Saturday, 25 December 2010

ക്രിസ്മസ്‌ -ഇനിയെങ്കിലും സത്യം അംഗീകരിക്കുക

ടൈറ്റസ്‌ കെ.വിളയില്‍

വീണ്ടും ക്രിസ്മസ്‌.
ക്രിസ്തു ജയന്തി.
പതിവ്‌ കോമളപദങ്ങളും ഭക്തിവാക്യങ്ങളും നമുക്കൊഴിവാക്കാം.
എന്നിട്ട്‌ നേരിന്റെ പരുക്കന്‍ പദങ്ങളാല്‍ ചില വാസ്തവങ്ങള്‍ പറയാം.
ഡിസംബര്‍ 25 ക്രിസ്തുവിന്റെ ജന്മദിനമായിട്ടാണ്‌ കൊണ്ടാടുന്നത്‌.ദൈവപുത്രനാണ്‌ ക്രിസ്തു.കന്യകയില്‍, പുരുഷന്‍ തൊടാതെ, പരിശുദ്ധാത്മാവിനാല്‍ ഉരുവം കൊണ്ടവന്‍.ആദി മനുഷ്യനാല്‍ ലോകത്തിലെത്തിയ പാപം തീര്‍ക്കാന്‍ യഹോവ അയച്ച ദൈവപുത്രന്‍.പച്ച വെള്ളം വീഞ്ഞാക്കിയും,അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ പോഷിപ്പിച്ചും കുരുടന്‌ കാഴ്ച നല്‍കിയും, കുഷ്ഠരോഗിയെ സൗഖ്യമാക്കിയും, മരിച്ചവനെ ഉയിര്‍പ്പിച്ചും തന്നിലെ ദൈവീകത്വം തെളിയിച്ചും, അന്നത്തെ യഹൂദാ പുരോഹിത വര്‍ഗ്ഗത്തിന്റെ അധികാരഗര്‍വിനെ ബാല്യത്തില്‍ തന്നെ ചോദ്യം ചെയ്തും,തന്റെ പരസ്യ ശുശ്രൂഷാക്കാലത്ത്‌ സ്നേഹത്തിന്റെ സുവിശെഷത്താല്‍ നിലംപരിശാക്കിയും,കുരിശില്‍ തറച്ച്‌ കൊല്ലപ്പെട്ടെങ്കിലും മുന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ മരണത്തിനു മേല്‍ ജയം കൊണ്ടും ഭൂമിയിലെ ദൈവീക ശുശ്രൂഷ തികച്ച്‌ സ്വര്‍ഗത്തിലേയ്ക്ക്‌ കരേറിപ്പൊയെന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള ക്രിസ്തുവിന്റെ ജന്മദിന കാര്യത്തില്‍ എന്തിനാണ്‌ ക്രൈസ്തവ സമൂഹമടക്കമുള്ളവര്‍ പെരും കള്ളം വിശ്വസിക്കുന്നതും പ്രചരിപ്പികുന്നതും കൊണ്ടാടുന്നതും..?
അറിയുക ക്രിസ്തുവിന്റെ ജന്മദിനമല്ല ഡിസംബര്‍ 25.




ബൈബിളിലെ കാല സൂചനകള്‍ ഒരിക്കലും അങ്ങനെ അവകാശപ്പെടുന്നുമില്ല.
എന്നിട്ടും എന്തിനാണ്‌ ക്രൈസ്തവര്‍ ബൈബിള്‍ വിരുദ്ധമായ ഒരു കള്ളത്തരം നൂറ്റാണ്ടുകളായി, തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നത്‌?, കൊണ്ടാടുന്നത്‌? അതിലൂടെ എന്തിനാണ്‌ ലോകത്തെ മുഴുവന്‍ വഞ്ചിക്കുന്നത്‌?
യഹൂദരുടെ ഏറ്റവും വിശിദ്ധാലയമായ യെരുശലേം ദേവലായത്തെ പുരോഹിതരും വാണിക്കുകളുമടങ്ങുന്ന അധോലോകസംഘം തങ്ങളുടെ കച്ചവട താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതു കണ്ട്‌ ചാട്ടവാറുകൊണ്ട്‌ കമ്പോളാധിനിവേശ ശക്തികള്‍ക്കെതിരെ ഒറ്റയ്ക്കു പോരാടി ദേവാലയത്തിന്റെ വിശുദ്ധിക്കും ദൈവ വചനങ്ങളുടെ നിവൃത്തിക്കും ഹേതുവായവന്റെ പേരില്‍ എന്തിനാണ്‌ എന്തു കൊണ്ടാണ്‌ നൂറ്റാണ്ടുകളായി ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇത്തരത്തിലൊരു പെരുംകള്ളം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്‌..?




സത്യം തിരയുന്നവനെ ക്ഷുഭിതനാക്കുന്ന മറ്റൊരു വാസ്തവമുണ്ട്‌.അവതാര പുരുഷന്മാരായും മഹാ പ്രവാചകന്മാരായും വാഴ്ത്തപ്പെടുന്ന എല്ലാവരുടേയും ജീവിത കാലഘട്ടം കഴിഞ്ഞ്‌ ദശാബ്ധങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കും ശേഷമാണ്‌ അവരുടെ ജന്മദിനം ഭക്തിപൂര്‍വം കൊണ്ടാടപ്പെട്ടു തുടങ്ങിയത്‌ എന്നതാണത്‌.ക്രിസ്തുവും കൃഷ്ണനും നബിയുമെല്ലാം ഇങ്ങനെ ഹൈജാക്ക്‌ ചെയ്യപ്പെട്ടവരാണ്‌.ഇവരാരും ജീവിച്ചിരുന്നപ്പാള്‍ ഇവരുടെയാരുടേയും ജന്മദിനം കൊണ്ടാടിയതായി ഇവരുമായി ബന്ധമുള്ള ഒരു (മത)ഗ്രന്ഥവും തെളിവു നല്‍കുന്നില്ല.ഇതിന്‌ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ എന്തായാലും ഇത്തരം കൊണ്ടാടലുകള്‍ക്കും ആഘോഷങ്ങള്‍ക്കും പിന്നില്‍ സംഘടിത മതത്തിന്റെ മുതലെടുപ്പുകളും പ്രചാരണങ്ങളും മാത്രമാണുള്ളതെന്ന്‌ നിഷേധിക്കാനാവാത്ത സത്യമാണ്‌.പുണ്യപുരുഷന്മാരുടെ ജന്മ-സമാധി ദിനങ്ങള്‍ ഇത്തരത്തില്‍ വഞ്ചനാത്മകമായ സ്വകാര്യ നേട്ടങ്ങള്‍ക്കായി അവിശുദ്ധമാക്കിയതായിക്കണാം.





നമുക്ക്‌ ക്രിസ്തുവിലേയ്ക്ക്‌ വരാം.
ഡിസംബര്‍ 25 ന്‌ പിന്നിലെ വഞ്ചനകള്‍ തിരയാം.
ബൈബബിളില്‍ പുതിയ നിയമത്തില്‍ ക്രിസ്തുവിന്റെ ജനനം മത്തായിയും ലൂക്കോസുമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.എന്തു കൊണ്ട്‌ മറ്റു രണ്ട്‌ സുവിശേഷകാരന്മാരായ മര്‍കോസും യോഹന്നാനും ഇക്കാര്യം പരാമര്‍സിക്കുന്നില്ല എന്നിടത്തു നിന്നു തന്നെ ക്രിസ്തു ജയന്തിയുമായ ബന്ധപ്പെട്റ്റുള്ള ആഘോഷങ്ങളുടെ കള്ളത്തരം വ്യക്തമാകും.. ലൂക്കോസിന്റെ സുവിശേഷത്തില്‍ ക്രിസ്തുവിന്റെ ജനനം വിവരിക്കുമ്പോള്‍ (ലൂക്കോ 28:16 ) അന്ന്‌ രാത്രി ആട്ടിന്‍ പറ്റത്തെ കാത്ത്‌ കാവല്‍ നില്‍ക്കുന്ന ആട്ടിടയന്‍മാരെ പരാമര്‍ശിക്കുന്നുണ്ട്‌. ആട്ടിടയന്‍മാര്‍ ഡിസംബറിന്റെ കൊടും തണുപ്പില്‍ കാവല്‍ കിടക്കാറില്ല എന്നത്‌ തൊഴില്‍ പരവും കാലാവസ്ഥാപരവുമായ വാസ്തവമാണ്‌.ഡിസംബര്‍ തണുപ്പിന്റെ കാലമാണ്‌. രാത്രി തണുപ്പ്‌ കഠിനമാവുകയും ചെയ്യും. അപ്പോള്‍ ആട്ടിടയന്മാര്‍ ആലയ്ക്ക്‌ പുറത്ത്‌ കാവല്‍ കിടാക്കുകയില്ല. ഈ സാമാന്യ കാലാവസ്ഥായുക്തിയില്‍ തന്നെ ഡിസംബര്‍ 25 ന്റെ പൂച്ച്‌ പുറത്താകുന്നുണ്ട്‌.




അപ്പോള്‍ പിന്നെ ഡിസംബര്‍ 25 ന്റെ കടന്നു വരവ്‌ എങ്ങനെയായിരിക്കണം.അല്‍പം ചരിത്രബോധവും മതങ്ങളുടെ പരിണാമരീതികളെക്കുറിച്ചുള്ള അറിവും ഉണ്ടെങ്കില്‍ ലോകം നൂറ്റാണ്ടുകളായി കൊണ്ടാടുന്ന ഒരു വലിയ കള്ളത്തരത്തിന്റെ ഉള്ളുകള്ളികള്‍ ബോദ്ധ്യമാകും.
ചരിതറം രേഖപ്പെടുത്തുന്നത്‌ ക്രിസ്തുവിന്‌ 300 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ക്രിസ്തുജയന്തി ആഘോഷം തുടങ്ങിയത്‌ എന്നണ്‌. . എ.ഡി.313 ലെ മിലാന്‍ വിളംബരത്തോടെ ക്രിസ്തുമതം റോമിന്റെ ഔദ്യോഗിക മതമായി അന്നത്തെ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചു. എ.ഡി 325 ലെ നിഖ്യാകൗസിലില്‍ ചക്രവര്‍ത്തി ദൈവത്തിന്റെ ദിവ്യത്വം അംഗീകരിച്ചപ്പോള്‍ ഏകദൈവവാദികളായ അരിയൂസിനെയും കൂട്ടരെയും എതിര്‍ക്കുന്ന ത്രിത്വവാദികളായ അതനാസയസും കൂട്ടരും ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ അന്നത്തെ പല നിയമങ്ങളും അംഗീകരിച്ചു. അതിലൊന്നാണ്‌ ഡിസംബര്‍ 25 ക്രിസ്തജന്മദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്‌.





എന്തായിരിക്കാം ഡിസംബര്‍ 25ന്റെ സവിശേഷത? . എ.ഡി. 5ാ‍ം നൂറ്റാണ്ട്‌ വരെ റോമാസാമ്രാജ്യത്തിന്റെ നിലനിന്നിരുന്ന മതമാണ്‌ മിത്രമതം. സൂര്യദേവന്റെ അവതാരമായിട്ടാണ്‌ മിത്രദേവന്‍ വാഴ്ത്തപ്പെട്ടിരുന്നത്‌. ഡിസംബര്‍ 25ാ‍ മിത്രമതക്കാര്‍ മിത്രദേവന്റെ ജന്മദിനമായിട്ടാണ്‌ ആഘോഷിച്ചു വന്നിരുന്നത്‌. മിത്രമതവിശ്വാസികളുമായി സഹവസിച്ചിരുന്ന ക്രൈസ്തവര്‍ തങ്ങളുടെ രക്ഷകന്റെ ജന്മദിന വിഷയത്തിലും അവരോടൊത്ത്‌ സഹകരിച്ചിരുന്നു. അങ്ങനെ എ.ഡി 336ല്‍ ക്രൈസ്തവര്‍ ഒരു മഹാ പ്രവാചകന്റെ ജന്‍മദിനാഘോഷത്തിന്‌ തുടക്കം കുറിച്ചു. തുടര്‍ന്ന്‌ എ.ഡി 1100 ആയപ്പോഴേക്കും ക്രിസ്മസ്‌ യൂറോപ്പിലെ ഏവും വലിയ മതാഘോഷമായി മാറി. എന്നാല്‍ ക്രൈസ്തവരിലെ പരിഷ്കരണ പ്രസ്ഥാനമായി കടന്ന്‌വന്ന പ്രോട്ടസ്ന്റ്‌ വിഭാഗം ഇത്തരം പ്രവണതകളെ ശക്തമായി ചോദ്യം ചെയ്തു. തത്ഫലമായി 1600 ല്‍ ഇംഗ്ലണ്ടിലും അമേരിക്കയിലെ ബ്രിട്ടീഷ്‌ കോളനി ഭാഗങ്ങളിലും പ്രസ്തുത ആഘോഷത്തിന്‌ ക്രൈസ്തവര്‍ തന്നെ വിലക്കേര്‍പ്പെടുത്തി.





ഇവിടെ നാം വലിയൊരു വാസ്തവത്തിന്‌ മുഖാമുഖം നില്‍ക്കേണ്ടതുണ്ട്‌. മതങ്ങളുമായും അതിന്റെ വിശുദ്ധ നേതാക്കളുമായും ബന്ധപ്പെട്ട ഏതൊരു ആചാരവും ആരാധനയും ദിവ്യപ്രോക്തമാകണമെങ്കില്‍ അത്‌ സംബന്ധിച്ച്‌ അതത്‌ വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരിക്കണം. അല്ലാത്തപക്ഷം അവ പില്‍കാലത്ത്‌ കടന്ന്‌ വന്ന ആചാരങ്ങളായിരിക്കും .ക്രിസ്മസും അത്തരത്തില്‍ കടം കൊണ്ട്‌ ഒരാഘോഷമാകുന്നു.
മിത്രദേവന്റെ- സൂര്യന്റെ- ദിനമായ കീഴടക്കന്നവാത്ത സൂര്യന്റെ ദിനമാണ്‌-സോള്‍ ഇന്‍വിക്റ്റസ്‌- ക്രിസ്മസയത്‌.ക്രിസ്തുവിനെ നീതി സൂര്യനായി വാഴ്ത്തപ്പെടുത്തിക്കൊണ്ടാണ്‌ സൂര്യ ദേവന്റെ ആഘോഷദിനത്തിന്‌ അര്‍ഹനാക്കിയതെന്ന്‌ സാരം.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ റോമില്‍ നിന്ന്‌ ക്രൈസ്തവര്‍ കടമെടുത്ത അന്യ ആചാരമാണ്‌ ഡിസംബര്‍ 25ലെ ക്രിസ്ത്തുജന്മദിനാഘോഷം.
ഇവിടെ മറ്റൊരു രസകരമായ വസ്തുതയും നാം തിരിച്ചറിയുന്നുണ്ട്‌. അതായത്‌ ആദ്യമായി ക്രിസ്തുജയന്തി ആഘോഷിച്ചതായി കാണപ്പെടുന്നത്‌. അക്രൈസ്തവരായ റോമക്കാരായ പാഗന്‍ മതവിശ്വാസികളുടെ ആഘോഷത്തിന്റെ സ്വാധീനം മൂലമാണെന്നണ്‌. റോമക്കാര്‍ അവരുടെ സൂര്യദേവനായ മിത്രദേവന്റെ അനുസ്മരണം ശൈത്യകാലത്താണ്‌ കൊണ്ടാടിയിരുന്നത്‌. മിത്രദേവന്റെ ജന്മദിനത്തെ തങ്ങളുടെ രക്ഷകന്റെ ജന്മദിനമായി ആഘോഷിക്കാന്‍ റോമിലെ മാര്‍പ്പാപ്പയും അനുയായികളും ക്രിസ്ത്യാനികള്‍ക്കനുവാദം നല്‍കിയതായും ചരിത്രം പറയുന്നു.





. അതായത്‌ ദൈവപുത്രനായ ക്രിസ്തുവിന്റെ ജന്‍മദിനം ഡിസംബര്‍ 25 ആണ്‌ എന്ന്‌ പറയാവുന്ന ഒരു പ്രാമാണിക തെളിവും ചരിത്രത്താളുകളിലില്ല. മാത്രമല്ല, തെളിയിക്കാന്‍ സാധ്യവുമല്ല എന്നതാണ്‌ സത്യം. ബൈബിള്‍ നിഘണ്ടു പറയുന്നു " ഈശോയുടെ ജന്മദിനം ഏതെന്ന്‌ വിശുദ്ധഗ്രന്ഥത്തില്‍ കൃത്യമായി സൂചിപ്പിക്കാത്തതു കൊണ്ട്‌ ആദ്യ നൂറ്റാണ്ടുകളില്‍ പൗരസ്ത്യസഭകളില്‍ ജനുവരി 6ങ്ക്രിസ്തു ജയന്തി ആഘോഷിക്കുന്നതായി കാണുന്നു?? അലക്സണ്ട്രിയയിലെ വി. ക്ലമന്റ്‌ വി. അപ്രേം തുടങ്ങിയവര്‍ ഈശോയുടെ തിരുപ്പിറവി ജനുവരി ആറിനാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു." എന്നു തന്നെയല്ല നാലാം നൂറ്റാണ്ട്‌ വരെ ക്രിസ്തുവിന്റെ ജന്‍മദിവസമായി അംഗീകരിക്കപ്പെട്ടിരുന്നത്‌ മാര്‍ച്ച്‌ 28 ഏപ്രില്‍ 19, മെയ്‌ 29 തിയതികളായിരുന്നു. .




അതായത്‌ അന്ന്‌ റോമില്‍ വളരെ ന്യൂനപക്ഷമായിരുന്ന ക്രൈസ്തവര്‍ അക്രൈസ്തവരായ റോമക്കാരുമൊത്ത്‌ ക്രൈസ്തവോചിതമായി ആനന്ദിക്കാന്‍ വേണ്ടി അവരുടെ ആഘോഷദിനമായ ഡിസം25 സൂര്യോത്സവ ദിനം ക്രിസ്തു ജയന്തിയായി ആചരിക്കാന്‍ പാശ്ചാത്യ ക്രൈസ്തവസഭ നിശ്ചയിക്കുകയും പൗരസ്ത്യ ക്രൈസ്തവ സഭകള്‍ ഇതിനെ സ്വാഗതം ചെയ്യുകയുമാണുണ്ടായത്‌.
എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക പറയുന്നു: " ക്രൈസ്തവര്‍ എന്തുകൊണ്ടാണ്‌ ഡിസംബര്‍ 25 ക്രിസ്മസായി ആഘോഷിക്കുന്നതെന്നുള്ളത്‌ അനിശ്ചിതത്വത്തില്‍ നിലനില്‍ക്കുന്ന കാര്യമാണ്‌. എന്നാല്‍ മുന്‍കാല ക്രിസ്ത്യാനികള്‍ റോമിലെ മിത്ര മതക്കാരോടൊത്ത്‌ യോജിച്ചതിന്റെ ഫലമാണിത്‌. സൂര്യദേവന്റെ ഉത്സവം ഈ ദിവസങ്ങളിലാണ്‌ കൊണ്ടാടിയിരുന്നത്‌ "





അതായത്‌ കടംകൊണ്ട ഒരാചാരത്തില്‍ നിന്നാണ്‌ ഡിസംബര്‍ 25 ക്രിസ്മസായി വിശുദ്ധീകരിച്ചതെന്ന്‌ സാരം.ഈ സത്യം എല്ലാ സെമിനാരികളിലും പഠിപ്പിക്കുന്നതാണ്‌.എന്നാല്‍ സെമിനാരി പഠനം കഴിഞ്ഞിറങ്ങി പുരോഹിതരായിത്തീരുന്നവര്‍ സത്യത്തെ തമസ്ക്കരിച്ച്‌ കള്ളത്തരത്തെ ശാശ്വതീകരിക്കുകയാണ്‌
അപ്പോള്‍ നാം ഒരു ചോദ്യം ചോദിക്കാന്‍ നിര്‍ബന്ധിതരാകും: ദൈവപുത്രന്റെ ജന്മദിനം ഇത്തരത്തില്‍ വ്യാജ മേല്‍വിലാസത്തില്‍ കൊണ്ടാടുമ്പോള്‍ തകര്‍ക്കപ്പെടുന്നത്‌ ദൈവപുത്രന്റെ വിശ്വാസ്യതയല്ലേ..?
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP