Wednesday, 26 May 2010

ബോട്ടല്‍: നിയമം നല്‍കുന്ന പരിരക്ഷ

2010 ലെ കേരള ഉള്‍നാടന്‍ ജലഗതാഗത നിയമം അനുസരിച്ച്‌, സംസ്ഥാനത്തെ നാലായിരത്തോളം ബോട്ടുകളും ഇനിമുതല്‍ പുതുക്കിയ ലൈസന്‍സ്‌ ലഭിക്കുന്നതിനായി പുതിയ നിയമങ്ങള്‍ പാലിക്കേണ്ടി വരും.



കേരള സര്‍ക്കാറിന്റെ ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ ഉപദേഷ്‌ടാവായ ബി.ആര്‍ മേനോന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി തയ്യാറാക്കിയ നിയമാവലി 2010 ഏപ്രിലില്‍ 30 ന്‌ നിലവില്‍ വന്നു. ഇതോടുകൂടി ചീഫ്‌ ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ ബോട്ട്‌സിനായിരിക്കും ലൈസന്‍സ്‌ നല്‍കുന്നതിനുള്ള അധികാരം. ഹൗസ്‌ ബോട്ടുകള്‍ക്കും ഈ നിയമങ്ങള്‍ ബാധകമാണ്‌. കുസാറ്റിലെ മുന്‍ ഷിപ്പ്‌ടെക്‌നോളജി വിഭാഗം തലവന്‍ ഡോ. എസ്‌. കെ. പ്യാരി ലാലും പ്രസ്‌തുത കമ്മിറ്റിയിലെ അംഗമാണ്‌. പുതിയ നിയമപ്രകാരം ഹള്ളിനുള്ളില്‍ വെള്ളം കയറിയാലും ബോട്ട്‌ താഴാത്ത രീതിയിലായിരിക്കണം അതിന്റെ ഘടന. അതിനായി ഫ്‌ളഡിംഗ്‌ കാല്‍ക്ക്യൂലേഷനെ അടിസ്ഥാനപ്പെടുത്തി ഹള്ളിനെ കമ്പാര്‍ട്ടുമെന്റുകളാക്കണം. രണ്ടാമതായി ബോട്ട്‌ ചെരിയാന്‍ സാധ്യതയുണ്ടായാല്‍ പോലും തലകീഴ്‌ മറിയാത്തവിധം ബാലന്‍സ്‌ ചെയ്യിപ്പിക്കുന്ന സാങ്കേതികവിദ്യ കൈക്കൊള്ളണം. ഇന്‍ക്ലൈനിംഗ്‌ ടെസ്റ്റ്‌ എന്നതാണ്‌ അടുത്ത ഘട്ടം. ഈ അവസരത്തില്‍ നിയമം നല്‍കുന്ന പരിരക്ഷ അനുസരിച്ച്‌ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ ഏക ഹൗസ്‌ ബോട്ടായ ബോട്ടല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ബോട്ടുകളുടെ സുരക്ഷയ്‌ക്കായി രണ്ട്‌ അടിസ്ഥാനഘടകങ്ങളാണുള്ളത്‌- അവയൊരിക്കലും താഴരുത്‌, കീഴ്‌മേല്‍ മറിയരുത്‌. ഇതു രണ്ടും സാധ്യമാക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്‌തതാണ്‌ ബോട്ടലിന്റെ ഘടന.


പുന്നമടക്കായലില്‍ വിദേശികളെയും സ്വദേശികളെയും കാത്ത്‌ കേരളത്തില്‍ നാലായിരത്തിലധികം ഹൗസ്‌ ബോട്ടുകളുണ്ട്‌. പക്ഷേ ഹൗസ്‌ ബോട്ടുകള്‍ക്ക്‌ പകരക്കാരനായി എത്തിയ ബോട്ടല്‍ ഒന്നുമാത്രമേ ഉള്ളൂ. പരമ്പരാഗത ഹൗസ്‌ ബോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ബോട്ടല്‍ ഒരിക്കലും വെള്ളത്തില്‍ മുങ്ങാത്ത തരത്തിലാണ്‌ രൂപകല്‌പന ചെയ്‌തിരിക്കുന്നത്‌. ദുബായ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ്‌ മറൈന്‍ കമ്പനിയുടെ ബോട്ടല്‍( ബാക്ക്‌ വാട്ടര്‍ ഓപ്പറേറ്റഡ്‌ ടൂറിസ്റ്റ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌ ലോഞ്ച്‌) എഞ്ചിന്‍ ഒഴികെ സൗരോര്‍ജ്ജം കൊണ്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌.


സുരക്ഷാ മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തില്‍ ബോട്ടല്‍ എന്നത്‌ ബോട്ടിംഗ്‌ ലോകത്തില്‍ തന്നെ ഏറ്റവും മികച്ചതാണെന്ന്‌ ഏരീസ്‌ ഗ്രൂപ്പ്‌ സി. ഇ. ഒ. സോഹന്‍ റോയ്‌ ചൂണ്ടിക്കാട്ടുന്നു. കെട്ടിലും മട്ടിലും വ്യത്യസ്‌തതയും പരിസ്ഥിതി സൗഹൃദവുമായ ഒന്നാണ്‌ ബോട്ടല്‍. പരിപൂര്‍ണമായും ഉരുക്കുകൊണ്ട്‌ നിര്‍മ്മിച്ച ഇത്‌ അപകടത്തില്‍ പെട്ടാല്‍ പോലും മുങ്ങിപ്പോകാത്തത്‌ ഇതിനോട്‌ ഘടിപ്പിച്ച ബോയന്‍സി ചേമ്പറിന്റെ സാന്നിധ്യം കൊണ്ടാണെന്ന്‌ സോഹന്‍ റോയ്‌ പറഞ്ഞു.


ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ ഏരീസ്‌ പുന്നമട ചുണ്ടന്‍ എന്ന ഉരുക്കു ചുണ്ടന്‍ വള്ളവും ഏരീസ്‌ മറൈന്റേതാണ്‌. പൂര്‍ണമായും ഉരുക്കിലാണ്‌ പുന്നമട ചുണ്ടന്റെ നിര്‍മ്മിതി. ഏരീസ്‌ ഗ്രൂപ്പിന്റെ സി. ഇ. ഒ വിദേശ മലയാളിയായ സോഹന്‍ റോയിയുടെ ആശയമാണ്‌ ഉരുക്കു ചുണ്ടനും ബോട്ടലും. സോഹന്‍ ഖോയ്‌ കുസാറ്റില്‍ നിന്നും നേവല്‍ ആര്‍ക്കിടെക്‌ടില്‍ ബി.ടെക്‌ ബിരുദം നേടിയിട്ടുണ്ട്‌. . മര്‍ച്ചന്റ്‌ നേവിയില്‍ മറൈന്‍ എഞ്ചീനയറായി ജോലി ചെയ്‌ത ആദ്യത്തെ നേവല്‍ ആര്‍ക്കിടെക്‌ട്‌ എന്ന ഖ്യാതിയും സോഹന്‍ റോയിക്ക്‌ സ്വന്തമായുണ്ട്‌. കൂടാതെ മറൈന്‍ മേഖലയില്‍ നിന്നുള്ള ആദ്യത്തെ ഹോളിവുഡ്‌ ചിത്രമായ ഡാം 999 ന്റെ സംവിധായകനാണ്‌ സോഹന്‍ റോയ്‌.


സാങ്കേതികമായി ടൂറിസ്റ്റുകളെ മനസ്സില്‍ വച്ചുകൊണ്ടാണ്‌ ബോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. അതുകൊണ്ടുതന്നെ സ്റ്റിയറിംഗ്‌ സിസ്റ്റവും എഞ്ചിനും സ്റ്റിയറിംഗ്‌ ഏരിയയില്‍ നിന്നും ദൂരെ മാറ്റിയാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. മുകളിലുള്ള ഡൈനിംഗ്‌ കം-കോണ്‍ഫറന്‍സ്‌ മുറിയില്‍ അമ്പതുപേര്‍ക്കിരിക്കാവുന്ന സൗകര്യമുണ്ട്‌. ബില്‍ജ്‌ വാട്ടര്‍ സെപ്പറേറ്റര്‍ എന്ന സംവിധാനം എണ്ണ കലര്‍ന്ന വെള്ളത്തെ എഞ്ചിന്‍ മുറിയില്‍ നിന്നും നീക്കം ചെയ്യുന്നു.


പരിസ്ഥിതി മലിനീകരണം കൊണ്ടു പൊറുതിമുട്ടുന്ന ബാക്ക്‌ വാട്ടര്‍ ടൂറിസം മേഖലയില്‍ ബോട്ടലില്‍ പരിസ്ഥിത പ്രശ്‌നങ്ങളെ മറികടക്കാനുള്ള സംവിധാനങ്ങളാണുള്ളത്‌. ഗാര്‍ബേജ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം ഭക്ഷ്യാവശിഷ്‌ടങ്ങളും പ്ലാസ്റ്റിക്കും ശേഖരിച്ച്‌ വച്ച്‌ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. മാലിന്യങ്ങള്‍ നേരിട്ട്‌ വെള്ളത്തിലേക്ക്‌ ഒഴുക്കാതെ അതിനെ ശേഖരിച്ച്‌ പിന്നീട്‌ സംസ്‌കരിക്കാവുന്ന തരത്തില്‍ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റും ബോട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്‌.


മെഡിക്കല്‍ ടൂറിസത്തെ ലക്ഷ്യം വച്ചു തുടങ്ങിയ ബോട്ടല്‍ രണ്ടു നിലകളാണ്‌ പണിതിരിക്കുന്നത്‌. ആയുര്‍വേദ ചികിത്സാ മുറിക്കു പുറമെ ഊഞ്ഞാല്‍ക്കട്ടില്‍, ചാരു എന്നിവയോടു കൂടിയ പൂമുഖം, രണ്ട്‌ ബാത്ത്‌ അറ്റാച്ച്‌ഡ്‌ എ. സി. റൂം, അടുക്കള എന്നിവയാണ്‌ താഴെ നിലയിലുള്ളത്‌. മുകളിലെ നിലയില്‍ ഡൈനിംഗ്‌ ഹാള്‍ കം കോണ്‍ഫറന്‍സ്‌ ഹാളാണ്‌. നിരവധി സ്ഥാപനങ്ങള്‍ തങ്ങളുടെ ഓഫീഷ്യല്‍ കോണ്‍ഫറന്‍സ്‌ ബോട്ടലില്‍ വച്ച്‌ നടത്താറുണ്ട്‌.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP