Saturday, 6 November 2010

പ്രവാചകന്‍

വിനോഷ്‌ പൊന്നുരുന്നി

പ്രവാചകന്‍
പ്രജകളുടെ മരണവും ഭൂമിയുടെ ശാപവും
ലിഖിതങ്ങളാക്കി.
മാനുഷിക ചങ്ങലയില്‍ മതത്തിന്റെ
വിഭ്രാന്തി തളച്ചിട്ടു.
ജീവിതശിഥില രേഖകളില്‍
പ്രസരേണുവിനെ തിരഞ്ഞു.



നീതിയുടെ മാറിലാഴ്‌ന്നിറങ്ങിയ
ശാപാസ്‌ത്രം വീറോടെ ഊരി.
ധര്‍മരോഷം കലര്‍ന്ന ജന്മാന്തരങ്ങളെ
സന്ധ്യയുടെ തടവറയിലാക്കി.



അതിര്‍വരമ്പ്‌ പിന്നിട്ട പ്രളയകഥ
ചുഴികളും തിരമാലകളും ചോര്‍ന്നുപോകുന്നു.
മറ്റൊരു പ്രവാസി നീന്തിത്തുടിക്കുന്നു;
ശാന്തിതന്‍ കടല്‍പ്പക്ഷി തേങ്ങുന്നു.
പച്ചവെളിച്ചം പടരുന്നു;
നിശീഥിനി യാത്രയാകുന്നു.
മൂങ്ങയും ഞാറയും അനന്തതയില്‍
കൊത്തിക്കൊറിക്കുന്നു ദാരിദ്ര്യം.



ഉഗ്രവിഷസര്‍പ്പങ്ങള്‍ മൂക്കുചീറ്റുന്നു
വിധിയുടെ നാളങ്ങള്‍ ഉലയുന്നു.
സാന്ത്വനം കീഴടങ്ങുന്നു.
തുരുമ്പിച്ച ചങ്ങലയില്‍ കേണുറങ്ങുന്നു
മതഭ്രാന്തിന്റെ ജീര്‍ണിച്ചൊരസ്ഥി.
വിശപ്പിന്‍ മാറില്‍ ഞാന്നു കിടക്കുമീ
വസ്‌ത്രത്തില്‍ സ്വാര്‍ത്ഥതന്‍ വിഷം പൂശി.
ഒട്ടിയ തുന്ദത്തിനേകേണ്ട ഭക്ഷണം
കത്തിയാളുന്ന യാഗാഗ്നിയില്‍
ഒട്ടുമുക്കാലുമൊഴിക്കുന്നു സ്വാമികള്‍;
ഉച്ഛ്വാസത്തിന്റെ സമാപ്‌തിയായ്‌
അസ്ഥിപഞ്‌ജരങ്ങള്‍ക്കുമീതെ
വട്ടംചുറ്റുന്നീ കഴുകന്മാര്‍.



നിഴലുകരിഞ്ഞ വീഥിയിലൂടെ
ഒരു ദുരന്തം ഓടിയണഞ്ഞു.
ഇടയന്മാരുടെ അസ്ഥിക്കായി
അലമുറയിട്ടു യക്ഷിക്കൂട്ടം.
ആത്മാവിനൊരു സന്തതി പിറന്നു.
ചരമവസ്‌ത്രം പുതപ്പിച്ചു.



അന്നം തേടിയ ദേഹിക്കെല്ലാം
അന്നത്തെപ്പോല്‍ ശ്വാസം നല്‍കി.
പ്രജകളുടെ മരണവും ഭൂമിയുടെ ശാപവും
പ്രവാചകന്‍ ലിഖിതങ്ങളാക്കി.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP