഞതില്‍ നിന്നും പാമോയില്‍ കേസ്സ്‌ വ്യാജമാണന്നോ, കെട്ടിച്ചമച്ചതാണന്നൊ അതില്‍ പ്രതികളായവര്‍ നല്ല തങ്കക്കുടങ്ങളാണന്നോ ഞാന്‍ വിചാരിക്കുന്നതായി ആരും തെറ്റിധരിക്കരുത്‌. കുടത്തില്‍ ഒളിപ്പിച്ചിരുന്ന ദുര്‍ഭൂതത്തെ മറുപക്ഷത്തെ തകര്‍ക്കാന്‍ വീണ്ടും വിചാരമില്ലാതെ തുറന്നുവിട്ടവര്‍ കരുതിയിരുന്നില്ല ഭാവിയില്‍ ഈ ഭൂതം തന്നെയും വേട്ടയാടുമെന്ന്‌. കൂട്ടത്തില്‍ നിന്ന്‌ കുതികാല്‍ പെട്ടുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാകുമെന്നാണ്‌ ഉപ്പോള്‍ മറുപക്ഷം പ്രചരിപ്പിക്കുന്നത്‌.ഒരു ഭാഗത്ത്‌ അന്നത്തെ മുഖ്യമന്ത്രിയുടെ ആത്മാവും ജീവിച്ചിരിക്കുന്ന മക്കളും, ഒന്നും അറിയാത്തവനെ പോലെ നടിച്ച്‌ എല്ലാം അറിഞ്ഞ്‌ കൊണ്ട്‌ മുകളില്‍ (ഡല്‍ഹിയില്‍) ഇരുന്ന്‌ ഈ ശിഷ്യന്റെ പതനം സ്വപ്‌നം കാണുന്ന മൗനിയായ ഗുരുവും, ഇങ്ങ്‌ കേരളത്തില്‍ ഇരുന്ന്‌ മുഖ്യമന്ത്രികസേര സ്വപ്‌നം കാണുന്ന സുന്ദര പുരുഷനും ഇതെല്ലാം കണ്ടുകൊണ്ട്‌ ആരുമറിയാതെ പൊട്ടിച്ചിരിക്കുന്നത്‌ എല്ലാവരും അറിയുന്നു.





മൗനിയായ ഗുരുവിനോട്‌ അടുത്തയാള്‍ പറഞ്ഞത്‌ കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന്‌ ഇപ്പോള്‍ ബോദ്ധ്യമായില്ലേ എന്നാണ്‌. ഈ കോടതി പരാമര്‍ശം മൂലം ഇപ്പോള്‍ മുഖ്യമന്ത്രി കസേര ഒഴിയേണ്ട്‌ സാഹചര്യം ഇല്ലങ്കിലും വരും നാളുകളില്‍ കുപ്പിയില്‍ നിന്നും പുറത്തുചാടിയ ദുര്‍ഭൂതം പുറത്തു വിട്ടവനെ തന്നെ തിരിഞ്ഞ്‌ പിടിക്കുമോ എന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. ഭൂതത്തിന്റെ നിയന്ത്രണം തട്ടിയെടുക്കുവാന്‍ ചില ഛിദ്രശക്തികള്‍ കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്‌. ഇതേ വ്യക്തി തന്നെ ഇത്തരം ഭൂതങ്ങളുടെ സഹായത്താല്‍ നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ കാലാവധി തികയ്‌ക്കാതെ പുറത്തു പോകേണ്ടി വന്ന രണ്ട്‌ മുന്‍ മുഖ്യന്‍ മാരുടെ കിങ്കരന്‍മാര്‍ ഭൂതത്തിന്റെ നിയന്ത്രണം കൈക്കലാക്കുവാനുള്ള തന്ത്രങ്ങള്‍ മെനയുന്നുണ്ട്‌. പാര്‍ട്ടി സമ്മേളനങ്ങളിലൂടെ ഇതിലും വലിയ ഭൂതത്തെ തളക്കാനുള്ളതുകൊണ്ട്‌ പ്രതിപക്ഷത്തിന്റെ ശല്യം കുറച്ചുകാലത്തെങ്കിലും ഉണ്ടാകില്ല എന്ന ആശ്വാസം മാത്രമാണ്‌ ഇപ്പോഴുള്ളത്‌.



നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP