Saturday, 12 February 2011

പ്രസീദ പത്മ

വൈരുദ്ധ്യങ്ങളുടെ
ധ്രുവനിവാസികള്‍ നമ്മള്‍...
ജാഗ്രദ്‌,സ്വപ്ന,കാമ,ക്കാമനകളില്‍,
രുചിഭേദങ്ങളില്‍പ്പോലും
സമാന്തരപാതകള്‍....


തമ്മില്‍ക്കാണാതെ
സമയ,സൗകര്യ രേഖകള്‍ക്ക്‌
അപ്പുറ,മിപ്പുറം പുലരുന്നോര്‍..
ജന്മാന്തരമൊരപൂര്‍വ്വ സുകൃതത്തിന്‍
തരള,ത്താമരവളയത്താ
ലപ്പോഴും ബന്ധിതര്‍...


നിദ്രാര്‍ദ്രം നിന്റെ രജനികള്‍
വാര്‍ത്തപ്പെരുമഴയുടെ
തുലാപ്പകലെനിക്ക്‌....

നിര്‍ന്നിദ്ര,മെന്റെ പുലരികള്‍
വിറകടു-പ്പൂതിക്കത്തിക്കും
വിയര്‍പ്പണി മണിക്കൂറുകള്‍ നിനക്ക്‌....


ഇനിയെങ്ങനെ
'നമ്മിലൊരാളിന്റെ നിദ്രയ്ക്കു
മറ്റേയാള്‍കണ്ണിമചിമ്മാതെ കാവല്‍ നില്‍ക്കും'..?


അരികില്‍ നീ
ഹിന്ദോളം,കാദംബരി
അകലത്തായാല്‍
സൗമ്യ,സമ്മോഹന നിലാംബരി...

നീയണഞ്ഞാലതു മഴ,പുതുമഴ
പ്രണയോന്മാദപ്പൊരുളേറ്റും
ഞാറ്റുവേലക്കുളുര്‍ മഴ.....


നീയുഷസ്സാവുക..!
നഭസ്സായ്‌
ഞാനാ,സുഷമയില്‍
പാല്‍ക്കാവടിയാടാം..!!..
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP