Sunday, 8 November 2009

സ്വാതന്ത്ര്യത്തിന്റെ ഉദയകിരണം പൊട്ടിവിരിയണമെങ്കില്‍..

രാജേന്ദ്രന്‍ പോത്തനാശ്ശേരില്‍


സ്വാതന്ത്ര്യലബ്‌ധിക്കുശേഷം ആറുപതിറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞ ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ സാമ്പത്തിക- സാമൂഹ്യ - രാഷ്‌ട്രീയ - സാംസ്‌ക്കാരിക പശ്ചാത്തലം ബ്രിട്ടീഷ്‌ ഇന്ത്യയുടേതിന്‌ സമാനമോ അതിലേറെ പരിതാപകരമോ ആയിത്തീര്‍ന്നിരിക്കുകയാണെന്ന്‌ പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയുണ്ടെന്ന്‌ തോന്നുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ നയിച്ച അനുരഞ്‌ജനപരവും അനനുരഞ്‌ജനപരവുമായ (Compromising and Uncompromising) രാഷ്‌ട്രീയ ധാരകളിലെ എല്ലാ നേതാക്കളും ജീവനും ജീവിതവും ഹോമിച്ച അസംഖ്യം സ്വാതന്ത്ര്യസമരസേനാനികളും നെഞ്ചില്‍ പേറിയിരുന്ന ഒരു സ്വപ്‌നമായിരുന്നു, എല്ലാവര്‍ക്കും തൊഴിലും ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും കിടപ്പാടവും ഉറപ്പാക്കപ്പെടുന്ന ഒരു സ്വതന്ത്രഇന്ത്യ എന്ന സ്വപ്‌നം. പക്ഷേ നാട്ടില്‍ രാഷ്‌ട്രീയാധികാരം തട്ടിയെടുത്ത പുതിയ ഇന്ത്യന്‍ ചൂഷകവര്‍ഗ്ഗം മാറി മാറി പ്രതിഷ്‌ഠിച്ച വിവിധ രാഷ്‌ട്രീയ കക്ഷികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളിലൂടെ തങ്ങളുടെ മൂലധന വ്യവസായിക- വാണിജ്യ വിപുലീകരണ താല്‍പര്യാര്‍ത്ഥം ഇവിടെ നടപ്പാക്കിയതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ മുതലാളിത്ത വികസന നയങ്ങളുടെ ഫലമായി ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും വെറും പുഴുക്കളേപ്പോലെ ജനിച്ചു മരിക്കാന്‍ വിധിക്കപ്പെട്ടവരായി മാറിയിരിക്കുന്നു.

ഒരു ശരാശരി ഇന്ത്യക്കാരന്റെ പ്രതിശീര്‍ഷ വരുമാനം, കേന്ദ്രത്തിലെ പഞ്ചായത്തീരാജ്‌ മന്ത്രി അടുത്തയിടെ പ്രസ്‌താവിച്ച കണക്കനുസരിച്ച്‌ ഇരുപത്‌ രൂപയില്‍ താഴെയാണ്‌. അതില്‍ത്തന്നെ വലിയൊരു സംഖ്യ 9 രൂപയിലും താഴെ നിത്യവരുമാനം കൊണ്ടാണ്‌ കഴിഞ്ഞുകൂടുന്നതെന്നുമാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. ശരാശരി 15 രൂപ വച്ചു കൂട്ടിയാലും ഇവരുടെ വാര്‍ഷിക പ്രതിശീര്‍ഷവരുമാനം 5400 രൂപയാണ്‌. എന്നാല്‍ ലോകത്തെ അതിസമ്പന്നരുടെ പട്ടിക വര്‍ഷം തോറും പ്രസിദ്ധീകരിക്കുന്ന ഫോബ്‌സ്‌ പുറത്തിറക്കിയ ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ആദ്യത്തെ പത്തു ലോകസമ്പന്നരില്‍ നാലാമതും അഞ്ചാമതും ആറാമതും എട്ടാമതും സ്ഥാനം പിടിച്ചിരിക്കുന്നത്‌ ഈ ദരിദ്രഇന്ത്യയിലെ ശതകോടീശ്വരന്മാരാണ്‌.


കോടീശ്വരന്മാരുടെ ആസ്‌തി
റാങ്ക്‌ പേര്‌ രാജ്യം ബില്യണ്‍ ഡോളര്‍ കോടി
1. വാറന്‍ബഫറ്റ്‌ യു.എസ്‌ 62 2480
2. കാര്‍ലോസ്‌ മെക്‌സിക്കോ 60 2400
& ഫാമിലി
3. വില്യം ഗേറ്റ്‌സ്‌ യു.എസ്‌ 58 2320
4. ലക്ഷ്‌മി മിത്തല്‍ ഇന്ത്യ 45 1800
5. മുകേഷ്‌ അമ്പാനി ഇന്ത്യ 43 1720
6. അനില്‍ അമ്പാനി ഇന്ത്യ 42 1680
7. ഐ. കാന്മാര്‍സ്‌ സ്വീഡന്‍ 31 1240
8. കെ.പി സിംഗ്‌ ഇന്ത്യ 30 1200


ആദ്യത്തെ 200 ലോകസമ്പന്നരെ എടുത്താല്‍ ഇതില്‍ സ്ഥാനം പിടിക്കുന്ന 13 പേര്‍ ഇന്ത്യക്കാരാണ്‌. ഇവരുടെയെല്ലാം കൂടിയ സമ്പത്ത്‌ 250 ബില്യണ്‍ ഡോളര്‍ (10,000 കോടി രൂപ) ആണ്‌. ഇത്‌ ഇന്ത്യയുടെ ആകെ ആഭ്യന്തര ഉല്‍പാദനത്തിന്റെ 25 ശതമാനമാണ്‌. ഇന്ത്യയിലെ 53 ബഹുകോടീശ്വരന്മാരുടെ സമ്പത്ത്‌ ദേശീയ വരുമാനത്തിന്റെ 31 ശതമാനം വരുമെന്നും കണക്കുകള്‍ തെളിയിക്കുന്നു. അമേരിക്കയില്‍ പോലും 469 വന്‍ പണക്കാരുടെ സമ്പത്തെല്ലാം കൂട്ടിച്ചേര്‍ത്താലും അത്‌ ദേശീയ സമ്പത്തിന്റെ 11 ശതമാനം മാത്രമേ വരൂ. ഇന്ത്യയുടെ അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ഇതില്‍ നിന്ന്‌ വ്യക്തമാണല്ലോ.
ലോകമെമ്പാടും എന്നതുപോലെ ഇന്ത്യയിലും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വ്യവസായ മാന്ദ്യവും തെളിയിക്കുന്നതെന്തെന്നാല്‍ തൊണ്ണൂറുകളില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ കൊണ്ടുവന്നതും പിന്നീട്‌ ഇടതുപക്ഷങ്ങളെന്ന്‌ പറയപ്പെടുന്ന സി.പി.എം, സി.പി.ഐ എന്നീ പാര്‍ട്ടികളുടെ നിര്‍ലോഭപിന്തുണയോടെ ആവിഷ്‌കരിച്ച്‌ നടപ്പാക്കപ്പെട്ടതും ബി.ജെ.പി സര്‍ക്കാര്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ തുടര്‍ച്ചക്കാരായി നടപ്പാക്കിയതുമായ പ്രതിലോമകരമായ ആഗോളവത്‌കരണ ഉദാരവത്‌കരണ സ്വകാര്യവത്‌കരണ നയങ്ങള്‍ തികഞ്ഞ പരാജയം മാത്രമല്ലാ സര്‍വ്വത്ര വിനാശകരമാണ്‌ എന്നതാണ്‌. സ്വാഭാവികമായും ജനങ്ങളോട്‌ തരിമ്പും കൂറില്ലാതെ കുത്തകകള്‍ക്കു വേണ്ടി ഈ നയങ്ങള്‍ നിര്‍ദാക്ഷിണ്യം പിന്‍തുടരുന്ന പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമെതിരായ ശക്തവും വ്യക്തവുമായ ഒരു ജനാധിപത്യ സമരഐക്യനിര ഉയര്‍ന്നു വരേണ്ടുന്ന അടിയന്തിരസന്ദര്‍ഭമാണിത്‌.


കോണ്‍ഗ്രസും ബി.ജെ.പിയും പ്രഖ്യാപിതമായിത്തന്നെ ആഗോളവത്‌കരണനയങ്ങളുടെ വക്താക്കളും ജനശത്രുക്കളുമാണ്‌. സി.പി.എം ഉം കൂട്ടാളികളുമാകട്ടെ വാചകത്തില്‍ ആഗോളവത്‌കരണത്തെ എതിര്‍ക്കുന്നതായി നടിക്കുമ്പോഴും കഴിഞ്ഞ നാലര വര്‍ഷവും കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്‌ ശക്തമായ പിന്തുണ നല്‍കിക്കൊണ്ട്‌ ആ നയങ്ങളുടെ തീവ്രപരിരക്ഷകരായി നിലകൊള്ളുകയായിരുന്നു. ബംഗാളിലും കേരളത്തിലും സെസ്സ്‌ ഉള്‍പ്പെടെയുള്ള ആഗോളവത്‌കരണവികസനമാതൃക ഭക്തിപുരസ്സരം നടപ്പലാക്കുകയായിരുന്നു. സ്വദേശവിദേശകുത്തകകള്‍ക്കു വേണ്ടി പതിനായിരങ്ങളെ കുടിയൊഴിപ്പിക്കുന്ന പദ്ധതികള്‍ നിര്‍ലജ്ജം ആവിഷ്‌കരിച്ച്‌ നടപ്പാക്കുകയായിരുന്നു. എതിര്‍ത്ത കര്‍ഷകരെ വെടിവച്ചുകൊല്ലുകയും സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. (ഉദാഹരണം നന്ദിഗ്രാം) അതിനാല്‍ ജനകീയ സമരത്തെയും ജനാധിപത്യ പ്രക്ഷോഭത്തെയും മുഖ്യപ്രവര്‍ത്തനമായി കണക്കാക്കുന്നതും അതിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും ചെയ്യുന്ന പാര്‍ട്ടികളും വ്യക്തികളും സംഘടനകളും ശക്തിപ്പെട്ട്‌ വരേണ്ടുന്ന ഒരു കാലഘട്ടമാണിത്‌. മാധ്യമങ്ങളുടെയും പേശീബലത്തിന്റെയും പണത്തിന്റെയും മറവില്‍ സൃഷ്‌ടിച്ചെടുക്കപ്പെടുന്ന കൃത്രിമമായ രാഷ്‌ട്രീയ ധ്രുവീകരണങ്ങള്‍ക്കും ഹൈടെക്‌ പ്രചാരണ കോലാഹലങ്ങള്‍ക്കിടയിലും ഈ ഉത്തരവാദിത്വ ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സാധാരണവോട്ടര്‍മാര്‍ക്ക്‌ കഴിയില്ല എന്നിടത്താണ്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരാജയം കുടികൊള്ളുന്നത്‌. അതിനാല്‍ പ്രാദേശികവും ദേശീയവുമായ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളെ മുന്‍നിറുത്തിയുള്ള വിപുലമായ ജനാധിപത്യാവകാശങ്ങളെ അടിസ്ഥാനപ്പെടുത്തി കെട്ടിപ്പടുക്കുന്ന വിശാലമായ മതേതര - ജനാധിപത്യ- ബഹുജനപ്രക്ഷോഭണങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരുകളുടെ ജനവിരുദ്ധമായ ആഗോളവത്‌കരണ ഉദാരവത്‌കരണ സ്വകാര്യവത്‌കരണനയങ്ങള്‍ക്കെതിരേ ശക്തിപ്പെട്ടു വരേണ്ടിയിരുന്ന അടിയന്തിരഘട്ടമാണിത്‌.

ആഗോളവത്‌കരണ നയങ്ങളെ വാചകത്തിലെതിര്‍ക്കുന്നതും പ്രവൃത്തിയില്‍ അതിനെല്ലാവിധ ഒത്താശകളും ചെയ്‌തുകൊടുക്കുകയും ചെയ്യുന്ന സോഷ്യല്‍ ഡമോക്രാറ്റിക്‌ കപടകമ്മ്യൂണിസ്റ്റുകളുടെ മുഖം മൂടി തൂത്തെറിഞ്ഞും കൊണ്ടേ ഇത്‌ സാധ്യമാകൂ എന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്‌ സമകാലീന ഇന്ത്യനവസ്ഥ. അതിനാല്‍ സാമൂഹ്യപുരോഗതിയും ഒരു നവ്യഭാരതസൃഷ്‌ടിയും താലോലിക്കുന്ന ഓരോരുത്തരും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ മര്‍ദ്ദിതരുടെയും ചൂഷിതരുടെയും വളര്‍ന്നു വരുന്ന ജനാധിപത്യപ്രക്ഷോഭണങ്ങളോടൊപ്പം നിലകൊള്ളുകയും അത്തരം പ്രക്ഷോഭണങ്ങളെ വളര്‍ത്തിയെടുത്തുകൊണ്ട്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഒരു ഭരണകൂടം സ്ഥാപിച്ചെടുക്കുകയും സാമൂഹ്യഉല്‍പാദനവിതരണ സമ്പ്രദായം സോഷ്യലിസ്റ്റടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുകയും ചെയ്യുകയെന്നതാണ്‌. അപ്പോള്‍ മാത്രമേ അരപ്പട്ടിണിക്കാരും അന്തിയുറങ്ങാനില്ലാത്തവരും ചികിത്സിക്കാന്‍ ഗതിയില്ലാത്തവരുമായ കോടിക്കണക്കിന്‌ ഇന്ത്യന്‍ ജനതയ്‌ക്ക്‌ അവന്റെ സ്വാതന്ത്ര്യത്തിന്റെ ഉദയസൂര്യന്‍ പൊട്ടിവിരിഞ്ഞൂ എന്ന യാഥാര്‍ത്ഥ്യം അനുഭവപ്പെടൂ.

1 comment:

  1. കുഞ്ചാച്ചാ...

    ഞാൻ കണ്ടു; വായിച്ചു..

    നമുക്കൊരെണ്ണം ശരിപ്പെടുത്തിക്കളയാം കെട്ടോ..

    ReplyDelete

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP