Thursday 22 September 2011

തഥാഗതം


പ്രസീദ പത്മ

ദുരിതങ്ങളില്‍ കരംകൊരുത്തൊപ്പമെത്തിയ
സഹയാത്രികയ്ക്ക്‌
അയാള്‍ നല്‍കിയത്‌
ദലങ്ങള്‍ വാടാത്ത സങ്കടങ്ങള്‍..
നിണക്കറ മാറാത്ത നൊമ്പരങ്ങള്‍..
ഔപചാരികത തീണ്ടാത്ത വിങ്ങലുകള്‍..
ഉടഞ്ഞ സ്ഫടികാക്ഷരങ്ങളാലെഴുതിയ
തിരസ്കാരങ്ങളുടെ മഹാകാവ്യം;
കണ്ണീരുറഞ്ഞ വാങ്മയങ്ങള്‍.


അവയൊക്കെയും
പ്രാണനോടുചേര്‍ത്തൊരു
നിറകണ്‍ചിരിയായ്‌
അവള്‍ ചോദിച്ചു:
'ആരും കുരിശില്‍നിന്നിറങ്ങി വരില്ലെന്നും
അവന്റെ മുറിവുകള്‍ കാണിച്ചുതരില്ലെന്നും
ആവശ്യമുണ്ടെങ്കിലും ദൈവം നമ്മോടു സംസാരിക്കില്ലെന്നും'
നീ എന്തിനാണെന്നോട്‌
കള്ളം പറഞ്ഞത്‌ ?

ഓര്‍മ്മയുറച്ചതിന്‌ ശേഷം
അന്നാദ്യമായ്‌
അയാള്‍ക്കയാളോട്‌
പരമപുച്ഛം തോന്നി
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP