Sunday 4 September 2011

ഓണരുചി-തെക്കും വടക്കും

( സമ്പാദനം:ഹിമജ ഹരി )

ഓണത്തിനു നാട്ടിലെങ്ങും ഊഞ്ഞാല്‍പാട്ടിന്റെ, തിരുവാതിരക്കളിയുടെ, ആഘോഷത്തിന്റെ ഒരേ മുഖമാണ്‌. എന്നാല്‍ കന്യാകുമാരി മുതല്‍ കാസര്‍കോടു വരെ ഓണത്തിനു രുചി പലതാണ്‌. ഒരു രുചിയെന്ന്‌ ഒറ്റനോട്ടത്തില്‍ നമ്മെ കബളിപ്പിക്കുന്ന പല രുചികള്‍. പരിപ്പിന്റെ, പപ്പടത്തിന്റെ, സാമ്പാറിന്റെ, അവിയലിന്റെ, പായസത്തിന്റെ രുചി.
ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യ തന്നെ. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. 




ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരന്‍, 12 പലക്കാരന്‍ എന്നിങ്ങനെയാണ്‌ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയര്‍, വഴുതനങ്ങ, പാവക്ക. ശര്‍ക്കരപുരട്ടിക്ക്‌ പുറമേപഴനുറുക്കും പഴവും പാലടയും പ്രഥമനും നിബന്ധം.ഇവയെല്ലാം വിളമ്പുന്നതിനും നിഷ്ഠകളുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയില്‍ ഇല വയ്ക്കണം. ഇടതുമുകളില്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളന്‍, ഓലന്‍, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. 



 
മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിര്‍ബന്ധം. കൊല്ലത്തെ പഴമക്കാരുടെ ഓണസദ്യയുടെ ലഹരിക്ക്‌ കൈതച്ചക്കയിട്ടുവാറ്റിയ ചാരായം നിര്‍ബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങള്‍. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതല്‍ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങള്‍..

തിരുവിതാംകൂറിന്റെ പരിപ്പും പ്രഥമനും
മീന്‍പ്രിയരായ കൊല്ലംകാരു പോലും ഓണത്തിനു നോണ്‍ വെജിനെ അടുക്കളയില്‍ കയറ്റില്ല. നാലു ദിവസം സമ്പൂര്‍ണ സസ്യഭുക്കുകളാകും. (ചില അപവാദങ്ങളില്ലാതില്ല. മീന്‍മണമില്ലെങ്കില്‍ ചോറുരുള തൊണ്ടയില്‍ നിന്നിറങ്ങാത്ത ചില വിരുതര്‍ അവിട്ടം നാളില്‍ ഇലത്തുമ്പില്‍ ചിക്കനും മീനും വിളമ്പുമത്രെ). 
പരിപ്പില്‍നിന്നു തുടങ്ങണം. തെക്കന്‍ കേരളത്തില്‍ പരിപ്പിനുള്ള സ്ഥാനമൊന്നു വേറെ. സദ്യയൊന്നു തുടങ്ങിവയ്ക്കാന്‍ പാകത്തില്‍ ലേശം നെയ്യും പരിപ്പും മാത്രം വിളമ്പുന്ന കൊച്ചി, മലബാര്‍ രീതി തിരുവിതാംകൂറിനു പിടിക്കില്ല. (സദ്യയ്ക്കു വിളമ്പിന്റെ ക്രമം തെറ്റിയെന്ന പേരില്‍ മാത്രം കല്യാണങ്ങള്‍ക്ക്‌ അടി നടക്കുമായിരുന്നു!. ഒരിക്കല്‍ കൊച്ചിയില്‍നിന്നൊരു കൂട്ടര്‍ തിരുവിതാംകൂറില്‍ കല്യാണസദ്യ കഴിച്ചിട്ടു നടത്തിപ്പുകാരോടു കയര്‍ത്തത്രെ. "വിളമ്പാനറിയണം, ഹേ... സാമ്പാര്‍ പോലെ തുടംകണക്കിനു കമിഴ്ത്തണോ പരിപ്പും ?"എന്നായിരുന്നു ക്ഷോഭം.വിളമ്പറിയാത്തതുകൊണ്ടല്ല, അതാണു തിരുവിതാംകൂര്‍ ശൈലിയെന്നു കൊച്ചിക്കാരുണ്ടോ അറിയുന്നു). 
പായസത്തിനുമുണ്ടു തിരുവിതാംകൂര്‍ ചിട്ട. തെക്കോട്ടു പ്രധാനം വലിയ അടയും ശര്‍ക്കരയും കൊണ്ടുള്ള അടപ്രഥമന്‍ തന്നെ. പഴം ശര്‍ക്കരയില്‍ വരട്ടിയെടുത്തതുകൊണ്ടും പായസമുണ്ടാക്കും. അരിപ്പായസവും പാല്‍പ്പായസവും കൂടി ചേര്‍ന്നു നാലു നാള്‍കൊണ്ട്‌ ഓണത്തെ മധുരിപ്പിച്ചുവശാക്കും.



മധ്യ കേരളത്തിലെ പാലട, കാളന്‍
പണ്ടൊരു നമ്പൂതിരി ഓണസദ്യ കഴിച്ച കഥയിങ്ങനെ. ഉണ്ടെണീറ്റ നമ്പൂതിരിയോട്‌ ആരോ ചോദിച്ചുപോലും "ങ്ങ്നുണ്ടാരുന്നു നമ്പൂര്യേയ്‌ സദ്യ ? "
"കേമായി" എന്നു മറുപടി. ഒപ്പം ഒരു അടിക്കുറിപ്പും "പ്രഥമനുണ്ടാക്കാന്‍ പഴമെടുത്ത വാഴയ്ക്ക്‌ ഒരു നന കൂടി വേണമായിരുന്നു." ഊണില്‍ ഏകാഗ്രത അത്രത്തോളമെന്നു കഥ. 
കഥയോ കാര്യമോ, മധ്യകേരളം രുചിയുടെ കാര്യത്തില്‍ ഇപ്പോഴും അത്രയ്ക്കൊന്നും കോംപ്രമൈസിനില്ല. പായസമെന്നാല്‍ പ്രഥമനാണെന്നു പറയുന്നവര്‍ ഇങ്ങോട്ടു വന്നു പാലടപ്രഥമന്റെ രുചിയറിയണം. ഇപ്പോള്‍ പായ്ക്കറ്റ്‌ അട കിട്ടുമെങ്കിലും വീട്ടിലുണ്ടാക്കിയെടുക്കുന്ന അടയുടെ സ്വാദൊന്നു വേറെ തന്നെ. വലിയ വാര്‍പ്പില്‍ വെള്ളം തിളപ്പിച്ചിടും. അരച്ചെടുത്ത അരിമാവ്‌ വാഴയിലയില്‍ പൂശി അതു ചുരുട്ടി വാഴനാരുകൊണ്ടുതന്നെ കെട്ടിവയ്ക്കും. ഇതു തിളച്ച വെള്ളത്തിലിട്ടു വേവിച്ചു പിന്നീടു പച്ചവെള്ളത്തിലേക്കു മാറ്റണം. ഇല പതിയെ മാറ്റി കൈകൊണ്ടു തന്നെ പൊടിച്ചെടുക്കാം. ശര്‍ക്കരപാനിയില്‍ ഈ ഹാന്‍ഡിക്രാഫ്റ്റ്‌ അട. ചേര്‍ത്തു വേവിച്ച ശേഷം മൂന്നാം പാല്‍, രണ്ടാം പാല്‍ ഇങ്ങനെ ചേര്‍ത്തു വെന്തുകഴിഞ്ഞു മൂന്നാം പാല്‍ ചേര്‍ത്തിറക്കിയാല്‍ ഗംഭീര പാലടപ്രഥമന്‍ റെഡി.
പഴപ്പായസത്തിന്‌ പഴം ശര്‍ക്കരപാനിയില്‍ വേവിക്കണം. പഴം നന്നായി ഉടഞ്ഞുചേരാന്‍ വാര്‍പ്പില്‍ വലിയ നാളികേരം തൊണ്ടുകളഞ്ഞ്‌ ഇടുമായിരുന്നത്രേ. വലിയ ചട്ടുകം കൊണ്ട്‌ ഇളക്കിക്കൊണ്ടിരുന്നാല്‍ പഴം വെണ്ണ പോലെ അലിയുമായിരുന്നെന്നു പഴമക്കാര്‍.








സദ്യയില്‍ കുറുക്കുകാളന്റെ റോളും വലുതാണ്‌. പേരുപോലെ കുറുകിയിരിക്കണം. പണ്ടു കാളനു കുറുകല്‍ പാകത്തിനാണോ എന്നറിയാന്‍ കറി ഭിത്തിയിലേക്കു തെറിപ്പിച്ചുനോക്കുമായിരുന്നത്രെ കാരണവന്മാര്‍. കാളന്‍ ഭിത്തിയില്‍ പറ്റിയിരിക്കുകയാണെങ്കില്‍ കുറുകല്‍ പാകമെന്നര്‍ഥം.ഇതെല്ലാം വെട്ടിവിഴുങ്ങിയാല്‍ പാവം വയറു താങ്ങുമോ പരദേവതകളേ എന്നു പ്രാര്‍ഥിക്കാന്‍ വരട്ടെ. ഊണു കഴിഞ്ഞ്‌ ഇഞ്ചിത്തൈര്‌ എന്നൊരു കൂട്ടമുണ്ട്‌. ദഹനപ്രശ്നം പമ്പ കടന്നോളും. തൈരില്‍ ഇഞ്ചിയും പച്ചമുളകും അരിഞ്ഞിട്ട സിംപിള്‍ പ്രിപ്പറേഷന്‍.

മലബാറിന്റെ കൂട്ടുകറി, അവിയലും
കൂട്ടുകറി, തേങ്ങ വറുത്തരച്ച സാമ്പാര്‍, തൈരു ചേര്‍ത്ത അവിയല്‍ ഇങ്ങനെ രുചി മാറുന്നു മലബാറില്‍. കൂട്ടുകറിക്കു കടല തലേദിവസം തന്നെ വെള്ളത്തിലിട്ടു വയ്ക്കും. പിറ്റേന്നു പച്ചക്കായ, ചേന ഇതെല്ലാം ചേര്‍ത്തു വേവിച്ചു കുരുമുളകും അധികം മൂക്കാതെ വറുത്ത തേങ്ങയും ചതച്ചെടുത്തു ചേര്‍ത്തു വെള്ളം വറ്റിച്ചു കുറുക്കിയെടുക്കുന്നതാണ്‌ ഈ സ്പെഷല്‍ കൂട്ടുകറി. തേങ്ങാക്കൊത്തും മുളകും കറിവേപ്പിലയും താളിച്ചിടുകയും ചെയ്യും. പഴം കാളനും മലബാറിന്റെ ഓണം സ്പെഷലാണ്‌. അധികം പഴുക്കാത്ത പഴം, പച്ചമുളക്‌, വെളുത്തുള്ളി, ഉപ്പ്‌ ഇതെല്ലാം കൂടി വേവിച്ചെടുക്കും. തേങ്ങ അരച്ചെടുക്കുന്നതു തൈരിലാണ്‌. വെള്ളം വേണ്ടേ വേണ്ട. ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും ജീരകവും ചേര്‍ത്തു കുറുക്കിയെടുത്താല്‍ മലബാര്‍ സ്പെഷല്‍ പഴംകാളന്‍ തയാര്‍.
പായസം അരികൊണ്ടും ഗോതമ്പുംകൊണ്ടും ഉണ്ടാക്കാറുണ്ട്‌. എന്നാലും പാലടയ്ക്കാണു പ്രാധാന്യം. ഓണമായെന്നു കരുതി മലബാറുകാര്‍ക്കു വെജ്‌, നോണ്‍വെജ്‌ എന്നു വേര്‍തിരിവൊന്നുമില്ല. മീനും ചിക്കനും പലയിടത്തും തിരുവോണത്തിനും വിളമ്പും. കാരണം വിശേഷ ദിവസമാണല്ലോ. പൊന്നോണത്തിന്‌ എന്തിനാ ആഘോഷം കളഞ്ഞു വെജിറ്റേറിയന്‍ കഴിക്കുന്നതെന്നു ചിന്തിച്ചാല്‍ കുറ്റം പറയാനും പറ്റില്ലല്ലോ.





അച്ചാറിടാന്‍ ഓണനാരങ്ങ
അച്ചാറുകളുടെ കൂട്ടത്തില്‍ സ്പെഷലാണ്‌ ഓണനാരങ്ങ കൊണ്ടുള്ള അച്ചാര്‍. താരതമ്യേന ലേശം കയ്പുള്ള കക്ഷി പക്ഷേ ഓണനാളുകളിലെ താരമാണ്‌. ഓണനാരങ്ങ അരിഞ്ഞെടുത്തു പച്ചമുളകും ഉപ്പും ചേര്‍ത്തു തിളപ്പിച്ചു കടുകു വറുത്തിടുകയാണു ചെയ്യുന്നത്‌. മുളകുപൊടിയിട്ട്‌ എരിയിക്കില്ല പാവത്തിനെ. പകരം പച്ചമുളകിന്റെ നേരിയ എരിവും ചെറിയ മഞ്ഞനിറവും മാത്രം. 
ഇങ്ങനെ പോകുന്നു തെക്കിന്റേയും വടക്കിന്റേയും-മധ്യ ( സോറി മദ്യമല്ല .) കേരളത്തിന്റേയും ഓണ രുചികള്‍
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP