Monday, 7 March 2011

വയനാട്ടിലെ വനദുര്‍ഗാ ക്ഷേത്രം

ഷാജി മുള്ളൂക്കാരന്‍
വയനാട് യാത്രയില്‍, കാട്ടിക്കുളത്തിനും - തിരുനെല്ലിക്കും ഇടയില്‍ പ്രധാന റോഡില്‍നിന്നും മാറി വന പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ രണ്ടു വേട ക്ഷേത്രങ്ങള്‍. നിരപ്പില്‍ നിന്നും രണ്ടാളുകളുടെ ആഴത്തില്‍ ഏകദേശം പതിനഞ്ചു മീറ്റര്‍ നീളത്തിലും പത്തു മീറ്ററോളം വീതിയിലും ഉള്ള ഒരു കുഴിയിലാണ് ഈ രണ്ടു ക്ഷേത്രങ്ങള്‍ ഉള്ളത്. കാളീ ക്ഷേത്രം എന്നാണു പറയപ്പെടുന്നതെങ്കിലും പ്രതിഷ്ഠ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഈ ക്ഷേത്രങ്ങള്‍ക്ക് അല്‍പ്പം മുകളിലായി വനദുര്ഗയുടെതെന്നു സങ്കല്പ്പിക്കപ്പെടുന്ന, കല്ലുകളും ത്രിശൂലങ്ങളും ഒക്കെ ഉള്ള ഒരു സ്ഥലം കാണാം. അവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ള ത്രിശൂലങ്ങളില്‍ വേടന്മാരുടെ ആചാരവുമായോ വിശ്വാസവുമായോ ബന്ധപ്പെട്ടു കുപ്പിവളകളും ചെമ്പട്ടുകളും കോര്ത്തിട്ടിരിക്കുന്നു.





ചരിത്രം (കടപ്പാട് : ഞങ്ങളുടെ കൂടെ ഒരു ദിവസം മുഴുവന്‍ ഉണ്ടായിരുന്ന മാനന്തവാടി
സ്വദേശിയായരാജീവന്‍ എന്ന സുഹൃത്തിനു): ടിപ്പുവിനും മുന്‍പ് വയനാട് മുഴുവന്‍ കുറുംബര്‍ എന്ന ആദിവാസി വിഭാഗത്തിന്റെ കീഴില്‍ ഉള്ള രാജാക്കന്മാരുടെ അധീനതിയില്‍ ആയിരുന്നുവത്രേ. ഈ വിഭാഗത്തില്‍ അരിപ്പന്‍ എന്നും വേടന്‍ എന്നും അറിയപ്പെടുന്ന രണ്ടു രാജാക്കന്മാരായിരുന്നു ഉണ്ടായിരുന്നത്. ആ കാലത്ത്, ഇന്നത്തെ തിരുനെല്ലി, കുറുവ, കാട്ടിക്കുളം തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വളരെ വലിയ ഒരു പ്രദേശം മുഴുവനും ഭരിച്ചിരുന്നത് വേട രാജാവും, പനമരം, കല്‍പ്പറ്റ, ബത്തേരി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം ഭരിച്ചിരുന്നത് അരിപ്പന്‍ എന്ന രാജാവുമായിരുന്നുവത്രേ.





വേട രാജാക്കന്മാര്‍ ആരാധനക്കായി പണിതുയര്‍ത്തിയ ക്ഷേത്രങ്ങളാണ് ഈ ചിത്രത്തില്‍ കാണുന്നത്. പിന്നീട് കോട്ടയം രാജാവിന്റെ സൈന്യം വയനാട് ആക്രമിച്ചു വേടന്മാരില്‍ നിന്നും അധികാരം പിടിച്ചടക്കിയതിനു ശേഷം ഇവ ക്ഷയിച്ചു പോയതാകാം എന്നാണു പറയപ്പെടുന്നത്‌. അതിനു ശേഷമുള്ള, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചരിത്ര വസ്തുതകള്‍ ഒന്നും തന്നെ കൂടുതലായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്. ഇപ്പോഴും വേടന്മാരുടെ പിന്‍ഗാമികള്‍ ഇവിടെ വിളക്ക് വയ്പ്പും മറ്റും നടത്തുന്നുണ്ട്
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP