Tuesday, 22 June 2010

ഉമാമഹേശ്വരം


പ്രസീദ പത്മ


വലംപിരി ശംഖി-
ലോംകാരമായെന്റെ
രൗദ്രകല്‍പ്പനകളില്‍
‍നി,ന്നെന്നേയുണര്‍ത്തേണ്ടവള്‍...


പ്രണയം പാണിയായ്‌ കൊട്ടി
വ്യഥിത നിനവുകളില്‍
‍നിലാവുതിര്‍ത്ത്‌,കുതിര്‍ത്തെന്നില്‍
ശ്വാസവേഗോന്മാദമാകേണ്ടവള്‍...


നോവുനുണഞ്ഞു തെഴുത്തൊരെ-
ന്നേകാന്ത ജീവനക്കാവില്‍
‍ഒറ്റത്തിരിയായെരിയേണ്ടവള്‍;
തോറ്റമായ്‌ പൊലിക്കേണ്ടവള്‍....


സ്നേഹസങ്കീര്‍ത്തനപ്പുഴ-
യായൊഴുകിയെന്റെ
സങ്കടസൈകതങ്ങളില്‍
‍സൃഷ്ട്യുന്മുഖ സര്‍ഗ്ഗരേതസാകേണ്ടവള്‍...


പാഞ്ചാരിയായ്‌, പാണ്ടിയായ്‌,
ത്രിപുടയായ്‌, അടന്തയായ്‌, മാഠ്യമായ്‌
മേളങ്ങളഞ്ചും ചേര്‍ന്ന-
ക്ഷരത്തായമ്പകയാകേണ്ടവള്‍...


സോമയായ്‌,സുരയായെന്റെ
സ്വത്വാന്വേഷണ യജ്ഞങ്ങളില്‍
ലഹരിതിളപ്പിച്ചാസക്തിയുടെ
കാളിയായ്‌ ഉറഞ്ഞുലയേണ്ടവള്‍..


1'ഇഡ' നാഡിയി,ലിടിമിന്നലായ്‌
'പിംഗള'യിലുന്മത്ത മേഘഗര്‍ജ്ജമായ്‌
സത്വ-രാജസോത്തുംഗ സ്ഫോടനമായ്‌
2മൂലാധാരത്തിലമര്‍ന്ന്‌
കുണ്ഡലിനിയാ,യുയര്‍ന്നുയര്‍ന്ന്
സഹസ്രാരപത്മത്തിലുരുകി-
യുച്ചണ്ഡ താളമാകേണ്ടവള്‍..


3കറുത്തകാന്താരക്കരുത്തായ്‌
കുത്തിയൊലിക്കും മൈഥുനമൂര്‍ച്ഛയായ്‌
ഇന്ദ്രിയങ്ങളഞ്ചിലും വെള്ളിടിപോല്‍
‍ത്വരിതപദമേളനമാകേണ്ടവള്‍...




എന്റെ സുരതോന്മാദ
ഗിരിശൃംഗങ്ങളെ
ഗൗരിയായ്‌ താണ്ഡവമാടി-
ത്താഴ്ത്തേണ്ടവള്‍...


സമയരേഖകളും
സാഗരസീമകളും
ഉല്ലംഘിച്ച്‌
നീയുണരുക...


ഔഷധസുഗന്ധമുള്ള
തങ്കക്കൊലുസ്സണിഞ്ഞ
നിന്റെ വലംകാലെന്റെ
ക്ഷിപ്രകോപ-തൃഷ്ണകള്‍ പൊട്ടും
4നെറ്റിയിലമര്‍ത്തിനീ ഉമയാകുക..!
എന്നെ മഹേശ്വരനാക്കി
5പാദസ്പര്‍ശമോക്ഷത്തിന്റെ
പുതു ചരിതം വിരചിക്കുക..!!
സൂത-മാഗധര്‍പാടിപ്പൊലിപ്പിക്കട്ടെ




1 ഇഡയും(ഇള)പിംഗളയും ശരീരത്തിലെ ഏറ്റവും പ്രധാന നാഡികള്‍.ഇഡയിലൂടെ ശ്വസനവായു സഞ്ചരിക്കുമ്പോള്‍ സത്വിക ഗുണവും പിംഗളയിലൂടെ സഞ്ചരിക്കുമ്പോള്‍ രാജസ ഗുണവും സൃഷ്ടിക്കപ്പെടുന്നു എന്ന് ആയൂര്‍വേദം


2 മൂലാധാരത്തില്‍ സുപ്താവസ്തയിലുള്ള കുണ്ഡലിനിയെ ഉണര്‍ത്തി നെറുകയില്‍ അധോമുഖകമലം പോലുള്ള സഹസ്രാരപത്മത്തിലെത്തിച്ചാല്‍ യോഗി സ്വര്‍ഗ്ഗിയവും അവാച്യവും അനുപമവുമായ അനുഭൂതിയിലെത്തുമെന്ന് യോഗശാസ്ത്രം


3 പ്രണയത്തിലും മൈഥുനത്തിലും സ്ത്രീക്കാണ് കര്‍ത്തൃത്വമെന്ന് ‘കുമാരസംഭവ’ത്തില്‍ കാളിദാസന്‍


4 ഇന്ദുചൂഢന്റെ നെറ്റിയില്‍ മുക്കണ്ണ് കൂടാതെ പര്‍വതനന്ദിനിയുടെ പാദമുദ്രയുമുണ്ട്.ശിവ-പാര്‍വതീ പ്രണയത്തിന്റേയും മൈഥുന മൂര്‍ച്ഛയുടേയും പ്രതീകം.നെറ്റിയില്‍ സ്ത്രീയുടെ പാദമുദ്രയുള്ള ഏക ദൈവം മഹേശ്വരനാണ്


5 അഹല്യാമോക്ഷത്തിന് ഒരു എതിര്‍ മോക്ഷമുണ്ടാകട്ടെ
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP