Thursday, 14 January 2010

മകനേ നീ വരുന്നതും കാത്ത്‌..


ജയ്‌നി പൂമാല

അതിരിലെ പോരാളീ, നീയണഞ്ഞീടുന്ന
സന്ദേശമെത്രയോ മോദമോദം..

ആണ്ടുരണ്ടായെന്‍ മകനേ, നിന്‍
പുഞ്ചിരിപ്പൂക്കളിന്നോര്‍മ്മ മാത്രം

തീവണ്ടിയാപ്പീസില്‍ നിന്‍ മാമനോടാത്തെ-
ത്തുവാന്‍ ഞാനും കൊതിച്ചിരുന്നു.

ശയ്യ വിട്ടീടാന്‍ കഴിയാത്തൊരമ്മ തന്‍ നെടുവീര്‍പ്പുകള്‍..
മകനേ, നീ വരാന്‍ വൈകുവതെന്തേയീ-
യമ്മതന്‍ കണ്ണുകഴച്ചിടുന്നു...

തൊടിയിലെയമ്മിണിപ്പശുവിന്റെ ക്‌ടാക്കളും
നിന്റെ വരവിനായ്‌ കാത്തിരിപ്പൂ..

നീ നട്ട ചെമ്പകത്തൈയ്യിലിന്നാദ്യമായ്‌
മൊട്ടിട്ട പൂവിനും മോദമായി..

ജാലകവാതിലില്‍ വന്നിരുന്നീ മൈന
പാടുന്ന ഗീതമെന്തായിരിക്കാം?

സന്ദേഹമില്ല,വള്‍ നീ വരും സന്തോഷ
ഗാനങ്ങള്‍ പാടുന്നതായിരിക്കും.

മകനേ, നീ വരാന്‍ വൈകുന്നതെന്തേയീ
യമ്മതന്‍ നെഞ്ചകം വിങ്ങിടുന്നു..

പാരിലിന്നേറ്റവും തൃപ്‌തി തരുന്നതീ
രാജ്യത്തെ സേവനമാണെന്നറിഞ്ഞു നീ

അകലേക്ക്‌ പോകിലും ആനന്ദ-
ബാഷ്‌പമോടീയമ്മ കാത്തിരുന്നു..

ശകടത്തിന്‍ ശബ്‌ദമിങ്ങണയുന്നു
മുറ്റത്തൊഴുകുന്നു തേങ്ങലുകള്‍..

വെള്ളപുതച്ചു കിടക്കുന്നു മുറ്റത്തു -
വെണ്ണിലാച്ചന്തം കരിഞ്ഞുപോയി..

കാണുവാനാകാതെ ആദിത്യദേവനാ-
മേഘപ്പുതപ്പില്‍ ഒളിച്ചിടുന്നു..

നിളയായൊഴുകുന്നു കണ്ണുനീര്‍ച്ചാലുകള്‍
പൊട്ടിത്തകരും നിലവിളികള്‍..

ആരതിയുഴിയുവാന്‍ കാത്തൊരാദീപമീ-
യുത്തമാംഗത്തിന്‍ ചുവട്ടിലെരിയുന്നു..

ജാലകവാതിലുകളടയുന്നു മൈനകള്‍
നൊമ്പരം പേറിയകന്നിടുന്നു..

തൊടിയിലെ ചെമ്പകത്തൈയിലെ പൂക്കളും
വാടിക്കരിഞ്ഞു വീണടിഞ്ഞു..
മകനേ, നീ വരും നേരവും കാത്ത്‌....

2 comments:

  1. വെള്ളപുതച്ചു കിടക്കുന്നു മുറ്റത്തു -
    വെണ്ണിലാച്ചന്തം കരിഞ്ഞുപോയി..

    നന്നായിട്ടുണ്ട്

    ReplyDelete
  2. സൈനിക സേവനത്തിനു പോകുന്നവരെ കുറിച്ച് ഗര്‍വു തോന്നു അതോടൊപ്പം ആ അമ്മയുടെ വേദന പകര്‍ന്നു നല്‍കിയ കവിക്ക്‌ ആശംസകള്‍ ഇനിയും എഴുത്ത് തുടരു

    ReplyDelete

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP