Tuesday, 22 June 2010

ഇരുചക്രവാഹനങ്ങള്‍ പകല്‍സമയത്ത്‌ ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കണം----വിവരക്കേട്‌ ഇങ്ങനേയുമുണ്ടോ...?

ഹിമജ

വിവരക്കേടിന്റെ പര്യായമാകുകയാണോ റോഡ്‌ സേഫ്റ്റി അതോറിറ്റിയും ഗതാഗത വകുപ്പും ?അല്ലെങ്കില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇരു ചക്ര വാഹനങ്ങള്‍ പകല്‍ ഹെഡ്‌ ലൈറ്റ്‌ ഇട്ട്‌ പോകണമെന്ന്‌ നിര്‍ദേശിക്കുമായിരുന്നോ..? പട്ടാപ്പകല്‍ റോഡില്‍ സ്കൂട്ടറോ മോട്ടോര്‍ സൈക്കിളോ പോകുന്നതു കാണാന്‍ കഴിയാത്ത വാഹന ഡ്രൈവര്‍ക്ക്‌ അവ ഹെഡ്‌ ലൈറ്റ്‌ പ്രകാശിപ്പിച്ചു യാത്രചെയ്താല്‍ കാണാന്‍ കഴിയുമോ? ഇരുചക്രവാഹനക്കാര്‍ പകല്‍സമയങ്ങളില്‍ ഹെഡ്‌ ലൈറ്റ്‌ പ്രകാശിപ്പിച്ചു യാത്രചെ
യ്യണമെന്നു നിര്‍ദേശിച്ച റോഡ്‌ സേഫ്റ്റി അതോറിറ്റിയോടും ആ നിര്‍ദേശം തൊണ്ട തൊടാതെ വിഴുങ്ങിയ ഗതാഗത വകുപ്പിനോടും ചോദിക്കാതിരിക്കുന്നതെങ്ങനെ.
സമ്മതിക്കുന്നു, ഇരു ചക്ര വാഹന
ങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കേരളത്തില്‍ സാര്‍വത്രികമാണ്‌. ഇതില്‍ പക്ഷേ എത്രയെണ്ണം വാഹനങ്ങള്‍ തമ്മില്‍ കാണാത്തതുകൊണ്ട്‌ ഉണ്ടാകുന്നു? നല്ല പകല്‍ സമയത്ത്‌, പ്രത്യേകിച്ച്‌ നട്ടുച്ചയ്ക്ക്‌ ഇരുചക്ര വാഹനം ലൈറ്റിട്ടാല്‍ വല്ല പ്രയോജനവും ഉണ്ടോ? നല്ല പകല്‍ സമയത്ത്‌ മര്യാദയ്ക്ക്‌ വണ്ടി ഓടിച്ചു പോകുന്ന സ്കൂട്ടറുകാരനെ പിന്നില്‍ നിന്ന്‌ ഇടിച്ചു തെറിപ്പിക്കുന്ന ടിപ്പര്‍ ലോറിയെ ഏതു ലൈറ്റിട്ടു കാണിക്കണമെന്നാണ്‌ ? ട്രാഫിക്‌ സിഗ്നലില്‍ ബൈക്കു നിര്‍ത്തുന്നവനെ പിന്നില്‍ നിന്ന്‌ ഇടിച്ചിട്ട്‌ തലയില്‍ക്കൂടി ടയറുകേറ്റി ഇറക്കുന്ന പ്രൈവറ്റ്‌ ബസുകാരനെ ഏതു ലൈറ്റിട്ടു ബോധവല്‍കരിക്കും ? വളവിലും മറ്റും വീശിയെടുക്കുന്ന കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഓടിക്കുന്ന ബസിന്റെ പുറകുവശം തട്ടി സ്കൂട്ടി യാത്രക്കാരന്‍/യാത്രക്കാരി അരമെയില്‍ ദൂരത്തേക്കു തെറിച്ചുപോകുന്നത്‌എവിടെ ഏതു ലൈറ്റിട്ടാല്‍ മാറും?
പൊതു സമൂഹത്തിന്റെഈ സാധാരണ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാതെ റോഡ്‌ സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശം ഗതാഗതമന്ത്രിയുടെ ഓഫിസ്‌ പത്രങ്ങളിലേക്കും തദ്വാരാ ജ
നങ്ങളിലേക്കും "ഫോര്‍വേഡ്‌" ചെയ്തു കഴിഞ്ഞു. ഇനി അതു അനുസരിക്കുകയെ തരമുള്ളു. അല്ലെങ്കില്‍ ഫൈനും ശിക്ഷയും അനുഭവിക്കുക തന്നെ.




ഇരുചക്ര വീരന്മാരായ യുവാക്കളും കൗമാരക്കാരും മോശമല്ല! കേരളത്തിലെ എല്ലാറോഡുകളും ഇവര്‍ മരണക്കിണറുകളാക്കി കഴിഞ്ഞു. വൃത്തിക്കെട്ട ,ഭയാനകമായ ശബ്ദകോലാഹലത്തോടെ, മൊബെയില്‍ ഫോണില്‍ സല്ലപിച്ച്‌ പായുന്ന ഇവരില്‍ പലരും പിണമായി വീട്ടിലും പടമായി പത്രം ഓഫീസുകളിലും എത്തുന്നതിനു കാരണം വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരല്ല. മറിച്ച്‌ അവരവരും അവര്‍ക്ക്‌ ഈ സാധനങ്ങള്‍ വാങ്ങിക്കൊടുത്ത മാതാപിതാക്കളും മാത്രമാണ്‌. അവര്‍ക്കു നേരെ ഏത്‌ ലൈറ്റാണ്‌ തെളിച്ചു കാണിക്കേണ്ടത്‌?




എന്തു പരിഷ്ക്കാരം കൊണ്ടുവരാന്‍ ശ്രമിച്ചാലും എതിര്‍പ്പുണ്ടാകുന്നത്‌ സ്വാഭാവികം.
ഹെല്‍മറ്റ്‌ തന്നെ ഉദാഹരണം. പുതിയ പരിഷ്ക്കാരവും ജനങ്ങളുടെ ജീവന്‌ സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നതു കൊണ്ടാണ്‌ കൊണ്ടുവരുന്നതെന്നും മനസ്സിലാകും. എന്നാല്‍, പരിഷ്ക്കാരം ശാസ്ത്രീയമാണോ എന്നറിയാനുള്ള അവകാശം പൊതു സമൂഹത്തിനില്ലേ? വിദേശ രാജ്യങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ പകല്‍ ലൈറ്റിട്ടാണോ പായുന്നത്‌? ( ഇതേക്കുറിച്ചു പഠിക്കാന്‍ ഒരു വിദേശ പര്യടനം നടത്താനുള്ള സാധ്യതയുടെ ലൈറ്റ്‌ ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്‌ )
വിവരക്കേട്‌ ഇങ്ങനേയുമുണ്ടോ തെറ്റയില്‍ മന്ത്രി....?!
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP