Sunday 4 September 2011

ഓണം: കാസര്‍കോടു മുതല്‍ കളിയിക്കവിള വരെ

( സമ്പാദനം: ആശാലത )

ഓണം കേരളീയരുടെ ദേശീയോല്‍സവമാണ്‌. എന്നാല്‍, കാസര്‍കോടു മുതല്‍ കളിയിക്കവിള വരെ ഓണം ആഘോഷിക്കുന്നത്‌, അഥവ ആഘോഷിച്ചിരുന്നതു സമാനതകളില്ലാത്ത രീതികളില്‍...ഓണക്കളികള്‍, ചടങ്ങുകള്‍, സദ്യ എല്ലാം വൈവിധ്യമയം. മാവേലി പ്രജകളെ കാണാന്‍ വരുന്നുവെന്ന വിശ്വാസത്തിനു മാത്രമാണ്‌ പൊരുത്തമുള്ളത്‌

തിരുവിതാംകൂറില്‍
തിരുവോണനാള്‍ കാലികളെ എണ്ണ തേപ്പിച്ചു കുളിപ്പിച്ചു അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും ചേര്‍ത്ത മിശ്രിതം കൊണ്ടുണ്ടാക്കിയ പൊട്ട്‌ തൊടുവിച്ചശേഷം മാത്രമേ വെള്ളം കൊടുക്കു. ഉത്രാടം മുതല്‍ ഏഴുനാളിലാണു കുട്ടനാട്ടുകാരുടെ ഓണം.
വള്ളംകളി
ചമ്പക്കുളം മൂലം വള്ളംകളിയോടെ തുടങ്ങുന്ന ജലവിനോദത്തിന്‌ ഉതൃട്ടാതി നാളിലെ വള്ളംകളിയോടെ ശുഭസമാപ്തി. വള്ളംകളിയും വഞ്ചിപ്പാട്ടും ഈണം പകരാത്ത ഓണത്തെക്കുറിച്ചു മധ്യതിരുവിതാംകൂറിനു ചിന്തിക്കാന്‍വയ്യ. ഉറുമ്പിനും പല്ലിക്കുമൊക്കെ ഓണസദ്യ പങ്കുവെയ്ക്കുന്നതു മധ്യതിരിവിതാംകൂറിലെ കൗതുക വിശേഷം. അരി വറുത്തു തേങ്ങയും ശര്‍ക്കരയും ചേര്‍ത്തു തിരുമ്മി തൂശനിലയില്‍ വീടിന്റെ നാലുമൂലയിലും വെച്ചാണു കുട്ടനാട്ടുകാര്‍ ഉറുമ്പുകളെ ഊട്ടുക. അരിമാവില്‍ കൈമുക്കി കതകിലും ജനലിലും പതിപ്പിച്ചു പല്ലിക്ക്‌ ഓണസമ്മാനം
ഹനുമാന്‍ പണ്ഡാരം
തിരുവിതാംകൂറിലെ തിരുവോണ നാളിലെ കൗതുകമായിരുന്നു ഹനുമാന്‍ പണ്ഡാരം. ഹനുമാന്റെ വേഷമണിഞ്ഞെത്തുന്ന പണ്ഡാരത്തിന്റെ മുഖ്യലക്ഷ്യം കുട്ടികളെ പേടിപ്പിക്കുകയാണ്‌. കുട്ടികളുടെ കുസൃതികളും മറ്റും അച്ഛനമ്മമാര്‍ നേരത്തേതന്നെ പണ്ഡാരവേഷം കെട്ടുന്നയാളോടു പറഞ്ഞുകൊടുക്കും. രാവിലെ ഇലത്താളവുമായി വേഷവുമണിഞ്ഞ്‌ എത്തുന്ന പണ്ഡാരം കുട്ടികളുടെ അനുസരണക്കുറവ്‌ വിളിച്ചുപറയും വിട്ടുകാര്‍ നല്‍കുന്ന ദക്ഷിണയും വാങ്ങി പണ്ഡാരം പോയാല്‍ കുട്ടിക്ക്‌ ആശ്വസിക്കാം. അല്‍പ്പസമയം കഴിഞ്ഞു വികൃതി പിന്നേയും തുടങ്ങാം ഇനി അടുത്ത ഓണത്തിനല്ലേ പണ്ഡാരം വരു.....
നന്തുണിപ്പാട്ട്‌
അത്തം നാളില്‍ നന്തുണിപ്പാട്ടിന്റെ ഈണം നിറയുമായിരുന്നു, തെക്കന്‍ തിരുവിതാംകൂറിലെ ഗ്രാമങ്ങളില്‍. പുലര്‍ച്ചെ തന്നെ നാടന്‍ ശീലുകളുടെ ശ്രുതിമാധുര്യവുമായി, കൈയ്യില്‍ കാഴ്ച താംബുലവും ഒരുക്കി നന്തുണിപ്പാട്ടുകാരനെത്തും. ഒപ്പം ഏറ്റുപാട്ടക്കാരനുമുണ്ടാവും. വീടുകളിലെ കാരണവന്‍മാര്‍ക്കു കെട്ടുവെറ്റിലയും പുകയിലയും കാഴ്ചവച്ചു തിരിയിട്ട വിളക്കിനു മുന്നില്‍ കിഴക്കോട്ടിരുന്നാണ്‌ പാട്ട്‌. മുറം നിറയെ നെല്ലും രണ്ടു നാളികേരവും ദക്ഷിണയായി വെള്ളിനാണയവും ചിലര്‍ കോടിമുണ്ടും നല്‍കും. ഇപ്പോള്‍ നന്തുണിപ്പാട്ട്‌ ഗൃഹാതുരസ്മരണ മാത്രം.
ആദിവാസി ഓണം
ദക്ഷിണ കേരളത്തിലെ ആദിവാസികള്‍ അത്തത്തിനു മലദൈവങ്ങള്‍ക്ക്‌ ( ചോതിക്കും കാലാട്ടു തമ്പുരാനും )പൂവും ചന്ദനവും
കരനെല്ലുകുത്തി വെള്ളനിവേദ്യവും സമര്‍പ്പിക്കും. പൂവിളിയും തുമ്പി തുള്ളലും, ചാട്‌ എയ്ത്തും, സ്ത്രീകള്‍ക്കു വള്ളികളില്‍ ഔഞ്ഞാല്‍ കെട്ടിയാട്ടവും പുരുഷന്‍മാര്‍ക്കു തോറ്റംപാട്ടുമൊക്കെയായി ഓണം സന്തോഷസമൃദ്ധമാകും. വട്ടോല തെറ്റി കുട കെട്ടി തേനും തിനയും നാട്ടരചനു കാഴ്ചയുമായി എല്ലാവരും ഒന്നിച്ചിറങ്ങും. അരചനെ മുഖംകാട്ടി ഓണക്കാഴ്ച വച്ചാല്‍ പിന്നെ കൈ നിറയെ വെള്ളിപ്പണം. ഊരുകാര്‍ക്കു കോടി, വയറുനിറയെ ശാപ്പാട്‌....

വടക്കന്‍ കേരളത്തില്‍
ആദ്യദിവസം ചെറിയ പൂക്കളമേ ഇടുകയുള്ളു. അതിനു തുമ്പക്കുടവും മുക്കുറ്റിയുമാണ്‌ ആദ്യകാലത്ത്‌ ഉപയോഗിച്ചിരുന്നത്‌. ഓരോ ദിവസവും ഇടുന്ന കളത്തിനു പ്രത്യേക ദേവസങ്കല്‍പ്പമുണ്ട്‌. ശിവന്‍, വിഷ്ണു, ബ്രഹ്മാവ്‌ എന്നിങ്ങനെ.മൂലം ദിവസം മൂലം തിരിച്ചിടണം. കോണ്‍ ത്രികോണ ആകൃതികളില്‍. ശംഖുപുഷ്പം, കുരുത്തോല, ചെത്തി, കോളാമ്പി എന്നിങ്ങനെ തൊടിയിലെ പൂക്കള്‍ മാത്രം ഉപയോഗിച്ചിരുന്ന കാലം.
കോഴിക്കോട്ടെ പ്രാന്തപ്രദേശങ്ങളിലെ ഒരു ഓണാഘോഷമാണ്‌ അമ്പെയ്ത്ത്‌. അത്തം മുതല്‍ പത്തുനാള്‍ ആണ്‌ ഈ കായിക വിനോദം. പച്ചമുളകൊണ്ടു നിര്‍മിച്ച വില്ലും തെങ്ങോല കൊണ്ടുണ്ടാക്കിയ അമ്പും വാഴത്തടയുടെ ചെപ്പും ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍ എയ്ത്തുകളം. ഇത്രയുമാണ്‌ അമ്പെയ്ത്തിന്റെ ഒരുക്കങ്ങള്‍. ഇരുചേരികളായി പിരിഞ്ഞ്‌, ഇരുഭാഗത്തിനും ലഭിച്ച അമ്പ്‌ തൂക്കിനോക്കി വിജയിയെ നിശ്ചയിക്കും.
കുമ്മാട്ടിക്കളി
തൃശൂരിലെ ഓണദിനങ്ങള്‍ക്കു നിറം പകരുന്ന കുമ്മാട്ടി. വടക്കുനാഥനെ സ്തുതിച്ച്‌ അമ്പലത്തില്‍ തേങ്ങ ഉടച്ചാണ്‌ കുമ്മാട്ടി കളിക്കിറങ്ങുക. ഇവര്‍ ദേഹം മുഴുവന്‍ കുമ്മാട്ടിപ്പുല്ല്‌ അല്ലെങ്കില്‍ പര്‍പ്പടകപുല്ല്‌ എന്ന പ്രത്യേക പുല്ലുമെടഞ്ഞു ദേഹം മുഴുവന്‍ പൊതിയും. വളരെ രഹസ്യമായിട്ടാണ്‌ ഇതു ചെയ്യുന്നത്‌. ആളെ തിരിച്ചറിയാതിരിക്കനാണിത്‌. കുമ്മാട്ടിക്കു പല മുഖങ്ങളുണ്ട്‌. തള്ള, കാട്ടാളന്‍, കൃഷ്ണന്‍, ഹനുമാന്‍ എന്നിങ്ങനെ....ശിവന്റെ ഭൂതഗണങ്ങളുമായാണ്‌ ഇവരുടെ വരവെന്നാണ്‌ വിശ്വാസം. തൃശൂരിലെ മറ്റൊരു ഓണക്കളിയാണ്‌ തുമ്പിതുള്ളല്‍. പെണ്‍കുട്ടികള്‍ മാത്രം മുടിയഴിച്ചിട്ട്‌ ആടിത്തിള്ളി സ്വതന്ത്രമായി പറക്കുന്ന തുമ്പിയുടെ പ്രതീകമാണിത്‌. മുടിയാട്ടത്തിന്റെ രൂപഭേദം.
പുലിക്കളി
തൃശൂരില്‍ നാലാം ഓണത്തിനു നഗരത്തിലിറങ്ങുന്ന പുലിക്കൂട്ടം നഗരത്തെ കാടാക്കും. വരയന്‍പുലികളുടെ വേഷംകെട്ടി ദേഹം നിറയെ ചായംതേച്ചു പുലികള്‍ നിരത്തിലിറങ്ങും. കൊട്ടിനൊപ്പം പാടിത്തിമര്‍ക്കും. ഉത്തരേന്ത്യയില്‍നിന്നു കേരളത്തിലേക്ക്‌ എത്തിയ പഠാണികളാണ്‌ പുലിക്കളി ഇവിടെ എത്തിച്ചതെന്നു കരുതപ്പെടുന്നു. അവരുടെ പഞ്ചയെടുക്കല്‍ എന്ന കളിയുമായി ഇതിന്‌ അത്രയേറെ സാമ്യമുണ്ട്‌. ഉത്തര കേരളത്തിലെ ഓണത്താറും ഓണപ്പൊട്ടനുമെക്കെ ഓണദിനങ്ങളിലെ അതിഥികള്‍. ദൈവത്തിന്റെ പ്രതീകവും ദൈവദാസനുമൊക്കെയെന്നു വിശ്വസിക്കപ്പെടുന്ന ഈ അതിഥികള്‍ക്കൊപ്പം, ചിലയിടങ്ങളില്‍ പാട്ടിന്റെ ഈരടി, ചിലമ്പൊലി ഒക്കെയുണ്ടാകും. എന്നാലും ഓണപ്പൊട്ടന്‍ കമാന്ന്‌ ഒരക്ഷരം ഉച്ചരിക്കില്ലെന്നതു വേറെ.
കന്നുതെളി മത്സരം
അവിട്ടം ദിനത്തില്‍ കൊയ്ത്തു കഴിഞ്ഞു നിരപ്പാക്കിയ പാടത്ത്‌ കര്‍ഷകര്‍ പരിപോഷിപ്പിച്ചു മിടുക്കരാക്കിയ കന്നുകളെ ഇറക്കി നടത്തുന്ന ഈ മത്സരം പാലക്കാടിന്റെ സവിശേഷത. കാളകളെ ഓടിക്കാന്‍ വിദഗ്ധനായ ഒരു കന്നുതെളിക്കാരനുമുണ്ടാകും. വിജയികള്‍ക്കു സമ്മാനവും.

തലപ്പന്തുകളി
കരിമ്പനയുടെ ഇളമ്പോല കൊണ്ടുണ്ടാക്കിയ തലപ്പന്തു പാലക്കാടിന്റെ മറ്റൊരു സവിശേഷത. പനയോലത്തണ്ട്‌ ചീകിയെടുത്ത്‌ ഉള്ളില്‍ കല്ലുവെച്ച്‌, അപ്പച്ചെടിയുടെ ഇലകളുംവെച്ച്‌ കനംകൂട്ടി ഉണ്ടാക്കുന്ന തലപ്പന്ത്‌ തലയ്ക്കു ചുറ്റും വലംകൈ കൊണ്ട്‌ വീശി ആകാശത്തേക്ക്‌ എറിയും. പോയിന്റുകള്‍ കണക്കാക്കി വിജയിയെ നിശ്ചയിക്കും.
ഓണത്തല്ല്‌
കുന്നംകുളത്തുകാരുടെ ഓണവിനോദങ്ങളില്‍ പ്രധാനപ്പെട്ടതാണിത്‌. ഓണസദ്യ കഴിഞ്ഞ്‌ കയ്യാങ്കളിക്കെത്തുന്ന ഓണത്തല്ലുകാരന്‍ മെയ്യനക്കി ഹയ്യത്തടാ' എന്നു വിളിച്ചുകൂവി നിലത്തുചാടി ഗോദയിലെത്തുന്നു. പിന്നെ തല്ല്‌. പറഞ്ഞെതുക്കാനും പിടിച്ചുമാറ്റാനും റഫറിമാര്‍ (ചായിക്കരന്‍മാര്‍). തല്ലി ജയിക്കുന്നവന്‍ വിജയി എന്നു പ്രത്യേകം പറയേണ്ടല്ലോ. ചാവക്കാട്ടും ഓണത്തല്ലുണ്ട്‌.
കൈകൊട്ടിക്കളി
സ്ത്രീകളുടെ സ്വന്തം. ദേശഭേദമില്ലാതെ മിക്കയിടത്തും ഇതുണ്ട്‌. വീടുകളിലെ അകത്തളങ്ങളിഴെ മുറ്റത്തു പൂക്കളത്തിനു ചുറ്റുമോ വട്ടത്തില്‍നിന്നു സ്ത്രീകള്‍ ചുവടുവെച്ചു പാട്ടുപാടി കൈകൊട്ടിക്കൊണ്ടു കളിക്കുന്നതാണിത്‌. പാര്‍വതീ പരമേശ്വര സംവാദമോ നളദമയന്തിക്കഥയോ ഒക്കെ നിറഞ്ഞ പദങ്ങളില്‍ ആവേശത്തോടെ ആടിത്തിമര്‍ക്കുന്നു.

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP