Wednesday, 26 May 2010

മഴ പെയ്യുകയാണ്‌..

ജെയ്‌നി

മഴ പെയ്യുകയാണ്‌..
കുണുങ്ങിക്കുണുങ്ങി..
പ്രണയിനിയുടെ നുണക്കുഴികളിലേക്ക്‌
ചിതറിത്തെറിച്ച്‌..
ഹൃദയത്തിലിക്കിളിയായ്‌..
മഴ പെയ്യുകയാണ്‌..


നിറഞ്ഞയൗവനസൗന്ദര്യത്തിന്നഗാധതയറിഞ്ഞ്‌
വിടര്‍ന്നമൊട്ടിലിറ്റും മധുവായ്‌...
തുള്ളിത്തുളുമ്പി..
മഴ പെയ്യുകയാണ്‌..
രാധയുടെ ഹൃദയനൊമ്പങ്ങളറിഞ്ഞലിഞ്ഞ്‌..
നിലച്ച ചിലങ്കയുടെ താളം മറന്ന്‌..
മഴ പെയ്യുകയാണ്‌..


ആര്‍ത്തിപെരുത്ത്‌..
കണ്ണകിയുടെ താപമറിഞ്ഞ്‌
കണ്ണിലെ തീയണയ്‌ക്കാനാവാതെ
മധുരയെ തണുപ്പിയ്‌ക്കാനാകാതെ..
തോക്കില്‍ നിന്നുതിരുന്നഗ്നി-
യാകാശത്താളി പടരുന്നു....
കര്‍ഷകന്റെ നിണമൊഴുകിപ്പരക്കുന്നു..
ദിഗന്തങ്ങളിലേക്കലിഞ്ഞു
പോകുന്ന രോദനം..


മഴ പെയ്യുകയാണ്‌..
ചുടുനിണത്തിന്റെ ഗന്ധവും പേറി..
വഴുവഴുപ്പുകളില്‍ വേച്ച്‌ വേച്ച്‌..
കരയെ കാര്‍ന്നു തിന്നുന്ന കടല്‍
ഭൂമിയെ വിഴുങ്ങാനായുന്ന കാറ്റ്‌ ....
അസ്ഥിപഞ്‌ജരം കത്തിയെരിയുന്നു
ചുടലയിലഗ്നി പടരുന്നു..


മഴ പെയ്യുകയാണ്‌..
ജീവനിലലിഞ്ഞലിഞ്ഞ്‌..
ഓരോ ജീവിതവുമറിഞ്ഞറിഞ്ഞ്‌..
മഴ പെയ്യുകയാണ്‌.. വീണ്ടും..
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP