Wednesday, 22 December 2010

നാം എങ്ങോട്ട്‌?

വിനോഷ്‌ പൊന്നുരുന്നി

ഇന്ന്‌ ലോകത്തെവിടെ നോക്കിയാലും അസമാധാനവും കുഴപ്പവും തന്നെ. സാമ്പത്തികമായി ഇത്രയധികം അരിഷ്‌ടത മനുഷ്യരാശിക്ക്‌ - ഭൂരിപക്ഷം ജനങ്ങള്‍ക്ക്‌ ഒരിക്കലും നേരിടേണ്ടിവന്നിട്ടില്ല. സ്വാതന്ത്ര്യം കൈവരുത്തുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടി പാടുപെടുകയാണെന്ന്‌ അവര്‍ ഭാവിക്കുന്നു, പ്രസ്‌താവിക്കുന്നുമുണ്ട്‌. രാഷ്‌ട്രീയമായും സാമുദായികമായും വളരെ അവശതകള്‍ അനുഭവിച്ചുപ്പോരുന്നതിന്റെ ഫലമാണ്‌ ഈ ജീവികള്‍. ഇവകൊണ്ട്‌ വല്ല ഗുണമുണ്ടാകുന്നതാണോ? എവിടെയും തമ്മില്‍ത്തല്ലും തലകീറലും. ഈ കടിപിടി വ്യക്തികള്‍ തമ്മിലുമാകുന്നു. കലഹത്തെ പേടിച്ചുകഴിയുന്നവര്‍, അത്‌ ഏതു നിമിഷമാണ്‌ ഉണ്ടാകുന്നതെന്ന്‌ അറിയാതെ പകച്ചുനില്‍ക്കുന്നവര്‍, സമാധാനത്തിനും ശാന്തിക്കും വേണ്ടിയല്ലാതെ വേറെ എന്തിനുവേണ്ടിയാണ്‌ നേരുക?




എത്രതന്നെ ശുഭാപ്‌തി വിശ്വാസമുള്ളവനും ഈ അപകടനില മറക്കുവാനോ മറയ്‌ക്കുവാനോ സാധിക്കുന്നതല്ല. ഈ നിലവരുവാനുള്ള കാരണമെന്ത്‌? ഒരൊറ്റ സമുദായമോ രാഷ്‌ട്രമോ മാത്രം വിചാരിച്ചാല്‍ സൃഷ്‌ടിക്കാവുന്നതല്ലല്ലോ ഈ അവസ്ഥ. ഇതില്‍ എല്ലാ സമുദായക്കാര്‍ക്കും രാഷ്‌ട്രവാസികള്‍ക്കും പങ്കുണ്ട്‌. ജര്‍മ്മന്‍കാരെപ്പോലെതന്നെ ആംഗ്ലേയരും, റഷ്യക്കാരെപ്പോലെതന്നെ അമേരിക്കക്കാരും, ജപ്പാന്‍കാരെപ്പോലെതന്നെ ഫ്രഞ്ചുകാരും, യൂദന്മാരെപ്പോലെതന്നെ അറബികളും ഈ കാലക്കേടിന്‌ കാരണക്കാരാണ്‌.




ചരിത്രമാകുന്ന നാടകം അഭിനയിക്കപ്പെടുന്നത്‌ അനന്തമായ മണ്‌ഡലത്തിലാകുന്നു. അവിടെ യവനിക ഒരിക്കലും താഴ്‌ത്തപ്പെടുന്നില്ല. കഥാപാത്രങ്ങളും വീക്ഷകരും മാറിക്കൊണ്ടിരിക്കുകയാണ്‌. വ്യക്തികള്‍തന്നെയാണ്‌ നടീനടന്മാരെന്നിരിക്കിലും പ്രത്യേകം ഓരോ വ്യക്തിയുടേയും പ്രവൃത്തിക്ക്‌ വലിയ പ്രാധാന്യം കാണുന്നതല്ല. ഇക്കാര്യമൊന്നു വിശദമാക്കാം. ഉദാഹരണം ഒരു ഗോപുരത്തിന്റെ കാര്യം തന്നെയാകട്ടെ. അതില്‍ അനവധി പാവകള്‍ കൊത്തിവച്ചിരിക്കുന്നതുകാണാം. ഓരോ പാവയ്‌ക്കും എന്താണ്‌ സ്ഥാനം? ഒന്നോ രണ്ടോ പാവകളില്ലെന്നുവച്ച്‌ ഗോപുരത്തിന്റെ നിലയ്‌ക്കോ രൂപത്തിനോ വലിയ വ്യത്യാസം ഉണ്ടാകുന്നതാണോ ഗോപുരത്തിന്റേതുപോലെയാണ്‌ ചരിത്രത്തിന്റേയും നില, വ്യക്തികളുടേത്‌ പാവകളുടേതിനു തുല്യവും.





ലോക സംഭവങ്ങളെ അവയുടെ ശരിയായ പശ്ചാത്തലത്തില്‍ മനസ്സിലാക്കണമെങ്കില്‍ നാം എന്തു ചെയ്യണമെന്നും എവിടെനിന്ന്‌ ആരംഭിക്കണമെന്നും ആലോചിക്കാം. ആദ്യമായി വര്‍ത്തമാനക്കടലാസുകള്‍ എന്ന നിമിഷ ജീവികളെ അകറ്റി നിര്‍ത്തണം. ഏറ്റവും നല്ല പത്രറിപ്പോര്‍ട്ടര്‍പ്പോലും ചെയ്യുന്നതെന്താണ്‌? വിശേഷ വര്‍ത്തമാനങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ ആകര്‍ഷകമായ രീതിയില്‍ വിളുമ്പുകയല്ലാതെ ആ കാര്യങ്ങള്‍ക്കോരോന്നിനും ചരിത്രത്തില്‍ എന്തെന്തു സ്ഥാനമാണുള്ളതെന്ന്‌ ആലോചിക്കുന്നുണ്ടോ? അതിനൊത്ത പ്രാധാന്യം മാത്രമാണോ നല്‍കിക്കാണുന്നത്‌? ഇന്നത്തെ വെണ്ടയ്‌ക്കയ്‌ക്ക്‌ നാളെ എന്താണ്‌ വില എന്നാലോചിച്ചാല്‍ ഗ്രഹിക്കാം പത്രങ്ങള്‍ രേഖപ്പെടുത്തുന്നത്‌ ചരിത്രമല്ലെന്ന്‌. വാര്‍ത്ത വിതരണവും ചരിത്രമെഴുത്തും രണ്ടും രണ്ടുതന്നെ. കാര്യങ്ങള്‍ വേണ്ടപോലെ ഗ്രഹിക്കണമെങ്കില്‍ ചരിത്രമാണ്‌ പഠിക്കേണ്ടത്‌. അല്ലാതെ പത്രങ്ങളുടെ പിന്നാലെ പോവുകയല്ല വേണ്ടത്‌. രാഷ്‌ട്രചരിത്രവും സാമുദായിക ചരിത്രവും ഗ്രന്ഥരൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. വഴിതെറ്റിക്കാത്ത ഗ്രന്ഥങ്ങള്‍ തെരഞ്ഞെടുക്കണമെന്നേയുള്ളു.




ഇന്ന്‌ നാം ഒരു നീര്‍ച്ചുഴിയുടെ വക്കത്താണ്‌. എപ്പോഴാണ്‌ ചുഴിക്കകത്തു വീഴുന്നതെന്ന്‌ അറിയില്ല. വിവേകമാകുന്ന സരണിയിലൂടെ സന്മനോഭാവമെന്ന സൗധത്തിലെത്തിച്ചേരുക എന്നതാണ്‌ മറ്റൊരു പോംവഴി. അതാണ്‌ കൂടുതല്‍ ആശാസ്യവും. അതിനുവേണ്ടിത്തന്നെയാണ്‌ ഇന്ന്‌ മിക്ക രാഷ്‌ട്രങ്ങളും ശ്രമിക്കുന്നത്‌. ആത്മാര്‍ത്ഥതയുടെ അഭാവം ഒന്നുമാത്രമാണ്‌ ലക്ഷ്യപ്രപ്‌തിക്കു തടസ്സമായി നിലകൊള്ളുന്നത്‌. കാപട്യവും വഞ്ചനയും നിറഞ്ഞ ലോകത്തുണ്ടോ ആത്മാര്‍ത്ഥത കണ്ടെത്തുക? ഈ രാഷ്‌ട്രങ്ങള്‍ തങ്ങളെപ്പോലെതന്നെ മറ്റുള്ളവരേയും കരുതണം എന്ന ഉത്തമാദര്‍ശം സ്ഥീകരിച്ചില്ലെങ്കില്‍ വേണ്ട, മറ്റവന്റെ കഴുത്തില്‍ കത്തിവയ്‌ക്കാനും കുഴിതോണ്ടുവാനും മറ്റും ശ്രമിക്കാതിരുന്നാല്‍ മതി. എങ്കില്‍ ലോകം എത്രമേല്‍ നന്നാകുമായിരുന്നു.





ശാസ്‌ത്രത്തിന്റെ പുരോഗതി കുറെയേറെ കടന്നുപോയി. കുറെകൂടി കൃത്യമായി പറയുന്നതായാല്‍ ചില മാര്‍ഗങ്ങളിലൂടെ അത്രത്തോളമായിട്ടില്ല. ശാസ്‌ത്രത്തിന്റെ പ്രവര്‍ത്തനം ശിശുക്കളുടെ മനോവ്യാപരം പോലെയാകുന്നു. വീരകൃത്യങ്ങളും വികാരാവേശങ്ങളും അതിനെ ആകര്‍ഷിക്കുന്നു. ധാര്‍മികബോധം വേണ്ടപോലെ കാണുന്നില്ല. സ്വന്തം നിര്‍മിതികളുടേയും വിക്രിയകളുടേയും പരിണതഫലം എന്തായിരിക്കുമെന്നോ എത്ര ഗൗരവമുള്ളതായിരിക്കുമെന്നോ ഊഹിക്കുവാന്‍ സാധിക്കുന്നില്ല. ഇങ്ങനെയുള്ള ശാസ്‌ത്രത്തിനു കിട്ടിയ ചങ്ങാതികളോ? തങ്ങളുടെ കാര്യം നേടുവാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ചില രാഷ്‌ട്രീയാഗ്രേസരന്മാര്‍. അവര്‍ക്കുമില്ല ധര്‍മാധര്‍മ ചിന്ത. പിന്നെ എന്തുവേണം ലോകം അധ:പതിക്കാന്‍? അങ്ങനെയുണ്ടായിട്ടുള്ളതാണ്‌ ഇന്നത്തെ അവസ്ഥ.




ശാസ്‌ത്രം വളരെയധികം പുരോഗമിച്ചുകഴിഞ്ഞു. അതുകൊണ്ട്‌ ഇനി അല്‍പകാലത്തേക്ക്‌ അത്‌ വിശ്രമിക്കേണ്ടതാണ്‌ - എന്നൊരു ചിന്താഗതി ഇന്നും നിലവിലുണ്ട്‌. ഓരോരുത്തരുടേയും അഭിപ്രായം അവരവരുടെ വിചാരഗതിയേയും വീക്ഷണത്തേയും ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്‌. ഇക്കാര്യത്തെക്കുറിച്ച്‌ ചിന്തിക്കുവാന്‍ തുടങ്ങുമ്പോള്‍തന്നെ സാധാരണക്കാരന്‍ വൈഷമ്യത്തിലാകുന്നു. എന്തെന്നാല്‍ ധര്‍മശാസ്‌ത്രം ഒന്നുപറയുന്നു; ഭൗതികശാസ്‌ത്രം മറ്റൊന്ന്‌; തത്ത്വജ്‌ഞാനം മൂന്നാമതൊന്ന്‌. ഇങ്ങനെപോകുന്നു അഭിപ്രായങ്ങള്‍. സാമാന്യ മനുഷ്യന്റെ നിലയോ? ധര്‍മശാസ്‌ത്രത്തോട്‌ അവന്‌ താല്‍പര്യമില്ല. ഭൗതികശാസ്‌ത്രത്തെക്കുറിച്ച്‌ അവന്‌ സംശയമേയുള്ളു. തത്വജ്‌ഞാനത്തോടടുക്കുമ്പോള്‍തന്നെ ദുര്‍ഗ്രഹമായ ഒരു കാര്യത്തിലേക്ക്‌ കടക്കുകയാണെന്ന്‌ അവന്‍ ഉറച്ചുകഴിഞ്ഞു. ഇങ്ങനെയുള്ള അവസ്ഥ അവനെ എന്ത്‌ നിഗമനത്തിലെത്തിച്ചേര്‍ക്കും? അവന്റെ തലയ്‌ക്കുമേല്‍ ഗാര്‍ഹികവും സാമ്പത്തികവുമായ കാര്യങ്ങള്‍ തന്നെയുണ്ട്‌. അക്കാര്യങ്ങളെല്ലാം ഒതുക്കിയിട്ടുവേണ്ടേ ലോകകാര്യത്തെക്കുറിച്ച്‌ ചിന്തിക്കുവാന്‍?




ഇന്നത്തെ സാധാരണ മനുഷ്യനെ ഗ്രസിച്ചിരിക്കുന്ന അവസ്ഥ നൈരാശ്യത്തില്‍നിന്നു ജനിച്ച അലസതയാണ്‌. ചരിത്രത്തില്‍ കാണാവുന്ന അപകടങ്ങള്‍ എല്ലാം മനുഷ്യന്റെ അത്യാര്‍ത്തിയുടെ ഫലമായിട്ടുണ്ടായവയല്ല. വിഡ്‌ഢിത്തവും ഉദാസീനതയും വരുത്തിവെച്ച വിനകളുമുണ്ട്‌. അതിനാല്‍ ഉദാസീനത നമ്മേ രക്ഷിക്കുകയില്ല; മറിച്ച്‌ നാശഗര്‍ത്തത്തോട്‌ അടുപ്പിക്കുകയാണ്‌. ഉദാസീനരായി കഴിയാതെ മനുഷ്യരാശിയെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന വിപത്തില്‍നിന്നും ഒരു പരിഹാരമാര്‍ഗം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണ്‌ വേണ്ടത്‌.





രചനാത്മക പ്രവര്‍ത്തനത്തിനുവേണ്ടത്‌ മാനസിക സന്തോഷമാണ്‌. സാങ്കേതിക പരിശീലനം ലഭിച്ചവര്‍ക്ക്‌ ഉത്തേജകമായ അന്തരീക്ഷം നല്‍കുന്നതായാല്‍ അവര്‍ നൂതന സമ്പ്രദായങ്ങള്‍ കണ്ടുപിടിക്കുവാന്‍ ശ്രമിക്കും. പക്ഷെ, അവര്‍ നൂതന സരണികള്‍ നിര്‍ദ്ധാരണം ചെയ്‌താല്‍ പോരാ, ആ സമ്പ്രദായങ്ങളെ പ്രയോഗിച്ചുനോക്കി അവയുടെ ഗുണദോഷങ്ങള്‍ മനസ്സിലാക്കേണ്ടതായുണ്ട്‌. അതിന്‌ വ്യവസായ മേധാവികള്‍ സന്നദ്ധരാകണം. ധനലോബികള്‍ ദൃഢമുഷ്‌ടികളും വിവേകശൂന്യരുമായിട്ടാണ്‌ കാണപ്പെടുന്നത്‌. മുതലാളിമാര്‍ക്ക്‌ വിശാല വീക്ഷണമുണ്ടാകണം; സമുദായ സേവനമായിരിക്കണം അവരുടെ ആദര്‍ശം. എങ്കിലേ മുതലാളിമാര്‍ക്കും തൊഴിലാളികള്‍ക്കും ഇടയില്‍ സൗഹാര്‍ദ്ദം നിലനില്‍ക്കു.



രോഗിയെക്കുറിച്ച്‌ ശരിയായ ബോധം ലഭിക്കാതെ ചികിത്സിക്കുവാന്‍ ആരംഭിക്കുന്നത്‌ വിഡ്‌ഢിത്തമാണ്‌. അതിനാല്‍ രോഗിയെക്കുറിച്ച്‌ വേണ്ടപോലെ അറിവ്‌ സമ്പാദിക്കുവാന്‍ ആദ്യം ശ്രമിക്കണം. ഇവിടത്തെ രോഗി മനുഷ്യസമുദായമാകുന്നു; ഭിഷഗ്വരന്മാരോ രാഷ്‌ട്രീയ നേതാക്കാന്മാരും. മനുഷ്യ സമുദായത്തിന്റെ വളര്‍ച്ച, ചിന്താഗതി ഇവയെക്കുറിച്ചുവേണ്ട വിജ്ഞാനം ആദ്യം കരസ്ഥമാക്കണം. പിന്നീട്‌ അന്യോന്യം വിവേകപൂര്‍വം പെരുമാറണം. അങ്ങനെ നഷ്‌ടപ്പെട്ടുപോയ ആത്മാര്‍ത്ഥതയും സന്മനോഭാവവും വീണ്ടെടുക്കണം. അസുരശക്തിയെ ഒരു ഉപകരണമായി ഉപയോഗിക്കാവുന്ന കാര്യം ചിന്തിക്കുകപോലും അരുത്‌. ഇങ്ങനെ ഒരു ദൃഢനിശ്ചയം എല്ലാവരുംകൂടി ചെയ്യുകയും അതിന്‍പ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്‌തില്ലെങ്കില്‍ മാനവസമൂഹം മണ്‍മറയാന്‍ ഏറെക്കാലം വേണ്ടിവരില്ല.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP