സ്‌നേഹിക്കുന്നവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയത്തെ സ്‌നേഹിക്കുന്നവര്‍ക്കുമായി വീണ്ടുമൊരു ദിനം. മധുരമൂറുന്ന അനുഭൂതിയായി ഹൃദയങ്ങളില്‍ നിന്ന് സിരകളിലേക്കും അവിടെ നിന്ന് ഹൃദയങ്ങളിലേക്കും കത്തിക്കയറുന്ന അനുരാഗത്തിന് അര്‍ഥം പകരാനൊരു ദിവസം. വാലന്റൈന്‍സ് ഡേ. ഈ ദിനം കടന്ന് വരാന്‍ അക്ഷമരായി കാത്തിരിക്കുന്നവരാണ് പാശ്ചാത്യര്‍. അവരെപ്പോലെയാകാനും അവര്‍ക്കൊപ്പമെത്താനും കിതക്കുകയാണ് നമ്മളും.ഇലക്‌ട്രോണിക് യുഗത്തില്‍ ആശംസാകാര്‍ഡുകളിലേറെയും മൂലയ്‌ക്കായപ്പോള്‍ സ്‌ക്രാപ്പുകളും ഇ-സന്ദേശങ്ങളും ടെക്‌സ്റ്റ് മെസേജുകളും ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് പറന്നിറങ്ങുന്നു. ദിവ്യാനുരാഗത്തിന്റെ ഓര്‍മയ്‌ക്കായി എല്ലാ വര്‍ഷവും ഫെബ്രുവരി പതിനാലിന്, ലോകമൊട്ടുക്ക് പ്രണയജോഡികള്‍ മെഴുകുതിരികളും പൂക്കളും സമ്മാനങ്ങളും പരസ്‌പരം കൈമാറുന്നു.
ഭാരതത്തില്ഭാരതത്തിലെ പ്രണയദിനാഘോഷത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ 2009 ജനുവരിയില്‍ കര്‍ണാടകത്തിലുണ്ടായ പൊല്ലാപ്പുകളൊന്നും ആരും മറക്കുകയില്ല. ശ്രീരാമസേനയെന്ന സംഘടന മംഗലാപുരത്തെ പബുകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ആക്രമണമഴിച്ചുവിടുകയായിരുന്നു. വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്ക് പ്രഖ്യാപിച്ചു. അംനേഷ്യ ദ ലോഞ്ച്
എന്ന പബ്ബിലാണ് പ്രവര്‍ത്തകര്‍ ആദ്യം ആക്രമണം നടത്തിയത്. പബ്ബില്‍ കടന്നുകയറിയ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ മര്‍ദ്ദിച്ച് പുറത്തേക്ക് ഓടിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ പബ്ബില്‍ പോകുന്നത് ഭാരതീയ സംസ്‌കാരത്തിന് യോജിക്കുന്നതല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. പ്രണയദിനത്തില്‍ റോഡിലും, പാര്‍ക്കിലും, റസ്‌റ്റോറന്റിലും സംസാരിച്ചിരിക്കുന്ന കമിതാക്കളെ പിടികൂടി വിവാഹം കഴിപ്പിക്കുമെന്ന് മുത്തലിക് മുന്നറിയിപ്പ് നല്‌കി.പിന്നീട് ഹാവേരിയില്‍ വാലന്‍ൈറന്‍സ് ദിനം ആഘോഷിക്കുകയായിരുന്ന യുവതീയുവാക്കളുടെ കൈയില്‍ ശ്രീരാമസേനാപ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് രാഖി കെട്ടി. ഹാവേരിയിലെ പുരസിദ്ധേശ്വര ക്ഷേത്രോദ്യാനത്തില്‍ നടന്ന നിര്‍ബന്ധിത രാഖിബന്ധനത്തിന് രണ്ടു ജോഡി യുവതീയുവാക്കള്‍ക്ക് വഴങ്ങേണ്ടി വന്നു. എട്ടു ജോഡി യുവതീയുവാക്കള്‍ ഉദ്യാനത്തില്‍ പ്രണയദിനാശംസകള്‍ കൈമാറവേയാണ് ഇരുപതോളം സേനാപ്രവര്‍ത്തകര്‍ എത്തിയത്.
ആറു ജോഡി യുവതീയുവാക്കള്‍ ഓടി രക്ഷപ്പെട്ടു. സേനാപ്രവര്‍ത്തകര്‍ അക്രമം കാണിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിന്യസിച്ചിരുന്ന പോലീസുകാരുടെ സാന്നിധ്യത്തിലാണു സംഭവം. പോലീസുകാര്‍ പ്രശ്‌നത്തില്‍ ഇടപെടാതെ നോക്കിനില്‌ക്കുകയായിരുന്നത്രെ.ബെല്ലാരിയില്‍ ഒരു ഹോട്ടലില്‍ നടന്ന വാലന്‍ൈറന്‍സ് ദിനാഘോഷം സേനാപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ഹോട്ടലിലെ ആഘോഷവേദിയിലേക്ക്‌പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയാണുണ്ടായത്. പോലീസ് ഇടപെട്ടിട്ടും രംഗം ശാന്തമായില്ല. പരിപാടി റദ്ദാക്കാമെന്ന് ഹോട്ടലുടമ ഉറപ്പുനല്‌കിയശേഷമാണ് സേനാപ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. അതേസമയം, ആനേക്കലില്‍ വളരെ നാളായി പ്രണയത്തിലായിരുന്ന ഒരു യുവതിയും യുവാവും സേനാ പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്ന് വിവാഹിതരായി.
ഈ സംഭവങ്ങളെത്തുടര്‍ന്ന് ശ്രീരാമസേനക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ചില വനിതാസംഘടനകള്‍ പിങ്ക് നിറമുള്ള അടിവസ്‌ത്രങ്ങള്‍ മുത്തലിക്കിന് അയച്ച് കൊടുത്തു. അന്‍പതിനായിരത്തിലധികം അടിവസ്‌ത്രങ്ങള്‍ ഇങ്ങനെ മുത്തലിക്കിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
വാലന്റൈന്‍ ദിനാഘോഷത്തെ കുറിച്ച് ഒരു പ്രാദേശിക ചാനല്‍ നടത്തിയ സംവാദത്തില്‍ പങ്കെടുക്കുമ്പോള്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താലിക്കിനെ കരി ഓയില്‍ അഭിഷേകം നടത്തി. നേതാവിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ശ്രീരാമസേന ആഹ്വാനം ചെയ്‌ത ബന്ദില്‍ വ്യാപകഅക്രമം അരങ്ങേറി. ഗുല്‍ബര്‍ക്ഷയില്‍ അക്രമാസക്തരായ ശ്രീരാമസേന പ്രവര്‍ത്തകര്‍ ഡി.സി.സി ഓഫീസ് കത്തിച്ചു. ജിംകണ്‌ഠിയിലും കോണ്‍ഗ്രസ് ഓഫീസിനു നേരെ അക്രമം ഉണ്ടായി. മംഗലാപുരത്ത് എട്ടു ബസുകള്‍ക്കു നേരെ കല്ലെറിഞ്ഞു ചില്ലുകള്‍ തകര്‍ത്തു. ബണ്ട്വാളില്‍ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരായ രണ്ടുപേരെ ഏഴംഗസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു.
ദേശീയ അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയ മുത്താലിക്കിന് നാണക്കേടുണ്ടാക്കുന്ന വെളിപ്പെടുത്തലുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്ത് വന്നു. പണം നല്‍കിയാല്‍ കലാപം നടത്താന്‍ തയ്യറാണെന്ന് മുത്താലിക് ഉറപ്പുനല്‍കുന്ന വീഡിയോ രംഗങ്ങള്‍ പുറത്തായി. തെഹല്‍ഹക്കയും ടെലിവിഷന്‍ ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയും സംയുക്തമായി നടത്തിയ രഹസ്യകാമറ ഓപ്പറേഷനിലാണ് മുത്താലിക്ക് കുടുങ്ങിയത്. പണം നല്‍കിയാല്‍ എവിടെ വേണമെങ്കിലും കലാപം നടത്താമെന്ന് മുത്താലിക്ക് സമ്മതിക്കുന്ന രംഗങ്ങള്‍ ഇവര്‍ പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്നു.
അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രകാരന്റെ വേഷത്തിലാണ് തെഹല്‍ക്ക ഹെഡ്‌ലൈന്‍സ് ടുഡേ പത്രപ്രവര്‍ത്തകന്‍ മുത്താലിക്കിനെ സമീപിച്ചത്. ചിത്രപ്രദര്‍ശനം നടത്തുന്ന സ്ഥലത്ത് മുത്താലിക്കിന്റെ നേതൃത്വത്തിലുള്ള ആളുകള്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നതോടെ താന്‍ പ്രസിദ്ധനാകുമെന്നാണ് ചിത്രകാരന്‍ മുത്താലിക്കിനോട് പറഞ്ഞത്. കലാപമുണ്ടാക്കണമെങ്കില്‍ മുസ്ലിം ?ഭൂരിപക്ഷ സ്ഥലത്തായിരിക്കണം ചിത്രപ്രദര്‍ശനം നടത്തേണ്ടതെന്നും അങ്ങനെയെങ്കില്‍ അതിനെ ഒരു വര്‍ഗീയ കലാപമാക്കി മാറ്റാന്‍ എളുപ്പമാണെന്നും മുത്താലിക്ക് വ്യക്തമാക്കി.
കലാപം നടത്തുന്നതിന് അറുപത് ലക്ഷം രൂപയാണ് മുത്താലിക്ക് ആവശ്യപ്പെട്ടത്. ചിത്രകാരന്‍ മുത്താലിക്കിനോട് സംസാരിക്കുന്നതും മുത്താലിക്ക് പണം ആവശ്യപ്പെടുന്നതുമെല്ലാം വീഡിയോയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മുത്താലിക്കിനു പുറമേ ശ്രീരാമസേന ദേശീയ വൈസ് പ്രസിഡന്റ് പ്രസാദ് അട്ടാവര്‍, സേനയുടെ ബാംഗ്ലൂര്‍ വിഭാഗം തലവന്‍ ബസന്ത് കുമാര്‍ ?വാനി എന്നിവരും തെഹല്‍ക്ക ഹെഡ്‌ലൈന്‍ ടുഡേ ടീമിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയിരുന്നു. ബാംഗ്ലൂരോ, മംഗലാപുരത്തോ എവിടെ വേണമെങ്കിലും കലാപം നടത്താമെന്ന് മുത്താലിക്ക് വീഡിയോയില്‍ സമ്മതിക്കുന്നു.
എന്തായാലും മംഗലാപുരത്ത് പബ്ബില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം നടത്തിയത് തെറ്റായിപ്പോയെന്നാണ് മുത്താലിക് ഇപ്പോള്‍ പറയുന്നത്. ആക്രമണത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ആ സമയത്ത് പൂനെയില്‍ ആയിരുന്ന തന്റെ മൊബൈല്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നും ബല്‍ഗാമില്‍ എത്തിയപ്പോള്‍ മാത്രമാണ് സംഭവത്തെ കുറിച്ച് അറിഞ്ഞതെന്ന് സ്വയം ന്യായീകരിക്കുന്നതിനും മുത്താലിക് ശ്രമം നടത്തി. പബ് ആക്രമണവും ഒരു ടിവി ചാനല്‍ നടത്തിയ ഒളിക്യാമറ റിപ്പോര്‍ട്ടിംഗും ശ്രീരാമസേനയുടെ പ്രതിച്ഛായ തകര്‍ത്തു. പബ് ആക്രമണം ശ്രീരാമസേനയെ സംബന്ധിച്ച് ഒരു ദുരന്തമായി മാറി എന്ന് പറയുന്ന മുത്താലിക് ഇപ്പോള്‍ സംഘടനയ്‌ക്ക് ഒരു ഓഫീസ് മുറി ലഭിക്കുന്നതിനു പോലും ബുദ്ധിമുട്ടാണെന്ന കാര്യവും വെളിപ്പെടുത്തി.
അല്‌പം ചരിത്രം
വാലന്റൈന്‍ എന്ന് പേരുള്ള ഒരു ബിഷപ്പുമായി ബന്ധപ്പെട്ടാണ് വാലന്റൈന്‍ ദിനാഘോഷം

ആരംഭിച്ചതെന്ന് കരുതാം. ഇത് സംബന്ധിച്ച് സാമ്യമുള്ള നിരവധി അഭ്യൂഹങ്ങളുണ്ട്. അതിലൊന്ന് കേള്‍ക്കൂ. ക്ലോഡിയസ് ചക്രവര്‍ത്തിയുടെ കാലത്ത് റോമിലെ ബിഷപ്പായിരുന്നു വാലന്റൈന്‍. സൈനികരായ പുരുഷന്മാര്‍ വിവാഹം കഴിക്കുന്നത് ചക്രവര്‍ത്തി കര്‍ശനമായി വിലക്കി. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നുമുള്ള തോന്നലാണ് ചക്രവര്‍ത്തിയെ ഇതിന് പ്രേരിപ്പിച്ചത്. പക്ഷേ, ബിഷപ്പ് വാലന്റൈന്‍, പരസ്‌പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരമറിഞ്ഞ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ തടവിലാക്കി. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിലായി. ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്‌ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈനെ തല വെട്ടി വധിക്കാന്‍ ആജ്ഞ നല്‍കി. ശിരഛേദം ചെയ്യാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് `ഫ്രം യുവര്‍ വാലന്റൈന്‍'? എന്നെഴുതി ഒരു കുറിപ്പ് വെച്ചു. വാലന്റൈന്‍ പ്രണയിനിക്കെഴുതിയെന്നു പറയുന്ന ആ പ്രേമലേഖനമാണത്രെ ആദ്യത്തെ വാലന്റൈന്‍ പ്രണയസന്ദേശം. ഇന്നുപയോഗിക്കുന്ന `നിന്‍െറ വാലന്റൈനില്‍ നിന്ന്'?? എന്ന പ്രയോഗം ആ പ്രണയലേഖനത്തില്‍ നിന്നും കടമെടുത്തതാണ്. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മ്മയ്‌ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്.
പ്രണയം ആകാം പ്രണയദിനം വേണ്ട
ഈ വാദമുയര്‍ത്തുന്നവരും ഏറെയാണ്. പ്രണയം വേണ്ടെന്ന യാഥാസ്ഥിതിക വിലക്കിന് താലിബാനില്‍ പോലും മാര്‍ക്കറ്റിടിയുന്ന കാലത്ത് പ്രണയദിനത്തിനെതിരായ വാദവും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്.
രണ്ട് പേരെ മാറി മാറി പ്രണയിച്ച് അവരെ ഒഴിവാക്കി ഇപ്പോള്‍ മൂന്നാമതൊരാളെ പ്രണയിക്കുന്ന പ്രശസ്‌ത ഹോളിവുഡ് നടി പോലും പ്രണയദിനത്തിനെതിരാണെന്നത് കൗതുകമുണര്‍ത്തിയേക്കാം. പ്രശസ്‌തനടി
പെനിവോപ് ക്രൂസാണ് കഥാനായിക. ടോം ക്രൂസ്,
മാത്യു മക്കൊണാഗേ എന്നിവരുടെയൊക്കെ കാമുകിയായിരുന്നു ഇവള്‍. ഇപ്പോള്‍ അവരെയൊക്കെ വിട്ട് സ്‌പാനിഷ് നടന്‍ ജാവിയര്‍ ബാര്‍ഡെമാണുമായാണ് പെനിവോപിന് ചങ്ങാത്തം. വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ താല്‍പ്പര്യമില്ലെന്നു പറയുന്നു ഈ താരം. ജീവിതത്തില്‍ ഇതുവരെ വാലന്റൈന്‍ ദിന കാര്‍ഡുകള്‍ അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല. പ്രേമത്തെക്കുറിച്ചു വാതോരാതെ സംസാരിക്കാനും ആഗ്രഹമില്ല. എന്റെ പ്രണയദിനങ്ങള്‍ ഒരുപാടു നല്ല ഓര്‍മകള്‍ സമ്മാനിച്ചിട്ടുണ്ട്. അത് ആരുമായും പങ്കുവയ്‌ക്കാന്‍ എനിക്ക് ഇഷ്ടമല്ല. പ്രേമം ഒരു നല്ല അനുഭവമാണ്. പക്ഷേ, അതെല്ലാവരേയും അറിയിക്കുന്നത് ശരിയല്ല. രണ്ടുപേര്‍ തമ്മിലുള്ള
പ്രത്യേക അനുഭവമാണത്. അതു പരസ്യമാക്കുന്നതെന്തിന്? തെരുവില്‍ ആഘോഷിക്കുന്നതെന്തിന് ? പെനിലോപിന്റെ ഈ ചോദ്യങ്ങള്‍ കുറച്ച്
പേരെയെങ്കിലും ചിന്തിപ്പിക്കുന്നുണ്ടാവണം. എന്നാല്‍ കാമുകന്‍ ജാവിയറിന്റെ ഒരു ചിത്രത്തിനായി ഇന്റര്‍നെറ്റില്‍ പരതിയാല്‍ കിട്ടുന്നതില്‍ ഏറെയും ബീച്ചില്‍ പെനിലോപുമൊത്തുള്ള ചൂടന്‍ രംഗങ്ങളാണെന്നത് അവള്‍ അറിയുന്നില്ലായിരിക്കും.പ്രണയദിനം സാഹോദര്യദിനമായി ആചരിച്ചാണ് നോയിഡയിലെ ഇഷാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കഴിഞ്ഞ വര്‍ഷം പ്രണയദിനവാദികള്‍ക്ക് മറുപടി കൊടുത്തത്. അധ്യാപകരുടെ നിര്‍ദേശമനുസരിച്ച് ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ കഴിഞ്ഞ ഫെബ്രുവരി 14-ന് ആണ്‍കുട്ടികളെ സഹോദരതുല്യം കണ്ട് ഭക്ഷണമുണ്ടാക്കി വിളമ്പി.
കലണ്ടര്‍ ദിനങ്ങള്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്നതില്‍ നേട്ടം കച്ചവട, പരസ്യലോബികള്‍ക്ക് മാത്രമാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. എങ്കിലും രാജ്യാതിര്‍ത്തികളെയും ഭാഷാവരമ്പുകളെയും ഭേദിച്ച് പ്രണയദിനം ലോകമെങ്ങും പരന്നൊഴുകി കടല്‍ പോലെ ഇരമ്പുകയാണ്.



