Sunday, 15 August 2010

മൂന്നാര്‍ പ്രഹസനവും ദുരന്തവുമാകുമ്പോള്‍

ടൈറ്റസ്‌ കെ. വിളയില്‍

വി.എസ്‌ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്‌ മുമ്പായിട്ടായിരുന്നു, രാഷ്ട്രീയ ഇച്ഛാശക്തിയുടെയും നട്ടെല്ലുറപ്പിന്റെയും ഉദാഹരണമായി മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളാരംഭിച്ചത്‌. ദശാബ്ദങ്ങളായി, മൂന്നാറില്‍ നടന്നുവന്നിരുന്ന റിയല്‍ എസ്റ്റേറ്റ്‌/ റിസോര്‍ട്ട്‌ മാഫിയയുടെയും കുടിയേറ്റ തെമ്മാടിത്തത്തിന്റെയും ആസുരവാഴ്ചകള്‍ക്ക്‌ വിരാമമിടാനുതകുന്ന നടപടിയാണ്‌ അതെന്ന്‌ തിരിച്ചറിഞ്ഞ്‌ കേരളത്തിലെ പൊതുസമൂഹം, രാഷ്ട്രീയഭേദമന്യേ ആ നടപടിയെ മുക്തകണ്ഠം പ്രശംസിക്കുകയും ഇടതുപക്ഷ സര്‍ക്കാരിന്‌ സര്‍വ്വ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.



എന്നാല്‍, മുന്നണിക്കുള്ളിലെയും പാര്‍ട്ടിയിലെയും വഞ്ചകപരിഷകളുടെ ഗൂഢപദ്ധതിമൂലം മൂന്നാര്‍ ഒഴിപ്പിക്കല്‍ പ്രഹസനമായി പരിണമിക്കുന്നതാണ്‌ പിന്നീട്‌ കേരളം കണ്ടത്‌. പാര്‍ട്ടിക്കുള്ളിലെ മൂപ്പിളപ്പ്‌ തര്‍ക്കവും റിയല്‍ എസ്റ്റേറ്റ്‌ മാഫിയ അടക്കമുള്ള അധോലോക സാമ്പത്തിക ശക്തികളുമായി കൈകോര്‍ത്ത പാര്‍ട്ടിയിലെ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ ജനവിരുദ്ധ നിലപാടുമൊക്കെയാണ്‌ മൂന്നാര്‍ ഒഴുപ്പിക്കലിനെ അട്ടിമറിച്ചത്‌.




ടാറ്റ അടക്കം മൂന്നാറില്‍ അനധികൃതമായി ഭൂമി കൈയേറിയവരെ ഒഴിപ്പിച്ച്‌ അവിടെ മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ നിര്‍മ്മിച്ച്‌ നവീന മൂന്നാര്‍ സൃഷ്ടിക്കുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വി.എസ്‌ അച്യുതാനന്ദന്‍ തന്റെ 'പൂച്ചകളെ' മൂന്നാര്‍ ഒഴിപ്പിക്കലിനായി അയച്ചത്‌. എന്നാല്‍, നേരത്തെ സൂചിപ്പിച്ചതുപോലുള്ള അട്ടിമറികള്‍ മൂലം പൊതുസമൂഹമധ്യേ അവഹേളിതരായി നില്‍ക്കാനാണ്‌ വി.എസിനും അദ്ദേഹത്തിന്റെ പൂച്ചകള്‍ക്കും നിയോഗമുണ്ടായത്‌. റിയല്‍ എസ്റ്റേറ്റ്‌ / റിസോര്‍ട്ട്‌ മാഫിയയുടെ നിയമപരമായ ഇടപെടലുകളെ കോടതി പോലും തള്ളിക്കളഞ്ഞുകൊണ്ടാണ്‌ നവീന മൂന്നാര്‍ നിര്‍മ്മാണത്തിലുള്ള ആ യജ്ഞത്തിന്‌ അനുമതി നല്‍കിയത്‌. പക്ഷെ....





ആ ദൗത്യം പരാജയപ്പെട്ടെങ്കിലും മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ നിര്‍മ്മാണവും നവീന മൂന്നാര്‍ സങ്കല്‍പ്പവും രണ്ടാം ഭൂപരിഷ്കരണമെന്ന വിപ്ലവാശയവും ഈ മന്ത്രിസഭയുടെ ഭരണകാലത്തുതന്നെ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചിരുന്നത്‌. മൂന്നാര്‍ ദൗത്യം പരാജയപ്പെടുകയായിരുന്നില്ല മറിച്ച്‌ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെയും മുന്നണിയിലെ റിസോര്‍ട്ട്‌ മാഫിയകളുടെ അഞ്ചാം പത്തികളുടെയും ഗൂഢാലോചന മൂലമാണ്‌ ദൗത്യം പരാജയപ്പെടുത്തിയതെന്ന്‌ വിശ്വസിച്ച പൊതുസമൂഹം അച്യുതാനന്ദന്റെ ആ പ്രഖ്യാപനവും വിശ്വാസത്തിലെടുക്കുകയും നവീന മൂന്നാറിന്റെ സൃഷ്ടിക്കായി കാത്തിരിക്കുകയുമായിരുന്നു.




എന്നാല്‍, നവീന മൂന്നാര്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ മുഖ്യമന്ത്രി തന്നെ ആ ശ്രമത്തിന്‌ പാര പണിതിരിക്കുന്നു എന്നതാണ്‌ ഏറ്റവും പുതിയ രാഷ്ട്രീയ ദുരന്തം. നിര്‍ദ്ദിഷ്ട മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ എന്ന സങ്കല്‍പ്പം മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിയുടെ ഓഫീസ്‌ തന്നെ അട്ടിമറിച്ചിരിക്കുകയാണ്‌. എല്‍ഡിഎഫും മന്ത്രിസഭയും ചര്‍ച്ച ചെയ്ത്‌ അംഗീകരിച്ച, ഇതിനായുള്ള ഓര്‍ഡിനന്‍സ്‌ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ മൂലം റദ്ദാക്കിയിരിക്കുകയാണ്‌ ഇപ്പോള്‍. വരുംദിവസങ്ങളില്‍ ഈ നടപടി മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലും ഇടതുമുന്നണിയിലും വന്‍ കൊടുങ്കാറ്റുയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ അയച്ച, പുതുക്കേണ്ട ഓര്‍ഡിനന്‍സുകളുടെ പട്ടികയില്‍ നിന്ന്‌ മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ ഒഴിവാക്കിയതിന്‌ പിന്നില്‍, മൂന്നാര്‍ ദൗത്യത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന കെ. സുരേഷ്‌ കുമാര്‍ ആണെന്ന്‌ പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷം ആരോപിക്കുന്നു. ഇതിന്റെ ന്യായാന്യായങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും.





മൂന്നാറില്‍ ടാറ്റയിയില്‍ നിന്ന്‌ ഏറ്റെടുക്കുന്ന 1060 ഏക്കറില്‍ ടൗണ്‍ഷിപ്പ്‌ സ്ഥാപിക്കാനുള്ള പദ്ധതി എല്‍ഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വിശദമായ നിയമോപദേശവും നേടിയതിന്‌ ശേഷമാണ്‌ മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭായോഗം ഓര്‍ഡിനന്‍സ്‌ തയ്യാറാക്കിയത്‌. തുടര്‍ന്ന്‌ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ്‌ പാസാക്കി നിയമമാക്കേണ്ടതായിരുന്നു. എന്നാല്‍, കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സ്‌ പാസായില്ല. നിയമസഭ ചര്‍ച്ച ചെയ്ത്‌ സബ്ജക്റ്റ്‌ കമ്മിറ്റിക്ക്‌ വിട്ടുകൊണ്ട്‌ നിയമസഭ പിരിയുകയും ചെയ്തു.




സഭ സമ്മേളിച്ച്‌ ആറാഴ്ചക്കകം പാസാക്കിയില്ലെങ്കില്‍ ഓര്‍ഡിനന്‍സ്‌ റദ്ദാകും. ഇതൊഴിവാക്കാന്‍ ഓര്‍ഡിനന്‍സ്‌ ഗവര്‍ണറെക്കൊണ്ട്‌ പുതുക്കാന്‍ റവന്യൂവകുപ്പ്‌ തീരുമാനിച്ചു. അങ്ങനെ പുതുക്കേണ്ട ഓര്‍ഡിനന്‍സുകളുടെ പട്ടികയില്‍ പെടുത്തി മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ ഓര്‍ഡിനന്‍സും റവന്യൂവകുപ്പ്‌ മുഖ്യമന്ത്രിക്കയച്ചു. എന്നാല്‍, മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ ഒഴിച്ചുള്ള എല്ലാ ഓര്‍ഡിനന്‍സുകളും പുതുക്കാനായി ഗവര്‍ണര്‍ക്ക്‌ അയയ്ക്കുകയാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ചെയ്തത്‌. മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ തീരുമാനപ്രകാരമാണ്‌ മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ ഓര്‍ഡിനന്‍സ്‌ പുതുക്കാന്‍ അയയ്ക്കാതിരുന്നതെന്ന്‌ അദ്ദേഹത്തിന്റെ ഓഫീസ്‌ അറിയിക്കുകയും ചെയ്തു.





മൂന്നാറില്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ ടാറ്റയുമായി നടത്തുന്ന കേസിനെ ടൗണ്‍ഷിപ്പ്‌ പദ്ധതി ദുര്‍ബലപ്പെടുത്തും എന്ന്‌ മുഖ്യമന്ത്രിക്ക്‌ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തില്‍ നിന്ന്‌ ലഭിച്ച നിയമോപദേശമാണ്‌ ഈ നിലപാടിന്‌ കാരണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ വ്യക്തമാക്കി. റവന്യൂവകുപ്പ്‌ കൈകാര്യം ചെയ്യുന്ന സിപിഐ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ്‌ ഘടകക്ഷികളുമായോ മന്ത്രിസഭയുമായോ ആലോചിക്കാതെ ഏകപക്ഷീയമായാണ്‌ മുഖ്യമന്ത്രി ഈ നിലപാട്‌ സ്വീകരിച്ചത്‌.




ഇവിടെയാണ്‌ സന്ദേഹങ്ങളുടെ കുടിയേറ്റമാരംഭിക്കുന്നത്‌. മുഖ്യമന്ത്രിക്ക്‌ ഇത്തരത്തിലൊരു നിയമോപദേശം ഇപ്പോള്‍ എങ്ങനെ ലഭിച്ചു എന്ന കാര്യം ഏറെ ദുരൂഹമായി തുടരുന്നു. ഇവിടെയാണ്‌ ഔദ്യോഗിക പക്ഷം കെ. സുരേഷ്‌ കുമാറിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത്‌. സുരേഷ്‌ കുമാര്‍ ഡല്‍ഹി യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയതിന്‌ ശേഷമാണ്‌ മുഖ്യമന്ത്രി ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ ഈ മലക്കം മറിച്ചില്‍ നടത്തിയിരിക്കുന്നത്‌ എന്ന്‌ അവര്‍ ആരോപിക്കുന്നു. ടാറ്റയുടെ കൈയില്‍ നിന്ന്‌ ഭൂമി ഏറ്റെടുത്ത്‌ ടൗണ്‍ഷിപ്പ്‌ സ്ഥാപിക്കുന്നത്‌ അവര്‍ക്ക്‌ സബിളെസ്‌ കൊടുക്കുന്നത്‌ പോലെയാകുമെന്ന്‌ സുരേഷ്‌ കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു എന്നാണ്‌ പുറത്തുവന്നിട്ടുള്ള സൂചനകള്‍. അതുകൊണ്ടുതന്നെ ഓര്‍ഡിനന്‍സ്‌ പുതുക്കാതിരിക്കുന്നതിന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ചൂണ്ടിക്കാണിച്ചിരിക്കുന്ന വാസ്തവങ്ങള്‍ അത്രയ്ക്ക്‌ പെട്ടെന്നൊന്നും പൊതുസമൂഹത്തിന്‌ ദഹിക്കുന്നതല്ല.




ടാറ്റയില്‍ നിന്ന്‌ ഭൂമി ഏറ്റെടുക്കുന്നത്‌ അവിടെ ടൗണ്‍ഷിപ്പ്‌ സ്ഥാപിക്കാന്‍ വേണ്ടിയാണ്‌ എന്നാണ്‌ പാര്‍ട്ടിയും ഇടതുമുന്നണിയും സര്‍ക്കാരും എടുത്ത രാഷ്ട്രീയ തീരുമാനം. രണ്ടാം ഭൂപരിഷ്കരണം, നവീന മൂന്നാര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ വി.എസ്‌ അച്യുതാനന്ദന്‍ തന്നെ ഈ രാഷ്ട്രീയ തീരുമാനത്തെ അട്ടിമറിച്ചിരിക്കുകയാണിപ്പോള്‍. മുമ്പ്‌ അന്വേഷിച്ചപ്പോഴൊന്നും ലഭിക്കാതിരുന്ന നിയമോപദേശം ഇപ്പോള്‍ എവിടെനിന്ന്‌ ലഭിച്ചു എന്നാണ്‌ കേരളത്തിലെ പൊതുസമൂഹത്തിന്‌ അറിയേണ്ടത്‌. ടാറ്റയുമായി നിലനില്‍ക്കുന്ന കേസുകളെല്ലാം പരിഗണിച്ച്‌ തന്നെയായിരുന്നു വി.എസും ഇടതുമുന്നണിയും മന്ത്രിസഭയും ടൗണ്‍ഷിപ്പ്‌ സ്ഥാപിക്കാന്‍ തീരുമാനിച്ചത്‌. ടൗണ്‍ ഷിപ്പ്‌ നിലവിലുള്ള കേസുകളെ ദോഷകരമായി ബാധിക്കുകയില്ല എന്നായിരുന്നു അന്ന്‌ ലഭിച്ച സൂചന. എന്നിട്ടും മുഖ്യമന്ത്രി ഇപ്പോള്‍ മലക്കം മറിഞ്ഞത്‌ എന്തിന്‌..? ആര്‍ക്കു വേണ്ടി..?.





ഈ നിലപാട്‌ ടാറ്റയെ സഹായിക്കാനാണെന്ന്‌ മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ വി.എസിനൊപ്പം നിന്നവരും ഇപ്പോള്‍ ആരോപിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ഓര്‍ഡിനന്‍സിനെതിരെ ടാറ്റ ചീഫ്‌ സെക്രട്ടറിക്ക്‌ കത്തയച്ചതും സ്റ്റേ ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപച്ചതുമാണ്‌. ഈ രണ്ട്‌ നീക്കങ്ങളുമായി ബന്ധപ്പെടുത്തിമാത്രമേ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ ഇപ്പോഴത്തെ നിലപാടിനെ വിലയിരുത്താന്‍ കഴിയുകയുള്ളു എന്ന്‌ അവര്‍ ചൂണ്ടിക്കാണിച്ചു. ഓര്‍ഡിനന്‍സ്‌ നിയമസഭയുടെ പരിഗണനയിലായിരുന്നതുകൊണ്ട്‌ തല്‍സ്ഥിതി തുടരാനായിരുന്നു ഹൈക്കോടതി വിധി.




ഇപ്പോള്‍ ഓര്‍ഡിനന്‍സ്‌ നിയമസഭയുടെ പരിഗണനയില്‍ നിന്ന്‌ മുഖ്യമന്ത്രിയുടെ നിലപാട്‌ മൂലം 'അപ്രത്യക്ഷമായ' അവസ്ഥയിലാണ്‌. ഈ സാഹചര്യത്തില്‍ ടാറ്റ വീണ്ടും നിയമപ്രശ്നവുമായി കോടതിയെ സമീപിച്ചാല്‍ അവര്‍ക്ക്‌ അനുകൂലമായ വിധിയുണ്ടാകാനുള്ള സാഹചര്യമാണ്‌ ഇതുമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. മൂന്നാര്‍ വിമോചനത്തിന്‌ കൊട്ടുംകുരവയുമായി ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്‍ തന്നെ ആ നടപടിക്ക്‌ പാര പണിഞ്ഞിരിക്കുന്നു എന്നതാണ്‌ ഏറ്റവും ഒടുവില്‍ കേരളത്തിലെ പൊതുസമൂഹത്തിന്‌ എത്തിചേരാവുന്ന നിഗമനം. അതെ മൂന്നാര്‍ പ്രഹസനവും ദുരന്തവുമായി കേരളത്തിലെ പ്രബുദ്ധരായ പൊതുസമൂഹത്തെ ഒരിക്കല്‍ കൂടി അവഹേളിക്കുകയാണ്‌.

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP