Friday, 18 December 2009

മേളകളിലെ മീഡിയാ നുറുങ്ങുകള്‍

ബി. അമ്പിളി

സ്‌കൂള്‍ കോളേജ്‌ തലമേളകള്‍ പത്രപ്രവര്‍ത്തകര്‍ക്ക്‌ കൂട്ടായ്‌മയുടെ നാളുകളാണ്‌. ഒത്തുചേരലിന്റെയും പാരവയ്‌ക്കലിന്റെയും സുഖം ഒരു പോലെ അനുഭവിക്കുന്ന ദിവസങ്ങള്‍.

എല്ലാ മേളകളും കുറഞ്ഞത്‌ 4 ദിനങ്ങള്‍ നീണ്ട്‌ നില്‍ക്കുന്നവയാണ്‌. കലാമേളകള്‍ രാത്രി വൈകിയും തുടരുന്നതിനാല്‍ ഈ നാലുനാള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മേളയുടെ വേദികള്‍ താല്‍ക്കാലിക താമസ സ്ഥലമാവും.


ഞാന്‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌ത കലാമേള 2003ല്‍ മൂവാറ്റുപുഴയില്‍ നടന്ന എറണാകുളം ജില്ലാ കലാമേളയായിരുന്നു. പത്രപ്രവര്‍ത്തനത്തിനോടുള്ള ആസക്തിയാണ്‌ നല്ലൊരു മള്‍ട്ടിനാഷണല്‍ കമ്പിനിയിലെ ഉദ്യോഗത്തില്‍ നിന്ന്‌ അവധിയെടുത്ത്‌ ഈ കലാമേളയുടെ മീഡിയ സെന്ററില്‍ എത്തുവാന്‍ എന്നെ പ്രേരിപ്പിച്ചത്‌. വളരെയൊന്നും അനുഭവമോ, പരിചയമോ ഇല്ലാത്തതിനാല്‍ പേരൊന്നും വയ്‌ക്കാതെ വിവിധ ചെറുകിട പത്രങ്ങള്‍ക്ക്‌ സൈഡ്‌ സ്റ്റോറികളും, എക്‌സ്‌ക്ലൂസിവുകളും റിപ്പോര്‍ട്ട്‌ ചെയ്യലായിരുന്നു പണി. അത്‌ ഏതാണ്ട്‌ വിജയം കണ്ടുവെന്ന്‌ പറയാം. മൂവാറ്റുപുഴയിലെ ചെറുകിട പത്രങ്ങളുടെ ലേഖകര്‍ക്ക്‌ ഞാനൊരു ആശ്വാസമായിരുന്നു...


പിന്നെ 2006ല്‍ നടന്ന എറണാകുളം ജില്ലാ കലാമേളയില്‍ എന്റെ ബൈലനില്‍ ഒരു പ്രമുഖ പത്രത്തിനുവേണ്ടി പണിയെടുത്തു. ആദ്യ ദിനം ഞാന്‍ ഇന്നും ഓര്‍മ്മിക്കുന്നു. ഒരു എസ്‌ എല്‍ ആര്‍ ക്യാമറയും തൂക്കി(അത്യാധുനിക ഡിജിറ്റര്‍ ക്യാമറയുമായി മലയാള മാധ്യരംഗത്തെ ഭീമന്‍മാര്‍ നിരന്നിരിക്കുന്ന സദസ്സിലാണെന്ന്‌ ഓര്‍മ്മിക്കുക) ഒരു ചെറു ചമ്മലോടെ റിപ്പോര്‍ട്ടിംഗ്‌ തുടങ്ങി. ആദ്യദിനം അന്ധാളിപ്പോടെ എന്തെല്ലാമോ തട്ടികൂട്ടി അയക്കുമ്പോള്‍ ഉള്ള്‌ നിറയെ പേടിയായിരുന്നു. പക്ഷെ ഡെസ്‌കില്‍ നിന്ന്‌ കൊള്ളാമെന്നും, അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സ്‌പേസ്‌ അനുവദിക്കാമെന്നുമുള്ള പ്രോത്സാഹനം ഉന്‍മേഷമേകി. രണ്ടാം ദിനത്തില്‍ മറ്റൊരു പ്രമുഖ പത്രത്തിന്റെ വനിതാലേഖിക കൂടി സ്ഥലത്തുണ്ടായിരുന്നു. കവിതയില്‍ പിഎച്ച്‌ഡി എടുത്തിരിക്കുന്ന ഒരു ബുജിയെപ്പോലെ എന്നെ പുച്ഛത്തോടെ നോക്കുന്ന അവരില്‍ നിന്ന്‌ ഞാനല്‍പ്പം അകന്നു മാറി. (ഇത്തവണയും ചെറുകിട പത്രങ്ങള്‍ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. ജനറല്‍ ന്യൂസുകള്‍ വിവിധ ആംഗിളുകളില്‍ ആറോളം പത്രങ്ങള്‍ക്ക്‌ നല്‍കി ഞാന്‍ സ്വയം കൃതാര്‍ത്ഥയുമായിരുന്നു!!!!). ചില പ്രത്യേക ഐറ്റംസ്‌ ഞാന്‍ മറ്റാരും ശ്രദ്ധിക്കാത്ത ആംഗിളില്‍ നല്‍കിയതോടെ മൂന്നാം നാള്‍ മുതല്‍ ഞാനും മീഡിയ റൂമിലെ താരമായി!!!!(ബൈലൈന്‍ കിട്ടിയതിനേക്കാള്‍ സന്തോഷമായിരുന്നേ അന്ന്‌ എനിക്ക്‌...). കലാമേള കഴിയുമ്പോള്‍ മൂവാറ്റുപുഴയിലെ പത്രക്കാര്‍ക്കിടയില്‍ ഒരു ചര്‍ച്ചാവിഷയമാവാന്‍ എനിക്ക്‌ കഴിഞ്ഞു.


പക്ഷെ അരിമേടിക്കാന്‍ ബൈലന്‍ പോരല്ലോ, ഒരു വന്‍കിട കമ്പനിയില്‍ അഡ്‌മിനിസ്‌ട്രേഷന്‍ എച്ച്‌ ആര്‍ ജോലിയില്‍ വ്യാപൃതയായ എന്നെ തേടി വീണ്ടു ഒരു കായികമേള എത്തി. 2009 ഡിസംബറില്‍ പാലക്കുഴയില്‍ നടന്ന എറണാകുളം റവന്യു ജില്ലാ കായികമേള. അതിലെ വിശേഷങ്ങളാണ്‌ കുറിക്കുന്നത്‌.


ദിനം 1. വെള്ളിയാഴ്‌ച: തുടക്കദിവസമായതിനാല്‍ മീഡിയാ സെന്ററില്‍ വലിയ തിരക്കൊന്നും ഇല്ല. ഞാന്‍ ഇത്തവണ എത്തിയിരിക്കുന്നത്‌ മലയാളത്തില്‍ അത്യാവശ്യം സര്‍ക്കുലേഷനുള്ള ഒരു പത്രത്തിന്റെ ലേബലിലാണ്‌. മീഡിയാ സെന്ററില്‍ എന്നെ കണ്ട വഴിയേ, ദീപിക പത്രത്തിന്റെ ലേഖകന്റെ വക കമന്റ്‌..ഈ വര്‍ഷം ഏതില്‍ നിന്നാ.?..ഞാന്‍ പറഞ്ഞു........
പിന്നെ മറ്റുള്ളവരെയൊക്കെ പരിചയപ്പെടുന്ന തിരക്കായി. ഒപ്പം സ്‌കൂപ്പുകള്‍ നോക്കിയുള്ള പാച്ചിലും. കായിക, കലാ മേളയില്‍ പത്രക്കാരെ കാത്തിരിക്കുന്നത്‌ സമയാ സമയങ്ങളില്‍ നല്ല ഭക്ഷണവും, മറ്റ്‌ സൗകര്യങ്ങളുമാണ്‌.


കായികമേളയില്‍ ആദ്യദിനം മുതല്‍ കണ്ടതാണ്‌ ഏത്തപ്പഴം മുറിച്ചത്‌. രാവിലെ ചെന്നപ്പോള്‍ നാലഞ്ചെണ്ണം മേശപ്പുറത്തുണ്ട്‌. വിശപ്പുകൊണ്ടും(ആര്‍ത്തികൊണ്ട്‌) തിന്നു. പിന്നെ ഉച്ചയ്‌ക്ക്‌ ഊണിനു ശേഷവും കിട്ടി. വൈകിട്ടും ഇത്‌ തന്നെ ആവര്‍ത്തിച്ചപ്പോള്‍ അല്‌പം വിരസത തോന്നി. രണ്ടാം ദിനം രാവിലെ മീഡിയ സെന്ററില്‍ കയറി ചെല്ലുമ്പോള്‍ ദാ സ്വീകരിക്കുന്നു വീണ്ടും ഏത്തപ്പഴം മുറിച്ചത്‌. മീഡിയാ കണ്‍വീനറിനോട്‌ തമാശ കലര്‍ത്തി ചോദിച്ചു, എന്താ ഈ ഭാഗത്ത്‌ വല്ല കാറ്റ്‌ വീഴ്‌ചയും ഉണ്ടായോ?? ഇമ്മാതിരി ഏത്തപ്പഴം മുറിച്ച്‌ തരാന്‍, ഉച്ചയ്‌ക്ക്‌ മുറിക്കാതെ മതിയെ...ഭാഗ്യം ഉച്ചയ്‌ക്ക്‌ കിട്ടിയില്ല. പക്ഷെ രണ്ടാം ദിനത്തില്‍ മീഡിയ സെന്ററില്‍ നിന്ന്‌ പത്രപ്രവര്‍ത്തകരെ പൊക്കികൊണ്ടു പോയി മെഡല്‌ കൊടീക്കുന്ന മത്സരത്തിലായിരുന്നു സംഘാടകര്‍!!. പത്രപ്രവര്‍ത്തകരാവട്ടെ ഒരു സെക്കന്റ്‌ മാറിയാല്‍ സ്‌കൂപ്പ്‌ മറ്റവന്‍ കൊണ്ടുപോയാലോ എന്ന പേടിയില്‍ ഇതിനൊന്നും പോവാന്‍ തയ്യാറല്ലായിരുന്നു.


ഏതാണ്ട്‌ ഉച്ചയോടടുത്ത സമയം, ഞാന്‍ ഡസ്‌കിലിരുന്ന്‌ അന്നത്തേക്കുള്ള സ്റ്റോറി ചെയ്യുന്നു, ഞാനില്ലേന്നേ...ഹാ എന്നെ വിട്‌ എന്നെല്ലാമുള്ള വര്‍ത്തമാനം കേട്ട്‌ നോക്കുമ്പോള്‍ ഒരു പ്രമുഖ പത്രത്തിന്റെ ഫോട്ടോഗ്രാഫറെ സംഘാടകര്‍ തൂക്കിയെടുത്ത്‌ കൊണ്ടുപോകുന്നു....മെഡല്‍ കൊടുപ്പിക്കാന്‍...ഫോട്ടോ ഗ്രാഫറാണെങ്കിലും ഒരു സെക്കന്റില്‍ തനിക്ക്‌ കിട്ടേണ്ട ആക്ഷന്‍ ഫോട്ടോ നഷ്‌ടപ്പെട്ടെങ്കിലോ എന്ന പേടിയിലാണ്‌. ഏതായാലും അയാള്‍ അവരുടെ കൈയില്‍ നിന്ന്‌ രക്ഷപെട്ടില്ല!!!! ഇതിനു ശേഷം പല പത്രപ്രവര്‍ത്തകരും, മീഡിയാ സെന്ററില്‍ ഇരിക്കാതെ മറ്റ്‌ പലയിടത്തും ഇരുന്ന്‌ തങ്ങളുടെ വര്‍ക്ക്‌ ചെയ്യുന്നത്‌ കാണാമായിരുന്നു.


മൂന്നാം ദിനം, ശരിക്കും പത്രക്കാര്‍ക്ക്‌ ഓവര്‍ ലോഡുള്ള ദിനമാണ്‌. മത്സര ഇനങ്ങള്‍ കൂടുതല്‍..തങ്ങളുടെ പത്രങ്ങള്‍ മേളയില്‍ ചര്‍ച്ചയാവുന്നതിന്റെ ത്രില്‍...ഏതായാലും അന്ന്‌ രാവിലെ സംഘാടകരുടെ വക പലഹാരം കൊഴുക്കട്ടയായിരുന്നു. ഹൊ...സമാധാനമായി ഏത്തപ്പഴം പോയികിട്ടിയല്ലോ...ചിലര്‍ പറഞ്ഞു... ഒരു പേപ്പറില്‍ പത്തിരുപത്തിയഞ്ച്‌ കൊഴിക്കട്ട. കണ്ടവര്‍ കണ്ടവര്‍ എടുത്ത്‌ വിഴുങ്ങുന്നുണ്ടായിരുന്നു. സമയം ഉച്ചകഴിഞ്ഞു, ഞാനും എന്റെ പത്രത്തിന്റെ കൂത്താട്ടുകുളം ലേഖകനും കൂടി അന്നത്തെ റിസല്‍ട്ട്‌ കംപ്യൂട്ടറില്‍ ഫീഡ്‌ ചെയ്യുകയായിരുന്നു. അപ്പോഴാണ്‌ ദീപിക ലേഖകന്റെ വരവ്‌,


..സുനീഷേ.. ഇപ്പോള്‍ എത്രമത്സരം കഴിഞ്ഞു.
...ഏതാണ്ട്‌ 25 എണ്ണം(സീരിയസ്സായാണ്‌ ചോദ്യവും ഉത്തരവും)
അപ്പോള്‍ ഇനി എത്രയുണ്ട്‌ ബാക്കി...
ഓ... ഇനിയുമുണ്ട്‌ കുറെ....
ക്ഷീണിച്ചോ....സുനീഷേ....എന്നാപ്പിന്നെ...
ചെയ്‌തല്ലേ പറ്റൂ മാഷേ(സുനീഷിന്റെ ദയനീയ മറുപടി)
എന്നാപ്പിന്നെ...ദാ...ഈ ഏത്തപ്പഴം തിന്നിട്ട്‌ ബാക്കി കൂടി ടൈപ്പ്‌ ചെയ്‌തോ....
നോക്കുമ്പം ആദ്യദിനത്തില്‍ അവിടെ ഉപേക്ഷിച്ചിട്ടുപോയ ഏത്തപ്പഴം കഷണം കൈയില്‍ വച്ച്‌ നീട്ടുന്നു....(എലി കടിച്ച കഷണമാണ്‌ എന്ന്‌ നേരത്തേ ശ്രുതി പരന്നിരുന്നു അവിടെ)
എല്ലാവരും കൂട്ടച്ചിരി...കാര്യമെന്തന്നറിയാത്ത സംഘാടകര്‍ അന്ധാളിച്ച്‌ നിന്നു...
അവസാനദിനമായി...ഏത്തപ്പഴം വരരുതേ എന്ന പ്രാര്‍ത്ഥനയോടെ...സുനീഷ്‌ മീഡിയ സെന്ററില്‍...അവസാന ദിനമായതിനാല്‍ സൈഡ്‌ സ്റ്റോറിക്ക്‌ പ്രസക്തിയില്ല. ഉച്ചവരെ അലസതയാണ്‌. മേളയുടെ അവലോകനവും, നാട്ടുവര്‍ത്തമാനവും...
ഇടയില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വയം അങ്ങോട്ടും ഇങ്ങോട്ടും ട്രോഫികള്‍ കൊടുത്തു കളിച്ചും...സമയം പോക്കി. സമാപനസമ്മേളനം കഴിഞ്ഞ്‌, റിപ്പോര്‍ട്ടുകള്‍ അയച്ചുകഴിഞ്ഞ്‌ എല്ലാവരോടും വിടചൊല്ലുവാന്‍ പോയി..
അപ്പോള്‍ ഇനി അടുത്ത മേളയ്‌ക്ക്‌....
അടുത്ത തവണ .....അവിടെ കാണാം...
ഈ പത്രത്തില്‍ തന്നെയാവുമോ????, ചോദ്യം എന്നോടാണ്‌...
ഞാന്‍ ചിരിച്ചു. സാക്ഷരകേരളത്തില്‍, പത്രങ്ങള്‍ക്കാണോ പഞ്ഞം....
മേളകള്‍ കൂട്ടായ്‌മയുടെയും...പരിചയം പുതുക്കുന്നതിന്റെയും പുതിയ മേഖലകള്‍ കണ്ടെത്തുന്നതിന്റെയും വേദിയാണ്‌. ഒരിക്കല്‍ മേളയില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയാല്‍, പിന്നെ അതിനോട്‌ അടക്കാനാവാത്ത അഭിവാഞ്‌ജയാണ്‌...കാത്തിരിപ്പാണ്‌ അടുത്ത മേളക്കായി....

1 comment:

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP