Friday, 11 February 2011

ജെയ്‌നി

ഒരു മന്ദഹാസമെന്‍ ഓര്‍മ്മകളില്‍
മഴയായ്‌ പൊഴിയുന്നു
കാതോര്‍ത്തിരിക്കവേ കേള്‍ക്കുന്നു
കാതോരമാം സംഗീതം



ഹൃദയരാഗമായ്‌, സപ്‌തവര്‍ണ്ണങ്ങളായ്‌
തീരാത്തൊരനുരാഗമായ്‌ ..
മീട്ടുന്നുവോ നിന്‍ മാനസതന്ത്രികള്‍
പൊഴിയുന്നു, സ്വരമെന്‍
ഓര്‍മ്മ തന്‍ പുസ്‌തകത്താളുകളില്‍



ഒരു സന്ധ്യയില്‍,
തിരകളെണ്ണിക്കളിച്ചതും, മറ്റൊരു
സന്ധ്യയില്‍, തിരിയാ
യെരിഞ്ഞതും, നിന്നമ്പലവീഥിയില്‍
കാറ്റത്തുലഞ്ഞതും



അലറുന്ന മഴയിലും കുളിരാതെ നാ-
മൊരു മെയ്യായ്‌ തീര്‍ന്നതും...
അലിയുന്ന അധരത്തില്‍ പരതുന്ന -
വിരലുകളിന്നും കൊതിക്കുന്നു



ഒന്നായ്‌ തീരുവാന്‍, ഉരുകിയലിയുവാന്‍
അഴിയുന്നു ഭാണ്‌ഡക്കെട്ടുകള്‍, ഉതിരുന്നു
ഓര്‍മ്മകള്‍, വളപ്പൊട്ടുകളായ്‌
മുറിയുന്നു മാനസം, ഒഴുകുന്നു ചുടുനിണം




മറക്കാത്ത വേദന
കാതോര്‍ത്തിരിപ്പൂ ഞാനൊരു സന്ധ്യയില്‍,
ഒരു പുലര്‍വേളയില്‍
നിന്‍ തന്ത്രിമീട്ടും സ്വരരാഗമഴയ്‌ക്കായ്‌
മറ്റൊരു സ്വപ്‌നത്തിനായ്‌ ....
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP