Friday 29 July 2011

മാണിയും ഭൂമിയും.


എസ്‌.എ അജിംസ്‌

ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റിലെ ഭൂപരിഷ്‌കരണ നിയമത്തിലെ ഭേദഗതി സംബന്ധിച്ച പരാമര്‍ശം കേരളത്തിലെ ഭൂപ്രശ്‌നത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. കഴിഞ്ഞ ആന്റണി സര്‍ക്കാരിന്റെ കാലത്ത്, അന്ന് റവന്യൂ നിയമമന്ത്രിയായിരുന്ന കെ.എം മാണി അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിറ്റിയാണ് 2005ലെ കേരള ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന് നിദാനമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഈ നിയമ ഭേദഗതിയുടെ മറപിടിച്ചാണ് ഈ ബജറ്റില്‍ മാണി വിവാദ പ്രസ്താവന നടത്തിയിട്ടുള്ളത്. വിഷയത്തില്‍ പ്രതിപക്ഷം എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വിഷയത്തില്‍ അവരും കൂട്ടുപ്രതികളാണെന്ന് വസ്തുതകള്‍ വ്യക്തമാക്കുന്നു.




കശുവണ്ടി, മരുന്നു ചെടികള്‍ എന്നിവ കൃഷി ചെയ്യുന്ന ഭൂമിയെ ഭൂപരിധി നിയമത്തില്‍ നിന്ന് ഒഴിവാക്കുമെന്നാണ് കെ.എം മാണി പ്രഖ്യാപിച്ചത്. നിലവില്‍, റബര്‍, ഏലം, ജാതി, കാപ്പി തുടങ്ങിയ കൃഷികള്‍ക്കാണ് ഭൂപരിധി നിയമത്തില്‍ നിന്നൊഴിവുള്ളത്. ഈ തോട്ടവിളകളെ ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കാനുള്ള കാരണമായി അന്ന് കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍്ട്ടികളെല്ലാം ഉന്നയിച്ചത് , ഈ തോട്ടം മേഖലകളെ ഭൂപരിധി നിയമത്തില്‍ പെടുത്തിയാല്‍ വ്യവസായിക സ്വഭാവമുള്ള ഈ കൃഷികള്‍ തകരുമെന്നും അത് ഈ മേഖലയിലെ തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നുമാണ്.




എന്നാല്‍
, തോട്ടം മേഖലയെ ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കിയത് തൊഴിലാളികള്‍ക്ക് പിന്നീട് ഗുണമൊന്നുമുണ്ടാക്കിയില്ലെന്ന് മാത്രമല്ല, കേരളത്തിലെ ഭൂപ്രശ്‌നത്തെ രൂക്ഷമാക്കുകയാണ് ചെയ്തതെന്ന് പിന്നീട് അക്കാദമിക ലോകവും രാഷ്ട്രീയ പ്രവര്‍ത്തകര്‍ തന്നെയും ചൂണ്ടിക്കാട്ടി. തോട്ടം മേഖലയെക്കൂടി ഭൂപരിധി നിയമത്തില്‍പ്പെടുത്തി മിച്ചഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കുകയാണ് ചെയ്യേണ്ടതെന്ന വാദം ശക്തമായി നിലനില്‍ക്കെയാണ്, കശുവണ്ടി, മരുന്നുചെടികള്‍ എന്നിവയെക്കൂടി ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കാന്‍ ശ്രമം നടക്കുന്നത്.





കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത്, അതായത്, 2005ല്‍ ഭൂപരിഷ്‌കരണ നിയമം ഭേദഗതി ചെയ്ത്, കശുവണ്ടി, മരുന്നു ചെടികള്‍ എന്നിവയെക്കൂടി ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍, പിന്നീട് അധികാരമേറ്റ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ നിയമഭേദഗതിക്കാവശ്യമായ റൂളുകള്‍ക്ക് രൂപം നല്‍കിയില്ല. നിയമഭേദഗതി സംബന്ധിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ ആക്ഷേപമുന്നയിച്ചതിനെത്തുടര്‍ന്ന് ഭേദഗതി പിന്‍വലിക്കാന്‍ അവസരം ലഭിച്ചെങ്കിലും സര്‍ക്കാര്‍ അതിന് ശ്രമിച്ചില്ല. പ്ലാനിംഗ് ബോര്‍ഡും മറ്റു ഇടതു പണ്ഡിതന്‍മാരും ഈ വിഷയം സര്‍്ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും ഭേദഗതി പിന്‍വലിക്കാന്‍ ശ്രമിക്കാതിരുന്നതാണ് കെ.എം മാണിക്ക് നീക്കവുമായി മുന്നോട്ടു പോകാന്‍ സഹായകരമാകുന്നത്.




പുതിയ ഭേദഗതിപ്രകാരം കശുവണ്ടി, മരുന്നു ചെടികള്‍ എന്നിവയുടെ മറവില്‍ ആര്‍ക്കും ഭൂകേന്ദ്രീകരണം നടത്താമെന്നതാണ് അവസ്ഥ. തെങ്ങ്, നെല്ല് എന്നിവടോടൊപ്പം ഇടവിളയായോ മറ്റോ മേല്‍പ്പറഞ്ഞ കൃഷി നടത്തിയാല്‍ ആര്‍ക്കും ഭൂപരിധി നിയമത്തില്‍ നിന്നൊഴിവാകാം. മാത്രമല്ല, ഇത്തരം വിളകള്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ആവശ്യത്തിന് ഉപയോഗിക്കാം എന്നത്, റിയല്‍ എസ്‌റ്റേറ്റ്-ടൂറിസം മാഫിയക്ക് വേണ്ടിയാണ് നിയമഭേദഗതിയെന്നതും വ്യക്തമാവുകയാണ്. നിയമഭേദഗതിപ്രകാരം, നിയമപ്രകാരം മൂക്കാല്‍ ലക്ഷം ഏക്കര്‍ കൃഷിഭൂമി കൈവശമുള്ള ടാറ്റക്ക് 3750 ഏക്കര്‍ ഭൂമി റിസോര്‍ട്ട് നിര്‍മിക്കാന്‍ ഉപയോഗിക്കാം. ഇത് തോട്ടം മേഖലയില്‍, വിശിഷ്യാ പശ്ചിമഘട്ടത്തില്‍ ഉളവാക്കാന്‍ പോകുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.




സംസ്ഥാനത്തെ, ഭൂപരിധി നിയമത്തിലെ പാളിച്ചകള്‍, കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണത്തെ തകര്‍ത്ത സാഹചര്യത്തില്‍ അതിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടി്ക്കുകയാണ് കെ.എം മാണി പുതിയ ബജറ്റ് പ്രഖ്യാപനത്തിലൂടെ ചെയ്യുന്നത്.




കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ, നിയമഭേദഗതി നിര്‍ദ്ദേശത്തില്‍ വളരെ സുപ്രധാനമായ മറ്റൊന്ന്, കരാര്‍ കൃഷി വ്യാപകമാക്കാനും പാട്ടവ്യവസ്ഥ തിരികെ കൊണ്ടുവരാനുമുദ്ദേശിച്ചുള്ളതാണ്. നിലവില്‍ ഇത് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും, നിയമവിരുദ്ധമായ പാട്ടസമ്പ്രദായം തിരികെ കൊണ്ട് വന്ന് തോട്ടം മേഖലകളില്‍, കോര്‍പ്പറേറ്റുകളെ കുടിയിരുത്താനും നീക്കം നടന്നേക്കാം. സംസ്ഥാനത്തെ ഭൂവിതരണത്തെയും കാര്‍ഷികമേഖലയെയും തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരണം.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP