Wednesday, 22 December 2010

തിരുവാതിര മലയാളി അറിയാതെ പോകുന്ന വാലന്റൈന്‍സ്‌ ഡേ ...

ബി. അമ്പിളി

മലയാളിക്ക്‌ സ്വന്തമായി ഒരു സംസ്‌കാരമുണ്ട്‌, ഭക്ഷണത്തിലും, വസ്‌ത്രത്തിലും, ഭാഷയിലും, ജീവിതരീതിയിലും വേറിട്ടു നില്‍ക്കുന്ന ഒരു സംസ്‌കാരം. ഇന്ന്‌ നമ്മുക്ക്‌ അന്യം നിന്നു പോകുന്നു എന്ന്‌ സഹതപിക്കുന്ന സംസ്‌കാരം. ഇതിനൊപ്പം നമ്മുക്ക്‌ നഷ്‌ടപ്പെട്ടുപോകുന്ന ഒരു അനുഷ്‌ഠാനമാണ്‌ തിരുവാതിര. ആധുനികതയെ പുണരാന്‍ വെമ്പുന്ന മലയാളിക്ക്‌ നഷ്‌ടമാവുന്ന കേരളതനിമയാണ്‌ തിരുവാതിര. സത്രീക്ക്‌ സമൂഹത്തില്‍ എന്നും പ്രഥമസ്ഥാനം നല്‍കിയിരുന്ന കേരള സമൂഹം അവര്‍ക്കായിമാത്രം ആഘോഷിക്കുന്ന ഒരു ദിനം.



കലാരൂപം എന്ന രീതിയിലും അനുഷ്‌ഠാനം എന്ന രീതിയിലും തിരുവാതിര മലയാളിയുടെ ജീവിതചര്യയുമായി വളരെ താതമ്യം പ്രാപിച്ചിട്ടുള്ള ഒന്നാണ്‌. ധനുമാസത്തിലെ തിരുവാതിരയാണ്‌ അനുഷ്‌ഠാനമെന്നപോലെ നമ്മള്‍ ആചരിച്ചു പോരുന്നത്‌. അത്‌ തന്നെ ഓണത്തിനും മറ്റ്‌ വിശേഷാവസരങ്ങളിലും അവതരിപ്പിക്കുമ്പോള്‍ കലാരൂപമായി. അതിന്റെ ചിട്ടകളും, വട്ടങ്ങളും, വസ്‌ത്രധാരണ രീതിയുമെല്ലാം ഒരു മലയാളിയുടെ ദൈനദിന പ്രവര്‍ത്തിയുമായി യോജിച്ചു കിടക്കുന്നു. അടുക്കളയില്‍ ഒതുങ്ങിയിരുന്ന സ്‌ത്രീകള്‍ക്ക്‌ സ്വതന്ത്രമായും, സന്തോഷമായും ആഘോഷിക്കാന്‍ കിട്ടിയുരുന്ന ദിവസമാണ്‌ തിരുവാതിര.




അപമാനിതയായ പരമശിവന്റെ പത്‌നി സതിദേവിയുടെ വിയോഗത്തില്‍ കോപിഷ്‌ഠനായി ശിവതാണ്‌ഡവമാടിയശേഷം ഹിമാലത്തില്‍ തപസ്സനുഷ്‌ഠിച്ചു പരമശിവന്‍. യോഗനിഷ്‌ഠയില്‍ കഴിഞ്ഞ പരമശിവനെ തപസ്സിലൂടെ ഭര്‍ത്താവായി നേടിയ ഹിമവല്‍ പുത്രി ശ്രീ പാര്‍വ്വതി എന്ന പതിവ്രതാ രത്‌നത്തെ മാതൃകയാക്കി മലയാളി മങ്കമാര്‍ വ്രതശുദ്ധിയോടെ ആചരിക്കുന്ന അനുഷ്‌ഠാനമാണ്‌ തിരുവാതിര എന്ന ചൊല്ലുണ്ട്‌.




സ്‌ത്രീകള്‍ മംഗല്യ സൗഭാഗ്യത്തിനു വേണ്ടിയും ഭര്‍ത്താവിന്‌ തന്നോടുള്ള സ്‌നേഹവും വിശ്വാസവും നിലനിര്‍ത്തുന്നതിനു വേണ്ടിയുമാണ്‌ തിരുവാതിര ആചരിക്കുന്നത്‌. സഹാനുഭൂതിയുടെയും, സഹിഷ്‌ണുതയുടെയും പ്രതീകമായ സ്‌ത്രീയ്‌ക്ക്‌ ഇവിടെയുമുണ്ട്‌ ആ മുഖം. തിരുവാതിര ദിവസം സ്‌ത്രീകള്‍ നോമ്പ്‌ നോറ്റ്‌ രാത്രിയില്‍ ഉറക്കമിളച്ച്‌ തിരുവാതിര കളിക്കുകയും ദശപുഷ്‌പം ചൂടുകയും ചെയ്യുന്നു. കല്യാണത്തിനു ശേഷം ആദ്യം വരുന്ന ധനുമാസത്തിലെ തിരുവാതിര പൂത്തിരുവാതിരയായി ആഘോഷിക്കുന്നു. ഈ ചടങ്ങുകളിലെ പ്രധാനി ആ പെണ്‍കുട്ടിയായിരിക്കും. കല്യാണം കഴിയാത്തവര്‍ക്കും തിരുവാതിര ആഘോഷമുണ്ട്‌. നല്ല ഭര്‍ത്താവിനെ കിട്ടാനാണത്‌!! എട്ടങ്ങാടി എന്ന പ്രത്യേക ഭക്ഷണം, കരിക്കിന്‍ വെള്ളം, ഉപ്പേരി ഇവയെല്ലാം ഈ നോമ്പിന്‌ കഴിക്കാമെന്നത്‌ മറ്റ്‌ നോമ്പുകളില്‍ നിന്ന്‌ ഇതിനെ വ്യത്യസ്‌തമാക്കുന്നു. നിറഞ്ഞ്‌ നില്‍ക്കുന്ന ആതിര നിലവിലുള്ള തുടിച്ചുകുളിയും, തിരുവാതിര കളിയും സ്‌ത്രീകളുടെ മാത്രം ഈ കൂട്ടായ്‌മയുടെ രസങ്ങളാണ്‌.






ഏതായാലും സ്‌ത്രീകള്‍ക്ക്‌ മാത്രമായി ഒരു ആഘോഷം ഈ ലോകത്തുണ്ടെങ്കില്‍ അത്‌ തിരുവാതിര മാത്രമായിരിക്കും. ആധുനിക തലമുറ കാത്തിരുന്ന്‌ ആഘോഷിക്കുന്ന വാലന്റൈന്‍സ്‌ ഡേയോട്‌ വേണമെങ്കില്‍ ഈ ആഘോഷത്തെ കൂട്ടിചേര്‍ക്കാം. വാലന്റൈന്‍സ്‌ ഡേയില്‍ ഉള്ളതുപോലെ തന്നെ പൂ കൊടുക്കലും ചൂടിക്കലും ഇതിലുമുണ്ട്‌. തിരുവാതിര ദിവസം വീട്ടുപടിക്കല്‍ തയ്യാറാക്കി വച്ചിരിക്കുന്ന ദശപുഷ്‌പം പറിച്ചെടുത്ത്‌ ആദ്യം ഭര്‍ത്താവിനെയും പിന്നെ സ്വയവും ചൂടുന്നത്‌ പാശ്ചാത്യമായാലും പൗരസ്‌ത്യമായാലും സ്‌നേഹത്തിന്റെ പ്രതീകം പൂവായതുകൊണ്ടല്ലെ? ആചാരങ്ങള്‍ അനുഷ്‌ഠിക്കുന്നത്‌ കുറച്ചിലായി കരുതതുന്ന പരിഷ്‌കൃത സമൂഹത്തിന്‌ ഈ ചടങ്ങ്‌ കാമുകീ കാമുകന്‍മാരിലേക്ക്‌ മാറ്റാം...അങ്ങനെ നമ്മുക്ക്‌ നഷ്‌ടപ്പെട്ടുപോകുന്ന ഈ അനുഷ്‌ഠാനത്തെ പുതുക്കി തിരിച്ചു കൊണ്ടുവരാം...
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP