Friday, 8 April 2011

ചാത്തുക്കുട്ടിച്ചേട്ടന്‌ പകരം നല്‌കാന്‍.........

ഷാജി മുള്ളൂക്കാരന്‍

എന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ അത് പഴയ കാലത്തെ കുറിച്ച് മാത്രമാണുള്ളത്... എഴുതിയാലും പറഞ്ഞാലും തീരാത്ത ഓര്‍മ്മകള്‍... കൊച്ചു കൊച്ചു സന്തോഷങ്ങള്‍....അതിലേറെ കഷ്ട്ടപ്പാടുകള്‍....



വല്ല്യ തറവാട്ടു വീട്ടില്‍ അമ്മമ്മയും അവരുടെ മക്കളും മക്കളുടെ മക്കളും ഒക്കെ ആയി പത്തിരുപത് അംഗങ്ങള്‍. കൊയ്തും മെതിയും ഒക്കെ ആയി സുഭിക്ഷമായ കാലം. വൈകീട്ട് ഏഴു മണിയായാല്‍ നീളമുള്ള അടുക്കളയില്‍ എല്ലാര്‍ക്കുമായി നിരത്തി വച്ച ഓട്ടു കിണ്ണങ്ങളില്‍ അമ്മമ്മ വിളമ്പുന്ന ചോറും കറികളും....




ആ സന്തോഷമൊക്കെ അഞ്ച് - ആറ് വയസ്സോടെ കഴിഞ്ഞു....കുടുംബത്തിലെ പടലപ്പിണക്കങ്ങള്‍.... വയലും കൈപ്പാട് നിലവുമൊക്കെ തരിശായി തുടങ്ങി... പത്തായം ഒഴിഞ്ഞു....മാമന്മാര്‍ വേറെ താമസം തുടങ്ങി... അമ്മമ്മയും വല്യമ്മയും അവരുടെ നാല് മക്കളും വേറെ ഒരു മാമനും തറവാട്ടില്‍ ഒന്നിച്ച്. തറവാട്ടില്‍ തന്നെ വേറെ ഒരു ഭാഗത്ത്‌ ചായ്പ്പുണ്ടാക്കി അവിടെയായി അച്ഛനും അമ്മയും അനിയനും ഞാനും പൊറുതി....





കള്ള് ചെത്തുകാരനായ അച്ഛന്‍ അസുഖമായി കിടപ്പിലായതിനാല്‍ വീട്ടില്‍ തീ പുകയാന്‍ വകുപ്പില്ലാത്ത കാലം....അമ്മയും അച്ഛനും കണ്ടു ഇഷ്ട്ടപ്പെട്ടു കല്ല്യാണം കഴിച്ചതിനാല്‍ അഭിമാനികളായ വല്ല്യച്ചന്മാര്‍ പിണങ്ങി കഴിയുന്നു. അമ്മ വല്ലയിടത്തും കൂലിപ്പണിക്ക് പോയി കൊണ്ട് വരുന്നതില്‍ നിന്നാണ് അച്ഛനും അമ്മയും ഞാനും അനിയനും വിശപ്പടക്കിയിരുന്നത്.... റേഷന്‍ കട വഴി കിട്ടിയിരുന്ന അരിയും ഗോതമ്പും കൊണ്ടുള്ള കഞ്ഞിയാണ് ആശ്വാസം.കറി എന്ന് പറയാന്‍ ഉണക്ക മുളക് ചുട്ട് ഉപ്പും ചേര്‍ത്തുള്ള ചമ്മന്തി.... സ്കൂളില്‍ പോയാല്‍ ആരും കാണാതെ ഒരു മൂലയ്ക്ക് മാറിയിരുന്നു ഇലയില്‍ പൊതിഞ്ഞെടുത്ത റേഷനരി ചോറും ഉണക്ക മുളകും കൂട്ടിയുള്ള "മൃഷ്ടാന്ന ഭോജനം". വൈകീട്ട് സി ആര്‍ സി വായനശാലയില്‍ നിന്നും കിട്ടുന്ന സര്‍ക്കാര്‍ വക ഉപ്പുമാവും.





പത്തു വയസ്സുള്ളപ്പോഴാണ് സംഭവം, അമ്മായിയുടെ ആങ്ങള തറവാട്ടില്‍ വിരുന്നു വന്നു.... വാടകയ്ക്ക് സൈക്കിള്‍ കിട്ടുന്ന കാലം... അദ്ദേഹം ഒരു സൈക്കിള്‍ വാടകക്കെടുത്തു എന്നേം കൊണ്ട് നാടുകാണാന്‍ ഇറങ്ങി... പിന്നിലെ സ്റാന്‍ടില്‍ ഇരുന്ന എന്റെ ഇടാതെ കാല്, അറിയാതെ പിന്നിലെ ചക്രത്തിന്റെ കമ്പികള്‍ക്കിടയില്‍ കുടുങ്ങി. തൊലി പൊളിഞ്ഞു പോയി. മൂന്നാഴ്ച കാല് നിലത്തു വെക്കാന്‍ പറ്റിയില്ല. അടുത്തുള്ള ആശുപത്രി എന്ന് പറയാവുന്നത്, നാട്ടില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെ തളിപ്പറമ്പില്‍. ബസ്സിന് കൊടുക്കാനുള്ള അമ്പതു പൈസ (ചിലപ്പോള്‍ അത് ലാഭിക്കാനായിരിക്കും :-( )ഇല്ലാത്തതിനാല്‍ പത്തു വയസ്സായ എന്നേം ചുമന്ന് അമ്മ ഒന്നിടവിട്ട ദിവസങ്ങളില്‍ തളിപ്പറമ്പിലെ ഡോക്റ്ററെ കാണിക്കാന്‍ പോകും. തിരിച്ച് വരുന്നതും അതുപോലെ തന്നെ. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അമ്മയുടെ കയ്യില്‍ നയാ പൈസയില്ല.... വീട്ടില്‍ ആകെ ഉള്ളത് മൂന്നു നാല് ഓട്ടു കിണ്ടികളും കിണ്ണങ്ങളും.... അമ്മ അതെല്ലാം ഒരു ചാക്കില്‍ വാരിയെടുത്ത് എന്നേം എടുത്തു അയല്‍പക്കത്തുള്ള ചാത്തുക്കുട്ടി ചേട്ടന്റെ വീട്ടിലേക്കു പോയി....അത് പണയമായി എടുത്തു നൂറു രൂപ കടം ചോദിച്ചു. ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നത്‌.... ആ മനുഷ്യന്‍ മുന്നൂറു രൂപ അമ്മയുടെ കയ്യില്‍ കൊടുത്ത് പണയമായി കൊണ്ടുപോയ സാധനങ്ങള്‍ തിരിച്ചെടുത്തു പോകാന്‍ പറഞ്ഞതും ഓര്‍മ്മയിലുണ്ട്....





കാലം നമുക്കായി കരുതി വച്ച തമാശ എന്നത് പോലെ.... വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന് അതിനൊരു പ്രത്യുപകാരം ചെയ്യാന്‍ കഴിഞു എനിക്ക്.... ജോലി കിട്ടി പാലക്കാട്‌ വന്നപ്പോള്‍ ഞാന്‍ താമസിക്കുന്നത് കമ്പനി വാടകക്കെടുത്ത ഒരു വലിയ വീട്ടില്‍ ഒറ്റയ്ക്ക്. ഒരു ദിവസം വൈകീട്ട് ഒരു ഫോണ്‍. ചാത്തുക്കുട്ടി ചേട്ടന്‍. ഇദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് ട്രാന്‍സ്ഫറായി പാലക്കാട് വരുന്നുണ്ട്. കഴിയുമെങ്കില്‍ കുറച്ചു ദിവസം താമസിക്കാനുള്ള സഹായം ചെയ്തു കൊടുക്കണം എന്ന്.... ഞാന്‍ താമസിക്കുന്നയിടത് തന്നെ പുള്ളിയെ താമസിപ്പിച്ചു...കുറച്ചു ദിവസമല്ല ഒന്നര വര്ഷം....അദ്ദേഹം പാലക്കാട്‌ നിന്നും പോകുന്നത് വരെ. അന്ന് എന്റെ അമ്മയ്ക്ക്, എനിക്ക് അദ്ദേഹം ചെയ്ത സഹായത്തിന് മുന്നില്‍ ഞാന്‍ ചെയ്തത് ഒന്നുമല്ല എന്നറിയാം...



എങ്കിലും.... ഓര്‍ക്കാതിരിക്കുന്നതെങ്ങിനെ... ഇതൊക്കെ....?
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP