
നാലുകോണുള്ളോരു പാഠശാലയില്‍
നാലായിരത്തില്‍പ്പരം പുസ്‌തകങ്ങള്‍
നാലായിരത്തില്‍പ്പരം പുസ്‌തകങ്ങളില്‍
നാല്‌പതിനായിരം കണ്ണുകളും
എല്ലാ വിഷയവും പഠിപ്പിക്കുന്നൊരാ
പാഠശാലയുടെ അകത്തളത്തില്‍
ഒരു പെണ്‍കുട്ടി മാത്രമെന്‍ മാതൃഭാഷയാം
മലയാളമെന്നത് തിരഞ്ഞെടുത്തു
എന്നെയും എന്നുടെ മുന്‍ഗാമികളേയും
എന്നുമെന്നുമവള്‍ പഠിച്ചിരുന്നു.
ഞങ്ങള്‍ നല്‍കും രസം ആസ്വദിച്ച്,
പിന്‍ഗാമികള്‍ക്കായവള്‍ കാത്തിരുന്നു
എന്നുടെ വരികള്‍ എന്നുമവളില്‍
ഓതിയാല്‍ തീരാത്തൊരനുഭവമായ്
എന്‍ തൂലികതന്‍ ചലനത്തിനായ്
കണ്ണുംനട്ടവള്‍ കാത്തിരുന്നു
എന്‍ കവിതകളെല്ലാം അവളായി
എന്‍ വരികളെല്ലാം അവളുടേതാക്കി
വാക്കുകളെല്ലാം അവള്‍ക്കായ് മെരുക്കി
അവളില്‍ അനുഭൂതി പകര്‍ന്നു നല്‍കി
ആരും തുറക്കാത്ത വാതയനം ഞാന്‍
അവള്‍ക്കായി എന്നും തുറന്നിട്ടു
ആരും മോഹിക്കുന്ന ഭാവനാഹാരം
മോഹനപുഷ്‌പങ്ങളാല്‍ ഞാന്‍ അവള്‍ക്ക് നല്‍കി
അവളെന്‍ കവിതകളെ പ്രണയിച്ചു
എന്‍ ഭാവനാതികവിനാല്‍ പുളകിതയായ്
ആരും കൊതിക്കുന്ന പോലെ അവളെന്നില്‍
അളവുകോലില്ലാതെ ആര്‍ത്തിരമ്പി
അവളെക്കുറിച്ചു ഞാന്‍ വരികളെഴുതി
അവളില്‍ നിറഞ്ഞുഞാന്‍ വാക്കുതേടി
അവള്‍ക്കായ് തീര്‍ത്തൊരാ ലിപിതന്‍ നിരകള്‍
അവള്‍ക്കായ് നല്‍കാന്‍ വെമ്പിനിന്നു
വാങ്ങാന്‍ വന്നതില്ലവളന്ന്
ശേഷവും കണ്ടില്ലവളേ ഞാന്‍
മറന്നുപോയ് അവളെന്നെ എന്നതാണോ
അതോ ആരോ പറിച്ചെടുത്തകന്നതാണോ?
ആമാശയത്തിലൊരു അഗ്നിമിന്നി
ആരംഭഹേതുക്കള്‍ അനങ്ങിയില്ല
അറിയാത്തപോലയാ അകത്തളങ്ങള്‍
ആര്‍ക്കോ വേണ്ടി കാത്തുനിന്നു
മറ്റൊരു വിഷയമവള്‍ പഠിക്കുന്നുവോ
മാതൃഭാഷയെ കൈവിട്ടുവോ
മറ്റൊന്നുമറിയാതെ മാറാപ്പുമായ് ഞാന്‍
മാനത്തെ മഴവില്ലു നോക്കിനിന്നു.