Friday, 24 December 2010

കടല്‍ത്തീരത്ത്‌

പ്രസീദ പത്മ

നീ എനിക്കെന്റെ കടല്‍,
തീരവും കാറ്റും;
നിന്റെ മനസ്സ്‌
എനിക്കെന്റെ മോഹ പട്ടങ്ങള്‍
പറത്താനുള്ള
കടല്‍ത്തീ-രാംബരം.


നിന്റെ ചിരിത്തിരയെണ്ണി
അരികത്തിരിക്കേ,
എന്റെ മുഖത്തിഴയുന്ന
നിന്റെ മുടിയിഴകളുടെ കൊഞ്ചലിലും
യാത്രാമൊഴിയുടെ കടലിരമ്പം..!


കുതിച്ചെത്തുന്ന തിരകളെന്റെ
പ്രണയാവേഗങ്ങള്‍,
കിതച്ചു പിന്മാറി പതയാകുന്നതെന്റെ
അതിജീവന പ്രത്യാശകള്‍.
കുട്ടികള്‍ക്കിതില്‍
കുളിയുത്സവം...
കമിതാക്കളതില്‍
പാദം നനച്ച്‌
സ്വപ്നങ്ങള്‍ കൊറിക്കുന്നു..!!
കാറ്റുകൊള്ളാനെത്തുന്നവര്‍ക്കിത്‌
കടല്‍ത്തീര,ക്കാഴ്ചകള്‍.

പട്ടം വില്‍ക്കാനൊരു കുട്ടി,
പത്തു രൂപയിലവന്റെ കണ്ണ്‌.
കടല വില്‍ക്കാനൊരു കുരുന്ന്‌,
മൂന്നു രൂപയിലവന്റെ മനസ്സ്‌.
ബാല്യത്തുടക്കത്തില്‍
കമ്പോളാന്ധ്യം നിറയുന്ന
ജീവിത നിര്‍ബന്ധങ്ങള്‍.
കടല്‍ കാണാനെത്തുന്നവര്‍ക്കിത്‌
കേവല,ക്കാഴ്ച്ചകള്‍....


എന്നില്‍ നിന്ന്‌ നിന്നിലേയ്ക്ക്‌
സപ്തസാഗര ദൂരം
ഒരു ചിരികൊണ്ടൊരു
കൊഞ്ചല്‍ രവംകൊണ്ട്‌
നീ തീര്‍ത്തത്‌ സപ്തസേതുബന്ധനം.

പക്ഷേ,
കടലെന്തിന്റെ പ്രതീകം?
ഉള്‍ക്കൊള്ളലിന്റെ?
തള്ളിക്കളയലിന്റെ?
തെരുതെരുത്തെത്തുന്നത്‌
തിരസ്ക്കാര,ത്തിരമാലകള്‍


സമ്മോഹനം സായന്തനം
പടലം ചക്രവാളപ്പരപ്പ്‌.
ഞാനവയ്ക്കു,മന്ന്യന്‍...

അസ്തമയത്തിന്‌ മുന്‍പ്‌
ഞാനൊരു ചിപ്പി തിരയട്ടെ,
എന്റെ പ്രണയം നിറച്ച്‌
നിനക്കേകുവാനായ്‌....


നീയത്‌ കടലിലേയ്ക്ക്‌
തിരിച്ചെറിയുമ്പോള്‍
നമുക്കെഴുന്നേല്‍ക്കാം
തിരിച്ചു നടക്കാം


ഇരുട്ടപ്പോള്‍ നമ്മുടെ പാതകളെ
നാമറിയെ, തമസ്ക്കരിച്ചുകൊണ്ടേയിരിക്കും

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP