
പട്ടച്ചാരായം മണക്കുന്ന രാത്രികളില്‍
ഇരുളിന്റെ ഊന്നുവടിയിലാണ്
അച്ഛന്‍ വീടണഞ്ഞിരുന്നത്..
പച്ചത്തെറിയുടെയും ആര്‍ത്തലപ്പുകളുടെയും
ഒച്ചപ്പാടുകളുടെയും നടുവില്‍
അമ്മയുടെ മൂകബാഷ്‌പങ്ങളേറ്റ്
ഭയന്നാണ് ഞാനുറങ്ങിയിരുന്നത്.
മണ്‍ഭിത്തികള്‍ക്കിടയിലൂടോടി നടക്കുന്ന
പഴുതാരകളെ കണ്ടുറക്കെ കരഞ്ഞും
ഒച്ചുകളിഴയുന്ന വഴുവഴുപ്പുകളിലറച്ചും
മേല്‍ക്കൂരയിലെയഴുകിയ പാളയ്‌ക്കിടയിലൂടെ
ഒലിച്ചിറങ്ങിയ മഴത്തുള്ളികളില്‍ നനഞ്ഞുമാണ്
ഞാനന്നുറങ്ങിയതുമുണര്‍ന്നതും..
***********************
കോണ്‍ക്രീറ്റു കോട്ടയ്‌ക്കുള്ളില്‍
മഴത്തുള്ളിയുടെ തണുപ്പോ,
ഒച്ചുകളുടെ വഴുവഴുപ്പോയില്ലാതെ
പച്ചത്തെറികളുടെ ശബ്‌ദമേളങ്ങളോ
നെടുനീളന്‍ പഴുതാരയുടെ ശല്യപ്പെടുത്തലു
കളോയില്ലാതെയാണ് ഞാനുറങ്ങുന്നത്.
നാലുചുവരുകള്‍ക്കുള്ളിലിരുട്ടിനു
തെല്ലും കനപ്പില്ലാതെയാക്കുന്ന
സി.എഫ്. ലാമ്പുകള്‍ക്കു നടുവില്‍
അമ്മയുടെ നനുത്ത കണ്ണീരിന്റെ
സ്വാന്ത്വസ്‌പര്‍ശമോ, അഭയമോയില്ലാത്ത
തടിച്ച വാതിലുകള്‍ക്കുള്ളിലാണ്
അശാന്തമായി ഞാനുറങ്ങുന്നത്.
മൗനത്തിന്റെ താരാട്ടു കേട്ട്, ഏകന്തത
യുടെ അകത്തളങ്ങളില്‍, എന്റെ
തലയിണ നനഞ്ഞു ചീര്‍ക്കുന്നു..
ഇടവഴിയില്‍ വഴുതിവീണപ്പോള്‍
പരിപ്പുവടകളില്‍ കൂട്ടുവന്ന
മണല്‍ത്തരികള്‍ക്കു ചുറ്റും ചിതറിയ
`കലപിലകള്‍' കരിയിലക്കാറ്റായ് പറന്നു പോകുന്നു
കണ്ണുനീരും ഗദ്‌ഗദവും ഒച്ചപ്പാടുകളും
അട്ടഹാസവും നിറഞ്ഞു നിന്നിരുന്നെങ്കിലും
അത്... അതൊരു വീടായിരുന്നു..
അവിടെ ഞാന്‍ ജീവിച്ചിരുന്നു..
ചിത്രത്തിന് കടപ്പാട് ജയരാജ് ടി.ജി