Friday, 3 September 2010

വളര്‍ത്തുമൃഗങ്ങള്‍ വഴിയിലുപേക്ഷിക്കപ്പെടുമ്പോള്‍...

ബി. അമ്പിളി

മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടുവരുന്ന എനിക്ക്‌ വഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന നായ, പൂച്ച എന്നിവയെ കിട്ടുന്നത്‌ പതിവാണ്‌.
ഇത്തവണ തീര്‍ത്തും വ്യത്യസ്‌തമായി എത്തിയത്‌ ഒരു ആട്ടിന്‍കുട്ടിയായിരുന്നു. വെളുത്ത നിറത്തോടെ കണ്ണിന്‌ മുകളിലൂടെ ചെവിയുടെ ഇരുവശങ്ങളിലേക്കും വളര്‍ന്നിറങ്ങിയ ചെമ്പന്‍ രോമങ്ങളുമായി പിറന്നിട്ട്‌ ആഴ്‌ചകള്‍ മാത്രം പ്രായമായ ഒരു പെണ്‍ ആട്ടിന്‍കുട്ടി. പറവൂരിന്‌ അടുത്ത്‌ കെടാമംഗലം എന്ന സ്ഥലത്ത്‌ ചപ്പ്‌കൂനയില്‍ കിടക്കുകയായിരുന്നു എന്ന്‌ പറഞ്ഞാണ്‌ രണ്ട്‌ പേര്‍ ഇതിനെ ഞങ്ങളുടെ ഓഫീസില്‍ എത്തിച്ചത്‌.



പിന്‍കാലുകള്‍ മടക്കാനാവാതെ നടക്കുവാന്‍ സാധിക്കാത്ത രീതിയിലായിരുന്നു ഇവള്‍. എന്നാല്‍ പൂര്‍ണ്ണ ആരോഗ്യവതിയും. ഈ മാസം 5ന്‌ മൂന്ന്‌ മണിയോടെയാണ്‌ ഇവള്‍ വന്നത്‌, പെണ്‍ ആടാണെങ്കില്‍ കൂടി ഞാന്‍ അവളെ `ആട്ടൂട്ടാ' എന്ന്‌ സ്‌നേഹത്തോടെ വിളിച്ചു. ആദ്യമൊന്നും പ്രതികരിച്ചില്ലെങ്കിലും, എന്നെ പോലും അദ്‌ഭുതപ്പെടുത്തികൊണ്ട്‌ മണിക്കൂറുകള്‍ക്കുള്ളില്‍ എന്റെ വിളിക്ക്‌ മറുപടിയെന്നപോലെ അവള്‍ നീട്ടി കരഞ്ഞ്‌ തുടങ്ങി!
പ്രാഥമിക പരിശോധനയ്‌ക്ക്‌ ശേഷം ഞങ്ങളുടെ സംഘടനയുടെ ഹോണററി വെറ്റിനറി സര്‍ജനെ വിളിച്ച്‌ ഞാന്‍ വിവരങ്ങള്‍ പറഞ്ഞു. വിവരണങ്ങള്‍ കേട്ട അദ്ദേഹം സംശയലേശമന്യേ മറുപടി നല്‍കി, ടെറ്റനസ്‌ ബാധിച്ചതാവാം, രക്ഷയില്ല...എന്തെങ്കിലും മുറിവുകള്‍ ഉണ്ടോ?. ഇല്ല ഡോക്‌ടര്‍, ഞാന്‍ ശരീരം മുഴുവന്‍ എക്‌സാമിന്‍ ചെയ്‌തതാണ്‌...എങ്കില്‍ ജനന സമയത്ത്‌ പൊക്കിള്‍ കോടി മുറിച്ചതിലൂടെ സംഭവിച്ചതാകാം, കാലുകളും, ചെവികളും നിവര്‍ന്ന രീതിയിലാണെങ്കില്‍ മാരകമായി കഴിഞ്ഞു. ചാന്‍സ്‌ കുറവാണ്‌, എങ്കിലും വൈറ്റമിന്‍ സപ്ലിമെന്റായ ........................നല്‍കൂ, നാളെ ആശുപത്രിയില്‍ കൊണ്ടുവരണം, പശുവിന്‍ പാലില്‍ ഇരട്ടി വെള്ളം ചേര്‍ത്ത്‌ നന്നായി തിളപ്പിച്ച്‌ ആറ്റി നല്‍കികൊള്ളൂ...



ഞാന്‍ അതുപോലെ ചെയ്‌തു. പക്ഷെ സപ്ലിമെന്റ്‌ കലര്‍ത്തി കുപ്പിയിലാക്കിയ പാല്‍ ആട്ടൂട്ടന്‌ ഇഷ്‌ടമായില്ല. അത്‌ മാറ്റി പുതിയത്‌ നല്‍കിയപ്പോള്‍ ആര്‍ത്തിയോടെ വലിച്ച്‌ കുടിച്ചു. പ്ലാവില ചെറുതായി മുറിച്ച്‌ നല്‍കിയതും കഴിച്ചു. നായ്‌ക്കള്‍ക്കായുള്ള വലിയ കെന്നലില്‍ തുണിവിരിച്ച്‌ ഞാന്‍ അവളെ കിടത്തി. വെളിയിലൂടെ നായ്‌കുട്ടികള്‍ ഓടി നടക്കുന്നു, അത്‌ കണ്ടിട്ടാവണം ആട്ടൂട്ടന്‌ എഴുന്നേറ്റോടാന്‍ വെമ്പലായിരുന്നു...പക്ഷെ എന്റെ നായ്‌കുട്ടികള്‍ക്ക്‌ (അവരും തെരുവില്‍ നിന്ന്‌ വന്നവര്‍ തന്നെ) ഇതൊന്നും ഇഷ്‌ടപെടുന്നുണ്ടായിരുന്നില്ല. ഞാന്‍ ആട്ടൂട്ടനെ നീട്ടിവിളിക്കുന്നതും, അവളുടെ കൂട്ടില്‍ സമയം ചിലവഴിക്കുന്നതും നായ്‌കുട്ടികളെ രോഷാകുലരാക്കി. പ്രതിഷേധ പ്രകടനമെന്നോണം ആട്ടൂട്ടനെ അടച്ചിട്ട കെന്നലിനു മുന്നില്‍ അവര്‍ റിലേ കുര നടത്തികൊണ്ടിരുന്നു...
പിറ്റെദിവസം രാവിലെ തന്നെ ഞാന്‍ ആട്ടൂട്ടനെ ആശുപത്രിയില്‍ ഹാജരാക്കി. പരിശോധന നടത്തിയ വെറ്റ്‌ (മൃഗ ഡോക്‌ടര്‍മാരെയാണ്‌ വെറ്റ്‌ എന്ന്‌ പറയുന്നത്‌) പറഞ്ഞു, ടെറ്റനസ്‌ ബാധിച്ചത്‌ തന്നെ, രക്ഷയില്ല, എങ്കിലും.....ഇഞ്ചക്ഷന്‍ നല്‍കി, രണ്ട്‌ ദിവസം കൂടി നല്‍കണമെന്ന്‌ പറഞ്ഞ്‌ മരുന്ന്‌ എന്റെ കൈയ്യില്‍ തന്ന്‌ വിട്ടു. എന്നിട്ടും പ്രതീക്ഷയോടെ കെന്നലിനുള്ളില്‍ തുണിമെത്തയില്‍ കിടത്തി ആട്ടൂട്ടനെ ഞാന്‍ പരിചരിച്ചു. പഴം ചെറിയ കഷണങ്ങളാക്കി ഞെരടി വായില്‍ വച്ച്‌ നല്‍കുമ്പോള്‍ അവള്‍ ആര്‍ത്തിയോടെ വാങ്ങി കഴിച്ചു. വിശന്നാല്‍, ദാഹിച്ചാല്‍, മൂത്രമൊഴിച്ച്‌ തുണി നനഞ്ഞാല്‍, എന്നെ കാണാതായാല്‍, വെളിയില്‍ പോകാന്‍....ഒക്കെ എന്നെ വിളിക്കുന്നതുപോലെ നീട്ടി കരയും.




എന്റെ തിരക്കേറിയ പത്രപ്രവര്‍ത്തന ജോലിക്കിടെ സമയം കിട്ടിമ്പോഴെല്ലാം ഞാന്‍ അവളുടെ അടുത്ത്‌ ഓടിവന്നു. രണ്ട്‌ ദിവസം കൊണ്ട്‌ എന്റെ നായ്‌കുട്ടികളായ ഉത്തമനം, മേനുവും, തിലോത്തമയും മനസ്സിലാക്കി, ഞാന്‍ എവിടെയെങ്കിലും പോയിവന്നാല്‍ ആദ്യം എത്തുന്നത്‌ ആട്ടൂട്ടനെ കിടത്തിയിരിക്കുന്ന കൂടിനടുത്തേക്കാണെന്ന്‌, അതിനാല്‍ അവര്‍ ആ കൂടിന്‌ മുന്നില്‍ നിന്ന്‌ സ്‌നേഹപ്രകടനങ്ങള്‍ നടത്തുവാന്‍ തുടങ്ങി. ചിലപ്പോഴെല്ലാം അതിനകത്ത്‌ എന്റെ കൂടെ കയറാന്‍ നോക്കി(ഞാന്‍ സമ്മതിച്ചില്ല). ആട്ടൂട്ടനെ കൂടിന്‌ വെളിയില്‍ ഇറക്കി പ്രതീകാത്മകമായി നടത്തിക്കുന്നതുപോലെ ചെയ്യുമ്പോള്‍ നായകുട്ടികള്‍ അനുസരണയോടെ ദൂരെ മാറി നിന്ന്‌ നോക്കി!!




നായ്‌ക്കളാണ്‌ ഏറ്റവും സെന്‍സുള്ള മൃഗങ്ങള്‍ എന്ന എന്റെ ധാരണ ആട്ടൂട്ടന്‍ തിരുത്തി. ഞാന്‍ അടുത്തിരുന്ന്‌ തലയില്‍ തലോടി ഭക്ഷണം നല്‍കുമ്പോള്‍ വര്‍ത്തമാനം പറഞ്ഞും ഓടിനടക്കാനാവാത്ത അവളുടെ ദു:ഖം അകറ്റാന്‍ ശ്രമിക്കുമ്പോള്‍ അവളുടെ ഓരോ ഭാഗങ്ങളും മരിക്കുകയായിരുന്നു എന്ന സത്യം ഉള്‍ക്കൊള്ളാന്‍ എനിക്ക്‌ മടിയായിരുന്നു. ആട്ടൂട്ടന്‍ കുറച്ച്‌ ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍, ഞാന്‍ ഡോ. വിളിക്കും, സര്‍....ഇന്ന്‌ ഇങ്ങനെ...ഡോ. ക്ഷമയോടെ കേള്‍ക്കും, എന്നിട്ട്‌ പറയും, രക്ഷയില്ല, എങ്കിലും ട്രൈ യുവര്‍ ലെവല്‍ ബെസ്റ്റ്‌, ചിലപ്പോഴൊക്കെ എന്റെ അന്വോഷണങ്ങള്‍ അതിരുവിടുമ്പോള്‍ ക്ഷമകെട്ട്‌ ദേഷ്യപ്പെടും, എങ്കിലും ആട്ടൂട്ടനെ രക്ഷിക്കുവാന്‍ വഴിയുണ്ടോ എന്ന എന്റെ അന്വോഷണവുമായി എനിക്ക്‌ അറിയാവുന്ന എല്ലാ വെറ്റ്‌സിനെയും ഞാന്‍ വിളിച്ചു, ടെറ്റനസ്‌ മാരകമായാല്‍ രക്ഷയില്ലെന്നായിരുന്നു എല്ലാവരുടെയും മറുപടി. പക്ഷെ ഞാന്‍ പ്രതീക്ഷ കൈവിട്ടില്ല. കാരണം നട്ടെല്ലിന്‌ പരിക്കേറ്റ്‌ ഒരിക്കല്‍ എന്റെ അടുത്തെത്തി ഡോക്‌ടര്‍മാര്‍ കൈവിട്ട നായയെ ചികിത്സയിലൂടെയും, ഫിസിയോ തെറാപ്പിയിലൂടെയും ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവന്നു, മിറാക്കിള്‍ പോലെ ജീവിതത്തിലേക്ക്‌ തിരികെ വന്ന അവനെ ഞാന്‍ വിക്‌ടര്‍ എന്ന്‌ പേരിട്ട്‌ വിളിച്ചു... അതുപോലെ ഒരു മിറാക്കിള്‍ ആട്ടൂട്ടനും....



ഞാന്‍ ഇഞ്ചക്ഷന്‍ നല്‍കുമ്പോള്‍ ചെറുതായി അവള്‍ കരയും, തുടര്‍ന്ന്‌ അവളുടെ നെറ്റിയില്‍ തലോടി ആശ്വസിപ്പിക്കമ്പോള്‍ വാലാട്ടി, തലകുടഞ്ഞ്‌ തിരികെ സ്‌നേഹം പ്രകടിപ്പിക്കും. ടെറ്റനസിന്റെ ഏറ്റവും ഭയാനകമായ സ്ഥിതിവിശേഷമത്രെ അതിന്റെ ഓവര്‍ സെന്‍സിറ്റിവിറ്റി? ഓരോ ശരീരഭാഗങ്ങള്‍ മരിക്കുമ്പോഴും ഒരു കൊതുക്‌ കടിക്കുന്നതുപോലും അവയ്‌ക്ക്‌ അസഹനീയമാവും, ഞാന്‍ ആട്ടൂട്ടന്റെ അടുത്ത്‌ എത്തുന്ന ഓരോ നിമിഷവും അവള്‍ക്ക്‌ അറിയാന്‍ കഴിഞ്ഞത്‌ ഈ ഓവര്‍ സെന്‍സിറ്റിവിറ്റി മൂലമാവണം. ഓരോ ദിവസത്തെയും സ്റ്റാറ്റസ്‌ ഞാന്‍ വെറ്റ്‌സിനെ വിളിച്ച്‌ അപ്‌ഡേറ്റ്‌ ചെയ്യുമ്പോള്‍ അവര്‍ മൗനികളായിരുന്നത്‌ എന്താണെന്ന്‌ പിന്നീടുള്ള ദിവസങ്ങളില്‍ എനിക്ക്‌ മനസ്സിലായി തുടങ്ങി...




ആട്ടൂട്ടന്‍ എന്റെ അടുത്തെത്തിയ ഏഴാം നാള്‍ മുതല്‍ അവളുടെ അതുവരെയുണ്ടായിരുന്ന ഉത്സാഹങ്ങള്‍ പതിയെ മറഞ്ഞ്‌ തുടങ്ങി. പഴം പോലും തിന്നുന്നത്‌ ഇല്ലാതായി, കുപ്പിയില്‍ നല്‍കുന്ന പാല്‍ ഒന്നോ രണ്ടോ തുള്ളി ഇറക്കുന്നത്‌ പോലും അവള്‍ക്ക്‌ വേദനാജനകമായി തുടങ്ങി. വിശന്നുള്ള നേര്‍ത്തകരച്ചില്‍...ഭക്ഷണം ഇറക്കാനാവതെയുള്ള അവസ്ഥ...ശരീരത്തില്‍ തൊടുന്നതുപോലും അവള്‍ക്ക്‌ വേദനാജനകമായി തോന്നി, ദയനീയമായ കരച്ചില്‍, എന്നാലും സിറിഞ്ചിലും, ഫില്ലറിലുമായി കഞ്ഞിവെള്ളത്തിന്റെ തുള്ളികളും, പാല്‍ തുള്ളികളും മിനിറ്റുകള്‍ ഇടവിട്ട്‌ നല്‍കി. വീണ്ടും വെറ്റിനെ വിളിച്ചു...ഇല്ല, ഒന്നും ചെയ്യനാനില്ല, നമ്മുക്ക്‌ യുത്തനേഷ്യ ചെയ്‌താലോ, ഞാന്‍ പറഞ്ഞു, വേണ്ട...നോക്കാം.




തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാത്രിയും പകലും ഇടവിട്ടുള്ള ഇടവേളകളില്‍ ഞാന്‍ ആട്ടൂട്ടനെ പരിചരിച്ചു, എന്റെ സാമീപ്യം അവള്‍ക്ക്‌ ആശ്വാസമായി തോന്നി, കുട്ടികള്‍ അമ്മേ എന്ന്‌ വിളിക്കുംപോലെ നേര്‍ത്ത്‌ നേര്‍ത്ത്‌ വരുന്ന ശബ്‌ദത്തില്‍ അവള്‍ എന്നെ വിളിക്കും പോലെ എനിക്ക്‌ തോന്നി. അവളുടെ ശ്വാസനാളിയിലും, കണ്ണുകളിലും മാത്രം തങ്ങിനിന്ന ജീവന്റെ തുടിപ്പുകള്‍ നിലനിര്‍ത്താന്‍ ഞാന്‍ അല്‌പാല്‍പ്പമായി നല്‍കിയ വെള്ളത്തുള്ളികള്‍ വേദനയോടെ ആട്ടൂട്ടന്‍ ഇറക്കുമ്പോള്‍ എന്റെ കണ്ണുകള്‍ പലപ്പോഴും നിറഞ്ഞിരുന്നു. ആട്ടൂട്ടന്‍ എന്റെ അടുത്തെത്തി പത്താനാള്‍, രാത്രിയിലെ ഇടവിട്ടിള്ള ഉണരിലിന്റെ ക്ഷീണത്തില്‍ രാവിലെ അല്‌പം വൈകി എഴുന്നേറ്റ്‌ ഞാന്‍ ആട്ടൂട്ടന്റെ കൂടിന്‌ സമീപം ചെന്നു, എന്നെ നോക്കുന്ന പോലെ കണ്ണ്‌ തുറന്നിരിക്കുന്നു, ഞാന്‍ സൂക്ഷിച്ചുനോക്കി...ഹോ...ശ്വാസമുണ്ട്‌, സമാധാനമായി, തിരികെ പോയി ഫില്ലറില്‍ വെള്ളമെടുത്ത്‌ എത്തിയ ഞാന്‍ ഷോക്കേറ്റപോലെ നിന്നുപോയി, കണ്ണുകള്‍ തുറന്ന്‌, ശ്വാസം നിലച്ച്‌, നിമിഷങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ കണ്‍മുമ്പില്‍ വലിച്ചത്‌ ആട്ടൂട്ടന്റെ അവസാന ശ്വാസമായിരുന്നു, എന്നെ കാത്തിരുന്നെന്നപോലെ....




ആട്ടൂട്ടന്‍ സുഖംപ്രാപിക്കുമെന്നും, എഴുന്നേറ്റ്‌ ഓടിച്ചാടി പട്ടികുട്ടികളുമായി ചങ്ങാത്തം കൂടി കളിക്കുമെന്നും എന്റെ മകനെ ഞാന്‍ വിശ്വസിപ്പിച്ചിരുന്നു(എന്നെയും). എത്രയോ അനാഥരും, സനാഥരുമായ നായ്‌ക്കളും പൂച്ചകളും എന്റെ കൈകളില്‍ കിടന്ന്‌ മരിച്ചിരിക്കുന്നു, നിസ്സഹായയായി നോക്കി നില്‍ക്കുമ്പോള്‍ തോന്നാത്ത ഹൃദയവേദനയാണ്‌ ആട്ടൂട്ടന്റെ മരണം എനിക്ക്‌ നല്‍കിയത്‌. മുജ്ജന്മ പാപമായിരിക്കാം ആട്ടൂട്ടന്റെ ഈ മരണം...ഞാന്‍ ചിന്തിച്ചുപോയി, നമ്മുക്കാണ്‌ ഈ അവസ്ഥയെങ്കിലോ...
ഇതിവിടെ കുറിക്കുവാന്‍ കാരണവും ആ ചിന്തയാണ്‌. മൃഗങ്ങളല്ലെ എന്ന്‌ കരുതി അവരോട്‌ കാണിക്കുന്ന മനുഷ്യത്വമില്ലായ്‌മയാണ്‌ ആട്ടൂട്ടനെ പോലുള്ള ജീവികളുടെ ഇത്തരം അവസ്ഥയ്‌ക്ക കാരണം. ടെറ്റനസ്‌ എന്ന അവസ്ഥ മുറിവിലൂടെ മാത്രം സംഭവിക്കുന്ന ഒന്നാണ്‌, ജനിക്കുമ്പോള്‍ അമ്മ ആടില്‍ നിന്നും വേര്‍തിരിക്കുവാന്‍ പൊക്കിള്‍കൊടി മുറിച്ചപ്പോള്‍ സംഭവിച്ച അശ്രദ്ധ...മറ്റൊരു മുറിവും ആട്ടൂട്ടന്റെ ദേഹത്ത്‌ ഇല്ലായിരുന്നു. മൃഗഡോക്‌ടര്‍മാരുടെ അശ്രദ്ധയാണ്‌ പലപ്പോഴും ഇതിന്‌ കാരണം.




എന്റെ മൃഗക്ഷേമ പ്രവര്‍ത്തനത്തിന്റെ ഊര്‍ജ്ജം തന്നെ ഒരു പറ്റം നിസ്വാര്‍ത്ഥ സേവന തല്‍പരരായ മൃഗഡോക്‌ടര്‍മാരാണെങ്കിലും, ഭൂരിഭാഗം പേരും അവരുടെ പ്രൊഫഷനോട്‌ തീരെ ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്നതാണ്‌ സത്യം. തീര്‍ന്നില്ല, ഇത്തരം ഒരു അപകടം സംഭവിച്ച സ്ഥിതിക്ക്‌ ആട്ടൂട്ടനെ അതിന്റെ മരണം വരെ തള്ളയാടിന്റെ കൂടെ വിടാതെ ചപ്പുകൂനയില്‍ തള്ളുവാന്‍ തയ്യാറായ ഏതോ വീട്ടുകാര്‍....ഇത്‌ നാളെ മനുഷ്യകുഞ്ഞുങ്ങളോട്‌ ചെയ്യില്ലെന്ന്‌ ആര്‌ കണ്ടു....



മൃഗസംരക്ഷണം ഉറപ്പാക്കേണ്ടത്‌ നാളത്തെ മനുഷ്യരുടെ നന്മയ്‌ക്ക്‌ കൂടിയാണ്‌...ഏതോ മുജ്ജന്മ ബന്ധം പോലെ എന്റെ അടുത്തെത്തിയ ആട്ടൂട്ടന്‌ വേദനയോടെ അര്‍പ്പിക്കുന്ന കണ്ണീര്‍പൂക്കള്‍ക്കൊപ്പം ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ഇനിയും ആട്ടൂട്ടന്‍മാര്‍ ഇത്തരത്തില്‍ നരകിക്കപെടാതിരിക്കട്ടെ....
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP