Tuesday, 30 November 2010

നാറാണത്തു ഭ്രാന്തന്റെ രായിരനെല്ലൂര്‍ മല





ഷാജി മുള്ളൂക്കാരന്‍

ചാത്തനും പാണനും പാക്കനാരും
പെരുംതച്ചനും നായരും വള്ളുവോരും
ഉപ്പുകൊറ്റനും രജകനും കാരക്കലമ്മയും
കാഴ്ച്ചക്കു വേണ്ടി ഈ ഞാനും
വെറും കാഴ്ച്ചക്കു വേണ്ടി ഈ ഞാനും




പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിക്കടുത്താണ് നാറാണത്തു ഭ്രാന്തനാല്‍ അറിയപ്പെടുന്ന രായിരനെല്ലൂര്‍ മല. നാറാണത്തു ഭ്രാന്തന് ദേവീദര്‍ശനമുണ്ടായി എന്ന് പറയപ്പെടുന്ന തുലാം ഒന്നിന്‌ രായിരനെല്ലൂര്‍ മല കയറുവാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ധാരാളം ജനങ്ങള്‍ എത്തിച്ചേരുന്നു.





പട്ടാമ്പി - പെരിന്തല്‍മണ്ണ റൂട്ടില്‍ കൊപ്പത്ത് നിന്നും വളാഞ്ചേരി പോകുന്നവഴിയിലാണ് രായിരനെല്ലൂര്‍
മല. ചെര്‍പ്പുളശ്ശേരിക്ക് സമീപമുള്ള ചെത്തല്ലൂര്‍ഗ്രാമത്തിലെ നാരായണമംഗലം മനയില്‍നിന്ന്‌ വേദപഠനത്തിനായി‌ നാറാണത്തുഭ്രാന്തന്‍ രായിരനെല്ലൂര്‍മലക്കടുത്തുള്ള തിരുവേഗപ്പുറ ദേശത്ത് എത്തിച്ചേര്‍ന്നു എന്നാണു ഐതിഹ്യം.




ഇന്ന്, ജോലി സംബന്ധമായി പെരിന്തല്‍മണ്ണ ചെന്നപ്പോളാണ്, പ്രസിദ്ധമായ ഈ മലകയറ്റ ദിവസമായ തുലാം ഒന്ന് ഇന്നാണ് എന്നോര്‍ത്തത്. ഉച്ചയ്ക്ക് ശേഷമാണ് അങ്ങോട്ടേക്ക് വച്ച് പിടിച്ചത്. അതുകൊണ്ട് തന്നെ തിരക്ക് കുറവായിരുന്നു. കൊപ്പത്ത് നിന്നും വളാഞ്ചേരി റൂട്ടില്‍ ഏകദേശം നാലുകിലോമീറ്റര്‍ ദൂരം ചെന്നപ്പോള്‍ തന്നെ വഴിവാണിഭക്കാരുടെ നിര റോഡിനിരുവശവും. ബൈക്ക് ഒതുക്കിയിട്ടു മലയിലേക്കുള്ള വഴിയെ നടന്നു. പത്തിരുനൂറു മീറ്റര്‍ നടന്നപ്പോഴേക്കും കുത്തനെയുള്ള ദുര്‍ഘടമായ കയറ്റം തുടങ്ങുകയായി. കയറ്റമെന്ന് പറഞ്ഞാല്‍ പോര, ഒന്നൊന്നര കയറ്റം
. രാവിലെ മുതല്‍ നൂറുകണക്കിന് പേര്‍ കയറിപ്പോയതുകൊണ്ടാണെന്ന് തോന്നുന്നു, അത്യാവശ്യം നടന്നു കയറാന്‍ പറ്റുന്ന വിധത്തില്‍ വഴി തെളിഞ്ഞു കാണാം. എനിക്ക് മുന്നിലായി കിതച്ചും എങ്ങിവലിച്ചും വിശ്രമിച്ചും മലകയറുന്ന ചിലര്‍. അരമണിക്കൂര്‍ കയറിയപ്പോഴേക്കും മുകളിലെത്തി. എതിരേറ്റത് നാറാണത്തു ഭ്രാന്തന്റെ ഇരുപതടിയോളം ഉയരമുള്ള കൂറ്റന്‍ പ്രതിമ




. അവിടെ നിന്ന് നോക്കിയാല്‍ ദൂരെ പട്ടാമ്പിവരെയുള്ള സുന്ദരമായ കാഴ്ച. പ്രതിമയ്ക്ക് പിന്നിലായി വിശാലമായ പറമ്പിന്റെ അങ്ങേ അറ്റത്തായി വളരെ പഴക്കമുള്ള ഒരു ദേവീ ക്ഷേത്രം. എല്ലാം ചുറ്റിനടന്നു കണ്ടു തിരിച്ചിറങ്ങുമ്പോഴും ആളുകള്മല കയറി വന്നുകൊണ്ടിരിക്കുന്നു.

കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത
ചുടലക്കു കൂട്ടിരിക്കുംബോൾ
കോവിലുകളെല്ലാമൊടുങ്ങുന്ന കോവിലിൽ
കഴകത്തിനെത്തി നിൽകുംബോൾ
കോലായിലീകാലമൊരു മന്തുകാലുമായ്‌

തീ കായുവാനിരിക്കുന്നു
ചീർത്ത കൂനൻ കിനാക്കൾത്തൻ കുന്നിലേകീ
മേഘ കാമങ്ങൾ കല്ലുരുട്ടുന്നു

ഒട്ടിവലിയുന്ന ദിശയെട്ടുമുപശാന്തിയുടെ
മൊട്ടുകൾ വിരഞ്ഞു നട കൊൾകേ

ഓർമയിലൊരൂടുവഴി വരരുചിപ്പഴമയുടെ
നേർവരയിലേക്കു തിരിയുന്നു....
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP