എന്നും കൊടിയ ചൂഷണത്തിന് വിധേയരാകാനും സ്വത്വം കവര്‍ന്നെടുക്കപ്പെട്ട് ചിതറിക്കപ്പെടാനുമായിരുന്നു, ആദിവാസികളുടെ വിധി. ഈ ഭൂമിയുടെ ഉടമകളായ അവരെ പ്രലോഭിപ്പിച്ചും ലഹരിക്ക് അടിമകളാക്കിയും അവരുടെ
കിടപ്പാടവും സ്ത്രീകളുടെ മാനവും കവര്‍ന്നെടുത്ത ദുഷ്ടതയാണ് ആധുനീകരെന്ന് അഭിമാനിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം. കിടക്കപ്പായയില്‍ നിന്നുപോലും കുടിയിറക്കപ്പെട്ട ആ അടിസ്ഥാന വര്‍ഗ്ഗത്തെ ഉന്മൂലനം ചെയ്യാനുള്ള പുതിയ ഗൂഢശ്രമം നടക്കുന്നു എന്നാണ് വയനാട്ടില്‍ നിന്നും ഇടുക്കി ജില്ലയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന അപായസൂചന.പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും ആദിവാസി യുവാക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്ന വന്‍ ചതിയാണ് ഈ രണ്ട് ജില്ലകളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആദിവാസി ക്ഷേമത്തിനായി മറ്റൊരു സര്‍ക്കാരും ചെയ്യാത്ത നടപടികളാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കിട്ടുന്ന വേദികളിലെല്ലാം അഹങ്കാരത്തോടെ വീമ്പിളക്കുന്ന പട്ടികജാതി- പട്ടിക വര്‍ഗ്ഗവികസനമന്ത്രി എ.കെ. ബാലനോ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയോ ഈ ചതിയെ കുറിച്ച് അറിഞ്ഞിട്ടുണ്ടോ? അതോ ഇരുവരുടെയും മൗനാനുവാദത്തോടെയാണോ ആദിവാസി ഉന്മൂലനശ്രമം നടന്നുകൊണ്ടിരിക്കുന്നത്? ഉത്തരം കിട്ടേണ്ട ചോദ്യമാണ്.
വയനാട്ടിലെ സംരക്ഷിത ഗോത്രവര്‍ഗ്ഗമായ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ പെട്ട യുവാക്കളെയാണ് , ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ ഇത്തരം ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. മേപ്പാടി ഏലവയല്‍ പണിയ കോളനിയിലെ 28 കാരായ രണ്ടുപേരാണ് ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. ഈ കോളനിയിലെ രാജന്‍ മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതനായത്. രാജന് അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്. കഴിഞ്ഞ ആഴ്ചയാണ് രാജന്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ആരോഗ്യപ്രവര്‍ത്തകര്‍ കോളനിയിലെത്തി ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്. മൂന്ന് കുട്ടികളില്‍ കൂടുതലുള്ള ആദിവാസികളില്‍ മാത്രമേ വന്ധ്യംകരണം ചെയ്യാവൂ എന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് വഞ്ചനയുടെയും ക്രമക്കേടിന്റെയും ഇത്തരം കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതേ കോളനിയിലെ തന്നെ പക്രുവും അടുത്ത കാലത്താണ് ഇത്തരത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ജനസംഖ്യയില്‍ കുറവായ കാട്ടുനായ്ക്കന്മാരെ വന്ധ്യംകരണത്തിന് പ്രേരിപ്പിക്കരുതെന്ന മറ്റൊരു ഉത്തരവ് കൂടി നിലവിലുണ്ട്. പക്ഷെ, ഈ തീരുമാനങ്ങളും ഉത്തരവുകളും നിര്‍ദേശങ്ങളും ആരോഗ്യവകുപ്പിന്റെ ചില കണക്കുകള്‍ ഒപ്പിക്കാനും സാമ്പത്തിക ലാഭം നേടാനും വേണ്ടി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ അട്ടിമറിക്കുന്നു എന്നാണ് ഈ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. തുച്ഛമായ തുക പ്രതിഫലമായി കിട്ടുമെന്നുള്ളതുകൊണ്ടാണ് യാഥാര്‍ത്ഥ്യമറിയാതെ ആദിവാസി യുവാക്കള്‍ ശസ്ത്രക്രിയക്ക് വിധേയരാകുന്നത്. എല്ലായിപ്പോഴും ആദിവാസികളെ തുച്ഛമായ പ്രതിഫലം നല്‍കി പ്രലോഭിപ്പിച്ച് മുതലെടുക്കുന്ന നാട്ടുവാസിയുടെ
മറ്റൊരു ചെറ്റത്തരമാണ് ജനസംഖ്യാനിയന്ത്രണപ്രവര്‍ത്തനമെ ന്ന പേരില്‍ ആദിവാസി കോളനികളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്!. ആദിവാസികള്‍ക്കിടയില്‍ ശിശുമരണനിരക്ക് ഭയാനകമായ രീതിയില്‍ ഉയര്‍ന്നതാണ്. അതുകൊണ്ട് ഒന്നും രണ്ടും കുട്ടികളുള്ള ആദിവാസി പുരുഷന്മാരെ വന്ധ്യംകരിക്കുന്നത് തന്നെ ഇവരുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നിരിക്കെയാണ് പ്രലോഭനങ്ങളില്‍ വീഴ്ത്തി വിദ്യാവിഹീനരായ ആദിവാസികളെ സമൂഹമായി ചതിച്ചുകൊണ്ടിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് മുമ്പ് അവശ്യം വേണ്ട ബോധവത്കരണം പോലും നടത്താതെയാണ് ഈ യുവാക്കളെ ചതിക്കുഴിയില്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത്. 22 വയസ്സില്‍ കൂടുതലുള്ള പുരുഷന്മാരെയും 18 വയസ്സില്‍ കൂടുതലുള്ള സ്ത്രീകളെയും മാത്രമേ വന്ധ്യം കരണത്തിന് വിധേയരാക്കാവൂ എന്നാണ് മറ്റൊരു ചട്ടം. എന്നാല്‍, പ്രായത്തെ കുറിച്ച് ആദിവാസികള്‍ക്ക് നിശ്ചയമില്ലാത്തതുകൊണ്ട് ഈ മാനദണ്ഡവും വയനാട്, ഇടുക്കി ജില്ലകളില്‍ ലംഘിക്കപ്പെടുകയാണ് !!
അശാസ്ത്രീയമായ രീതിയിലാണ് ആദിവാസി യുവാക്കളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്നത് എന്നതാണ് ഇതിലും ഭീതിജനകമായ വാസ്തവം. ഇത്തരത്തിലുള്ള ശസ്ത്രക്രിയക്ക് വിധേയരാകേണ്ടി വന്നതുകൊണ്ട് നിത്യരോഗികളായി കഴിയുന്ന യുവാക്കളെ വയനാട്ടിലെ ആദിവാസികോളനികളില്‍ കണ്ടെത്താം. മുട്ടില്‍ പഞ്ചായത്തിലെ കല്ലൂപാടി പണിയ കോളനിയിലെ നാരായണന്‍ വന്ധ്യംകരണത്തിന്റെ ദുരിതമേറ്റുവാങ്ങാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. രണ്ടുകുട്ടികള്‍ മാത്രമുള്ള നാരായണനെ ആരോഗ്യവകുപ്പ് ജീവനക്കാരാണ് വന്ധ്യംകരണ ശസ്ത്രക്രിയക്ക് പ്രേരിപ്പിച്ചത്. നാരായണന്റെ ഭാര്യയോടാണ് ആദ്യം ഇക്കാര്യം ആവശ്യപ്പെട്ടതെങ്കിലും ഭാര്യയ്ക്ക് ഭയമായതുകൊണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ നാരായണന്‍ സന്നദ്ധനാവുകയായിരുന്നു. നാരാണയണന്‍ ഉള്‍പ്പെടെ പത്തിലേറെ പേരെ മീനങ്ങാടി താലൂക്ക് ആശുപത്രികളിലാണ് ശസ്ത്രക്രിയക്ക് വിധേയരാക്കിയത്.
ശസ്ത്രക്രിയ കഴിഞ്ഞയുടന്‍ രക്തസ്രാവം തുടങ്ങി. തുടര്‍ന്ന് ഒരു മാസത്തോളം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. രക്തസ്രാവം നിന്നെങ്കിലും ശാരീരിക അവശത മൂലം കാര്യമായ ജോലിയൊന്നും ചെയ്യാന്‍ കഴിയാതെ ജീവച്ഛവം പോലെ കഴിയുകയാണ് നാരായണന്‍. നാരായണനൊപ്പം ശസ്ത്രക്രിയയ്ക്ക് വിധേയനായ ചീയമ്പം പണിയ കോളനിയിലെ രാഘവനും ഇതേ അനുഭവമുണ്ടായി. എന്നാല്‍, ഇതുവരെ ഇവര്‍ക്കാര്‍ക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇത്തരമൊരു അവസ്ഥ നാട്ടുവാസിക്കാണ് ഉണ്ടാകുന്നതെങ്കില്‍, സംഭവിക്കാവുന്ന കോലാഹലം ഊഹിക്കാവുന്നതേയുള്ളു. രാഷ്ട്രീയ പാര്‍ട്ടികളും ആക്ഷന്‍ കൗണ്‍സിലുകളും പ്രക്ഷോഭവുമായി രംഗത്തെത്തുകയും ശസ്ത്രക്രിയ നടത്തിയ ആശുപത്രി അടിച്ചു തകര്‍ക്കുകയും ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യും, തീര്‍ച്ചയായും.. എന്നാല്‍ ബോധപൂര്‍വം വഞ്ചിക്കപ്പെട്ട ഈ സാധു മനുഷ്യരുടെ പൗരാവകാശം സംരക്ഷിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമില്ല ആക്ഷന്‍ കൗണ്‍സിലുമില്ല. ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം നടത്തുന്ന സമുദായ സംഘടനകളും ഈ അനീതിക്കെതിരെ കണ്ണടച്ചിരിക്കുകയാണ് ..!!!.
ഓരോ വര്‍ഷവും എത്ര പേരെ വന്ധ്യം കരിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ തലങ്ങളില്‍ കണക്ക് തയ്യാറാക്കാറുണ്ട്
. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഫീല്‍ഡ് വര്‍ക്കര്‍മാരും എത്തുന്നത് ആദിവാസി കോളനികളിലാണ്. ഒരാളെ ശസ്ത്രക്രിയയ്ക്ക് എത്തിച്ചാല്‍ ജീവനക്കാരന് 250 രൂപ ലഭിക്കും. തുച്ഛമായ വേതനം പറ്റുന്ന താല്‍ക്കാലിക ജീവനക്കാര്‍ കൂടുതല്‍ ആളെ കണ്ടെത്താനാണ് ആദിവാസി കോളനികള്‍ ലക്ഷ്യമിടുന്നത്. എണ്ണം തികയ്ക്കാന്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ നടത്തുന്ന നീതിരഹിതമായ ഈ ശ്രമമാണ് ആദിവാസി യുവാക്കളെ അവരുടെ അറിവുപോലുമില്ലാതെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുന്നത്.ജനസംഖ്യാ നിയന്ത്രണം അവശ്യം നടപ്പിലാക്കേണ്ട ആരോഗ്യ പ്രവര്‍ത്തനം തന്നെയാണ് . എന്നാല്‍, ഇതിനായി സാധുക്കളായ ആദിവാസി യുവാക്കളെയും യുവതികളെയും ചാക്കിട്ട് പിടിക്കുന്നത് ഒരിക്കലും നീതിമത്ക്കരിക്കാവുന്ന നടപടിയല്ല. എന്തുകൊണ്ട് സാക്ഷരരായ മറ്റുള്ളവരെ ഇതിന് പ്രേരിപ്പിച്ച് എണ്ണം തികയ്ക്കാനും ജനസംഖ്യാനിയന്ത്രണം എന്ന ലക്ഷ്യം നേടാനും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് ശ്രീമതിയാണ്. ഒരു വകുപ്പിന്റെ നേട്ടത്തിനായി ഒരു വിഭാഗം നിസ്സഹായര്‍ ഉന്മൂലം ചെയ്യപ്പെടുന്ന ക്രൂരതയാണ് ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ഇപ്പോള്‍ ഔദ്യോദിക അംഗീകാരത്തോടെ നടന്നു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ 2006-ലെ വനാവകാശ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥനാ വനം വകുപ്പ് മന്ത്രിമാരുടെയും പരിസ്ഥിതി മന്ത്രിമാരുടെയും യോഗത്തില്‍ ആദിവാസികളുടെ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും അവര്‍ക്കര്‍ഹതപ്പെട്ട ഭൂമി വിതരണം പൂര്‍ത്തിയാക്കണമെന്നുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടത്. കേവല മനുഷ്യരായി ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കപ്പെട്ട് പൊതുസമൂഹത്തിന്റെ വെളിം പറമ്പുകളില്‍ വലിച്ചെറിയപ്പെട്ട ജനസമൂഹമാണ് ആദിവാസികള്‍. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സ്വത്വം സംരക്ഷിക്കാനും ആദി
വാസികള്‍ ആയുധമെടുക്കേണ്ട സങ്കീര്‍ണമായ അവസ്ഥയാണ് ഇന്ന് ഇന്ത്യയില്‍ പൊതുവേയും ചില സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചുമുള്ളത്.ഇതൊരു കാരണമാക്കിയെടുത്ത് മാവോയിസ്റ്റ് നക്സലൈറ്റ് ഇടപെടലുകളുടെ പേരില്‍ അധികാരത്തിന്റെ മര്‍ദനമുറകള്‍ ഉപയോഗിച്ച് ഈ ജനവിഭാഗത്തെ അടിച്ചൊതുക്കാന്‍ ശ്രമം നടക്കുമ്പോഴാണ് ഇവരെ പാടെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢതന്ത്രമായ വന്ധ്യംകരണ ശസ്ത്രക്രിയ അതീവ രഹസ്യമായും കണിശതയോടെയും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടപ്പിലാക്കുന്നത് ..!!!. ഇക്കാര്യം ബാലന്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആദിവാസികളുടെ സംരക്ഷണത്തിനും അവരുടെ നിലനില്‍പ്പ് സുഗമമാക്കാനും എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാന്‍ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. ഇതറിയാന്‍ കേരളത്തിലെ പൊതുസമൂഹത്തിന് അവകാശവുമുണ്ട്.മലയാള
മാധ്യമ പ്രവര്‍ത്തനരംഗത്ത് ഏറെ പ്രശസ്‌തനായ ടൈറ്റസ് കെ വിളയിലിനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തില്‍ അഗ്നി പടര്‍ന്ന അക്ഷരങ്ങളുമായി ഇദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ അവിസ്‌മരണീയങ്ങളാണ്. പത്രാധിപര്‍, മുഖ്യപത്രാധിപര്‍ എന്നീ നിലകളില്‍ വേറിട്ടതും മികവാര്‍ന്നതുമായ ശൈലി ആവിഷ്‌കരിച്ച ടൈറ്റസ് കെ വിളയില്‍, ഇപ്പോള്‍ വാസ്‌തവം ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്റര്‍.വിലാസം
വാസ്തവം
ആയിഷ ടവര്‍
ശാസ്താ ടെമ്പിള്‍ റോഡ്
കലൂര്‍, കൊച്ചി 18
0484-4000714




No comments:
Post a Comment