Monday 19 September 2011

മറന്നുവച്ചത്

സ്വപ്‌നനായര്‍ മുംബൈ.




പോരാനുറച്ചപ്പോള്‍
പുഴയെ ആദ്യമെടുത്തു
വലിയ ഹാളിന്റെ മൂലയ്ക്ക്
കുറെ സ്വര്‍ണമീനുകളെയുമിട്ടുകൊടുത്തു
പെട്ടിയിലടച്ചു വച്ചു
അതിരാവിലെ
 അണ്ണാറക്കണ്ണന്‍മാര്‍
പൊങ്ങച്ചം പറയുന്ന
മരച്ചില്ലകളുെട ഫോട്ടോ
ചില്ലിട്ടു വച്ചു
കണ്ണാന്തളിയും കൈനാറിയും
കമ്പ്യുട്ടറിന്റെ ഡിസ്പ്ളെയില്‍ 
വാടാതെയിരുന്നു
അഞ്ചരയുടെ ഭക്തിഗാനങ്ങള്‍
മെമ്മറി കാര്‍ഡിനുള്ളിലേക്ക്‌
ഇരച്ചുകയറി
പിണക്കം കാണിച്ചെങ്കിലും
മുത്തശ്ശി കാറിനടുത്ത് വന്നു 
കൈവീശി
ആകാശചെരുവിലേക്കുള്ള 
യാത്രക്ക് ആക്കം കൂടുമ്പോള്‍ 
മറന്നു വച്ചതെന്തെന്നു
എപ്പൊഴും ഓര്‍മ്മിപ്പിക്കുന്ന  മനസ്സ്
മച്ചിലൊളിച്ചിരുന്നു
എന്നെ കൊഞ്ഞനം കാട്ടി 



                                                            സ്വപ്‌നനായര്‍ മുംബൈ.

എറണാകുളം ജില്ലയില്‍ അങ്കമാലിക്കടുത്ത് കറുകുറ്റി എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം. കറുകുറ്റി സെന്റ്‌.ജോസഫ്‌ കോണ്‍വെന്റ് സ്കൂള്‍, കാലടി ശ്രീ ശങ്കര കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭാസം.സ്കൂള്‍ തലം മുതല്‍ കവിതകള്‍ എഴുതി വരുന്നു. ഒട്ടേറെ ആനുകാലികങ്ങളിലും ഹരിതകം പോലുള്ള ബ്ലോഗുകളിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ മുംബൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി. പത്തു വര്‍ഷത്തോളമായി മുംബൈ ‍ സാഹിത്യ രംഗത്ത് സജീവം ഭര്‍ത്താവ്‌ സുനില്‍ കുമാര്‍. മകന്‍ അഭിജിത്‌.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP